കായംകുളം: 'തണുത്ത മരുഭൂമിയുടെ' കാഴ്ചസൗന്ദര്യം തേടി രമ്യയും കൂട്ടുകാരികളും ബൈക്കുകളിൽ വീണ്ടും സാഹസിക പര്യടനത്തിൽ. കായംകുളം പുള്ളികണക്ക് ബോസ് നിവാസിൽ രമ്യ ആർ. പിള്ളയും (33) കൂട്ടുകാരികളായ അങ്കമാലി സ്വദേശിനി ആർ. ശ്രുതി (28), തിരുവനന്തപുരം സ്വദേശിനി ജിൻസി (24), എറണാകുളം സ്വദേശിനികളായ ശ്രുതി ശ്രീകുമാർ (29), എ.പി. ശിൽക്ക (30) എന്നിവരാണ് റോയൽ എൻഫീൽഡിൽ ചണ്ഡിഗഢിൽനിന്ന് സ്പിതി താഴ്വരയിലേക്ക് യാത്ര തിരിച്ചത്. 2000 കി.മീ.വഴിദൂരമാണ് ഇത്തവണ ഇവർ താണ്ടുന്നത്. കഴിഞ്ഞതവണ കശ്മീർ മുതൽ കന്യാകുമാരി വരെ രമ്യയും കൂട്ടുകാരി ആർ. ശ്രുതിയും ബൈക്കിൽ സഞ്ചരിച്ചിരുന്നു. തിബത്തിനോട് സാമ്യമുള്ള ഹിമാചൽ പ്രദേശിലെ സ്പിതി ഹിമാലയത്തിലെ തണുത്ത മരുഭൂമി എന്നാണ് അറിയപ്പെടുന്നത്. ചൈനയുടെ അതിർത്തി പ്രദേശമായ ഇവിടെയാണ് ഇന്ത്യയുടെ അവസാനത്തെ ഗ്രാമവും ലോകത്തിലെ ഉയരം കൂടിയ പോസ്റ്റ് ഓഫിസും സ്ഥിതി ചെയ്യുന്നത്.
സമുദ്ര നിരപ്പിൽനിന്ന് 15,059 അടി മുകളിലാണ്. താപനില പലപ്പോഴും മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെയാകും. തകർന്നുകിടക്കുന്ന റോഡിലൂടെ ഇവിടേക്ക് യാത്ര ചെയ്യാൻ അസാമാന്യ ഡ്രൈവിങ് വൈഭവം അനിവാര്യമാണ്. കേരളത്തിൽനിന്ന് ബൈക്കുകളിൽ സ്പിതി താഴ്വരയിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതസംഘം എന്ന റെക്കോഡും 'ബൈക്ക് ഒഡീസി 2022' യാത്രയിലൂടെ ഇവർ സ്വന്തമാക്കുകയാണ്.
2019 ൽ രമ്യയും കൂട്ടുകാരി ശ്രുതിയും ചേർന്ന് സമുദ്ര നിരപ്പിൽനിന്ന് 18,400 അടി ഉയരത്തിലെ കർദുംഗ്ല വരെ ബൈക്കിൽ യാത്ര ചെയ്ത് ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ ഒന്നാമത്തെ സ്ത്രീ ബുള്ളറ്റ് ക്ലബായ ഡൗണ്ട്‌ലെസ് റോയൽ എക്‌സ്‌പ്ലോറേഴ്‌സിലെ സൗഹൃദമാണ് ഇവരുടെ സാഹസികയാത്രക്ക് പ്രേരണയായത്. ആറ് വയസ്സുകാരിയായ മകൾ ആവന്തികയെ ഭർത്താവ് ശ്രീജിത്തിനെ ഏൽപിച്ചായിരുന്നു പി.സി.ബി.എൽ ലിമിറ്റഡിലെ എച്ച്.ആർ വിഭാഗം അസിസ്റ്റന്‍റ് മാനേജറായ രമ്യയുടെ യാത്ര. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡെന്‍റൽ ഹൈജീനിസ്റ്റാണ് ജിൻസി. അധ്യാപികയാണ് ശിൽക്ക. മൈജി ഇ-കോമേഴ്സ് എക്സിക്യൂട്ടിവാണ് ആർ. ശ്രുതി. സ്വകാര്യ കമ്പനിനിയിൽ ഒാഡിറ്റ് സീനിയർ അസിസ്റ്റന്‍റാണ്. ശ്രുതി ശ്രീകുമാർ. കുടുംബത്തിെൻറ പൂർണ പിന്തുണയാണ് ഇവരുടെ യാത്രയെ മുന്നോട്ടുനയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.