ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചതായ നിരവധി വാർത്തകൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ശബരിമലയിലേക്ക് പോയ ഭിന്നശേഷിക്കാരനായ യുവാവ് മുച്ചക്രവാഹനത്തിൽ കാട്ടിലകപ്പെട്ടത്. മാപ്പിനെ ആശ്രയിച്ചായിരുന്നു യാത്ര. ശനിയാഴ്ച രാത്രി യു.പിയിലെ ബറൈലിയിൽ മറ്റൊരു ദാരുണ സംഭവമുണ്ടായി. മാപ്പ് നോക്കി സഞ്ചരിച്ച കാർ യാത്രികർ രാത്രി ചെന്നുകയറിയത് പണി പൂർത്തിയാകാത്ത പാലത്തിലായിരുന്നു. പാലത്തിൽ നിന്ന് താഴേക്ക് വീണ് മൂവർക്കും ദാരുണാന്ത്യം സംഭവിക്കുകയും ചെയ്തു.

മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു ആളുകളുടെ യാത്രകൾ. എന്നാൽ, സാങ്കേതികവിദ്യ ഏറെ വളർന്ന ഇക്കാലത്ത് മാപ്പിനെ മാത്രം ആശ്രയിച്ചാണ് യാത്രകളേറെയും. ഇങ്ങനെയുള്ള അപകടങ്ങളിൽ മാപ്പിനെ മാത്രം കുറ്റം പറയാൻ സാധിക്കുമോ? ഇല്ലെന്നതാണ് വസ്തുത. ഗൂഗിൾ മാപ്പ് പോലെയുള്ള നാവിഗേഷൻ സഹായകങ്ങൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.




 

ശ്രദ്ധിക്കേണ്ട വസ്തുതകൾ

  • പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം, വഴികാണിക്കുക എന്നതല്ലാതെ വഴിയുടെ സ്വഭാവം എങ്ങനെയെന്ന് കൃത്യമായി നമുക്ക് കാണിച്ചുതരാൻ മാപ്പുകൾക്ക് കഴിഞ്ഞെന്ന് വരില്ല. വഴിയിലെ തടസ്സങ്ങളും തകരാറുകളും മുൻകൂട്ടി അറിയാൻ കഴിഞ്ഞെന്നും വരില്ല. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാരുടെ ശ്രദ്ധയും കരുതലും തന്നെയാണ് പ്രധാനം. 
  • വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിൾ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല.
  • പലപ്പോഴും ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ്പ് അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാൽ തിരക്ക് കുറവുള്ള റോഡുകൾ സുരക്ഷിതമായി ക്കൊള്ളണമെന്നില്ല.
  • തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിൾ മാപ്പ് നയിച്ചേക്കാം. എന്നാൽ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.
  • അപകട സാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീർത്തും അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.
  • രാത്രികാലങ്ങളിൽ GPS സിഗ്‌നൽ നഷ്ടപ്പെട്ട് ചിലപ്പോൾ വഴി തെറ്റാനിടയുണ്ട്.
  • സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മറ്റാരെങ്കിലും മന:പൂർവ്വമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തിൽ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
  • മൊബൈൽ സിഗ്‌നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.
  • മാപ്പിൽ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്. നാലുചക്രവാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ ഏതാണെന്ന് വച്ചാൽ അത് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ലല്ലോ. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.
  • ഒരു സ്ഥലത്തേക്ക് പോകാൻ രണ്ടുവഴികളുണ്ടാകും. ഈ സന്ദർഭങ്ങളിൽ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ വഴി തെറ്റുന്നത് ഒഴിവാക്കാം.
  • വഴി തെറ്റിയാൽ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചു തരിക. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആകണമെന്നില്ല.
  • ഗതാഗത തടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ contribute എന്ന ഓപ്‌ഷൻ വഴി റിപ്പോർട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്‌ഷനിൽ add or fix road എന്ന ഓപ്ഷൻ വഴി പ്രശ്നം റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതു വഴി വരുന്ന യാത്രക്കാർക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.
Tags:    
News Summary - google maps how to use navigation maps for safer travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.