അറബിക്കടലിന്റെ മനോഹാരിതയും, നിളയുടെ വശ്യസൗന്ദര്യവും തിലകക്കുറി ചാർത്തുന്ന പൊന്നാനിയുടെ ടൂറിസം സാധ്യതകൾ കടലാസിൽ മാത്രമായി ഒതുങ്ങുന്നു. ജില്ലയിൽ ജലഗതാഗത ടൂറിസമുൾപ്പെടെ അനന്ത സാധ്യതകളുള്ള പൊന്നാനിയിൽ സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ പോലും തുടങ്ങിയയിടത്ത് തന്നെയാണ്... പൊന്നാനിയുടെ ഇനിയുള്ള വികസനം ടൂറിസം രംഗത്തെ കേന്ദ്രീകരിച്ചാണെന്ന പ്രഖ്യാപനത്തിന് വർഷങ്ങൾ പഴക്കമുെണ്ടങ്കിലും,സർക്കാർ ഈ മേഖലയിൽ എത്രത്തോളം മുന്നേറിയെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. പൗരാണിക നഗരമായ പൊന്നാനിയിൽ പൈതൃക ടൂറിസം വികസിപ്പിക്കുന്നതിനോടൊപ്പം സഞ്ചാരികളെ ആകർഷിക്കാനുള്ള പുതിയ പദ്ധതികൾക്കും രൂപം നൽകണമെന്ന ആവശ്യമാണ് ഉയർന്നിരുന്നത്. സംസ്ഥാനത്തെ 20 ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായി പൊന്നാനി ഇടംനേടിയെങ്കിലും, ടൂറിസം പദ്ധതികൾ വിഭാവനം ചെയ്യുന്നതിലെ താമസം പൊന്നാനിയുടെ ടൂറിസം സാധ്യതകളെ പിന്നോട്ടടിക്കുകയാണ്.
പൊന്നാനിയുടെയും വന്നേരിനാട് അടങ്ങുന്ന വള്ളുവനാടിന്റെയും കലാസാംസ്കാരിക പൈതൃകം പുതുതലമുറക്ക് അനുഭവവേദ്യമാക്കാൻ ഒരുക്കുന്ന നിള ഹെറിറ്റേജ് മ്യൂസിയം നിർമാണമാരംഭിച്ചത് 2016 ലാണ്. രണ്ടര വർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു ആദ്യ വാഗ്ദാനം. പിന്നീട് 2020 കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന വാഗ്ദാനമായി. മുൻ എം.എൽ.എയും സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ പല തവണ പറഞ്ഞു ഉദ്ഘാടനം ഉടനുണ്ടാകുമെന്ന്. നിലവിലെ എം.എൽ.എ പി. നന്ദകുമാറും നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് വാഗ്ദാനം നൽകി. ഇതിനിടെ ഒരു വർഷം മുമ്പ് സ്ഥലം സന്ദർശിച്ച ടൂറിസം മന്ത്രി റിയാസും കേരളപ്പിറവി ദിനത്തിൽ പൈതൃക മ്യൂസിയം നാടിന് സമർപ്പിക്കുമെന്ന് ഉറപ്പ് നൽകി.
എന്നാൽ ഉറപ്പുകളെല്ലാം വെള്ളത്തിൽ വരച്ച വരയായി. നിള പൈതൃക മ്യൂസിയത്തിന്റെ മെല്ലെപ്പോക്കിൽ എം.എൽ.എ ഉദ്യോഗസ്ഥരെ പഴിചാരിയെങ്കിലും തുടർപ്രവർത്തനങ്ങൾക്കുള്ള നടപടി ഒന്നുമായില്ല. പദ്ധതിയിൽ പലപ്പോഴായി മാറ്റങ്ങൾ വരുത്തിയതാണ് കാലതാമസത്തിനിടയാക്കിയത്. ഇറിഗേഷൻ വകുപ്പിന്റെ ഭൂമി വിട്ടുകിട്ടാനുള്ള കടമ്പയും മറികടക്കാനായിട്ടില്ല. സ്പീക്കറുടെ എം.എൽ.എ ആസ്തി വികസനഫണ്ടില്‍നിന്ന് രണ്ടര കോടിയും ടൂറിസം വകുപ്പില്‍നിന്ന് അഞ്ചര കോടിയും ചെലവഴിച്ചാണ് മ്യൂസിയം നിര്‍മിച്ചത്. 2016 ലാണ് നിർമാണം ആരംഭിച്ചത്. ഇപ്പോൾ നിർമാണം എന്ന് പൂർത്തീകരിക്കുമെന്ന് നിർമാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിങ് സൊസൈറ്റിക്കും ഉറപ്പില്ലാത്ത സ്ഥിതിയാണ്. ഖവ്വാലി കോർണറിനായി പഴയ കാല പായ്ക്കപ്പൽ മാതൃക സൃഷ്ടിച്ചെങ്കിലും, തുരുമ്പെടുത്ത് നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.