മൂന്നാർ: അനധികൃത ട്രക്കിങ് സംഘങ്ങളും ടൂറിസ്റ്റ് ഗൈഡുകളും മൂന്നാറിലെ വിനോദസഞ്ചാര മേഖലക്ക് ഭീഷണിയാകുന്നു. അതീവ ദുർഘട മേഖലകളിൽ മുൻകരുതലുകൾ ഇല്ലാതെ സാഹസിക യാത്രകൾ സംഘടിപ്പിക്കുന്ന പ്രാദേശിക സംഘങ്ങളാണ് പല അപകടങ്ങൾക്കും കാരണം. കേരളത്തിനകത്തുനിന്നും പുറത്തും നിന്നും എത്തുന്ന സഞ്ചാരികളെ ട്രക്കിങ്ങിന് പ്രേരിപ്പിച്ച് കൊണ്ടുപോകുന്ന വലിയ സംഘം തന്നെ മൂന്നാറിലും പരിസരത്തുമുണ്ട്. വൻതുക ഈടാക്കി അപകടകരമായ പാറക്കെട്ടുകളിൽ കയറ്റുകയും സുരക്ഷിതമല്ലാത്ത കാടുകളിൽ ടെന്റിൽ താമസിപ്പിക്കുകയുമാണ് ഇവരുടെ പരിപാടി. സർക്കാർ നിർദേശിക്കുന്ന ഒരു മാനദണ്ഡവും പാലിക്കാതെയാണ് വനത്തിലെ താമസവും ട്രക്കിങ്ങും.
കേരളത്തിൽ ട്രക്കിങ് നടത്തണമെങ്കിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം സർവിസിന്റെ (കിറ്റ്സ്) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഗൈഡായി ജോലി ചെയ്യണമെങ്കിൽ നേച്വറലിസ്റ്റ് കോഴ്സോ ഗൈഡ് സർവിസോ വിജയിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. മൂന്നാറിൽ ഈ യോഗ്യത ഉള്ളവർ പത്തിൽ താഴെ മാത്രമാണെങ്കിലും ജോലി ചെയ്യുന്നത് 200ലധികം പേരാണ്. ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും പ്രവർത്തിക്കുന്നവർ അതത് മേഖലകളെക്കുറിച്ച് വ്യക്തമായ പഠനം നടത്തിയവരും പരിചയസമ്പന്നരും ആയിരിക്കണം. എന്നാൽ, മൂന്നാറിൽ ഈ രംഗത്ത് ഭൂരിഭാഗത്തിനും ഒരു യോഗ്യതയുമില്ല.
ആനത്താരകളിലും ടെന്റടിക്കും
മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരെ വിവിധ കേന്ദ്രങ്ങളിലേക്കാണ് അനധികൃത ട്രക്കിങ് സംഘങ്ങൾ കൊണ്ടുപോകുന്നത്. തമിഴ്നാട്ടിലെ കൊരങ്ങിണി, ടോപ് സ്റ്റേഷൻ, മൂന്നാറിനടുത്ത കൊളുക്കുമല, ചൊക്രമുടി, മീശപ്പുലിമല, സെവൻമല, മന്നാംചോല, വട്ടവട, ചിന്നാർ എന്നിവിടങ്ങളിലാണ് അംഗീകൃതമായും അനധികൃതമായും ട്രക്കിങ്ങും ടെന്റ് ക്യാമ്പും നടത്തുന്നത്. കാട്ടിൽ ടെന്റ് കെട്ടി താമസിക്കണമെങ്കിൽ പല നിബന്ധനകളും പാലിക്കേണ്ടതുണ്ട്. ടെന്റ് സ്ഥാപിക്കുന്നതിന് ചുറ്റും കിടങ്ങോ സൗരോർജ സുരക്ഷ വേലിയോ നിർമിക്കണം. മതിയായ വെളിച്ചം, പ്രഥമശുശ്രൂഷ സംവിധാനങ്ങളും വേണം. എന്നാൽ, ഇതൊന്നും മൂന്നാറിലെ ടെന്റ് ക്യാമ്പ് നടത്തുന്നവർ പാലിക്കുന്നില്ല എന്ന് മാത്രമല്ല പലരും ഇതിനായി തെരഞ്ഞെടുക്കുന്നത് ആനത്താരകളുമാണ്. അപകട സാധ്യതയറിയാതെ പല സഞ്ചാരികളും ഇവരുടെ വലയിൽ വീഴുകയാണ്.
വലിയ കാടുനിറഞ്ഞ മലകളിലും ചെങ്കുത്തായ പാറക്കൂട്ടങ്ങളിലും സാഹസികരായ യുവസഞ്ചാരികളെ കയറ്റുന്നവരും ഒരു മുൻകരുതലും സ്വീകരിക്കാറില്ലത്രേ. ഓരോ സഞ്ചാരിയുടെയും കൈയിൽ വേണ്ട സുരക്ഷാ ഉപകരണങ്ങളെക്കുറിച്ച് പോലും പലർക്കും ധാരണയില്ല. അന്താരാഷ്ട്ര നിലവാരമുള്ള റോപ്, കേരവിന്നർ എന്നറിയപ്പെടുന്ന കൊളുത്ത്, ട്രക്കിങ് ബൂട്ട്, ഗ്ലൗസ്, മഴക്കോട്ട്, ഹെഡ് ലൈറ്റ്, ടോർച്ച്, സൺഗ്ലാസ് എന്നിവ കൈവശമുണ്ടായിരിക്കണം. ഈ നിയമങ്ങളും നിർദേശങ്ങളുമാണ് മൂന്നാറിൽ പരസ്യമായി ലംഘിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.