തിരുവനന്തപുരം: ജനുവരി ഒന്നുമുതൽ ട്രെയിൻ സമയത്തിൽ മാറ്റം. പുതിയ പട്ടികപ്രകാരം തിരുവനന്തപുരം-ഷൊർണൂർ വേണാട്, ജാംനഗർ-തിരുനെൽവേലി എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം-മംഗളൂരു ഏറനാട്, മംഗളൂരു-തിരുവനന്തപുരം മലബാർ എന്നിവയുടെ സമയക്രമത്തിൽ മാറ്റമുണ്ടെന്നാണ് സൂചന.
പുതിയ സമയപ്പട്ടികപ്രകാരം രാവിലെ 5.25ന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം-ഷൊർണൂർ വേണാട് (16302) അഞ്ച് മിനിറ്റ് നേരത്തെ യാത്രയാരംഭിക്കുമെന്നാണ് വിവരം. രാവിലെ 5.05ന് പുറപ്പെട്ടിരുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (16303) അഞ്ച് മിനിറ്റ് വൈകി 5.10നാകും ഇനിമുതൽ യാത്ര ആരംഭിക്കുക. പുലർച്ചെ 3.35നുള്ള തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസിന്റെ (16606) പുറപ്പെടൽ സമയം 3.40 ആയി മാറും. എറണാകുളം-ബിലാസ്പൂർ സൂപ്പർഫാസ്റ്റിന്‍റെ (22816) പുറപ്പെടൽ സമയത്തിനും മാറ്റമുണ്ടെന്നാണ് വിവരം. രാവിലെ 8.30 എന്നത് 8.40 ആയാണ് മാറുക. ജാംനഗർ-തിരുനെൽവേലി എക്സ്പ്രസ് (19578) വൈകീട്ട് 6.30ന് തിരുനെൽവേലിയിലെത്തിയിരുന്നത് 6.20 ആയി മാറും.
ഇതിന് പുറമേ പാസഞ്ചർ ട്രെയിനുകളുടെ സമയത്തിലും മാറ്റംവരും. എറണാകുളം-കൊല്ലം പാസഞ്ചർ (06769) നിലവിൽ 5.20നാണ് കൊല്ലത്തെത്തുന്നത്. ഇത് 5.15 ആയി മാറും. എറണാകുളം-കൊല്ലം പാസഞ്ചർ (06777) ഇനി മുതൽ രാവിലെ 9.50ന് കൊല്ലത്തെത്തും. നിലവിലെ എത്തിച്ചേരൽ സമയം 10 ആണ്. കൊച്ചുവേളി-നാഗർകോവിൽ (06429), നാഗർകോവിൽ-കൊച്ചുവേളി (06439) പാസഞ്ചറുകളുടെ സമയക്രമത്തിലാണ് കാര്യമായ മാറ്റം. നിലവിൽ ഉച്ചക്ക് 1.40ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ടിരുന്ന പാസഞ്ചർ ഇനി മുതൽ 1.25നാകും യാത്ര തുടങ്ങുക. നാഗർകോവലിൽനിന്ന് രാവിലെ 8.05 എന്ന കൊച്ചുവേളിയിലേക്കുള്ള പുറപ്പെടൽ സമയം 8.10 ആയും മാറും. മംഗളൂരു-തിരുവനന്തപുരം മലബാർ അൽപം കൂടി നേരത്തെ തമ്പാനൂരിൽ എത്തുംവിധത്തിൽ സമയക്രമത്തിൽ മാറ്റം വരുമെന്നാണ് സൂചനകൾ. അന്തിമപട്ടിക തിങ്കളാഴ്ച പുറത്തിറങ്ങും.
സാധാരണ ജൂലൈ ഒന്നിനാണ് സമയപ്പട്ടികയിൽ മാറ്റം വരിക. ഇതനുസരിച്ച് ജൂലൈ ഒന്നുമുതൽ അടുത്ത ജൂൺ 31 വരെയായിരുന്നു സമയപ്പട്ടികയുടെ കാലാപരിധി. എന്നാൽ 2024 ജൂലൈയിൽ ഈ പതിവ് ഒഴിവാക്കി. പകരം 2025 ജനുവരി ഒന്നിന് പുതിയ ടൈംടേബിൾ നിലവിൽ വരുംവിധം ഒരു വർഷത്തേക്കാണ് പുതിയ ക്രമീകരണം.
കോവിഡിനെ തുടർന്ന് നിർത്തലാക്കിയ പാസഞ്ചറുകൾ പലതും പുനഃസ്ഥാപിച്ചെങ്കിലും സ്പെഷൽ ട്രെയിനുകളുടെ മാതൃകയിൽ ആദ്യ അക്കം പൂജ്യത്തിൽ തുടങ്ങുന്ന നമ്പറിലാണ് ഓടുന്നത്. ജനുവരി ഒന്നോടെ പാസഞ്ചറുകൾക്ക് പഴയ നമ്പറുകൾ തിരികെ കിട്ടും. അൺറിസർവ്ഡ് എക്സ്പ്രസുകളായാണ് ഇവ ഇപ്പോൾ ഓടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.