ന്യൂഡൽഹി: ലക്ഷദ്വീപിൽ ഫോട്ടോ ഷൂട്ട് നടത്തിയ പ്രധനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രയേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി ആക്ഷേപിച്ചത് വിവാദമായതോടെ, ലക്ഷദ്വീപിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ച് ഇസ്രായേൽ എംബസി. ലക്ഷദ്വീപിന്‍റെ ഭംഗി ആസ്വദിക്കാൻ ആഹ്വാനം ചെയ്താണ് ഔദ്യോഗിക എക്സ്‍ അക്കൗണ്ടിൽ ഇന്ത്യയിലെ ഇസ്രായേൽ എംബസി പോസ്റ്റിട്ടത്.
ഇസ്രായേൽ സഹകരണത്തോടെ ലക്ഷദ്വീപിൽ നടപ്പാക്കുന്ന സമുദ്ര ജലശുദ്ധീകരണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം സന്ദർശിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഇവർ പങ്കുവെച്ചത്. ഈ പദ്ധതി ഉടൻ ആരംഭിക്കാൻ ഇസ്രായേൽ തയ്യാറാണെന്നും ലക്ഷദ്വീപിന്റെ അതിമനോഹരമായ സൗന്ദര്യം ഇതുവരെ കാണാത്തവർക്കായി കുറച്ച് ചിത്രങ്ങൾ നൽകുന്നു എന്നുമുള്ള കുറിപ്പോടെയാണ് പോസ്റ്റ്. ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗും ഇതിനൊപ്പം നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ മാലദ്വീപ് ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. ടൂറിസ്സ് കേന്ദ്രമായ മാലദ്വീപിനെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വനവും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. അതിനിടെ, മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു 5 ദിന പര്യടനത്തിനായി ചൈനയിലെത്തി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽനിന്നാണ് ഏറ്റവും കൂടുതൽത്‍വിനോദ സഞ്ചാരികൾ മാലദ്വീപിലെത്തുന്നത്. 2023-ൽ 2.09 ലക്ഷത്തിലധികം പേരും 2022-ൽ 2.40 ലക്ഷത്തിലേറെ പേരും ഇന്ത്യയിൽനിന്ന് ദ്വീപിലെത്തി. 2021ൽ 2.11 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് വിനോദസഞ്ചാരികളായി മാലദ്വീപ് സന്ദർശിച്ചത്. കോവിഡ് കാലത്ത് അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് മാലദ്വീപ്. ആ കാലയളവിൽ ഏകദേശം 63,000 ഇന്ത്യക്കാർ രാജ്യം സന്ദർശിച്ചു.
കോവിഡിന് മുമ്പുള്ള 2018ൽ 90,474 സന്ദർശകരാണ് ഇന്ത്യയിൽനിന്ന് മാലദ്വീപിലെത്തിയത്. അന്ന് വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ അഞ്ചാം സസ്ഥാനത്തായിരുന്നു ഇന്ത്യ. 2019ൽ ഏകദേശം ഇരട്ടി -1,66,030- പേരുമായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.