പയ്യന്നൂർ: ഉത്തര മലബാറിലെ ഏറ്റവും വലിയ ജലസംഭരണിയായ കവ്വായി കായലിന്റെ ഹരിത സൗന്ദര്യം നുകരാനുള്ള മറ്റൊരു വലിയ പദ്ധതിക്ക് ഞായറാഴ്ച തുടക്കമാവുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലായി 40 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന കായൽ സഞ്ചാരത്തിനുള്ള പദ്ധതിയുടെ മറ്റൊരു ഘട്ടമാണ് യാഥാർഥ്യമാവുന്നത്.
മലനാട് മലബാർ റിവർക്രൂസ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കവ്വായി ഹൗസ്ബോട്ട് ടെർമിനൽ നിർമിച്ചത്. 5.02 കോടി രൂപ ചെലവിൽ നിർമിച്ച ടെർമിനലിൽ ഒരേ സമയം രണ്ട് വലിയ ഹൗസ് ബോട്ടുകൾക്ക് ഉപയോഗപ്പെടുത്താവുന്ന രണ്ട് ബോട്ട് ജെട്ടികളും 90 മീറ്റർ നീളത്തിലുള്ള നടപ്പാതയും ഉണ്ട്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ ബോട്ടുകൾ അടുപ്പിക്കാവുന്ന രീതിയിൽ നാല് തട്ടുകളായാണ് ജെട്ടികൾ നിർമിച്ചത്.
ഓടുമേഞ്ഞ മേൽക്കൂര, കരിങ്കൽ പാകിയ നടപ്പാത, കരിങ്കല്ലിൽ നിർമിച്ച ഇരിപ്പിടങ്ങൾ, സോളാർ ലൈറ്റുകൾ എന്നിവയും കായൽ സൗന്ദര്യം ആസ്വദിക്കുന്നതിന് നടപ്പാതയോട് ചേർന്ന് വ്യൂ പോയന്റുകളും ഉണ്ട്. കായൽക്കരയിലെ നടപ്പാത ഇന്റർലോക്ക് ചെയ്തു. കോൺക്രീറ്റ് പൈലുകൾ കൊണ്ടാണ് ടെർമിനലിന്റെ അടിത്തറ നിർമിച്ചത്.
റെയിൽവേ ഓവർ ബ്രിഡ്ജിൽ നിന്നും ബോട്ട് ടെർമിനലിലേക്കുള്ള പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കവ്വായി പാലം അപ്രോച്ച് റോഡ് നവീകരിക്കുന്നതിന് 2022-23 വർഷ ബജറ്റിൽ 5.2 കോടിയുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഈ പാത യാഥാർഥ്യമാകുന്നതോടെ വിനോദ സഞ്ചാരം മാത്രമല്ല, കവ്വായിയെന്ന ദ്വീപ് ഗ്രാമത്തിന്റെ യാത്രദുരിതത്തിന് കൂടിയാവും പരിഹാരമാവുക.
പയ്യന്നൂർ നഗരസഭയിലെ കവ്വായി ബോട്ട് ടെർമിനലിന്റെയും കവ്വായി പാലം അപ്രോച്ച് റോഡ് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനമാണ് വൈകീട്ട് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നത്. ടി.ഐ. മധുസൂദനൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.