ഖുൽദാബാദിൽ എത്തുമ്പോൾ ഉച്ച തിരിഞ്ഞിരുന്നു. മഹാരാഷ്ട്രയിൽ മൺസൂൺ കാലത്തിന്റെ തുടക്കമാണ്. ആകാശം കാർമേഘങ്ങളാൽ നിറഞ്ഞിരുന്നു. മറ്റു മുഗൾ ചക്രവർത്തിമാരുടെ അന്ത്യവിശ്രമ സ്ഥലങ്ങൾ ഡൽഹി- ആഗ്ര യാത്രകളിൽ സന്ദർശിച്ചിട്ടുണ്ടെങ്കിലും, ആറാമത്തെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഖബറിടം കണ്ടിരുന്നില്ല. ആ കൗതുകമാണ് മഹാരാഷ്ട്രയിലെ ഔറംഗബാദിനടുത്തുള്ള ഖുൽദാബാദിൽ എത്തിച്ചത്. മുഗൾ ചക്രവർത്തിയുടെ അന്ത്യവിശ്രമ സ്ഥലമായിരുന്നിട്ടും ആ തിരക്കൊന്നും ഇവിടെയില്ല. ഹുമയൂണിന്റെ അന്ത്യവിശ്രമ സ്ഥലമായ ഡൽഹിയിലെ ഹുമയൂൺ ടൂമ്പിന്റെ
ചെങ്കൽശോഭയോ ഷാജഹാന്റെ താജ്മഹലിന്റെ വെണ്ണക്കൽ തിളക്കമോ അക്ബർ ചക്രവർത്തിയുടെയും ജഹാംഗീറിന്റെയും അന്ത്യസ്ഥലങ്ങളുടെ ശില്പചാതുരിയോ ഒന്നും ഇവിടെ ഇല്ലാത്തതാകാം ഒരു കാരണം. അല്ലെങ്കിൽ ഔറംഗസീബിന് ചാർത്തിക്കിട്ടിയ വില്ലൻ പരിവേഷമായിരിക്കാം. വരുന്നവരിൽ ഏറെയും ഔറംഗസീബിന്റെ അന്ത്യവിശ്രമ സ്ഥലത്തിന് തൊട്ടടുത്തുള്ള സൂഫിവര്യന്റെ മഖ്ബറ സന്ദർശിക്കാനെത്തുന്നവരാണ്.
അരനൂറ്റാണ്ട് ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും അടക്കിഭരിച്ച ഏറ്റവും ധനികനായ മുഗൾ ചക്രവർത്തി ബഹളങ്ങളിൽ നിന്നകന്നു അന്ത്യനിദ്ര കൊള്ളുന്നു. തുറന്ന ആകാശത്തിനുകീഴിൽ വെയിലും മഴയുമേറ്റ് നിലകൊള്ളുന്ന ലളിതമായ ഖബറിടം. അബു മുസാഫർ മുഹിയുദ്ദീൻ മുഹമ്മദ് ഔറംഗസീബ് ആലംഗീർ എന്ന ഔറംഗസീബ് ചക്രവർത്തിയുടെ അന്ത്യാഭിലാഷവും അതായിരുന്നു. ഒരു തുളസിച്ചെടിയും ഒരുപിടി പനിനീർ പുഷ്പങ്ങളും മാത്രമായിരുന്നു ആ ഖബറിടത്തിൽ ആർഭാടം എന്നുപറയാൻ ഉണ്ടായിരുന്നത്.
ഒരിക്കലും ചരിത്രത്തിൽ ഓർമിക്കപ്പെടണമെന്നു ഔറംഗസീബ് ആഗ്രഹിച്ചിരുന്നില്ല. ‘അപരിചിതനായി ഞാൻ ഭൂമിയിലേക്ക് വന്നു, അപരിചിതനായി ഞാൻ മണ്ണിലേക്ക് മടങ്ങട്ടെ’- ഒരിക്കൽ അദ്ദേഹം എഴുതി. തന്റെ അന്ത്യവിശ്രമ സ്ഥലത്തു പ്രത്യേകം തിരിച്ചറിയാൻ കഴിയുന്ന യാതൊന്നും ഉണ്ടാകരുതെന്നും ഏതൊരു സാധാരണ പ്രജയുടെയും പോലെയുള്ള ഖബറായിരിക്കണം തന്റേതെന്നും
ഔറംഗസീബ് നിഷ്കർഷിച്ചിരുന്നു. ആരാലും തിരിച്ചറിയപ്പെടാതെ, ഓർമിക്കപ്പെടാതെ കടന്നുപോകണമെന്ന് ഔറംഗസീബ് ആഗ്രഹിച്ചെങ്കിലും കാലം അദ്ദേഹത്തെ അതിനനുവദിച്ചില്ല. ഇന്നും വേണ്ടതിനും വേണ്ടാത്തതിനും ഔറംഗസീബ് പഴി കേട്ടുകൊണ്ടിരിക്കുന്നു. ചിലർ വീരനായും മറ്റുചിലർ വില്ലനായും അദ്ദേഹത്തെ ഓർമിച്ചുകൊണ്ടേയിരിക്കുന്നു. വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കൾ അദ്ദേഹത്തിന്റെ പേര് മായ്ച്ചുകളയാൻ ശ്രമിക്കുന്നു. ഔറംഗബാദിന്റെ പേര് ഇന്ന് ‘ഛത്രപതി സംഭാജിനഗർ’ എന്നായി മാറിയത് അങ്ങനെയാണ്. ഖുൽദാബാദിൽനിന്നു ഔറംഗസീബിന്റെ മസാറിലേക്കുള്ള വഴിയിലൂടെ പോകുമ്പോൾ തന്നെ ഇൗ പ്രദേശത്തോടുള്ള അവഗണന വ്യക്തമാകും. ഇടുങ്ങിയ തകർന്ന റോഡുകളും ഗലികളും കടന്നുവേണം അവിടെയെത്താൻ.
ആറാമത്തെ മുഗൾ ചക്രവർത്തിയായിരുന്നു ഔറംഗസീബ്. ഷാജഹാൻ ചക്രവർത്തിയുടെ നാല് പുത്രന്മാരിൽ മൂന്നാമനായി 1618 ൽ ഗുജറാത്തിലെ ദോഹാദിലാണ് ജനനം. (മൂന്നു പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് മക്കളായിരുന്നു ഷാജഹാന്). ചെറുപ്പത്തിലേ ഔറംഗസീബിന്റെ പോരാട്ടവീര്യം ഷാജഹാൻ തിരിച്ചറിഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട മൂത്ത പുത്രൻ ദാരാ ഷിക്കോവിന് ഭാവിയിൽ ഔറംഗസീബ് ഭീഷണിയാവുമെന്നു ഷാജഹാൻ മുൻകൂട്ടി മനസ്സിലാക്കി. അതുകൊണ്ടുതന്നെ ദാരയെ തനിക്കൊപ്പം ഡൽഹിയിൽ നിർത്തി, അകലെയുള്ള ഡക്കാൻ മേഖലയുടെ ചുമതല നൽകി.
ഔറംഗസീബിനെ ഷാജഹാൻ അങ്ങോട്ടേക്കയച്ചു. മറ്റൊരു പുത്രൻ ഷാ ഷൂജക്കു ബംഗാൾ പ്രവിശ്യയുടേയും ഇളയവനായ മുറാദിന് ഗുജറാത്തിന്റെയും ചുമതല നൽകി.1635 മുതൽ രണ്ടു പതിറ്റാണ്ടോളം മുഗൾ സാമ്രാജ്യത്തിന്റെ തലങ്ങും വിലങ്ങും പടനയിക്കാനും ഭരണം നടത്താനും ഔറംഗസീബ് ഓടിനടന്നു. യുദ്ധരംഗത്തും ഭരണരംഗത്തും നേടിയ അനുഭവങ്ങൾ ഔറംഗസീബ് എന്ന കരുത്തനെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചു. ഡക്കാൻ അദ്ദേഹത്തിന് എന്നും പ്രിയപ്പെട്ട പ്രദേശമായിമാറി.
1657 സെപ്റ്റംബറിൽ ഷാജഹാൻ അസുഖബാധിതനായി. പ്രജകൾക്ക് സ്ഥിരമായി നൽകിവരാറുള്ള ദർശനം ഒഴിവാക്കിയതോടെ ചക്രവർത്തി മരിച്ചെന്ന കിംവദന്തി പൊട്ടിപ്പുറപ്പെട്ടു. ഇതോടെ മക്കൾക്കിടയിൽ അധികാര പോരാട്ടത്തിന് തുടക്കമായി. സിംഹാസനം അല്ലെങ്കിൽ മരണം എന്നതായിരുന്നു മുഗൾ രീതി. വിജയി അധികാരത്തിലേറും, പരാജിതൻ കുഴിമാടം പൂകും. തന്ത്രങ്ങൾക്കും കുതന്ത്രങ്ങൾക്കും യുദ്ധങ്ങൾക്കുമൊടുവിൽ സിംഹാസനത്തിലേറാനുള്ള ഭാഗ്യം ഔറംഗസീബിനായിരുന്നു. മൂന്നു സഹോദരങ്ങളും വധിക്കപ്പെട്ടു. ദാരയെയും മുറാദിനെയും വകവരുത്തിയത് ഔറംഗസീബായിരുന്നു. പിതാവ് ഷാജഹാൻ ആഗ്ര കോട്ടയിൽ തടവറയിൽ അടക്കപ്പെട്ടു.
1658 ജൂലൈ 31നു ജ്യോതിഷികൾ കുറിച്ച് നൽകിയ മുഹൂർത്തത്തിലാണ് ഔറംഗസീബ് മുഗൾ ചക്രവർത്തിയായി അധികാരമേറ്റത്. ആലംഗീർ (ലോകം കീഴടക്കിയവൻ ) എന്ന വിശേഷണവുമായി 49 വർഷം നീണ്ട ഭരണത്തിന്റെ തുടക്കമായിരുന്നു അത്. അദ്ദേഹത്തിന് കീഴിൽ മുഗൾ സാമ്രാജ്യം വിസ്തൃതി വർധിപ്പിക്കാൻ തുടങ്ങി. എഴുപതാം വയസ്സിലും പടയോട്ടങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചു.
എന്നാൽ, അവസാനകാലത്തു ഔറംഗസേബിൽ ചില തിരിച്ചറിവുകൾ ഉണ്ടായിത്തുടങ്ങി. പരലോക ഭയം ആ വയോധികനെ വേട്ടയാടി. അധികാരത്തിനായി നടത്തിയ രക്തച്ചൊരിച്ചിലുകൾ നിരർഥകമായിരുന്നെന്നു അദ്ദേഹത്തിന് തോന്നിയിരിക്കാം. അവസാന കാലത്ത് അദ്ദേഹം മകന് എഴുതിയ കത്തുകളിൽ പരലോക ശിക്ഷയെകുറിച്ച് അദ്ദേഹം ആകുലപ്പെടുന്നത് കാണാമെന്നു ചരിത്രരേഖകൾ പറയുന്നു.
ഭരണാധികാരി എന്നനിലയിൽ താൻ പരാജയമായിരുന്നോ എന്നും അതിന്റെ പേരിൽ തന്നെ ദൈവം വിചാരണ ചെയ്യുമോ എന്നും അദ്ദേഹം ഭയപ്പെട്ടു.. ദൈവവിചാരമില്ലായ്മയുടെയും പേരിൽ ദൈവം തന്നെ ശിക്ഷിക്കുമോ എന്നും അദ്ദേഹം ആശങ്കപ്പെട്ടു.
ഖജനാവിനെ ആശ്രയിക്കാതെ, ഖുർആൻ പകർത്തിയെഴുതി ലഭിച്ച തുക ദാനം ചെയ്തും തൊപ്പി തുന്നി സമ്പാദിച്ച തുക കൊണ്ടുമാണ് അവസാന കാലം ചെലവഴിച്ചത്. തന്റെ അന്ത്യവിശ്രമത്തിനുള്ള സ്ഥലം വാങ്ങിയത് ഇങ്ങനെ സമ്പാദിച്ച തുക കൊണ്ടാണ്. മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിച്ചതും ഈ തുകയാണ്. 1707ൽ 88ാം വയസ്സിൽ ഔറംഗസീബ് ഈ ലോകത്തോട് വിട പറഞ്ഞു. അഹ്മദ്നഗറിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ഔറംഗബാദിലെ ഖുൽദാബാദിലേക്ക് കൊണ്ടുവരികയും തന്റെ ആത്മീയ ഗുരുവായ ഖാജാ സൈനുദീൻ ഷിറാസിയുടെ ഖബറിനടുത്ത് മറമാടുകയുമായിരുന്നു
തന്റെ ഖബറിനുമേലെ മറ്റു ചക്രവർത്തിമാരുടേതു പോലെയുള്ള നിർമിതികളും ആർഭാടങ്ങളും ഉണ്ടാകരുതെന്ന് ഔറംഗസീബ് നിഷ്കർഷിച്ചിരുന്നു. അപ്രകാരമാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലം ഒരുക്കിയതും. പിന്നീട് വൈസ്രോയി ആയിരുന്ന ലോർഡ് കഴ്സണിന്റെ നിർദേശപ്രകാരമാണ് ഖബറിന് ചുറ്റും ഇന്നുകാണുന്ന രീതിയിൽ മാർബിൾ വിരിക്കുകയും മാർബിൾ കൊണ്ടുള്ള ചുമരുകൾ നിർമിക്കുകയും ചെയ്തത്.
ഔറംഗസീബിന്റെ ഭാര്യ റാബിയ-ഉൽ ദുറാനി എന്ന ദിൽറാസ് ബാനു ബീഗത്തിന്റെ അന്ത്യവിശ്രമ സ്ഥലമാണ് ബിബി ക മഖ്ബറ. ഒറ്റ നോട്ടത്തിൽ താജ് മഹൽ ആണെന്ന് തോന്നുന്ന നിർമിതി. ചെലവ് കുറഞ്ഞ അലങ്കാരങ്ങൾ കുറഞ്ഞ ഒരു താജ് മഹൽ!. അതിനാൽ ഇത് ‘ഡെക്കാനിലെ താജ്’ എന്നും അറിയപ്പെടുന്നു. 1651നും1661നും ഇടയിൽ മകൻ അസം ഷായാണ് ഇത് നിർമിച്ചത്. ഔറംഗബാദ് നഗരത്തിനടുത്തു തന്നെയാണ് ബിബി ക മഖ്ബറ സ്ഥിതി ചെയ്യുന്നത്.
കവാടങ്ങളുടെ നഗരം (സിറ്റി ഓഫ് ഗേറ്റ്സ് ) എന്നാണ് ഔറംഗബാദ് അറിയപ്പെടുന്നത്. മുംബൈയിൽ നിന്ന് ആറുമണിക്കൂറോളം യാത്രയുണ്ട് ഇവിടേക്ക്. കേരളത്തിൽ നിന്ന് ട്രെയിൻ മാർഗം വരുന്നവർക്ക് കല്യാൺ ,താനെ , നാസിക് എന്നി സ്റ്റേഷനുകളിൽ ഇറങ്ങിയാൽ അവിടെനിന്നു ഔറംഗബാദിനു ട്രെയിൻ മാറി കയറാം. ഔറംഗബാദ് ഗുഹകൾ, അജന്ത- എല്ലോറ ഗുഹകൾ, ഔറംഗസീബിന്റെ മസാർ, ബീബി ക മഖ്ബറ, ദൗലത്താബാദ് കോട്ട, പഞ്ചക്കി (വാട്ടർ മിൽ), സൊനേരി മഹൽ, ഭദ്ര മാരുതി ക്ഷേത്രം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
നഗരത്തിൽ നിന്ന് നാല് കിലോമീറ്റർ മാത്രമേയുള്ളു ബീബി ക മഖ്ബറയിലേക്ക്. അവിടെനിന്നു മൂന്നു കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ ഔറംഗബാദ് ഗുഹകൾ കാണാം. എല്ലോറ, ദൗലത്താബാദ് കോട്ട, ഔറംഗസീബിന്റെ മഖ്ബറ എന്നിവയും നഗരത്തിനടുത്താണ്. മാത്രവുമല്ല ഇവയെല്ലാം ഒരേ റൂട്ടിലുമാണ്. ഔറംഗബാദിലെ സിറ്റി ബസിൽ പാസ് എടുത്താൽ ആ ദിവസം എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. പാസിനായി ആധാർ കാർഡ് ആവശ്യമാണ്.
അജന്ത ഗുഹകൾ ഔറംഗബാദിൽനിന്നു 100 കിലോമീറ്റർ അകലെയാണ്. ബസിൽ രണ്ട് മണിക്കൂർ യാത്രയുണ്ട്.
കേരളത്തിൽ നിന്നുള്ളവർക്ക് ഇവയെല്ലാം കാണണമെങ്കിൽ നല്ല മാർഗം മറ്റൊന്നാണ്. എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദീപ് എക്സ്പ്രസ്സ് ട്രെയിനിൽ മഹാരാഷ്ട്രയിലെ ബുസാവലിൽ ഇറങ്ങുന്നതാണ് എളുപ്പം.
യാത്ര തുടങ്ങി പിറ്റേദിവസം രാത്രി എട്ടരയോടെ ബുസാവൽ റെയിൽവേ സ്റ്റേഷനിൽ എത്തും. ഐ.ആർ.സി.ടി.സി യുടെ റൂം അല്ലെങ്കിൽ ഡോർമെറ്ററി ബുക്ക് ചെയ്താൽ കുറഞ്ഞ ചിലവിൽ റെയിൽവേ സ്റ്റേഷനിൽ തന്നെ താമസവും ലഭിക്കും. റെയിവേ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ വലതു ഭാഗത്തുതന്നെയാണ് ബസ്സ്റ്റാൻഡ്.
രാവിലെ പുണെയിലേക്കുള്ള ബസ് കയറിയാൽ അജന്ത ഗുഹകളിലേക്കുള്ള കവാടത്തിനു മുന്നിൽ തന്നെ ഇറങ്ങാം. 80 കിലോമീറ്ററുണ്ട് . അജന്ത സന്ദർശിച്ച ശേഷം ഉച്ചയോടെ പുണെക്കുള്ള ബസിൽ കയറി ഔറംഗബാദിൽ എത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.