വിതുര: ഇടവേളക്ക് ശേഷം സന്ദർശകർക്ക് ഇനി പൊന്മുടിയിലേക്ക് പോകാം. ഒന്നരമാസമായി അടഞ്ഞുകിടന്നിരുന്ന പൊന്മുടി ഇക്കോ ടൂറിസം ബുധനാഴ്ച തുറക്കും. കോവിഡ് വ്യാപനവും റോഡിന്റെ സുരക്ഷ പ്രശ്നവുമാണ് സന്ദർശനത്തിന് വിലങ്ങായത്. പൊന്മുടിയോടൊപ്പം തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസങ്ങളും ബുധനാഴ്ച തുറക്കും.
പൊന്മുടി സന്ദർശനത്തിന് കർശനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറിലധികം അപ്പർ സാനിട്ടോറിയത്തിൽ തങ്ങാൻ അനുവദിക്കില്ല. സന്ദർശകർ കോവിഡ് വാക്സിനേഷൻ രണ്ട് ഘട്ടവും പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം കൈയിൽ കരുതണം.
റോഡ് സുരക്ഷ പ്രശ്നം നിലനിന്ന ഭാഗത്ത് വാഹനങ്ങൾ നിയന്ത്രിക്കാൻ സംവിധാനമൊരുക്കി. റോഡിന്റെ ഒരു വശത്തിലൂടെ മാത്രം വാഹനങ്ങൾ കടത്തിവിട്ട് ഗതാഗതം നിയന്ത്രിക്കും. പൊലീസിന്റെയും വനം വകുപ്പിന്റെയും പരിശോധനയുണ്ടാകും. കോവിഡ് വ്യാപനത്തെത്തുടർന്ന് ജനുവരിയോടെയാണ് പൊന്മുടിയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.