ചെറുതോണി: അഞ്ചോളം പഞ്ചായത്തുകളുടെ വിദൂര ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കുന്ന കഞ്ഞിക്കുഴിയിലെ മാക്കുപാറ സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി മാറുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഉൾപ്പെടുന്ന പ്രദേശമാണ് മാക്കുപാറ. സാദാസമയവും വീശിയടിക്കുന്ന കുളിർ കാറ്റാണ് മാക്ക് പാറയുടെ പ്രധാന ആകർഷണം .
ആലപ്പുഴ മധുര സംസ്ഥാന പാത കടന്നുപോകുന്ന വട്ടോൻ പാറയിൽനിന്നും ഒന്നര കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മാക്കുപാറയിൽ എത്താം. വെള്ളത്തൂവൽ, വാത്തിക്കുടി, വാഴത്തോപ്പ്, കാമാക്ഷി, മരിയാപുരം പഞ്ചായത്തുകളുടെ വിദൂര ദൃശ്യങ്ങൾ ഇവിടെനിന്നും ആസ്വദിക്കാൻ ആകും . ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതയുള്ള പ്രദേശം കൂടിയാണ് മാക്കുപാറ. നിരവധി അപൂർവയിനം സസ്യജാലങ്ങളും ഉരഗ വർഗത്തിൽപ്പെട്ട ജീവികളുടെയും ആവാസ കേന്ദ്രമാണിവിടം. പാൽക്കുളം മേട്, മലയെണ്ണാമല, കോടാലിപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെ നിന്നാൽ കാണാൻ സാധിക്കും. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് മാക്കുപാറ വ്യൂ പോയന്റ് സ്ഥിതിചെയ്യുന്നത്. അതേസമയം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തന്നെയാണ് മറ്റു ടൂറിസം കേന്ദ്രങ്ങളെ പോലെ തന്നെ മാക്കുപാറയും നേരിടുന്ന വെല്ലുവിളി. യാത്രയോഗ്യമായ ഒരു റോഡില്ലാത്തത് ഇവിടേക്കെത്താൻ ആളുകൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. മാക്കു പാറയുടെ ടൂറിസം വികസനത്തിന് ത്രിതല പഞ്ചായത്തും ടൂറിസം വകുപ്പും അടിസ്ഥാന സൗകര്യം ഒരുക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.