പ്രളയത്തിൽ തകർന്ന മാങ്കുളം വിനോദസഞ്ചാരത്തിന്‍റെ പ്രതാപകാലം തിരിച്ചുപിടിക്കാൻ വഴിതേടുകയാണ്. 2018ലെ പ്രളയത്തിലുണ്ടായ ഉരുൾപൊട്ടലിൽ, കുത്തിയൊഴുകിയ മലവെള്ളപ്പാച്ചിലിൽ മണ്ണിനോടൊപ്പം കിടപ്പാടം അടക്കം സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകളുള്ള മലയോര മേഖലയാണിത്. നാല് വശങ്ങളും വനത്താൽ ചുറ്റപ്പെട്ട പ്രദേശത്തിന്‍റെ ഏറ്റവും വലിയ സമ്പത്തും ഭാവി സാധ്യതകളും പ്രകൃതിഭംഗി മാത്രമാണ്.
അവികസിത ആദിവാസി കേന്ദ്രങ്ങളായ ഇടമലക്കുടി, കുറത്തിക്കുടി എന്നിവയുടെ സംഗമകേന്ദ്രങ്ങൾ ഇവിടെയാണ്. പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്നതിനാൽ ശേഷിക്കുന്നതെല്ലാം ഇട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടിവന്ന കർഷക ജനതയുടെ നാടുകൂടിയാണ് ഇവിടം. ജലവൈദ്യുതി പദ്ധതിക്കായി മെച്ചപ്പെട്ട സൗകര്യമുള്ള വീടും കൃഷിയിടവും അടക്കം എല്ലാം ഉപേക്ഷിച്ചാണ് സർക്കാർ നൽകിയ നാമമാത്ര തുകയും കൈപ്പറ്റി ഇവിടത്തുകാർ മറ്റിടങ്ങളിലേക്ക് ചേക്കേറിയത്.
ഇത്തരക്കാർക്ക് മികച്ച വരുമാനവും പ്രദേശത്തിന് സാമ്പത്തിക പുരോഗതിയും ഉറപ്പാക്കുന്ന വിധത്തിൽ ഇവിടം വിനോസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാങ്കുളത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ പരിമിത സൗകര്യങ്ങൾക്കിടയിലും ജില്ലക്കകത്തുനിന്നും പുറത്തുനിന്നും സഞ്ചാരികൾ എത്തുന്നുണ്ട്.
വെള്ളച്ചാട്ടങ്ങൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാര പദ്ധതി ആരംഭിക്കാൻ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ആലോചനകൾ നടന്നെങ്കിലും കോവിഡ് മഹാമാരിയിൽ തട്ടി നടപടി നിലച്ചു. കോവിഡ് പ്രതിസന്ധി നീങ്ങിത്തുടങ്ങുകയും ടൂറിസം മേഖലയിൽ ഉണർവ് പ്രകടമാകുകയും ചെയ്തതോടെ ടൂറിസം പദ്ധതികൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
തേയില ചെടികൾ നിറഞ്ഞുനിൽക്കുന്ന വിരിപാറ ഭാഗവും ഏലത്തോട്ട മേഖലയിൽപ്പെടുന്ന കുരിശുപാറയുമാണ് മാങ്കുളത്തെ വലിയ ആകർഷണം. നാട്ടുകാരുടെ സഹകരണത്തോടെ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ചാൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാങ്കുളത്തെ മാറ്റിയെടുക്കാനാകും.
(പ്രസിഡന്‍റ്, മാങ്കുളം ഗ്രാമപഞ്ചായത്ത്)
മാങ്കുളം പഞ്ചായത്തില്‍ ടൂറിസത്തിന് അനന്തസാധ്യതകള്‍ തന്നെയുണ്ട്. മഹാപ്രളയവും ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളും മാങ്കുളത്തിന് സമാനതകളില്ലാത്ത ദുരിതമാണ് നല്‍കിയത്. പുറംനാട്ടില്‍നിന്ന് ഒറ്റപ്പെടുകയും ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരുകയും ചെയ്തു. കോവിഡും കുടിയേറ്റ കാര്‍ഷിക ഗ്രാമമായ മാങ്കുളത്തിന് കനത്ത ആഘാതമായി. ഇപ്പോള്‍ വിനോദസഞ്ചാര മേഖലയാണ് പ്രധാന പ്രതീക്ഷ.
കാട്ടാനകള്‍ കുടിവെള്ളം തേടിയെത്തുന്ന ആനക്കുളം തന്നെയാണ് പഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രം. വെള്ളച്ചാട്ടങ്ങളും ആദിവാസി കോളനികളും ധാരാളമായുള്ള മാങ്കുളത്ത് സര്‍ക്കാർ സഹായംകൂടിയുണ്ടായാല്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാം. 20 ആദിവാസി കോളനികളുള്ള മാങ്കുളത്ത് ഗെസ്റ്റ് ഹൗസും ഷീ ലോഡ്ജുകളും വന്യമൃഗങ്ങളെ കാണാന്‍ വാച്ച് ടവറുകളും സ്ഥാപിക്കണം. വെള്ളച്ചാട്ടങ്ങൾ കോര്‍ത്തിണക്കി സാഹസിക ടൂറിസം പോയന്‍റുകളും വനത്തിലേക്ക് ട്രക്കിങ്ങും നടപ്പാക്കിയാൽ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും.
മാത്യു ജോസ് (മുൻ പ്രസിഡന്‍റ്, മാങ്കുളം ഗ്രാമപഞ്ചായത്ത്)
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ടൂറിസം വൻകിട ബിസിനസുകാർക്ക് പണംവരാനുള്ള മാർഗവുമായതാണ് മാങ്കുളത്തെ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധി. 13 ഓളം വെള്ളച്ചാട്ടങ്ങൾ മാങ്കുളത്തുണ്ട്. എന്നാൽ, ഒരിടത്തും ജീവഭയമില്ലാതെ ഇറങ്ങിച്ചെന്ന് ആസ്വദിക്കാൻ കഴിയുന്ന സൗകര്യം ഇല്ല. ആനക്കുളത്ത് വൈകുന്നേരമായാൽ നൂറുകണക്കിന് വാഹനങ്ങളാണ് എത്തുന്നത്. അവക്ക് പാർക്കിങ് ഗ്രൗണ്ടും സഞ്ചാരികൾക്ക് ഗാലറിയും ഉണ്ടാക്കിയാൽ ഈ കാഴ്ച് കൂടുതൽ സുന്ദരമാകും.
പഞ്ചായത്തും വനംവകുപ്പും ചേർന്ന് ടൂറിസം പ്ലാൻ തയാറാക്കുക എന്നത് പ്രധാനമാണ്. ചെലവ് കുറഞ്ഞ താമസസൗകര്യം ഏർപ്പെടുത്താൻ പദ്ധതി വേണം. മാങ്കുളത്തിന്‍റെ ടൂറിസത്തെ ഔന്നത്യത്തിൽ എത്തിക്കാൻ കഴിയുന്നത് പഴയ ആലുവ-മൂന്നാർ റോഡിന്‍റെ പുനരുജ്ജീവനമാണ്. റോഡ് പുനരുദ്ധരിച്ചാൽ ഇപ്പോൾ 75 കിലോമീറ്റർ യാത്ര ചെയ്തു മാങ്കുളത്ത് എത്തുന്ന സഞ്ചാരികൾക്ക് കേവലം 25 കിലോമീറ്റർ മതിയാകും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.