അടിമാലി: അടുത്തകാലം വരെ അടിസ്ഥാന സൗകര്യ വികസനത്തിലടക്കം പിന്നാക്കം നിന്നിരുന്ന മാങ്കുളം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു. വെള്ളച്ചാട്ടങ്ങളും സാഹസികത നിറഞ്ഞ ട്രക്കിങ് കേന്ദ്രങ്ങളും പുഴകളും അരുവികളും മനോഹരിത ഭൂപ്രകൃതിയുമാണ് മാങ്കുളം വിനോദസഞ്ചാരികളുടെ ഇഷ്ടഭൂമിയാക്കി മാറ്റുന്നത്. നാല് വശങ്ങളും വനത്താല്‍ ചുറ്റപ്പെട്ട മാങ്കുളം ഇവിടെയെത്തുന്ന ആരെയും ആകർഷിക്കും. ഈ തിരിച്ചറിവാണ് മൂന്നാറിലെത്തുന്ന സഞ്ചാരികളെ മാങ്കുളത്തേക്ക് ആകര്‍ഷിക്കുന്നത്. രണ്ടുപതിറ്റാണ്ട് മുമ്പ് വരെ മാങ്കുളം കുഗ്രാമമായിട്ടാണ് അറിഞ്ഞുവരുന്നത്. 2001ല്‍ മൂന്നാര്‍ പഞ്ചായത്തിനെ വിഭജിച്ച് മാങ്കുളം പഞ്ചായത്ത് രൂപവത്കരിച്ചതോടെയാണ് ഇവിടെ വികസന പാതയിലെത്തിയത്.
മാങ്കുളത്തിെൻറ ചരിത്രം മൂന്ന് വ്യത്യസ്ത ആവാസ കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്. വിരിഞ്ഞപാറയിലും മാങ്കുളത്തിെൻറ ചില ഭാഗങ്ങളിലും കാണപ്പെടുന്ന മുനിയറകളും നന്നങ്ങാടികളും ശിലായുഗത്തിലും മാങ്കുളം ജനവാസ കേന്ദ്രമായിരുന്നെന്ന് തെളിയിക്കുന്നു. ഇതിന് മുമ്പ് തമിഴ്നാട്ടില്‍നിന്ന് കുടിയേറിയ ആദിവാസികളായിരുന്നു മാങ്കുളത്ത്് വസിക്കുന്നത്. 1877 ല്‍ ബ്രിട്ടീഷുകാരൻ ജെ.ഡി. മണ്ട്രോ, തിരുവിതാംകൂര്‍ രാജാവായിരുന്ന പൂഞ്ഞാര്‍ വലിയകോവിലകത്തെ തമ്പുരാനില്‍നിന്ന് 558 സ്ക്വയര്‍ കിലോമീറ്റര്‍ ഭൂമി കുത്തകപ്പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് തെയിലകൃഷി തുടങ്ങി. മൂന്നാറിെൻറ ഭൂരിഭാഗം സ്ഥലങ്ങളും മാങ്കുളം വരെയുള്ള പ്രദേശങ്ങളും പിന്നീട് തെയില തോട്ടങ്ങളായി മാറി. എന്നാല്‍, മാങ്കുളം മുതല്‍ ആനകുളം വരെ പ്രദേശത്തെ ചൂടുള്ള കാലാവസ്ഥ റബര്‍ കൃഷിക്ക് അനുകൂലമായതിനാല്‍ ആദ്യമായി റബര്‍ കൃഷി ഇറക്കിയതും ഇവിടെയാണ്. ഇതോടെയാണ് മാങ്കുളം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
1965 മുതല്‍ മാങ്കുളത്ത് കര്‍ഷകരെത്തി. മൊത്തം ജനസംഖ്യയില്‍ 22 ശതമാനം ആദിവാസികളാണ്. ഇവിടെ 14 ആദിവാസി സങ്കേതങ്ങളുണ്ട്. 123 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ച് കിടക്കുന്ന മാങ്കുളത്തിെൻറ മറ്റൊരു ആകർഷണം കരിന്തിരി, നല്ലതണ്ണി, മേനാച്ചേരി പുഴകളാണ്. നക്ഷത്രകുത്ത്, പെരുമ്പന്‍കുത്ത്, കോഴിവാലന്‍കുത്ത്, 33 വെള്ളച്ചാട്ടം, ചിന്നാര്‍കുത്ത് ഉൾപ്പെടെ 11 അതിമനോഹര വെള്ളച്ചാട്ടങ്ങളും പ്രദേശത്തുണ്ട്. നാല് മണിക്കൂറിലധികം വനത്തിലൂടെയുള്ള സാഹസിക ട്രക്കിങ്, ഡീപ്പ് ഫോറസ്റ്റ് ട്രക്കിങ്, ഏക്കോ ടൂറിസം, കാട്ടാനകളുടെ വിഹാര കേന്ദ്രമായ ആനകുളം എന്നിവയും സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.