കീഴുപറമ്പ്: കൂലിപ്പണിയെടുത്ത് പണം സ്വരൂപിച്ച് കുളു-മണാലി യാത്ര നടത്തി താരങ്ങളായിരിക്കുകയാണ് കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ തൃക്കളയൂർ സ്വദേശികളായ വയോധിക ദമ്പതികൾ. അറുപത്തിയൊന്ന് വയസ്സ് കഴിഞ്ഞ തൃക്കളയൂർ യാക്കിപ്പറമ്പൻ നാസറും ഭാര്യ നസീമയുമാണ് കഴിഞ്ഞ ദിവസം യാത്രക്ക് തുടക്കം കുറിച്ചത്. മക്കൾ ഉൾപ്പെടെ ആരിൽ നിന്നും ഒരു രൂപ പോലും വാങ്ങാതെ സ്വന്തമായി കൂലിവേല ചെയ്ത പണം ഉപയോഗിച്ചാണ് ഇരുവരുടെയും യാത്ര. നേരത്തെയും രണ്ടുപേരും കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. അതിന് പിന്നാലെയാണ് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കുളു-മണാലിയിൽ എത്തിയത്.
കൽപണിക്കാരനായ നാസർ കഴിഞ്ഞ ദിവസം മണാലിയിൽ നിന്ന് മക്കൾക്കയച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് ഈ വിഡിയോ പങ്കുവെച്ചത്. പണമുണ്ടായിട്ട് കാര്യമില്ല ഇത് പോലെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും വേണമെന്ന 61കാരനായ നാസറിന്റെ ഡയലോഗ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായി. കൽപണിക്കാരനായ ഉപ്പ പ്രായമായതോടെ പണിക്ക് പോകുന്നത് നിർത്തിയിരുന്നുവെന്നും യാത്രകൾ നടത്താനായാണ് ഇപ്പോൾ വീണ്ടും കൂലിപ്പണിക്ക് പോകുന്നതെന്നും നാസറിന്റെ മകനും അഗ്നിരക്ഷ ഉദ്യോഗസ്ഥനുമായ യാക്കിപ്പറമ്പൻ ഷറഫു പറഞ്ഞു. നാസറും നസീമയും ഇപ്പോൾ ഡൽഹിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.