കരുളായി: മലവെള്ളപ്പാച്ചിലിൽ മണ്ണുനിറഞ്ഞു തൂർന്നിരുന്ന നെടുങ്കയത്തെ അപകട ഭീഷണി ഉയർത്തിയിരുന്ന കയം പുനർജനിച്ചു. 2019ലെ പ്രളയത്തിലാണ് നെടുങ്കയത്തെ പാലത്തിന് സമീപത്തെ പാറയോട് ചേർന്ന കയം പൂർണമായും തൂർന്നുപോയിരുന്നത്.
ഗർഡർ പാലത്തിനു താഴെ ഏതു കൊടുംവേനലിലും രണ്ടുമൂന്നാൾക്ക് ആഴത്തിൽ വെള്ളമുണ്ടായിരുന്ന കയമായിരുന്നു. 2019ലെ ഉരുൾപൊട്ടലിനെയും പ്രളയത്തെയും തുടർന്ന് പാറയും മണലും മണ്ണും വന്നടിഞ്ഞാണ് നികന്നത്. പിന്നീട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലുകളിൽ ഇവിടെയുണ്ടായിരുന്ന മണ്ണ് ഒഴുകിപ്പോയാണ് കയം വീണ്ടും രൂപപ്പെടാൻ ഇടയാക്കിയത്. 1938ൽ ബ്രിട്ടീഷ് എൻജിനീയർ ഇ.എസ്. ഡോസണാണ് ഔദ്യോഗിക കണക്ക് പ്രകാരം ഇവിടെ ആദ്യം മുങ്ങിമരിച്ചത്. കൂടാതെ, കയത്തിലകപ്പെട്ട് ഇരുതോളം പേർ മരണപ്പെട്ടതായി പറയുന്നു. ഒടുവിൽ 2007 സെപ്റ്റംബർ 12നാണ് നെടുങ്കയം കാണാനെത്തിയ കോഴിക്കോട് സ്വദേശി ഫത്തഹുദ്ദീൻ കയത്തിൽ മുങ്ങിമരിച്ചത്.
അപകടം പതിവായതോടെ നെടുങ്കയം പാലത്തിനു സമീപത്തും കയത്തിനോട് ചേർന്നും വനംവകുപ്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. പ്രളയാനന്തരം കയം നികന്നതോടെ ബോർഡുകളും അപ്രത്യക്ഷമായി. എന്നാൽ, പുതുതായി രൂപംകൊണ്ട കയത്തിൽ മൂന്നാൾ ഉയരത്തിൽ വെള്ളമുണ്ട് . കരിമ്പുഴ വന്യജീവി സങ്കേതമായി മാറിയതോടെ നൂറുകണക്കിന് സഞ്ചാരികളാണ് നെടുങ്കയം കാണാനും കുളിക്കാനുമെത്തുന്നത്. മിക്കവരും പുഴയിലിറങ്ങുന്നതും പതിവാണ്. അതിനാൽ വനംവകുപ്പ് അധികൃതർ കയത്തിലിറങ്ങരുതെന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതുവകവെക്കാതെ പലരും കയത്തിനു സമീപം കുളിക്കാനിറങ്ങുന്നുണ്ട്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു.
ഇതുകൂടാതെ നെടുങ്കയത്തിനോട് ചേർന്നുള്ള കാനേങ്കരയിലും കയം രൂപപ്പെട്ടിട്ടുണ്ട്. നേര
േത്ത പൂർണമായി നികന്നുകിടന്നിരുന്ന പുഴയിൽ പലയിടങ്ങളിലായി കുഴികൾ രൂപപ്പെട്ടതായി നെടുങ്കയത്തുള്ളവർ പറഞ്ഞു. സഞ്ചാരികൾ കയമുള്ള ഭാഗങ്ങളിൽ കുളിക്കാനിറങ്ങരുതെന്നും ഇത് അപകടം വിളിച്ചുവരുത്തുമെന്നും നെടുങ്കയം ഡെപ്യൂട്ടി റേഞ്ചർ പി.എൻ. രാഗേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.