തൊടുപുഴ: ‘ഇരതേടി വരുന്ന പുലി കെണി തേടിവരില്ല; അതിനെ അവിടെ പുലിയുടെ മടയിൽ പോയി കൊല്ലണം. അതാ കാടിന്റെ നിയമം’. പുലിമുരുകൻ എന്ന സിനിമയിലെ കടുത്ത എന്ന കഥാപാത്രം മുരുകനോട് പറയുന്ന വാക്കുകളാണിത്. സിനിമയിലെ പുലിമടയും അവിടെ പുലിയുമായി നടക്കുന്ന പോരാട്ടവുമൊക്കെ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്. എന്നാൽ, ഇവിടെ മാങ്കുളത്തുണ്ട് കൗതുകം ജനിപ്പിക്കുന്ന ഒരു ഒറിജിനൽ പുലിമട. വനം വകുപ്പിന്റെ കീഴിലുള്ള വിരിപാറയിലെ പുലിമട കാണാൻ നിരവധിപേരാണ് ദിവസവും എത്തുന്നത്. അറിയപ്പെടാതെകിടന്ന ഇവിടെ പണ്ട് കടുവയും പുലിയുമൊക്കെ പാർത്തിരുന്നുവെന്നാണ് കഥ. പുലിമടയെന്നാണ് വിളിപ്പേരെങ്കിലും ടൈഗർ കേവ് എന്നാണ് വനംവകുപ്പ് പേരിട്ടിരിക്കുന്നത്. പ്രകൃതിനിർമിത കാഴ്ചകളാണ് പുലിമടയുടെ ഹൈലൈറ്റ്. അടുത്ത നാളുകളിലാണ് ഇവിടേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങിയത്.
കവാടവും ടിക്കറ്റ് കൗണ്ടറും നടപ്പാതയുമൊക്കെ പ്രകൃതിയോട് ഇണങ്ങിത്തന്നെ. മുളങ്കാട് സംഗീതമുണർത്തുന്ന കവാടം കടന്നാൽ പുഴക്ക് കുറുകെ തീർത്ത തൂക്കുപാലത്തിൽ കയറിയാണ് ടൈഗർ കേവിലേക്കുള്ള യാത്ര. ഈറ്റകൾക്കുള്ളിലൂടെയാണ് നടപ്പാത.
വലിയൊരു പാറക്ക് മുകളിൽ ഫോട്ടോ പോയന്റുമുണ്ട്. ഗോവണി വഴി ഇവിടേക്ക് കയറാം. നട്ടുച്ച നേരത്തും കുളിരാണ് ഇവിടെ. കുറച്ചുകൂടി മുന്നോട്ടുപോയാൽ ടൈഗർ കേവിന്റെ കവാടമായി. പാറക്കെട്ടുകൾക്കിടയിലെ ഗുഹാമുഖവും കടന്ന് മുന്നോട്ടുപോകാം. പാറക്കെട്ടിറങ്ങിയെത്തുന്നത് പുലിമടയിലേക്കാണ്. ഉരുണ്ടും കൂർത്തും കൂടിനിൽക്കുന്ന പാറക്കെട്ടുകൾ തെല്ലൊരമ്പരപ്പാണ് ഉണ്ടാക്കുക. ഗുഹക്കിടയിലാണ് പുലിമട. ചെറിയൊരു അരുവിയും ഒഴുകുന്നുണ്ട്.
ജനവാസ മേഖലയാകുന്നതിന് മുമ്പ് ഇവിടെ പുലിയുണ്ടായിരുന്നുവെന്നാണ് പറയുന്നത്. നട്ടുച്ചക്കും കൂരിരുട്ടാണ് പുലിമടക്കുള്ളിൽ. ഇടക്ക് സൂര്യവെളിച്ചം കയറിയാലായി. കാട്ടുവള്ളിയിൽ തൂങ്ങി പാറമുകളിലേക്ക് കയറാൻ പറ്റുന്നവിധത്തിൽ ഒരൽപം സാഹസിക പ്രകടനത്തിനും അവസരമുണ്ട്. പുഴയിലിറങ്ങാനും വിശ്രമിക്കാനും ചിത്രങ്ങൾ പകർത്താനുമൊക്കെ ഇവിടെ സൗകര്യമുണ്ട്. 50 രൂപയാണ് പ്രവേശന ഫീസ്. മാർഗനിർദേശങ്ങളുമായി വനംവകുപ്പിന്റെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. അടിമാലിയിൽനിന്ന് കല്ലാർ, കല്ലാറിൽനിന്ന് നേരെ മാങ്കുളം റൂട്ടിലേക്കെത്തിയാൽ വിരിപാറയിലാണ് പുലിമട. പ്രകൃതിരമണീയവും അവിസ്മരണീയവുമായ യാത്രയാണ് പുലിമട സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.