ഒരുഗ്രാമം തന്നെ ഒരു ആർട്ട് ഗാലറി ആയാൽ എത്ര മനോഹരം ആയിരിക്കും. അതുപോലെയാണ് സ്വിറ്റ്സർലൻഡിലെ സ്റ്റീൻ ആം റീൻ എന്ന ഗ്രാമത്തിലെ കാഴ്ചകൾ. സ്വിറ്റ്സർലൻഡ് യാത്ര തുടങ്ങിയത് ലോക ബാങ്കിന്റെയും, ഫിഫയുടെയും ആസ്ഥാനമായ സൂറിച്ചിൽ നിന്നാണ്. സൂറിച്ച് തടാകത്തിന്റെ ചുറ്റുമായി ധാരാളം ട്രാമുകളും ചർച്ചകളും പഴയശിലാഗോപുരങ്ങളും നിറഞ്ഞ ഒരു വലിയ സിറ്റി. എവിടെ നോക്കിയാലും ജനങ്ങൾ നിറഞ്ഞുനിൽക്കുന്ന തിരക്കുപിടിച്ച നഗരം.
ഈ നഗര കാഴ്ചകളിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു സൂറിച്ചിൽനിന്നും കുറച്ച് അകലെയായി സ്വിറ്റ്സർലൻഡിന്റെ കിഴക്കുഭാഗത്തായി ജർമനിയുടെ തൊട്ടടുത്തുള്ള സ്റ്റീൻ ആം റീൻ. സൂറിച്ചിൽ നിന്നും ഒന്നര മണിക്കൂർ ബസിൽ നഗരക്കാഴ്ചകൾക്കപ്പുറം കുന്നിൻപുറങ്ങളും പുൽമേടുകളും ചെറിയ അരുവികളും താണ്ടി ഒരു തടാകത്തിന്റെ അരികിലായി മനോഹരമായ ഒരു ചെറിയ ഗ്രാമം.
ഉയർന്ന കുന്നിൻ മുകളിലായി ഒരു പഴയ കൊട്ടാരം. സിനിമകളിൽ കാണുന്ന പുരാതന മധ്യ യൂറോപ്യൻ ഗ്രാമീണ തെരുവിനെപോലെ തോന്നിയ അവിടെ ധാരാളം ചെറിയ കെട്ടിടങ്ങൾക്ക് നടുവിലായി ഒരു വലിയ പള്ളി. യൂറോപ്യൻ ആർക്കിടെക്ചറൽ ഹെറിറ്റേജ് നിലനിർത്തികൊണ്ടുള്ള കെട്ടിടങ്ങളും വീടുകളും. ഏറ്റവും ആകർഷകമായി തോന്നിയത് ആ കെട്ടിടങ്ങളിലെ മനോഹരമായ ചുമർചിത്രങ്ങളാണ്. മിക്കവയും രാജാധികാരത്തിന്റെയും യുദ്ധത്തിന്റെയും സമ്പന്നതയുടെയും സാഹസത്തിന്റെയും കഥകളാണ്. പുരാതനമായ ചില ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ചിത്രങ്ങളും അവിടെ കാണാം. ടൂറിസ്റ്റ് ഗൈഡിൽ നിന്നാണ് മനസ്സിലായത് ആ ചിത്രങ്ങളെല്ലാം ആ ഗ്രാമത്തിന്റെയും സംസ്കാരത്തിന്റെയും കഥകൾ ആണെന്ന്.
പൈതൃകം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഗ്രാമത്തെ ഒന്നാകെ അതിന്റെ പൗരാണിക അവസ്ഥയിൽനിന്നും ഒരു മാറ്റവും വരുത്താതെ ഒരു ആധുനിക നിർമിതിയും അനുവദിക്കാതെ പരിപാലിക്കുകയാണ് ഇവിടെ. സാംസ്കാരിക വൈവിധ്യങ്ങൾ നിറഞ്ഞ നമ്മുടെ ഗ്രാമങ്ങളെയും ഇതുപോലെ സംരക്ഷിച്ചാൽ എത്ര മനോഹരമായിരിക്കും. ഭൂമിയിലെ സ്വർഗം എന്നു വിശേഷിപ്പിക്കുന്ന സ്വിറ്റ്സർലൻഡിന്റെ സൗന്ദര്യം തികച്ചും മനുഷ്യപ്രയത്നം ഒന്നുകൊണ്ടുമാത്രം ആണെന്നുള്ളത് വളരെ അത്ഭുതപ്പെടുത്തുന്നതാണ്. ഓരോ കെട്ടിടവും വീടും പുൽമേടുകൾപോലും കൃത്യമായി ഡിസൈൻ ചെയ്തു സംരക്ഷിച്ചു പരിപാലിക്കുന്നതാണ്. കൃത്യമായ നിയമങ്ങളും അത് പ്രയോഗത്തിൽ വരുത്തുന്ന ഗവൺമെന്റും പൗരന്മാരും ഉണ്ടെങ്കിൽ നമ്മുടെ നാടും പ്രകൃതി ഭംഗിയുടെയും വൈവിധ്യങ്ങളുടെയും കാര്യത്തിൽ സ്വിറ്റ്സർലൻഡിനെക്കാളും ഒട്ടും പിറകിലല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.