കാഞ്ചന- മൊയ്തീൻ പ്രണയ കാവ്യത്തിന് പേരുകേട്ട മുക്കത്തെ മണ്ണിൽനിന്നും വന്ന് ‘ദ ജേർണി സിസ്റ്റേഴ്സ്’ (ടി.ജെ.എസ്) എന്ന പേരിൽ മലയാളി പെൺപടയുടെ യാത്രകൾക്ക് നേതൃത്വം നൽകുകയാണ് ജസീറ ജലീൽ. യാത്രയും അനുബന്ധ സാമൂഹ്യ സേവനങ്ങളുമായി ഇന്ന് യു.എ.ഇയിൽ ഏറെ മാതൃകാവഹമായി പ്രവർത്തിച്ചു വരികയാണ് ഈ സ്ത്രീ കൂട്ടായ്മ.
ദുബൈയിൽ അധ്യാപികയായിരുന്ന ജസീറക്ക് ഇടക്കാലത്താണ് യാത്രകളോടും ഭക്ഷണത്തോടുമുള്ള പ്രിയം ഏറി വരുന്നത്. കുട്ടിക്കാലത്തെ സാഹസികത നിറഞ്ഞ നാട്ടിൻപുറ സഞ്ചാരങ്ങളുടെ ഓർമ്മകൾ ഗൃഹാതുരത്വം നിറച്ച് കുത്തി നോവിച്ചപ്പോഴാണ് കൊച്ചു കുഞ്ഞിനെപ്പോൽ ജീവിതത്തോട് ജസീറ വാശിപിടിക്കുന്നത്. ഉപജീവനമാർഗ്ഗം ഉപേക്ഷിച്ച് ‘തെണ്ടി’പ്പോകുന്നതിനെ പലരും ഉറച്ച ശബ്ദത്തിൽ വിമർശിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് വ്യതിചലിക്കാൻ ആ പെൺകുട്ടി തയ്യാറായിരുന്നില്ല. വർഷങ്ങൾക്കിപ്പുറം തന്റെ പഴയ ദൃഢനിശ്ചയത്തിനു മീതെ സ്തുതി കീർത്തനം മുഴക്കാൻ കൂട്ടും കുടുംബവും മുൻപന്തിയിലുണ്ട്.
ആറുമാസങ്ങൾക്കു മുൻപ് ദുബൈയിൽ രൂപം നൽകിയ ടി.ജെ.എസിന് കീഴിൽ ഇന്ന് 950 ഓളം സ്ത്രീകൾ അണിനിരന്നു കഴിഞ്ഞു. ഈ ഒരു ചെറിയ കാലയളവിൽ ജോർജിയ, അർമേനിയ, ഈജിപ്ത്, അസർബൈജാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഈ സുഹൃത്ത് വലയം താണ്ടിക്കഴിഞ്ഞു. കഴിഞ്ഞ വനിതാദിനത്തിൽ ഡി.ജെ.എസിനെ തേടിയെത്തിയത് ദുബൈ ഹെൽത്ത് കെയറിന്റെ സുവർണ്ണ അംഗീകാരമാണ്. ജസീറയുടെ വനിത കൂട്ടായ്മ ഈ അറബ് രാജ്യത്തിന് സമ്മാനിച്ചത് വിഭിന്നങ്ങളായ രക്ത ഗ്രൂപ്പുകളാണ്. രക്തദാനം ചെയ്യാൻ രംഗത്തെത്തിയത് നിരവധി പേരായിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ആരോഗ്യപരമായ സന്ദേശമാണ് ഈ യുവ സ്ത്രീ സംഗമം ഇവിടെ അർപ്പിച്ചത്.
ഡി.ജെ.എസ് പോലൊരു സംവിധാനത്തിന് മുതിരും മുൻപേ ജസീറയുടെ സാമ്പത്തിക ശേഷി ദുർബലമായിരുന്നു. തന്റെ സാമ്പത്തിക വിനിമയത്തിൽ ഏറെ പങ്കുവഹിച്ചിരുന്ന ഉപ്പയുടെ വിയോഗവും സ്വകാര്യ ജീവിതത്തിലെ വെല്ലുവിളികളും മുന്നിൽ അണിനിരന്നെങ്കിലും ആത്മവിശ്വാസം കൊണ്ട് ഉയരങ്ങൾ കീഴടക്കാൻ പോന്ന കരുത്ത് വീണ്ടെടുക്കാൻ ജസീറയുടെ മനസ്സ് പാകപ്പെട്ടിരുന്നു. വിരലിലെണ്ണാവുന്നവരിൽ നിന്ന് ആരംഭിച്ച്, തന്റെ നല്ല കേൾവിക്കാരും അനുയായികളുമായി മലയാളികളും ഒത്തിരി വിദേശ രാഷ്ട്രക്കാരും കൂടിച്ചേർന്ന് ഡി.ജെ.എസ് ജൈത്രയാത്ര തുടരുകയാണ്. കാതങ്ങൾക്ക് വേണ്ടി കാതോർക്കാൻ ജസീറയും സഹയാത്രികരും ഒരേ വഴിയിൽ കരം കോർത്തിരിപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.