representative image

വാഗമണിൽ സംസ്ഥാനത്തെ ആദ്യ കാരവന്‍ പാര്‍ക്ക് തുറന്നു

പീരുമേട്​: കാരവന്‍ ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 353 കാരവനുകളും 120 കാരവന്‍ പാര്‍ക്കും ഉടന്‍ സജ്ജമാകുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്ക് വാഗമണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിട്രിന്‍ ഹോസ്പിറ്റാലിറ്റി വെഴ്‌സ് ലിമിറ്റഡിന്റെ വാഗമണിലെ അഥ്രക്​ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടാണ് കാരവന്‍ മെഡോസ് എന്ന പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. വാഗമണില്‍നിന്ന് കാരവനിലാണ് മന്ത്രി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഏലപ്പാറ റോഡിലെ നല്ലതണ്ണിയിലെ സ്ഥലത്തേക്കെത്തിയത്.

സംസ്ഥാനത്തെ അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ സഞ്ചാരികളിലേക്കെത്തിക്കാന്‍ ഇതിലൂടെ കഴിയും. ഇതില്‍ ഏറ്റവുമധികം ഗുണം ലഭിക്കുന്നത് ഇടുക്കി ജില്ലക്കാണെന്നും അദ്ദേഹം പറഞ്ഞു. അറിയപ്പെടാത്ത സ്ഥലങ്ങളെ വലിയ നിക്ഷേപങ്ങളില്ലാതെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്താനും കാരവന്‍ ടൂറിസത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡീൻ കുര്യാക്കോസ്​ എം.പി, വാഴൂർ സോമൻ എം.എൽ.എ, കേരള ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡി.ടി.പി.സി മുന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം സി.വി. വര്‍ഗീസ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ്​ നിത്യ എഡ്വിന്‍, അ​ഥ്രക്​ ഗ്രൂപ് ഡയറക്ടര്‍ എസ്. നന്ദകുമാര്‍, സി.ഇ.ഒ പ്രസാദ് മാഞ്ഞാലി എന്നിവരും പ​​ങ്കെടുത്തു. ആദ്യ പടിയെന്നോണം രണ്ട് കാരവനുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭാവിയില്‍ എട്ട് കാരവനുകള്‍ വരെ ഇവിടെ ഉള്‍ക്കൊള്ളാനാകും. 



Tags:    
News Summary - The state's first caravan park opens in Vagamon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.