മലമ്പുഴ: ഉദ്യാനത്തിൽ കഴിഞ്ഞ 28 വർഷമായി പണിയെടുക്കുന്ന തൊഴിലാളികൾ തങ്ങളുടെ ജീവിതം പറയുമ്പോൾ കണ്ണുനിറയും. അത്രയും ദുരിതമാണ് വിവിധ വിഭാഗങ്ങളിലായി പണിയെടുക്കുന്ന 386 തൊഴിലാളികളുടെ അവസ്ഥ. ഇവർക്ക് ഒന്നരമാസത്തിൽ ലഭിക്കുന്നത് ആകെ 13 തൊഴിൽ ദിനങ്ങളാണ്.തുച്ഛ വേതനവും. 630 രൂപയായിരുന്ന ശമ്പളം അഞ്ചുമാസം മുമ്പ് 675 രൂപയായി വർധിപ്പിച്ചത് കിട്ടിയിട്ടുമില്ല. തൊഴിലാളി 106 പേരടങ്ങുന്ന മൂന്നുസംഘങ്ങളായും 68 പേരുടെ ഒരുസംഘമായും ആണ് ജോലി ചെയ്യിപ്പിക്കുന്നത്. ഓരോ സംഘത്തിനും ഒന്നരമാസത്തിൽ 13 ദിവസം മാത്രമാണ് ജോലി.
ഉദ്യാനത്തിൽ ജോലിയുള്ളതുകൊണ്ട് മറ്റേതെങ്കിലും സ്ഥിരംജോലിക്ക് പോകാൻ ഇവർക്കാകുന്നില്ല. തൊഴിൽദിനം വർധിപ്പിക്കാൻ മേലധികാരികളോട് നിരന്തരം അഭ്യർഥിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. ചുരുങ്ങിയ ദിവസങ്ങളിൽ മാത്രം ലഭിക്കുന്ന തൊഴിൽകൊണ്ട് ഇവർക്ക് ജീവിതചെലവ് തികയുന്നില്ല. തൊഴിൽ ദിനം വർധിക്കുന്നതായി ഉദ്യാനത്തിൽ ശുചിമുറികൾ പാർക്കിങ് എന്നിവയുടെ ടെൻഡറുകൾ പുറത്തുള്ളവരെ ഒഴിവാക്കി തൊഴിലാളികൾക്ക് നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. പ്രതിമാസം 26 ദിവസമെങ്കിലും ജോലി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഉദ്യാനത്തിൽ 300 തൊഴിലാളികളുടെ ഒഴിവുണ്ടായിട്ടും തങ്ങളെ പരിഗണിക്കുന്നില്ലെന്നും പരിതപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.