ന്യൂഡൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ ദേശീയ പാതകളിൽ ടോൾബൂത്തുകൾ ഒഴിവാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി. ടോൾ പിരിക്കാൻ ജി.പി.എസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
വാഹനങ്ങളുടെ സഞ്ചാരത്തെ അടിസ്ഥാനമാക്കി ടോൾ തുക ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് ഈടാക്കും. ഇപ്പോൾ എല്ലാ പുതിയ വാണിജ്യ വാഹനങ്ങൾക്കും ജി.പി.എസ് സംവിധാനമുണ്ട്. പഴയ വാഹനങ്ങളിലും ജി.പി.എസ് സാങ്കേതികവിദ്യ കൊണ്ടുവരാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. 2021 മാർച്ചോടെ ടോൾ പിരിവ് 34,000 കോടി രൂപയിലെത്തും. ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടോൾ വരുമാനം 1,34,000 കോടി രൂപയാകുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ചാണ് ടോൾബൂത്തുകളിൽ പണം ഈടാക്കുന്നത്. 2021 ജനുവരി ഒന്ന് മുതൽ നാല് ചക്രമടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. 2017 ഡിസംബർ ഒന്നിന് മുമ്പ് നിരത്തിലിറങ്ങിയ വാഹനങ്ങൾ ഫാസ്ടാഗ് പതിക്കണം. അതിനുശേഷം ഇറങ്ങിയ എല്ലാ വാഹനങ്ങൾക്കും ഡീലർമാർ ഫാസ്ടാഗ് നൽകിയിട്ടുണ്ട്.
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ ഫാസ്ടാഗ് നിർബന്ധമാണ്. 2021 ഏപ്രിൽ ഒന്ന് മുതൽ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കാനും സാധുവായ ഫാസ്ടാഗ് വേണം. വിവിധ ബാങ്കുകളും പേയ്മെൻറ് സ്ഥാപനങ്ങളും വഴി ഫാസ്ടാഗ് വാങ്ങാം. വാഹനത്തിെൻറ പ്രധാന ഗ്ലാസിലാണ് ഇത് പതിക്കേണ്ടത്. ഒാൺലൈനായിട്ട് തന്നെ ഇതിൽ റീചാർജ് ചെയ്യാം.
നിലവിൽ ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽനിന്ന് ഇരട്ടിതുകയാണ് ടോൾ ഇൗടാക്കുന്നത്. കൂടാതെ, പല ടോൾ പ്ലാസകളിലും നേരിട്ട് പൈസ കൊടുക്കുന്ന രീതി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.