മസ്കത്ത്: രാജ്യത്തെ പ്രശസ്തമായ ജബൽ അഖ്ദറിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിനായി റോസ് പാത്ത്വേ വികസിപ്പിക്കാനായി അധികൃതർ ഒരുങ്ങുന്നു. ഇതിനായി പൈതൃക-ടൂറിസം മന്ത്രാലയം ടെൻഡർ ക്ഷണിച്ചു.
ജബൽ അഖ്ദർ പര്യവേക്ഷണം ചെയ്യാനും വാർഷിക റോസ് വിളവെടുപ്പ് സീസണിൽ പങ്കെടുക്കാനും സന്ദർശകരെ പ്രാപ്തരാക്കുക, ടൂറിസം അനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് പാത വികസിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
2022നെ അപേക്ഷിച്ച് ഒമ്പത് ടൺ വർധിച്ച് കഴിഞ്ഞ വർഷം 20 ടണ്ണിൽ അധികമായിരുന്നു റോസാപൂ ഉൽപാദനം. ഇതിലൂടെ 200,000 റിയാൽ വരുമാനം ഉണ്ടാവുകയും ചെയ്തു. ഇത് വിലായത്തിലെ റോസ് കൃഷിയുടെ സാമ്പത്തിക പ്രാധാന്യത്തിന് അടിവരയിടുന്നു.
ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ റോസ പൂ കൃഷി വ്യാപിപ്പിക്കാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. റോസാ പൂ കൃഷിയുടെ അധിക മൂല്യം ഉയർത്തുന്ന പദ്ധതിക്കായി അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് ഡെവലപ്മെന്റ് ഫണ്ടിൽനിന്ന് 1,50,000 റിയാൽ അനുവദിച്ചു.
15 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പനിനീർ ഉൽപന്നങ്ങളുടെ നിർമാണ മേഖലയിലും അനുബന്ധ വ്യവസായങ്ങളിലും 15 ഗുണഭോക്താക്കൾക്ക് പരിശീലനം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ജബൽ അഖ്ദറിലെ റോസ് കൃഷിയെയും അനുബന്ധ വ്യവസായങ്ങളെയും കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിക്കുക, മേഖലയിലെ റോസാപ്പൂക്കളുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലെ ചില ചെറുകിട ഇടത്തരം സംരംഭങ്ങളുമായി സഹകരിച്ച് അഞ്ച് ഏക്കറിൽ റോസാപ്പൂക്കൃഷിയെ പിന്തുണക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഭൂമി, കാർഷിക യന്ത്രങ്ങളെ പിന്തുണക്കുന്നതിനും ഇടപാടുകൾ മെച്ചപ്പെടുത്തുന്നതിനും പുറമേയാണിത്.
ജബൽ അഖ്ദറിലെ റോസ് അനുബന്ധ വ്യവസായങ്ങളിലെ ചെറുകിട ഇടത്തരം സംരംഭങ്ങളിലൊന്നുമായി സഹകരിച്ച്, റോസ് ഓയിൽ വേർതിരിച്ചെടുക്കുന്നതിനുള്ള യന്ത്രങ്ങളുള്ള സ്ഥാപനങ്ങളെ പിന്തുണക്കാനും ലക്ഷ്യമിടുന്നുണ്ട്. അധികമായി അഞ്ച് ഏക്കർ പ്രാദേശിക റോസാപ്പൂക്കൃഷി വ്യാപിപ്പിക്കുന്നതിന് പിന്തുണ നൽകാനും ഉദ്ദേശിക്കുന്നുണ്ട്. കർഷകർക്ക് സൗജന്യമായി തൈകളും വിതരണം ചെയ്യും.
ജബൽ അഖ്ദറിൽ ഉൽപാദനം മെച്ചപ്പെടുത്തുന്നതിനായി യന്ത്രവത്കരണം അവതരിപ്പിക്കുക, പ്രാദേശിക പരിസ്ഥിതിക്ക് അനുയോജ്യമായ ചെറിയ മാനുവൽ ടില്ലറുകൾ, മറ്റ് സാധനങ്ങൾ എന്നിവ ഉപയോഗിച്ച് കർഷകരെ സഹായിക്കുക എന്നിവയും ഇതിന്റെ ഭാഗമായി ലക്ഷ്യമിടുന്നുണ്ടെന്ന് ഹനാൻ ബിൻത് സയീദ് അൽ സുലൈമി വിശദീകരിച്ചു.
ജബൽ അഖ്ദറിൽ പനിനീർ പൂവിടുന്നത് മാർച്ച് മാസത്തിലാണ്. ഉയർന്ന ഉൽപാദനത്തിലെത്തുന്നത് ഏപ്രിലിലാണ്. മേയ് ആദ്യത്തോടെ സീസൺ അവസാനിക്കുകയും ചെയ്യും. പനിനീർ വിളവെടുപ്പ് സീസണിൽ കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിക്കാറുണ്ട്. ഏഴ് ഏക്കറിലായി 5,000ത്തില്‍ പരം പനിനീര് ചെടികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന റോസ് വാട്ടര്‍ അന്താരാഷ്ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ളവയാണ്.
പനിനീർ നട്ടു വളർത്തലും പൂക്കളിൽ റോസ് വാട്ടർ ഉൽപാദിപ്പിക്കലുമൊക്കെ ജബൽ അഖ്ദറിലെ കർഷകരുടെ പ്രധാന വരുമാന മാർഗമാണ്. അൽ ഐൻ, അൽ ശുറൈജ, സൈഖ്, അൽ ഖാഷാ എന്നീ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ പനിനീർ കൃഷി നടക്കുന്നത്. ഇവിടെ ഏഴ് ഏക്കറിൽ അയ്യായിരത്തിൽ പരം പനിനീർ ചെടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.