നമ്മുടെ സ്വന്തം നാടുപോലെ ഒരിടം... പേരിൽ തന്നെ ഒരു വിരഹകവിതയുടെ അനുഭൂതി അലയടിച്ചുയരുന്ന സാഗരംസാക്ഷിയായ നാട്. മൂന്നു കടലുകള്‍ പുണരുന്ന കന്യാകുമാരിയെ കുറിച്ച് എത്ര വർണിച്ചാലും മതിയാകില്ല. അവിടെ നിന്നുള്ള ഉദയാസ്തമന ദൃശ്യങ്ങൾ അപൂര്‍വ അനുഭൂതി നിറക്കുന്നതാണ്. കടൽ കാഴ്ചകൾ മാത്രമല്ല, കടലിലേക്ക് അഭിമുഖമായ കൽ മണ്ഡപവും ഏവരെയും ആകർഷിക്കും.
ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ എന്നീ മൂന്നു കടലുകൾ ഒന്നിച്ചു ചേരുന്ന അപൂർവയിടം കൂടിയായ ഇവിടമാണ് ത്രിവേണി സംഗമം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. സൂര്യാസ്തമയവും ഉദയവും- ബംഗാൾ ഉൾക്കടലിൽ നിന്നുമാണ് ഉദയം. അസ്തമനം അറബിക്കടലിലേക്കും. പുലർച്ചെ അഞ്ച് മുതൽ ജനം ഈ തീരത്തേക്ക് ഒഴുകിയെത്തും. പിന്നെ ഒരു മണിക്കൂർ കാത്തിരിപ്പാണ്. വിവേകാനന്ദപ്പാറയിലെ ക്ഷേത്രത്തിൽ നിന്ന് സൂര്യോദയത്തിന്റെ വരവറിയിച്ച് നാദം മുഴങ്ങും. ഇരുട്ടിനാണോ വെളുപ്പിനാണോ ഭംഗിയെന്ന് ശരിക്കും മനുഷ്യനെ കൺഫ്യൂഷനാക്കുന്നിടമാണ് കന്യാകുമാരിയിലെ ഉദയവും അസ്തമനവും.
സൂര്യോദയവും അസ്തമയവും ഒരേസ്ഥലത്തു നിന്നുകൊണ്ടുതന്നെ ഏകദേശം ഒരേദിശയിൽ കാണാവുന്ന ലോകത്തെ ചുരുക്കം സ്ഥലങ്ങളിലൊന്നാണ് കന്യാകുമാരി. അകലെനിന്നു നോക്കുമ്പോള്‍ കൈയകലെയാണെന്ന് തോന്നിപ്പിക്കുന്ന ദൂരെ കടലില്‍ ഉയര്‍ന്നു നില്ക്കുന്ന കൂറ്റന്‍ പാറയിലെ വിവേകാനന്ദ സ്മാരകമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. സ്വാമി വിവേകാനന്ദന് ഈ പാറയില്‍ ദിവസങ്ങളോളം ധ്യാനമിരുന്നു എന്നാണ് ചരിത്രം. ഇതിനോട് ചേര്‍ന്ന ധ്യാനകേന്ദ്രവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കടലില്‍ പണിതുയര്‍ത്തിയ തമിഴ് കവി തിരുവള്ളുവരുടെ കൂറ്റന്‍ പ്രതിമയും അത്ഭുതക്കാഴ്ചയാണ്. കന്യാകുമാരിയില്‍ നിന്ന് വിവേകാനന്ദപ്പാറയിലേക്ക് രാവിലെ എട്ടു മുതൽ വൈകീട്ട് നാലു വരെ ഇടവിട്ട സമയങ്ങളിൽ ബോട്ട് സര്‍വിസുണ്ട്. സദാ പ്രക്ഷുബ്ധമായ കടല്‍ കടന്നുവേണം യാത്ര. ബോട്ടില്‍ അക്കരെ ഇക്കരെയെത്താന്‍ ഒരാള്‍ക്ക് 75 രൂപയാണ് ഫീസ്. വരി നിൽക്കാതെ ടിക്കറ്റ് കിട്ടാൻ 300 രൂപയാണ് ചാർജ്. തിരക്കേറിയ ദിവസങ്ങളിൽ ഏറെനേരം ക്യൂവിൽ നിന്നാലേ ടിക്കറ്റെടുക്കാനാകൂ. ടിക്കറ്റെടുത്താലും കുറച്ചുനേരം കൂടി മുഷിഞ്ഞിരിക്കേണ്ടി വരുമെന്ന് കണക്കുകൂട്ടി വേണം യാത്രക്കൊരുങ്ങാൻ.
ബോട്ടില്‍ കയറും മുമ്പ് ഓരോരുത്തരും സമീപത്ത് സജ്ജമാക്കിയ ലൈഫ് ജാക്കറ്റ് എടുത്തുവേണം പ്രവേശിക്കാൻ. തിരമാലകളില്‍ ചാഞ്ചാടി നീങ്ങുന്ന ബോട്ടിന്റെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ചരിവ് അൽപം ഭീതിപ്പെടുത്തും. ഏകദേശം 10-15 മിനിറ്റിൽ താഴെ മാത്രം സമയമെടുക്കുന്ന യാത്ര ഒടുവിൽ നാം ഏറെ ആഗ്രഹിച്ച കടലിനു നടുവിലെ വിസ്മയങ്ങൾ ഒളിപ്പിച്ച പാറയിലെത്തും. 30 രൂപയാണ് മുകളിലേക്ക് കയറുന്നതിന് ഒരാൾക്ക് എൻട്രി ഫീസ്. പാദരക്ഷകൾ സൗജന്യമായി സൂക്ഷിക്കുന്നതിന് സൗകര്യം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്കവരും അലക്ഷ്യമായി അവിടെയുമിവിടെയും ചെരിപ്പുകൾ ഊരിയെറിഞ്ഞിരിക്കുന്ന കാഴ്ച ഒഴിച്ചാൽ മനോഹരമാണ് ബാക്കിയെല്ലാം. വിവേകാനന്ദപ്പാറക്ക് ഇരുവശത്തും വലിയ കുളങ്ങളുണ്ട്. ഇവിടത്തെ മഴവെള്ള സംഭരണികൾ കൂടിയാണ് രണ്ടും. വിവേകാനന്ദപ്പാറക്ക് സമീപത്തായി കടലിൽതന്നെ സ്ഥിതിചെയ്യുന്ന മറ്റൊരു പാറയിലാണ് 133 അടി (40.6 മീ) ഉയരമുള്ള കൂറ്റൻ തിരുവള്ളുവർ പ്രതിമ നിർമിച്ചിരിക്കുന്നത്. ശ്രീപാദമണ്ഡപം സഭാമണ്ഡപത്തില്നിന്നു പടികളിറങ്ങി ചെല്ലുന്നത് ധ്യാനമണ്ഡപത്തിലേക്കാണ്. കുത്തനെയുള്ള വഴി കയറി ചെല്ലുമ്പോള്‍ വലതു ഭാഗത്തായി ശ്രീപാദമണ്ഡപം കാണാം. ദേവി കന്യാകുമാരിയുടെ കല്ലില്‍ പതിഞ്ഞ കാൽപാടാണ് പ്രതിഷ്ഠ. മണ്ഡപത്തിനകത്ത് ഫോട്ടോഗ്രഫി വിലക്കിയിട്ടുണ്ട്. മൊബൈൽ ഫോണിന്റെ ശബ്ദം പോയിട്ട് നമ്മുടെ പാദചലനങ്ങളിൽ വരെ അതീവ സൂക്ഷ്മതയും ശാന്തതയും ആവശ്യപ്പെടുന്നിടമാണിത്.
100 കി.മീ ദൂരമാണ് തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്ക് റോഡു മാർഗം. തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിലൂടെ വലത്തേക്ക് തിരിഞ്ഞ് കരമന, നേമം, നെയ്യാറ്റിൻകര, അമരവിള ചെക്പോസ്റ്റ് കടന്ന് പാറശാലവഴി തമിഴ്നാട് അതിർത്തിയായ കളിയിക്കാവിള കടക്കാം. ശേഷം കുഴിത്തുറ, മാർത്താണ്ഡം, നാഗർകോവിലിലെത്താം. നാഗർകോവിലിൽ നിന്ന് 20കിലോമീറ്റർ സഞ്ചരിച്ചാൽ കന്യാകുമാരിയായി. കൂടാതെ, പുതിയ കഴക്കൂട്ടം- കാരോട് ദേശീയപാതയിലൂടെയും തീരദേശപാതയിലൂടെയും കന്യാകുമാരിയിലെത്താം.
ഇവിടേക്ക് എത്തുമ്പോൾതന്നെ വലിയകവാടം നമ്മെ സ്വീകരിക്കും. ആ കവാടം കഴിഞ്ഞാൽ ഇരുവശവും നിരനിരയായി കടകളും ഹോട്ടൽ റൂമുകളും കാണം. മുന്നോട്ട് നീങ്ങുമ്പോൾ വലതുവശത്താണ് കന്യാകുമാരി റെയിൽവേ സ്റ്റേഷൻ. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻമാർഗവും കന്യാകുമാരിയിലെത്താം. ട്രെയിനിൽ ഏകദേശം മൂന്ന് മണിക്കൂർ സമയമാണ് വേണ്ടിവരുന്നത്.
ഗാന്ധി സ്മാരകം, സര്‍ക്കാര്‍ മ്യൂസിയം എന്നിവയാണ് കന്യാകുമാരിയിലെ മറ്റ് പ്രധാനകേന്ദ്രങ്ങള്‍. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ത്രിവേണിയിൽ നിമജ്ജനം ചെയ്യുന്നതിന് മുമ്പ് ചിതാഭസ്മ കലശം പൊതുദര്‍ശനത്തിനു വെച്ച സ്ഥലത്താണ് ഗാന്ധിസ്മാരകം നിർമിച്ചിരിക്കുന്നത്.ഇതിനു പുറമേ നിരവധി ആരാധനാലയങ്ങളും കന്യാകുമാരിയിലും പരിസരപ്രദേശങ്ങളിലുമായുണ്ട്. രാമായണത്തിലും, മഹാഭാരതത്തിലും പരാമര്‍ശിക്കുന്ന കന്യാകുമാരി ദേവി ക്ഷേത്രമാണ് ഇതിൽ പ്രധാനം. പ്രശസ്തമായ ശുചീന്ദ്രം ക്ഷേത്രം കന്യാകുമാരിയില്‍ നിന്ന് 13 കി.മീ അകലെയാണ്. അനവധി ക്രിസ്ത്യന്‍ പള്ളികളും കന്യാകുമാരിയിലുണ്ട്.
തിരുവനന്തപുരത്ത് നിന്നുള്ള യാത്രയിൽ ശുചീന്ദ്രം ക്ഷേത്രം, പത്മനാഭപുരം കൊട്ടാരം, തൃപ്പരപ്പ് വെള്ളച്ചാട്ടം, തൊട്ടിപ്പാലം, ചിറാൽ വെള്ളച്ചാട്ടം, വട്ടക്കോട്ട, പേച്ചിപ്പാറ ഡാം, നാഗർകോവിലിലെ നാഗരാജ ക്ഷേത്രം, തിരുവട്ടാർ ആദികേശവ ക്ഷേത്രം, പീർമുഹമ്മദ് വലിയുല്ല ദർഗ, കോട്ടാർ സെന്റ് സേവിയേഴ്സ് ചർച്ച് തുടങ്ങിയവ സന്ദർശിക്കാൻ അവസരമുണ്ട് ആവശ്യക്കാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.