താണ്ടിയ വഴി ദൂരങ്ങളിലത്രയും മനസ്സുടക്കി നിന്ന ഒരേയൊരിടമാണ് തുർക്കിയ. ഏഷ്യൻ- യൂറോപ്പ് ഉപഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന ഈ രാജ്യത്തിന്റെ ഭൂപ്രകൃതിയിലെ വൈവിധ്യം തുർക്കിയയുടെ ചരിത്രപരവും സാംസ്കാരികവുമായ ഘടകങ്ങളെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. 2022 ജനുവരിയിലാണ് ഞാനും കുടുംബവും തുർക്കിയയിലേക്ക് യാത്ര തിരിക്കുന്നത്. തുർക്കിയയിലേക്കുള്ള എന്റെ രണ്ടാംഘട്ട സന്ദർശനമായിരുന്നു ഇത്. ഈ രാജ്യത്തിന്റെ സാംസ്കാരിക-ചരിത്ര- ഭൂപ്രകൃതിയോളം എന്നെ വശീകരിച്ച മറ്റൊരു രാജ്യം ഇല്ലെന്ന് വേണം പറയാൻ. അവസരം ലഭിച്ചാൽ ശിഷ്ഠകാലം പൂർണമായും ചിലവിടാൻ ആഗ്രഹിക്കുന്നതും ഇതേ മണ്ണിലാണ്.
ലോകത്തിലെ തന്നെ ഏറ്റവും വിശിഷ്ടമായ ഭക്ഷണവൈവിധ്യങ്ങളാണ് തുർക്കിയയുടെ വലിയ സവിശേഷത. തുർക്കിയ ബഖ്ലാവയുടെ രുചി ആസ്വദിച്ചുതന്നെ അറിയണം. ബർസയിലും ഇസ്താൻബൂളിലുമായാണ് സഞ്ചാരസമയങ്ങൾ കൂടുതലും ചിലവഴിച്ചിരുന്നത്. മഞ്ഞുമൂടി പുതച്ച മലനിരകളാലും സ്കീ റിസോർട്ടുകളാലും നിറഞ്ഞിരിക്കുന്ന മനോഹരമായ നഗരമാണ് ബർസ. ധാരാളം തനതായ പ്രാദേശിക രുചിഭേദങ്ങൾ നമുക്കിവിടെ ലഭിച്ചേക്കും. ഈ പ്രദേശത്തെ തുർക്കിയ നിവാസികളാകട്ടെ സ്വദേശി-വിദേശി വേർതിരിവില്ലാതെ നമ്മെ അംഗീകരിക്കാൻ തയ്യാറുള്ളവരാണ്. അവരുടെ ഊഷ്മള സൗഹൃദങ്ങൾ വാക്കുകൾക്കതീതമാണ്. തുർക്കിയയിലെ ടൂറിസം മേഖലയെ ദ്രുതപ്പെടുത്താൻ ഈ സൽക്കാരങ്ങളൊക്കെയും വലിയ പങ്കുവഹിക്കുന്നുണ്ട്.
ഇസ്താംബുൾ നഗരമാവട്ടെ ആധുനികതയാൽ മുദ്ര കുത്തപ്പെട്ടിരിക്കുന്ന നഗരമാണ്. ഒട്ടുമിക്ക സഞ്ചാര കേന്ദ്രങ്ങളും പുതുപുത്തൻ ഷോപ്പിങ് അനുഭവങ്ങളും ഇസ്താംബൂൾ വാഗ്ദാനം ചെയ്യുന്നു. ഇവിടുത്തെ ഓരോ വസ്ത്ര, ഭക്ഷണ, കരകൗശല വ്യാപാര വിപണികളും സമ്പുഷ്ടമായ തുർക്കിയ കലയും സംസ്കാരവുമായി ഇഴകിച്ചേർന്നവയാണ്. സഞ്ചാരികളിലേക്ക് തുർക്കിയ സംസ്കാരങ്ങളെ സ്വാധീനപ്പെടുത്തിയെടുക്കാൻ ഈ നിരത്തുകൾക്ക് നിഷ്പ്രയാസം സാധ്യമാകും.
ഇസ്താംബുളിലെ ഗ്രാൻഡ് ബസാറിന്റെ അനന്തമായ ഇടനാഴികളിൽ അലഞ്ഞു തിരിയണോ അതോ നിരവധി മാർക്കറ്റ് സ്റ്റോളുകൾക്ക് സമീപം മിഴിച്ചു നിൽക്കണമോയെന്ന് ഒരു നിമിഷം നാം ആശയ കുഴപ്പത്തിലായേക്കാം. അത്രമേൽ മികച്ച ഷോപ്പിംഗ് സാധ്യതകളാണ് തുർക്കിയയുടെ മടിത്തട്ടായ ഗ്രാൻഡ് ബസാർ ഒരുക്കിയിരിക്കുന്നത്. ഇസ്താംബുളിനെ വിവരിക്കുമ്പോൾ വിസ്മരിക്കാനാവാത്ത ഇടമായിരിക്കും ഹാഗിയ സോഫിയ മോസ്ക്.
പുരാതന കത്രീഡലായും പിന്നീട് മോസ്കായും ഇന്ന് മ്യൂസിയമായും ഹാഗിയ സോഫിയ പരിണാമപ്പെട്ടിരിക്കുന്നു. ഒരേയൊരു ബിന്ദുവിൽ ഒട്ടനവധി യുഗങ്ങളും മതങ്ങളും ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത് ഇവിടെ കാണാം. നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു വലിയ കെട്ടിടമാണ് ഹാഗിയ സോഫിയ. വളരെ സന്തുലിതമായി പണിഞ്ഞിരിക്കുന്ന ഈ പുരാതനക്കെട്ടിടത്തിലെ കൈപ്പണികളും കൊത്തുവേലകളും മൊസൈക്കിൽ തീർത്ത വർണ്ണ പ്രിന്റുകളും നമ്മെ അതിശയിപ്പിക്കും.
അത്യാഢംബര വാസ്തുവിദ്യയും സമ്പന്നമായ പൗരാണിക ഓട്ടോമൻ ചരിത്രങ്ങളും ചേർന്ന് തലയെടുപ്പോടെ നിൽക്കുന്ന ഈ രാജ്യത്ത് സമ്പന്നതയിലും വശ്യതയിലുംപൂണ്ട നിരവധി ടൂറിസം മേഖലകൾ നിലകൊള്ളുന്നുണ്ട്. ക്രൂയിസിംഗ് റൂട്ടുകൾ, മാനം മുട്ടുന്ന ഹോട്ടലുകൾ, ആഢംബരവും അതിശയപൂർവവുമായ അവധിക്കാല സ്ഥലങ്ങൾ, ഹോട്ട് എയർ റൈഡുകൾ, അവിസ്മരണീയമായ ഭക്ഷണം, ചടുലമായ കലകൾ, സാംസ്കാരിക പൈതൃകങ്ങൾ തുടങ്ങി നമ്മുടെ ഹൃദയത്തെ വീണ്ടും സ്വാഗതം ചെയ്യാൻപോന്ന വൈകാരിക തലമാണ് തുർക്കിയ നമ്മിൽ സൃഷ്ടിക്കുന്നത്. കൊത്തുപണികളിലും ആകാരവൃത്തികളിലും ഒരേസമയം അറേബ്യൻ വശ്യതയും നവീനരൂപകൽപ്പനയും കെട്ടിപ്പടുക്കാൻ ആർജ്ജിച്ചെടുത്ത ടർക്കിഷ് കലാകാരന്മാരെ പ്രശംസിച്ചാൽ മതിയാവില്ല.
രാജ്യത്തിന്റെ തൂണിലും തുരുമ്പിലും സ്വന്തമായ സാംസ്കാരിക വൈഭവമാണ് തുർക്കിയ പ്രകടിപ്പിക്കുന്നത്. ഒരിക്കൽ കൂടെ തുർക്കിയയുടെ ഗ്രാൻഡ് ബസാറിന്റെ ഇടനാഴികളിൽ വഴിതെറ്റി അതിന്റെ അനന്തതകളിലേക്ക് കണ്ണുപായിക്കാൻ എന്റെ ഹൃദയം വെമ്പുന്നുണ്ട്. ഒട്ടും താമസിയാതെ വീണ്ടും കാണാം... പ്രിയ നഗരമേ യാത്ര ചോദിക്കുന്നു...
തയാറാക്കിയത്: സൽവ സലീന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.