ജോലിത്തിരക്കുകളും മറ്റു നിരവധി സമ്മർദ്ദങ്ങളും കൊണ്ടു നടക്കുന്നവരാണ് ശരാശരി മനുഷ്യരെല്ലാം തന്നെ. അതിനിടയിൽ അനേക ദിവസങ്ങൾ അവധിയെടുത്ത് കാഴ്ച കാണാൻ പോകാനൊന്നും പറ്റണമെന്നില്ല പലർക്കും. അങ്ങനെയുള്ളവർക്ക് ഒരു പകൽ സമയം കൊണ്ട് കാണാനാകുന്ന മൂന്നിടങ്ങളാണ് പരിചയപ്പെടുത്തുന്നത്
കശ്മീർ, ഗോവ, കുളു, മണാലി, ബംഗളൂരു, മൈസൂരു, ഊട്ടി, കൊടൈക്കനാൽ മുതൽ മൂന്നാർ, തേക്കടി, കോവളം, ആലപ്പുഴ... ലിസ്റ്റ് ഏതാണ്ടിങ്ങനെ പോകും മലയാളി കാഴ്ച കാണാൻ പോകുന്ന ഇടങ്ങളിലെ മുൻഗണന. ഗൂഗ്ളിൽ ഉൾപ്പെടെ തിരഞ്ഞാൽ ആദ്യം കാണിക്കുന്ന സ്ഥലങ്ങളും ഇതൊക്കെത്തന്നെ.
ജോലിത്തിരക്കുകളും മറ്റു സമ്മർദങ്ങളും കൊണ്ടുനടക്കുന്നവരാണ് ശരാശരി മനുഷ്യരെല്ലാം. അതിനിടയിൽ അനേക ദിവസങ്ങൾ അവധിയെടുത്ത് കാഴ്ച കാണാൻ പോകാനൊന്നും പറ്റണമെന്നില്ല പലർക്കും. അങ്ങനെയുള്ളവർക്ക് ഒരു പകൽ സമയം കൊണ്ട് കാണാനാകുന്ന മൂന്നിടങ്ങളാണ് പരിചയപ്പെടുത്തുന്നത്.
1. ചതുരംഗപ്പാറ, 2. പാഞ്ചാലിമേട്, 3. പരുന്തുംപാറ. മൂന്നിടങ്ങളും ഇടുക്കിയിലാണ്. പേരു സൂചിപ്പിക്കുന്നതുപോലെ കുന്നും മലകളും നിറഞ്ഞ പ്രകൃതി തന്‍റെ കാൻവാസിൽ മനോഹരമായി പണിഞ്ഞൊരുക്കിയ കണ്ണിന് കുളിർമയേകുന്നയിടങ്ങൾ. ഇടുക്കി സന്ദർശിക്കുന്ന പലരും വിട്ടുപോകുന്ന ഇടങ്ങൾ കൂടിയാണിവ. വിഖ്യാത ടൂറിസം ഡെസ്റ്റിനേഷനുകൾക്കിടയിൽ നിസ്സാരമാക്കിയോ അറിയാത്തതുകൊണ്ടോ ഉപേക്ഷിക്കപ്പെടുന്ന മനോഹര കേന്ദ്രങ്ങൾ. പാഞ്ചാലിമേട്ടിൽ മാത്രമാണ് പ്രവേശനഫീസ് ഈടാക്കുക. ചതുരംഗപ്പാറയിൽനിന്ന് മറ്റു രണ്ടിടങ്ങളിലേക്ക് ഏകദേശം 75-80 കി.മീ. ദൂരം കാണും. പരുന്തുംപാറ- പാഞ്ചാലിമേട് ദൂരം 22 കി.മീറ്ററാണ്.
1. പറത്തിക്കളയും ചതുരംഗപ്പാറ
പുറത്തുള്ളവർക്ക് അത്ര പിടിയില്ലാത്ത ഇടങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിൽ ഒളിഞ്ഞുകിടക്കുന്ന ഈ ഭൂപ്രദേശം. ഉടുമ്പൻചോലയോട് അടുത്ത് സ്ഥിതിചെയ്യുന്ന ഇവിടെ നിലക്കാതെ വീശിയടിക്കുന്ന കാറ്റും അതിൽ കറങ്ങിത്തിരിയുന്ന കാറ്റാടി മരങ്ങളും സമ്മാനിക്കുന്നത് അവിസ്മരണീയ അനുഭവമാണ്. തൊട്ടടുത്തുകൂടി തേക്കടി-മൂന്നാർ സംസ്ഥാന പാത കടന്നുപോകുന്നുണ്ടെങ്കിലും ഇങ്ങനെയൊരു സ്ഥലം ഇവിടെയുണ്ടെന്ന് സൂചിപ്പിക്കുന്ന നല്ലൊരു ബോർഡ് പോലും ഇല്ലാത്തതാണ് ഇവിടം സഞ്ചാരികളിൽനിന്ന് ‘അദൃശ്യമാക്ക’പ്പെടുന്നതിനു കാരണം. സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കപ്പെടുന്ന ദൃശ്യതയിൽനിന്ന് അറിഞ്ഞും കേട്ടും എത്തുന്നവർക്കുപോലും ഇവിടം പെട്ടെന്ന് കണ്ടുപിടിക്കാനാകുന്നില്ല. ഇത്രയും മനോഹരമായ ഒരിടം എക്സ്േപ്ലാർ ചെയ്യാനാകും വിധം ഒരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല.
ഉടുമ്പൻചോലയിൽനിന്ന് 6, 7 കി.മീ. മാത്രം അകലെയാണ് ചതുരംഗപ്പാറ. കൊടും വളവുകൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്രയിൽ ഏറെ കരുതലോടെ വേണം ഡ്രൈവിങ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചതുരംഗപ്പാറ കവലയിൽനിന്നും മുകളിലേക്ക് ഏകദേശം ഒന്നര കി.മീ. കയറിയാൽ വ്യൂപോയന്റിൽ എത്താം. പോകും വഴിയിൽ തന്നെ ദൂരെനിന്നും ഭീമാകാരമായ ആറു കാറ്റാടിയന്ത്രങ്ങൾ ആകാശം മുട്ടിയെന്ന പോലെ കറങ്ങിത്തിരിയുന്നത് കാണാം.
മുകളിലെത്തിയാൽ ആദ്യം സ്വാഗതം ചെയ്യുന്നത് ഇവിടത്തെ കാറ്റാണ്. സമതലത്തെയും മറ്റും അപേക്ഷിച്ച് ഇവിടത്തെ കാറ്റിന് ശക്തി കുറച്ച് കൂടുതലാണ്. ഇതിനു കാരണം കേരള- തമിഴ്നാട് ഭൂപ്രകൃതികൾ തമ്മിലുള്ള വ്യത്യാസവും. തമിഴ്നാട്ടിൽ അടിക്കുന്ന കാറ്റ് നമ്മുടെ കേരളത്തിലെ മലയിടുക്കുകളിൽ തട്ടി സമ്മർദം കൂടുന്നതുകൊണ്ടാണത്രെ ഇവിടത്തെ കാറ്റിന് ശക്തി കൂടുന്നത്. കൂളിങ് ഗ്ലാസ് ഉൾപ്പെടെ അധികം ഭാരമില്ലാത്ത വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിച്ചശേഷമേ ഇവിടേക്ക് കയറിപ്പോകാവൂ. നമ്മളെത്തന്നെ പറത്തിക്കൊണ്ടുപോകുമോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കാറ്റുവീശുന്നത് ഇവിടെ.
കാഴ്ചയിൽ രാമക്കൽമേടിനോട് സാദൃശ്യം തോന്നിക്കുന്ന ഇടമാണ് ചതുരംഗപ്പാറ. മഞ്ഞിൽ പുതച്ചുനിൽക്കുന്ന മലയിൽ വീശിയടിക്കുന്ന കാറ്റിന്‍റെ ശക്തിയിൽ കാറ്റാടി മരങ്ങൾ ചേർന്നു കറങ്ങുന്ന കാഴ്ച കാണേണ്ടതുതന്നെയാണ്.
ഇവിടത്തെ മറ്റൊരു കാഴ്ച നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പുല്‍മേടുകളാണ്. മുകളിൽ കയറിനിന്നാൽ തമിഴ്നാട്ടിലെ കാഴ്ചകളാണ്. ചതുരത്തിൽ മുറിച്ചുവെച്ചതുപോലെ തോന്നിക്കുന്ന പരന്നുകിടക്കുന്ന കൃഷിയിടങ്ങളും അതിലും ദൂരെ നഗരത്തിന്‍റെ വ്യക്തമല്ലാത്ത കാഴ്ചകളും ലഭിക്കും. ഇടുക്കി ജില്ലക്കകത്ത് തമിഴ്നാട് സർക്കാറിന്‍റെ ചെക്ക്പോസ്റ്റ് കടന്നുവേണം ഇവിടെ എത്താനെന്നത് മറ്റൊരു കൗതുകം. ഈ സ്ഥലം തമിഴ്നാട് വനം വകുപ്പിന്‍റെ അധീനതയിലാണ്. സമുദ്രനിരപ്പിൽനിന്ന് ആയിരക്കണക്കിന് മീറ്റർ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ചതുരംഗപ്പാറയുടെ മുകളിൽ കയറിക്കഴിഞ്ഞാൽ ഇറങ്ങിപ്പോകാൻ തോന്നത്തില്ല ആർക്കും. എന്നാപ്പിന്നെ ആ പാട്ടൊന്ന് മൂളാതെങ്ങനെയാ...‘ഇവിടുത്തെ കാറ്റാണ് കാറ്റ്...മലമൂടും മഞ്ഞാണ് മഞ്ഞ്...കതിർ കനവേകും മണ്ണാണ് മണ്ണ്...’
തേക്കടി-മൂന്നാർ-കുമളി സംസ്ഥാനപാത വഴി ഇവിടെ എത്താം. ഉടുമ്പൻചോലയിൽനിന്ന് ഏതാണ്ട് ഏഴ്, തൊടുപുഴയിൽ നിന്ന് 81, നെടുങ്കണ്ടത്തുനിന്നും 19, മൂന്നാറിൽ നിന്ന് ഏതാണ്ട് 43, തേക്കടിയിൽനിന്ന് 53 ഉം കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. എറണാകുളം വഴിയാണെങ്കിൽ കോതമംഗലം-അടിമാലി-രാജകുമാരി-പൂപ്പാറ വഴി ചതുരംഗപ്പാറ കവല എത്താം. കോതമംഗലത്തുനിന്ന് 80 കിലോമീറ്ററോളം അകലെയാണിവിടം.
ഭൂമിയുടെ അറ്റം ഇതാണോ എന്ന് സംശയിച്ചുപോകുന്ന മനോഹര ഇടങ്ങളിലൊന്നാണ് പാഞ്ചാലിമേട്. വിദൂരപ്രദേശത്തുകാർക്ക് കാര്യമായ അറിവില്ലാത്ത ഒരിടമാണ് പാഞ്ചാലിമേട്. പച്ചപ്പട്ടുവിരിച്ച പോലെ ദൃശ്യമാകുന്ന പുൽമേട് അങ്ങുദൂരെ ആകാശത്തേക്ക് കാർമേഘക്കൂട്ടങ്ങൾക്കിടയിലേക്ക് കയറിപ്പോകുമോ എന്ന് തോന്നിപ്പോകും. അജ്ഞാതവാസത്തിനു തൊട്ടുമുമ്പ് പഞ്ചപാണ്ഡവര്‍ പാഞ്ചാലിക്കൊപ്പം ഇവിടെ താമസിച്ചിരുന്നതായി ഐതിഹ്യ കഥകളിലൂടെ പറഞ്ഞുകേട്ട സ്ഥലമാണിത്. ഐതിഹ്യ കഥകളിലെ പാഞ്ചാലിയുടെ സൗന്ദര്യം കേട്ടുകേൾവിയാണെങ്കിൽ അതൊരു യാഥാർഥ്യമായ ഇടമാണെന്ന് പേരുകൊണ്ട് കാണിച്ചുതരുന്നു പാഞ്ചാലിമേട്. പാഞ്ചാലിക്കായി ഭീമസേനൻ കുഴിച്ചെന്നു കരുതുന്ന കുളവും കാണാം. ശബരിമല മണ്ഡലകാലത്ത് മകരവിളക്ക് ദർശിക്കാൻ അനേകം പേർ ഇവിടെ തമ്പടിക്കാറുണ്ട്. പുൽമേടായതിനാൽ ഇടിമിന്നൽ സമയത്ത് ജാഗ്രത പാലിക്കണം. ഇവിടെ നിന്ന് 34 കിലോമീറ്റർ മാത്രം ദൂരെയുള്ള വാഗമണിലെത്താം. വെച്ചുപിടിപ്പിച്ചാൽ ഒറ്റദിനം കൊണ്ട് അധികം യാത്ര ചെയ്യാതെ കൺനിറയെ പ്രകൃതിയൊരുക്കുന്ന വിവിധ കാഴ്ചകൾ കണ്ടുപോരാം.
കോട്ടയം -കുമളി റൂട്ടിൽ (കെ.കെ റോഡ് വഴികോട്ടയത്തുനിന്ന് ഏകദേശം 71 കി.മീറ്റർ ദൂരം) മുറിഞ്ഞപുഴയിൽനിന്ന് ഏതാണ്ട് നാലു കി.മീ. അകലെയാണ് പാഞ്ചാലിമേട്. കോട്ടയത്തുനിന്നും മുണ്ടക്കയം-തെക്കേമല കൂടിയും പെരുവന്താനം ചുഴുപ്പ് അമലഗിരി വഴിയും ഇവിടേക്ക് വരാം. 71 കി.മീ അകലെ കോട്ടയം റെയിൽവേ സ്‌റ്റേഷനുണ്ട്. 123 കി.മീ. അകലെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്.
ഏരിയൽ വ്യൂ ചിത്രങ്ങൾ സൂക്ഷ്മമായി നോക്കിയാൽ കാണാം ചിറകുവിരിച്ച് പറക്കാനൊരുങ്ങിയ കൂറ്റൻ പരുന്തിന്‍റെ രൂപമുള്ള പച്ചപ്പുനിറഞ്ഞ പാറക്കൂട്ടങ്ങൾ. മലമേലെ തിരിയിട്ട് ചിരിതൂകി കൊതിപ്പിക്കുന്ന 360 ഡിഗ്രി കാഴ്ചകളാണ് ഇവിടെ നിന്ന് എങ്ങോട്ടുനോക്കിയാലും കാണാനാവുക. പാട്ടു പാടാത്തവർ വരെ മൂളിപ്പോകുന്നയിടം. കോടമഞ്ഞിൻ താഴ്വരയിൽ അലസമായി വെറുതെ അങ്ങോട്ടുമിങ്ങോട്ടും എത്ര നടന്നാലും മനം മടുപ്പിക്കാത്തയിടം. നോക്കിനിൽക്കവേ മഞ്ഞു മൂടി ഇടക്കിടെ കാഴ്ച മറയും. അധികം വൈകാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുന്നതുമായ മനോഹരമായ അനുഭവമാണിവിടെ നിന്നാൽ കിട്ടുന്നത്. സൂയിസൈഡ് പോയന്‍റും അത്യാകർഷകം. പേരുപോലെ തന്നെ ഒന്നു ചാടി നോക്കാൻ തോന്നുന്നത്രയുണ്ട്. തോന്നൽ ഒഴിവാക്കാൻ ചുറ്റും കമ്പിവേലി കെട്ടി തിരിച്ചിട്ടുണ്ട്. തേയിലത്തോട്ടങ്ങളും ഇടക്കിടെ ദൂരെ മലമുകളിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഇവിടേക്കുള്ള വഴി പോലും അതിമനോഹരമാണ്. പാർക്കിങ്, എൻട്രി ഫീസുകളൊന്നും ഇല്ലാതെ കയറിപ്പോരാം എന്നതും ആകർഷണമാണ്.
പീരുമേട്ടിൽനിന്നും ഏകദേശം ആറു കി.മീ. ദൂരെ. തേക്കടിയിൽനിന്നാകട്ടെ വെറും 24 കി.മീറ്റർ മാത്രം അകലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.