10 ദിവസത്തെ ഹിമാലയൻ സഞ്ചാരം കഴിഞ്ഞ് മടക്കയാത്ര തുടങ്ങുകയാണ്. ഡൽഹിയിലേക്കുള്ള രാത്രിവണ്ടിക്ക് കത്കോടം റെയിൽവേ സ്‌റ്റേഷനിൽ ബാഗേജുകൾ നിരത്തിവെച്ചു. യാത്രാസംഘത്തിലെ നാലുപേരെ കാവൽ നിർത്തി സ്‌റ്റേഷനു മുന്നിലെ ഹോട്ടലുകളൊന്നിൽ കയറി. അസംകാരിയായ പൊരി ബറുവ ഗൊഗോയ് അടക്കം ഞങ്ങൾ നാലു പേർ. ഭക്ഷണത്തിന് ഓർഡർ നൽകി ഓരോരുത്തരായി കൈകഴുകി വന്നു. പൊരി ബറുവ ഭക്ഷണത്തിനുമുേമ്പ ഞങ്ങളുടെ കൈയിയിൽ ചെറിയൊരു കുപ്പിയിൽനിന്ന് സാനിെറ്റെസർ ഉറ്റിച്ചുതന്നു. കൂടെയുള്ളവർ ചെയ്തതുപോലെ ഞാനും രണ്ടു ൈകെയിലുമായി അത് പുരട്ടി. പുരട്ടുന്നതിനിടയിൽ അത് ആവിയായിപ്പോയി. ഞാൻ കൈ മണത്തു നോക്കി. ഒരുതരം ആൽക്കഹോൾ മണം. ആദ്യമായാണ് സാനിെറ്റെസർ എന്ന വാക്ക് കേൾക്കുന്നത്. കാണുന്നതും ഉപയോഗിക്കുന്നതും. ഇതിെൻറ കാര്യകാരണങ്ങൾ ബോധ്യമില്ലായിരുന്നു. മരുന്നുമണമുള്ള കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ മടി തോന്നി. രഹസ്യമായി ബാത്റൂമിൽ പോയി രണ്ടു ൈകയും നന്നായി കഴുകി തുടച്ച് സീറ്റിൽ വന്നിരുന്നു. സഹയാത്രികർ ഭക്ഷണം കഴിച്ചുതുടങ്ങിയിരുന്നു. കൊറോണയും ലോക്ഡൗണും എന്തെന്നുപോലും അറിയാത്ത ആ ദിവസം (ഫെബ്രുവരി 29 ) പൊരി ബറുവ കാണിച്ച ദീർഘദൃഷ്ടിയെക്കുറിച്ച് മാർച്ച് രണ്ടിന് വീട്ടിലെത്തി പഴയ പത്രങ്ങൾ വായിച്ചുതുടങ്ങിയപ്പോഴാണ് ബോധ്യമായത്. ഇന്ന് കൊച്ചുകുഞ്ഞിനുപോലുമറിയാം സാനിെറ്റെസറും ഹാൻഡ്വാഷും ഫേസ് മാസ്കുമെല്ലാം. തുടർന്ന് വന്ന ദിവസങ്ങളിൽ പക്ഷിപ്പടങ്ങൾ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം പൊരി ബറുവ കൊറോണ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു. സെപ്റ്റംബർ ഒമ്പതിന് അവരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ''At Last the storm touched me too. Covid positive'' -''ആ ചുഴലിക്കാറ്റ് എന്നെയും ബാധിച്ചുകഴിഞ്ഞു.''
ഫെബ്രുവരി 20 മുതൽ വീട്ടിലെത്തുന്നതുവരെ കൊറോണയെക്കുറിച്ച് ഒരാധിയും ഉണ്ടായിരുന്നില്ല. യാത്രക്കിടയിൽ അച്ചടി-ദൃശ്യ മാധ്യമങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല. കൊറോണ ഭീഷണി ചൈനയുടെ ഒരു തലവേദന മാത്രമാണെന്നായിരുന്നു വിചാരം. മാർച്ച് മുതൽ മേയ് അവസാനം വരെ പക്ഷിനിരീക്ഷണത്തിെൻറയും പടമെടുപ്പ്സഞ്ചാരങ്ങളുടെയും സമയം. എല്ലാം മുടങ്ങി. വീടിനു പിറകിൽ പക്ഷികൾക്കു വെച്ച കുടിനീർ പാത്രത്തിൽ പലതരം പക്ഷികൾ വരുന്നതും കുളിക്കുന്നതുമെല്ലാം കാണുന്നുണ്ടായിരുന്നു. ഞാൻ വീടിെൻറ പിറകിലെ ടെറസിൽ ഒരു കസേരയും മോണോപോടും സെറ്റ് ചെയ്ത് താൽക്കാലിക മിനിസ്റ്റുഡിയോ ഒരുക്കി. പക്ഷികൾ എന്നെ കാണാതിരിക്കാൻ ചെറിയൊരു മറയുമുണ്ടാക്കി. പിന്നെ മറ്റെല്ലാം മറന്നു. വീണ്ടും പക്ഷികളിലേക്കും കാമറയിലേക്കും പടങ്ങളിലേക്കും ഉൾവലിഞ്ഞു. ലോക്ഡൗൺ കാലത്ത് വിരുന്നുകാരായ നിരവധി പക്ഷികൾ വന്നുപോയിക്കൊണ്ടിരുന്നു. കാലത്ത് ഉണർന്നാൽ വൈകീട്ട് വെളിച്ചം മറയുംവരെ അതിഥികൾക്കു വേണ്ടിയുള്ള കാത്തിരിപ്പ്. ഉച്ചമയക്കം അവിടെ കസേരയിൽതന്നെയായി. രാത്രി അന്നെടുത്ത പടങ്ങളുടെ പരിശോധനയും തെരഞ്ഞെടുപ്പും ഫേസ്ബുക്ക് പോസ്റ്റിങ്ങും. സ്വപ്നങ്ങളിൽപോലും പക്ഷികളുടെ കുളിയും ചിറകടികളും. രണ്ടിനം കരിയില പക്ഷികളുടെ കൂട്ടം സദാ ചുറ്റുമുണ്ടായിരുന്നു - കരിയിലക്കിളി (Jungle Babbler), പൂത്താങ്കീരി (Yellow billed Babbler). രണ്ടും കാഴ്ചയിൽ ഒരേ ഇനമെന്ന് തോന്നും. എന്നാൽ, രണ്ടും തമ്മിൽ കുറെ വ്യത്യാസങ്ങളുണ്ട്. പൂത്താങ്കീരിയുടെ തലയിലെ ഇളം നിറമാണ് പെട്ടെന്ന് തിരിച്ചറിയാനുള്ള മാർഗം. വീട്ടിൽ സ്ഥിരമായി കാണുന്നത് കരിയിലക്കിളികളെയാണ്. കൂട്ടമായി ഇര തേടുന്ന സ്വഭാവമുള്ളതിനാൽ സെവൻ സിസ്റ്റേഴ്സ് എന്ന പേരിലും ഇവ അറിയപ്പെടുന്നു.
വെള്ളം കുടിക്കുന്നതിനെക്കാൾ അതിലെ നീരാട്ടാണ് പക്ഷികൾക്ക് പ്രിയം. കരിയിലക്കിളികൾ, ഓലഞ്ഞാലി, മൈനകൾ, കാക്കകൾ എന്നിവ പ്രത്യേകിച്ചും. ആവേശം മൂത്താൽ കുളി ഒരുതരം പ്രാന്തൻകുളിയായി മാറും. കുളിച്ചാലും കുളിച്ചാലും മതിവരാത്ത അവസ്ഥ - നാലോ അഞ്ചോ എണ്ണമുണ്ടാകും. ഒരേസമയം ഒന്നിലധികം പേർ കുളിക്കില്ല. വെള്ളപ്പാത്രത്തിൽ അത്രയും സ്ഥലസൗകര്യമില്ല. ഒന്നിെൻറ കുളി കഴിയുംവരെ മറ്റുള്ളവർ പാത്രത്തിെൻറ വക്കിലോ തൊട്ടടുത്ത ഇരുമ്പൻപുളിയുടെ കൊമ്പുകളിലോ ഊഴം കാത്തിരിക്കും. ആദ്യം വെള്ളമൊരിറക്ക് കുടിക്കും. പിന്നെ തല വെള്ളത്തിൽ മുക്കി, നിവർന്ന് കുടയും. പിന്നെ ലക്കും ലഗാനുമില്ലാത്ത കുളിയാണ്. രണ്ടു ചിറകും വാലും വെള്ളത്തിലടിച്ച് ഉടലാകെ തെറിപ്പിക്കും. ഇടക്ക് മുങ്ങും. ഉള്ള സ്ഥലത്ത് നീന്തിനോക്കും. കുളി കഴിഞ്ഞ് ഒരാൾ കയറിയ ഉടൻ മറ്റൊരാൾ ചാടിയിറങ്ങും. അതേപടി പ്രാന്തൻ കുളി കുളിക്കും. ചിലപ്പോൾ ആവേശം മൂത്ത് കുളിച്ചു കയറിയ ആൾ വീണ്ടുമെത്തും. അത് അല്ലറചില്ലറ കശപിശക്ക് കാരണമാകും.
ഈ പ്രാന്തന്മാർക്കിടയിൽ മൈനകൾ കുളിക്കാൻ വരും. കുറെ കാത്തിരുന്നിട്ടും കരിയിലക്കാരുടെ കുളി തീരുന്നില്ലെങ്കിൽ അവ ഇടപെടും. ചിലപ്പോൾ വിരട്ടിയോടിക്കും. പിന്നെ അവരുടെ ഊഴമായി. കുളി കഴിഞ്ഞാൽ നനഞ്ഞ തൂവലുകൾ വിടർത്തിയൊരു ഇരിപ്പുണ്ട്. ഒരൊന്നൊന്നര ഇരട്ടി വലുപ്പം തോന്നും അപ്പോൾ അവയെ കണ്ടാൽ. ആ പക്ഷിതന്നെയാണോ ഇത് എന്ന് നാം ആശ്ചര്യപ്പെടും.
ചിലപ്പോൾ എവിടുന്നോ രണ്ടെണ്ണം കൂടിയെത്തും. അവരുടെ പ്രണയകാലംകൂടിയാണ് മാർച്ച് മുതൽ ജൂൺ വരെ. ഇണകൾക്കുവേണ്ടി അവ കൊത്തുകൂടുന്നത് കാണാറുണ്ട്. അല്ലെങ്കിൽ ഏതെങ്കിലും കൊമ്പത്ത് അഭിമുഖമായിരുന്ന് പരസ്പരം ഒച്ചവെച്ചുകൊണ്ടിരിക്കും. പിന്നപ്പിന്നെ തൊട്ടുതൊട്ടിരുന്ന് തൊടലും ഉരുമ്മലും ഉമ്മവെക്കലുമൊക്കെ കാണാം. അതിനിടയിലാണ് വെള്ളപ്പാത്രത്തിനടുത്തുള്ള പ്ലാവിെൻറയോ ഇരുമ്പൻപുളിയുടെയോ കൊമ്പുകളിൽ പറന്നെത്തുക.
ചുറ്റുവട്ടം നിരീക്ഷിച്ചശേഷം ഇണകൾ വെള്ളപ്പാത്രത്തിെൻറ വക്കിൽ വന്നിരിക്കും. ഒരാൾ കുളി തുടങ്ങും. ഇണ കാവൽ നിൽക്കും. ഇതൊന്നുമറിയാതെ അതുവഴി ആരെങ്കിലും വന്നാൽ ഇണ ചില മുന്നറിയിപ്പ് ശബ്ദങ്ങളുണ്ടാക്കും. കുളി നിർത്തി രണ്ടും മരക്കൊമ്പിലേക്കു പറക്കും. ആൾ പോയിക്കഴിഞ്ഞെന്നുറപ്പായാൽ വീണ്ടും വരും. കുളി തുടരും. കുറെ നേരം കുളിച്ചുകഴിഞ്ഞാൽ ഇണക്കുവേണ്ടി മാറിക്കൊടുക്കും. കരിയിലകളെപ്പോലെ തൂവലുകൾ വിടർത്തി ചിറകുകൾ വൃത്തിയാക്കിക്കൊണ്ടിരിക്കും. ഇണ കുളിച്ചുകയറിയാൽ കരയിൽ കാത്തിരിക്കുന്നയാൾ വീണ്ടും നീരാട്ടിനിറങ്ങും. ഇങ്ങനെ മൂന്നോ നാലോ തവണ കുളി കഴിഞ്ഞാൽ പിന്നെ സൂര്യസ്നാനം കാണാം. കൊക്ക് പിളർത്തി, കണ്ണുമിഴിച്ച് നിശ്ചലരായി വെയിൽ കൊണ്ടിരിക്കുന്നതാണ് സൂര്യസ്നാനം. ഇത് കുറെ നേരം നീണ്ടുനിൽക്കും.
ആനറാഞ്ചി (Black Drongo) വിഭാഗത്തിൽ ഏറ്റവും വലിയ പക്ഷിയാണ് കാട് മുഴക്കി (Greater Racket Tailed Drongo). ആനറാഞ്ചി എന്നു കേട്ട് പേടിക്കാനൊന്നുമില്ല. ആരെയും റാഞ്ചില്ല. വല്ല പുഴുക്കളോ പാറ്റകളോ ആണ് ഈ ചെറുപക്ഷിയുടെ ഭക്ഷണം. മരക്കൊമ്പിലോ വൈദ്യുതിക്കമ്പിയിലോ വന്നിരുന്ന് പല തരം ശബ്ദങ്ങളുണ്ടാക്കാറുണ്ട്.
കാടുമുഴക്കിയാകട്ടെ നല്ലൊരു മിമിക്രി കലാകാരനാണ്. പലതരം പക്ഷികൾ, പൂച്ചകൾ എന്നിവയുടെ ശബ്ദം ഭംഗിയായി അനുകരിക്കും. വാലിനറ്റത്ത് ഈർക്കിൽപോലെ രണ്ടു തൂവൽ തണ്ടുകൾ തൂങ്ങിക്കിടക്കും -അറ്റത്ത് മുറംപോലെ രണ്ടു തൂവലും. ഇവയെ തിരിച്ചറിയാനുള്ള എളുപ്പവഴി വാലിെൻറ ഈ പ്രത്യേകതയാണ്. തൈത്തെങ്ങിെൻറ ഓലയിൽ കാലത്തു മുതൽ മൂപ്പർ ഹാജറുണ്ടാകും. ഇടക്ക് വെള്ളം കുടിക്കാൻ വരും. കാമറയുടെ ക്ലിക് ശബ്ദം കേട്ടാൽ ഓലയിൽ പോയിരിക്കും - മണ്ണാത്തിപ്പുള്ളുകൾ ഇടക്കിടക്ക് വരും. വെള്ളം കുടിക്കും. ചെറിയതോതിൽ കുളിക്കുകയും ചെയ്യും. കുളി കഴിഞ്ഞാൽ പിന്നെ കാത്തിരിപ്പില്ല. അടുത്ത മരക്കൊമ്പിലേക്ക് ശരംവിട്ടപോലെ പറന്നുപോകും.
നിർഭാഗ്യങ്ങൾക്കൊപ്പം ചിലപ്പോഴെങ്കിലും ഭാഗ്യനിമിഷങ്ങൾ വീണുകിട്ടുക സ്വാഭാവികം. ചെമ്പൻ നത്തുകളുടെ (Jungle owlet) പ്രണയവും പരിഭവങ്ങളും പകർത്താൻ കഴിഞ്ഞത് കോവിഡ് ഭീഷണിക്കിടെ കിട്ടിയ ഭാഗ്യമാണ്. ഒരു ദിവസം ഊണ് കഴിഞ്ഞ് ടെറസിലെ കാത്തിരിപ്പുകേസരയിൽ മയങ്ങുന്നതിനിടെയാണ് ഒരു ചെമ്പൻനത്ത് തൊട്ടടുത്ത മരത്തിെൻറ താഴെ കൊമ്പിൽ ഇരിക്കുന്നത് കണ്ടത്. എെൻറ ലെൻസുകൊണ്ട് പകർത്താൻ പറ്റിയ ദൂരം. മരത്തണലിലാണെങ്കിലും അത്യാവശ്യം വെളിച്ചമുണ്ട്. ഞാനെല്ലാ ശ്രദ്ധയുമെടുത്ത് ചെമ്പൻനത്തിനെ സാവധാനം പകർത്താൻ തുടങ്ങി. അതിനിടയിൽ എവിടുന്നോ മറ്റൊരു നത്തുകൂടി കൊമ്പിൽ പറന്നിരുന്നു. അധികം താമസിയാതെ അവ അടുത്തടുത്തു വന്നു. പിന്നെ ഉമ്മവെക്കാനും തലയിൽ കൊക്കുകൊണ്ട് പരസ്പരം ഉരുമ്മാനും തുടങ്ങി. കുറെ പടങ്ങൾ വീണ്ടുമെടുത്തു. അവയിൽ നാലഞ്ചെണ്ണം വലിയ കുഴപ്പമില്ലാത്തവയായിരുന്നു. നാലു കണ്ണുകൾ കത്തിനിൽക്കുന്ന പടം, പരസ്പരം ഉമ്മ വെക്കുന്നതും കൊക്ക് ഉരസുന്നതുമായ ചിത്രങ്ങൾ - അതിനിടയിൽ ഒന്ന് - എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒന്ന് -പരിഭവഭാവം നടിച്ചിരിക്കയാണെന്ന് തോന്നുന്ന രണ്ടു നത്തുകളുടെ ചിത്രം. ആ വിഭിന്ന ഭാവങ്ങൾ പടത്തിൽ വ്യക്തവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.