കമർബക്കർഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആറ് മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ വിമാനം ഇസ്താബൂളിൽ നിലം തൊട്ടു. പുതിയ ആകാശവും, കടലും, കാഴ്ച്ചകളും, ഹോട്ടൽമുറികളിലും മ്യൂസിയങ്ങളും തീൻമേശകളും തെരുവുകളും?. വരാനിരിക്കുന്ന ഏതാനും നാളുകളെക്കുറിച്ചൊരു തിരയിളക്കം എന്റെ ഉള്ളിലുണർന്നിരുന്നു. ഇസ്താബുളിൽ എമിഗ്രേഷൻ നടപടിക്രമങ്ങളെല്ലാം പെട്ടന്നവസാനിച്ചു. ബാഗേജ് എടുത്ത് തൊട്ടടുത്തുള്ള പ്രദേശിക വിമാനത്താവളത്തിന്റെ കവാടം ലക്ഷ്യമാക്കി നടന്നു. രണ്ടരമണിക്കൂർ കഴിഞ്ഞ് അന്റാലിയിലേക്ക് പുറപ്പെടുന്ന വിമാനത്തിന്റെ ബോർഡിങ്ങ് പാസ് വാങ്ങി. എല്ലാവരും വിവിധ ഭക്ഷണ ശാലകളിൽ നിന്നും ചൂടുള്ള വിഭവങ്ങൾ ആസ്വദിച്ചു. വിമാനത്തിലേക്കുള്ള പ്രവേശന കവാടത്തിനടുത്ത് ഊഴവും കാത്ത് ഇരിപ്പുറപ്പിച്ചു. വിമാനത്താവളത്തിനകത്ത് തരക്കേടില്ലാത്ത തണുപ്പുണ്ടായിരുന്നു.
ഒന്നര മണിക്കൂർ യാത്ര ചെയ്ത് അന്റാലിയ അന്തർദ്ദേശീയ വിമാനത്താവളത്തിൽ ഇറങ്ങി. പ്രാദേശിക സമയം അഞ്ച്മണിയോടെ ഹോട്ടലിലെത്തി. വലിയ സ്ക്രീനിൽ ലോകകപ്പ് ഫുട്ബാൾ കാണുക എന്നതായിരുന്നു ആ സായാഹ്നത്തിനായി നീക്കിവച്ചിരുന്ന കാര്യക്രമം. വലിയ സ്ക്രീനിൽ കളികാണലും, ഭക്ഷണം കഴിക്കലുമെന്ന ലക്ഷ്യം വെച്ച് എല്ലാവരും അന്റാലിയയുടെ ഹൃദയസമാനമായ പ്രധാന നിരത്തിലൂടെ തണുപ്പിനെയും നേരിയ ചാറ്റൽമഴയേയും അവഗണിച്ച് നടത്തം തുടങ്ങി. ഇരുട്ടിനെ അകറ്റാൻ ഹലോജൻ ലൈറ്റുകളാൽ വെളിച്ചം പരത്തിയ വീതിയേറിയ മൂന്നുവരിപ്പാതയുടെ രണ്ടുഭാഗത്തും ധാരാളം കടകളും ഭക്ഷണശാലകളും തുറന്നു പ്രവർത്തിച്ചിരുന്നു. പല ഭക്ഷണ ശാലകളും ഞങ്ങളെ ക്ഷണിച്ചു കൊണ്ടിരുന്നു. വഴിയരികിൽ കൃത്യമായി ഇടവിട്ടു നട്ടുവളർത്തിയ മധുരനാരങ്ങ മരങ്ങൾ നിറയെ കായ്ച്ചു നിന്നിരുന്ന കാഴ്ച ആകർഷകമായിരുന്നു. നല്ല വൃത്തിയിൽ നിലനിർത്തിയിട്ടുള്ള ആ വഴിയിലൂടെ വളരെ വേഗത കുറഞ്ഞാണ് വാഹനങ്ങൾ ഓടിയിരുന്നത്. പോർച്ചുഗലും മോറോക്കോയും തമ്മിൽ നടന്ന തീപാറുന്ന കളി മേൽക്കൂരയില്ലാത്ത ഒരു ഹാളിലെ വലിയ സ്ക്രീനിൻ കണ്ടുകൊണ്ടിരിക്കുമ്പോൾ അവിചാരിതമായി മഴ പെയ്യാൻ തുടങ്ങി. ഏകദേശം പത്ത് മിനിറ്റുകൾക്കകം റസ്റ്റാറന്റ് മാനേജർ ഞങ്ങൾക്കെല്ലാം ചേർന്നിരിക്കാനും കളികാണാനും പറ്റുന്ന മറ്റൊരുസ്ഥലം ഏർപ്പാടാക്കി. അവർ വിളമ്പിയ രുചിക്കൂട്ടുകൾ കളി കാണൽ കേമമാക്കി. പാതി രാത്രിയോടേ വഴിയോരക്കാഴ്ചകൾ കണ്ട് ഹോട്ടൽ ലക്ഷ്യമാക്കി തിരിച്ച് നടന്നു.
മഴമാറി ആകാശം നന്നായി തെളിഞ്ഞിരുന്നു
ഓരോ രാജ്യത്തിനും ഒരു ചരിത്രമുണ്ട്. ഓരോ സ്തൂപങ്ങൾക്കും, വഴികൾക്കും മൈതാനങ്ങൾക്കും, കാഴ്ച്ചകൾക്കും നമ്മോടു പലതും സംവദിക്കാനുണ്ട്. ആ തുറന്ന പുസ്തകത്തിലൂടെ മാത്രമേ ആ രാജ്യത്ത് സഞ്ചരിക്കാനാകൂ. കാഴ്ചകൾ കാണുന്നതിനായി ആണെങ്കിലും ചരിത്രപഠനം കൂടാതെ ചില സ്ഥലത്ത് നമുക്ക് നടക്കാൻ കഴിയില്ല. എട്ടരകോടി ജനങ്ങളുള്ള തുർക്കി ലോക ജനസംഖ്യയിൽ 18-ാം സ്ഥാനത്താണ്. വിസ്തൃതിയിൽ 37-ാമതും. വിവിധതരം പഴങ്ങൾ, പാൽ ഉൽപന്നങ്ങൾ, തുകൽ ഉൽപന്നങ്ങൾ വസ്ത്രങ്ങൾ, തുടങ്ങി ഒട്ടനവധി സാധനങ്ങളുടെ കയറ്റുമതിയും, ടൂറിസം, കൃഷി എന്നിവയെല്ലാമാണ് പ്രധാന വരുമാനം. ഒട്ടുമിക്ക പ്രമുഖ വാഹന, ഗ്രഹോപകരണ, സ്പെയർപാർട്ട്, വ്യാവസായിക എഞ്ചിൻ എന്നിവയുടെയെല്ലാം ലോകോത്തര നിർമ്മാതാക്കളുടെയും നിർമ്മാണ കേന്ദ്രങ്ങൾ തുർക്കിയിലുണ്ട്. ടർക്കിഷ് ലിറയെന്നാണ് ഇവിടത്തെ നാണയത്തിന്റെ പേര് (TRY) ഒരു യു.എസ് ഡോളറിന്റെ മൂല്യം 8.50 ലിറയാണ്. ഒരുലിറ 4.43 ഇന്ത്യൻ രൂപയും. ഡോളറും യൂറോയും കയ്യിൽ കരുതിയാലും മതി കൃത്യമായി വിപണനം ചെയ്യാം. ലാറ്റിൻ അക്ഷര മാലയുപയോഗിച്ച് എഴുതുന്ന ടർക്കിഷാണ് സംസാര, എഴുത്ത് ഭാഷ. 85% 95% ആളുകളും മാതൃഭാഷയായ ടർക്കിഷാണ് ഉപയോഗിക്കുന്നത്. കുർദിഷ് എന്ന ഭാഷയും അറബിയും ന്യൂനപക്ഷം ആളുകൾ ഉപയോഗിക്കുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇംഗ്ളീഷും റഷ്യനും, അറബിക്കും സംസാര ഭാഷയായി സ്വദേശികൾ ഉപയോഗിക്കുന്നു. ചിലയിടങ്ങളിൽ ടർക്കിഷ് മാത്രമേ ഉപകാരപ്പെടൂ. യാത്രയുടെ ഭാഗമായുള്ള ആദ്യ സന്ദർശനം അന്റാലിയയായിരുന്നു.
അന്റാലിയ പ്രവിശ്യതെക്ക്-പടിഞ്ഞാറൻ തുർക്കിയുടെ മെഡിറ്ററേനിയൻ തീരത്ത്, ടോറസ് പർവതനിരകൾക്കും മെഡിറ്ററേനിയൻ കടലിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ടൂറിസം വ്യവസായത്തിന്റെ കേന്ദ്രമായ അന്റാലിയ തുർക്കിയിലെ അഞ്ചാമത്തെ വലിയനഗരമാണ്. തുർക്കി സന്ദർശിക്കുന്ന വലിയ ശതമാനം വിദേശ വിനോദ സഞ്ചാരികളും അന്റാലിയയിൽ വന്നുപോകാറുണ്ട്. എല്ലാവരെയും ആകർഷിക്കുന്ന ഭൂപ്രദേശമാണിത്. സഞ്ചാരികളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിലൊന്നായ അന്റാലിയ പ്രവിശ്യയുടെ അതേ പേരിലുള്ള തലസ്ഥാന നഗരത്തിൽ തന്നെയായിരുന്നു മൂന്നു രാത്രികൾ ഞങ്ങൾ തങ്ങിയത്.
അടുത്ത ഭാഗം
കാഴ്ചകൾ കുത്തിയൊഴുകുന്ന അപ്പർ ഡ്യൂഡൻ വെള്ളച്ചാട്ടം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.