യാത്രകളെ സ്നേഹിച്ച രണ്ടു പെൺകുട്ടികൾ ഒരിക്കൽ ഒരു യാത്ര പോകാൻ തീരുമാനിച്ചു. കൈയിലുള്ളത് രണ്ടു ദിവസം മാത്രം. രണ്ടു ദിവസം കൊണ്ടു പോയി വരാൻ പറ്റിയ ഇടം ഏതെന്നായി പിന്നെ ആലോചന. അങ്ങനെ ഏറെ ആലോചിച്ചു തിരഞ്ഞു പിടിച്ചപ്പോ കിട്ടിയത് മധുര. പണ്ടു തൊട്ടേ എപ്പോൾ യാത്രക്ക് തയാറെടുത്താലും മനസ്സിൽ ആദ്യം ഓടി വരിക തമിഴ്നാടാണ്. പണ്ട് അച്ഛനോടൊപ്പം കുറേ യാത്രകൾ പോയിട്ടുള്ളത് തമിഴ്നാട്ടിലേക്കാണ്.
മഴയും തണുപ്പും ഒന്നും ഇഷ്ടമില്ലാത്തത് കൊണ്ടാവാം അന്ന് തൊട്ടേ അവിടുത്തെ കാറ്റും ചുറ്റുപാടുകളും വല്യ ആൾ ബഹളമില്ലാത്ത ഗ്രാമങ്ങളുമൊക്കെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. യാത്ര മധുരക്ക് തന്നെയാവാമെന്ന് രണ്ടു പേരും ഉറപ്പിച്ചു. ഞാനും അനിയത്തിയുമാണ് ഈ യാത്രയിലെ നായികമാർ. പട നയിക്കുന്നത് ഞാനാണ്. അതെപ്പോഴും അങ്ങനെ തന്നെ. പോകുന്നത് മുതൽ തിരികെ വരുന്നത് വരെയുള്ള എല്ലാ പ്ലാനിങ്ങിന്റെയും ഉത്തരവാദിത്തം എനിക്കാണ്. ആ യാത്രാനുഭവം എഴുതുമ്പോൾ കണ്ട സ്ഥലങ്ങളെക്കാൾ കൂടുതൽ പറയാനുണ്ടാവുക യാത്രയിൽ ഞങ്ങൾക്കുണ്ടായ തിരിച്ചറിവുകളെ കുറിച്ചാണ്.
യാത്ര ചെയുമ്പോൾ അതെന്നും നമ്മളോർമിക്കാൻ തരത്തിൽ എന്തെങ്കിലുമൊക്കെ ബാക്കി വെക്കുന്നത് നല്ല സഹയാത്രികർ കൂടെ ഉള്ളപ്പോഴാണ്. ഒരേ താല്പര്യങ്ങളുള്ള ഒരാൾ കൂടെ ഉണ്ടെങ്കിൽ തന്നെ യാത്ര കളറാകും. അതു കൊണ്ടുതന്നെ പ്ലാൻ ചെയുമ്പോൾ കൂടെ ആരെ കൂട്ടണമെന്നതിൽ രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടി വരാറില്ല.
രണ്ടു ദിവസത്തെ മാത്രം യാത്രയാണെങ്കിലും പ്ലാനിങ് കുറെ വേണ്ടി വന്നു. ഒന്നാമത്തെ പ്രശ്നം തമിഴ് അത്ര വശമില്ല. തട്ടി മുട്ടിയൊക്കെ പറഞ്ഞൊപ്പിക്കാമെങ്കിലും ഭാഷ അറിയാത്തത് പറ്റിക്കപ്പെടാനുള്ള സാധ്യത കൂട്ടുമെന്ന് മുൻകാല യാത്രകളിൽ നിന്ന് പഠിച്ചിരുന്നു. പിന്നെ നല്ല താമസ സ്ഥലം കണ്ടു പിടിക്കലാണ്. അത് കഴിഞ്ഞ് പോകാനുള്ള സ്ഥലങ്ങൾ ലിസ്റ്റ് ചെയ്യണം. കൂടെ വരുന്നയാളെ സേഫ് ആയി കൊണ്ട് പോണം ഇതൊക്കെ ട്രിപ്പ് പ്ലാൻ ചെയുന്ന ആൾക്കാണല്ലോ ഉത്തരവാദിത്തം.
യാത്ര പോകാനുള്ള തയാറെടുപ്പൊക്കെ രണ്ടു ദിവസം മുന്നേ തന്നെ തീർത്ത് പോകാനുള്ള ദിവസത്തിന് വേണ്ടി കാത്തിരിക്കുമെങ്കിലും പോകാനുള്ള ദിവസമെത്തുമ്പോൾ ഇതിപ്പോ വേണമായിരുന്നോ എന്നൊരു തോന്നൽ മനസ്സിൽ വരും. ആ മാനസിക സംഘർഷം അതിജീവിക്കണേൽ ട്രെയിൻ കയറണം. ട്രെയിൻ കയറിയാൽ പിന്നെ ഒരു തിരിച്ചു പോക്കില്ല.
തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 8.30നു പുറപ്പെട്ടു രാവിലെ 9.30നു മധുര എത്തുന്ന മധുരൈ എക്സ്പ്രസിൽ ലോക്കൽ കമ്പാർട്മെന്റിലാണ് യാത്ര ആരംഭിക്കുന്നത്. വീക്കെൻഡ് അല്ലാത്തത് കൊണ്ടു അധികം തിരക്കില്ലായിരുന്നു. ട്രെയിൻ ഒറ്റപ്പാലവും പാലക്കാട്ടെ കരിമ്പനയും ചുറ്റി തമിഴ്നാടിന്റെ മണ്ണിലേക്കെത്തിയപ്പോ കണ്ണ് തുറന്നു. ഇപ്പോ ട്രെയിൻ പോയി കൊണ്ടിരിക്കുന്നത് നീല കൊടുമലകൾ ഇരു വശത്തും അതിരിട്ട വയലുകൾക്ക് നടുവിലൂടെയാണ്. നല്ല തമിഴ് നാടൻ ചൂട് കാറ്റു ജനാലവഴി അകത്തേക്കു വന്നപ്പോ ഉറക്കമൊക്കെ പോയി. പിന്നെ അറിയാത്തൊരു നാട്ടിൽ എത്തിപ്പെട്ടതിന്റെ, കണ്ടു തീർക്കാനുള്ള കാഴ്ചകളെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സുമുഴുവൻ.
9.30നു മധുര റെയിൽവേ സ്റ്റേഷനിൽ വണ്ടി ചൂളം വിളിച്ചു നിന്നു. അപ്പഴേക്കും പുറത്ത് നല്ല വെയിലായി. ലഗേജ് എടുത്ത് പുറത്തേക്കിറങ്ങിയാൽ അടുത്ത ചിന്ത എങ്ങനെ ഒരു ബജറ്റ് ഫ്രണ്ട്‌ലി റൂം കിട്ടും എന്നാണ്. പലരും പറഞ്ഞത് നേരിട്ടന്വേഷിച്ചാൽ ചെലവ് കുറച്ചു നല്ല റൂം കിട്ടും എന്നാണ്. ഒരു ചിരിയൊക്കെ പാസ്സാക്കി തോർത്തൊക്കെ തോളിലിട്ട് ഓട്ടോ ചേട്ടന്മാർ സ്റ്റേഷന് മുന്നിൽ തന്നെ ഒണ്ടാവും. യാത്രയുടെ ഒന്നാം പാഠം പഠിക്കുന്നത് ഇവിടെ നിന്നാണ്.
സ്ഥലത്തെ പ്രധാനികൾ എന്ന നിലയിൽ അവരോടാണ് റൂമിനെ പറ്റി അന്വേഷിച്ചത്. അപ്പോ തന്നെ ‘റൂം ഇറുക്ക് ഓട്ടോയിൽ ഏറുങ്കോ’ എന്ന് പറഞ്ഞു നമ്മൾ കൂടെ പോകും. ഇവരുടെ ചോദ്യവും കുശാലാന്വേഷണവും ഒക്കെ കാണുമ്പോ എന്ത് സ്നേഹം ആണെന്ന് വിചാരിക്കും. കാര്യത്തോടടുക്കുമ്പോ ചിരിക്കു പിന്നിലെ രഹസ്യം മനസ്സിലാവും. നാട്ടുകാരല്ലെന്ന് കണ്ടാൽ 50 രൂപ ചോദിക്കേണ്ടിടത്ത് 500 ചോദിക്കുന്ന ആളുകൾ എല്ലാ നാട്ടിലുമുണ്ടല്ലോ.
അങ്ങനെ 800 പറഞ്ഞ റൂം മലയാളത്തിൽ വിലപേശി 750 കൊടുത്ത് ഞങ്ങൾ സെറ്റാക്കി. വല്യ തരക്കേടില്ലാത്ത മുറി ആയിരുന്നു. അവിടെ വിശ്രമിക്കാനൊന്നും നിന്നില്ല ഞങ്ങൾ. ഒന്നു ഫ്രഷായി നേരെ ടൗണിലേക്കിറങ്ങി. മധുര മീനാക്ഷി അമ്പലം തൊട്ടടുത്താണെങ്കിലും ഈ ചുട്ടു പൊള്ളുന്ന വെയിലത്തു അങ്ങോട്ടേക്ക് പോയിട്ട് കാര്യമില്ലെന്ന് തോന്നി. പിന്നെ ലക്ഷ്യം മധുരയിലെ തെരുവുകൾ ചുറ്റി കറങ്ങി കാണുകയായിരുന്നു. മറ്റൊന്ന് കേട്ടറിഞ്ഞ മധുര സ്പെഷൽ ഭക്ഷണ വൈവിധ്യം രുചിച്ചറിയണം. യൂട്യൂബിലൊക്കെ പരതിയപ്പോൾ എല്ലാവരും പറഞ്ഞു പോയ ഫേമസ് ശാരദ ഹോട്ടൽ അന്വേഷിച്ചു പോയി. തെരുവിലൂടെ കുറേ വട്ടംചുറ്റി ഒടുവിൽ ഹോട്ടൽ കണ്ടുപിടിച്ചു. ഹോട്ടലിൽ ഞങ്ങൾ രണ്ടു പേരല്ലാതെ വേറാരും ഉണ്ടായില്ല.
നോൺ വെജ്, ഏതോ ഒരു പേരറിയാത്ത മീൻ കൊണ്ട് വന്നു വച്ചു. പിന്നെ മട്ടൻ ബോൾ, കൊറേ കറികൾ, പച്ചരി ചോർ എല്ലാം മേശ പുറത്തുനിരന്നു. പക്ഷേ യൂട്യൂബർമാർ പറഞ്ഞു വച്ച അത്ര രുചിയൊന്നും ഞങ്ങൾക്ക് കിട്ടിയില്ല. പിന്നെ ഒരു നോൺ വെജ് ഹോട്ടൽ കിട്ടിയത് തന്നെ വല്യ കാര്യമായി തോന്നി. ഒരു ഊണിനു 150 രൂപക്കടുത്തായി.
ഊണ് കഴിച്ചത് ശരിയാവാത്തതുകൊണ്ട് അടുത്ത ഫുഡ് സ്പോട് കണ്ടു പിടിക്കലായി അടുത്തപണി. പിന്നേം ഏറെ ചുറ്റി തിരിഞ്ഞ് ജിഗർ തണ്ട കടയിലെത്തി. അത്യാവശ്യം വല്യ ഗ്ലാസ് ജിഗർ തണ്ടക്ക് 50 രൂപയേ ഉണ്ടായിരുന്നുള്ളൂ. നല്ല ചൂട് സമയത്ത് ഉള്ളു തണുപ്പിക്കാൻ പറ്റിയ പാനീയമാണിത്. സേമിയ, ഐസ്, പിന്നെ സ്ട്രോബറി ഫ്ലേവർ ഒക്കെ ഇട്ട് നല്ല മധുരമുള്ള ഉള്ള ഒന്ന് നന്നേ ഇഷ്ടപ്പെട്ടു. മധുരയിൽ ഒരുപാട് ഫുഡ് സ്പോട്ടുകളുണ്ട്. ബൻ പൊറോട്ട, മട്ടൺ ബിരിയാണി, തെങ്ങിൻ കാമ്പ്, തിരുനെൽവേലി ഹൽവ, പൊടി ഇഡലി അങ്ങനെ ഏറെ. മധുരയിലെ പൊടി ഇഡലി കിട്ടുന്ന മുരുകൻ ഹോട്ടൽ അടിപൊളിയാണ്. നല്ല ആമ്പിയൻസ്, ഒപ്പം നല്ല രുചിയുള്ള പൊടി ഇഡലിയും. പൊടി ദോശ അത്ര പോരെന്നു തോന്നി. അവിടുത്തെ തിരുനെൽവേലി ഹൽവയും മറ്റൊരു എടുത്തു പറയേണ്ട ഭക്ഷണമാണ്.
20രൂപ കൊടുത്താൽ ഒരു ഇലയിൽ അലിഞ്ഞു പോകുന്ന ഹൽവ കിട്ടും. പകൽ ചൂടിൽ അല്പം ആശ്വാസം കിട്ടിയത് തിരുമലൈ കോൈട്ട പാലസിലാണ്. 10 രൂപ പ്രവേശന ഫീസും 30 രൂപ കാമറക്കും നൽകി പാലസിനുള്ളിൽ കയറിയ ഞങ്ങളെ കാത്തിരുന്നത് അതി മനോഹരമായ ആർക്കിടെക്ചർ ആയിരുന്നു. 1636ൽ മധുര ഭരിച്ചിരുന്ന തിരുമല നായകൻ പണിതതാണ് ഈ കൊട്ടാരം. മധുര മീനാക്ഷി അമ്പലത്തിൽ നിന്ന് വെറും രണ്ടു കിലോമീറ്റർ അകലെയാണ് പാലസ് ഉള്ളത്. ഉള്ളിൽ നിറയെ കൊത്തു പണികളുള്ള തൂണുകളും നടുതളവും കൊണ്ട് ഭംഗി ഉള്ളൊരു കൊട്ടാരം.
പാലസിലേക്കുള്ള യാത്ര ഒരു റിക്ഷ ചേട്ടനൊപ്പം ആയിരുന്നു. നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു എങ്കിലും ആൾ നിർബന്ധിച്ചപ്പോൾ പിന്നെ കയറി. ഈ സൈക്കിൾ റിക്ഷ വലിക്കുന്നത് ഒരു പ്രായം അറുപതിനടുത്തുള്ള ഒരാളാണ്. ഈ ചുട്ടു പൊള്ളുന്ന വെയിലത്ത് അത്രയും പ്രായമുള്ള മനുഷ്യൻ തിരക്കേറിയ റോഡിലൂടെ കഷ്ടപ്പെട്ട് സൈക്കിൾ ചവിട്ടുമ്പോൾ പുറകിൽ കാഴ്ച കണ്ട് സമാധാനത്തോടെ ഇരിക്കാൻ നമുക്ക് തോന്നില്ല. കയറുമ്പോ 150 പറഞ്ഞെങ്കിലും ആളുടെ അധ്വാനത്തിന് 200 കൊടുത്തു. പാലസ് കണ്ട് ഞങ്ങൾ മധുരൈ നഗരത്തിലെ തെരുവുകളിലൂടെ നടന്നു. നഗരത്തിന്റെ ഉൾ വഴികളിൽ ഒരു ഭാഗം മുഴുവൻ വസ്ത്രങ്ങളുടെ മൊത്ത വ്യാപാര ശാലകളാണ്. രാത്രിയിൽ മധുരക്ക് ഭംഗി കൂടും. അമ്പലങ്ങൾ ഉണരും. അവിടേക്കു പോകുന്നവരുടെ തിരക്കാണുപിന്നെ. തെരുവുകൾക്ക് മുല്ല പൂവിന്റെ മണമാണ്. പൂക്കാരികൾ കെട്ടിയ മുല്ല പൂക്കളുമായി ഇങ്ങനെ ചുറ്റി നടക്കും. എല്ലായിടത്തും ചെമ്പിച്ച ഇടതൂർന്ന മുടികളിൽ മുല്ലപ്പൂക്കൾ ഉണ്ടാവും. മുറുക്കി ചുവന്ന ചുണ്ടുകളുമായി പട്ടു ചേല ഉടുത്ത് കുപ്പി വളകളിട്ട് വല്യമ്മച്ചിമാർ പൂക്കൾ വിൽക്കാൻ തെരുവോരത്തു നിരക്കും. മധുര മീനാക്ഷി അമ്പലത്തിൽ ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അമ്പലത്തിനു പുറത്തെ വാസ്തു ഭംഗി കാണാൻ കഴിയില്ല. ഉള്ളിൽ വിശാലമായ ലോകമാണ്. കൽതൂണുകളിലെ കൊത്തുപണികളും നടുവിലെ വലിയ കുളവും ഒക്കെയായി. ഉള്ളിൽ കാമറ, ഫോൺ ഒന്നും അനുവദിക്കില്ല. അതെല്ലാം പുറത്ത് ക്ലോക്ക്റൂമിൽവെക്കാം
നാലു ചുറ്റും കൊത്തു പണികളുള്ള തൂണുകൾ നിറഞ്ഞ കുളത്തിന്റെ കല്പടവിൽ കൂടണയാൻ പറക്കുന്ന പക്ഷികളെ നോക്കി കുറെ നേരമിരിക്കാം. രാത്രിയിലെ തെരുവോര കാഴ്ചകളിൽ മുഴുവൻ പൂപാത്രങ്ങളുമായി അമ്പലത്തിൽ പോകുന്നവരാണ്. പിന്നെ വഴിയോരങ്ങളിലെ ദേവാലയങ്ങളിൽ നിന്ന് വരുന്ന സാമ്പ്രാണിയുടെ മണവും. മഞ്ഞ വെളിച്ചെമുള്ള സൈക്കിൾ റിക്ഷകൾ പായുന്ന തെരുവിലൂടെ ഞങ്ങൾ ഇരുവരും നടന്നു. ഇപ്പോൾ മനസ്സിൽ മുഴുവൻ പകൽ കണ്ട കാഴ്ചകളും മനുഷ്യരും നാളെ യാത്ര കഴിയുന്നതിന്റെ വേദനയും ആയിരുന്നു. പണ്ട് വീടിനുള്ളിൽ പുസ്തകങ്ങൾക്കുള്ളിൽ മാത്രം ജീവിക്കേണ്ടി വന്ന കാലത്ത് ‘സഞ്ചാരം’ കണ്ട് വലുതായി സ്വന്തമായി പൈസ ഒക്കെ ഉണ്ടാകുമ്പോ രണ്ടു പേർക്കും ഒരുമിച്ച് കുറെ യാത്രകൾ ചെയ്യണമെന്ന് സ്വപ്നം കണ്ടിരുന്നു.
അന്ന് ആഗ്രഹിച്ചതാണല്ലോ ചെറിയ ചെറിയ യാത്രകളിലൂടെ നേടിയെടുക്കുന്നതെന്നോർത്തപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി. തിരികെ വരാൻ ട്രെയിനിൽ കയറുമ്പോൾ മധുരക്ക് പോയിട്ട് എന്ത് കൊണ്ടു വന്നു എന്ന് ചോദിച്ചാൽ പറയാൻ ഒരുപാട് ഓർമകളും ജീവിത പാഠങ്ങളുമായിരുന്നു മനസ്സുനിറയെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.