തൈക്കാട്ടുശ്ശേരി: ഗ്രാമസൗന്ദര്യത്തിന്റെ വിശുദ്ധിതേടി ഉളവെയ്പ്പ് കായൽ പരിസരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അരൂർ മണ്ഡലത്തിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലുള്ള ഉളവെയ്പ്പിലെ അസ്തമയം കാണാനും സായാഹ്നം ആസ്വദിച്ച് മണിക്കൂറുകൾ ചെലവഴിക്കാനും ഇവിടെയെത്തുന്നത് നിരവധി സഞ്ചാരികളാണ്.
ഉളവെയ്പിലെ കായലോരം നിരവധി മലയാള ചലച്ചിത്രങ്ങളിലെ കഥാപരിസരങ്ങളായിട്ടുണ്ട്. വെനീസിലെ വ്യാപാരി, മർക്കോണി മത്തായി, വാരിക്കുഴിയിലെ കൊലപാതകം, ആമേൻ എന്നിവ അവയിൽ ചിലതുമാത്രം.തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഗ്രാമീണ വിനോദസഞ്ചാര വികസനത്തിന് പദ്ധതിയിട്ട് നാലു ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തും ഗ്രാമീണ വികസനം ലക്ഷ്യമാക്കി അഞ്ചുലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. ഗ്രാമീണജീവിതത്തിന്റെ നേർക്കാഴ്ചകൾക്ക് വിനോദസഞ്ചാരികൾ നിരവധി എത്തുന്നുണ്ടെങ്കിലും തദ്ദേശീയരെക്കൂടി ഉൾപ്പെടുത്തി വിനോദസഞ്ചാരത്തെ വിപുലമാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
കായൽ സഞ്ചാര നൗകകൾ ഉളവെയ്പിൽ തീരം തൊടുന്നത് സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലാണ്. ഇവിടം വിശ്രമത്തിനും വിനോദത്തിനും കുറച്ച് സ്ഥലങ്ങളെങ്കിലും സൗകര്യപ്പെടുത്താൻ പഞ്ചായത്തിന് കഴിഞ്ഞാൽ സഞ്ചാരികൾക്ക് ഏറെ ഉപകാരമാകും.
ഇരിപ്പിടങ്ങളും കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങളും സൗകര്യപ്പെടുത്തിയാൽ സായാഹ്നം ചെലവഴിക്കാൻ ആയിരങ്ങൾ എത്തിച്ചേരുന്ന ഇടമായി ഇവിടം മാറും. ലഘുഭക്ഷണവുമായി ചെറിയ ഭക്ഷണശാലകളും സഞ്ചാരികൾക്ക് കായൽ ചുറ്റാൻ വാടകക്ക് വള്ളങ്ങൾ കൊടുക്കുന്നയിടങ്ങളും കായൽ മത്സ്യവിഭവങ്ങൾ ചൂടോടെ പാകപ്പെടുത്തുന്ന ഭക്ഷണശാലകളും കായലോരങ്ങളിൽ ആരംഭിച്ചാൽ വിനോദസഞ്ചാരം പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.