യാത്ര പോവാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ഒരുപാട് മനോഹരമായ ഇടങ്ങൾ സന്ദർശിക്കാനും, മനോഹരമായ ഓർമകൾ സൃഷ്ടിക്കാനും, സാഹസികമായ പല അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാനുമാഗ്രഹിക്കുന്നവരാവും നമ്മൾ. ആ യാത്രകളൊറ്റക്കായാലോ? അറിയാത്ത ലോകത്ത്, അറിയാത്ത ആളുകൾക്കൊപ്പമൊരു യാത്ര. സാഹസികത നിറഞ്ഞ ഇത്തരം യാത്രകളെ പ്രണയിക്കുന്ന ഒരു ഇരുപത്തിയൊന്നുകാരനുണ്ട് യു.എ.ഇയിൽ. ഇതുവരെ മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച മലപ്പുറം അരീക്കോട് സ്വദേശിയായ മുഹമ്മദ് അൽത്താഫ്.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് അൽത്താഫ് കാര്യമായി സോളോ യാത്രകൾ തുടങ്ങുന്നത്. അന്ന് പ്രായം വെറും പത്തൊൻപത് മാത്രം. യാത്ര പോകുന്നതോ സ്വന്തമായി സമ്പാദിച്ച് സ്വരുക്കൂട്ടിവെച്ച പണവുമായി. ഓരോ രാജ്യങ്ങൾ കാണാൻ യാത്ര തിരക്കുന്നതിന് മുൻപും കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് തുടങ്ങുക. ഫ്രീലാൻസായി കണ്ടൻറുകൾ ചെയ്തും, തന്റെ പാഷനായ ഫോട്ടോഗ്രാഫിയിലൂടെയുമാണ് അൽത്താഫ് തന്റെ യാത്രക്കായുള്ള പണം സ്വരുക്കൂട്ടുന്നത്. ദുബൈയിലെ മിഡിൽസെക്സ് യൂനിവേഴ്സിറ്റിൽ ബിരുദ വിദ്യാർഥിയായ അൽത്താഫിന് സ്വന്തവുമായൊരു സ്റ്റാർട്ടപ്പ് കമ്പനി കൂടിയുണ്ട് .
ആദ്യം യു.എ.ഇയിൽ നിന്ന് പോകാനെളുപ്പമുള്ളൊരു രാജ്യം അതായിരുന്നു അൽത്താഫ് തിരഞ്ഞത്. അങ്ങനെ ആദ്യത്തെ സോളോ ട്രിപ്പിന് ജോർജിയ തിരഞ്ഞെടുത്തു. ഒറ്റക്കുള്ള ആദ്യ യാത്രയായത് കൊണ്ടാവണം ജോർജിയയിലെത്തിയതോടെ ഒരൽപ്പം പതറി. ഇനിയെന്ത് എന്ന ചിന്തയായിരുന്നു പിന്നെ. പക്ഷെ ആ പേടിയൊക്കെ മാറി യാത്ര ആസ്വദിച്ച് തുടങ്ങിയതോടെ യാത്രയെന്നതൊരു ഹരമായി മാറി. വീട്ടുകാരുടെ കൂടെ മാത്രം യാത്ര ചെയ്തിരുന്ന അന്നത്തെ ആ പത്തൊൻപത്കാരന് ഇതൊരു വലിയ പ്രചോദനമായിരുന്നു. യാത്രയോളം മനുഷ്യന് സന്തോഷിക്കാൻ കിട്ടുന്ന വേറൊരവസരമില്ലെന്നാണ് അൽത്താഫിന്റെ അഭിപ്രായം. അങ്ങനെ ഇന്ന് വരെ രണ്ട് വർഷങ്ങൾകൊണ്ട് 30 രാജ്യങ്ങളാണ് സന്ദർശിച്ചിട്ടുള്ളത്.
ഹിച്ച്ഹൈക്കിങ് ചെയ്ത് ഒരു യാത്ര പോവുക എന്നത് ഇത്തിരി ധൈര്യം വേണ്ടുന്ന ഒന്നു തന്നെയാണ്. യൂറേപ്യൻ രാജ്യങ്ങളാണ് സഞ്ചരിച്ചതിലേറെയും. അസർബൈജാൻ, ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ആദ്യം യാത്ര തിരിച്ചിരുന്നത്. പിന്നീട് ജർമനി, സ്വിറ്റ്സർലാൻഡ്, ഫ്രാൻസ്, അൽബേനിയ, സെർബിയ, മാലിദ്വീപ്, ലക്സംബർഗ്, ബെൽജിയം, നെതർലാൻഡ്സ്, ഡെൻമാർക്ക്, സ്വീഡൻ, പോളണ്ട്, നോർവെ, ഹംഗറി, ഓസ്ട്രിയ, സ്ലോവേനിയ, സ്ലോവാക്യ, ഇറ്റലി, ലിക്ടൻസ്റ്റൈൻ, ചെക്ക് റിപ്പബ്ലിക്ക്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്.
സന്തോഷ് ജോർജ് കുളങ്ങരയാണ് റോൾ മോഡൽ. അദ്ദേഹത്തിന്റെ ജീവിതവും, ആശയങ്ങളും തന്നെ ചെറുപ്പം മുതൽ സ്വാധീനിച്ചിട്ടുണ്ടെന്നും അൽത്താഫ് പറയുന്നു. ഒൻപത് വർഷമായി യു.എ.ഇയിലുണ്ട്. പഠിച്ചതും വളർന്നതുമൊക്കെ യു.എ.ഇയിൽ തന്നെ. അബൂദബിയിൽ ന്യൂക്ലിയർ എൻജിനീയറായ അഫ്ലത്തിന്റെ ഏക മകനാണ് അൽത്താഫ്. ഉമ്മയുടെ സപ്പോർട്ടൊന്ന് കൊണ്ടാണ് ഇക്കണ്ട രാജ്യങ്ങളൊക്കെയും തനിക്ക് സന്ദർശിക്കാനായതെന്ന് അൽത്താഫ് പറയുന്നു.
ഇനിയുമേറെ രാജ്യങ്ങൾ സന്ദർശിക്കണമെന്നുള്ള ആഗ്രഹത്തിലാണ് അൽത്താഫ്. യു.എസ്, കനേഡിയൻ വിസ തുടങ്ങി തനിക്ക് പോകേണ്ട രാജ്യങ്ങളിലേക്കുള്ള വിസയും എടുത്തുവെച്ച് യാത്രക്കായൊരുങ്ങിയിരിക്കുകയാണ്. ഈ വർഷം പത്ത് രാജ്യങ്ങൾകൂടി സന്ദർശിക്കണം എന്നാണ് ലക്ഷ്യം. അതോടൊപ്പം ഒരിക്കൽ കൂടി യാത്ര ചെയ്തതിൽ ഇഷ്ടപ്പെട്ട ആർട്ടിക്കിലേക്ക് പോകണമെന്ന ആഗ്രഹവുമുണ്ട്. രണ്ട് മാസം കൊണ്ട് ഒരിക്കൽ കൂടി താൻ ആർട്ടിക് സന്ദർശിക്കുമെന്ന് അൽത്താഫ് പറയുന്നു. സർട്ടിഫൈഡ് സ്കൂബ ഡൈവർ കൂടിയാണ് ഈ ഇരുപത്തിയൊന്നുകാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.