വീട്ടിൽനിന്നുള്ള വഴികൾ

സാഹിത്യ അനുഭവ എഴുത്തിന്‍റെ അവസാന ലക്കം. എഴുത്തിലും ജീവിതത്തിലും വീട് എത്രത്തോളം ആശ്വാസകരവും പ്രചോദനകരവുമായ അനുഭവമായി എങ്ങനെ മാറിയെന്ന് എഴുതുന്നു.എന്തുകൊണ്ടാണ് വീട് എന്ന പ്രമേയം കഥകളിൽ പലവട്ടം പരാമർശിക്കപ്പെടുന്നത്? പലരും എന്നോട് ഈ ചോദ്യം ചോദിക്കാറുണ്ട്. അവരുടെ അന്വേഷണത്തിൽ ഒരു ശരിയുണ്ടുതാനും. വീട് എന്ന പ്രതീകം ആവർത്തിച്ചുവരുമ്പോൾപോലും അവയൊന്നും സമാനതകളില്ലാത്ത രീതിയിലാണ് പരാമർശിക്കപ്പെടുന്നതെന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്. എന്നാലും വീട് എനിക്കിഷ്ടപ്പെട്ട വിഷയംതന്നെയാണ്. ഞാൻ ഏറ്റവും വിശ്രാന്തി തേടുന്ന ഒരിടം എന്നതിലുപരി വീട് എനിക്ക് പലതരത്തിലുള്ള സുരക്ഷിതത്വവും...

സാഹിത്യ അനുഭവ എഴുത്തിന്‍റെ അവസാന ലക്കം. എഴുത്തിലും ജീവിതത്തിലും വീട് എത്രത്തോളം ആശ്വാസകരവും പ്രചോദനകരവുമായ അനുഭവമായി എങ്ങനെ മാറിയെന്ന് എഴുതുന്നു.

ന്തുകൊണ്ടാണ് വീട് എന്ന പ്രമേയം കഥകളിൽ പലവട്ടം പരാമർശിക്കപ്പെടുന്നത്? പലരും എന്നോട് ഈ ചോദ്യം ചോദിക്കാറുണ്ട്. അവരുടെ അന്വേഷണത്തിൽ ഒരു ശരിയുണ്ടുതാനും. വീട് എന്ന പ്രതീകം ആവർത്തിച്ചുവരുമ്പോൾപോലും അവയൊന്നും സമാനതകളില്ലാത്ത രീതിയിലാണ് പരാമർശിക്കപ്പെടുന്നതെന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്. എന്നാലും വീട് എനിക്കിഷ്ടപ്പെട്ട വിഷയംതന്നെയാണ്. ഞാൻ ഏറ്റവും വിശ്രാന്തി തേടുന്ന ഒരിടം എന്നതിലുപരി വീട് എനിക്ക് പലതരത്തിലുള്ള സുരക്ഷിതത്വവും നൽകുന്നു. വീടിനെക്കുറിച്ച് എനിക്ക് എേന്റതായ നിർവചനങ്ങളുണ്ട്. വീട് വീടാകുന്നത് അനുബന്ധമായ ചില ഘടകങ്ങൾ ചേരുമ്പോഴാണ്. ''ഇപ്പോൾ ഇതൊരു വീടല്ല. നീണ്ട വരാന്തകളും, വെൺമയാർന്ന ചുവരുകളും വലിയ ജനലുകളും വാതിലുകളുമെല്ലാം ഉണ്ടെങ്കിൽപ്പോലും ഇതൊരു വീടാവുന്നില്ല'' (കഥ- ഓരോ വിളിയും കാത്ത്). വീടിനെക്കുറിച്ചുള്ള എന്‍റെ സങ്കൽപം രൂപപ്പെട്ടത് ഒരുപക്ഷേ ഞാൻ ജനിച്ചുവളർന്ന വീട്ടിൽനിന്നായിരിക്കണം. എഴുത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ഒരന്തരീക്ഷമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അക്ഷരങ്ങളുടെ സാന്നിധ്യമോ പുസ്തകങ്ങളുടെ ഗന്ധമോ ഇല്ലാത്ത ഒരു വീട്. എന്നാൽ അറിയുന്തോറും ഇവയൊക്കെ നമ്മിലേക്ക് പകരാനുതകുന്ന പലതും അവിടെ ഉണ്ടെന്ന് എനിക്ക് തോന്നുകയും ചെയ്തിരുന്നു. അക്ഷരംപോലും അറിയാത്ത അമ്മ, അക്ഷരങ്ങൾ കൂട്ടിവായിക്കാൻ മാത്രം അറിയുന്ന അച്ഛൻ, എന്നാൽ ഇവർ എനിക്കു തന്ന അറിവിന്‍റെയും അനുഭവങ്ങളുടെയും ആഴവും പരപ്പും വലുതായിരുന്നു. മറ്റുള്ളവർക്ക് നൽകേണ്ട കരുതലിന്‍റെയും ജീവിതത്തിൽ പാലിക്കേണ്ട സത്യസന്ധതയുടെയും വലിയൊരു സാക്ഷ്യമാണ് ഇവരെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ലൈബ്രറി പുസ്തകം വായിക്കുന്നതിന് എന്നെ എന്നുമെതിർത്തിരുന്ന അച്ഛൻ, ഞാനയച്ചുകൊടുത്ത എന്‍റെ ആദ്യപുസ്തകം ഏതാണ്ട് ഒരർധരാത്രിയിൽ മണ്ണെണ്ണവിളക്കിന്‍റെ വെളിച്ചത്തിൽ നോക്കിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നിയത് അച്ഛൻ എന്‍റെ പുസ്തകത്തെ നോക്കി താരാട്ട് പാടുന്നതായാണ്. മണ്ണെണ്ണവിളക്കിന്‍റെ വെളിച്ചത്തിന് പിറകിൽ ധാരാളം പുസ്തകങ്ങളുടെ അദൃശ്യസാന്നിധ്യമുള്ളതായും ഞാൻ കണ്ടു. വീട് എത്ര മനോഹരമായ അനുഭവമാണെന്ന് എനിക്ക് തോന്നിയത് മഴക്കാല രാത്രികളിൽ അമ്മ എനിക്ക് പാടിത്തന്ന അപൂർണമായ നാടൻപാട്ടുകളിൽനിന്നാണ്. പകൽ മുഴുവൻ പറമ്പിലും പാടത്തും മറ്റു ജോലിക്കാരോടൊപ്പം പണിയെടുത്ത് തളർന്ന് രാത്രിയിൽ കിട്ടിയ ഇടവേളകളിൽ ധാരാളം പഴയ കഥകൾ പറഞ്ഞുതരുമായിരുന്നു അച്ഛൻ. ആ നാട്ടിൽ പലതരം ജീവിതം ജീവിച്ച മനുഷ്യരുടെ കഥകൾ. പുരാവൃത്തം സമൃദ്ധമായ ഒരു ദേശത്തിന്‍റെ ഭൂതകാലം. അവിടെനിന്നായിരിക്കാം കഥകളിലേക്കുള്ള എന്‍റെ യാത്രകൾ ആരംഭിച്ചത്. വീട്ടിൽ അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും സാന്നിധ്യമില്ലെങ്കിലും വീട്ടിലെ ഓരോ ഇടത്തും അക്ഷരങ്ങളും പുസ്തകങ്ങളുമുണ്ടെന്ന തോന്നലിലേക്ക് എന്നെ എത്തിച്ചത് വീടായിരുന്നു. വീടാണ് ഏറ്റവും ശക്തമായ സർഗാത്മകത എന്നും ഞാൻ തിരിച്ചറിഞ്ഞു. വീടിനെ ഞാൻ അത്രയേറെ സ്നേഹിക്കാൻ തുടങ്ങി. എവിടെപ്പോയാലും വീട് എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും തോന്നി. ഈ തോന്നലിലാണ് 'വീട് സംസാരിക്കുന്നു' എന്ന പ്രമേയത്തിൽ ഞാൻ എത്തിയത്. ഗ്രാമത്തിൽ ഏറ്റവും അംഗീകാരം ലഭിച്ച ഒരു ഡോക്ടർക്ക്, നഗരത്തിൽ കഴിയുന്ന മക്കളുടെ നിരന്തര േപ്രരണയാൽ ദുർബല നിമിഷത്തിൽ ഗ്രാമത്തിലെ വീടു വിറ്റ് നഗരത്തിൽ ചേക്കേറാൻ തോന്നുന്നു. അയാളുടെ ഭാര്യ മരിച്ചതോടെ നഗരത്തിൽ ഏകനായി കഴിയുന്ന അവസ്ഥ അയാൾക്കുണ്ടാവുന്നു. ഗ്രാമത്തിലെ വീട് അയാളെ നിരന്തരം വിളിക്കുകയാണെന്ന് അയാൾക്ക് തോന്നുകയാണ്. ആ വീട് തിരിച്ചുവാങ്ങാൻ അയാൾ ഒരു ശ്രമം നടത്തുന്നു. എന്നാൽ വീട് തിരിച്ചുവാങ്ങാൻ കഴിയുന്നില്ല. ഒടുവിൽ പഴയ ഓർമകൾ അയവിറക്കി ആ വീട്ടിൽ ഒരുനാൾ താമസിക്കാനുള്ള ആഗ്രഹം അയാളിൽ ഉൽക്കടമായി. വിറ്റ വീട്ടിൽ താമസിക്കാനുള്ള അനുവാദവും അയാൾ വാങ്ങുന്നു. അവിടെ എത്തി ഒരു രാത്രി താമസിച്ചപ്പോൾ അയാൾക്ക് തോന്നുകയാണ് വീട് തന്നോട് സംസാരിക്കുകയാണ്. വീട് തന്‍റെ സുഖവിവരങ്ങൾ ആരായുന്നു (കഥ: വീട് സംസാരിക്കുന്നു).

തക്ഷൻകുന്ന് സ്വരൂപം നാടകാവിഷ്കരണത്തിലെ ഒരു രംഗം

അയൽവീട്ടിലെ ഒരു ചെറുപ്പക്കാരൻ തന്ന പുസ്തകം വായിച്ചു, പുസ്തകത്തോട് അഭിനിവേശം തോന്നിയ എനിക്ക് പിന്നീട് വായനശാലയിൽനിന്നും സ്കൂൾ ലൈബ്രറിയിൽ നിന്നും കിട്ടിയ പുസ്തകങ്ങൾ വായിച്ചാണ് പുസ്തകവായനയോടുള്ള കൊതി തീർത്തുകൊണ്ടിരുന്നത്. വീടിന്‍റെ മുകൾനിലയിൽ എനിക്കനുവദിച്ചുകിട്ടിയ മുറിയിൽ, രാത്രിയിൽ മുട്ടവിളക്കിന്‍റെ തിരി താഴ്ത്തിയാണ് അക്കാലത്ത് ഞാൻ വായിച്ചുകൊണ്ടിരുന്നത്. എഴുതാൻ തുടങ്ങിയതും വളരെ ബുദ്ധിമുട്ടിയായിരുന്നു. നെല്ല് നിറച്ച പത്തായത്തിന്‍റെ പുറത്ത് കടലാസ് നിവർത്തിയും, കുരുമുളക് നിറച്ച ചാക്കുകൾക്ക് മുകളിൽ പലകവെച്ചും എന്തൊക്കെയോ എഴുതിക്കൂട്ടിയ കാലം. അച്ഛന്‍റെ കണ്ണുവെട്ടിച്ചായിരുന്നു എഴുത്തുകൾ. എഴുതിയത് കഥയാണോ, കവിതയാണോ എന്നൊന്നും തിട്ടമുണ്ടായിരുന്നില്ല. പുന്നെല്ലിന്‍റെയും കുരുമുളകിന്‍റെയും ഗന്ധം പുരണ്ട ഈ എഴുത്തുകാലം പിന്നീട് വലിയൊരു പ്രതിരോധമായതായും എനിക്ക് തോന്നിയിട്ടുണ്ട്. അതോടൊപ്പം അച്ഛനും അമ്മയും നൽകിക്കൊണ്ടിരുന്ന സ്നേഹത്തിന്‍റെ സുരക്ഷിതത്വവും എനിക്ക് എഴുത്തിന്‍റെ വലിയൊരു പ്രചോദനമായി അനുഭവപ്പെട്ടിരുന്നു. സുഹൃത്തുക്കളിൽ പലർക്കും വീട് വിട്ട് ഏതൊരിടത്തു പോയാലും എഴുത്തിന് ഒരു വിഘാതവും സംഭവിക്കാറില്ല. എന്നാൽ എനിക്ക് വീട്ടിലിരുന്നോ, അതല്ലെങ്കിൽ വീടിന് സമാനമായ ഗൃഹാതുരത നിറഞ്ഞ അന്തരീക്ഷത്തിൽ ഇരുന്നോ എഴുതാൻ മാത്രമേ സാധിക്കുകയുള്ളൂ.

ആദ്യകാലത്ത് കവിതയും നാടകവും ധാരാളം എഴുതിയെങ്കിലും പിന്നീടെപ്പോഴോ എന്‍റെ മേഖല എന്താണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. കഥകളിലേക്ക് തിരിഞ്ഞപ്പോൾപോലും അവിടെയും ചില പരിമിതികൾ ഉണ്ടായിരുന്നു. മാതൃഭൂമി അടക്കമുള്ള പ്രസിദ്ധീകരണങ്ങളിൽ എന്‍റെ കഥകൾ വന്നിട്ടും എവിടെയോ ചില പോരായ്മകൾ ഉണ്ടെന്നും മനസ്സിലായി. അതെന്നെ ബോധ്യപ്പെടുത്തിയത് ''ഒരു ശുഭമുഹൂർത്തത്തിൽ എന്നോടൊപ്പം യാത്രയാരംഭിച്ച പ്രിയ കൂട്ടുകാരി ഗീതക്ക്'' എന്ന് 'ഒറ്റവാക്കിൽ ഒരു ജീവിതം' എന്ന നോവൽ സമർപ്പിച്ച ഭാര്യ ഗീതയാണ്. വിവാഹം കഴിഞ്ഞതോടെ എഴുതുന്നതെന്തും ആദ്യമായി കാണിക്കാറുള്ളത് ഗീതയെയാണ്. ഗീത എറണാകുളം മഹാരാജാസ് കോളജിൽ പഠിക്കുന്ന കാലത്ത് ചില സന്ദർഭങ്ങളിൽ കഥകൾ എഴുതാറുണ്ടായിരുന്നു. അവർ പിന്നീട് അത് മുന്നോട്ടു കൊണ്ടുപോയില്ല. അതേസമയം കഥയെ സംബന്ധിച്ച നല്ല ഗ്രാഹ്യമുണ്ടായി. സാനുമാഷ്, ലീലാവതി ടീച്ചർ, തോമസ് മാത്യു മാഷ്, ഓമനക്കുട്ടൻ മാഷ് എന്നിവരുടെ ശിഷ്യയായതുകൊണ്ടാകാം ഈ തിരിച്ചറിവ് കിട്ടിയതെന്ന് ഞാൻ തമാശയായി പറയാറുണ്ട്. എഴുതിക്കഴിഞ്ഞ കഥ ഗീതയെക്കൊണ്ട് വായിപ്പിച്ചതിനു ശേഷമേ പ്രസിദ്ധീകരണത്തിന് അയക്കാറുള്ളൂ. അവർ വായിച്ചു കൃത്യമായ അഭിപ്രായം പറയും. ഇഷ്ടപ്പെട്ടില്ലെങ്കിൽ എവിടെയാണ് ഇഷ്ടപ്പെടാത്തതെന്ന് വിശദീകരിക്കും. എന്നാൽ അത് ഞാൻ സ്വീകരിച്ചുകൊള്ളണമെന്നില്ല. സ്വീകരിക്കണമെന്ന് ഗീതക്കും നിർബന്ധമില്ല. രചനയെക്കുറിച്ചുള്ള ആത്യന്തിക വിധികർത്താവ് അതെഴുതിയ വ്യക്തിതന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. വായിച്ച കഥയെക്കുറിച്ചുള്ള ദീർഘമായ സംഭാഷണത്തിനൊന്നും ഞാൻ മുതിരാറില്ല. എഴുതാൻ പോകുന്ന കഥയായാലും നോവലായാലും മുമ്പേ പറയാറുമില്ല. എഴുതിത്തീരുന്നതുവരെ അത് പൂർണമായും എന്‍റെ സ്വകാര്യമാണെന്ന് ഞാൻ കരുതുന്നു. 'തക്ഷൻകുന്ന് സ്വരൂപം' രണ്ടു കൊല്ലക്കാലം വീടിന്‍റെ മുകളിലത്തെ നിലയിലെ മുറിയിലിരുന്നാണ് എഴുതിയത്. കാര്യമായ എന്തോ ഒന്നിലാണെന്ന് മാത്രമേ ഭാര്യയും മക്കളും കരുതിയുള്ളൂ. ഇതിനിടയിൽ എഴുത്തിനിടയിലേക്ക് കടന്നുവരുന്ന ശീലം അവർക്കാർക്കുമില്ല. നോവലിന്‍റെ അവസാനത്തെ പേജും എഴുതിക്കഴിഞ്ഞശേഷം, ഒരു ദീർഘനിശ്വാസമിട്ടതിനുശേഷം ഞാൻ തുന്നിക്കൂട്ടിയ കടലാസുകൾ അടുക്കിവെച്ച് താഴേക്കിറങ്ങിവന്നു. ഒരു സന്ധ്യാനേരം. ഗീത അപ്പോൾ, വീട്ടിനുള്ളിൽ അവൾ ഒരുക്കിയിരുന്ന ശ്രീകോവിലിനു മുമ്പിൽ പ്രാർഥനാനിരതമായ മനസ്സോടെ നിൽക്കുകയാണ്. ഞാൻ അത്തരമൊരു വിശ്വാസിയല്ലെങ്കിലും ഗീത കടുത്ത ദൈവവിശ്വാസിയാണ്. ഏതു കാര്യം ചെയ്യുമ്പോഴും പ്രാർഥിച്ചേ തുടങ്ങാറുള്ളൂ. ഞാനത് കൗതുകത്തോടെ പലപ്പോഴും നോക്കിനിൽക്കാറാണ് പതിവ്. എന്‍റെ വിശ്വാസരീതിയോട് അവർക്ക് കടുത്ത വിയോജിപ്പുമുണ്ട്. ഏതു കാര്യത്തിനും ദൈവത്തെ കൂട്ടുപിടിക്കുന്ന രീതിയെ ഞാൻ കളിയാക്കാറുമുണ്ട്. ഗീത നന്നായി പാചകം ചെയ്യും. അവരുണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് നല്ല രുചിയുമാണ്. ഇതിന്‍റെ പ്രധാന കാരണം ഏതു ഭക്ഷണം ഉണ്ടാക്കാനൊരുങ്ങുമ്പോഴും അമ്മ പ്രാർഥിച്ചേ ചെയ്യാറുള്ളൂ എന്നതാണെന്ന് മകൾ പറയുന്നു. ആരുടെയും വിശ്വാസങ്ങളിൽ ഞാൻ ഇടപെടാറുമില്ല. 'തക്ഷൻകുന്ന് സ്വരൂപ'ത്തിന്‍റെ വലിയ കെട്ട് ഗീതയുടെ കൈയിൽ കൊടുത്തപ്പോൾ, അതിലേക്ക് അത്ഭുതത്തോടെ നോക്കിയശേഷം അവർ താൻ ആരാധിക്കുന്ന കൃഷ്ണന്‍റെ മുമ്പിൽ സമർപ്പിച്ചു. ഞാൻ അതിലൊന്നിലും ഇടപെടാൻ മുതിർന്നില്ല. അവരുടെ പ്രാർഥന കഴിഞ്ഞതിനുശേഷം 'തക്ഷൻകുന്ന് സ്വരൂപം' തിരികെ തന്നു. പിന്നീടാണ് അവർ വായിച്ചത്. തിരക്കുകൾക്കിടയിൽ കുറെ ദിവസമെടുത്താണ് അത് വായിച്ചുതീർത്തത്. വായിച്ചുകഴിഞ്ഞപ്പോൾ ഒരഭിപ്രായം പറഞ്ഞു. അത് ഏറക്കുറെ അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്തു.

'തക്ഷൻകുന്ന് സ്വരൂപ'ത്തിന് വയലാർ അവാർഡ് കിട്ടിയതിന് ശേഷം യു.കെ. കുമാരന് ഡൽഹിയിൽ കേരള ക്ലബ് നൽകിയ സ്വീകരണം. മാധ്യമപ്രവർത്തകൻ എൻ. അശോകൻ, വി.പി. ജോയ്, നാടകകൃത്ത് ഓംചേരി എന്നിവർ വേദിയിൽ

കുട്ടിക്കാലത്ത് ഞാൻ കേട്ട കഥകൾ, അറിഞ്ഞ ഒരു ദേശത്തിന്‍റെ ഗതകാലചരിത്രം, ആ ദേശത്ത് വർഷംതോറും അരങ്ങേറാറുണ്ടായിരുന്ന കാലിച്ചന്ത, അതിൽ പങ്കെടുക്കാനെത്തുന്ന വിവിധ ദേശക്കാർ, അവരുടെ പലതരത്തിലുള്ള ഭാഷാരീതി, ഗ്രാമത്തിലാകെ സംഗീതസാന്ദ്രമായ ശബ്ദം, ഉത്സവാന്തരീക്ഷം, ഒരു കാലം വരെ ഞാൻ കൂടി സാക്ഷിയായ ഒരു ദേശചരിത്രത്തെ എഴുത്തുഭാഷയിലാക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. അനുഭവിച്ചതും കേട്ടതുമായ വൈകാരികതയുടെ എത്രത്തോളം അംശം രചനയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് എനിക്കറിയില്ല. എങ്കിലും എഴുതിത്തീർത്തപ്പോൾ വലിയൊരാശ്വാസമായിരുന്നു. എത്രയോ വർഷമായി ഒരു ദേശത്തിലെ അറിയാത്തതും അറിയുന്നതുമായ കഥകൾക്ക് പിറകെയായിരുന്നു ഞാൻ. യഥാർഥമായ സംഭവങ്ങളെ സ്ഥാപിച്ചെടുക്കാൻ കഴിയുന്ന രേഖകൾ തേടിയുള്ള നടത്തം. ഒരുപക്ഷേ, എന്‍റെ ആദ്യരചനയായ 'വലയം' എഴുതുമ്പോൾപോലും അന്തരാളത്തിലെവിടെയോ ഈ ഒരു വലിയ ചരിത്രത്തിന്‍റെ പാളികൾ വിളികേട്ടു കിടന്നിട്ടുണ്ടാകണം. ആ വിളിക്ക് യഥാർഥ രൂപത്തിലുള്ള ഒരു മറുവിളി കൊടുക്കാനുള്ള നിരന്തരമായ ശ്രമം നടത്തുകയായിരുന്നു ഞാൻ. അതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. തെല്ലവിശ്വസനീയതയോടെ 'തക്ഷൻകുന്ന് സ്വരൂപ'ത്തിന്‍റെ പേജുകളിലേക്ക് ഞാൻ നോക്കി. രചനയുടെ ഇത്രയും കാലം ഒരു കൃതിക്കു വേണ്ടി ഇതുപോലെ പൊറുതികേടുകൾക്ക് പിറകെ ഞാൻ പോയിട്ടില്ല. അസ്വസ്ഥതകൾ അനുഭവിച്ചിരുന്നില്ല. വർഷങ്ങളായി ഞാനെഴുതിക്കൊണ്ടിരുന്നതിന്‍റെ സുകൃതമായി ഞാൻ മുമ്പിലെ അക്ഷരക്കൂട്ടത്തെ കണ്ടു. തക്ഷൻകുന്ന് സ്വരൂപം പുസ്തകമായപ്പോൾ ആമുഖത്തിൽ തെല്ല് ഖേദത്തോടെ ഞാൻ ഇങ്ങനെ സമർപ്പിക്കുകയായിരുന്നു. ''ഇനി ഒരിക്കലും തിരിച്ചുവരാത്ത ദൃശ്യഭംഗികളും നാദവിസ്മയങ്ങളും മനുഷ്യബന്ധങ്ങളും നഷ്ടസ്മൃതിയായി മനസ്സിൽ സൂക്ഷിക്കുന്ന ഒരു ദേശത്തിന്.'' ഗീതക്ക് ആ ദേശത്തിന്‍റെ പുതിയ കാലത്തെക്കുറിച്ചു മാത്രമേ അറിയാൻ കഴിഞ്ഞുള്ളൂ. അവർ ഗ്രാമത്തിലേക്ക് വന്ന കാലത്ത് ഏറെ സജീവമായ ഒരു കാലത്തിന്‍റെ അവസാന ദശയിലായിരുന്നു നാട്. പിന്നീട് 'തക്ഷൻകുന്ന് സ്വരൂപ'ത്തിലൂടെയാണ് മൺമറഞ്ഞുപോയ ആ ദേശത്തിന്‍റെ വിസ്മയങ്ങൾ ഗീത കണ്ടത്. അവൾ ക്ലാസിൽ പഠിപ്പിച്ച എന്‍റെ കഥകളിലും ഗ്രാമത്തിന്‍റെ ചെറിയ അടയാളങ്ങൾ ഉണ്ടായിരുന്നു. അധ്യാപനകാലത്തെക്കുറിച്ചു പറയുമ്പോൾ മറക്കാൻ പറ്റാത്ത 'ഏഴു വർഷ'ത്തെക്കുറിച്ച് അവർ എടുത്തുപറയാറുണ്ട്. ഒമ്പതാം ക്ലാസിൽ അഞ്ചു വർഷം എന്‍റെ 'മടുത്ത കളി' എന്ന കഥ കുട്ടികളെ പഠിപ്പിച്ചു. പിന്നീട് വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള രണ്ടു വർഷം എന്‍റെ 'ഓരോ വിളിയും കാത്ത്' എന്ന കഥ പത്താം ക്ലാസിലും പഠിപ്പിച്ചു. അതാണ് എടുത്തുപറയുന്ന ഏഴു വർഷം.

വീട്ടിൽ വായനയുടെയും എഴുത്തിന്‍റെയും അന്തരീക്ഷമുണ്ടെങ്കിൽ അത് സ്വാഭാവികമായും എല്ലാവരെയും സ്വാധീനിക്കുമെന്ന് നാം വിശ്വസിക്കുന്നു. എന്നാൽ ഇത് ഭാഗികമായി മാത്രമേ ശരിയാകൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്‍റെ കാര്യത്തിൽ മാത്രമല്ല മറ്റു പലരുടെയും കാര്യത്തിൽ ഇങ്ങനെ സംഭവിച്ചതായി ഞാൻ കണ്ടിട്ടുണ്ട്. മകൻ പിറന്നപ്പോൾ അവൻ നല്ലൊരു വായനക്കാരനാകണമെന്ന് ഞാൻ ആഗ്രഹിച്ചു. അതനുസരിച്ചുള്ള അന്തരീക്ഷവും ഒരുക്കി. എനിക്ക് കഥകൾ പറഞ്ഞുകൊടുക്കാൻ സമയം കിട്ടാത്തതുകൊണ്ട് ഭാര്യയാണ് മക്കൾക്ക് കഥകൾ പറഞ്ഞുകൊടുത്തിരുന്നതും പാട്ടുകൾ പാടിക്കൊടുത്തിരുന്നതും. മകന് വായിക്കാൻ വേണ്ടി കുട്ടിക്കാലത്ത് ഞാൻ ധാരാളം പുസ്തകങ്ങൾ വാങ്ങിക്കൊടുത്തു. എന്നാൽ അവൻ അത്തരം കാര്യങ്ങളിലൊന്നും അത്ര ആഭിമുഖ്യം കാണിച്ചില്ല. മുതിർന്നപ്പോൾ സാങ്കേതിക വിഷയങ്ങളിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തത്. അവന്‍റെ താൽപര്യവുമായി അവൻ മുന്നോട്ടുപോയി. പിന്നീട് എൻജിനീയറിങ്ങിനു ചേർന്നു. അവന്‍റെ ആഗ്രഹംപോലെത്തന്നെ സോഫ്റ്റ് വെയർ എൻജിനീയറായി. സാഹിത്യത്തിലോ, മറ്റു സർഗാത്മക വിഷയങ്ങളിലോ അത്ര ആഭിമുഖ്യമില്ലെങ്കിലും ശാസ്ത്രമടക്കമുള്ള മറ്റു പല മേഖലകളിലും ആഴത്തിലുള്ള അറിവ് അവനുണ്ട്. അതുപോലെത്തന്നെയാണ് മകളുടെ കാര്യവും. കുട്ടിക്കാലത്ത് അവൾ ധാരാളം കവിതകൾ എഴുതുമായിരുന്നു. മാതൃഭൂമി ബാലപംക്തിയിൽ കവിതകൾ എഴുതിയിട്ടുണ്ട്. എഴുത്തിന്‍റെ മേഖലയിൽ അവൾ വളരെ മുന്നേറുമെന്ന് ഞാൻ വിശ്വസിച്ചു. പിന്നീട് അവളുടെ താൽപര്യങ്ങൾ മാറുന്നതാണ് കണ്ടത്. ആരുടെയും നിർദേശമൊന്നും കൂടാതെ മെഡിസിൻ ഏറ്റവും ഇഷ്ടപ്പെട്ട വിഷയമായി അവൾ സ്വയം കണ്ടെത്തുകയായിരുന്നു. പിന്നെ അതിനുവേണ്ടിയുള്ള തീവ്രശ്രമത്തിലായിരുന്നു. അതിന്‍റെ ഫലമായിട്ടാകാം ഒന്നാമത്തെ പ്രാവശ്യം തന്നെ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ അവൾക്ക് ഇടംകിട്ടി. സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനവും കിട്ടി. എന്നാൽ അതോടുകൂടി കുട്ടിക്കാലത്ത് അവളുടെ മനസ്സിലുണ്ടായിരുന്ന കവിതയോടുള്ള താൽപര്യം വറ്റിപ്പോയിരുന്നു. അതേസമയം എഴുത്തിനോടും വായനയോടുമുള്ള ആദരവ് അവൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും ചെയ്തു. എന്‍റെ അഭിരുചികളും, മറ്റു പല ഉത്കണ്ഠകളും പങ്കുവെക്കാൻ എപ്പോഴും അവർ ശ്രദ്ധപുലർത്തിയിരുന്നു.

കുട്ടിക്കാലത്ത് എന്‍റെ ആരോഗ്യം വളരെ മോശമായിരുന്നെന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, എപ്പോഴാണ് എന്‍റെ കണ്ണടയുക എന്നതും നോക്കി എത്രയോ രാത്രികൾ അമ്മ ഇരുന്നിട്ടുണ്ടെന്ന് പറയാറുണ്ട്. ദിവസവും മൂന്നും നാലും ഇൻജക്ഷനുകൾ എന്‍റെ ചെറിയ ശരീരത്തിലേക്ക് കുത്തിക്കയറ്റുന്നത് കാണുമ്പോൾ ഉറക്കെ കരയാനാവാതെ വിഷമിച്ചിട്ടുണ്ട്. അസുഖമായി എന്നെയും ഒക്കത്തേന്തി ഡോക്ടറുടെ അടുത്തേക്ക് മൂന്നു നാഴിക അങ്ങോട്ടും ഇങ്ങോട്ടും വന്നുപോയത് പറയുമായിരുന്നു. മറ്റു കുട്ടികൾ കളിക്കുമ്പോൾ കുട്ടിക്കാലത്ത് അവരോടൊപ്പം കളിക്കാൻ എനിക്കനുവാദമുണ്ടായിരുന്നില്ല. എന്നാൽ മുതിർന്നപ്പോൾ അത്തരം അനാരോഗ്യങ്ങളൊന്നും എന്നെ പിന്തുടർന്നില്ല. പത്രപ്രവർത്തകനായിരുന്നപ്പോൾ, എല്ലായ്പോഴും കഠിനാധ്വാനം ചെയ്യുമ്പോഴും, സാഹിത്യ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുമ്പോഴും ഒരിക്കലും ക്ഷീണം പ്രകടിപ്പിക്കാതെ ജോലിചെയ്യുന്ന എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ''നിങ്ങൾക്കസുഖമൊന്നും വരില്ലേ?'' അവരോട് ഞാനെന്താണ് പറയേണ്ടത്? രോഗം പുരണ്ട കുട്ടിക്കാലത്തെക്കുറിച്ചോ രോഗമില്ലാത്ത വർത്തമാനകാലത്തെക്കുറിച്ചോ ഒന്നും പറയാൻ ഞാൻ മിനക്കെട്ടില്ല. രോഗമില്ലാത്തതിൽ എനിക്ക് പ്രത്യേകിച്ച് അഭിമാനവും തോന്നിയില്ല. നഗരത്തിലെ ഒറ്റമുറി ഫ്ലാറ്റിൽ ഞങ്ങൾ കുടുംബസമേതം താമസിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. കുറച്ചുകൂടി സൗകര്യമുള്ള ഒരിടം വേണമെന്നതുകൊണ്ട് വീട് പണിയാൻ തീരുമാനിക്കുകയും ചെയ്തു. അതിനുവേണ്ടിയുള്ള സാമ്പത്തിക സഹായത്തിനു വേണ്ടി ഒരേജൻസിയെ സമീപിച്ചപ്പോൾ അവർ എന്‍റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. അതനുസരിച്ച് നഗരത്തിലെ ഒരു പ്രശസ്ത ആശുപത്രിയിൽ പരിശോധനക്ക് ഞാൻ ചെന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഇവിടെനിന്നുതന്നെ വേണമെന്നതാണ് വായ്പ തരാമെന്ന് സമ്മതിച്ച സ്ഥാപനം നിർദേശിച്ചിരുന്നത്. പരിശോധന കഴിഞ്ഞ് കൺസൾട്ടിങ് റൂമിലേക്ക് എന്നെ വിളിപ്പിച്ചു ഡോക്ടർ പറഞ്ഞു: ''ഹാർട്ടിന് ജന്മനാ സാരമായ ചില തകരാറുകളുണ്ട്. അത് പരിഹരിക്കാൻ സർജറി ഉടനെ ചെയ്യേണ്ടിവരും. റിപ്പോർട്ടിൽ ഞാൻ ഇക്കാര്യം എഴുതുന്നുണ്ട്.''

പെട്ടെന്ന് ഞാൻ വല്ലാതെ വിവശനായി. പിന്നീട് അദ്ദേഹം ഹൃദയത്തിന്‍റെ തകരാറുകൾ വിവരിച്ചുതന്നു. വായ്പ തരാമെന്ന് പറഞ്ഞ ധനകാര്യ സ്ഥാപനം അതു തരില്ല എന്നുറപ്പായി. പിന്നീട് മറ്റു ചില വ്യവസ്ഥകളോടെയാണ് അവർ എനിക്ക് വായ്പ തരാൻ തയാറായത്. വീട് പണി ആരംഭിക്കുകയും ചെയ്തു. ഡോക്ടർ എന്നെ അറിയിച്ച കാര്യം ഭാര്യയോട് പറഞ്ഞിരുന്നില്ല. അന്നത്തെ അവസ്ഥയിൽ അവൾക്ക് അതൊരു ആഘാതമാകുമെന്ന് തോന്നിയതായിരുന്നു കാരണം. മാത്രമല്ല, അത്ര വലിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ എനിക്കുണ്ടെന്നും തോന്നിയിരുന്നില്ല. പതിവിനേക്കാൾ കൂടുതൽ ഞാൻ അധ്വാനിച്ചിരുന്ന ഒരു കാലമായിരുന്നു അത്. അപ്പോഴൊന്നും എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പ്രശ്നങ്ങളൊന്നും കൂടാതെ അങ്ങനെ കഴിഞ്ഞുപോകുമെന്ന് ഞാനും വിചാരിച്ചു. അതിനിടയിൽ ഭാര്യയെ ആകുലപ്പെടുത്തേണ്ടെന്ന നിലപാടിലായിരുന്നു ഞാൻ. എന്‍റെ സുഹൃത്തുക്കളുമായി ആരോഗ്യപ്രശ്നം പങ്കുവെച്ചപ്പോൾ തുടർപരിശോധന ആവശ്യമാണെന്ന നിലപാടായിരുന്നു അവർക്ക്. അതനുസരിച്ച് മെഡിക്കൽ കോളജിൽ ഒരു പരിശോധന നടത്തി. അവിടെയും അതേ അഭിപ്രായമായിരുന്നു. ''ചിലപ്പോൾ പെട്ടെന്ന് ഒന്നും സംഭവിക്കില്ല. ഭാവിയിൽ ഉണ്ടായേക്കാം.'' അവർ മുന്നറിയിപ്പ് നൽകി. എറണാകുളത്തായിരുന്നപ്പോൾ അമൃതാ ആശുപത്രിയിൽ വെച്ചും വിശദമായ പരിശോധന നടത്തി. അവരും അതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. എന്നാൽ പെട്ടെന്നൊരു ഹൃദയ ശസ്ത്രക്രിയക്ക് ഞാൻ സന്നദ്ധനായിരുന്നില്ല. കാര്യമായ ഒരു ശാരീരിക പ്രശ്നം എനിക്കനുഭവപ്പെടുന്നില്ല എന്നതായിരുന്നു കാരണം.

കു​ടും​ബം: ഇ​ട​ത്തുനി​ന്ന് മ​രു​മ​ക​ൻ ഡോ. ​ന​വ​നീ​ത്, മ​ക​ൾ ഡോ. ​മേ​ഘ, യു.​കെ.​ കു​മാ​ര​ൻ. ഭാ​ര്യ ഗീ​ത, മ​ക​ൻ മൃ​ദു​ൽരാ​ജ് (സോ​ഫ്റ്റ് വെ​യ​ർ എ​ൻജിനീ​യ​ർ), മ​രു​മ​ക​ൾ ഭ​വ്യ (സോ​ഫ്റ്റ് വെ​യ​ർ എ​ൻജി​നീ​യ​ർ)

വർഷങ്ങൾക്കു ശേഷം കുടുംബസമേതം സിംഗപ്പൂർ, മലേഷ്യ സന്ദർശനം നടത്തിക്കൊണ്ടിരിക്കെ അവിചാരിതമായി എനിക്ക് ഒരു ശാരീരികപ്രശ്നമുണ്ടായി. സിംഗപ്പൂരിലെ യൂനിവേഴ്സൽ സ്റ്റുഡിയോവിനകത്തേക്ക് കയറാനൊരുങ്ങുമ്പോൾ കഠിനമായ ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. തുടർന്ന് ദേഹമാസകലം വിയർക്കാൻ തുടങ്ങി. എന്നാൽ ഈ അസ്വസ്ഥതകളെല്ലാം കുറച്ചുനേരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉറക്കമിളച്ചു ദീർഘമായി യാത്ര ചെയ്തതോ കാലാവസ്ഥ മാറിയതോ ആകാം എന്‍റെ അസ്വസ്ഥതക്ക് കാരണമെന്ന് എനിക്ക് തോന്നി. കൂടെയുള്ളവർ പരിഭ്രാന്തരാകുമെന്ന് കരുതി ഞാനതു പറയാനും പോയില്ല. അതുകഴിഞ്ഞ് മാസങ്ങളോളം ഒരു പ്രശ്നവും അനുഭവപ്പെട്ടില്ല. എന്‍റെ ഹൃദയത്തിന്‍റെ പ്രശ്നം ഞാൻ സൗകര്യപൂർവം മറക്കുകയും ചെയ്തു.

ഹൈദരാബാദിലെ ഒ.വി. വിജയൻ സ്മാരക സമിതിയിൽനിന്നും എനിക്കൊരു ക്ഷണം ലഭിച്ചു. ആ വർഷത്തെ ഒ.വി. വിജയൻ സ്മാരക പ്രഭാഷണം ഞാൻ ചെയ്യണം. സന്തോഷപൂർവം ഞാനത് ഏൽക്കുകയും ചെയ്തു. ഹൈദരാബാദിലേക്ക് ഭാര്യയും എന്നെ അനുഗമിച്ചിരുന്നു. െട്രയിനിൽ കയറിയപ്പോൾതൊട്ട് എനിക്ക് എന്തെല്ലാമോ അസ്വസ്ഥത അനുഭവപ്പെടുകയുണ്ടായി. അവിടെ എത്തി ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോൾ ഛർദിക്കാൻ തുടങ്ങി. ഒരു ഭക്ഷണവും കഴിക്കാൻ സാധിക്കാത്ത അവസ്ഥ. വിറക്കുന്ന കാലുകളോടെയാണ് ഞാൻ സ്മാരക പ്രഭാഷണം നിർവഹിച്ചത്. തിരികെ വരുമ്പോഴേക്കും ഞാൻ തളർന്നിരുന്നു. കണക്ഷൻ െട്രയിൻ പിടിക്കാൻ വേണ്ടി ഷൊർണൂരിലെത്തിയ സമയത്ത് നിൽക്കാൻപോലും കഴിയുമായിരുന്നില്ല. ഒരു ചാരുബെഞ്ചിൽ തളർന്നുകിടക്കെ ഭാര്യയോട് ആരോ പറഞ്ഞു: ''കുറച്ചു കഞ്ഞി കൊടുത്താൽ ക്ഷീണം ഉടൻ മാറും.'' അതു കേട്ടയുടൻ ഭാര്യ ഒരു പാത്രവും സംഘടിപ്പിച്ചു ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നടന്നു. അവർ മേൽപാലം കയറി അപ്പുറത്തെ അറിയാത്ത ഒരിടത്തേക്ക് പോകുന്നത് ക്ഷീണിച്ച കണ്ണുകളിലൂടെ ഞാൻ കണ്ടു. വിലക്കാനും കഴിയുമായിരുന്നില്ല. അപ്പോൾ കുട്ടിക്കാലത്ത് രോഗത്തിനടിമപ്പെട്ടു മരിക്കാറായ മകന്‍റെ കണ്ണുകളിലേക്ക് ദുഃഖത്തോടെ ഇരുന്ന എന്‍റെ അമ്മയെ ഞാൻ ഓർത്തു. ഭാര്യ എവിടെനിന്നോ കഞ്ഞി സംഘടിപ്പിച്ചുകൊണ്ടുവന്നിട്ടും അത് കുടിക്കാൻ എനിക്ക് കഴിഞ്ഞില്ല. കഞ്ഞി വായയുടെ അടുത്തേക്ക് വെക്കാൻ തുടങ്ങുമ്പോൾ, ഓക്കാനം തൊണ്ടയിലേക്ക് കടന്നുവരും. നാട്ടിലെത്തിയപ്പോൾ തന്നെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടത്തെ നിർദേശമനുസരിച്ച് ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നടത്തി. എന്നിട്ടും ഛർദിക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഏതാനും ദിവസംകൊണ്ട് ശരീരം നീരു വന്നു വീർത്തു. പിന്നീട് വിദഗ്ധരുടെ നിർദേശം മാനിച്ച് തിരുവനന്തപുരം ശ്രീചിത്രയിൽ പ്രവേശിപ്പിച്ചു. എന്‍റെ ഓർമയിലെ ആദ്യത്തെ ആശുപത്രി വാസമായിരുന്നു അത്. ആശുപത്രിയിൽ ശസ്ത്രക്രിയ കാത്തുകിടക്കെ ഞാൻ മറ്റൊരു ലോകത്തെ അറിയുകയായിരുന്നു. ശ്രീചിത്രയിൽ ഒറ്റപ്പെട്ട വാർഡുകളില്ല. എല്ലാം പൊതുവാർഡുകളാണ്. രോഗികൾക്ക് പരസ്പരം കാണാം. വേദനകൾ പങ്കുവെക്കാം. എന്‍റെ തൊട്ടടുത്ത രോഗി, പകരം ഒരു ഹൃദയം കിട്ടിയില്ലെങ്കിൽ ഏതു നിമിഷവും മരിക്കാൻ സാധ്യതയുള്ള ഒരാളാണ്. അയാൾ കാത്തിരിക്കുന്നത് ആരോ ഒരാളുടെ മസ്തിഷ്ക മരണമായിരിക്കാമെന്ന് ഞാൻ ഊഹിച്ചു. മരണം കാത്തുകിടക്കുന്നവന്‍റെ ഹൃദയം കിട്ടാനുള്ള ആഗ്രഹത്തിനാണോ ജീവശാസ്ത്രപരമായി മരിച്ചവന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിനാണോ പ്രാധാന്യം? 'ഹൃദയപക്ഷം' എന്ന കഥ ഈ ആലോചനയിൽനിന്നുണ്ടായതാണ്.

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ഒരു പരിശോധനക്ക് വേണ്ടി നഗരത്തിലെ ഹൃേദ്രാഗ വിദഗ്ധനെ കാണാൻ ചെന്നപ്പോഴാണ് അപ്രതീക്ഷിതമായി ഒരു ഫോൺ വരുന്നത്. തിരുവനന്തപുരത്തു നിന്ന് സാനു മാഷാണ്. അദ്ദേഹം പറയുന്നു: ''ഈ വർഷത്തെ വയലാർ പുരസ്കാരം കുമാരന്‍റെ 'തക്ഷൻകുന്ന് സ്വരൂപം' എന്ന നോവലിന് നൽകാൻ ജഡ്ജിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.'' നോവൽ തിരഞ്ഞെടുത്തതിലുള്ള എന്‍റെ സന്തോഷം അദ്ദേഹത്തെ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഒരു സാഹിത്യ പുരസ്കാരം 'തക്ഷൻകുന്ന് സ്വരൂപ'ത്തിന് ലഭിച്ചതിൽ എനിക്ക് വളരെയേറെ സന്തോഷമുണ്ടായിരുന്നു. 'തക്ഷൻകുന്ന് സ്വരൂപം' പുറത്തിറങ്ങിയതിനു ശേഷം അനേകം പതിപ്പുകൾ പ്രസിദ്ധീകരിച്ചു. പ്രധാനപ്പെട്ട പല പുരസ്കാരങ്ങളും ഇതിനിടെ ലഭിച്ചു. വായനക്കാരുടെ വലിയ സ്വീകാര്യതയും കിട്ടി. എന്നിട്ടും ചിലരുടെ ശ്രദ്ധയിലൊന്നും നോവൽ പെട്ടിരുന്നില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. നോവൽ കണ്ടില്ലെന്ന് അവർ മനഃപൂർവം നടിക്കുകയാണെന്നും മനസ്സിലാക്കിയിരുന്നു. അതിലൊന്നും ഞാൻ ഉത്കണ്ഠ പ്രകടിപ്പിച്ചില്ല. ഏറ്റവും സ്വീകാര്യതയും സത്യസന്ധതയുമുള്ള വയലാർ പുരസ്കാരം പോലൊന്ന് ആ കൃതിക്ക് ലഭിക്കുന്നത് ഈ സാഹചര്യത്തിൽ എന്തുകൊണ്ടും നല്ലതാണെന്ന് എനിക്കു തോന്നി.

വയലാർ പുരസ്കാരം ലഭിച്ചതിനു ശേഷം അപൂർവങ്ങളായ ചില അനുഭവങ്ങളും എനിക്കുണ്ടായി. അതുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച ചില സ്വീകരണങ്ങളാണ് അതിൽ ചിലത്. വയലാർ പുരസ്കാരം സ്വീകരിക്കാൻ ഞാൻ കുടുംബസമേതം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നന്നെ പുലർച്ചെ ഇറങ്ങുമ്പോൾ അവിടെ എന്നെ സ്വീകരിക്കാൻ പൂച്ചെണ്ടുമായി വയലാർ അവാർഡ് സെക്രട്ടറി ത്രിവിക്രമൻ സാറും മകളും ചലച്ചിത്ര നടിയുമായ പാർവതിയുമുണ്ടായിരുന്നു. അത്തരമൊരു സ്വീകരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അവർ അവിടെ കാത്തുനിൽക്കുമെന്ന് കരുതിയതുമല്ല. വയലാർ അവാർഡ് ലഭിച്ചതിനു ശേഷം ഡൽഹി കേരള ക്ലബിലെ ഒരു ഭാരവാഹി എന്നോട് വിളിച്ചു ചോദിച്ചു, കേരള ക്ലബിൽ നടത്തുന്ന ഒരു സ്വീകരണച്ചടങ്ങിലും നോവൽ ചർച്ചയിലും പങ്കെടുക്കാൻ കഴിയുമോ എന്ന്. മണാലിയിലേക്ക് ഞങ്ങൾ കുടുംബസമേതം ഒരു പര്യടനം ആസൂത്രണം ചെയ്തിരുന്ന സമയമായിരുന്നു അത്. മണാലിയിലേക്ക് പോകുമ്പോൾ കേരള ക്ലബിലും വരാമെന്ന് ഞാൻ ഉറപ്പുകൊടുത്തു. ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിലെ മലയാള വിദ്യാർഥികളും എന്നെ 'തക്ഷൻകുന്ന് സ്വരൂപ'ത്തെക്കുറിച്ചു നടത്തുന്ന ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണിച്ചു. മണാലിയിലേക്ക് പോകുന്ന വഴി രണ്ടു ദിവസം ഞങ്ങൾ ഡൽഹിയിൽ തങ്ങിയിരുന്നു. ആദ്യ ദിവസം തന്നെ ഞാൻ കേരള ക്ലബിലും ജാമിഅ മില്ലിയ്യയിലും പോയി. അന്നത്തെ സെൻട്രൽ േപ്രാവിഡന്റ് ഫണ്ട് കമീഷണർ (ഇന്നത്തെ ചീഫ് സെക്രട്ടറി) വി.പി. ജോയി (ജോയി വാഴയിൽ), നാടകകൃത്ത് ഓംചേരി എൻ.എൻ. പിള്ള, പത്രപ്രവർത്തകൻ എൻ. അശോകൻ എന്നിവരാണ് നോവലിനെക്കുറിച്ച് സംസാരിച്ചത്. ഓംചേരി സാർ പറഞ്ഞ കാര്യം എനിക്ക് വളരെ കൗതുകകരമായി തോന്നി. ''തന്‍റെ ജന്മനാടായ ഓണാട്ടുകരയിലെ ഒരു ദേശത്ത് തക്ഷൻകുന്ന് സ്വരൂപത്തിലെ പല കഥാപാത്രങ്ങൾക്കും സമാനമായ ഒട്ടേറെപ്പേർ ഉണ്ടായിട്ടുണ്ട്. ഇവരെയൊക്കെ നിങ്ങളെങ്ങനെ അറിഞ്ഞു?'' എന്നാണ് അദ്ദേഹം ചോദിച്ചത്.

'തക്ഷൻകുന്ന് സ്വരൂപ'ത്തിന്‍റെ തട്ടകമായ തച്ചൻകുന്ന് ദേശത്തിലെ ജനങ്ങൾ എനിക്ക് നൽകിയ സ്വീകരണമാണ് മറ്റൊന്ന്. തച്ചൻകുന്ന് ദേശത്തിലെ ഒട്ടുമിക്ക ആളുകളും ചൊവ്വ വയലിൽ പ്രത്യേകം തയാറാക്കിയ സ്വീകരണ സമ്മേളനത്തിൽ എത്തിയിരുന്നു. ആയിരത്തോളം പേർ പങ്കെടുത്ത ഘോഷയാത്രയും ആ ദേശത്ത് നടത്തുകയുണ്ടായി. എന്നെ ആനയിച്ചുകൊണ്ട് മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ നടത്തിയ ഘോഷയാത്ര ദേശത്തിന് പുതുമയുള്ള ഒരനുഭവമായിരുന്നു. തച്ചൻകുന്നിലെ സാംസ്കാരിക പ്രസ്ഥാനമായ 'ഭാവനാ കലാവേദി'യാണ് പരിപാടി സംഘടിപ്പിച്ചത്. അന്നത്തെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. എം.ജി.എസ്. നാരായണൻ, യു.എ. ഖാദർ തുടങ്ങിയവർ സംസാരിച്ചു. 'തക്ഷൻകുന്ന് സ്വരൂപ'ത്തിന്‍റെ നാടകാവിഷ്കരണവും വേദിയിൽ അരങ്ങേറി.

'തക്ഷൻകുന്ന് സ്വരൂപ'ത്തിനു ശേഷം പുതിയ നോവൽ ആലോചനയിലുണ്ടോ എന്ന് എന്നോട് പലരും തിരക്കിയിരുന്നു. ചിലർക്കറിയേണ്ടത് 'തക്ഷൻകുന്ന് സ്വരൂപ'ത്തിന്‍റെ രണ്ടാംഭാഗം എഴുതുന്നുണ്ടോ എന്നതായിരുന്നു. 'തക്ഷൻകുന്ന് സ്വരൂപം' എനിക്കറിയാവുന്ന ഒരു ദേശത്തിന്‍റെ, അറിയാത്ത ഒരു കാലത്തിന്‍റെ ആവിഷ്കാരമാണ്. തികച്ചും ഗ്രാമീണ ഭാഷയിലുള്ള ഒന്ന്. ഇതിൽനിന്ന് വ്യത്യസ്തമായ ഒരു രചനയാണ് എന്‍റെ മനസ്സിലുള്ളത്. അതിന്‍റെ അന്വേഷണത്തിലായിരുന്നു ഞാൻ. ഏറക്കുറെ നാഗരികമായ പൊതുഭാഷ സംസാരിക്കുന്ന, കഥാപാത്രങ്ങൾ അധികമില്ലാത്ത ഒരു രചനയാണ് സങ്കൽപത്തിലുണ്ടായിരുന്നത്. നിരന്തരമായ അന്വേഷണത്തിനിടയിലാണ് ഏെറക്കാലം ഞാൻ പ്രവർത്തിച്ച പത്രപ്രവർത്തനമേഖല തന്നെ വിഷയമാക്കാൻ തിരഞ്ഞെടുത്തത്. അതിനും അനേകം സാധ്യതകളുണ്ടെന്നും തോന്നി. നോവലിന്‍റെ ആമുഖക്കുറിപ്പിൽ ഞാനത് രേഖപ്പെടുത്തുകയുണ്ടായി. ''ഒരു പത്രം വിശാലമായ ഒരു കളിസ്ഥലമാണ്. ഏതു കളിയും അവിടെ അരങ്ങേറാം. ഏതുമവിടെ വിചാരണ ചെയ്യാം.'' ഈ കാഴ്ചപ്പാടിലൂടെയാണ് 'കണ്ടുകണ്ടിരിക്കെ'എന്ന നോവൽ എഴുതിയത്. നോവൽ വിജയകരമായി ആവിഷ്കരിക്കാനുള്ള രീതിയും ഞാൻ കണ്ടെത്തുകയുണ്ടായി. നോവലിൽ ഉടനീളം നിറഞ്ഞുനിൽക്കുന്ന 'ഞാൻ' എന്ന വ്യക്തിയിലൂടെയാണ് നോവൽ കടന്നുപോകുന്നത്. 'കണ്ടുകണ്ടിരിക്കെ' പുതിയ കാലത്തിന്‍റെ ഉത്കണ്ഠകളെയും സ്വപ്നങ്ങളെയും വിശ്വാസരാഹിത്യത്തെയും കൃത്യമായി പങ്കുവെക്കുന്ന ഒരു നോവലാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

സാംസ്കാരികതലത്തിലും പത്രപ്രവർത്തന മേഖലയിലും സജീവമായി ഇടപെടുമ്പോൾപോലും ആൾക്കൂട്ടങ്ങൾക്കിടയിൽ അണിചേരാൻ കഴിയാത്ത ഒരു മനസ്സ് എനിക്ക് എന്നുമുണ്ടായിരുന്നു. അകാരണമായ ഒരശാന്തി ഞാൻ അനുഭവിച്ചിരുന്നു. അതിന്‍റെയെല്ലാം പൊറുതികേടുകൾ മറന്നു വിശ്രാന്തി തേടുന്ന ഒരിടം വീടാണെന്നും എനിക്കു തോന്നിയിരിക്കാം. എന്‍റെ രചനകളിൽ വീടിന്‍റെ സ്വാസ്ഥ്യം ആവർത്തിക്കപ്പെടുന്നതും ഇതുകൊണ്ടാകാം.

Tags:    
News Summary - uk kumaran memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.