അന്ന് ഗുജറാത്ത്, ഇന്ന് ഇന്ത്യ; എങ്ങനെയാണ് വെറുപ്പ് രാജ്യമാകെ പടർന്നത്? -കെ.ഇ.എൻ എഴുതുന്നു

ഒന്ന്

''ഭരണകൂടത്തിന്‍റെ, 'പുത്തന്‍ സാത്താന്‍ ശാസ്ത്ര'മാണ്, ഇന്ത്യയെ ഇന്ന് വേട്ടയാടുന്ന തിന്മ'' എന്ന് ശിവ് വിശ്വനാഥ്. ആ തിന്മയുടെ വേരുകള്‍ നാനാതരത്തിലുള്ള 'മേല്‍ക്കോയ്മ'യിലും അതിന്‍റെ തുടര്‍ച്ചയായ വെറുപ്പിലുമാണ് വേരാഴ്ത്തിയിരിക്കുന്നത്. ഗോദ്​സെ-ധാരാ സിങ്​ പ്രഭൃതികള്‍ മുതല്‍ ഗുജറാത്ത് വംശഹത്യാവീരന്‍ ബാബു ബജ്റംഗിവരെ, പശ്ചാത്താപമറിയാത്ത കുറ്റവാളികള്‍ എന്ന നിലയിലല്ല, കുറ്റത്തെതന്നെ സ്വന്തം ജീവിത കാഴ്ചപ്പാടാക്കി തീര്‍ത്ത ഫാഷിസ്റ്റുകള്‍ എന്ന നിലയിലാണ്, സ്വയം ഭീകരതയുടെ ഭാഗമാവുന്നത്. ഗാന്ധിവധത്തെ ഭാരതം ആവശ്യപ്പെട്ട 'പുണ്യകർമ'മായി പ്രകീര്‍ത്തിച്ച ഗോദ്​സെയും ഗുജറാത്ത് വേട്ടയെക്കുറിച്ച് 'തെഹൽക' പ്രതിനിധി ചോദിച്ചപ്പോള്‍ ''ഞാനത് ആസ്വദിക്കുന്നു സുഹൃത്തേ, അവസരം കിട്ടിയാല്‍ ഇനിയും കൊല്ലും'' എന്ന് പ്രഖ്യാപിച്ച ബാബു ബജ്റംഗിമാരും പങ്കുവെക്കുന്നത്, ശിവ്​ വിശ്വനാഥ് പരാമര്‍ശിച്ച ആ 'പുത്തന്‍ സാത്താന്‍ ശാസ്ത്ര'ത്തിന്‍റെ വ്യത്യസ്ത പ്രയോഗ മാതൃകകളാണ്! ഗുജറാത്തില്‍ വംശഹത്യാകാലത്ത് രോഗികളെ കൊണ്ടുപോവുന്ന, പോവേണ്ട 'ആംബുലന്‍സ്' സ്വയം രോഗിയായി! വംശഹത്യക്കുള്ള ആയുധം കയറ്റി കലാപവാഹനമായി മാറിയ ആ ആംബുലന്‍സില്‍ ഒന്ന് 'കരുണാവതി' എന്നുപേരുള്ള ഒരു ഹോസ്പിറ്റലിലേതായിരുന്നു!

'ആരാച്ചാരാവാന്‍ ആൾത്തിരക്ക്' എന്ന പത്രവാര്‍ത്ത വന്നത്, 2014ലാണ്. കൊല ഒന്ന്ക്ക് അഞ്ഞൂറ് രൂപയുണ്ടായിരുന്നത്, രണ്ട് ലക്ഷമാക്കി വർധിപ്പിച്ചപ്പോഴാണ് മനുഷ്യരില്‍ 'ആരാച്ചാര്‍ ആവേശം' അണപൊട്ടിയത്. എന്നാല്‍ ഗുജറാത്ത് വംശഹത്യയില്‍ കൊലക്കൊപ്പം നടത്തിയ കൊള്ളയും ബലാത്സംഗവും പലതരം ഫാഷിസ്റ്റ് അംഗീകാര പട്ടങ്ങളുമാണ് 'വേട്ടയെ' ആഘോഷമാക്കിയത്. പേടിമാറ്റാന്‍ സ്വന്തം വീട്ടിലെ സഹായിയായ രംഭ എന്ന സ്ത്രീയാണ് പില്‍ക്കാലത്ത് 'മഹാത്മാഗാന്ധി'യായി മാറിയ 'മോഹന്‍ദാസ്' എന്ന കുട്ടിയോട് രാമനാമം ജപിച്ച് കിടക്കാന്‍ പറഞ്ഞത്. എന്നാല്‍ ഗാന്ധിയുടെ പേടി മാറ്റിയ അതേ 'രാമനാമം' ഉച്ചരിച്ചാണ് ഗോദ്​സെ ഗാന്ധിജിയെ കൊന്നത്. അതേ ജയ്ശ്രീരാമാണ് ഒരലര്‍ച്ചയായി ബാബരി പള്ളിയിലും ഗുജറാത്തിലും ഒഡിഷയിലും മുസഫര്‍ നഗറിലും, മുഹമ്മദ് അഖ്​ലാക് മുതല്‍ അരങ്ങേറിയ ആള്‍ക്കൂട്ട കൊലകളിലും കര്‍ണാടകയിലെ ഹിജാബ് ധരിച്ച സ്വന്തം സഹപാഠിയുടെ മുമ്പിലും ഇടിവെട്ടുംവിധമുള്ള അലര്‍ച്ചയായി മാറിയത്. ജോര്‍ജ് ഫ്ലോയിഡിനൊപ്പംതന്നെ ഇന്ത്യക്കാര്‍ മറക്കാന്‍ പാടില്ലാത്ത, ഡല്‍ഹി വംശഹത്യ ഇല്ലാതാക്കിയ ഫൈസാന്‍ മുതല്‍ വംശീയ വെറുപ്പിന്‍റെ 'ഇരകള്‍' നിരവധിയാണ്. ഒരു മുസ്​ലിം പേരുണ്ടായിരുന്നില്ലെങ്കില്‍ ഈ പ്രബന്ധം ഞാന്‍ മറ്റൊരു വിധത്തില്‍ എഴുതുമായിരുന്നു എന്ന് താബിഷ് കബീര്‍ എന്നൊരു സാംസ്കാരികപ്രതിഭ ഹിന്ദുപത്രത്തിന്‍റെ എഡിറ്റ് പേജില്‍ പ്രകടമായി എഴുതുവോളം 'കാര്യങ്ങള്‍' വളര്‍ന്നു! അദ്വാനി ജീവചരിത്രത്തില്‍ 'തിയോക്രാറ്റിക് ചിഹ്ന'മായി കണ്ടെത്തിയത് ദേശീയ പതാകയിലെ, 'അശോകചക്ര'മാണ്. അറുപത് ലക്ഷത്തിന് കലാപങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കപ്പെടും എന്ന് പ്രഖ്യാപിച്ചത്, യുവതികള്‍ അടിവസ്ത്രം പാര്‍സല്‍ ചെയ്ത് അയച്ച് ആദരിച്ച കര്‍ണാടക വെറുപ്പുവ്യാപാരി പ്രമോദ് മുത്തലിക്കാണ്. നിരഞ്ജന്‍ ജ്യോതി ഇന്ത്യന്‍ ജനതയെ രാമന്‍റെ മക്കള്‍, ഹറാം മക്കള്‍ എന്നിങ്ങനെ വിഭജിച്ചതും, പൗരത്വപീഡനം സഹിക്കാതെ അസമിലെ കവി രഹ്നാ സുല്‍ത്താനക്ക് ''അമ്മേ ഞാന്‍ മടുത്തു. എന്നെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തി മടുത്തു'' എന്നെഴുതേണ്ടി വന്നതും, സാരെ ജഹാംസെ അഛാ...പാടിയ അല്ലാമ മുഹമ്മദ് ഇഖ്ബാലിനെ ബനാറസ് യൂനിവേഴ്സിറ്റിയിലെ പോസ്റ്ററില്‍നിന്ന് വെട്ടിമാറ്റിയതും, 'ബുള്ളിബായ്' പോലുള്ള ക്ഷുദ്ര ആപ്പുകള്‍ മുസ്​ലിം സ്ത്രീകളെ ലേലത്തിന് വെച്ചതും സങ്കല്‍പങ്ങള്‍ക്കപ്പുറമുള്ള ആ അസം ശവനൃത്തവും, നമ്മെ കൊണ്ടുപോവാന്‍ നോക്കുന്നത് ''സ്വന്തം ആത്മാവിന്‍റെ അഗാധതയെ വർധിപ്പിക്കുക എന്നല്ലാതെ മറ്റൊന്നും മൈത്രിയില്‍ തിരയരുത്'' എന്ന് ഖലീല്‍ ജിബ്രാന്‍ സാക്ഷ്യപ്പെടുത്തിയ ആ 'സൗഹൃദ'ത്തിന്‍റെ ലോകത്തുനിന്നും, പകയുടെയും വെറുപ്പിന്‍റെയും ലോകങ്ങളിലേക്കാണ്. പക്ഷേ, അപ്പോഴും വംശഹത്യാനന്തര ഗുജറാത്തിലെ വെറുപ്പൊഴുക്കിനെ പ്രതിരോധിച്ച എത്രയെത്രയോ മനുഷ്യരുണ്ട്. 'സൈനികമിത്ര പരിവാര്‍' എന്ന വിമുക്ത ഭടന്മാരുടെ സംഘടനയുടെ നേതാവായ, ആനന്ദ് ഷിറാഫ് അവരിലൊരാള്‍മാത്രം. സങ്കടപ്പെടുന്ന നീതിയുടെ നിത്യസാന്നിധ്യമായി മാറിയ ഖുത്​ബുദീന്‍ അന്‍സാരിയെ 'പൂനയിലെ' മനുഷ്യര്‍ക്കു മുമ്പില്‍വെച്ച് ഹൃദയപൂർവം അഭിവാദ്യം ചെയ്ത ആനന്ദ് ഷിറാഫിനെപോലുള്ളവര്‍ കൂടിയാണ് ഇന്ത്യ എന്ന്, പിന്നീട് മുറിവേറ്റ അന്‍സാരിമാര്‍ തിരിച്ചറിയുന്നുവെന്നത് മതനിരപേക്ഷതയുടെ കോരിത്തരിപ്പാണ്. പുളകം പകർന്ന ആ പുണെ സ്വീകരണത്തിനുശേഷം ഖുത്​ബുദീന്‍ അന്‍സാരി പറഞ്ഞു: ഇനിമേല്‍ ഹിന്ദുക്കളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാന്‍ നരേന്ദ്ര മോദിയെയോ ബാബു ബജ്റംഗിയെയോ ഓര്‍ക്കില്ല. പകരം ആനന്ദ്​ഷിറാഫിനെ. ഇപ്പോള്‍ എന്‍റെ മനസ്സില്‍ ഇന്ത്യക്കും മതേതരത്വത്തിനും വലിയ സ്ഥാനമാണുള്ളത്. എന്‍റെ ഉള്ള് ദേശസ്നേഹത്താല്‍ ശരിക്കും തുടിക്കുന്നു. എന്‍റെ മനസ്സ് മന്ത്രിച്ചു. ഞാന്‍ ഈ നാടിനെ വെറുക്കുന്നില്ല. അഗാധമായി സ്നേഹിക്കുന്നു.


ഗുജറാത്തില്‍ വംശഹത്യ വിജയിച്ചപ്പോള്‍ ഇന്ത്യ നടുങ്ങി. മനുഷ്യരായ മനുഷ്യരാകെ സ്തംഭിച്ചു. പിന്നെ വ്യത്യസ്തമായ പ്രതിഷേധങ്ങളുണ്ടായി. എണ്‍പതുകളില്‍ അസമിലെ നെല്ലിയിലടക്കം നടന്ന വംശഹത്യകളില്‍നിന്ന് വ്യത്യസ്തമായി കുറ്റവാളികളില്‍ ഒരുവിഭാഗമെങ്കിലും ശിക്ഷ അനുഭവിക്കേണ്ടി വന്നു. ടീസ്റ്റ സെറ്റല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ്​ ഭട്ട്, ശബ്നം ഹാഷ്മി...നിരവധി എന്‍.ജി.ഒകള്‍, ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ വംശഹത്യക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ നിവർന്നുനിന്നു. കൈകൂപ്പി നിലവിളിക്കുന്ന അന്‍സാരിക്കൊപ്പം പതുക്കെയാണെങ്കിലും മുഷ്ടി ചുരുട്ടി നീതി ആവശ്യപ്പെടുന്ന ഒരു യുവസമൂഹംകൂടി വളര്‍ന്നുവന്നു. അംബേദ്​കര്‍ വ്യക്തമാക്കിയപോലെ ജനാധിപത്യം, ഇന്ത്യന്‍ മണ്ണിന്‍റെ മേല്‍പാളി മാത്രമാണ്. അടിയിലും മുകളിലുമെല്ലാം 'ജാതിമേല്‍ക്കോയ്മ'യുടെ അടരുകളാണ്. ഒരിഞ്ച് മേല്‍മണ്ണ് പറന്നുപോകാന്‍ ഒരു മണിക്കൂര്‍ മതി, പക്ഷേ അത് പുനര്‍നിർമിക്കാന്‍ ആയിരം കൊല്ലം വേണമെന്ന് പരിസ്ഥിതി ശാസ്ത്രം. വെറുപ്പ് പടരാന്‍ മിനിറ്റുകള്‍ മതി, എന്നാല്‍ സൗഹൃദം പൂക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് സാമൂഹികശാസ്ത്രം. ഗുജറാത്ത് വംശഹത്യ 'വെറുപ്പ്' മാതൃഭാഷയാക്കി വ്യത്യസ്ത വേഷങ്ങളില്‍ ജീവിതത്തിലേക്ക് തുടര്‍ച്ചയായി ഇടിച്ചുകയറുന്നതിനെതിരെയുള്ള നിരന്തര പ്രതിരോധമാണ്, ആ വംശഹത്യയുടെ അനുസ്മരണം ആവശ്യപ്പെടുന്നത്.

ഭ്രാന്തമായ വിഹ്വലതകളുടെ ഇടവേളകളില്‍ ആയിശക്ക് തെളിമ ലഭിക്കുന്നു: ''എന്‍റെ വീട്ടില്‍ നടന്നതും കലാപമല്ല. എന്‍റെ വീട്ടില്‍ വന്നതും കലാപകാരികളായ ജനക്കൂട്ടമല്ല. കൂടിയാല്‍ ഇരുപതുപേര്‍. സിനിമയിലെ വില്ലന്മാര്‍ എന്നുതോന്നും. നാലുപേരെന്നെ അടക്കിപ്പിടിച്ചു. പിന്നെ ഓപറേഷനായിരുന്നു. അവര്‍ പ്രൊഫഷണല്‍ ഘാതകര്‍ തന്നെയാണ്. എനിക്കീ മുറിവുമാത്രം സമ്മാനിച്ച് അവര്‍ പോയി.''

പെട്ടെന്ന് ഭാവം പകരുന്നു. ആയിശ പെട്ടെന്നു വീണ്ടും ഭ്രാന്തിയാകുന്നു. കറുത്ത ചോളി വലിച്ചുകീറി നെഞ്ച് തുറന്നുകാട്ടുന്നു. പതിനഞ്ചുകാരിയുടെ മാറിടത്തില്‍ 20 സ്റ്റിച്ചെങ്കിലുമുള്ളൊരു നീളന്‍ മുറിവ്. ആയിശ ഓക്സ്ഫഡ്​ ഇംഗ്ലീഷില്‍ അലറുന്നു: ''ബിഹോള്‍ഡ് മൈ ചെസ്റ്റ്. എത്ര സുന്ദരം അല്ലേ/ കത്തിയുണ്ടോടാ ബാസ്റ്റാര്‍ഡ്, നിന്‍റെ കൈയില്‍/ നീയും കുത്തിക്കാറെടാ. ഐ ലവിറ്റ്. ഐ അം എ മസോക്കിസ്റ്റ്.'' മുഖം തിരിച്ച്, കെട്ടിടത്തിന്‍റെ ഭിത്തിയില്‍ നെറ്റിയറഞ്ഞ് ഞാന്‍ പൊട്ടിക്കരയുന്നു. മനോവിജ്ഞാനീയക്കാരിയായ സുഹൃത്ത് തോളില്‍തട്ടി ആശ്വസിപ്പിക്കുന്നു: ''നീയൊരു ജേണലിസ്റ്റല്ലേടാ?'' ''ജേണലിസം, മൈ ലെഫ്റ്റ് ഫൂട്ട്''-ഞാന്‍ പ്രതിവചിക്കുന്നു. മനുഷ്യരെ സഹായിക്കല്‍ വ്രതമായി നിര്‍വഹിച്ച് ലോകം വിട്ടുപോയ ഗുരു നരേന്ദ്രന്‍ സാറിന്‍റെ വചനം തലച്ചോറില്‍: ''പത്രക്കാരന് മനസ്സ് പാടില്ലനിയാ, ബുദ്ധിമാത്രമേ ആകാവൂ.'' മനസ്സില്‍ ഞാന്‍ സാറിനോട് പറയുന്നു. ''ഞാന്‍ പത്രക്കാരനല്ല സര്‍. ഈ കുട്ടി എന്‍റെ സബ്ജക്ടുമല്ല. ഇവളെന്‍റെ പാറുവാണ്. ഞാന്‍ ഇവളുടെ അച്ഛനാണ്.'' ''നാളെ അഹ്​മദാബാദില്‍ പെരുമഴ പെയ്യും. എന്‍റെ സൊഹേലിന്‍റെ ചോര...'' ആയിശയുടെ സ്കിസോഫ്രീനിക് റൂമിങ്സ് നീളുകയാണ്. എന്‍റെ കണ്ണുകള്‍ പെയ്യുകയാണ്. ഇവിടെ പെയ്യാത്ത കണ്ണുകള്‍ മനുഷ്യരുടേതല്ല. ഇവിടെ ദുഃഖിക്കാത്തവര്‍ മുഖ്യമന്ത്രിമാരായ നരേന്ദ്രന്മാരല്ല-നരാധമന്മാരാണ്. അവര്‍ മോദികളല്ല; മോണ്‍സ്റ്റര്‍മാരാണ്; വംശമലിനീകരണത്തിനു നിര്‍ബന്ധ ഗര്‍ഭധാനം ബോസ്നിയന്‍ ഇസ്​ലാമിക സോദരിമാര്‍ക്കു വിധിച്ച കരാജിക്കിന്‍റെ ഹൈന്ദവസഹോദരന്മാര്‍. (ഗുജറാത്ത് വിലാപങ്ങളും ആക്രോശങ്ങളും: വി.ആര്‍. ജയരാജ്, തനികാ സര്‍ക്കാര്‍)

ഗുജറാത്തിലെ വാല്‍സാഡിലെ 'കുസും' വിദ്യാലയം നാളെ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോകുന്നത് 'ഗോദ്​സെ മാതൃക'യെ പ്രശംസിക്കുന്ന പ്രസംഗമത്സര വേദിയൊരുക്കിയതിന്‍റെ 'പ്രതാപ'ത്തിലായിരിക്കും. ജില്ല യുവജനക്ഷേമബോര്‍ഡ് വിദ്യാഭ്യാസവകുപ്പിന്‍റെ സഹകരണത്തോടെ, പതിനൊന്നു മുതല്‍ പതിമൂന്ന് വയസ്സ് പ്രായമുള്ള സ്കൂള്‍ വിദ്യാർഥി പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ നിർദേശിച്ച 'ഗോദ്​സെ മാതൃക'യെ പുകഴ്ത്തിയ പെണ്‍കുട്ടിക്കാണ് ഒന്നാംസ്ഥാനം കിട്ടിയിരിക്കുന്നത്. ആ പത്രവാര്‍ത്തയില്‍, വ്യക്തമാവുന്നത്, വെറുപ്പ് മാതൃഭാഷയായി മാറുന്ന ഒരവസ്ഥയുടെ അശ്ലീലതകളാണ്. സംഭവമറിഞ്ഞ ഉടനെ ഗവൺമെന്‍റ്​ തല്‍ക്ഷണം അന്വേഷണം പ്രഖ്യാപിക്കുകയും ജില്ല യുവജനക്ഷേമ ഓഫിസറെ സസ്പെന്‍ഡ് ചെയ്​തതും നല്ലകാര്യമാണ്. എന്നാല്‍ കൊലരതി തുളുമ്പുന്ന ഗോദ്​സെ ഭക്തിയുടെ വേര് ആഴ്ന്ന് കിടക്കുന്നത് ആ ഓഫിസറുടെ തലയിലാണെന്ന 2022ലെ 'തമാശ' ആസ്വദിക്കാന്‍, 2002ലെ 'ഗുജറാത്ത് വംശഹത്യ' അവശേഷിപ്പിച്ച മുറിവുകളില്‍നിന്ന് ഇന്നും കുത്തിയൊഴുകുന്ന ചോര സമ്മതിക്കുകയില്ല! റോഹിങ്ക്യന്‍ മുസ്​ലിംകളെ വംശഹത്യ ചെയ്തതുപോലെ, ഇന്ത്യന്‍ മുസ്​ലിംകളെയും ഇല്ലാതാക്കുന്ന, 'സാങ്കൽപിക യുവകേസരി'കള്‍ക്ക് ഒരു കോടി രൂപ സമ്മാനം ഓഫര്‍ ചെയ്തത് ഒരധോലോക സംഘവുമായിരുന്നില്ല!

കൊടും വെറുപ്പിന്‍റെ വേര് ആഴ്ന്ന് കിടക്കുന്നത് സംഘ്​പരിവാര്‍ പ്രത്യയശാസ്ത്രത്തിലാണ്. 2014 മുതല്‍ പലനിലകളില്‍ ഇന്ത്യയിലുടനീളം പകര്‍ന്നാടിയ 'ഗോദ്​സെ ഭൂതം' തന്നെയാണ്, വാല്‍സാഡിലെ, ഗോദ്​സെയെ റോള്‍ മോഡലായി കണ്ട വിദ്യാർഥിയിലും ആവേശിച്ചത്. ബാബരിപള്ളി പൊളിച്ചതിന് പിറകെ ഗുജറാത്ത് ഇന്ത്യയാകെ വ്യാപിപ്പിക്കുമെന്ന ആക്രോശത്തിന്‍റെ തുടര്‍ച്ചയിലാണ്, 'വെറുപ്പ്' ഔദ്യോഗികഭാഷാ പദവി ​കൈയേറി സ്വന്തമാക്കിയത്. എന്നിട്ടും മാഫിയകളുടെ ഭാഷയില്‍ നവഫാഷിസ്റ്റ് രാഷ്ട്രീയനേതാക്കള്‍ മാത്രമല്ല, ആത്മീയനേതൃത്വത്തിലൊരു വിഭാഗംകൂടെ സംസാരിക്കാനാരംഭിച്ചതിലെ അപകടം അര്‍ഹിക്കുംവിധം തിരിച്ചറിയപ്പെടാതെപോവുകയാണുണ്ടായത്. ''ത്രിഭൂവന സീമ കടന്നു തിങ്ങിവിങ്ങും/ ത്രിപുടി മുടിഞ്ഞ് തെളിഞ്ഞിടുന്ന ദീപം/ കപടയതിക്ക് കരസ്ഥമാകുവീലെന്ന...''ഗുരുവിന്‍റെ സ്നേഹാര്‍ദ്രമായ ഓര്‍മിപ്പിക്കലും; ഹരിദ്വാറില്‍ യതിനരസിംഹാനന്ദസരസ്വതിമഹാരാജ് നിർവഹിച്ച രൗദ്ര ഇളകിയാട്ടവും ഒത്തുപോവില്ല. ഒന്നില്‍നിന്ന് നിർഗമിക്കുന്നത് ആത്മീയതയുടെ നിര്‍മല സൗരഭ്യം, രണ്ടാമത്തേതില്‍നിന്നാകട്ടെ സാംസ്കാരിക ദുര്‍ഗന്ധവും! പല മതസമ്മേളനങ്ങളില്‍നിന്നും മതനിരപേക്ഷതയുമായി പൊരുത്തപ്പെടാത്ത പല പ്രതികരണങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്വന്തം സഹജാതരെയാകെ കൊന്നുതള്ളാനുള്ള ആഹ്വാനം ഇതാദ്യമാണ്. ഹരിദ്വാര്‍ ധർമസംസദില്‍ പങ്കെടുത്ത പൂജാശകുന്‍പാണ്ഡെ, ഗോദ്​സെയെക്കാള്‍ മുമ്പ് ജനിച്ചിരുന്നെങ്കില്‍ താന്‍ ആദ്യം ഗാന്ധിയെ കൊല്ലുമെന്ന് പ്രഖ്യാപിച്ച മഹദ്​ വ്യക്തിയാണ്! ഗോദ്​സെക്ക് പിറകെ ജനിച്ചതിന്‍റെ കുറ്റബോധം തീര്‍ക്കാന്‍കൂടി വേണ്ടിയാവണം, 2019ല്‍ അവര്‍ 'പ്രതീകാത്മക ഗാന്ധിവധം' ആഘോഷിച്ച് ലോകശ്രദ്ധ നേടിയത്!

വംശഹത്യകളില്‍നിന്ന് എളുപ്പം വിജയം കൊയ്തെടുക്കാനാവുമെന്ന ശുഭാപ്തിവിശ്വാസത്തില്‍നിന്നാണ്, 'വംശഹത്യാഹ്വാനങ്ങള്‍ക്ക്' നല്ല മാര്‍ക്കറ്റ് ഉണ്ടാവുന്നത്! അവസാനിച്ചുവെന്ന് പലരും ആശ്വസിച്ച 'ഗുജറാത്ത്' വംശഹത്യയുടെ വകഭേദങ്ങള്‍ ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും കര്‍ണാടകയിലും മാത്രമല്ല, കേരളത്തിലേക്കുപോലും ഇടിച്ചുകയറാനുള്ള ശ്രമത്തിലാണ്. തലശ്ശേരിയില്‍ മുഴങ്ങിയ 'പള്ളി പൊളിക്കും' ഭീഷണി 'ഒരൊറ്റ ദിവസം' കൊണ്ടവസാനിച്ചത്, അവസാനിപ്പിച്ചത് മതനിരപേക്ഷ ഇടതുപക്ഷ കേരളത്തിന്‍റെ കരുത്തിനെകൂടിയാണ് നിസ്സംശയം അടയാളപ്പെടുത്തിയത്. ഗുജറാത്തില്‍ ഡി.വൈ.എഫ്.ഐ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഇന്ത്യന്‍ അഭിനയപ്രതിഭ മമ്മൂട്ടി വംശഹത്യാനന്തര ഗുജറാത്തിനെക്കുറിച്ച് നടത്തിയ പരാമര്‍ശം, പല അർഥങ്ങളില്‍ ഇപ്പോഴും പ്രസക്തമാണ്. വംശഹത്യകളെയും കലാപങ്ങളെയും അനുകൂലിക്കാത്തവര്‍, ഒന്നിച്ചുനിന്നാല്‍ മാത്രം മതിയാവും അതവസാനിപ്പിക്കാന്‍! പക്ഷേ പല കാരണങ്ങളാല്‍ ആ 'ഒന്നിക്കല്‍' നീണ്ടുപോവുന്നതാണ് ഫാഷിസ്റ്റ് വിജയങ്ങള്‍ക്ക് അടിസ്ഥാനം. ഒന്നിക്കാന്‍ ആവശ്യമായ ആരോഗ്യകരമായ ആശയവിനിമയങ്ങളെത്തന്നെ അസാധ്യമാക്കുംവിധമുള്ള ഒരുതരം വെറുപ്പെഴുത്തും 'വെറുപ്പ് പ്രയോഗവു'മാണ് നവഫാഷിസത്തിന്‍റെ സംഭാവന! വെറുപ്പിലേക്ക് വഴുക്കുന്നത്ര എളുപ്പമല്ല, അതില്‍നിന്നും കയറിപ്പോരല്‍! 'ഹിന്ദുത്വത്തിന്‍റെ വെറുപ്പെഴുത്തുകള്‍' എന്ന പേരില്‍ രാമചന്ദ്ര ഗുഹ എഴുതിയ പ്രബന്ധത്തില്‍, പരിസ്ഥിതി വിഷയത്തില്‍നിന്ന് 'അദ്ദേഹത്തെ' മതത്തിന്‍റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള എഴുത്തിലേക്ക് തിരിച്ചുവിട്ടത് ഭഗല്‍പ്പൂര്‍ കലാപത്തിലെ 'ഇരകളെ' സര്‍ക്കാര്‍ അവഗണിച്ചതിനോടുള്ള പ്രതിഷേധമാണെന്ന് വിശദീകരിക്കുന്നുണ്ട്. സത്യത്തില്‍ ഗുജറാത്ത് വംശഹത്യയിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇക്കാര്യം രാമചന്ദ്ര ഗുഹയല്ല, ആര് ചൂണ്ടിക്കാണിച്ചാലും, ഗുഹക്ക് കിട്ടുന്നത്ര തെറിയും പ്രാക്കും അവര്‍ക്കും കിട്ടും. വിമര്‍ശനമെന്നപേരില്‍ സംഘ്​പരിവാര്‍ പ്രതിഭകളില്‍ ചിലര്‍ നിർവഹിക്കുന്ന 'വെറുപ്പെഴുത്തിന്‍റെ' ഒരു സമാഹാരം പുറത്തിറക്കിയാല്‍, അവര്‍ പങ്കുവെക്കുന്ന പ്രത്യയശാസ്ത്രത്തിന്‍റെ പാപ്പരത്തം പ്രത്യേക വിശദീകരണമൊന്നും കൂടാതെ, സ്വയം വ്യക്തമാവും. മാതൃകക്കുവേണ്ടി രാമചന്ദ്രഗുഹക്ക് ലഭിച്ച ഒരു വെറുപ്പ്കത്തില്‍നിന്ന് കുറച്ചുമാത്രം എടുത്തുചേര്‍ക്കുന്നു. ''...നരേന്ദ്ര മോദിയേയും ഞങ്ങള്‍ ഗുജറാത്തികളെയും ദുഷ്ടരാക്കാനും രാക്ഷസവത്കരിക്കാനും കുരയ്ക്കുകയും ചിലയ്ക്കുകയും സാധ്യമായ എല്ലാ ആയുധങ്ങളും ഉപയോഗിക്കുകയും ചെയ്യുന്ന നിങ്ങളെ നികൃഷ്ടകീടത്തെപ്പോലെയും തീട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യുമോ അതുപോലെയുമാണ് കാണുന്നത്...ഒന്നാംതരം വഷളാ, ഞങ്ങള്‍ ഗുജൂസിന് നിങ്ങളെപ്പോലുള്ളവരോട് അറപ്പും വെറുപ്പുമല്ലാതെ മറ്റൊന്നുമില്ല....താന്‍ തുലഞ്ഞു പോ!'' രാജ്യദ്രോഹികള്‍, ഭീകരര്‍, ചിതല്‍, ഇത്തിള്‍കണ്ണികള്‍, പാക്ചാരര്‍ തുടങ്ങിയ പതിവ് പ്രയോഗങ്ങള്‍ വേറെയും! എന്നാല്‍ അത്ഭുതം, ഗുജറാത്തിന് അത്ര അഭിമാനകരമല്ലാത്ത കലാപങ്ങളെല്ലാം ഗുജറാത്തിന്‍റെതന്നെ പ്രകൃതത്തിലുള്ളതാണെന്നാണ്, സംഘ്​പരിവാര്‍ നേതാവായ മായാകൊട്വാനി പ്രതികരിച്ചത്! അതെന്തായാലും ഗുജറാത്തിനുള്ള അഭിവാദ്യമാവുകയില്ലല്ലോ!

ഒരുപക്ഷേ ബലാത്സംഗങ്ങള്‍ വിഡിയോയില്‍ പകര്‍ത്തിയുള്ള ആദ്യവിതരണം നടന്നത് 1992ല്‍ സൂറത്തില്‍ വെച്ചാണ്. പിന്നീടങ്ങോട്ട് പൊതുവില്‍ എല്ലാ കൊള്ളരുതായ്മകളും പ്രദര്‍ശിപ്പിക്കുന്നിടത്തോളമുള്ള അധഃപതനപ്രവണത ശക്തിപ്പെടുന്നതായാണ് അനുഭവം. 1993ലാണ് അദ്വാനി സംഘപ്രസിദ്ധീകരണമായ 'പാഞ്ചജന്യ'യില്‍ 'മുസ്​ലിംഹിന്ദു', 'ക്രിസ്ത്യന്‍ഹിന്ദു' എന്നിപ്രകാരമുള്ള വിചിത്രപ്രയോഗം നടത്തുന്നത്. പിന്നീടങ്ങോട്ട് ഇതിനേക്കാള്‍ വിചിത്രമായ പദപ്രയോഗങ്ങള്‍ പെരുകുന്നതാണ് കാണുന്നത്! പുരാണത്തിലെ കംസന്‍, രാവണന്‍, താരകാസുരന്‍, ദുര്യോധനന്‍ തുടങ്ങിയ 'ദുഷ്ട'ര്‍ പോലും ഗുജറാത്തില്‍ 'സര്‍ക്കാര്‍' നടത്തിയതുപോലുള്ള ക്രൂരതകള്‍ 'പ്രജകള്‍'ക്ക് നേരെ നടത്തിയിട്ടില്ലെന്നാണ് ആര്‍.ബി. ശ്രീകുമാര്‍ എഴുതിയത്. റാണാ അയൂബാകട്ടെ സൊഹ്റാബുദ്ദീന്‍ കൊലയെ പരോക്ഷമായി ന്യായീകരിച്ച ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പ്രഭാഷണത്തിലെ വൈരുധ്യമാണ് തുറന്നുകാണിക്കുന്നത്. രാംപുനിയാനി മുതല്‍ ടീസ്റ്റാ സെറ്റല്‍വാദ് വരെയുള്ളവര്‍ ഗോധ്രയില്‍ രാമഭക്തരെ ക്രൂരമായി കൊന്നതിനെ അപലപിക്കുന്നതിനോടൊപ്പം, അതൊരാസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന കാഴ്ചപ്പാടിനെ തള്ളിക്കളയുന്നു. ഗോധ്രയില്‍ തീവണ്ടിക്ക് തീയിട്ട ക്രിമിനലുകള്‍ ആരായിരുന്നാലും അവരെ നിയമപ്രകാരം ശിക്ഷിക്കുകയാണ് വേണ്ടിയിരുന്നത്. അതിനുപകരം 'സര്‍ക്കാര്‍' സഹായത്തോടെ ഗോധ്രസംഭവവുമായി ഒരു ബന്ധവുമില്ലാത്ത, ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവരെ 'സമാനത'കളില്ലാത്തവിധം ആക്രമിക്കുകയാണ്, ആയിരങ്ങളുടെ ജീവനും സ്വത്തും ആത്മാഭിമാനവും അപഹരിക്കുകയാണ് വംശഹത്യാഭീകരര്‍ ചെയ്തത്. 1992ല്‍ ബാബരിപള്ളി പൊളിച്ചപ്പോള്‍ യുവപത്രപ്രവര്‍ത്തക സുഹറ 'തര്‍ക്കമന്ദിരം തകര്‍ത്തു' എന്നെഴുതിയപ്പോള്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ 'ചുല്യാറ്റ്' അത് തിരുത്തിയതിനെക്കുറിച്ച്, പ്രശസ്താ കഥാകൃത്തായ എന്‍.എസ്. മാധവന്‍ 'തിരുത്ത്' എന്ന കഥയിലെഴുതിയത്, ഒരു തവണയല്ല, ഗുജറാത്താനന്തര ഇന്ത്യനവസ്ഥയില്‍ പലതവണ നാം ഓര്‍ത്തെടുക്കണം. 'തര്‍ക്കമന്ദിരം തകര്‍ത്തു' എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേനമുറുക്കിപ്പിടിച്ച് പലതവണ വെട്ടി. എന്നിട്ട് വിറയ്ക്കുന്ന കൈകൊണ്ട് വെട്ടിയ വാക്കിന്‍റെ മുകളില്‍ എഴുതി: 'ബാബരി മസ്ജിദ്'. ആ ചൂല്യാറ്റ് മരിച്ചുപോയോ, അതോ കൊല്ലപ്പെട്ടോ!

രണ്ട്

ഇഷ്ടികക്കഷണങ്ങള്‍ക്ക് കല്ലുകള്‍കൊണ്ട് മറുപടി നല്‍കുക. വാര്‍വ മുതല്‍ നരോദവരെ, ബാപ്പുനഗര്‍ മുതല്‍ കാലുപൂര്‍ വരെ മാര്‍ച്ച് 29ന് ഒരു ആഹ്വാനമുണ്ടാവും. അപ്പോള്‍ രാമനാമം ചൊല്ലി ഞങ്ങള്‍ മുസ്​ലിംകളെ കൊല്ലും. ബാബരി മസ്ജിദ് ആക്രമിച്ചതുപോലെ ആക്രമിക്കുക, ഞങ്ങള്‍ ജമല്‍പൂര്‍ കത്തിക്കും, ദാരിയാപൂര്‍ ശൂന്യമാക്കും, വൃദ്ധനാണെങ്കില്‍പ്പോലും മുസ്​ലിംകളെ ഞങ്ങള്‍ വെറുതെ വിടില്ല. ഹിന്ദുസ്ഥാനികളായ ഞങ്ങള്‍ ശപഥം ചെയ്യുന്നു. നിങ്ങളെ തിരഞ്ഞുപിടിച്ച് ഞങ്ങള്‍ വകവരുത്തും. ഇത് രഘുകുല പാരമ്പര്യമാണ്, ഞങ്ങള്‍ ഒരിക്കലും...സോണിയക്ക് ഫാറൂഖ് ശൈഖോ, ഹാജി ബിലാലോ അതുപോലുള്ള മറ്റു പട്ടികളോ ഉണ്ടാവാം. ഇഹ്സാന്‍ ജാഫരിയെ ചെയ്തപോലെ അവരെ ഞങ്ങള്‍ കൈകാര്യം ചെയ്യും. മുസ്​ലിംകള്‍ ആകാശത്തെ ഇരുണ്ടതാക്കിയിരിക്കുന്നു. അവര്‍ കത്തിച്ച കടകളില്‍ നിന്നുള്ള പുകയാല്‍ അവരെ ഞങ്ങള്‍ വെട്ടിനുറുക്കും. അവരുടെ ചോര പുഴപോലെ ഒഴുകും.('വര്‍ഗീയത': രാം പുരിയാനി. പരിഭാഷ: അജിത്ത് നരിക്കുനി) വിഷം വമിക്കുന്ന ലഘുലേഖ.

ജയ്ഭവാനിയും സുഹൃത്തുക്കളും മജീദിന്‍റെ കുടുംബത്തെ കൊന്ന് തീസ്ര കുവായില്‍ മൃതദേഹം വലിച്ചെറിഞ്ഞ് പെട്രോളൊഴിച്ച് തീകൊളുത്തി. ''അവര്‍ മദ്യവും ലഘുഭക്ഷണങ്ങളുമായി തയാറെടുപ്പോടെയാണ് വന്നത്.'' പിന്നീട് മജീദ് ഓര്‍ത്തെടുത്തു. പതിനഞ്ച് വര്‍ഷത്തിലേറെ ആവര്‍ത്തിച്ചു പറഞ്ഞുപറഞ്ഞ് മജീദിന്‍റെ വിവരണങ്ങള്‍ക്ക് ഇപ്പോള്‍ മൃതദേഹങ്ങളുടെ മരവിപ്പാണുള്ളത്.

അതേ ദിവസം തീസ്ര കുവായിക്കരികില്‍ കൗസര്‍ബീയേയും ആള്‍ക്കൂട്ടം വളഞ്ഞു. ഏത് ദിവസവും പ്രസവിക്കാന്‍ പാകത്തിന് നിറഗര്‍ഭിണിയായിരുന്നതിനാല്‍ കൗസര്‍ബീക്ക് ഓടാനായില്ല. അവളുടെ ഭര്‍ത്താവ് ഫിറോസ്ഭായ് റോഡിന്‍റെ മറ്റേ വശത്തായിരുന്നു. തീയും ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടവും നിറഞ്ഞ റോഡുകടന്നിപ്പുറം വരുന്നത് അസാധ്യവുമായിരുന്നു. പിന്നീട് ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോയപ്പോഴാണ്, 'മുടന്തന്‍' സുരേഷും ബാബു ബജ്​റംഗിയും ജയ്ഭവാനിയും ഗുഡ്ഡുഛരായും ചേര്‍ന്ന് അവളെ കൊന്നതും വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത് അതിനേയും വാളുകൊണ്ട് വെട്ടിക്കൊന്നതുമെല്ലാം ഫിറോസ് അറിഞ്ഞത്. കൗസര്‍ബീയുടെ മൃതദേഹം കണ്ടാല്‍ത്തന്നെ ഈ വിവരണങ്ങളൊക്കെ ശരിയായിരുന്നുവെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ലായിരുന്നു. പോരാത്തതിന്, കുറച്ചപ്പുറം മൃതദേഹങ്ങളുടെ ഒരു കൂമ്പാരത്തില്‍ മരിച്ചപോലെ കിടപ്പുണ്ടായിരുന്ന അവരുടെ 14 വയസ്സുള്ള മരുമകന്‍ ജാവേദ് എല്ലാം കണ്ടിരുന്നു. എട്ടു വര്‍ഷത്തിനുശേഷം അവനതെല്ലാം കോടതിയില്‍ വിശദീകരിച്ചു.

അന്നുമുതല്‍ ഫിറോസ്ഭായ് എല്ലാദിവസവും സ്വപ്നത്തില്‍ കൗസര്‍ബീയോട് സംസാരിക്കുന്നുണ്ട്. ''ഞങ്ങള്‍ രണ്ടുപേരും ഒരേപോലെയായിരുന്നു, ശരിക്കും ഒരേപോലുള്ള മനുഷ്യര്‍''-ഫിറോസ് പറയുന്നു. അന്നുമുതല്‍ എല്ലാവര്‍ഷവും കൗസര്‍ബീയുടെ ഖബർ ഫിറോസ് പൂകൊണ്ടലങ്കരിക്കും. ചുവന്ന റോസാപ്പൂക്കള്‍. വിവാഹത്തിന്‍റന്ന് അവള്‍ ധരിച്ചിരുന്നത് അതിമനോഹരമായ ചുവന്ന സല്‍വാര്‍ കമ്മീസായിരുന്നു.

സുരേഷ് വന്‍ ആവേശത്തിലായിരുന്നു: ''ഞങ്ങള്‍ എല്ലാം കത്തിച്ച് ചാമ്പലാക്കിയതിനുശേഷം തിരിച്ചുവന്നു.'' ആംഗ്യവിക്ഷേപങ്ങളോടെ അയാള്‍ പറഞ്ഞു. ''അപ്പോഴാണ് പൊലീസ് ഞങ്ങളെ വിളിച്ചത്. അവര്‍ പറഞ്ഞു ഓവുചാലില്‍ കുറച്ച് മുസ്‍ലിംകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന്. ഞങ്ങള്‍ അവിടേക്ക് പോയി. അവരുടെ വീടുകളൊക്കെ കത്തിയമര്‍ന്നുകഴിഞ്ഞിരുന്നു. പക്ഷേ, ഏഴോ എട്ടോ പേര്‍ ഓടയില്‍ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ആ ഓട അടപ്പിട്ട് മൂടി. ഞങ്ങള്‍ താഴെയിറങ്ങി അവരെ നേരിടാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ അപകടമായേനെ. പക്ഷേ, നമ്മുടെ (കൊലയുടെ) ഉത്സവം രാത്രിവരെ നീണ്ടുനിന്നു, ഏതാണ്ട് 8.30 വരെ'' (2007 ആഗസ്റ്റ് 12ലെ 'തെഹല്‍ക' മാഗസിന്‍ പ്രസിദ്ധീകരിച്ചതിന്‍റെ വിവര്‍ത്തനം. ഈ മുഴുവന്‍ സംഭാഷണവും 'തെഹൽക' പ്രസിദ്ധീകരിച്ചതാണ്.)

(വെറുപ്പിന്‍റെ ശരീരശാസ്ത്രം: രേവതി ലോള്‍. വിവ: ശ്രീജിത്ത് ദിവാകരന്‍)

അവന്‍ മൈക്കിനു മുന്നില്‍.'ദെറിദ, ഫൂക്കോ, ലകാന്‍' -ഉത്തരാധുനികത തകര്‍ത്തു പെയ്യുകയാണ് ടൗണ്‍ഹാളില്‍. ഒരു ഉറുമ്പു വന്ന് അവന്‍റെ കണ്ണിനു താഴെ ഒരു കടി. അവന്‍റെ കാഴ്ചപ്പാട് മാറുകയാണ്. 'സാര്‍ത്രെ, കുന്ദേര, ഉംബർതോ എക്കോ' -വാക്കുകളുടെ വയറിളക്കം. ഒരു കൂറ വന്ന് കണങ്കാലിലൂടെ പാന്‍റ്സിന്‍റെ ഉള്ളിലേക്ക്. അവന്‍റെ കാലിടറുകയാണ്. ഒരു പുഴു അവന്‍റെ മൂക്കിനുമേല്‍. ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും മേലേനിന്ന് ഒരു പല്ലി അവന്‍റെ മൂർധാവിലേക്ക്- ദെറിദയെ ഉറുമ്പിന്‍ കൂട്ടം മാളത്തിലേക്ക് വലിച്ചിഴച്ചു. ഫൂക്കോവിനെയും ലകാനിനെയും പാറ്റ തിന്നു. കുന്ദേരയുടെയും സാര്‍ത്രെയുടെയും മേലെ പുഴു അരിച്ചുനടന്നു. ഉംബർതോ എക്കോവിനെ പല്ലി വിഴുങ്ങി. അവനെ തള്ളിമാറ്റി ഇപ്പോള്‍ മൈക്കിനു മുന്നിൽ ഉറുമ്പ്, കൂറ, പുഴു, പല്ലി. അവ അവനോട് പറഞ്ഞു: ''എടാ കഴുവേറിയുടെ മോനേ, നേരെ ഗുജറാത്തിലേക്ക് ചെല്ല്. നരേന്ദ്ര മോദിയുടെ ഗുജറാത്തിലേക്ക്. എന്നിട്ട് ഇന്ത്യനവസ്ഥയെപ്പറ്റി പറ''-പി.കെ. പാറക്കടവ്.''

സത്യത്തില്‍ ഗുജറാത്തില്‍ എന്തു സംഭവിച്ചു എന്ന അന്വേഷണം. ''ഇനിയൊരിക്കലും ഒരിടത്തും ഗുജറാത്തുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജനാധിപത്യ ജാഗ്രതയാണ് ആവശ്യപ്പെടുന്നത്. പുരോഗമനവാദികള്‍ ഗുജറാത്തില്‍ നടന്ന നിഷ്ഠുരമായ വംശഹത്യയുടെ പട്ടിക അവതരിപ്പിക്കുന്നത് സഹതാപതരംഗം സൃഷ്ടിക്കാനല്ല, മറിച്ച് ഫാഷിസ്റ്റ്‍വത്കരണത്തിനെതിരെയുള്ള സമരത്തിന് ശക്തി പകരാനാണ്. ഞങ്ങള്‍ തയാറാക്കുന്നത് മരിച്ചവരുടെ ജാതകമല്ല. പകരം ഫാഷിസ്റ്റുകളാല്‍ കശാപ്പുചെയ്യപ്പെട്ട മനുഷ്യത്വത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ്. കൊലയാളികളെ അസ്വസ്ഥമാക്കുന്ന സത്യങ്ങളുടെ ഒരു സമാഹാരമാണ് ഗുജറാത്ത്. ഗുജറാത്ത് അനുസ്മരണം ഇനിയുള്ള ദിവസങ്ങളില്‍ ഓരോ മതേതരവാദിയായ ഇന്ത്യക്കാരനും നിര്‍ബന്ധപൂർവം ബഹുതലങ്ങളില്‍ നിര്‍വഹിക്കേണ്ട ദീര്‍ഘവും ക്ലേശകരവുമായ ഒരു മഹാസമരത്തിന്‍റെ ആമുഖം മാത്രമാണ്. ഗുജറാത്തില്‍ പ്രത്യക്ഷത്തില്‍ നടന്ന മുസ്​ലിംഹത്യ സൂക്ഷ്മാർഥത്തില്‍ മതേതരമൂല്യങ്ങളുടെ സമ്പൂർണ സംഹാരമാണ്. ഹിന്ദുസ്ഥാന്‍ ജന്തുസ്ഥാന്‍ ആയി എന്ന് ഗുരു ബാബയുടെ മാസിക, ഇനി ഞാനെങ്ങനെ സാരെ ജഹാംസെ പാടും എന്ന് ഹൃദയപൂര്‍വം ചോദിച്ച് ജോലി ഉപേക്ഷിച്ച ഐ.എ.എസുകാരന്‍ ഹര്‍ഷ് മന്ദിര്‍, ഗുജറാത്തിന്‍റെ ചിരി ഭസ്മമായി എന്ന് ഉത്കണ്ഠപ്പെടുന്ന ദിഗന്ദ്ഓഷ, ഭൂമി ഇനിയും ഒരു കിനാവ് കാണാനുത്സുകയാവുമോ എന്നൊരു കവി സുഹൃത്ത്, ഗുജറാത്തിനെക്കുറിച്ച് എഴുതുകവയ്യെന്ന് തുടരെയെഴുതുന്ന കോളമിസ്റ്റ്, ഗുജറാത്തിന്‍റെ ആത്മാവില്‍ ഇരുമ്പ് കയറിയോ എന്ന് 'സെമിനാര്‍' മുഖപ്രസംഗം. ജന്മനാട്ടില്‍ സർവതും നഷ്ടപ്പെട്ട് അഭയാർഥികളായ ഒരു ജനതയുടെ മുമ്പില്‍ നിന്നപ്പോള്‍ അതിശയോക്തി കലര്‍ന്നതാവും എന്ന് കരുതിയ ഈ പ്രസ്താവനകള്‍ മുഴുവന്‍ സങ്കടപ്പെടുന്ന ഗുജറാത്തിന്‍റെ വര്‍ത്തമാന സത്യത്തെ അഭിസംബോധനചെയ്യാന്‍ അശക്തമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി.

കൂട്ടക്കൊല നടന്ന് ശ്മശാനമായി മാറിയ ഒരു സ്ഥലത്തുനിന്നും കിട്ടിയ നാലു വയസ്സുകാരനായ ഒരു കുഞ്ഞിനെയുമെടുത്ത് സമസ്ത സങ്കടങ്ങളും ഉള്ളിലൊതുക്കി നടക്കുകയായിരുന്ന ഹിന്ദുമത വിശ്വാസിയായ ഒരു സാമൂഹിക പ്രവര്‍ത്തകന് ഫാഷിസ്റ്റുകളില്‍ നിന്നുണ്ടായ ഒരനുഭവം ഗുജറാത്ത് കൂട്ടക്കൊലകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ അറിയപ്പെടാതെപോയ ഒരധ്യായമാണ്. വാക്കുകള്‍ പ്രവര്‍ത്തനങ്ങളാണെന്ന് പറഞ്ഞത് പതിനേഴാം നൂറ്റാണ്ടിലെ സ്ഥിതിസമത്വ കാഴ്ചപ്പാടിന്‍റെ പ്രതിനിധികളായ 'ലെവല്ലര്‍' (അടിച്ചു നിരപ്പാക്കുന്നവര്‍) പ്രസ്ഥാനക്കാരാണ്. എന്നാല്‍ ഗുജറാത്തിലിന്ന് ചില വാക്കുകള്‍ മരണകാരണമാണ്. അതിലൊന്ന് അച്ഛന്‍, അമ്മ എന്നർഥമുള്ള പൊതുവില്‍ മുസ്‍ലിംകള്‍ ഉപയോഗിക്കുന്ന 'അബ്ബ'യും 'അമ്മി'യുമാണ്. നേരത്തേ പറഞ്ഞ ഹിന്ദുമത വിശ്വാസിയായ സാമൂഹികപ്രവര്‍ത്തകന്‍ ഒരു കുഞ്ഞിനെയെങ്കിലും രക്ഷിക്കാനായല്ലോ എന്ന ചാരിതാർഥ്യത്തോടെ നടക്കുമ്പോഴാണ് കൊലയാളികളുടെ പിടിയില്‍പെട്ടത്. ഇതെന്‍റെ കുഞ്ഞാണെന്ന് പറഞ്ഞ് രക്ഷപ്പെട്ടതിലുള്ള സന്തോഷത്തോടെ മുന്നോട്ട് നടക്കുമ്പോഴാണ് തോളില്‍ കിടക്കുന്ന ഇതൊന്നുമറിയാത്ത കുഞ്ഞ് 'അബ്ബാ' എന്ന് വിളിച്ചത്. പിന്നെ താമസമുണ്ടായില്ല. കൊലയാളികള്‍ ഓടിവന്ന് കുഞ്ഞിനെ ബലാല്‍ക്കാരമായി പിടിച്ചുവാങ്ങി പിച്ചി ചീന്തി. ആ കുഞ്ഞ് മരിച്ചു. പക്ഷേ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആ സാമൂഹികപ്രവര്‍ത്തകന്‍റെ മാനസികാവസ്ഥ എന്താണ്?

ഖു​ത്ബു​ദീ​ന്‍ അ​ന്‍സാ​രി​, അ​ശോ​ക് മോ​ച്ചി

വംശഹത്യ നടന്ന് രണ്ട് മാസം കഴിഞ്ഞ് ഏപ്രില്‍ 19ന് മു​ംബൈയില്‍നിന്ന് ഗുജറാത്ത് സന്ദര്‍ശിച്ച ഒരു മുസ്​ലിം സാമൂഹികപ്രവര്‍ത്തകനെ യാത്രയില്‍ സഹായിച്ചത് മനീഷ് എന്ന ഹിന്ദു യുവാവാണ്. കലാപം നടന്ന സ്ഥലങ്ങളെല്ലാം അവരൊന്നിച്ച് സന്ദര്‍ശിച്ചു. പിരിയാന്‍ നേരത്ത് മനീഷ് പറഞ്ഞു: ''നിങ്ങളെ വീട്ടില്‍ വിളിക്കാന്‍ കഴിയാത്തതില്‍ എനിക്ക് സങ്കടമുണ്ട്. ചെറിയൊരു മുസ്‍ലിം കുട്ടി അബദ്ധത്തില്‍ ഞങ്ങളുടെ കോളനിയില്‍ എത്തിപ്പെട്ടാല്‍ അതിന് ജീവനോടെ തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് എന്നോട് ക്ഷമിക്കണം.''

ലക്ഷക്കണക്കിന് ജൂതരെ കൂട്ടക്കൊല ചെയ്യുന്നത് കണ്ട് മനസ്സുമടുത്ത് ഫാഷിസ്റ്റുകള്‍ക്കിടയില്‍ തന്നെയുള്ള പൂര്‍ണമായും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു യുവാവ് ''യഹൂദരും മനുഷ്യരല്ലേ'' എന്ന് പതുക്കെ ചോദിച്ചപ്പോള്‍ ഗീബല്‍സ് ഉറക്കെ പറഞ്ഞത് യഹൂദര്‍ മനുഷ്യരല്ല, അവര്‍ ജീര്‍ണതയുടെ പ്രതിരൂപങ്ങളായ പിശാചുക്കളാണ് എന്നായിരുന്നു. ഗുജറാത്ത് കൂട്ടക്കൊല നടുക്കമുണര്‍ത്തുമാറ് ഗീബല്‍സിന്‍റെ വാക്കുകളെ ഓര്‍മിപ്പിക്കുന്നു. ഗുജറാത്തിനെക്കുറിച്ച് സംസാരിക്കാതെ ഒഴിഞ്ഞുമാറിപ്പോകാനുള്ള പ്രവണത പൊതുവില്‍ വളര്‍ന്നുവരുന്നതിന്‍റെ കാരണം ഒരുപക്ഷേ ഫാഷിസ്റ്റ് പ്രചാരണത്തിന്‍റെ വിജയത്തെതന്നെയാണ് ഓര്‍മിപ്പിക്കുന്നത്. പാട്യാലയില്‍ ഇന്ത്യന്‍ ഫാഷിസത്തിന്‍റെ വളണ്ടിയറായി സേവനമനുഷ്ഠിച്ച ഒരു പ്രഫസര്‍ തന്‍റെ വാര്‍ധക്യകാലത്ത് കഴിഞ്ഞുപോയ ചിലകാര്യങ്ങള്‍ ഓര്‍ക്കുന്നത് 'നിശ്ശബ്ദതയുടെ മറുപുറം' എന്ന ഉർവശീ ബട്ടാലയുടെ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. പാട്യാലയില്‍ ഒരു ഫാഷിസ്റ്റ് വളണ്ടിയര്‍ ആയിരുന്നപ്പോള്‍ അയാളൊരു ബലാത്സംഗത്തിന് സാക്ഷിയായിരുന്നു. പീഡിതയായ സ്ത്രീ പൊട്ടിക്കരയുകയും ഞരങ്ങുകയും ചെയ്യുന്നത് മനസ്സില്‍ ഒരു വേദനയും കൂടാതെ കേട്ടുനില്‍ക്കാന്‍ അന്നയാള്‍ക്ക് കഴിഞ്ഞു. കാരണം, അന്നയാള്‍ ഒരു ഉറച്ച ഒരു ഫാഷിസ്റ്റ് വളണ്ടിയറായിരുന്നു. 50 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നയാള്‍ അന്നത്തെ സംഭവമോര്‍ത്ത് വിതുമ്പുന്നു. ആ സ്ത്രീയെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടുന്നു. കാരണം, ഇന്നയാള്‍ ഒരു ഫാഷിസ്റ്റ് വളണ്ടിയറല്ല.

ജീവിച്ചിരിക്കുന്നവരെ പിച്ചിച്ചീന്തിയും പീഡിപ്പിച്ചും മാത്രമല്ല, മരിച്ചവരെപോലും വേട്ടയാടിക്കൊണ്ടുകൂടിയാണ് ഫാഷിസം അതിന്‍റെ ഭീതിയുടെ ഭരണം തുടരുന്നത്. വളരെ മാരകമായ ഒരു ഉദാഹരണം വാലി ഗുജറാത്തിയുടെ ശവകുടീരത്തില്‍ ഫാഷിസ്റ്റുകള്‍ നടത്തിയ അതിക്രമമാണ്. വാലി ഗുജറാത്തിയുടെ തകര്‍ക്കപ്പെട്ട സ്മാരകം എവിടെയാണെന്ന് തിരിച്ചറിയാന്‍ ആ സ്ഥലം സന്ദര്‍ശിച്ച ഞങ്ങള്‍ വളരെ പ്രയാസപ്പെട്ടു. അവിടെ ഒരു സ്മാരകമുണ്ടായിരുന്നതിന് തെളിവായി നേരിയ ഒരവശിഷ്ടംപോലും ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. മഹാനായ ഒരു സൂഫിവര്യന്‍റെ ശവകുടീരത്തിന് പകരം ടാറിട്ട ഒരു റോഡാണ് ഞങ്ങള്‍ അവിടെ കണ്ടത്. അഹ്മദാബാദ് പട്ടണത്തിലെ ​െപാലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ തൊട്ടടുത്താണ് വാലിയുടെ ദര്‍ഗ സ്ഥിതി ചെയ്തിരുന്നത്. അതിനപ്പുറത്ത് ഒരു ഹനുമാന്‍ കോവില്‍ ഉണ്ട്. ഇപ്പോള്‍ ഹനുമാന്‍ കോവില്‍ മാത്രമേയുള്ളൂ! എന്താണ് വാലി ഗുജറാത്തി വര്‍ത്തമാന ഗുജറാത്തില്‍ ചെയ്ത തെറ്റ്?

ജന്മംകൊണ്ട് മഹാരാഷ്ട്രക്കാരനാണ് വാലി ഗുജറാത്തി. ദീര്‍ഘമായ യാത്രയായിരുന്നു അയാളുടെ ജീവിതം. മനുഷ്യസ്നേഹത്തെയും മതമൈത്രിയെയും കുറിച്ചാണ് അയാള്‍ പാടിയത്. വാലി ഡെക്കാനി, വാലി ഔറംഗബാദി എന്നീ പേരുകളിലെല്ലാം അദ്ദേഹം അറിയപ്പെടുന്നുണ്ട്. ജന്മംകൊണ്ട് മഹാരാഷ്ട്രക്കാരനാണെങ്കിലും അയാള്‍ തന്‍റെ ജീവിതംകൊണ്ട് സ്വയം ഒരു ഗുജറാത്തിയായാണ് അറിയപ്പെടുന്നത്. അങ്ങനെയാണ് വാലി മുഹമ്മദ് 'വാലി ഗുജറാത്തി' എന്ന പേര് സ്വയം സ്വീകരിക്കുന്നത്. അങ്ങനെ ഗുജറാത്തിനെ അഗാധമായി സ്നേഹിച്ച ആ വലിയ മനുഷ്യനെ ഗുജറാത്തുകാര്‍ സ്മരിച്ചുപോരുകയായിരുന്നു. അത് മതേതരത്വത്തിന്‍റെ മാതൃകാ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. അതാണ് അടിച്ചു തകര്‍ത്തത്. വാലി ഗുജറാത്തിയുടെ സ്മാരകം അടിച്ചുതകര്‍ക്കപ്പെട്ടതിനുപിന്നില്‍ ഫാഷിസ്റ്റുകള്‍ നടത്തുന്ന വളരെ നിന്ദ്യവും സങ്കുചിതവുമായ പ്രചാരണങ്ങളുടെ എല്ലിന്‍ കഷണങ്ങള്‍കൂടി കണ്ടെടുക്കാനാവും. അതിലൊന്ന് ഉർദു ഭാഷക്കുനേരെ ഫാഷിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രോശങ്ങളാണ്. സത്യത്തില്‍ ഉർദു ഇന്ത്യയിലെ സങ്കരസംസ്കാരത്തിന്‍റെ ശക്തിയാണ്. പ്രേംചന്ദിനെപ്പോലുള്ള നിരവധി എഴുത്തുകാരുടെ രചനകള്‍കൊണ്ട് സമ്പന്നമായ ഭാഷയാണത്. ഇന്നും ലോകത്തിലെങ്ങുമുള്ള മനുഷ്യര്‍ ഹൃദയസ്പര്‍ശിയായി അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി ഗസലുകള്‍ രൂപംകൊണ്ടത് ഉർദുവിലാണ്, ഇന്ത്യക്കാരൂടെ ഭാഷയാണത്. അങ്ങനെയുള്ള ഉർദു ഭാഷയുടെ പിതാവ് എന്ന് വിളിക്കാവുന്ന ആളാണ് വാലി ഗുജറാത്തി. ആ വാലി ഗുജറാത്തിയുടെ സ്മാരകമാണ് അടിച്ചുതകര്‍ത്തത്.

മൂന്ന്

നിലനില്‍പ്പിനുവേണ്ടി സ്വന്തം സംസ്കാരംതന്നെ വലിച്ചെറിയാനുള്ള സമ്മർദമുണ്ടാകുന്നതാണ് സ്ത്രീകളെ ഏറെ ചകിതരാക്കുന്നത്. വസ്തുതാന്വേഷണ സംഘത്തിനുമുമ്പില്‍ പല മുസ്​ലിം സ്ത്രീകളും അവരുടെ സല്‍വാർ കമ്മീസ് സാരിക്കുവേണ്ടി ഉപേക്ഷിക്കേണ്ടിവന്നതും രക്ഷക്കുവേണ്ടി പൊട്ടുതൊടേണ്ടിവന്നതും വിവരിക്കുകയുണ്ടായി. ''ഗുജറാത്തിലുടനീളം പള്ളികളില്‍നിന്നും ദര്‍ഗകളില്‍നിന്നും ഉയരുന്ന പുകയ്ക്കു പിറകില്‍ പൊട്ടുധരിക്കണോ വേണ്ടയോ എന്ന നിസ്സാരകാര്യത്തിനു പ്രാധാന്യം വന്നിരിക്കുന്നു. പ്രാണരക്ഷക്കുവേണ്ടി ഞങ്ങള്‍ ഹിന്ദുക്കളായി വേഷംകെട്ടി. എന്‍റെ അമ്മായിയമ്മയും ഞാനും പൊട്ടുതൊട്ടു, സാരിധരിച്ചു. ഞങ്ങള്‍ ഞങ്ങളുടെ പേരുകള്‍ മാറ്റി, എന്‍റെ ഭര്‍ത്താവ് രാംലാലായി. അദ്ദേഹത്തിന്‍റെ അമ്മ ശാരദയും അച്ഛന്‍ അമൃതഭായിയും, എന്‍റെ കുട്ടികള്‍ രമേശും രാജുവും സുനിതയുമായി മാറി'' ഹാലോള്‍ അഭയാർഥി ക്യാമ്പിലെ മുംതാസ് പറഞ്ഞതാണിത്. (ഗുജറാത്ത് സ്ത്രീവേട്ടയുടെ സാക്ഷ്യങ്ങള്‍: അന്വേഷണറിപ്പോര്‍ട്ട്, കേരള വിമന്‍സ് ഫ്രണ്ട്.)

ഏതു വസ്ത്രം ധരിക്കണമെന്നും സ്വന്തം അടുക്കളയില്‍ ഏതുതരത്തിലുള്ള ഭക്ഷണം പാചകം ചെയ്യണമെന്നും തീരുമാനിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ഒരു ജനതയുടെ അവസ്ഥ എത്ര പരിതാപകരമാണ്. ഇന്ത്യയുടെ പലഭാഗങ്ങളിലും ഇത്തരം അവസ്ഥകളുണ്ട്. ഭക്ഷണമുണ്ടാക്കുന്നതുപോലും ഒരു ഒളിപ്രവര്‍ത്തനമായി എത്രയോ കാലമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും അതിനൊരു മാറ്റവും വന്നിട്ടില്ല, എന്നിട്ടും ഇതൊരു അന്വേഷണ വിഷയമോ ചര്‍ച്ചാ വിഷയമോ പോലും ആകുന്നില്ല എന്നുമുള്ള അവസ്ഥ എത്രമാത്രം ഭീകരമാണ്. സവർണമൂല്യങ്ങളില്‍നിന്ന് വ്യത്യസ്തമായ ജീവിതരീതി പുലര്‍ത്തുന്ന സമൂഹങ്ങള്‍ വളരെ ഭീതിജനകമായ രീതിയിലാണ് ഉത്തരേന്ത്യയില്‍ പലയിടത്തും ജീവിക്കുന്നത്.

കൊലയും കൊലവിളിയുമില്ല. ആ സമാധാനകാലത്തുപോലും അവരുടെ ജീവിതം അത്യന്തം സംഘര്‍ഷമാണ്. പ്രസ്തുത സംഘര്‍ഷം പക്ഷേ അടയാളപ്പെടുത്തപ്പെടാതെ പോകുന്നു. ഇങ്ങനെ, രേഖപ്പെടുത്തപ്പെടാതെ പോകുന്ന നീണ്ട കാലത്തെ സംഘര്‍ഷങ്ങള്‍ ഇന്നും ഗുജറാത്തിലെ ന്യൂനപക്ഷങ്ങളും അധഃസ്ഥിതരും ദലിതരും അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രസ്തുത 'നിശ്ശബ്ദ ഭീകരത'ക്കു മുന്നില്‍ നമ്മുടെ സമൂഹം കുറ്റകരമായ നിശ്ശബ്ദത പുലര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

'കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം' എന്ന പൊക്കുടന്‍റെ ആത്മകഥയില്‍ ഒരു വരിയുണ്ട്. ''വാക്കുകള്‍ക്ക് പച്ചമണ്ണിന്‍റെയും പച്ചമീനിന്‍റെയും പുതുനെല്ലിന്‍റെയും മണം വരുമ്പോള്‍ അതെത്രമേല്‍ വ്യത്യസ്തമായിരിക്കുമെന്ന് വായനക്കാര്‍ക്ക് സംശയമുണ്ടോ?'' ഇത് ഒരു പൊക്കുടന് കേരളത്തില്‍നിന്നും ചോദിക്കാന്‍ കഴിയും. പച്ചമണ്ണിന്‍റെയും പച്ചമീനിന്‍റെയും പുതുനെല്ലിന്‍റെയും മണത്തെക്കുറിച്ച് ഒരു 'കീഴാള'പ്രതിഭക്ക് കേരളത്തില്‍ സംസാരിക്കാന്‍ പറ്റും. ആ മണം നമ്മുടെ ജീവിതത്തിന്‍റെ മണംതന്നെയാണ്. പക്ഷേ പ്രസ്തുത ഗന്ധത്തിന് ഗുജറാത്തിലെ സവർണകേന്ദ്രങ്ങളില്‍ വിലക്കാണ്. ഇതില്‍ പരാതിപ്പെടേണ്ടവര്‍ രണ്ടാംതരം പൗരന്മാരായി കീഴടങ്ങി ജീവിക്കുന്ന അവസ്ഥ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം എത്ര ഭീകരമാണ്?

ഗുജറാത്ത് യാത്രക്കിടയില്‍ പരിചയപ്പെട്ട സോണിയ മലയാളിയാണെങ്കിലും സൗരാഷ്ട്രയിലാണ് ജനിച്ചത്. ജോലിചെയ്യുന്നത് ഗുജറാത്തിലാണ്. സൗരാഷ്ട്രയിലെ സവർണ ഭൂരിപക്ഷ പ്രദേശത്താണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്. അവിടെയവര്‍ക്ക് മത്സ്യം പാകം ചെയ്യണമെങ്കില്‍ ചന്ദനത്തിരി കത്തിച്ചുവെക്കണം. രണ്ടുരൂപയുടെ മത്തി പാകം ചെയ്യാന്‍ അഞ്ച് രൂപയുടെ ചന്ദനത്തിരി കത്തിക്കണം. ഇതൊരു നിശ്ശബ്ദ ഭീകരവാദമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? കേരളത്തില്‍നിന്ന് മുമ്പ് സൂചിപ്പിച്ചവിധം മലയാളത്തിന്‍റെ അഭിമാനമായ പൊക്കുടന് ''പച്ചമണ്ണിന്‍റെയും പച്ചമീനിന്‍റെയും പുതുനെല്ലിന്‍റെയും മണമുള്ള'' ഒരു ഭാഷയെക്കുറിച്ച് സംസാരിക്കാനാകും. ഗുജറാത്തിലത് കഴിയില്ല. നിശ്ശബ്ദ ഭീകരതയാണ് എത്രയോ പതിറ്റാണ്ടുകളായി ഗുജറാത്തിന്‍റെ സാംസ്കാരിക ജീവിതത്തില്‍ നേതൃത്വം വഹിക്കുന്നത്.

നാല്

പ്രഫ. ബൻദൂക്​വാലയുടെ അനുഭവം കൂടി ഇതോട് ചേര്‍ത്തു​െവച്ച് മനസ്സിലാക്കണം. പ്രഫ. ബൻദൂക്​വാല ഉദാര മതേതരവാദിയായ ഒരു സർവകലാശാല അധ്യാപകനാണ്. ബാബരി മസ്ജിദിന്‍റെ സ്ഥാനത്ത് ക്ഷേത്രം പണിത് സംഘര്‍ഷം ഒഴിവാക്കണം എന്നുവരെ വാദിച്ച പ്രഫസര്‍ പൊതുവില്‍ ഇന്ത്യന്‍ ഫാഷിസ്റ്റ് വേദികള്‍ക്ക് സ്വീകാര്യനായിരുന്നു. അമേരിക്കയില്‍ താമസിക്കാന്‍ ഗ്രീന്‍ കാര്‍ഡുണ്ടായിട്ടും സ്വന്തം രാജ്യത്തോടുള്ള ആഭിമുഖ്യത്താല്‍ 72 മുതല്‍ ബറോഡ യൂനിവേഴ്സിറ്റിയില്‍ അദ്ദേഹം ജോലിചെയ്തുവരുകയായിരുന്നു. ഇന്ത്യയില്‍ തന്നെ താമസിക്കാന്‍ എടുത്ത തീരുമാനത്തില്‍ ഇതുവരെ അദ്ദേഹം അഭിമാനിച്ചിരുന്നു. താനെടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ഇപ്പോള്‍ പ്രഫസര്‍ ദുഃഖിക്കുന്നു. ''ഇന്ത്യന്‍ ഫാഷിസത്തെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല''' എന്നതാണ് ഇന്ന് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ദുഃഖം. ''ഞാന്‍ ആദ്യമൊരു ഇന്ത്യാക്കാരനും രണ്ടാമത് മാത്രം മുസ്‍ലിമും'' എന്ന് മുമ്പ് പറഞ്ഞപ്പോള്‍ ബൻദൂക്​വാല കരുതിയത് താന്‍ അതോടെ ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്ക് സ്വീകാര്യനാവും എന്നുതന്നെയാണ്. ബറോഡ യൂനിവേഴ്സിറ്റിയില്‍ സവര്‍ക്കര്‍ ദിനത്തില്‍ സവര്‍ക്കറെ അനുസ്മരിച്ചു പ്രസംഗിച്ചതിന്‍റെ പിറ്റേന്നുതന്നെയാണ് അദ്ദേഹത്തിന്‍റെ വീട് ആക്രമിക്കപ്പെട്ടത്. ''കാറും വീടുമൊക്കെ നഷ്ടപ്പെട്ടത് എനിക്ക് സഹിക്കാം. അതിലേറെ എനിക്ക് നഷ്ടപ്പെട്ടത് എന്‍റെ വിശ്വാസങ്ങളാണ്'', ബൻദൂക്​വാല പറയുന്നു.

മുസ്‍ലിംകളടക്കമുള്ള ഒരു ജനത മുഖ്യധാരാ സംസ്കാരത്തിന്‍റെ ഭാഗമാവാത്തതുകൊണ്ടാണ് ഞങ്ങള്‍ അവരുടെ ദേശക്കൂറ് ചോദ്യം ചെയ്യുന്നത് എന്ന ഫാഷിസ്റ്റുകളുടെ പ്രചാരണം ഇവിടെ പൊളിയുന്നു. അല്ലെങ്കില്‍ തന്നെ ഒരു ജനതയുടെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും നിര്‍വഹിക്കാത്ത ഇവര്‍ക്കെന്താണ് അവകാശം? മുഖ്യധാര, ഉപധാര എന്നൊക്കെ വിളിക്കാവുന്ന വിധത്തില്‍ ഒരു രാഷ്ട്രത്തിലെ ജനതയുടെ സംസ്കാരത്തെ വിഭജിക്കുന്നതുതന്നെ സൈദ്ധാന്തികമായി ശരിയല്ല. പ്രായോഗികമായും അത് പ്രസക്തമല്ല. പക്ഷേ ഫാഷിസ്റ്റുകളുടെ വാദം വെറുമൊരു വാദമായി സ്വീകരിച്ചാല്‍ പോലും ആ വാദത്തോട് അവര്‍പോലും കൂറ് പുലര്‍ത്തുന്നില്ല. സത്യത്തില്‍ അവരെ സംബന്ധിച്ചിടത്തോളം മുഖ്യധാര എന്നത് ഒരു മുഖംമൂടിയാണ്.

ഗുജറാത്തില്‍ ആരുടെയും സമ്മർദമില്ലാതെ സ്വന്തം പ്രദേശത്തിന്‍റെയും സ്ഥാപനങ്ങളുടെയും മുമ്പുള്ള പേരുകള്‍ മാറ്റി 'മുഖ്യധാര'ക്ക് പ്രിയങ്കരമാകുന്ന പേരുകള്‍ സന്തോഷപൂർവം സ്വീകരിച്ചവര്‍ക്ക് ഗുജറാത്തില്‍ എന്ത് സംഭവിച്ചു എന്ന് മാത്രം നോക്കിയാല്‍ ഇന്ത്യന്‍ ഫാഷിസത്തിന്‍റെ മുഖ്യ സംസ്കാര സ്നേഹത്തിന്‍റെ പൂച്ച് പുറത്തുചാടും. രാമായണ മഹാഭാരത സീരിയലുകള്‍ കണ്ട് അതിനോടാഭിമുഖ്യം തോന്നിയ പ്രതാപ്നഗറിലെ ഭൂരിപക്ഷം വരുന്ന മുസ്‍ലിം ജനത പ്രസ്തുത പ്രദേശത്തിന് രാമായണനഗര്‍ എന്ന പേര് നല്‍കി. പക്ഷേ അവരും ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടില്ല. സംഘ്പരിവാര്‍ പരസ്യപ്പെടുത്തുന്ന 'തനിമ'യില്‍ പറ്റിച്ചേര്‍ന്നിട്ടുപോലും 'രാമായണ നഗരവാസികള്‍' രക്ഷപ്പെട്ടില്ല. യഥാർഥത്തില്‍ 'തനിമ' സകല വൈവിധ്യങ്ങളും നിലനില്‍ക്കെത്തന്നെ മനുഷ്യര്‍ക്കിടയില്‍ ദീര്‍ഘകാലത്തെ ഒന്നിച്ചുള്ള ജീവിതത്തിലൂടെ വളര്‍ന്നുവരുന്ന, വരേണ്ട ഒരു സാംസ്കാരിക സൗഹൃദമാണ്. അത് ലയിക്കലും ലയിപ്പിക്കലുമല്ല.സന്തോഷത്തോടെ സംഭവിക്കുന്ന, സംഭവിക്കേണ്ട സമന്വയമാണ്. സകലരെക്കൊണ്ടും ശക്തി ഉപയോഗിച്ചും സമ്മർദം പ്രയോഗിച്ചും രാമനാമം ജപിപ്പിക്കുന്നതുകൊണ്ടോ റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുമ്പ് തേങ്ങയുടയ്ക്കുന്നതുകൊണ്ടോ ഹിജാബ് അഴിപ്പിക്കുന്നതുകൊണ്ടോ ദേശീയോദ്ഗ്രഥനം സാധിക്കുകയില്ല! മാനവരാശിയുടെ സംസ്കാരം സമ്പന്നമാകുന്നത് കൊടുത്തും വാങ്ങിയുമാണ്, വെട്ടിയും കൊന്നുമല്ല. ജനാധിപത്യപരമായ കൊടുക്കൽ‍-വാങ്ങലുകളും ആധിപത്യത്തിലധിഷ്ഠിതമായ അടിച്ചേല്‍പ്പിക്കലും അടിസ്ഥാനപരമായി വിരുദ്ധ ചേരികളിലാണ് സ്ഥിതിചെയ്യുന്നത്. ആദ്യത്തേത് കലര്‍പ്പിന്‍റെ കലയാണ്. രണ്ടാമത്തേത് ജനാധിപത്യപരമായ കൂടിച്ചേരലുകളെ മുഴുവന്‍ കൊലചെയ്യാന്‍ ഉയര്‍ത്തിപ്പിടിച്ച ഫാഷിസത്തിന്‍റെ വാളാണ്. ന്യൂനപക്ഷങ്ങളെല്ലാം 'മുഖ്യധാര'യില്‍ ലയിച്ചുചേരണമെന്ന ഫാഷിസ്റ്റ് സമീപനത്തിലുള്ളത് കാലഹരണപ്പെട്ട വംശശുദ്ധിവാദത്തിന്‍റെ ഹുങ്കാണ്. പുനരുത്ഥാനവാദത്തിന്‍റെ പിന്നില്‍ മറഞ്ഞുനിന്നാണ് ഫാഷിസം ജനങ്ങളുടെ ജീവിക്കുന്ന 'തനിമ'യെ മുമ്പും തകര്‍ത്തത്! അവരുടെ പാരമ്പര്യ മഹത്ത്വവാദത്തിന്നു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദേശീയബോധമല്ല, സങ്കുചിത 'ദേശീയവാദ'ത്താല്‍ വികലമായ കീഴാള വിരുദ്ധ ബോധമാണ്.

''നിങ്ങള്‍ സിംഹത്തെ നോക്കൂ'' എന്നാണ് ഫാഷിസ്റ്റ് ഗ്രന്ഥങ്ങളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. അല്ലാതെ, ''നിങ്ങള്‍ നൈല്‍ നദീതടസംസ്കാരം സൃഷ്ടിച്ച മനുഷ്യരെ നോക്കൂ'' എന്നല്ല. മനുഷ്യരെ ജന്തുക്കളുമായി താരതമ്യപ്പെടുത്തുന്ന രീതി ഫാഷിസത്തിന്‍റേതാണ്. അതുകൊണ്ട് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ശക്തിയെ മാത്രമാണ്. ബലഹീനരാണ് സകല കുഴപ്പങ്ങള്‍ക്കും കാരണം, ബലമാണ് മോക്ഷം ഇതാണവരുടെ കാഴ്ചപ്പാട്. വലിയൊരു യുദ്ധത്തെ അവര്‍ സ്വാഗതം ചെയ്യുന്നു. സമാധാനം ഭീരുക്കളുടെ സ്വപ്നമാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. രക്തസാക്ഷിക്ക് വിജയിയെ അപേക്ഷിച്ച് മൂല്യം കുറവാണെന്ന് അവര്‍ വിധി കല്‍പിക്കുന്നു. അവരവതരിപ്പിക്കുന്ന ദൈവശാസ്ത്രംപോലും ചോരമയമാണ്. സമീപകാലത്ത് ഗുജറാത്തില്‍ ഉയര്‍ന്നുവന്ന ഹുലാദിയാ ഹനുമാന്‍ (രക്തദാഹിയായ ഹനുമാന്‍) അതിന്‍റെ തെളിവാണ്. ഒരു മരുന്നിനുപകരം ആ മരുന്നുള്ള ഒരു മലതന്നെ ചുമന്നുകൊണ്ട് വന്ന കരുത്തനും കാരുണ്യമൂര്‍ത്തിയുമായ ആ പഴയ ഹനുമാന്‍ ഇന്ന് 'ഗുജറാത്തില്‍' ദീപ്തമായ ഒരോർമ മാത്രമാണ്. കൂട്ടക്കൊലയുടെ ചോരകുടിച്ച് കരുത്തു നേടിയാണ് പുതിയ ഹനുമാന്‍ രൂപപ്പെട്ടുവന്നിട്ടുള്ളത്. കൂട്ടക്കൊലക്കനുയോജ്യമായ ആചാരരീതികളെയും അതിനുവേണ്ട ദൈവങ്ങളെയും അവര്‍ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.

ഗുജറാത്തിനെപ്പറ്റി ഇനി ശബ്ദിക്കരുതെന്ന ഫാഷിസത്തിന്‍റെ ഉഗ്രശാസനകളെ മലയാളിസമൂഹം മറികടന്നുകഴിഞ്ഞിരിക്കുന്നു. 'വടിവാള്‍ജി'മാര്‍ക്കും 'കുന്തവാഹ്ജി'മാര്‍ക്കുമിടയില്‍ കേരളീയര്‍ തലകുനിക്കുകയില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. അവരുടെ കാപട്യത്തിന്‍റെ ഇരുണ്ട കോട്ടകൊത്തളങ്ങളുടെ അകത്തളങ്ങളിലേക്ക് മലയാള കവിതയും കഥയും കണ്ണുതുറന്ന് കഴിഞ്ഞിരിക്കുന്നു.

''...താങ്കള്‍ മാംസഭുക്കാണോ?'' അയാള്‍ ചോദിച്ചു. ''അങ്ങിനെയൊന്നുമില്ല'', ഞാന്‍ പറഞ്ഞു. ''താങ്കളോ?'' ഞാന്‍ ചോദിച്ചു. ''ഞങ്ങള്‍ വൈഷ്ണവ ജനത. ശുദ്ധ സസ്യഭുക്കുകളാണ്.'' തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു. ''നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂർണഗര്‍ഭിണിയുടെ വയറുകീറി കുട്ടിയെ വെളിയിലെടുത്ത് വെട്ടിനുറുക്കി തിന്നതോ, തള്ളയെയും?'' ഞാന്‍ പെട്ടെന്ന് ചോദിച്ചുപോയി. ഒരു വികൃതജന്തുവായി രൂപം മാറിയ അയാള്‍ കൊലപ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലുകുലച്ചുകൊണ്ട് എന്‍റെ നേരെ മുരണ്ടു: ''ക്യാ?'' (കടമ്മനിട്ട).

''ഇല്ല, ഒരമ്മയും ഇങ്ങനെ കുഞ്ഞിനെ

ചിതയിലേക്കു പെറ്റിട്ടുണ്ടാവില്ല

ഒരു നിലവിളിയും ഇങ്ങനെ

ഉയരുംമുമ്പേ ചാരമായിട്ടുണ്ടാവില്ല

വിട. നിന്നെപ്പിറക്കാനയയ്ക്കാത്ത ലോകത്തില്‍

എനിക്കും ഇനിപ്പിറക്കേണ്ട

ഇന്ത്യയിലെ അമ്മമാരെ,

നിങ്ങളിനി പ്രസവിക്കുകയും വേണ്ടാ'' (സച്ചിദാനന്ദന്‍).

''ഞാന്‍ സമ്പൂർണ സസ്യഭുക്കല്ല. എന്നാലും ഞാന്‍ അന്യമതസ്ഥകളെ ബലാത്സംഗം ചെയ്യുകയോ അമ്മ വയറ്റിലുറങ്ങിയ കണ്ണുതുറക്കാക്കണ്‍മണിയെ ശൂലത്തില്‍ കുത്തി തീയിലെറിഞ്ഞാടുകയോ ചെയ്തിട്ടില്ല. അപ്പോള്‍ ചങ്ങാതീ യഥാർഥ ദുശ്ശീലമെന്താണ്?'' (കുരീപ്പുഴ ശ്രീകുമാര്‍).

ഗുജറാത്തിനെക്കുറിച്ചുള്ള കവിതകളും കഥകളും പ്രബന്ധങ്ങളും സാമാന്യമായി പങ്കുവെക്കുന്നത് വര്‍ത്തമാനകാല ഇന്ത്യനവസ്ഥയെക്കുറിച്ചുള്ള സൂക്ഷ്മമായ അന്വേഷണങ്ങളാണ്. മാഞ്ഞാലങ്ങള്‍ക്കും കിന്നാരങ്ങള്‍ക്കുമപ്പുറം അശാന്തമായി അതന്വേഷിക്കുന്നത് വംശഹത്യയുടെ നാളുകളില്‍ നമ്മുടെ മനുഷ്യത്വത്തിന് എന്തു പറ്റി എന്നാണ്.

ഗുജറാത്തിന് ശേഷമുള്ള സാംസ്കാരിക പ്രവര്‍ത്തനത്തിന് ഒരൊറ്റ അജണ്ടയെ ഉണ്ടാവാന്‍ സാധ്യതയുള്ളൂ. അത് ഗുജറാത്തില്‍ നടന്ന കൂട്ടക്കൊലകള്‍ക്കെതിരെ മനുഷ്യ സമൂഹത്തില്‍ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാക്കുക എന്നുള്ളതാണ്; കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ഫാഷിസ്റ്റുകളെ മനുഷ്യ ശത്രുക്കളായി ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നു കാണിക്കുക എന്നുള്ളതാണ്; അവരെ ഒറ്റപ്പെടുത്തുക എന്നുള്ളതാണ്. ഗുജറാത്താനന്തര സാംസ്കാരിക പ്രവര്‍ത്തനം തീര്‍ച്ചയായും ഗുജറാത്ത് സൃഷ്ടിച്ചവര്‍ക്കെതിരെയുള്ള ഒരു സാംസ്കാരിക സമരമായി മാറേണ്ടതുണ്ട്. ഗുജറാത്ത് ഇനിമുതല്‍ ഒരു സംസ്ഥാനത്തിന്‍റെ പേരല്ല, ഭീകരമായ ഫാഷിസ്റ്റ് പ്രയോഗത്തിന്‍റെ പര്യായമാണ്. ഗുജറാത്തിൽ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് ഫാഷിസ്റ്റുകള്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗുജറാത്തില്‍ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ മുസ്‍ലിംകളാണ് എന്നാണ് ഫാഷിസ്റ്റുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരി കൊല്ലപ്പെടാനുള്ള കാരണമായി ഗുജറാത്ത് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ജാഫരി ജനക്കൂട്ടത്തിനുനേരെ വെടിവെച്ചു എന്നാണ്. എല്ലാ കാലത്തും ഫാഷിസ്റ്റുകള്‍ നടത്തുന്ന പ്രചാരണം ഇരകളാണ് കുറ്റക്കാര്‍ എന്നാണ്. ഇത് ഫാഷിസത്തിന്‍റെ പ്രധാനപ്പെട്ട ഒരു പ്രചാരണ രൂപമാണ്. ജര്‍മനിയിലും വന്‍തോതില്‍ ജൂതന്മാരെ വേട്ടയാടിയതിന് ഹിറ്റ്ലർ പറഞ്ഞ കാരണം ജൂതന്മാരുടെ കൊള്ളരുതായ്മകളാണ് കുഴപ്പങ്ങള്‍ക്കൊക്കെ കാരണം എന്നതാണ്.

ഗുജറാത്ത് വംശഹത്യയിലെ കരളുരുക്കുന്ന ക്രൂരകൃത്യങ്ങളില്‍ ഒന്ന് മാത്രമാണ്, അഹ്മദാബാദ് പൊലീസ് ആസ്ഥാനത്തിനടുത്ത് സ്ഥിതിചെയ്യുന്ന, ജനവാസകേന്ദ്രമായ, ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സംഭവിച്ചത്. അവിടെവെച്ചാണ്, നിരവധിതവണ പൊലീസ് ഉദ്യോഗസ്ഥരോട് സഹായം അഭ്യർഥിച്ചിട്ടും കിട്ടാതെ, ഇഹ്സാന്‍ ജാഫരിയെന്ന മുന്‍ പാര്‍ലമെന്‍റംഗവും കുടുംബാംഗങ്ങളും തദ്ദേശവാസികളും ഭീകരമാംവിധം കൊലചെയ്യപ്പെട്ടത്. ഹൈകോടതിയില്‍നിന്ന് നീതികിട്ടാതെ കുഴഞ്ഞുവീണ ഇഹ്സാന്‍ ജാഫരിയുടെ ജീവിതപങ്കാളി സാകിയ ജാഫരിയുടെ, നിസ്സഹായതയാണ് 'നമോനമ' എന്ന കവിതയില്‍ നിലവിളിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് 2017ല്‍ നീതികിട്ടാത്ത സാകിയ ജാഫരിയുടെയും ഇന്ത്യന്‍ ജനതയുടെയും സങ്കടം ആവിഷ്കരിക്കുന്ന മലയാളത്തിന്‍റെ പ്രിയകവി രാവുണ്ണിയുടെ കവിത അച്ചടിച്ചുവരുന്നതിനു മുമ്പെ, എഴുതി ചൂടാറാത്ത ആ രാത്രിയില്‍, ഫോണിന്‍റെ ഇങ്ങേയറ്റത്ത് ചെവിചേര്‍ത്ത് ഒരു നെഞ്ചിടിപ്പോടെ ആ കവിത കേട്ടത്, ഇന്നും മനസ്സിലുണ്ട്. ഏറെ അസ്വസ്ഥഭരിതമായ ഒരു രാത്രിയായിരുന്നു എനിക്കത്. പ്രിയകവി 'രാവുണ്ണി' വിളിച്ച് ഈ കവിത ഇപ്പോള്‍തന്നെ നീ കേള്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ കവിസഹജമായ ഒരു തിടുക്കമായേ ആദ്യം ഞാനത് കരുതിയുള്ളൂ. പിന്നെ കേട്ടുതീര്‍ന്നപ്പോഴാണ്, ഗുല്‍ബര്‍ഗ് കുരുതിയുടെ ആഴങ്ങളില്‍ അറിയാതെ ചെന്നുവീണത്. കുഴിച്ചുമൂടപ്പെട്ട ജീവിതങ്ങളുടെ, കുഴിച്ചുമൂടുക അസാധ്യമായ സങ്കടങ്ങളാണ്, നിയമത്തിന് കീഴ്പ്പെടുത്താനാവാത്ത നീതിയുടെ സംഘര്‍ഷമാണ് 'നമോനമ' എന്ന കവിതയില്‍ വല്ലാത്തൊരു നീറ്റലോടെ നിറയുന്നത്. ''...ഇഹ്സാന്‍ ജാഫ്രി എന്നാല്‍/ ദേശത്തെ എല്ലാ/ തെരഞ്ഞെടുപ്പിലും ജയിച്ചവന്‍/ എന്ന് നാട്ടുകിളികള്‍/ ദേശത്തെ തെരഞ്ഞെടുത്തതില്‍/ തോറ്റവന്‍ എന്ന് കഴുകന്മാര്‍/ നിലവിളികളുടെ ഒരു പുഴ/ ഒഴുകിവരികയായിരുന്നു/ ജാഫ്രി രക്ഷിക്കൂ, ജാഫ്രി/ രക്ഷിക്കൂ എന്നൊരു/ ജനാവലി./ ഞാന്‍ രക്ഷിക്കേണ്ടവനാണ്/ അതിനാല്‍ ഉടന്‍ വരൂ എന്ന്/ ....ഇഹ്സാന്‍ ജാഫ്രി/ അലമുറയിട്ടുകൊണ്ടിരുന്നു./ ഇതുവരെ ഈ ഭൂമിയില്‍/ ഉണ്ടായ ഏറ്റവും വലിയ/ മനുഷ്യശബ്ദം അപ്പോഴത്തെ/ ഇഹ്സാന്‍ ജാഫ്രിയുടേതായിരുന്നു/ പക്ഷേ ചുമരുകള്‍പോലും കേട്ടില്ല/ മതിലുകള്‍ കേട്ടില്ല/ കാക്കിയും കാവിയും കേട്ടില്ല...

ഇഹ്സാൻ ജാഫ്രി കുടുംബത്തോടൊപ്പം

ജീവനുള്ള മാംസം/ കത്തിയെരിയുകയായിരുന്നു/ പ്രഭാതകിരണങ്ങളാണവയെന്ന്/ അന്വേഷണക്കമീഷന്‍/ അപ്രകാരംതന്നെ അപ്രകാരം തന്നെ/ എന്ന് കോടതി....കുഴഞ്ഞുവീഴലിലൂടെ/ സാകിയ ജാഫ്രി ചോദിച്ചു;/ ആരുടെ ​ൈകയിലാണ്/ വിധികര്‍ത്താക്കള്‍/ പിടിക്കുന്നത്/ ജേതാക്കളുടെയോ/ പരാജിതരുടെയോ..? തടവറ ഒരു രാജ്യത്തേക്കാള്‍/ നന്നാവുന്ന സമയം വരും/ അത് ഇതാണ്/ കഴുമരം ജീവിതത്തേക്കാള്‍/ നന്നാവുന്ന ഒരു സമയം വരും/ അത് ഇതാണ്/ കോടതിയില്‍നിന്ന് പുറത്തായ/ സാകിയ ജാഫ്രി/ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നു/ നിവര്‍ന്നു നില്‍ക്കാന്‍ തുനിയുന്നു/ കൈകളുയര്‍ത്തുന്നു/ മര്‍ത്ത്യാകാരം പൂണ്ട തീജ്വാലപോലെ.'' ഹൃദയസ്പര്‍ശിയായ രാവുണ്ണിയുടെ കവിതയോടൊപ്പം, നീതിക്കുവേണ്ടി തടവറയില്‍ പൊരുതുന്ന ഗുജറാത്തിലെ ഉന്നത പൊലീസുദ്യോഗസ്ഥനായ സഞ്ജീവ്ഭട്ടിന്‍റെ ഭാര്യ ശ്വേതാസഞ്ജീവ് ഭട്ടിന് ഇഹ്സാന്‍ ജാഫരി- സാകിയാ ജാഫരിമാരുടെ മകള്‍ കാനഡയില്‍ താമസിക്കുന്ന നിഷ്റിന്‍ ജാഫരി ഹുസൈന്‍ എഴുതിയ കത്തും, തടവറയില്‍വെച്ച് സഞ്ജീവ് ഭട്ട് എഴുതിയ കവിതയും കൂടിച്ചേരുമ്പോള്‍ ഇപ്പോഴും പലപ്രകാരത്തില്‍ തുടരുന്ന 'ഗുജറാത്ത് വംശഹത്യ'യുടെ ഒരേകദേശരൂപം തെളിയും.

''2002 ഫിബ്രുവരി 28ന്‍റെ ആ കാളരാത്രിയില്‍, തന്‍റെ അറുപതാമത്തെ വയസ്സില്‍ രാവിലെ മുതല്‍ ഉടുത്തിരിക്കുന്ന സാരിയോടെ എന്‍റെ ഉമ്മ വീട് വിട്ടിറങ്ങി. നാൽപത് വര്‍ഷത്തോളം നടന്ന അതേ തെരുവുകളില്‍ ഓരോ വീടിന്‍റെ വാതിലിലും അഭയത്തിനായി അവര്‍ മുട്ടിവിളിച്ചു. തങ്ങളുടെ വീടിരുന്ന ചമന്‍പുര മുതല്‍ ഗാന്ധിനഗര്‍ വരെ...ഒരു മുന്‍ പാർലമെന്‍റംഗവും കൂടെ നൂറ്റിഅറുപത്തിഒമ്പതുപേരും അത്രമേല്‍ ക്രൂരമായി ചുട്ടുകരിക്കപ്പെടുക എന്ന ഭീതിദമായ കൃത്യം കാനഡയിലായിരുന്നു നടന്നതെങ്കില്‍, ജസ്റ്റിൻ ട്രൂഡോയും തന്‍റെ മന്ത്രിസഭ മൊത്തവും പാര്‍ലമെന്‍റ് അടച്ചുപൂട്ടി അതിലെ ഓരോ ഇരയേയും സഹായിക്കാനായി അണിനിരന്നേനെ...ദൗര്‍ഭാഗ്യവശാല്‍ നിങ്ങള്‍ ഇന്ത്യയിലാണ് സുഹൃത്തേ, ഇവിടെ നമ്മള്‍ വിദ്വേഷം ഊട്ടിയാണ് വളര്‍ത്തുന്നത്; അവ ജനങ്ങളെ വിഭജിക്കുക എന്ന ധർമം കൃത്യമായി നിര്‍വഹിച്ചുകൊള്ളും...'' സഞ്ജീവ് ഭട്ട് എഴുതി: ''എനിക്ക് തത്ത്വദീക്ഷയുണ്ട്, അധികാരമില്ല/ നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്ത്വദീക്ഷയില്ല/ ഞാന്‍ ഞാനും നിങ്ങള്‍ നിങ്ങളുമായിരിക്കുന്നിടത്തോളം സന്ധി സാധ്യമല്ല/ സമരം തുടരും...''

അഞ്ച്

കലാപത്തിന് രാവും പകലുമെന്ന വ്യത്യാസമുണ്ടായിരുന്നില്ല. പകല്‍വെളിച്ചത്തില്‍ കൊലയും കൊള്ളയും ബലാത്സംഗവുമൊക്കെ നിര്‍ബാധം അരങ്ങേറുകയായിരുന്നു. എന്നാല്‍, അവിടെ ഉയര്‍ന്ന ദീനരോദനങ്ങള്‍ക്കും ആകാശംമുട്ടെ ഉയര്‍ന്ന കറുത്ത, കനത്ത ധൂമപടലങ്ങള്‍ക്കുമിടക്ക് മാനവസ്നേഹത്തിന്‍റെയും സാമുദായിക സൗഹാർദത്തിന്‍റെയും ചില അമൃതകിരണങ്ങള്‍ ദര്‍ശിക്കാനാവുന്നത് നല്‍കുന്ന ആശ്വാസം കുറച്ചൊന്നുമല്ല. സുഖ്ഹം നഗറില്‍ മുസ്‍ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന അഹമ്മദ് സൊസൈറ്റി പ്രദേശത്ത് ഏതാനും ചില ഹിന്ദുക്കള്‍ ഉറക്കമിളച്ച് കാവല്‍നിന്നാണ് തങ്ങളുടെ മുസ്​ലിം സഹോദരങ്ങളെ കൊലയാളികളില്‍നിന്ന് രക്ഷിച്ചത്. മുസ്‍ലിംകളെ ആക്രമിക്കാന്‍ ആരെങ്കിലും വരുന്നെങ്കില്‍ അത് തങ്ങളുടെ ശവത്തില്‍ ചവിട്ടിക്കടന്നാവണമെന്ന് അവര്‍ പറഞ്ഞു. ''മുപ്പതിലേറെ വര്‍ഷങ്ങളായി ഇവിടെ ഞങ്ങള്‍, ഹിന്ദുക്കളും മുസ്‍ലിംകളും തികഞ്ഞ സൗഹൃദത്തിലാണ്''- അവിടത്തെ അറുപതുകഴിഞ്ഞ ഒരഭിഭാഷകനായ മധു പ്രേം വാര്‍ത്താലേഖകരോട് പറഞ്ഞു. (ഇരുള്‍പരക്കുന്ന കാലം: എം.പി. വീരേന്ദ്രകുമാര്‍.)

''കണ്ണൂര്‍: അശോക് മോച്ചി കൈയിലുണ്ടായിരുന്ന കുപ്പിയില്‍നിന്ന് അല്‍പം വെള്ളം ഖുത്ബുദീന്‍ അന്‍സാരിക്ക് പകര്‍ന്നു. ദാഹനീര്‍ കുടിച്ചിറക്കുമ്പോള്‍ അന്‍സാരി കൈയിലെ പനിനീര്‍പ്പൂ മോച്ചിക്ക് കൈമാറി. വംശഹത്യാമുനമ്പില്‍നിന്നെത്തിയ രണ്ടുടലുകള്‍ ഏകോദര സഹോദരങ്ങളായി സ്നേഹം ചൊരിഞ്ഞപ്പോള്‍ സദസ്സില്‍ വികാരത്തിളപ്പുള്ള കരഘോഷം. മതനിരപേക്ഷ ഇന്ത്യയുടെ ചരിത്രത്തില്‍ ഏകതയുടെ പുതിയ അധ്യായമാണ് തുന്നല്‍ക്കാരനായ അന്‍സാരിയും ചെരുപ്പുകുത്തിയായ മോച്ചിയും തുന്നിച്ചേര്‍ത്തത്. 18 സാംസ്കാരിക സംഘടനകള്‍ചേര്‍ന്ന് തളിപ്പറമ്പില്‍ സംഘടിപ്പിച്ച 'ഗുജറാത്ത് വംശഹത്യയുടെ വ്യാഴവട്ടം' സെമിനാറാണ് 12 വര്‍ഷം മുമ്പത്തെ ഗുജറാത്ത് കലാപത്തിന്‍റെ പ്രതീകങ്ങളായ 'ഇരയും വേട്ടക്കാരനും' തമ്മിലുള്ള സംഗമം ഒരുക്കിയത്'' (പത്രവാര്‍ത്ത).

സമസ്ത ജാതിമതസങ്കുചിതത്വങ്ങള്‍ക്കുമപ്പുറം ഞങ്ങളും ഞങ്ങളും മനുഷ്യരാണെന്ന, ഒരു നാളും മരിക്കാന്‍ പാടില്ലാത്ത മനുഷ്യത്വത്തിന്‍റെ മാനി​െഫസ്റ്റോപോലെ സാധാരണഗതിയില്‍ ഒരു പത്രതലക്കെട്ട് മാറുക അപൂർവമാണ്. എന്നാലിന്ന് അതാണ് സംഭവിച്ചിരിക്കുന്നത്. കൈകൂപ്പിനിന്ന് കരഞ്ഞ ഖുത്ബുദീന്‍ അന്‍സാരിയും, വാള്‍ചുഴറ്റി അലറിയ അശോക് മോച്ചിയും, ഒരുമിച്ചിരിക്കുന്ന ദൃശ്യം സത്യമായും വരാനിരിക്കുന്ന മതേതര വസന്തത്തിന്‍റെ സുഗന്ധസാക്ഷ്യമാണ്.

ഫാഷിസവും തീവ്രവാദങ്ങളും ഭീകരതകളും സൃഷ്ടിക്കുന്ന 'വെറുപ്പിനപ്പുറം'; മനുഷ്യരായ മനുഷ്യരൊക്കെയും ഏതൊരു സംഘര്‍ഷത്തിന്‍റെ നടുവില്‍ നില്‍ക്കുമ്പോഴും സ്വപ്നം കാണേണ്ട സ്നേഹമാണ് ഇപ്പോള്‍ തളിപ്പറമ്പില്‍വെച്ച് പഴയ കാലുഷ്യങ്ങളെല്ലാം കുടഞ്ഞുകളഞ്ഞ് പരസ്പരം കണ്ടുമുട്ടിയിരിക്കുന്നത്. ഖുത്ബുദീന്‍ അന്‍സാരിയും അശോക് മോച്ചിയും ഇനിമുതല്‍ രണ്ട് വ്യക്തികള്‍ എന്നതിനപ്പുറം ഒരൊറ്റ കാഴ്ചപ്പാടിന്‍റെ ആര്‍ദ്രമാര്‍ന്ന ആവിഷ്കാരങ്ങളാണ്. ഗുജറാത്ത് വംശഹത്യക്കെതിരെ, ലോകമാകെ ആഞ്ഞടിച്ച പ്രതിഷേധകൊടുങ്കാറ്റിന്‍റെ, തുടര്‍ച്ചയില്‍വെച്ചാണ് പുതിയ അന്‍സാരിയും പുതിയ മോച്ചിയും, പ്രബുദ്ധകേരളത്തില്‍വെച്ച് ഇപ്പോള്‍ സ്നേഹപൂർവം ഒത്തുചേര്‍ന്നിരിക്കുന്നത്. പശ്ചാത്താപം അഗാധമായ രാഷ്ട്രീയപ്രബുദ്ധതയായി മാറുമ്പോഴാണ്, അശോക് മോച്ചിയെപ്പോലുള്ള 'പഴയ വേട്ടക്കാര്‍' ഫാഷിസ്റ്റ് വിരുദ്ധതയുടെ സമരയോദ്ധാക്കളായി മാറുന്നത്.

മനുഷ്യര്‍ക്ക് ഒരിക്കലും മാറാനേ കഴിയില്ലെന്ന് കരുതുന്നവര്‍ക്ക്, അശോക് മോച്ചിയെ അഭിവാദ്യം ചെയ്യാന്‍ കഴിയില്ല. രണ്ടായിരത്തിരണ്ടിലെ വംശഹത്യാകാലത്ത് വാളുയര്‍ത്തി നിരപരാധികളായ മനുഷ്യരുടെ നേരെ ആക്രോശിച്ച പഴയ അശോക് മോച്ചിയെക്കുറിച്ച് മാത്രമോര്‍ക്കുന്നവര്‍, പരിവര്‍ത്തനങ്ങള്‍ക്കുമുമ്പില്‍നിന്നു പുറംതിരിയും. എന്നാല്‍ ചരിത്രം അവരെ പുറന്തള്ളി ഇതാ ഇതുപോലെ ധീരമായി മുന്നോട്ട് പോകും!

മുമ്പ് ഗുജറാത്തില്‍നിന്ന് അഭയംതിരക്കി നിലവിളിച്ചോടിയ ഖുത്ബുദീന്‍ അന്‍സാരി, പശ്ചിമബംഗാളില്‍വെച്ച് സുരക്ഷിതത്വവും സ്നേഹവും ലഭിച്ചപ്പോള്‍ മനം നിറഞ്ഞ് ചിരിച്ചതിനെക്കുറിച്ച് ഞാനെഴുതിയിരുന്നു. എന്‍റെ 'ഖുത്തുബ്ദീന്‍ അന്‍സാരി ചിരിക്കുന്നു' എന്ന പുസ്തകവും അന്ന് പുറത്തിറങ്ങിയിരുന്നു. കടമ്മന്‍റെകൂടെ പുരോഗമനകലാസാഹിത്യസംഘം പ്രവര്‍ത്തകരായ ഞങ്ങള്‍ രണ്ടായിരത്തിരണ്ടില്‍ ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അന്ന് ഖുത്ബുദീന്‍ അന്‍സാരിയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട്ടു വെച്ച് അന്‍സാരിയെ കാണുമ്പോള്‍ പല അർഥത്തില്‍ കാലമേറെ മാറിക്കഴിഞ്ഞിരുന്നു.

ഗുജറാത്തിനെക്കുറിച്ചും അന്‍സാരിയെക്കുറിച്ചും ഇരകളാക്കപ്പെട്ട മനുഷ്യരെക്കുറിച്ചും എഴുതിയതിന്‍റെയും പറഞ്ഞതിന്‍റെയും പേരില്‍ ഞങ്ങളെയൊക്കെ ക്രൂശിച്ച സുഹൃത്തുക്കള്‍പോലും പഴയ നിലപാടുകള്‍ മുമ്പേതന്നെ മാറ്റികഴിഞ്ഞിരിക്കുന്നു. അശോക് മോച്ചിമാര്‍ക്കുള്ള 'ആമുഖങ്ങള്‍' ആവിധം മുമ്പേതന്നെ കേരളത്തില്‍ എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. കെ.ഇ.എൻ ഇപ്പോഴും ഗുജറാത്തില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന്, എഴുതിയുറപ്പിക്കാന്‍ ശ്രമിച്ചവര്‍പോലും, ഇപ്പോഴും ഗുജറാത്തിനെക്കുറിച്ചെഴുതി 'പ്രായശ്ചിത്തം' നിര്‍വഹിക്കുംവിധം കാര്യങ്ങളാകെ മാറിക്കഴിഞ്ഞിരുന്നു. ഗുജറാത്ത് ഇന്ത്യയില്‍ ഇടവിട്ട് ആവര്‍ത്തിക്കപ്പെടുന്ന കലാപങ്ങളില്‍ ഒന്നല്ലെന്നും അതൊരു 'വംശഹത്യ'യാണെന്നുമുള്ള കാര്യത്തില്‍ ഫാഷിസ്റ്റുകള്‍ ഒഴിച്ച് ഇന്നാര്‍ക്കും സംശയമില്ലാത്തവിധം കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നു. ഇത്തരമൊരു അന്തരീക്ഷത്തില്‍വെച്ചാണ്, 'ഇരകളുടെ കണ്ണീര്‍ചിരിയില്‍ ഇന്ത്യയുടെ പ്രകാശം' എന്ന സതീഷ് ഗോപിയുടെ മുമ്പേ പരാമര്‍ശിച്ച ദേശാഭിമാനി പത്രതലക്കെട്ട് ഒരസ്വസ്ഥകാലത്തിന്‍റെ 'സാന്ത്വനകവിത'യായി വളരുന്നത്.

യഥാർഥ 'കവിത' ചിലപ്പോഴെങ്കിലും 'കവിത'യായി എഴുതപ്പെടാത്ത കവിതയാണ്. ഉള്ളിലെ നിലവിളികളില്‍വെച്ചും, കാണപ്പെടാതെയും കേള്‍ക്കപ്പെടാതെയും പോകുന്ന കൂടിക്കാഴ്ചകളില്‍വെച്ചും, കവിതയേയല്ലാത്ത എഴുത്തില്‍വെച്ചും ഉണ്ടായിത്തീരുന്ന 'കവിത'കളിലൊന്നായാണ് ഈയൊരു പത്രതലക്കെട്ടിനെ ഞാനിപ്പോള്‍ കാണുന്നത്. സാമുദായിക രാഷ്ട്രീയ കാരണങ്ങളാല്‍ ഒരിക്കല്‍ വേട്ടക്കാരും ഇരകളുമായി വിഭജിക്കപ്പെടുന്നവര്‍ക്ക്, പരസ്പരം തിരിച്ചറിഞ്ഞ് പരിമിതികള്‍ക്കൊക്കെയുമപ്പുറം കടന്ന് ഒരിക്കലും ഒന്നായിത്തീരാന്‍ കഴിയുകയില്ലെന്ന് കരുതുന്നവര്‍ക്കും, ഒരിക്കലും അവര്‍ ഒന്നിക്കരുതെന്ന് കരുതുന്ന ഫാഷിസ്റ്റ് വര്‍ഗീയ ശക്തികള്‍ക്കും വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ്, അന്‍സാരിയും അശോക് മോച്ചിയും ഇടതുപക്ഷ മതേതരശക്തികളുടെ നേതൃത്വത്തില്‍, തളിപ്പറമ്പില്‍ ഒത്തുചേര്‍ന്നത്. ഒരു കുപ്പിയില്‍നിന്ന് അവര്‍ പങ്കുവെച്ച ജീവജലത്തിലും യാദൃച്ഛികമാവാമെങ്കിലും ഇരുവരും പാടിയ കവിതകളിലും, തിളയ്ക്കുന്നത്, ഏത് കൊടുംചൂടിലും വറ്റിപ്പോവാത്ത മനുഷ്യത്വത്തിന്‍റെ മഹാസന്ദേശമാണ്. വംശഹത്യക്ക് വിധേയമായ അന്‍സാരിമാരും വംശഹത്യക്കുള്ള ഫാഷിസ്റ്റ് കരുക്കളാവാന്‍ നിർബന്ധിതരായ അശോക് മോച്ചിമാരും, ഇന്നും ഒരുപോലെ ഗുജറാത്ത് തെരുവില്‍ ജീവിതം വെച്ചുപിടിപ്പിക്കാനുള്ള തിരക്കിലാണ്. തുന്നല്‍ക്കാരായ അന്‍സാരിക്കും ചെരിപ്പ്കുത്തിയായ മോച്ചിക്കുമിടയില്‍ അനിവാര്യമായും രൂപപ്പെടുന്ന 'അധ്വാനസൗഹൃദം', ഗുജറാത്തിലെ കാര്‍മേഘാവൃതമായ ആകാശത്തില്‍പ്പോലും പുതിയ സ്നേഹനക്ഷത്രങ്ങള്‍ക്ക് പിറവി നല്‍കും.

Tags:    
News Summary - 20th anniversary of Gujarat riots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT