മുത്തങ്ങ വെടിവെപ്പിനുശേഷം അറസ്റ്റിലായ ആദിവാസി പ്രവർത്തകരുടെ മോചനത്തിനും പിന്നീട് കേസ് നടത്തിപ്പിനുമായി ഒപ്പം നിന്ന അഭിഭാഷക തന്റെ അനുഭവം പറയുന്നു.മുത്തങ്ങയിലെ ആദിവാസികളുടെ നിസ്സഹായാവസ്ഥ ചാനലിലൂടെയാണ് കണ്ടത്. അന്ന് കോഴിക്കോട്ട് പ്രാക്ടിസ് ചെയ്യാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. 1999ലാണ് എൻറോൾ ചെയ്തത്. അക്കാലത്ത് എസ്.എഫ്.ഐ പ്രവർത്തകയായിരുന്നു. അജിതയുടെ ‘അന്വേഷി’ക്ക് ചില ക്ലാസുകൾ എടുക്കാൻ പോയി. അന്നൊക്കെ സഞ്ചി തൂക്കി നടക്കുന്ന കാലമാണ്....
മുത്തങ്ങ വെടിവെപ്പിനുശേഷം അറസ്റ്റിലായ ആദിവാസി പ്രവർത്തകരുടെ മോചനത്തിനും പിന്നീട് കേസ് നടത്തിപ്പിനുമായി ഒപ്പം നിന്ന അഭിഭാഷക തന്റെ അനുഭവം പറയുന്നു.
മുത്തങ്ങയിലെ ആദിവാസികളുടെ നിസ്സഹായാവസ്ഥ ചാനലിലൂടെയാണ് കണ്ടത്. അന്ന് കോഴിക്കോട്ട് പ്രാക്ടിസ് ചെയ്യാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. 1999ലാണ് എൻറോൾ ചെയ്തത്. അക്കാലത്ത് എസ്.എഫ്.ഐ പ്രവർത്തകയായിരുന്നു. അജിതയുടെ ‘അന്വേഷി’ക്ക് ചില ക്ലാസുകൾ എടുക്കാൻ പോയി. അന്നൊക്കെ സഞ്ചി തൂക്കി നടക്കുന്ന കാലമാണ്. സഞ്ചി തൂക്കി നടക്കുന്നവരെയൊക്കെ നക്സലൈറ്റ് ആയി ചിത്രീകരിക്കുമായിരുന്നു. എസ്.എഫ്.ഐ പ്രവർത്തനം മാത്രമായിരുന്നു ഏക രാഷ്ട്രീയ പ്രവർത്തനം. 23ന് ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു എൻ.ജി.ഒ സംഘടന ഹൈടെക് ഹോട്ടലിൽ ഒരു പരിപാടി നടത്തി. അവിടത്തെ മുറിയിൽ ടി.വിയിൽ സി.കെ. ജാനുവിന്റെ നീരുവന്നു വീർത്ത മുഖവും പൊലീസ് മർദനമേറ്റ് അവശനായ എം. ഗീതാനന്ദന്റെ ചിത്രവും കണ്ടു. അതു കണ്ട് കരഞ്ഞുപോയി. അവർ ഒരിക്കലും അവരുടെ കുടുംബത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഇറങ്ങിയവരല്ലല്ലോ എന്ന് ആലോചിച്ചു.
പിറ്റേദിവസം രാവിലെ ഓഫിസിലെത്തി അഡ്വ. ഭദ്രയെ കണ്ടു. ഇവർക്ക് ജാമ്യം എടുക്കാൻ ഭദ്ര, അഡ്വ. ജോസഫിനെ ഏൽപിച്ചിരുന്നു. ജോസഫ് വക്കീൽ എന്റെ സീനിയർ പി.ടി. രാജേഷിനെ ഏൽപിച്ചു. വക്കീലന്മാർ ഒപ്പിടുവിപ്പിക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ തയാറാകുകയാണ്. അഡ്വ. ജോസഫിനോടൊപ്പം കോഴിക്കോട് ജയിലിൽ പോയി. അവിടെ കണ്ട കാഴ്ച ദയനീയമായിരുന്നു. കുറച്ച് വസ്ത്രം കൊടുക്കണം എന്ന് പറഞ്ഞാണ് അവിടെ ചെന്നത്. ആദിവാസികൾ ദൈന്യതയോടെ നോക്കുന്നു. വക്കീലിന്റെ കുപ്പായം അവിടെ തുണയായി. ജയിൽ സൂപ്രണ്ടിന്റെ മുറിവരെ കുപ്പായം ഇട്ട് പോകാം.
താൽപര്യമുള്ളതിനാൽ രാജേഷ് വക്കീൽ തുടർന്ന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏൽപിച്ചു. അങ്ങനെ ജയിലിൽ പോകാൻ തുടങ്ങി. മതിയായ ചികിത്സ കൊടുക്കേണ്ടതാണ് അടിയന്തരകാര്യമെന്ന് മനസ്സിലായി. മറ്റുള്ളവർക്ക് ചികിത്സ കൊടുത്താൽ മതിയെന്നും തനിക്ക് ചികിത്സ വേണ്ടെന്നും ഗീതാനന്ദൻ കട്ടായം പിടിച്ചു. ഒടുവിൽ അത് പറഞ്ഞ് സമ്മതിപ്പിച്ചു. അങ്ങനെ ആദിവാസികൾക്ക് ചികിത്സ നൽകാൻ സർക്കാർ തയാറായി. ഗീതാനന്ദനെ ഉൾപ്പെടെ മെഡിക്കൽ കോളജ് ആശുപത്രി വാർഡിലേക്ക് മാറ്റി. ജാനുവിനെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിൽ വക്കീലിനെ കാണാൻ അനുവദിച്ചു. അങ്ങനെ കസ്റ്റഡിയിലിരിക്കെ കാണാൻ കോടതി അനുമതി നൽകി. പൊലീസുകാരുടെ നടുവിലാണ് ജാനു ഇരിക്കുന്നത്. ആ കാഴ്ചയും നടുക്കുന്നതായിരുന്നു. തുടർന്ന് ജയിലിലുള്ള ആദിവാസി സ്ത്രീകളെ വെറുതെ വിടാൻ തുടങ്ങി. പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. ആദിവാസി ഊരുകളിൽ പുരുഷന്മാരില്ല. അതിനാൽ ഇവർക്ക് സംരക്ഷണം വേണമെന്ന് വാദിച്ചു. അവസാനം വാസുവേട്ടൻ അടക്കമുള്ളവരാണ് സ്ത്രീകളെയും കുട്ടികളെയും വയനാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പനമരത്തെ പ്രീമെട്രിക് ഹോസ്റ്റലിലാണ് അവർ എത്തിച്ചത്.
മുത്തങ്ങയിലെ പൊലീസ് വേട്ട
പിറ്റേന്ന് ഇവരെ കാണാൻ പനമരത്തു പോയി. അവിടെ ചെല്ലുമ്പോൾ ഹോസ്റ്റലിന്റെ വാതിലിൽ പൂരത്തിനു നിൽക്കുന്നതുപോലെ ആൾക്കൂട്ടമുണ്ട്. ആദിവാസികളെ ചീത്തപറയുകയാണ് ജനക്കൂട്ടം. പുറത്തിറങ്ങിയാൽ അവരെ കൈകാര്യം ചെയ്യും. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ എങ്ങോട്ടു ചാടിപ്പോയി, അയാൾക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല...
എല്ലാവരും കനത്ത ഭീതിയിലാണ്. എന്തും സംഭവിക്കാം. പുറത്തിറങ്ങിയാൽ നാട്ടുകാരുടെ ആക്രമണമുണ്ടാകും. കോഴിക്കോട്ടെ ആക്ടിവിസ്റ്റുകളാണ് സഹായത്തിന് അന്നുണ്ടായിരുന്നത്. ഗീതാനന്ദൻ ജയിലിൽ കണ്ടപ്പോൾ ആവശ്യപ്പെട്ടത് കോളനികളിലെ അവസ്ഥയെന്തെന്ന് തിരക്കണമെന്നാണ്. അതിനുവേണ്ടി വയനാട്ടിലെ കോളനികളിൽ പോകണമെന്നും പറഞ്ഞു. അരുന്ധതി റോയി കുറച്ചു പണം ഏൽപിച്ചിരുന്നു. വാസുവേട്ടൻ യാത്രക്കുള്ള പൈസ തരുമെന്ന് പറഞ്ഞു.
അന്വേഷണം എന്ന നിലയിൽ കോളനികളിൽ കയറിയിറങ്ങി. ജാനുവിന്റെ സഹോദരി മുത്ത, കെ.ജെ. ബേബിയുടെ ഭാര്യ എന്നിവരെയും കൂട്ടിയാണ് സഞ്ചാരം. രാത്രിയാകുമ്പോൾ ‘കനവി’ൽ തിരിച്ചെത്തും. ആദിവാസികളുടെ ഒട്ടുമിക്ക കോളനികളിലും അന്ന് പോകാൻ കഴിഞ്ഞു.
ഒരു ജന്മം മുഴുവൻ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട മനുഷ്യരെയാണ് കണ്ടത്. കിടക്കാൻ പായപോലും വീട്ടിലില്ല. സാധാരണ മനുഷ്യരോടെന്ന പോലെ സമരത്തിൽ എന്തെല്ലാം നഷ്ടപ്പെട്ടുവെന്ന് ചോദിക്കുമ്പോൾ വീട്ടിൽ ഉപയോഗിച്ചിരുന്ന രണ്ട് കരണ്ടി, ചില പാത്രങ്ങൾ... അങ്ങനെ അവരുടെ സമ്പാദ്യം ഒക്കെ ചെറിയ ഉപകരണങ്ങളായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്പാദ്യമായിരുന്നു അത്.
ചുറ്റുപാടുമുള്ള മനുഷ്യർ ആദിവാസികളെ എല്ലാവിധത്തിലും അന്ന് വേട്ടയാടി. മുത്തങ്ങയിലേക്ക് യാത്രതിരിക്കുമ്പോൾ പശുവിനെ വിറ്റവർ, കമ്മൽ വിറ്റവർ, വയസ്സായ അമ്മയെയും കൂട്ടി പോയവർ... അങ്ങനെ പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരിതങ്ങൾ പേറിയവരാണ് അവിടെയുണ്ടായിരുന്നത്. കോളനികളിൽ ഒരുപാടു പേർ തിരിച്ചെത്തിയിട്ടില്ല. അവർ എവിടെയുണ്ടെന്നോ ആരുടെ കൂടെയുണ്ടെന്നോ ജയിലിലാണോ പൊലീസ് കസ്റ്റഡിയിലാണോ എന്നൊന്നും ആർക്കും അറിയില്ല. അനാഥരാക്കപ്പെട്ട മനുഷ്യരുടെ വിലാപത്തിന്റെ വിളികൾ കേട്ടാണ് ഓരോ കോളനിയിൽനിന്നും ഇറങ്ങിപ്പോയത്. അവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഉണ്ടായിരുന്നില്ല. ജീവിതത്തിന് എന്തർഥമാണുള്ളതെന്ന് ഈ അവസ്ഥ കണ്ട് പലപ്പോഴും ആലോചിച്ചു.
വക്കീലായി പൈസയൊക്കെ കിട്ടിത്തുടങ്ങിയിട്ടും വീട്ടിലേക്ക് പരിമിതമായ പാത്രങ്ങൾ മാത്രമേ വാങ്ങൂ. പാത്രം വാങ്ങുമ്പോഴും കോളനിയിലെ രണ്ട് പാത്രത്തെയും ഒരു കരണ്ടിയെയും കുറിച്ച് സംസാരിച്ച ആദിവാസി അമ്മയുടെ മുഖം ഓർമ വരും. മനസ്സിനെ വ്യാകുലപ്പെടുത്തിയ കാലമാണത്. വക്കീൽക്കുപ്പായം ഉണ്ടായിരുന്നതിനാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. തിരിച്ചെത്തി ഗീതാനന്ദനോട് മുത്തങ്ങയിലുണ്ടായ അനുഭവങ്ങൾ പലതും പറഞ്ഞു. മെഡിക്കൽ കോളജ് പൊലീസ് ഗീതാനന്ദനെതിരെ വീണ്ടും കേസെടുത്തിരുന്നു.
ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞാണ് കേസെടുത്തത്. അടുത്ത സുഹൃത്തുക്കളെയാണ് ജാമ്യക്കാരായി നിർത്തിയത്.ഒടുവിൽ ആ കേസ് വെറുതെ വിട്ടു. ജഡ്ജി അനുഭാവപൂർവം പെരുമാറി. ജഡ്ജിക്ക് സത്യം ബോധ്യമായി. മുത്തങ്ങ ഒരു അനുഭവമായിരുന്നു. ജീവിതത്തിൽനിന്ന് പറിച്ചെറിയാൻ കഴിയാത്ത അനുഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.