മുസ്ലിം സമുദായത്തിലെ വിദ്യാർഥികൾക്കായി 'മുഹമ്മദൻ സ്പെഷൽ സ്കൂൾ' എന്നനിലയിൽ ആരംഭിച്ച ഒരു വിദ്യാലയം ആലപ്പുഴ പട്ടണത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങളെയാകെ താലോലിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടൊന്ന് കഴിഞ്ഞു. എന്നാൽ, സാക്ഷാത്കാരത്തിന്റെ ഗരിമ വിളിച്ചറിയിച്ച് അറിവിന്റെ പ്രകാശഗോപുരമായി ഹൈസ്കൂൾ എന്നനിലയിൽ അത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 2022ൽ ഒരു നൂറ്റാണ്ട് തികയുകയാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സർക്കാർ കൈക്കൊണ്ട തീരുമാനമായിരുന്നു മുസ്ലിംകൾ കൂടുതൽ വസിക്കുന്ന പ്രദേശങ്ങളിൽ മുഹമ്മദൻ സ്പെഷൽ സ്കൂളുകൾ ആരംഭിക്കുക എന്നത്. അങ്ങനെ ഉയർന്നുവന്ന ആലപ്പുഴയിലെ മുഹമ്മദൻ സ്കൂൾ കാലക്രമത്തിൽ ഇംഗ്ലീഷ് ഹൈസ്കൂളായി ഉയരുകയും സ്വത്വപദവി വിട്ട് എല്ലാ വിഭാഗത്തിനുമായി തുറന്നു നൽകുകയും ചെയ്ത് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ആക്കംകൂട്ടി. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ നിരവധി മുഹമ്മദൻ സ്കൂളുകൾ ഉയർന്നു വന്നെങ്കിലും ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന പദവിയിലേക്കുയരാൻ സാധിച്ചത് ആലപ്പുഴയിലെ പള്ളിക്കൂടത്തിന് മാത്രമായിരുന്നു.
തിരുവിതാംകൂർ രാജാക്കന്മാരുടെ താൽപര്യത്താൽ ആരംഭിച്ച് ആലപ്പുഴയിൽ പ്രവർത്തിച്ച് വരവെ പട്ടണത്തിൽ നിലവിലുണ്ടായിരുന്ന ഗ്രാന്റ് ഇൻ എയ്ഡ് സ്കൂളുകളുടെ േപ്രാത്സാഹനാർഥം 1908ൽ നിർത്തലാക്കിയ ഡിസ്ട്രിക്ട് ഹൈസ്കൂളാണ് മുഹമ്മദൻ ഹൈസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നതെന്ന പ്രചാരണം നിലവിലുണ്ട്. തന്മൂലം 1908 വരെയുള്ള കാലഘട്ടത്തിൽ ഡിസ്ട്രിക്ട് സ്കൂളിൽ പഠിച്ചിറങ്ങിയ പലരെയും മുഹമ്മദൻ സ്കൂളിലെ പൂർവവിദ്യാർഥികളായി കണക്കാക്കിയും വരുന്നുണ്ട്. എന്നാൽ, മുസ്ലിം പ്രമാണിമാർ ആരംഭിച്ച നാട്ടുഭാഷ പള്ളിക്കൂടത്തോടൊപ്പം ഒരു സമുദായത്തിന്റെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുതകുന്ന തരത്തിൽ ഉയർന്നുവന്ന ചരിത്രമാണ് മുഹമ്മദൻ സ്കൂളിനുള്ളത്. സർക്കാർ ഗ്രാന്റ് വാങ്ങി പ്രവർത്തിച്ചുവന്നിട്ടും സമുദായ സമവാക്യങ്ങൾ മുറുകെപ്പിടിച്ചു കുട്ടികളെ പ്രവേശിപ്പിക്കുന്നതിൽ താൽപര്യം കാണിച്ചിരുന്ന സ്കൂളുകളെ ആശ്രയിക്കാതെ ബദൽ സംവിധാനത്തിന് കോപ്പുകൂട്ടിയ മുസ്ലിം പൗരപ്രമുഖർക്ക് അധികാരികളുടെ നിർലോഭമായ പിന്തുണ ലഭിച്ചതിന്റെ ശേഷിപ്പാണിന്ന് കാണുന്ന വിദ്യാലയം. മുഹമ്മദൻ ഇംഗ്ലീഷ് ഹൈസ്കൂൾ പ്രവർത്തനം തുടങ്ങിയതിന്റെ ശതവാർഷികത്തിൽ അതിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തികളെയും പ്രസ്ഥാനത്തെയും ഓർത്തെടുക്കാനുള്ള പരിശ്രമം കൂടിയാണീ ലേഖനം.
മുഹമ്മദൻ സ്കൂളിലെ പ്രധാനാധ്യാപകരെ തുടർച്ചയായി മാറ്റുന്നതിനെതിരെ 1935ൽ ലജ്നത്തുൽ മുഹമ്മദിയ ജനറൽ സെക്രട്ടറി തിരുവിതാംകൂർ ചീഫ് സെക്രട്ടറിക്ക് അയച്ച ടെലിഗ്രാം
ക്രിസ്ത്യൻ മിഷനറിമാർ ആരംഭിച്ച ഇംഗ്ലീഷ് വിദ്യാലയങ്ങളെ മാതൃകയാക്കി സ്വാതി തിരുനാൾ തിരുവനന്തപുരത്ത് ആരംഭിച്ച ഇംഗ്ലീഷ് പള്ളിക്കൂടം, രാജാസ് ഫ്രീ സ്കൂൾ (1836) എന്ന പേരിൽ മാറുന്നതോടെ തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ ഇംഗ്ലീഷ് സ്കൂളുകൾ ആരംഭിക്കാൻ പരിശ്രമം നടന്നു. കൊല്ലം, കോട്ടാർ, ആലപ്പുഴ തുടങ്ങിയ പട്ടണങ്ങൾ കേന്ദ്രീകരിച്ച് രാജാക്കന്മാർ ആരംഭിച്ച ഇംഗ്ലീഷ് സ്കൂളുകളെ 'ഡിസ്ട്രിക്ട് സ്കൂളുകൾ' എന്നാണ് വിളിച്ചുവന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന്റെ ഗതിവേഗത്തിനനുസൃതമായി നിരവധി പ്രദേശങ്ങളിൽ ഡിസ്ട്രിക്ട് സ്കൂളുകൾ നിലവിൽവന്നു. കൊ.വ. 1038ലെ (1862-63) തിരുവിതാംകൂർ ഭരണറിപ്പോർട്ട് പ്രകാരം ആലപ്പുഴ ഉൾപ്പെടെ എട്ട് ഇംഗ്ലീഷ് ഡിസ്ട്രിക്ട് സ്കൂളുകൾ നിലവിലുണ്ടായിരുന്നു.1 (തിരുവനന്തപുരം, കോട്ടാർ, തക്കല, കൊല്ലം, കായംകുളം, ചേർത്തല, മാവേലിക്കര എന്നിവയായിരുന്നു മറ്റുള്ളവ). ഇംഗ്ലീഷ് സ്കൂളുകളെ അപ്േഗ്രഡ് ചെയ്യുന്നതിലേക്ക് വന്നപ്പോൾ കൊ.വ. 1040ൽ (1864-65) തിരുവനന്തപുരത്ത് ഉളള മഹാരാജാസ് ഫ്രീ സ്കൂൾ 'സെൻട്രൽ സ്കൂൾ' എന്ന പേരിൽനിന്നുയർന്ന് 'മഹാരാജാസ് ഹൈസ്കൂൾ' എന്ന പദവിയിലേക്ക് മാറി.2 അങ്ങനെ സെക്കൻഡറി വിദ്യാലയങ്ങൾ 'ഹൈസ്കൂൾ' എന്നനിലയിൽ വിവക്ഷിക്കാൻ തുടങ്ങി.
ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനം പ്രാദേശികമായി നടന്നുകാണണമെന്നാഗ്രഹിച്ച അധികാരികൾ വിദൂരദേശങ്ങളിലും വിദ്യാഭ്യാസ േപ്രാത്സാഹനം നടത്തിവന്നിരുന്നു. 1866-67 കാലഘട്ടത്തിൽ ജില്ല സ്കൂളുകളായ കൊല്ലം, ആലപ്പുഴ, മാവേലിക്കര, ചെങ്കോട്ട എന്നിവിടങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായി. ഈ കാലയളവിൽ ആലപ്പുഴ ജില്ല സ്കൂളിൽ പ്രത്യേകിച്ചും മുൻ വർഷത്തെ (കൊ.വ. 1042) അപേക്ഷിച്ച് 28 കുട്ടികൾ കൂടുതൽ പ്രവേശനം നേടിയത് ഭരണറിപ്പോർട്ട് എടുത്തുകാണിക്കുന്നുണ്ട്. അവിടെ 129 വിദ്യാർഥികളും അഞ്ച് അധ്യാപകരും നിലവിലുണ്ടായിരിക്കെ 284 രൂപ ഫീസിനത്തിലും ലഭിച്ചു. മാത്രമല്ല, 11 വിദ്യാർഥികളെ ഹൈസ്കൂളിലേക്ക് അയക്കാനും സാധിച്ചു.3 ഇത് കാണിക്കുന്നത് ആലപ്പുഴയിലെ ഇംഗ്ലീഷ് സ്കൂൾ സർക്കാറിന് പ്രതീക്ഷ നൽകിവന്ന ഒന്നായിരുന്നു എന്നാണ്. 1869ലെ തിരുവിതാംകൂർ ഭരണറിപ്പോർട്ടിൽ ആലപ്പുഴ കേന്ദ്രീകരിച്ച് 37 കുട്ടികളും അഞ്ച് അധ്യാപകരുമായി ഒരു നാട്ടുഭാഷാ പള്ളിക്കൂടം പ്രവർത്തനം ആരംഭിച്ചുകൊണ്ട് ആകെയുള്ള നാട്ടുഭാഷാ പള്ളിക്കൂടങ്ങൾ അഞ്ചായി ഉയർന്നു. അക്കാലമായപ്പോഴേക്കും നിലവിലുള്ള ജില്ല ഇംഗ്ലീഷ് സ്കൂളുകളുടെ എണ്ണം 16 ആയിത്തീർന്നു.4 എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ മികവുപുലർത്താൻ സാധിക്കാത്തവ നിർത്തലാക്കണമെന്ന തീരുമാനപ്രകാരം കൊ.വ. 1046 (1871) നാല് നാട്ടുഭാഷാ പള്ളിക്കൂടങ്ങൾ നിർത്തലാക്കിയതിൽ ആലപ്പുഴയും ഉൾപ്പെട്ടിരുന്നു (നേമം, ചിറയിൻകീഴ്, നാവായിക്കുളം എന്നിവയായിരുന്നു മറ്റുള്ളവ). അതിൽ ആലപ്പുഴ നാട്ടുഭാഷ സ്കൂളിലെ എല്ലാ ജംഗമവസ്തുക്കളും ചങ്ങനാശ്ശേരി സ്കൂളിലേക്ക് മാറ്റാനും തീരുമാനമായി.5 (കൊ.വ. 1058ൽ (1883) ആലപ്പുഴ ഡിസ്ട്രിക്ട് ഇംഗ്ലീഷ് സ്കൂളിൽ ആകെ വിദ്യാർഥികൾ 181 പേരായിരുന്നു. ഇവരുടെ ജാതി തിരിച്ചുള്ള കണക്കുകൾ നോക്കിയാൽ ബ്രാഹ്മണർ (24), മലയാളി ശൂദ്രർ (45), പാണ്ഡിശൂദ്രർ (33), മറ്റ് ഹിന്ദുക്കൾ (7), ക്രിസ്ത്യാനികൾ (68), മുസ്ലിംകൾ (4) എന്നിങ്ങനെയായിരുന്നു.6 മറ്റ് ഹിന്ദുക്കളെന്നതുകൊണ്ടുദ്ദേശിച്ചത് ഇവിടെ സൂചിപ്പിച്ചിട്ടില്ലാത്ത സവർണ വിഭാഗങ്ങൾ എന്നാണ്. താഴ്ന്ന ജാതിക്കാർക്ക് സ്കൂളുകളിൽ അക്കാലത്ത് പ്രവേശനം അനുവദിച്ചിരുന്നില്ല. ഇക്കാലത്ത് ആലപ്പുഴയിൽ ഗ്രാന്റ് ഇൻ എയ്ഡ് സ്കൂളായി മിഷനറിമാർ വക ഒരു പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. അവിടെ പഠിച്ചുവന്നിരുന്ന 48 കുട്ടികളിൽ ഏറെയും ക്രിസ്ത്യാനികളായിരുന്നു).
1887ൽ ഇംഗ്ലീഷ് ഡിസ്ട്രിക്ട് സ്കൂളുകളിൽ മികവുപുലർത്തി വന്നിരുന്ന ചില സ്കൂളുകളെ ഹൈസ്കൂളായി ഉയർത്തിയപ്പോൾ അതിൽ ആലപ്പുഴയും ഉൾപ്പെട്ടിരുന്നു. 1892-93ൽ (കൊ.വ. 1068) 19 പേർ മെട്രിക്കുലേഷൻ പരീക്ഷ എഴുതിയെങ്കിലും 9 പേർക്കു മാത്രമായിരുന്നു വിജയം.7 അതേവർഷം ആലപ്പുഴ ഹൈസ്കൂളിൽ നിലവിലുള്ള കുട്ടികളിൽ കുറച്ചുപേർ മറ്റ് സ്കൂളുകളിലേക്ക് ചേക്കേറിയതിനാൽ സംഖ്യ 340ൽനിന്ന് 318 ആയി കുറയാൻ ഇടയായി (1889ൽ ലിയോ എട്ടാമൻ എന്ന പേരിലൊരു ഗ്രാന്റ് ഇൻ എയ്ഡ് സ്കൂൾ ആരംഭിച്ച വേളയിൽ ധാരാളം ക്രിസ്തുമത വിശ്വാസികൾ ഡിസ്ട്രിക്ട് സ്കൂളിൽനിന്നും കുട്ടികളെ അവിടേക്ക് അയച്ചുതുടങ്ങി).
ഗവ. മുഹമ്മദൻ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിന്റെ വിവിധഭാഗങ്ങളിൽ ഹൈസ്കൂളുകൾ ഉയർന്നുവരുകയും മികച്ച സ്കൂളുകൾ തേടി വിദ്യാർഥികൾ നീങ്ങുകയും ചെയ്തതോടെ ആലപ്പുഴ ഇംഗ്ലീഷ് ഹൈസ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു. 1899ലെ (കൊ.വ.1074) കണക്കുപ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 32 കുട്ടികളുടെ കുറവാണ് അവിടെ ഉണ്ടായത്. തന്മൂലം സർക്കാർ 5360 രൂപ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചപ്പോൾ കുട്ടികളിൽനിന്ന് ഫീസിനത്തിൽ സർക്കാറിലേക്ക് വകമാറ്റാൻ കഴിഞ്ഞത് 2240 രൂപ മാത്രമായിരുന്നു (ഇക്കാലത്ത് തിരുവിതാംകൂറിൽ ഡിപ്പാർട്മെന്റൽ ഹൈസ്കൂളായി ആറ് ആൺപള്ളിക്കൂടങ്ങളും ഒരു പെൺപള്ളിക്കൂടവും എട്ട് ഗ്രാന്റ് ഇൻ എയ്ഡ് ഹൈസ്കൂളും ഒരു സ്വകാര്യ ഹൈസ്കൂളും (ആകെ 17 ഇംഗ്ലീഷ് ഹൈസ്കൂളുകൾ) രണ്ട് നാട്ടുഭാഷാ ഹൈസ്കൂളും പ്രവർത്തിച്ചിരുന്നു).
ആലപ്പുഴ പട്ടണത്തിലെ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി മാറിയ ഹൈസ്കൂൾ ക്രമേണ ചരിത്രമായി. കൊ.വ. 1083ൽ (1907-08) തിരുവിതാംകൂറിൽ പ്രവർത്തിച്ചുവരുന്ന സർക്കാർ വക ഇംഗ്ലീഷ് ഹൈസ്കൂളുകളിലൊന്നായ ആലപ്പുഴയിലേതിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന സർക്കാർ പ്രഖ്യാപനം ജനങ്ങളെ അമ്പരപ്പിച്ചു. പട്ടണത്തിൽ പ്രവർത്തിച്ചുവരുന്ന ഗ്രാന്റ് ഇൻ എയ്ഡ് സ്കൂളുകളുടെ പ്രവർത്തനം അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് ആലപ്പുഴ ഇംഗ്ലീഷ് ഹൈസ്കൂളും ഒപ്പം ചങ്ങനാശ്ശേരി, തിരുവല്ല എന്നിവിടങ്ങളിലെ ഇംഗ്ലീഷ് മിഡിൽ സ്കൂളുകളും നിർത്തലാക്കിയത്.8 ഇക്കാലത്തുതന്നെ മതിയായ കുട്ടികളില്ലാത്തതിനാൽ തിരുവട്ടാർ, ചിറയിൻകീഴ് എന്നിവിടങ്ങളിലെ നാട്ടുഭാഷാ മിഡിൽ സ്കൂളുകളും നിർത്തലാക്കിയിരുന്നു. ലിയോ എട്ടാമന് ശേഷം 1905ൽ ആലപ്പുഴയിൽ സനാതനധർമം വിദ്യാശാല എന്ന പേരിലൊരു ഗ്രാന്റ് ഇൻ എയ്ഡ് സ്കൂളും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഇവയുടെ അഭിവൃദ്ധി കാംക്ഷിച്ചുകൊണ്ടാണ് ഡിപ്പാർട്മെന്റൽ ഹൈസ്കൂൾ അധികാരികൾ നിർത്തലാക്കിയതും അവിടെനിന്നുള്ള അധ്യാപകരെയും മറ്റും പുനർവിന്യസിക്കുകയും ചെയ്തതും.
ആലപ്പുഴ ഡിപ്പാർട്മെന്റൽ ഇംഗ്ലീഷ് സ്കൂളിൽ പഠനം നടത്തിയ പലരും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു. 'മനോന്മണീയം' എന്ന കൃതിയുടെ കർത്താവും തിരുനെൽവേലി മനോന്മണീയം സുന്ദരനാർ യൂനിവേഴ്സിറ്റിയുടെ സ്ഥാപനത്തിലൂടെ കീർത്തികേട്ട വ്യക്തിത്വവുമായ പി. സുന്ദരം പിള്ള, 'ചക്കീചങ്കര'ത്തിന്റെ കർത്താവായ മുൻഷി രാമകുറുപ്പ്, നിവർത്തനപ്രക്ഷോഭത്തിന്റെ നേതാവും 'നിവർത്തനം' എന്ന വാക്കിന്റെ ഉപജ്ഞാതാവുമായ ഐ.സി. ചാക്കോ, സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള, 'ചിന്താസന്താന'ത്തിന്റെ കർത്താവായ ആർ. ഈശ്വരപിള്ള തുടങ്ങിയവർ അതിൽപെടുന്നു. ഇതിൽ ഈശ്വരപിള്ള നിർത്തലാക്കിയ സ്കൂളിലെ അധ്യാപകൻകൂടിയായിരുന്നു. അദ്ദേഹം എഴുതിയ 'സ്മരണ'കളിൽ തന്റെ ഔദ്യോഗികജീവിതത്തെ കുറിക്കുന്ന ഭാഗത്ത് ഈ കാര്യം പ്രതിപാദിക്കുന്നുണ്ട്: ''1059ാമാണ്ട് മിഥുനം ഒന്നാം തീയതി ആലപ്പുഴയിലെത്തി അന്ന് ചാർജ് വഹിച്ചിരുന്ന രണ്ടാം വാധ്യാരിൽനിന്നും ചാർജ് ഏറ്റ് ജോലിയിൽ പ്രവേശിച്ചു. ആലപ്പുഴ സ്കൂൾ. അന്നൊരു ഡിസ്ട്രിക്ട് സ്കൂൾ മാത്രമായിരുന്നു. ഞാൻ ജോലിയിൽ പ്രവേശിച്ചവേളയിൽ നൂറ്റിനാൽപതോളം വിദ്യാർഥികളും ആറോ ഏഴോ വാധ്യാൻമാരും ഉണ്ടായിരുന്നു. അതിലൊരാൾ 'കുട്ടി' എന്നുപേരായ ഒരു ഈഴവനായിരുന്നു.''9 ഈഴവസമുദായത്തിൽനിന്ന് ആദ്യമായി സർക്കാർ സർവിസിൽ പ്രവേശനം നേടിയവരിൽ ഒരാളായിരുന്നു ആലപ്പുഴയിലെ ആറാട്ടുപുഴ സ്വദേശിയായ കുട്ടി വാധ്യാരെന്ന് ഈശ്വരപിള്ള കുറിക്കുന്നു.
മുഹമ്മദൻ സ്കൂളിന്റെ ആരംഭം
തിരുവിതാംകൂറിലെ ഒരു തുറമുഖ പട്ടണമെന്ന നിലയിൽ വ്യാപാര വാണിജ്യ സാധ്യത മുന്നിൽ കണ്ടുകൊണ്ട് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും നിരവധിപേരാണ് ആലപ്പുഴയിലേക്ക് ചേക്കേറിക്കൊണ്ടിരുന്നത്. വിവിധ ജാതി-മത ജനസഞ്ചയങ്ങൾകൊണ്ട് സമ്പന്നമായിത്തീർന്നു ആലപ്പുഴ. ഇസ്ലാം മതവിശ്വാസികളായിരുന്ന കച്ചിമേമന്മാർ, ബൊഹ്റകൾ എന്നിവർ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽനിന്നും റാവുത്തർമാർ, തമിഴ്പ്രദേശങ്ങളിൽനിന്നും അവിടേക്ക് എത്തിച്ചേർന്നവരായിരുന്നു. തദ്ദേശീയ മുസ്ലിംകളോടൊപ്പം വ്യാപാര വാണിജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടചേർന്ന് ജീവിക്കാൻ അവർ തയാറായി. ഇടനിലക്കാർ മുതൽ ബ്രിട്ടീഷുകാരുമായി നേരിട്ട് കുരുമുളക് വ്യാപാരം നടത്തിവന്നിരുന്ന കക്കാഴം ബാവയെപ്പോലുള്ളവർവരെ അവരിൽ ഉൾപ്പെട്ടിരുന്നു. സമ്പത്തും പ്രതാപവും കടന്നുവന്നപ്പോൾ സാംസ്കാരിക ഔന്നത്യത്തിന്റെ അളവുകോലായ ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും ഉയർന്നുവന്നു. സമുദായത്തിലെ കുട്ടികൾക്കായി മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങളിൽ പള്ളിക്കൂടങ്ങൾ ആരംഭിക്കുകയെന്നത് പൗരപ്രമുഖന്മാരുടെ കടമയെന്ന നിലയിലേക്കു വന്നു. എന്നാൽ, അത്തരം കാര്യങ്ങളിൽ അധികാരിവർഗത്തിന്റെ താൽപര്യങ്ങൾകൂടി ഉൾച്ചേർന്നിരുന്നതിനാൽ നിരവധിയായ നിവേദനങ്ങൾകൂടി ഇതിനായി സമർപ്പിക്കേണ്ടിയും വന്നിരുന്നു. 1904 ആഗസ്റ്റ് 15ന് പുറത്തുവന്ന ഒരു ഉത്തരവ് പ്രകാരം തിരുവിതാംകൂറിലാദ്യമായി മുസ്ലിം വിദ്യാഭ്യാസകാര്യങ്ങളിൽ ചില ഇളവുകൾ നൽകാൻ സർക്കാർ തയാറായി. തുടർന്ന്, 1907 നവംബർ 30ന് തിരുവിതാംകൂറിലെ മുസ്ലിം സമുദായാംഗങ്ങൾ കൂടുതൽ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി ഒരു നിവേദനം നൽകി. ഇതോടൊപ്പം തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിലെ മുസ്ലിം അംഗങ്ങൾ കൂടുതലായി ആവശ്യപ്പെട്ടതും വിദ്യാഭ്യാസ പരിപോഷണംതന്നെയായിരുന്നു. അതിനെ തുടർന്ന് 1908 ഫെബ്രുവരി 12ന് വന്ന ഉത്തരവ് നമ്പർ 497 പ്രകാരം മുസ്ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുകയുണ്ടായി.10 ഒന്നാമതായി മുസ്ലിംകളെ വിദ്യാഭ്യാസപരമായി പിന്നാക്കംനിൽക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുത്തും. തന്മൂലം മുസ്ലിംകൾക്കായുള്ള വിദ്യാലയങ്ങളിൽ അധ്യാപക നിയമനം, ഗ്രാന്റ് നൽകൽ എന്നിവ അധഃകൃതവിഭാഗങ്ങളുടെ സ്കൂളുകൾക്കുള്ളതുപോലെയായി മാറും. രണ്ടാമതായി, സർക്കാർ അംഗീകാരത്തോടെ മുസ്ലിംകളിലാരെങ്കിലും നടത്തിവരുന്ന പ്രാഥമിക പള്ളിക്കൂടങ്ങളിലെ വാധ്യാന്മാർക്ക് പൂർണമായ ശമ്പള ഗ്രാന്റ് അനുവദിച്ച് നൽകും. മൂന്നാമതായി, മുസ്ലിംകൾക്കായുള്ള പള്ളിക്കൂടങ്ങളിൽ അറബി രണ്ടാം ഭാഷയായി പഠിപ്പിക്കാവുന്നതാണ്; അതിനായി നിയമിക്കപ്പെടുന്ന മുൻഷിമാർക്ക് ശമ്പള ഗ്രാന്റ് അനുവദിക്കാവുന്നതാണ്. നാലാമതായി സാധാരണ വിദ്യാർഥികൾ നൽകിവരുന്ന ഫീസിന്റെ പകുതിമാത്രം സ്വീകരിച്ചുകൊണ്ട് എല്ലാ സർക്കാർ ഡിപ്പാർട്മെന്റൽ സ്കൂളുകളിലും മുസ്ലിം കുട്ടികൾക്ക് പ്രവേശനം നൽകുന്നതാണ്.11 ഇതേ തുടർന്ന് വാധ്യാന്മാർക്ക് മുഴുവൻ സാലറിയും ഗ്രാന്റായി നൽകുന്ന 20 പ്രാഥമികതല സ്കൂളുകളും മുമ്പുതന്നെ പകുതി സാലറി ഗ്രാന്റ് അനുവദിച്ചു വന്നിരുന്ന നാല് സ്കൂളുകൾക്കും മുഴുവൻ സാലറിഗ്രാന്റ് അനുവദിച്ചു നൽകിത്തുടങ്ങി.12 ഇതൊരവസരമായി കണ്ടുകൊണ്ട് ആലപ്പുഴയിലെ മുസ്ലിം പ്രമാണിമാർ ഒരു നാട്ടുഭാഷാ പള്ളിക്കൂടസ്ഥാപനത്തിന് വട്ടംകൂട്ടി. 1908ൽ ആലപ്പുഴ ഡിസ്ട്രിക്ട് ഇംഗ്ലീഷ് ഹൈസ്കൂൾ നിർത്തലാക്കിയപ്പോൾ ഒഴിവുവന്ന കെട്ടിടങ്ങളിൽ നാട്ടുഭാഷാ പള്ളിക്കൂടങ്ങൾ ആരംഭിക്കാമെന്ന നിലയിൽ എഴുത്തുകുത്തുകൾ നടന്നെങ്കിലും അവ മറ്റു ഭരണസ്ഥാപനങ്ങൾക്കായി വിനിയോഗിക്കാൻ തീരുമാനിച്ചതിനാൽ അതിനടുത്തായിതന്നെ വെളിപ്രദേശത്ത് മുസ്ലിംകൾക്കായി നാട്ടുഭാഷാ പള്ളിക്കൂടം നടത്തുന്നതിനുള്ള കെട്ടിടം നിർമിക്കുന്നതിന് സർക്കാർ അനുമതി നൽകി. സാമുദായികമായി വിദ്യാഭ്യാസത്തിൽ പിന്നാക്കം നിന്നിരുന്ന മുസ്ലിംകളുടെ ഉന്നമനത്തിനായി ഒരു നാട്ടുഭാഷാ പള്ളിക്കൂടം എന്ന ആവശ്യം ജനസംഖ്യാപരമായി മുന്നാക്കം നിന്നിരുന്ന മുസ്ലിംകളിലെ സമ്പന്നർ ഏറ്റെടുക്കുകയുണ്ടായി. ആലപ്പുഴയിലെ മുസ്ലിംകൾ ആരംഭിച്ച പള്ളിക്കൂടമെന്ന നിലയിൽ അക്കാലത്ത് മുസ്ലിംകളെ സംബോധനചെയ്തു വന്നിരുന്ന 'മുഹമ്മദൻ' എന്ന വിളിപ്പേര് നൽകിയാണ് അധികാരികൾ േപ്രാത്സാഹിപ്പിച്ചത്.
കേരളത്തിലാദ്യമായി അറബിപഠനത്തിനുള്ള പരിശ്രമങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത് ആലപ്പുഴയിലായിരുന്നു. മുഹമ്മദൻ പള്ളിക്കൂടത്തിന്റെ തുടക്കം മുതൽതന്നെ അറബി-ഖുർആൻ പഠിപ്പിക്കുന്നതിനും അതിലൂടെ കൂടുതൽ രക്ഷിതാക്കളെ ആകർഷിക്കാനുമുള്ള പരിശ്രമങ്ങൾ നടന്നിരുന്നു. അതിനായി സ്കൂൾ പഠനസമയത്തിനുശേഷം അറബിയും മതപഠനവും നടത്തുന്നതിനായി പ്രാദേശിക മതപണ്ഡിതന്മാരെ നിയമിക്കുന്നതിന് അധികാരികളിൽനിന്ന് അനുവാദം ലഭിച്ചു. ബംഗാളിലൊക്കെ നിലനിന്നിരുന്ന 'മുല്ലാടീച്ചർ' എന്ന നിലയിൽ 'റിലീജ്യസ് ഇൻസ്ട്രക്ടർമാർ' നിയമിക്കപ്പെടുകയുണ്ടായി. എന്നാൽ, ഹമദാനി തങ്ങളെപ്പോലുള്ള ഉൽപതിഷ്ണുക്കൾ ഇത്തരത്തിൽ നിയമിക്കപ്പെട്ടിരുന്ന മതാധ്യാപകരുടെ അധ്യാപന പ്രക്രിയയിലെ കാമ്പില്ലായ്മയെ ശ്രീമൂലം പ്രജാസഭയിലെ പ്രസംഗങ്ങളിലും മറ്റും ചോദ്യം ചെയ്തിരുന്നു.13 1914ൽ പ്രജാസഭയിൽ ഹമദാനി തങ്ങൾ നടത്തിയ പ്രസംഗത്തിൽ സ്കൂളുകളിലെ അറബി-മതപഠനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്, ''മുസ്ലിംകൾക്ക് മതപരമായ കാര്യങ്ങളിൽ അറിവുനേടൽ നിർബന്ധമായ ഒന്നാണ്. അതിനാൽ ആത്മീയ-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നിർവഹിക്കേണ്ടതിനെ കുറിച്ചാലോചിക്കേണ്ടതാണ്. ഇപ്പോൾ അറബിയോ ഹിന്ദുസ്ഥാനിയോ പഠിപ്പിക്കുന്നതിന് ആലപ്പുഴയിലെ സ്കൂൾ ഒന്നൊഴികെ ഇല്ലായെന്നതും ഉള്ളവയിൽ അവ പഠിപ്പിക്കുന്നതിന് പ്രാപ്തിയുള്ളവരാണോയെന്നു അന്വേഷിക്കേണ്ടതാണ്.14
1908 മുതൽ ഉപഭാഷയായി അറബിഭാഷാപഠനവും സ്കൂൾ സമയത്തിന് പുറത്ത് മതപഠനവും അനുവദിച്ചുവന്നെങ്കിലും സ്കൂളുകളിൽ അറബി മുൻഷിമാരെ നിയമിക്കുന്നതിൽ സർക്കാർ താൽപര്യം കാണിച്ചിരുന്നില്ല. എന്നാൽ, മുസ്ലിംകൾക്കായി നിലനിന്നുവരുന്ന ആലപ്പുഴയിലെ മുഹമ്മദൻ സ്പെഷൽ സ്കൂളിൽ 1913ൽ സൈനുൽ ആബ്ദീൻ തങ്ങളെ താൽക്കാലിക (സബ് േപ്രാടെം) അറബി മുൻഷിയായി നിയമിച്ചുകൊണ്ട് സർക്കാർ തീരുമാനം വന്നു. നിയമനവേളയിൽ അദ്ദേഹത്തിന്റെ പ്രായക്കൂടുതൽ ചൂണ്ടിക്കാട്ടിക്കൊണ്ട് ചില എതിരഭിപ്രായങ്ങൾ ഉയർന്നുവന്നു. തുടർന്ന് തികഞ്ഞ പണ്ഡിതനായ അദ്ദേഹത്തിന്റെ നിയമനകാര്യത്തിൽ വയസ്സിളവ് നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് (1914) വന്നു. സൈനുൽ ആബ്ദീൻ തങ്ങളെപ്പോലൊരു പണ്ഡിതന്റെ നിയമനം എന്തുകൊണ്ടും അംഗീകരിക്കപ്പെടുന്നതാണെന്നാണ് ഹമദാനി തങ്ങൾ പ്രജാസഭയിൽ നടത്തിയ പ്രസംഗത്തിൽനിന്നു മനസ്സിലാക്കാൻ കഴിയുന്നത്. മാത്രമല്ല 'മുഹമ്മദൻ സ്കൂൾ' എന്ന പേരുവെച്ച് കുറച്ച് സ്കൂളുകൾ ആരംഭിച്ചതുകൊണ്ടുമാത്രം മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതി സാധ്യമാകുമോ എന്നതിനെക്കുറിച്ച് അധികാരികൾ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന കാര്യം 1915ൽ പ്രജാസഭയിൽ ഹമദാനി തങ്ങൾ ഉന്നയിക്കുകയുണ്ടായി.15
ഹമദാനി തങ്ങളെപ്പോലുള്ള ശ്രീമൂലം പ്രജാസഭയിലെ മുസ്ലിംകളായ അംഗങ്ങൾ തങ്ങളുടെ സമുദായത്തിന്റെ വിദ്യാഭ്യാസ േപ്രാത്സാഹനത്തിനുവേണ്ടി നിരന്തരം ആവശ്യങ്ങൾ ഉയർത്തിവന്നിരുന്നു. അവരുടെ ഇടപെടലിന്റെ ഫലമായി 1914ൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായ ഡോ. എ.ഡബ്ല്യു. ബിഷപ്പിനോട് മുസ്ലിം വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനായി അധികാരികൾ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ പ്രധാനമായും ഊന്നിപ്പറഞ്ഞത് മുസ്ലിംകൾക്ക് വിദ്യാഭ്യാസ കാര്യത്തിലുള്ള താൽപര്യമില്ലായ്മ തന്നെയായിരുന്നു. മാത്രമല്ല, വിദ്യാഭ്യാസ പുരോഗതിക്കായി തദ്ദേശീയരായ മുസ്ലിം പ്രമാണിമാർ, സംഘങ്ങൾ എന്നിവർ കൂടുതൽ ഇടപെടലുകൾ നടത്തേണ്ടതാണെന്നും ആ റിപ്പോർട്ട് പറയുന്നുണ്ട്. 16 അത്തരത്തിൽ ഇടപെടലുകളുണ്ടായാൽ തിരുവിതാംകൂറിലെ വിവിധ മുസ്ലിം കേന്ദ്രങ്ങളിൽ അവർക്കായി ഇംഗ്ലീഷ് സ്പെഷൽ സ്കൂളുകൾ ആരംഭിക്കുന്നതിനും സർക്കാർ തയാറാകുമെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഉണ്ടായി.
ഇക്കാലത്താണ് ആലപ്പുഴ പട്ടണത്തിലെ മുസ്ലിംകളുടെ വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതി ലക്ഷ്യംവെച്ചുകൊണ്ട് ലജ്നത്തുൽ മുഹമ്മദിയ (1914) എന്ന പേരിലൊരു പുരോഗമനപ്രസ്ഥാനം രൂപംകൊള്ളുന്നത്. കച്ചവടപ്രമാണിയായിരുന്ന കക്കാഴം ബാവയുടെ കുടുംബത്തിൽനിന്നുള്ള ഹാജി ബാവ ഇബ്രാഹീം റാവുത്തർ പ്രസിഡന്റും എൻ.എ. മുഹമ്മദ് കുഞ്ഞ് സെക്രട്ടറിയുമായി രൂപംകൊണ്ട സംഘടനയുടെ പ്രധാനലക്ഷ്യം മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയായിരുന്നു. സംഘടന രൂപംകൊണ്ട കാലം മുതൽ ഇത്തരം പരിശ്രമങ്ങൾക്കായി നിരവധി നിവേദനങ്ങളും പ്രമേയങ്ങളും ദിവാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും മഹാരാജാവിനും സമർപ്പിക്കുകയുണ്ടായി. 1915ൽ തിരുവിതാംകൂർ രാജാവ് ആലപ്പുഴ സന്ദർശിച്ച വേളയിൽ വിദ്യാഭ്യാസരംഗത്തെ മുസ്ലിം പിന്നാക്കാവസ്ഥയെ സംബന്ധിച്ച നിവേദനം നൽകി. എന്നാൽ, നിലവിലുള്ള മുഹമ്മദൻ നാട്ടുഭാഷാ പള്ളിക്കൂടത്തെ നിലനിർത്തികൊണ്ടുപോകുന്നതിൽ താൽപര്യം കാണിച്ചിരുന്ന സർക്കാർ, ഇംഗ്ലീഷ് സ്കൂളിനെക്കുറിച്ച് മൗനംപാലിച്ചു. ലജ്നത്തിന്റെ നിവേദനം ലഭിച്ചപ്പോൾ 1915-16 (1091 ME) മുസ്ലിംകൾക്കായി ഒരു സെക്കൻഡറി സ്കൂൾ സ്ഥാപിക്കുന്നതിന് സർക്കാർ താൽപര്യം അറിയിച്ചു.17 തുടർന്നാണ്, മുഹമ്മദൻ സ്പെഷൽ ഇംഗ്ലീഷ് ലോവർ സ്കൂളിന്റെ സ്ഥാപനം നടന്നത്. പൗരപ്രമുഖരുടെ നേതൃത്വത്തിൽ നടന്നുവന്ന നാട്ടുഭാഷാ പള്ളിക്കൂടത്തിനോട് ചേർന്നുതന്നെ ആരംഭിച്ച ഇംഗ്ലീഷ് സ്പെഷൽ സ്കൂളിന്റെ ആരംഭം ആലപ്പുഴയിലെ മുസ്ലിം വിദ്യാഭ്യാസ പുരോഗതിക്കൊരു നാഴികക്കല്ലായി മാറി. ലജ്നത്തിന്റെ സ്ഥാപകാംഗങ്ങളിലൊരാളും ശ്രീമൂലം പ്രജാസഭയിലെ മെംബറുമായിരുന്ന കെ.എ. പിച്ച ബാവ സാഹിബ് 1916ലെ സെഷനിൽവെച്ച് സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഒരു മുസ്ലിം ബിരുദധാരിയെ ഹെഡ്മാസ്റ്ററാക്കിക്കൊണ്ട് രക്ഷിതാക്കളെ ആകർഷിക്കാൻ കഴിയുമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. മാത്രമല്ല, മുഹമ്മദൻ സ്കൂൾ സെക്കൻഡറി നിലവാരത്തിലേക്ക് ഉയർത്താൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്നും തിരുവിതാംകൂർ ദിവാനോട് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.18
ആലപ്പുഴയിലെ ലജ്നത്തുൽ മുഹമ്മദീയ സംഘം രൂപംകൊണ്ടതോടെ ഉടലെടുത്ത നവോത്ഥാന പരിശ്രമങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ മാത്രമേ പുരോഗതി നേടിയെടുക്കാൻ കഴിയുകയുള്ളൂ എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായി. തൽഫലമായി പ്രദേശത്തെ മുഹമ്മദൻ സ്കൂളിന്റെ ഉന്നമനത്തിനായി കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിനൽകുന്നതിന് ലജ്നത്തിന്റെ പ്രവർത്തകർ തയാറായി. ഹമദാനി തങ്ങൾ, വക്കം മൗലവി തുടങ്ങിയ സമുദായ പരിഷ്കർത്താക്കളുടെ ഇടപെടലുകളും ആലപ്പുഴയിലെ മുസ്ലിംകളുടെ വിദ്യാഭ്യാസത്തിൽ ഉണർവിന് കാരണമായിട്ടുണ്ട്.
സമുദായത്തിന്റെ വിദ്യാഭ്യാസാവശ്യത്തിനായി നാട്ടുഭാഷാ വിദ്യാലയത്തെ ഇംഗ്ലീഷ് സ്കൂളാക്കി മാറ്റുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തിവന്നത് ലജ്നത്തുൽ മുഹമ്മദിയ്യയായിരുന്നു. 1917 ഫെബ്രുവരിയിൽ അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന എൻ.എ. മുഹമ്മദ് കുഞ്ഞ് ശ്രീമൂലം പ്രജാസഭയിൽ അവതരിപ്പിച്ച പതിനൊന്നോളം വരുന്ന സമുദായത്തിന്റെ വിദ്യാഭ്യാസാവശ്യങ്ങളിൽ മുഹമ്മദൻ സ്കൂളിന്റെ പ്രവർത്തനങ്ങളും ഇടംപിടിച്ചിരുന്നു: ''1917 ജൂണിൽ ലോവർ േഗ്രഡ് ഇംഗ്ലീഷ് സെക്കൻഡറി സ്കൂൾ തുടങ്ങുന്നതിന് കെട്ടിടം വിട്ടുനൽകുന്നതോടെ നാട്ടുഭാഷാ പള്ളിക്കൂടത്തിന്റെ നിലനിൽപ് ചോദ്യംചെയ്യപ്പെടും. അതുണ്ടാകാതിരിക്കാൻ ഇത്രത്തോളം മുസ്ലിം ജനസംഖ്യയുള്ള ആലപ്പുഴ പട്ടണത്തിൽ മറ്റൊരു കെട്ടിടത്തിൽ നാട്ടുഭാഷാ പള്ളിക്കൂടത്തെ നിലനിർത്തുന്നതിന് സർക്കാർ ശ്രമിക്കേണ്ടതാണ്.''19 എന്നാൽ, എൻ.എ. മുഹമ്മദ് കുഞ്ഞിൽനിന്നും ഇത്തരത്തിലുള്ളൊരു ആവശ്യമുയർന്നതിനെ തുടർന്ന് ദിവാൻ എം. കൃഷ്ണൻ നായർ അഭിപ്രായപ്പെട്ടത് ഹയർ േഗ്രഡ് എലിമെന്ററി നാട്ടുഭാഷാ പള്ളിക്കൂടം നടന്നുവരുന്ന കെട്ടിടം നാട്ടുകാർ നിർമിച്ചുനൽകിയതാണ്. അത് ഇംഗ്ലീഷ് സ്കൂളിനായി വിട്ടുനൽകുമ്പോൾ കുറഞ്ഞത് 200:50 അടി വിസ്തീർണം വരുന്ന ഒരു പുതിയ കെട്ടിടം നാട്ടുഭാഷാ പള്ളിക്കൂടത്തിന് ആവശ്യമായിവരും. അത്തരത്തിലൊരു കെട്ടിടം തദ്ദേശവാസികൾ നിർമിച്ചുനൽകുകയാണെങ്കിൽ നിരാശപ്പെടേണ്ടിവരില്ല.''
ആലപ്പുഴയിലെ മുസ്ലിംകളുടെ വിദ്യാഭ്യാസാവശ്യത്തിനായി ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിക്കുന്നുവെന്നത് ഒരു പ്രധാനപ്പെട്ട ആവശ്യമായാണ് പലരും കരുതിവന്നത്. എന്നാൽ, കുട്ടികളുടെ കുറവും രക്ഷിതാക്കളുടെ താൽപര്യമില്ലായ്മയും നിലവിലുള്ള ഹയർ േഗ്രഡ് എലിമെന്ററി നാട്ടുഭാഷാ പള്ളിക്കൂടത്തിന്റെ നിലനിൽപുപോലും അപകടകരമായിട്ടാണ് ചിലർ കരുതിവന്നത്. ആവശ്യത്തിന് കുട്ടികളെത്താത്തതിനാൽ സർക്കാർ ഫണ്ട് ഒരു സമുദായത്തിനായി വെറുതെ ചെലവഴിക്കുകയാണെന്ന പ്രചാരണവും നിലനിന്നിരുന്നു. തുടർന്ന്, കുട്ടികൾ കുറഞ്ഞുവന്നതിനാൽ, 1917-18 അധ്യയനവർഷത്തിൽ ഹയർഗ്രേഡ് എലിമെന്ററി സ്കൂൾ എന്നത് ലോവർേഗ്രഡ് എന്ന നിലയിലേക്ക് തരംതാഴ്ത്തി. 1918 ഫെബ്രുവരിയിൽ ചേർന്ന ശ്രീമൂലം പ്രജാസഭ സമ്മേളനത്തിൽ ഇത്തരം വിഷയങ്ങൾ എൻ.എ. മുഹമ്മദ് കുഞ്ഞ് ദിവാന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയുണ്ടായി: ''ഹയർഗ്രേഡ് വെർണാക്കുലർ പള്ളിക്കൂടത്തെ തരം താഴ്ത്തിയ നടപടി ജനങ്ങളിൽ വലിയ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷ് സ്കൂളിന്റെ പ്രവർത്തനം ഉടനാരംഭിക്കുമെന്നറിഞ്ഞതിൽ സന്തോഷവും കാണുന്നുണ്ട്. സർക്കാർ അതിൽ കൂടുതൽ താൽപര്യം കാണിക്കുകയും വേണം''.20
1- മുഹമ്മദൻ സ്കൂളിൽ ആറാം ഫോറം അനുവദിക്കണമെന്നാവശ്യപ്പെട്ട് 1924 മേയ് 25ന് ലജ്നത്ത് യോഗത്തിൽ പാസാക്കിയ പ്രമേയം
2-ആലപ്പുഴ മുഹമ്മദൻ സ്കൂളിൽ ഏർപ്പെടുത്തിയ ഹിസ് ഹൈനസ് ഷഷ്ടിപൂർത്തി മെഡൽ സംബന്ധിച്ച് സർക്കാറിന്റേതായി വന്ന പരസ്യത്തിന്റെ ഡ്രാഫ്റ്റ്, 1920
തുടർന്ന് നിലവിൽ പ്രവർത്തിച്ചുവന്നിരുന്ന നാട്ടുഭാഷാ പള്ളിക്കൂടത്തോടൊപ്പംതന്നെ ഇംഗ്ലീഷ് സ്കൂൾ ആരംഭിക്കുകയും നാട്ടുഭാഷാ വിദ്യാലയം തുടർന്നും നടത്തുന്നതിന് അനുമതിയും നൽകി. മതിയായ കെട്ടിടത്തിന്റെ അഭാവവും ഫണ്ടിന്റെ കുറവുംമൂലം നാട്ടുഭാഷാ വിദ്യാലയത്തിന്റെ പ്രവർത്തനം മന്ദഗതിയിലാകുകയും ക്രമേണ നിർത്തലാക്കുകയും ചെയ്തു. എന്നാൽ, മുഹമ്മദൻ സ്പെഷൽ ഇംഗ്ലീഷ് സ്കൂൾ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ അഭിമാനസ്തംഭമായി മാറുകയാണുണ്ടായത്.
വിദ്യാഭ്യാസംകൊണ്ടു മാത്രമേ അഭിവൃദ്ധി സാധ്യമാകുകയുള്ളൂ എന്ന കാഴ്ചപ്പാട് വെച്ചുപുലർത്തിയിരുന്ന ലജ്നത്തുൽ മുഹമ്മദിയ സഭയുടെ രക്ഷാകർത്തൃത്വത്തിൽ പ്രവർത്തിച്ചുവന്ന ഇംഗ്ലീഷ് സ്കൂളിനെ ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്.
ഇക്കാലയളവിൽ മുസ്ലിം വിദ്യാഭ്യാസ അഭിവൃദ്ധി ലക്ഷ്യംവെച്ചുകൊണ്ട് ലജ്നത്തുൽ മുഹമ്മദിയ വിളിച്ചുചേർത്ത സമ്മേളനങ്ങളിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കുകയും അതിന്റെ പൂർത്തീകരണത്തിനായുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തുവന്നിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഭാഗമായി മുസ്ലിം വിദ്യാഭ്യാസ േപ്രാത്സാഹനത്തിന് പ്രാപ്തിയുള്ള സംഘടനയായി ലജ്നത്തിനെ വിദ്യാഭ്യാസവകുപ്പ് കണക്കാക്കിവന്നിരുന്നു. അവർ നടത്തുന്ന കൂട്ടായ അഭ്യർഥനകൾ പരിഗണിക്കേണ്ടവയാണെന്നും വിദ്യാഭ്യാസ ഡയറക്ടർ സർക്കാറിനെ ധരിപ്പിക്കുകയുണ്ടായി. നിരന്തരമായ അഭ്യർഥനകളും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും പ്രദേശവാസികളിൽനിന്നുണ്ടായപ്പോൾ മുഹമ്മദൻ സ്കൂളിനെ മിഡിൽ സ്കൂളാക്കി ഉയർത്തുന്നതിന് സർക്കാർ തയാറായി.
ഹിസ്ഹൈനസ് ഷഷ്ട്യബ്ദ പൂർത്തി മെഡൽ
ആലപ്പുഴയിലെ മുസ്ലിംകളുടെ വിദ്യാഭ്യാസ േപ്രാത്സാഹനാർഥം ലജ്നത്തുൽ മുഹമ്മദിയ സഭ, മുഹമ്മദൻ സ്കൂളിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് അക്കാലഘട്ടത്തിലെ ഒരു മഹദ്സംരംഭമായിരുന്നു. ഒന്നാം ലോകയുദ്ധ കാലത്ത് (1914-18) തങ്ങളുടെ ആശ്രിത രാജ്യങ്ങളിൽനിന്ന് ബ്രിട്ടൻ യുദ്ധാവശ്യത്തിനുള്ള ഫണ്ട് പിരിക്കുന്നതിനുള്ള പരിശ്രമം നടത്തി. ആകർഷകമായ പലിശ നൽകാമെന്ന വ്യവസ്ഥയിൽ കോളനിരാജ്യങ്ങളുടെ ഭാഗമായുള്ള ആശ്രിതരാജ്യങ്ങളിൽനിന്നു യുദ്ധഫണ്ട് സ്വരൂപിച്ചു തുടങ്ങിയപ്പോൾ ലജ്നത്തുൽ മുഹമ്മദിയ സഭക്കും അതിന്റെ ഭാഗമാകേണ്ടി വന്നു. തിരുവിതാംകൂർ രാജാവിന്റെ പ്രീതി നേടിയെടുക്കുന്നതിനായി ലജ്നത്തിന്റെ സെക്രട്ടറിയുടെ പേരിൽ 500 ബ്രിട്ടീഷ് രൂപക്കുള്ള യുദ്ധ കടപ്പത്രങ്ങൾ അവർ സ്വീകരിക്കുകയുണ്ടായി. തിരുവിതാംകൂർ ധർമസ്വ സ്ഥാപന റെഗുലേഷൻ അനുസരിച്ചുള്ള കടപ്പത്രങ്ങൾ യുദ്ധം അവസാനിച്ചാൽ ഉടൻ തിരികെനൽകുമെന്നതായിരുന്നു വ്യവസ്ഥ.
ഇത്തരത്തിൽ തിരികെ വാങ്ങേണ്ട സമയമായപ്പോൾ യുദ്ധഫണ്ടായി നൽകിയ തുകയും അതിന്റെ പലിശയും മുഹമ്മദൻ സ്കൂളിന്റെ പുരോഗതിക്കായി ഉപയോഗിക്കണമെന്ന ആവശ്യമാണുയർന്നുവന്നത്. ഈ അവസരത്തിലാണ് തിരുവിതാംകൂർ മഹാരാജാവായ ശ്രീമൂലം തിരുനാളിന്റെ ഷഷ്ടിപൂർത്തി ആഗതമായത്. തുടർന്ന്, അതിന്റെ ഓർമ നിലനിർത്തുന്ന തരത്തിൽ മുഹമ്മദൻ സ്കൂളിൽ ഒരു എൻഡോവ്മെന്റ് ഏർപ്പെടുത്താൻ ലജ്നത്തിന്റെ പ്രവർത്തകർ തീരുമാനിച്ചു. 1920 മുതൽ 'ഹിസ് ഹൈനസ് ഷഷ്ടബ്ദ്യപൂർത്തി മെഡൽ' എന്ന് നാമകരണം ചെയ്ത രണ്ട് സ്വർണമെഡലുകൾ മുഹമ്മദൻ സ്കൂളിലെ ഉയർന്ന ക്ലാസുകളിൽനിന്ന് ഉന്നതവിജയം നേടുന്ന രണ്ട് വിദ്യാർഥികൾക്കായി നൽകാൻ ഫണ്ട് വിനിയോഗിച്ചു. ഈ മെഡൽ സംബന്ധിച്ച് 1920 മാർച്ച് 10ന് ദിവാന്റേതായി വന്ന ഉത്തരവ് ഇപ്രകാരമായിരുന്നു. 108ാമാണ്ടത്തെ 2ാം റെഗുലേഷനായ ധർമസ്ഥ റെഗുലേഷൻ എന്ന കാര്യവും ആലപ്പുഴ മുഹമ്മദീയർക്കായുള്ള ലോവർ േഗ്രഡ് ഇംഗ്ലീഷ് പാഠശാലയിൽ വലിയ തമ്പുരാൻ തിരുമനസ്സിലെ ഷഷ്ട്യബ്ദ പൂർത്തി സ്മാരക മെഡൽ എന്ന കാര്യവും സംബന്ധിച്ച് ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നതെന്തെന്നാൽ അടിയിൽ പട്ടികയിൽ വിവരിച്ചിരിക്കുന്ന 500 ബ്രിട്ടീഷ് രൂപക്കുള്ള ഇന്ത്യൻ യുദ്ധക്കടപ്പത്രം ഈ പരസ്യം പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ തിരുവിതാംകോട് ധർമസ്വഭണ്ഡാരകനിൽ ഇരിക്കുന്നതും ആലപ്പുഴ മുഹമ്മദീയർക്കായുള്ള ലോവർ േഗ്രഡ് ഇംഗ്ലീഷ് പാഠശാലയിൽ വലിയ തമ്പുരാൻ തിരുമനസ്സിലെ ഷഷ്ട്യബ്ദപൂർത്തി സ്മാരക മെഡലിന്റെ കാര്യവിചാരണക്ക് 1082ാമാണ്ടത്തെ 2ാം റെഗുലേഷനായ ധർമസ്വ റെഗുലേഷനിലെ 5ാം വകുപ്പനുസരിച്ചുള്ള ഏർപ്പാടിൽ വിവരിക്കുന്ന കാര്യങ്ങൾക്കായും നിബന്ധനകൾക്കുൾപ്പെട്ടു ആ ധർമസ്വഭണ്ഡാരകനും ഉത്തരാധികാരികളും 1082ാമാണ്ടത്തെ 2ാം റെഗുലേഷനായ മേൽപറഞ്ഞ ധർമസ്വ റെഗുലേഷനിലെ വ്യവസ്ഥകൾക്കും ആ റെഗുലേഷനിൽ പ്രകാരം ഗവൺമെന്റ് അതതു സമയത്തുണ്ടാക്കുന്ന വല്ല ചട്ടങ്ങൾക്കും ഉൾപ്പെട്ടു ഭരമേൽപായി വെച്ചുകൊള്ളുന്നതും ആകുന്നു.21 തുടക്കകാലത്ത് തദ്ദേശീയരായ മുസ്ലിം വിദ്യാർഥികൾക്കായിരുന്നു മെഡൽ നൽകിവന്നിരുന്നതെങ്കിൽ കാലാന്തരത്തിൽ എല്ലാ വിഭാഗത്തിനുമായി മാറി. 1944-45 കാലഘട്ടത്തിൽ സ്വർണമെഡൽ നൽകാൻ എൻഡോവ്മെന്റ് വകയായിട്ടുള്ള പണം തികയാതെ വന്നപ്പോൾ ഒരുഭാഗത്ത് സ്വർണം പിടിപ്പിച്ച വെള്ളിമെഡലിലേക്കും കാലാന്തരത്തിൽ വിസ്മൃതിയിലേക്കും ഷഷ്ട്യബ്ദ പൂർത്തി മെഡൽ മറഞ്ഞു.
മുഹമ്മദൻ സ്പെഷൽ ഹൈസ്കൂൾ
തിരുവിതാംകൂറിലെ മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഇംഗ്ലീഷ് ഹൈസ്കൂളുകൾ സ്ഥാപിക്കണമെന്ന അഭ്യർഥന അധികാരികളുടെ മുന്നിലേക്ക് നിരന്തരം വന്നുകൊണ്ടിരുന്നു. ആലപ്പുഴയിൽ മുസ്ലിം പൗരപ്രമുഖരും ലജ്നത്തുൽ മുഹമ്മദിയ പോലുള്ള സംഘടനകളുടെ വിദ്യാഭ്യാസ സമ്മേളനങ്ങളും അവയിൽ പാസാക്കുന്ന പ്രമേയങ്ങളും പ്രജാസഭയിലെ പ്രതിനിധികളുടെ നിരന്തരമായ അഭ്യർഥനകളും അതിലേക്കുള്ള ദൂരം കുറച്ചു. ആലപ്പുഴ മുഹമ്മദൻ സ്പെഷൽ മിഡിൽ സ്കൂളിൽ അംഗബലം കുറവായിരുന്നുവെങ്കിലും ഒരു സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയും സാമൂഹിക വികാസവും മുന്നിൽ കണ്ട് വിവിധ കോണുകളിൽനിന്നുള്ള അഭ്യർഥനകൾ മാനിച്ചു ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ഹൈസ്കൂൾ നിലവാരത്തിലേക്ക് ഉയർത്തുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകാമെന്ന ലജ്നത്തിന്റെ വാഗ്ദാനവും കൂടുതൽ വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ സഹായിക്കാമെന്ന പൗരപ്രമുഖരുടെ ഉറപ്പും മുന്നിൽകണ്ട് നൂറിൽ താഴെ വിദ്യാർഥികൾ മാത്രമുണ്ടായിരുന്നിട്ടും പ്രതിമാസം ആയിരം രൂപയിൽപരം ചെലവഴിച്ച് ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള അവസാനഘട്ട നടപടികളിലേക്ക് അധികാരികളെത്തി. അങ്ങനെ 1921-22 അധ്യയനവർഷം മുതൽ ആലപ്പുഴ മുഹമ്മദൻ സ്കൂളിന്റെ ചരിത്രം ഒരു പുതിയ ദശാസന്ധിയിലേക്ക് കടന്നുകൊണ്ട് അധികാരികൾ അതിനെ ഹയർ േഗ്രഡ് ഇംഗ്ലീഷ് സ്കൂളാക്കി ഉയർത്തി. കൊ.വ. 1097 ഇടവം (1921-22) മുതൽ മുഹമ്മദൻ സ്കൂൾ തിരുവിതാംകൂറിലെ 28ാമത്തെ ഹൈസ്കൂൾ എന്ന നിലയിലേക്ക് ഉയർന്നു.22 നാലാം ഫോറത്തിൽ ക്ലാസുകൾ തുടങ്ങുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അക്കാലത്ത് ഹൈസ്കൂൾ എന്ന പരിഗണന കിട്ടിയിരുന്നത് (1920ലെ തിരുവിതാംകൂർ വിദ്യാഭ്യാസ കോഡ് പ്രകാരം പൊതുവിദ്യാലയങ്ങളെ നാട്ടുഭാഷ (Vernacular) സ്കൂളുകളെന്നും ഇംഗ്ലീഷ് സ്കൂളുകളെന്നും തിരിച്ചിരുന്നു).
നാട്ടുഭാഷ (തമിഴ്, മലയാളം) സ്കൂളുകളെ ഗ്രാമീണ സ്കൂളുകൾ, ലോവർ േഗ്രഡ് സ്കൂൾ (ഒന്നു മുതൽ നാലാം ക്ലാസുകൾ), ഹയർ േഗ്രഡ് സ്കൂൾ (അഞ്ചു മുതൽ ഏഴാം ക്ലാസുകൾ), ഹയർഗ്രേഡ് കണ്ടിന്യൂവേഷൻ സ്കൂളുകൾ (എട്ടും ഒമ്പതും ക്ലാസുകൾ) എന്നിങ്ങനെ തിരിച്ചിരുന്നു. ഇംഗ്ലീഷ് മാധ്യമത്തിൽ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ നടന്നുവന്നിരുന്ന ഇംഗ്ലീഷ് സ്കൂളുകളിൽ ലോവർേഗ്രഡ് ഇംഗ്ലീഷ് സ്കൂൾ (പ്രിപറേറ്ററി ക്ലാസും ഫോറം ഒന്നു മുതൽ മൂന്നുവരെയുള്ള ക്ലാസുകൾ), ഹയർഗ്രേഡ് ഇംഗ്ലീഷ് സ്കൂൾ (ഫോറം നാലു മുതൽ ആറു വരെ) എന്നിങ്ങനെ വിഭജിച്ചിരുന്നു. ഹയർഗ്രേഡ് ഇംഗ്ലീഷ് സ്കൂളുകളിൽ സ്റ്റാഫ് റൂമിന് പുറമെ ഹെഡ്മാസ്റ്റർക്ക് മാത്രമായൊരു മുറി ആവശ്യമാണ്. മാത്രമല്ല, ഇവിടങ്ങളിൽ സയൻസ് വിഷയങ്ങൾ പഠിപ്പിച്ചു തുടങ്ങണമെങ്കിൽ പരീക്ഷണങ്ങൾ നടത്തുന്നതിനായി ലാബുകൾ സജ്ജീകരിക്കേണ്ടതുണ്ട്. അതോടൊപ്പം നിർബന്ധമായും വായനമുറിയും ലൈബ്രറിയും ഏർപ്പെടുത്തിയിരിക്കണം.23
ഒരു സ്കൂളിനെ സംബന്ധിച്ച് നാലാം ഫോറം ആരംഭിക്കുക എന്നത് ഉയർച്ചയിലേക്കുള്ള ചുവടുവെപ്പായാണ് കണക്കാക്കുന്നത്. സയൻസ് ബാച്ചുകളുൾപ്പെടെ നിലവിലുള്ള ഇംഗ്ലീഷ് ഹൈസ്കൂളുകളാണ് കാലാന്തരത്തിൽ രണ്ടാംതരം കോളജുകളായി പരിണമിക്കുക. മദ്രാസ് പ്രസിഡൻസിയിലെ മുഹമ്മദൻ കോളജുകളുൾപ്പെടെയുള്ളവ ഇത്തരത്തിൽ പരിണമിച്ചുണ്ടായവയാണെന്നതിനാൽ ഒരു പ്രദേശത്തിന്റെ പൊതുവായ ആവശ്യകതയായി ഇത് മാറുന്നു. തന്മൂലം ഓരോ പ്രദേശത്തും ഹൈസ്കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി കെട്ടിടങ്ങൾ, ലാബ്സൗകര്യം, ഹോസ്റ്റൽ സൗകര്യം എന്നിവ തരപ്പെടുത്തി നൽകുന്നതിന് പൗരപ്രമുഖരും ജാതി-മത സംഘടനകളും പരിശ്രമിക്കുക പതിവായിരുന്നു.
ഇക്കാലയളവിൽ ഇരണിയൽ, കൊട്ടാരക്കര, അടൂർ, കായംകുളം തുടങ്ങിയ ഇടങ്ങളിലെ ജനങ്ങൾ പണം പിരിച്ച് സ്കൂൾ കെട്ടിടങ്ങൾ നിർമിച്ച് നൽകിയതിനെ സർക്കാർ ഭരണറിപ്പോർട്ടിൽ പ്രത്യേകം ശ്ലാഘിക്കുന്നുണ്ട്.24 എന്നിരുന്നാലും 1922ൽ ശ്രീമൂലം പ്രജാസഭയുടെ 18ാം സെഷനിൽ ലജ്നത്തുൽ മുഹമ്മദിയയുടെ സെക്രട്ടറികൂടിയായിരുന്ന എൻ.എ. മുഹമ്മദ് കുഞ്ഞ് സ്കൂളിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാറിന്റെ സഹായം ആവശ്യപ്പെടുന്നുണ്ട്. മുഹമ്മദൻ സ്കൂൾ ഹൈസ്കൂളാക്കുമ്പോൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ആയിരം രൂപ കൂടി ബജറ്റിൽ വകയിരുത്തി നൽകണമെന്ന് അദ്ദേഹം പ്രജാസഭയിലെ പ്രസംഗത്തിൽ ആവശ്യപ്പെടുന്നുണ്ട്:25 തുടർന്നുള്ള വർഷത്തിൽ (1922-23) അഞ്ചാം ഫോറം ആരംഭിച്ചുകൊണ്ട് ഹൈസ്കൂളിന്റെ മുന്നോട്ടുമുള്ള ഗതിയെ സർക്കാർ േപ്രാത്സാഹിപ്പിച്ചു.
സയൻസ് ബാച്ചിന്റെ തുടക്കവും സ്വത്വപദവി നഷ്ടമാകലും
മുഹമ്മദൻ ഹൈസ്കൂളിന്റെ പുരോഗതിക്കായി നിരന്തരം പരിശ്രമിച്ചുവന്നവരായിരുന്നു ലജ്നത്തുൽ മുഹമ്മദിയയുടെ പ്രവർത്തകർ. ഒരു തരത്തിൽ ലജ്നത്തിന്റെ വളർത്തുപുത്രിയായിരുന്നു മുഹമ്മദൻ സ്കൂൾ. ഹൈസ്കൂൾ ക്ലാസാരംഭിക്കുമ്പോൾ സയൻസ് ബാച്ച്കൂടി അവിടെ അനുവദിച്ച് കിട്ടണമെങ്കിൽ ഒട്ടേറെ കടമ്പകൾ തരണംചെയ്യണമെന്ന് ലജ്നത്തിന്റെ പ്രവർത്തകർക്ക് അറിയാമായിരുന്നു. വളരെ സുസജ്ജമായ ലാബ് സൗകര്യവും കാര്യക്ഷമമായ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ സയൻസ് ബാച്ചിനുള്ള അനുമതി അധികാരികൾ നൽകിയിരുന്നുള്ളൂ. അതിനാൽ ലജ്നത്തിന്റെ വകയായി ലാബിനുള്ള പുതിയ കെട്ടിടവും ഫർണിച്ചർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തി നൽകാമെന്നവർ സർക്കാറിനെ ധരിപ്പിച്ചു. തുടർന്ന് സർക്കാർ പ്രതിനിധി എന്നനിലയിൽ ലജ്നത്തുൽ മുഹമ്മദിയയുമായി ഇക്കാര്യം ചർച്ചചെയ്യുന്നതിന് ഇംഗ്ലീഷ് സ്കൂൾ ഇൻസ്പെക്ടറായിരുന്ന ജെയിംസ് െപ്രഡ്ഡിയെ ചുമതലപ്പെടുത്തി. അദ്ദേഹം നൽകിയ റിപ്പോർട്ടിൽ കെട്ടിടനിർമാണ പ്രവർത്തനങ്ങൾക്കും മറ്റുള്ള അറ്റകുറ്റപ്പണികൾക്കുമായി മൂന്നു വർഷം തുടർച്ചയായി 1000 രൂപവീതം ലജ്നത്തിന്റെ ഭാഗത്തുനിന്നും നൽകാൻ സാധിക്കുമെന്ന് ഉറപ്പും ലഭിച്ചു. ലാബ് സൗകര്യമൊരുക്കുന്നതിന് വാർഷിക വരിസംഖ്യ 200 രൂപ അധികമായി നൽകാമോ എന്ന നിലയിൽ സർക്കാറിന്റെ അന്വേഷണം വന്നു. എന്നാൽ, തങ്ങളുടെ വകയായി 7000 രൂപ ഹൈസ്കൂൾ കെട്ടിടം നിർമിക്കുന്നതിനായി ചെലവഴിച്ചു. ഇനി ഇത്തരം കാര്യങ്ങൾക്കു വിനിയോഗിക്കാൻ ഫണ്ട് അവശേഷിക്കുന്നില്ല. എന്നിരുന്നാലും മൂന്നു വർഷത്തേക്ക് മാത്രമായി വാർഷികവരിയായി 500 രൂപവീതം ലാബ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഏർപ്പെടുത്തിക്കൊള്ളാമെന്ന് ലജ്നത്തിന്റെ പ്രവർത്തകർ സർക്കാറിനെ അറിയിച്ചു. 1923 ജനുവരി 29ന് ലജ്നത്തിന്റെ വാഗ്ദാനങ്ങൾ അടങ്ങുന്ന ഒരു കത്ത് ഇംഗ്ലീഷ് ഇൻസ്പെക്ടറിൽനിന്നും അന്നത്തെ ഡയറക്ടർ ഡോ. ജെ. സ്റ്റീഫൺസന് ലഭിക്കുകയുണ്ടായി.
മദ്രാസിലും ഹൈദരാബാദിലും പ്രവർത്തിച്ചുവരുന്ന മുഹമ്മദൻ കോളജുകളുടെ വളർച്ച ചരിത്രം പ്രാദേശിക സഭകളുടെ ഇടപെടലിലൂടെയുള്ള പടിപടിയായ ഉയർച്ചയായിരുന്നുവെന്ന തിരിച്ചറിവ് ലജ്നത്തിന്റെ പ്രവർത്തകർക്കുണ്ടായിരുന്നു. 1924 ഫെബ്രുവരി രണ്ടിന് ലജ്നത്തിന്റെ സെക്രട്ടറി പി.എസ്. മുഹമ്മദ് അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ ഒരു നിവേദനത്തിൽ ആലപ്പുഴയിലെ സകലജനങ്ങളുടെയും ആഗ്രഹാഭിലാഷമായി ആറാം ഫോറവും സയൻസ് ബാച്ചും വന്നു കാണുകയെന്നതാണെന്ന് സൂചിപ്പിക്കുന്നുണ്ട്.26 തിരുവിതാംകൂറിന്റെ വാണിജ്യകേന്ദ്രവും തുറമുഖ പട്ടണവുമായി നിലനിൽക്കുന്ന ആലപ്പുഴയെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി കൊണ്ടുവരുകയെന്ന ലക്ഷ്യമായിരുന്നു ലജ്നത്തിന്റെ പ്രവർത്തകർക്കുണ്ടായിരുന്നത്. 1924 മേയ് 25ന് പി.എസ്. മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന ലജ്നത്തിന്റെ യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളിൽ മുഹമ്മദൻ ഹൈസ്കൂളിന്റെ പൂർണതക്കായി ആറാം ഫോറം അനുവദിക്കുന്നതിനായിട്ടുള്ളതായിരുന്നു. മാത്രമല്ല, യോഗതീരുമാനമനുസരിച്ച് മുഹമ്മദൻ സ്കൂളിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി അവർ സ്വരൂപിച്ച 1300 രൂപ സർക്കാറിലേക്ക് നൽകുന്നതിനും തീരുമാനമായി.27
പി.എസ്. മുഹമ്മദ്
തുടർന്ന് ഇംഗ്ലീഷ് സ്കൂൾ ഇൻസ്പെക്ടറോട് വേണ്ടുന്ന ഇടപെടൽ നടത്തി നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ഡയറക്ടർ ചുമതലപ്പെടുത്തി. അദ്ദേഹം നൽകിയ റിപ്പോർട്ടിൽ മുഹമ്മദീയസഭ നൽകിയ 1300 രൂപ ഉപയോഗിച്ച് നടത്തിവരുന്ന കെട്ടിട നവീകരണ പ്രവർത്തനങ്ങൾ, ആലപ്പുഴ പട്ടണത്തിലെ മുസ്ലിംകൾക്ക് ആറാം ഫോറം ആരംഭിച്ചു കാണുന്നതിൽ കാട്ടുന്ന വ്യഗ്രതയും ഒപ്പം ശാസ്ത്രവിഷയങ്ങൾ ആരംഭിച്ചുകാണുന്നതിനുള്ള താൽപര്യം എന്നിവ നിഴലിച്ചു നിന്നിരുന്നു. എന്നാൽ, ഇതിനൊരു അപവാദമായി വിദ്യാർഥികളുടെ എണ്ണത്തിലുള്ള കുറവും ഉയർന്നുനിന്നു. 1923ൽ ആകെ വിദ്യാർഥികൾ 120 ആയിരുന്നുവെങ്കിൽ അതിൽ 13 പേർ മാത്രമായിരുന്നു അഞ്ചാം ഫോറത്തിൽ പഠിച്ചുവന്നിരുന്നത്. കുട്ടികളുടെ കുറവു ഭാവിപ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുമെന്ന നിലപാട് ഇൻസ്പെക്ടർ റിപ്പോർട്ടിൽ കാണിച്ചിരുന്നു. സർക്കാർ വിദ്യാലയ നടത്തിപ്പിനായി വലിയൊരു തുക ചെലവിടുമ്പോൾ ഫീസിനത്തിൽ വലുതായൊന്നും ഖജനാവിലേക്കെത്തിയിരുന്നില്ല. എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസം കൂടുതൽ വിദ്യാർഥികളിലേക്ക് എത്തട്ടെ എന്നതായിരുന്നു സർക്കാറിന്റെ മുൻഗണന. മാത്രമല്ല, പകുതി ഫീസാനുകൂല്യത്തിന് അർഹതപ്പെടുന്ന വിഭാഗത്തിനുള്ള പള്ളിക്കൂടമായതിനാൽ നിലവിലുള്ള സാധാരണ സ്കൂളുകളിൽനിന്നുള്ളതിന്റെ പകുതി മാത്രമേ ഫീസായി ലഭിക്കാൻ ഇടയുള്ളൂ എന്നതും വാസ്തവം. ഇതേ അവസരത്തിൽ കുട്ടികളുടെ വർധനയായി ഒരു ബോർഡിങ് ഹോസ്റ്റൽ ആരംഭിച്ചുകൊണ്ട് കൂടുതൽ കുട്ടികളെ എത്തിക്കാൻ കഴിയുമെന്ന് ലജ്നത്തുൽ മുഹമ്മദിയ സർക്കാറിനെ ധരിപ്പിച്ചു. അതോടൊപ്പം ലാബ്, ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 750 രൂപകൂടി സംഭാവനയായി നൽകാനും അവർ തയാറായി. മുഹമ്മദൻ സ്കൂൾ ഹെഡ്മാസ്റ്ററുടെ ഭാഗത്തുനിന്നും വിദ്യാർഥികളുടെ എണ്ണത്തിൽ വർധന കൊണ്ടുവരാൻ ആവിഷ്കരിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള രൂപരേഖയും സർക്കാറിന് ലഭിച്ചു. സമുദായ ഉദ്ധാരകരെയും വിദ്യാഭ്യാസ വിചക്ഷണൻമാരെയും ഉൾപ്പെടുത്തിയുള്ള സമ്മേളനങ്ങൾ ലജ്നത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ ഇക്കാലത്ത് സംഘടിപ്പിക്കുകയുണ്ടായി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെല്ലാം തന്റെ റിപ്പോർട്ടിൽ കാണിച്ചുകൊണ്ട് അന്നത്തെ ഡയറക്ടർ ജെ. സ്റ്റീഫൻസൺ സയൻസ് ബാച്ചും ആറാം ഫോറവും ആരംഭിക്കുന്നതിനുള്ള അനുകൂല റിപ്പോർട്ട് സർക്കാറിലേക്ക് അയച്ചു. തുടർന്ന്, 1924 ജൂൺ 19ന് അന്നത്തെ ദിവാൻ ടി. രാഘവയ്യ മുഹമ്മദൻ സ്കൂളിൽ ആറാം ഫോറവും സയൻസ് ബാച്ചും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് 1924-25 അധ്യയന വർഷത്തിൽ രണ്ട് ഗ്രാജ്വേറ്റ് അധ്യാപകരെയും ഒരു ക്ലർക്കിനെയും നിയമിക്കുന്നതിനും മറ്റ് അടിയന്തരാവശ്യങ്ങൾ നിർവഹിക്കുന്നതിനുമായി 1658 രൂപ ബജറ്റിൽ ഉൾപ്പെടുത്തി അനുവദിക്കുകയും ചെയ്തു.28
1920ലെ തിരുവിതാംകൂർ വിദ്യാഭ്യാസ കോഡ് അനുസരിച്ച് ഇംഗ്ലീഷ് സ്കൂളുകളിലെ ഫോറം നാലു മുതൽ ബിരുദധാരികളും ടീച്ചർ െട്രയിനിങ് ബിരുദം നേടി സർക്കാർ ലൈസൻസ് കിട്ടിയ അധ്യാപകരെ മാത്രമായിരുന്നു നിയമിച്ചിരുന്നത്. അതോടൊപ്പം സയൻസ് അധ്യാപകർ ലാബ് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും നേടിയിരിക്കണം.29
മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ചാരംഭിച്ച മുഹമ്മദൻ ഹൈസ്കൂളിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തരത്തിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായി. തുടർന്ന് തിരുവിതാംകൂർ സർക്കാർ മുഹമ്മദൻ സ്കൂളിന്റെ നിലനിൽപിനായി ചെലവിടുന്ന തുകക്കനുസരിച്ചുള്ള ഔട്ട്പുട്ട് കിട്ടുന്നില്ല എന്ന പരാതി വിദ്യാഭ്യാസ വകുപ്പിൽനിന്നുണ്ടായിക്കൊണ്ടിരുന്നു. വിദ്യാർഥികളുടെ കുറവുമൂലം അടച്ചുപൂട്ടലിന്റെ വക്കിലേക്ക് പോകാതെ മറ്റു സമുദായങ്ങളിലെ കുട്ടികളെക്കൂടി പ്രവേശിപ്പിക്കുന്നതിലേക്കുള്ള ആലോചനയിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടന്നു. തുടക്കത്തിൽ ഈ അഭിപ്രായത്തോട് പ്രദേശത്തെ മുസ്ലിംകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും പ്രായോഗിക നടപടിയായി പിന്നീട് ലജ്നത്തുൽ മുഹമ്മദിയ സഭ ഉൾപ്പെടെയുള്ളവർക്ക് അത് അംഗീകരിക്കേണ്ടിവന്നു. വിദ്യാർഥികളുടെ എണ്ണത്തിൽ വർധന വന്നാലെ സർക്കാർ ധനസഹായത്തിന്റെ തോത് വർധിക്കുകയുള്ളൂവെന്നും, ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന കുട്ടികളുടെ എണ്ണം വർധിക്കുമ്പോൾ ഹൈസ്കൂൾ നിലവാരത്തിൽനിന്നും ഇന്റർമീഡിയറ്റ് കോഴ്സ് ആരംഭിച്ചുകൊണ്ട് രണ്ടാം േഗ്രഡ് കോളജായി വികസിക്കാൻ സാധിക്കുകയുള്ളൂ എന്നും അവർ മനസ്സിലാക്കി. 1925-26 അധ്യയന വർഷത്തിന്റെ ആരംഭത്തിൽ അന്നത്തെ ഇംഗ്ലീഷ് സ്കൂൾ ഇൻസ്പെക്ടറെ നേരിട്ട് കണ്ട് ലജ്നത്തിന്റെ പ്രവർത്തകർ അനൗദ്യോഗികമായി ഇക്കാര്യം ധരിപ്പിക്കുകയുണ്ടായി. എന്നാൽ, ഉടനടി നിർവഹിക്കപ്പെടാവുന്ന ഒന്നായി ഇൻസ്പെക്ടർ അതിനെ ലഘൂകരിച്ചില്ല. മറ്റു സമുദായങ്ങളെ കൂടി ഉൾക്കൊള്ളിക്കേണ്ടിവരുമ്പോൾ നിലവിൽ സമീപത്ത് പ്രവർത്തിച്ചുവരുന്ന സമുദായ സ്കൂളുകൾ ഏത് രീതിയിൽ അംഗീകരിക്കുമെന്ന നിലപാടായിരുന്നു അധികാരികൾക്കുണ്ടായിരുന്നത്. അവരുടെ താൽപര്യം അറിയുന്നതിനുള്ള ശ്രമങ്ങളും അതോടൊപ്പം നടത്തിവന്നു. 1927ലെ വാർഷിക പരിശോധനക്കായി അന്നത്തെ ഇംഗ്ലീഷ് സ്കൂൾ ഇൻസ്പെക്ടറായ യു.ആർ. കുക്കിലിയ മുഹമ്മദൻ സ്കൂൾ സന്ദർശിച്ചപ്പോൾ ലജ്നത്തിന്റെ പ്രവർത്തകർ ഈ ആവശ്യം ശക്തമായി ഉന്നയിക്കുകയുണ്ടായി. തുടർന്ന് വിദ്യാഭ്യാസ ഡയറക്ടറെ നേരിട്ടുകണ്ട് ബോധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അവർ നടത്തി. 1928 ഒക്ടോബർ ഒമ്പതിന് അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന കെ.വി. രംഗസ്വാമി അയ്യങ്കാർക്ക് ഇത് സംബന്ധിച്ച ഒരു നിവേദനം ആലപ്പുഴയിൽ വെച്ചുതന്നെ ലജ്നത്തുൽ മുഹമ്മദിയ സഭയുടെ ഭാരവാഹികൾ നൽകുകയുണ്ടായി.30
എന്നാൽ, ഇത്തരത്തിലൊരു തീരുമാനം വേഗത്തിൽ നടപ്പാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സർക്കാർ വഴി സമീപത്തെ ഗ്രാന്റ് ഇൻ എയ്ഡ് സ്കൂളുകളുടെ എതിർപ്പ് കുറക്കുന്നതിനുള്ള പരിശ്രമങ്ങളും നടത്താമെന്ന ഉറപ്പും അദ്ദേഹം നൽകി. അക്കാലത്ത് സ്കൂളുകൾ തമ്മിലുള്ള മത്സരം ഒരു തലവേദനയായിട്ടായിരുന്നു വിദ്യാഭ്യാസ വകുപ്പ് കണക്കാക്കിയിരുന്നത്. വിദ്യാഭ്യാസ വകുപ്പിലെ അധികാരികൾ തുടർന്ന് നടത്തിയ ചർച്ചകളിലൂടെ പട്ടണത്തിലെ രണ്ട് പ്രധാന വിദ്യാലയങ്ങളായ ലിയോ എട്ടാമനും വിദ്യാശാലക്കും ഈ കാര്യത്തിൽ എതിർപ്പില്ലെന്ന നിലയിലേക്കു വരുകയും ചെയ്തു. 1929 മേയ് 19ന് (1104 ഇടവം 6) നടന്ന ലജ്നത്തുൽ മുഹമ്മദിയ സഭയുടെ പ്രത്യേക സമ്മേളനത്തിൽ വെച്ച് മുഹമ്മദൻ സ്പെഷൽ ഹൈസ്കൂൾ നിലനിർത്തിക്കൊണ്ടുപോകുന്നതിനായി എല്ലാ വിഭാഗം വിദ്യാർഥികൾക്കുമായി തുറന്നുനൽകുന്നതിനുവേണ്ടി ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയും അത് ജനറൽ സെക്രട്ടറിയായിരുന്ന പി.എസ്. മുഹമ്മദിന്റെ നേതൃത്വത്തിൽ സർക്കാറിലേക്ക് സമർപ്പിക്കുകയും ചെയ്തു. അതിൽ പറയുന്നത്: ''മദ്രാസ് ഗവൺമെന്റിന്റെ അധീനതയിലുള്ള മുഹമ്മദൻ സ്കൂളുകൾപോലെ ആലപ്പുഴ മുഹമ്മദൻ സ്പെഷൽ ഇംഗ്ലീഷ് സ്കൂളിലും മറ്റു സമുദായക്കാർക്ക് പ്രവേശനം നൽകുന്നതിന് വിരോധമില്ല. എന്നാൽ, സ്പെഷൽ സ്കൂളെന്ന നിലയിൽ ചില നിബന്ധനകൾ ഉൾക്കൊള്ളിക്കേണ്ടതാണ് –മുഹമ്മദൻ സ്പെഷൽ ഹയർ േഗ്രഡ് സ്കൂൾ എന്ന പേരിൽ വ്യത്യാസം കൊണ്ടുവരാൻ പാടില്ല; മുസ്ലിം കുട്ടികൾക്ക് പ്രവേശനവേളയിൽ മുൻഗണന നൽകേണ്ടതാണ്; അറബിപഠനത്തിന്റെ പ്രാധാന്യം കുറക്കാൻ പാടില്ല; വെള്ളിയാഴ്ചയും മറ്റു മുസ്ലിം ആഘോഷദിനങ്ങളിലും നൽകിവരുന്ന അവധികൾ തുടരേണ്ടതാണ്; ലജ്നത്തുൽ മുഹമ്മദിയ സഭയുമായുള്ള സ്കൂളിന്റെ ബന്ധത്തിന് ഇടവുണ്ടാകാൻ പാടില്ല.31 1929ൽ നടന്ന മറ്റൊരു പ്രധാനപ്പെട്ട സംഭവമായിരുന്നു ഹൈദരാബാദിലെ നൈസാമിന്റെ പ്രതിനിധികളായി വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥർ ആലപ്പുഴ മുഹമ്മദൻ സ്കൂൾ സന്ദർശിച്ചത്. ലജ്നത്തുൽ മുഹമ്മദിയയുടെ അഭ്യർഥന പരിഗണിച്ച് ഹൈദരാബാദിലെ പൊതുവിദ്യാഭ്യാസ സെക്രട്ടറി സയ്യിദ് മുഹമ്മദ് ഹുസൈനും സിറ്റി കോളജ് പ്രിൻസിപ്പൽ സയ്യിദ് മുഹമ്മദ് അസീമും ആലപ്പുഴയിലെത്തുകയും മുസ്ലിം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. തിരുവിതാംകൂറിലെ വിദ്യാഭ്യാസത്തിന്റെ പൊതുവായ അവസ്ഥയും അതിൽ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയും മനസ്സിലാക്കിയ അവർ സാമുദായിക അടിസ്ഥാനത്തിലുള്ള സ്കൂൾ തിരുവിതാംകൂറിൽ ആ സമുദായത്തിന് ഗുണത്തെക്കാളുപരി ദോഷം മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് സന്ദർശക ഡയറിയിൽ കുറിച്ചത്.32
വിദ്യാർഥികളുടെ കുറവുമൂലം നിരവധി വിദ്യാലയങ്ങൾ പ്രവർത്തനം നിർത്തിവന്നിരുന്നുവെന്നത് ഒരു യാഥാർഥ്യമായി നിലനിന്നിരുന്നു. 1930-31ലെ ഭരണറിപ്പോർട്ട് പ്രകാരം ആലപ്പുഴ മുഹമ്മദൻ ഹൈസ്കൂളിൽ പഠിച്ചു വരുന്ന വിദ്യാർഥികളുടെ ആവശ്യത്തിനായി തന്നാണ്ടിൽ 11,727 രൂപ സർക്കാർ ചെലവഴിച്ചിരുന്നു. ഇത്രയും പണം ചെലവഴിച്ചിട്ടും വിദ്യാർഥികളുടെ എണ്ണത്തിൽ വർധന സംഭവിക്കാത്തതിൽ അധികാരികൾ അസ്വസ്ഥരായിരുന്നു. മാത്രമല്ല, 1930ൽ തിരുവിതാംകൂർ സർക്കാർ നിയമിച്ച റീേട്രഞ്ച്മെന്റ് കമ്മിറ്റി സർക്കാറിന്റെ സാമ്പത്തിക ബാധ്യത പരമാവധി ഒഴിവാക്കുന്നതിനും ധനക്കമ്മി കുറക്കുന്നതിനുമായി നിരവധി നിർദേശങ്ങൾ സമർപ്പിക്കുകയുണ്ടായി. അതിൽ മുഹമ്മദൻ സ്പെഷൽ സ്കൂളുപോലുള്ളവ നിർത്തലാക്കണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. ഇക്കാലഘട്ടത്തിൽ ഹൈസ്കൂൾ എന്നനിലയിൽനിന്നും മിഡിൽസ്കൂൾ എന്ന പദവിയിലേക്ക് മുഹമ്മദൻ സ്കൂളിനെ താഴ്ത്തണമെന്നൊരു ആവശ്യവും വിദ്യാഭ്യാസ വകുപ്പിൽനിന്നുതന്നെ ഉണ്ടായി. ഇക്കാര്യം മനസ്സിലാക്കി 1932ലെ ശ്രീമൂലം പ്രജാസഭയുടെ 28ാം സെഷനിൽ അംഗമായിരുന്ന കെ.എ. പിച്ച ബാവ സാഹിബ് ആലപ്പുഴ മുഹമ്മദൻ ഹൈസ്കൂളിനെ തരം താഴ്ത്താനുള്ള നടപടികളിൽനിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുന്നുണ്ട്.33
എന്നാൽ, റീേട്രഞ്ച്മെന്റ് കമ്മിറ്റിയുടെ നിർദേശങ്ങളെ പാടെ അവഗണിച്ചുള്ള നിലപാടുകളുമായാണ് 1931-32 കാലഘട്ടത്തിൽ തിരുവിതാംകൂർ സർക്കാർ നിയമിച്ച (ഡോ. സ്റ്റാതാമിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ റിപ്പോർട്ടിൽ വന്നത്. ഡോ. സ്റ്റാതാമിന്റെ നേതൃത്വത്തിൽ നിലവിൽവന്ന കമീഷനിൽ അദ്ദേഹത്തെ കൂടാതെ കെ. ശിവരാമ പണിക്കർ, ഡോ. ഡാനിയേൽ ജീവനായകം എന്നിവർ അംഗങ്ങളായിരുന്നു) സ്റ്റാതാമിന്റെ റിപ്പോർട്ടിൽ മുഹമ്മദൻ സ്കൂളിന്റെ സ്ഥിതി വിവരിക്കുന്നത്: തിരുവിതാംകൂറിലെ ഏക മുഹമ്മദൻ സ്പെഷൽ ഹൈസ്കൂളായ ഇവിടെ കൊ.വ. 1105ൽ (1930) ആകെയുള്ള മുസ്ലിം വിദ്യാർഥികളുടെ എണ്ണം 122 മാത്രമാണ് (പ്രിപറേറ്ററി-24, ഒന്നാം ഫോറം -25, രണ്ടാം ഫോറം -19 , മൂന്നാം ഫോറം -10, നാലാം ഫോറം -13, അഞ്ചാം ഫോറം -5, ആറാം ഫോറം -15). എന്നാൽ, ആകെ അധ്യാപകരിൽ അറബി മുൻഷി ഒഴികെ എല്ലാ ജീവനക്കാരും മറ്റു സമുദായക്കാരാണ്. റീേട്രഞ്ച്മെന്റ് കമ്മിറ്റി മുന്നോട്ടുവെച്ച അടച്ചുപൂട്ടലെന്ന നിർദേശത്തെ കമീഷൻ അംഗീകരിക്കുന്നില്ല, പകരം എത്ര വിദ്യാർഥികളായിരുന്നാലും സ്കൂൾ നിലനിർത്തുകതന്നെ വേണം; വിദ്യാഭ്യാസത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന സമുദായത്തെ മുൻനിരയിലേക്കെത്തിക്കുന്നതിനുള്ള സ്ഥാപനമെന്ന നിലയിൽ ഇവിടങ്ങളിൽനിന്നും പാകപ്പെട്ടുവരുന്ന വ്യക്തികളിലൂടെ മാത്രമേ മുസ്ലിം സമുദായത്തെ സ്വാധീനിക്കാൻ കഴിയുകയുള്ളൂ. സർക്കാർ കൂടുതൽ ഇടപെടൽ നടത്തി ലിംഗവ്യത്യാസമില്ലാതെ മുഹമ്മദൻ വിദ്യാർഥികളെ സ്കൂളിലേക്കാകർഷിക്കുകയാണ് വേണ്ടത്. മറ്റെല്ലാ മുൻവിധികളും ഒഴിവാക്കി സംഘപഠനത്തിലൂടെ മുസ്ലിംകളെകൂടി മുഖ്യധാരയിലേക്ക് കടന്നുവരാൻ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടത്. അതിനാൽ ആലപ്പുഴയിലെ സ്പെഷൽ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി മുടക്കുന്ന സംഖ്യ നിരർഥകമല്ല. അതോടൊപ്പം മറ്റു സമുദായങ്ങളെകൂടി പ്രവേശിപ്പിക്കുന്ന തരത്തിലുള്ള ഇടപെടൽ ഉടനുണ്ടാകുമെന്ന് പ്രത്യാശിക്കാം. ഏതുവിഭാഗം വിദ്യാർഥികൾ വന്നാലും മുഹമ്മദൻ സ്കൂൾ എന്ന നില തുടരുന്നതിനും തദ്ദേശീയ മുഹമ്മദീയരിൽ സ്വാധീനം വരുത്തുന്നതിനും കൂടുതൽ വിദ്യാർഥികളെ ആകർഷിക്കുന്നതിനും മുസ്ലിംകളെ അധ്യാപന മേഖലയിലേക്കെത്തിക്കുന്നതിലൂടെ സാധ്യമാകും എന്നും കരുതാവുന്നതാണ്.''34 കൂടാതെ, മുഹമ്മദൻ സ്കൂളിന്റേതായി ഒരു ബോർഡിങ് ഹോസ്റ്റൽ സ്ഥാപിക്കുന്നതിനുള്ള ശിപാർശയും സ്റ്റാതാമിന്റേതായി വന്നിട്ടുണ്ട്. അതുവഴി വിദൂരദേശങ്ങളിൽനിന്നും കുട്ടികളെ ആലപ്പുഴയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും കമീഷൻ പ്രത്യാശിക്കുന്നുണ്ട്.
മറ്റു സമുദായംഗങ്ങളെ കൂടി മുഹമ്മദൻ സ്കൂളിൽ പ്രവേശിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം രൂപപ്പെട്ടുവന്നതോടെ ഇതുസംബന്ധമായ ചടുലനീക്കം വിദ്യാഭ്യാസ വകുപ്പിൽനിന്നും ഉണ്ടായി. 1930 സെപ്റ്റംബറിൽ 18ന് തന്നെ ഇതു സംബന്ധമായി വ്യക്തമായ രൂപരേഖ ഇംഗ്ലീഷ് സ്കൂൾ ഇൻസ്പെക്ടറിൽനിന്നും വിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ചിരുന്നു. തുടർന്ന് അനുമതിക്കായി സർക്കാറിലേക്ക് സമർപ്പിക്കുകയും ചെയ്തു. സർക്കാറിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് കൊല്ലവർഷം 1107 (1931-32) അധ്യയന വർഷം മുതൽ എല്ലാ വിഭാഗം വിദ്യാർഥികൾക്കും മുഹമ്മദൻ ഹൈസ്കൂളിൽ പ്രവേശനം നൽകിക്കൊണ്ടുള്ള ഉത്തരവ് വന്നു.35 തുടർന്നുണ്ടായ പ്രവേശനപ്രക്രിയയിൽ അതേ അധ്യയന വർഷത്തിലേക്ക് മറ്റു സമുദായക്കാരായ അഞ്ചു കുട്ടികൾ പ്രവേശനം നേടുകയുണ്ടായി. അങ്ങനെ ഒരു യുഗത്തിന്റെ സമാപനവും കുറിച്ചുകൊണ്ട് മുഹമ്മദൻ ഹൈസ്കൂൾ മറ്റൊരു ചരിത്രപഥത്തിലേക്ക് കടക്കുകയും ചെയ്തു.
എന്നിരുന്നാലും മുസ്ലിംകളുടെ വിദ്യാഭ്യാസത്തിനായുള്ള കേന്ദ്രമെന്ന നിലയിൽ തന്നെയാണ് തുടർന്ന് പ്രവർത്തനങ്ങൾ നടന്നുവന്നത്. കൂടുതൽ മുസ്ലിം വിദ്യാർഥികളെ സ്കൂളിലേക്ക് എത്തിക്കുന്നതിന് അവരുടെ രക്ഷിതാക്കളെ ആകർഷിക്കുന്ന തരത്തിൽ സ്വസമുദായക്കാരായ അധ്യാപകരെ നിയമിക്കുന്നതിൽ സർക്കാറിന്റെ ശ്രദ്ധയുണ്ടാകണമെന്ന ലജ്നത്തുൽ മുഹമ്മദിയ സഭയുടെ ആവശ്യം സർക്കാർ ചെവിക്കൊണ്ടു. തുടർന്ന് 1934-35 അധ്യയനവർഷത്തിൽ ബിരുദധാരിയും ടീച്ചർ െട്രയിനിങ്ങും പാസായ മുഹമ്മദലിയെന്ന അധ്യാപകനെ മുഹമ്മദൻ സ്കൂളിലേക്ക് ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ മുസ്ലിം രക്ഷിതാക്കളെ ആകർഷിക്കാമെന്നത് വ്യാമോഹമായും മുസ്ലിംകളുടെ വിദ്യാഭ്യാസ നിരാസം പ്രകൃതിപ്രതിഭാസംപോലെയും നിലനിന്നു.
സ്വസമുദായക്കാരനായ ഒരു അധ്യാപകനെക്കൊണ്ട് കഴിയാത്തത് സ്കൂൾ അധിപനായ വ്യക്തിയെക്കൊണ്ട് സാധിക്കുമെന്ന മോഹമാണ് പിന്നീട് ഉയർന്നുവന്നത്. അതിനായി സർവിസും യോഗ്യതയുമുള്ള ഒരു മുസ്ലിമിനെ ഹെഡ്മാസ്റ്ററാക്കണമെന്ന മുറവിളി നടന്നു. എന്നാൽ, ആ ആഗ്രഹം സഫലമാകാൻ വീണ്ടുമൊരു ദശകംകൂടി കാത്തിരിക്കേണ്ടി വന്നു. അലീഗഢിൽനിന്നുള്ള ഫിസിക്സ് ബിരുദധാരിയും അധികയോഗ്യതയായി നിയമ ബിരുദവും നേടിയ തിരുവിതാംകൂറിലെ ഹിന്ദുസ്ഥാനി മുസ്ലിം കുടുംബാംഗംകൂടിയായിരുന്ന ഖാദർ മൊഹിയുദ്ദീൻ ബിജിലിയായിരുന്നു മുഹമ്മദൻ ഹൈസ്കൂളിന്റെ ഭരണതലപ്പത്തെത്തിയത്. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്ന വേളയിൽ ദേശീയ പ്രക്ഷോഭത്തിന്റെ വേദിയായ ആലപ്പുഴ പട്ടണത്തിലെ മുഹമ്മദൻ സ്കൂൾ നടത്തിക്കൊണ്ടു പോകാൻ അദ്ദേഹം നന്നേ ക്ലേശിച്ചു. അക്കാലമായപ്പോഴേക്കും മറ്റു സമുദായങ്ങളോടൊപ്പം സാധാരണ പരിഗണന മാത്രമേ മുസ്ലിംകൾക്കും കിട്ടിവന്നിരുന്നുള്ളൂ. അക്കാലത്ത് മുഹമ്മദൻ ഹൈസ്കൂളിൽ പ്രവേശനം ലഭിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും അന്തസ്സിന്റെ പ്രശ്നമായി മാറിയിരുന്നു.
മുഹമ്മദൻ എന്ന പേരു മാറ്റാനുള്ള ശ്രമം
മുസ്ലിം എന്നതിന് പകരമായി സർക്കാർ രേഖകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പേരായി 'മുഹമ്മദൻ' മാറിയിരുന്നു. സാധാരണ ഒരു മുസ്ലിമും ആ പേരുപയോഗിക്കാൻ താൽപര്യം കാണിച്ചിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ 'മുഹമ്മദൻ' എന്ന പദം ഉപേക്ഷിച്ചു തുടങ്ങിയ പ്രവണതയും കണ്ടുവന്നിരുന്നു. തന്മൂലം തിരുവിതാംകൂറിലും അത്തരത്തിൽ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്താൻ മുസ്ലിം സമുദായ സംഘടനകളും വ്യക്തികളും രംഗത്തുവന്നു. മുസ്ലിം സമുദായത്തിനായാരംഭിച്ച വിദ്യാലയം എന്ന നിലയിൽ ഉപയോഗിക്കുന്ന മുഹമ്മദൻ സ്കൂൾ എന്ന പേര് ഉപേക്ഷിക്കണമെന്ന ആശയം ശക്തിപ്പെട്ടു. 1948 ജനുവരി 29ന് ലജ്നത്തുൽ മുഹമ്മദിയ സംഘത്തിന്റെ 33ാം വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കിയ നാലു പ്രമേയങ്ങളിൽ ഒന്ന് ആലപ്പുഴ മുഹമ്മദൻ ഹൈസ്കൂളിന്റെ പേരിൽനിന്നും 'മുഹമ്മദൻ' എന്ന പദം ഒഴിവാക്കി പകരം 'മുസ്ലിം' എന്ന് കൊടുക്കുക എന്നതായിരുന്നു. കാലഹരണപ്പെട്ട പദത്തെ ഒഴിവാക്കണമെന്നാവശ്യത്തോട് അധികാരികളുടെ മറുപടി അത്രകണ്ട് ശുഭകരമായിരുന്നില്ല. 1948 ഫെബ്രുവരി 26ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ മറുപടി ഇപ്രകാരമായിരുന്നു: മുഹമ്മദൻ എന്ന പദം വിവിധ സ്ഥലങ്ങളിൽ ഉപയോഗത്തിൽനിന്നും ഒഴിവാക്കി പകരം മുസ്ലിം എന്ന് ചേർത്തുവരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതിനാൽ, ഈ ആവശ്യം ന്യായവുമാണ്. ആലപ്പുഴ മുഹമ്മദൻ ഇംഗ്ലീഷ് ഹൈസ്കൂൾ എന്നതിന് പകരം 'ഇംഗ്ലീഷ് ഹൈസ്കൂൾ ഫോർ മുസ്ലിംസ്' എന്നാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ തടസ്സമൊന്നുമില്ലാതെ നടത്താവുന്നതാണ്. എന്നാൽ, 1947 ഒക്ടോബർ 14ന് വന്ന ഒരു ഉത്തരവ് പ്രകാരം തിരുവിതാംകൂറിലെ വിവിധ ജാതികൾക്കിടയിലെ ഇത്തരത്തിലുള്ള ജാതി-വിഭാഗീയ തിരുത്തലുകൾ സംബന്ധിച്ച തീരുമാനങ്ങൾ അടുത്തു വരുന്ന സെൻസസ് പ്രവർത്തനങ്ങളോടെ മാത്രമേ സാധ്യമാകൂ.36 തുടർന്ന്, സ്വാതന്ത്ര്യാനന്തരം രാജഭരണം അവസാനിക്കുകയും ജനാധിപത്യം പുലരുകയും ചെയ്തുവെങ്കിലും 'മുഹമ്മദൻ' എന്ന പേരിന് മാറ്റമില്ലാതെ തുടരേണ്ടിവന്നു.
സ്വാതന്ത്ര്യാനന്തരം ജനാധിപത്യ സർക്കാറുകൾ മുസ്ലിംകൾ ഉൾപ്പെടെയുള്ള പിന്നാക്കക്കാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തിവന്നതോടെ മുഹമ്മദൻ സ്കൂളിന്റെ പ്രാധാന്യം കുറഞ്ഞുവന്നു. മുസ്ലിംകളുടെ ശ്രമഫലമായി ആരംഭിച്ചെന്ന ഖ്യാതി മാത്രമായി ചുരുങ്ങി. ലജ്നത്തുൽ മുഹമ്മദിയ സഭയുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിൽപോലും തടസ്സങ്ങൾ നേരിട്ടു. കൊ.വ. 1124 ധനു 13ന് (1949) ലജ്നത്തുൽ മുഹമ്മദിയ സംഘടിപ്പിക്കുന്ന ഒരു പരിപാടി മുഹമ്മദൻ സ്കൂളിൽവെച്ച് നടത്തുന്നതിനുള്ള ആവശ്യം ഹെഡ്മാസ്റ്റർ നിരസിച്ചതിനാൽ ഗവൺമെന്റ് സെക്രട്ടറിയിൽ നിന്ന് നിരാക്ഷേപ പത്രം വാങ്ങിയാണ് ലജ്നത്തിന്റെ പരിപാടി സ്കൂളിൽവെച്ച് നടത്തിയത്.37 സർക്കാറിന്റെ അനുമതിയോടെ വിവിധ ചടങ്ങുകൾ ലജ്നത്തിന്റേതായി ഇവിടെ വെച്ച് നടത്തുകയുണ്ടായി. 1967 മേയ് 18 മുതൽ 21 വരെ നടന്ന കേരള ഇസ്ലാമിക് സെമിനാറിന്റെ അഞ്ചാമത്തെയും അവസാനത്തെയും സെമിനാറിന് വേദിയായത് മുഹമ്മദൻ സ്കൂളായിരുന്നു. ലജ്നത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാറിൽ കേരളത്തിലെ രാഷ്ട്രീയ-മത-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കുകൊണ്ടു. ചരിത്രത്തിലാദ്യമായി മുസ്ലിം സ്ത്രീകൾ സംഘടിപ്പിച്ച ഒരു വനിതാ സെമിനാറും അവിടെ നടന്നു. അഡ്വ. എ. നഫീസത്ത് ബീവി, ജമീലാകുഞ്ഞ് (മുൻമന്ത്രി പി.കെ. കുഞ്ഞിന്റെ സഹധർമിണി), മെഹ്റുന്നിസാ ബീഗം തുടങ്ങിയ പ്രമുഖർ ഈ വനിതാസമ്മേളനത്തിൽ പങ്കുകൊണ്ടു.38 കാലാന്തരത്തിൽ ലജ്നത്തിന് മുഹമ്മദൻസിനുമേലുള്ള രക്ഷാകർത്തൃസ്ഥാനം നഷ്ടമായി വന്നതിനാൽ അവരുടേതായി ഒരു സ്കൂൾ ആരംഭിക്കാനുള്ള ശ്രമം നടന്നു. അങ്ങനെ, 1983ൽ 'ലജ്നത്തുൽ മുഹമ്മദിയ ഹൈസ്കൂൾ' എന്ന പേരിലൊരു സ്കൂൾ അവർ സ്ഥാപിച്ചു.
ആലപ്പുഴയിലെ വിദ്യാഭ്യാസരംഗത്ത് നിറസാന്നിധ്യമായി മാറിയ മുഹമ്മദൻ സ്കൂളിലേക്ക് പെൺകുട്ടികൾക്ക് പ്രവേശനം വേണമെന്ന ആവശ്യം നിറവേറ്റപ്പെടുകയും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 1967ൽ മുഹമ്മദൻ ഗേൾസ് സ്കൂൾ എന്ന പേരിൽ മറ്റൊരു സ്കൂളും കൂടി പ്രവർത്തനമാരംഭിച്ചു. വിജ്ഞാനത്തോടൊപ്പം തൊഴിലും പഠിപ്പിക്കുന്ന കേന്ദ്രമായി മുഹമ്മദൻ സ്കൂൾ മാറി. കയർ പിരിക്കൽ, ബുക്ക് ബൈൻഡിങ്, ടൈപ് റൈറ്റിങ്, ഷോർട്ട് ഹാൻഡ് തുടങ്ങിയ നൈപുണ്യ കോഴ്സുകൾ ആരംഭിക്കുകയും അതിനായി പ്രത്യേക ഇൻസ്ട്രക്ടർമാരെ നിയമിക്കുകയും ചെയ്തു. മാത്രമല്ല, വയറിങ്, മോട്ടോർ െബെൻഡിങ് തുടങ്ങിയവയിൽ വൈദഗ്ധ്യം നേടുന്നതിനും അനുബന്ധ ക്ലാസുകൾ അവിടെ നടന്നുവന്നിരുന്നു.
പ്രീഡിഗ്രി കോഴ്സ് കോളജുകളിൽനിന്ന് വേർപെടുത്തി പ്ലസ് ടു എന്ന പേരിൽ സ്കൂളുകളോട് ചേർന്നപ്പോൾ, 1998ൽ മുഹമ്മദൻ സ്കൂളും ഹയർസെക്കൻഡറി സ്കൂൾ എന്ന പദവിയിലേക്ക് ഉയർന്നു. 1998 സെപ്റ്റംബർ രണ്ടിന് ആലപ്പുഴയിൽനിന്നുള്ള ലോക്സഭാംഗം വി.എം. സുധീരൻ ഹയർസെക്കൻഡറി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഓലമേഞ്ഞ പഴയകാല നിർമിതികളെല്ലാം തന്നെ ബഹുനില മന്ദിരങ്ങൾക്ക് വഴിമാറി. ഒരുകാലത്ത് സ്കൂൾ പരിസരത്തിന്റെ വിസ്തൃതിമൂലം നോക്കിനടത്തി കൃഷിചെയ്യുന്നതിന് മുഹമ്മദൻ സ്കൂളിൽ ജോലിചെയ്യുന്ന ഒരു ക്ലർക്ക് സർക്കാറിലേക്ക് പണമടച്ചു ഏറ്റെടുത്തതായി പുരാരേഖ വകുപ്പിലെ രേഖകൾ കാണിക്കുന്നുണ്ട്. എന്നാൽ, ഇന്ന് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുബന്ധ കെട്ടിടങ്ങൾകൊണ്ട് മുഹമ്മദൻസിന്റെ കാമ്പസ് നിറഞ്ഞുകഴിഞ്ഞു. ജില്ല വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയം, കേരള സർവകലാശാലയുടെ യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സാക്ഷരതാ മിഷന്റെ വിവിധ െട്രയിനിങ് സെന്ററുകൾ എന്നിവ ഇവിടെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്നു.
ഉന്നതശീർഷരായ നിരവധി പൂർവ വിദ്യാർഥികളെ സൃഷ്ടിക്കാൻ കഴിഞ്ഞ മുഹമ്മദൻസിന്റെ കടന്നുവരവ് ആലപ്പുഴ പട്ടണത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങളെ വാനോളം ഉയർത്തി. എന്നിരുന്നാലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അതിപ്രസര കാലത്ത്, ഒരു സമുദായത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യിക്കുന്നതിനായി ആരംഭിച്ച ഹൈസ്കൂളിന്റെ ശതാബ്ദി ആരാലും അറിയപ്പെടാതെ കടന്നുപോകുന്നു എന്നത് ചരിത്രത്തിൽ ഒരു കറുത്തചിരിയായി അവശേഷിക്കുന്നു.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ചരിത്രവിഭാഗം അസി. പ്രഫസറാണ് ലേഖകൻ
സൂചിക
1. Travancore Administrative Report( TAR),1862 - 63(1038 ME), p. 36
2. TAR, 1864-65 (1040 ME), p.42
3. TAR, 1866-67 (1042 ME), p.76
4. TAR, 1869-70 (1045 ME), p.84
5. TAR, 1871-72 (1047 ME), p.75
6. TAR, 1883-84 (1058 ME), p.158
7. TAR, 1892-93 (1068 ME), p.146
8. TAR, 1907-08 (1083 ME), p.52
9.കെ. കമലൻ, സർക്കാർ തുടങ്ങിയ ഇംഗ്ലീഷ് ഹൈസ്കൂൾ, കലാപൂർണ മാസിക, വാല്യം -4, ലക്കം -6, ജൂൺ 2016, പു.59
10. Travancore Government Gazette, No.8, Vol. XLVI, Trivandrum, 25th Feb.1908,p. 483
11. Ibid
12. TAR, 1907 - 08 (1083 ME), p. 54
13. Proceedings of Sri Mulam Popular Assembly, Tenth Session, 1914, Trivandrum, p.96
14. File No. 377/1913, Kerala State Archives(KSA), Thiruvananthapuram, p.2
15. Proceedings of Sri Mulam Popular Assembly, Eleventh Session, 1915, Trivandrum, p.106
16. Travancore Government Gazette, Vol. LII, No.51, 2nd December 1914, Trivandrum, p.454
17. TAR, 1915-16 (1091), p.58
18. Proceedings of Sri. Mulam popular Assembly, Twelfth Session, 1916, Trivandrum, p.103.
19. Proceedings of Sri Mulam Popular Assembly, Thirteenth Session, 1917, Trivandrum, p.127
20. Proceedings of Sri Mulam Popular Assembly, Fourteenth Session, 1918, Trivandrum, p.53
21. File No. 129/1919, dated 25th June 1920, Kerala State Archieves , Trivandrum, p.4-8
22. TAR, 1920 -21 (1096 ME), 96
23. Travancore Education Code, Third Edition, The Government Press, Trivandrum, 1920, pp. 5-11
24. TAR, 1920 - 21(1096 ME), p.94
25. Proceedings of Sri Mulam Popular Assembly, Eighteenth Session, 1922 Trivandrum. p.165
26. File No. 596/24, Bundle No.127, Kerala State Archives, Trivandrum, pp. 10-11
27. Ibid
28. Ibid
29. Travancore Education code, 1920, p.11
30. File No. 411/31, Bundle No. 157, April 1931, KSA, Trivandrum, p.8
31. Ibid
32. Ibid
33. Proceedings of Sri Mulam Popular Assembly, Twentieth session, 1932 Trivandrum, p.252
34. Statham Education Committee Report - Travancore, 1932, pp. 541 -542
35. TAR, 1931-32 (1107ME), p. 220
36. File No. 645/48, Education, dated 12th March 1948, Bundle No.338, KSA, Trivandrum, pp. 4-6
37. File No. 78/49, Education, dated 15th January 1949, Bundle No.365, KSA, Trivandrum, pp. 2-4.
38. കരുവള്ളി മുഹമ്മദ് മൗലവി, എെന്റ ജീവിതം -കേരള ഇസ്ലാമിക് സെമിനാറും കാലിക്കറ്റ് മുസ്ലിം അസോസിയേഷനും, പ്രബോധനം വാരിക, വാല്യം – 70/10, ലക്കം 2812, 2013 ആഗസ്റ്റ് 2, കോഴിക്കോട്, പു.54
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.