വൈക്കം സത്യഗ്രഹത്തിലെ ചരിത്രം വിസ്മരിച്ച മുന്നണി പോരാളിയാണ് ആമചാടി തേവൻ. ആലപ്പുഴ-എറണാകുളം-കോട്ടയം ജില്ലകളുടെ അതിർത്തിയിലുള്ള ഒരു തുരുത്താണ് ആമചാടി. പൂത്തോട്ടക്കും പെരുമ്പളത്തിനും ഇടക്കുള്ള ആറേഴു തുരുത്തുകളില്‍ പ്രധാനപ്പെട്ട തുരുത്ത്. ഊരും പേരുമില്ലാത്ത ശവങ്ങള് മറവുചെയ്യപ്പെടുന്നത് ഇവിടെയായിരുന്നു. ആമകള്‍ കായലിലേക്ക് ചാടിയിറങ്ങുന്നതും കരയിലേക്ക് ചാടിക്കയറുന്നതും ഇവിടത്തെ ഒരു പതിവുകാഴ്ചയായിരുന്നു. അങ്ങനെയാണ് ആമചാടി...
വൈക്കം സത്യഗ്രഹത്തിലെ ചരിത്രം വിസ്മരിച്ച മുന്നണി പോരാളിയാണ് ആമചാടി തേവൻ. ആലപ്പുഴ-എറണാകുളം-കോട്ടയം ജില്ലകളുടെ അതിർത്തിയിലുള്ള ഒരു തുരുത്താണ് ആമചാടി. പൂത്തോട്ടക്കും പെരുമ്പളത്തിനും ഇടക്കുള്ള ആറേഴു തുരുത്തുകളില്‍ പ്രധാനപ്പെട്ട തുരുത്ത്. ഊരും പേരുമില്ലാത്ത ശവങ്ങള് മറവുചെയ്യപ്പെടുന്നത് ഇവിടെയായിരുന്നു. ആമകള്‍ കായലിലേക്ക് ചാടിയിറങ്ങുന്നതും കരയിലേക്ക് ചാടിക്കയറുന്നതും ഇവിടത്തെ ഒരു പതിവുകാഴ്ചയായിരുന്നു. അങ്ങനെയാണ് ആമചാടി തുരുത്ത് എന്ന് പേരു ലഭിച്ചത്. ആമകളുടെ ആവാസകേന്ദ്രമായിരുന്നുവെന്ന് പറയാം.
1967 വരെ ജീവിച്ചിരുന്ന തേവന്റെ ജനനത്തെ സംബന്ധിച്ച് വ്യക്തമായ രേഖകളില്ല. പെരുമ്പളത്തുനിന്നും വേമ്പനാട്ടു കായലിലൂടെ ബോട്ടില്‍ 15 മിനിറ്റ് യാത്ര ചെയ്താല്‍ എറണാകുളം ജില്ലയുടെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള പൂത്തോട്ടയിലെത്താം. പെരുമ്പളത്തുകാര്‍ വൈക്കത്തേക്കും എറണാകുളത്തേക്കും യാത്രചെയ്യുന്ന പ്രധാനമാർഗവും ഇതുതന്നെയാണ്. പഴയകാലത്ത് വള്ളമായിരുന്നു ഏക ആശ്രയം.
ദലിതനായ തേവന് വളരെ ചെറുപ്പത്തിലേ അച്ഛനമ്മമാരെ നഷ്ടമായി. പെരുമ്പളം ദ്വീപിലെ കണ്ണേഴത്ത് വീട്ടിൽ അച്ചുക്കുട്ടിയമ്മ തേവനെ വളർത്തി. അനൗപചാരികമായ വിദ്യാഭ്യാസം നേടിയത്, പെരുമ്പളത്തിലെ പ്രമുഖമായ നായർ തറവാട്ടിലെ സഹായത്തോടെയാണ്. വൈക്കം സത്യഗ്രഹത്തിനു മുമ്പേതന്നെ താഴ്ന്ന ജാതിക്കാരെ സംഘടിച്ച് തേവൻ പൂത്തോട്ട ക്ഷേത്രത്തിൽ ബലമായി കയറി ദർശനം നടത്തി. പൂത്തോട്ട കേസ് (പൂത്തോട്ട സംഭവം) എന്നറിയപ്പെടുന്ന ഈ കേസായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ ട്രയൽ റൺ. ഇതിന്റെ പേരിൽ അറസ്റ്റിലായ തേവൻ, ജയിൽമോചിതനായപ്പോൾ വൈക്കം സത്യഗ്രഹപ്പന്തലിലേക്കാണ് പോയത്. തൃപ്പൂണിത്തുറ പുത്തൻകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്താൻ എത്തിയ ശ്രീനാരായണഗുരു തേവനെ വിശേഷിപ്പിച്ചത് ഇത് തേവനല്ല, ദേവൻ ആണെന്നാണ് ഒരു വാദം.
ടി.കെ. മാധവനാണ് തേവനിലെ പോരാളിയെ തിരിച്ചറിഞ്ഞത്. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി പുറപ്പെട്ട ജാഥയിൽ ടി.കെ. മാധവനൊപ്പം കൊടിപിടിച്ച് തേവനുണ്ടായിരുന്നു. വൈക്കത്ത് തീണ്ടൽപ്പലകയുടെ അതിർത്തി ലംഘിച്ച സമരഭടൻമാരായ കുഞ്ഞപ്പിയെയും ബാഹുലേയനെയും ഗോവിന്ദപ്പണിക്കരെയും അറസ്റ്റു ചെയ്തപ്പോൾ മുദ്രാവാക്യം വിളിച്ചു മുന്നിൽനിന്നത് തേവനായിരുന്നു. വൈക്കം സത്യഗ്രഹത്തിനിടയിൽ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് പോയ ടി.കെ. മാധവന് വിവരങ്ങൾ കൈമാറിയത് ആമചാടി തേവനായിരുന്നുവെന്ന് കോട്ടുകോയിക്കൽ വേലായുധന് കൊല്ലത്തുനിന്നു ടി.കെ. മാധവൻ അയച്ച കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (മഹാത്മാഗാന്ധി സർവകലാശാല പ്രസിദ്ധീകരണം).
സത്യഗ്രഹത്തിന് അനുബന്ധമായി ഉണ്ടായ പ്രശ്നങ്ങളുടെ ഭാഗമായി സത്യഗ്രഹത്തിനെതിരെ പ്രവർത്തിച്ച സവർണജാതിക്കാരായ അക്രമികൾ പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ച് കാഴ്ചശക്തി ഇല്ലാതാക്കി. വൈക്കം സത്യഗ്രഹം അവസാനിച്ചതിനുശേഷം മാത്രമായിരുന്നു തേവന് കോടതി ജാമ്യം അനുവദിച്ചത്. ഡൽഹിയില്‍നിന്നും തേവന് കണ്ണിലൊഴിക്കാന്‍ ഹോമിയോ മരുന്ന് അയച്ചുകൊടുത്തിരുന്നു. കാഴ്ചയില്‍ സാമാന്യം മാറ്റങ്ങളുണ്ടായി. ജയിലിൽനിന്നും പുറത്തുവന്നശേഷം ആമചാടി തുരുത്തിലെത്തിയ തേവന് സ്വന്തം കുടിലും സ്ഥലവും നഷ്ടപ്പെട്ടതായി മനസ്സിലായി.
പിന്നീട് ടി.കെ. മാധവന്റെ ഇടപെടലിലൂടെ തേവന്റെ പേരിൽ ഒരേക്കർ സ്ഥലം പതിച്ചുകൊടുത്തു. ആമചാടിയിൽതന്നെയാണ് കണ്ണൻ തേവനെയും അടക്കംചെയ്തതും.
1924 മാര്‍ച്ച് 30ന് ആരംഭിച്ച വൈക്കം സത്യഗ്രഹത്തില്‍ ആദ്യം മുതല്‍തന്നെ തേവന് സജീവമായി പങ്കെടുത്തു. തുരുത്തിൽ ഇപ്പോള്‍ തേവന്റെ വീടും സ്മൃതിമണ്ഡപവും മാത്രം ഏതാണ്ട് അനാഥമായിട്ടുണ്ട്. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് രചിക്കപ്പെട്ട മുഖ്യധാരാ ചരിത്രങ്ങളിൽ തേവന്റെ പങ്കാളിത്തം തമസ്കരിച്ചു. ചരിത്രം ഭ്രഷ്ട് കൽപിെച്ചങ്കിലും ആമചാടി തേവനോട് ജനങ്ങൾക്ക് ആദരവുണ്ട്. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് ഉണ്ണി പൂണിത്തുറ സംവിധാനംചെയ്ത നാടകത്തിൽ തേവനെ വീണ്ടെടുക്കാൻ ശ്രമിച്ചു. പൂത്തോട്ടയിലെ ജനത്തിന് തേവനെക്കുറിച്ച് ധാരാളം കഥകൾ പറയാനുണ്ടെന്ന് ഉണ്ണി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.