കേരളത്തിലെ കീഴാള ജനസമൂഹം അക്ഷരവിദ്യയും പഠനാവകാശവും നേടിയെടുത്തത് നീണ്ട പോരാട്ടത്തിന്റെകൂടി ഫലമായാണ്. നെയ്യാറ്റിൻകര താലൂക്കിൽ നടന്ന 'ഊരൂട്ടമ്പലം ലഹള'യെക്കുറിച്ച് ആർക്കൈവ്സ് രേഖകൾ കണ്ടെത്തിയ ചരിത്രകാരനായ ലേഖകൻ അത് അവതരിപ്പിക്കുന്നു. ഈ രേഖയിലെ തെളിവുകൾ ഇതുവരെ എഴുതപ്പെട്ട ചരിത്രത്തെ പലവിധത്തിൽ തിരുത്തുന്നുണ്ട്.
അടിത്തട്ട് ജനതയെ അടിച്ചമർത്താൻ കേരളത്തിലുണ്ടായ ഒരു ലഹള പരമ്പരയുടെ പേരാണ് 'തൊണ്ണൂറാമാണ്ട് ലഹള' (1914 ആഗസ്റ്റ് മധ്യം തൊട്ട് 1915 ആഗസ്റ്റ് മധ്യം വരെയുള്ള ഘട്ടത്തിന് സമമായ കൊല്ലവർഷമാണ് 1090). തിരുവിതാംകൂർ തലസ്ഥാന നഗരമായ തിരുവനന്തപുരത്തോട് അടുത്തുകിടക്കുന്ന നെയ്യാറ്റിൻകര താലൂക്കിലാണ് പ്രസ്തുത ലഹള തുടങ്ങിയത്. അവിടത്തെ ഊരൂട്ടമ്പലം സർക്കാർ പെൺപള്ളിക്കൂടത്തിൽ ഒരു പുലയ ക്രിസ്ത്യൻ പെൺകുട്ടിയെ ചേർക്കാൻ കൊണ്ടുചെന്നിടത്താണ് ലഹളയുടെ തുടക്കം എന്നാണ് ഔദ്യോഗികരേഖാപരമായി നമുക്കറിയാൻ കഴിയുന്നത്. (Judicial, B.No.156, File No.116/4,p. 26, KSAD). അരനൂറ്റാണ്ടെത്തിയ 1964 മുതൽ, പഞ്ചമി എന്ന പെൺകുട്ടിയെ അയ്യൻകാളി അവിടെ ചേർക്കാൻ കൊണ്ടുചെന്നതാണ് ലഹളക്ക് കാരണമെന്ന കഥ പ്രചരിക്കുന്നതു കാണാതെയല്ല ഇതു സൂചിപ്പിക്കുന്നത്. എങ്കിലും തൽക്കാലം ആ ചർച്ചയിലേക്ക് കടക്കുന്നില്ല. ആ സംഭവത്തിന്റെ പത്രവാർത്തകൾ ഉൾപ്പെടെ (ലഹളക്കാലത്തിന്റെയും അയ്യൻകാളി പ്രസ്ഥാനത്തിന്റെയാകെയും സൂക്ഷ്മ ചരിത്രത്തിലേക്കിറങ്ങിച്ചെല്ലുന്ന) ഒട്ടേറെ പുരാരേഖകൾ പകർത്തിെവച്ച് എഴുതുന്ന ഒരു വലിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഞാൻ. അതുപുറത്തുവരും മുൻപുള്ള ചർച്ച എനിക്ക് സമയനഷ്ടമേ വരുത്തൂ.
ലഹളത്തുടക്കം സൂചിപ്പിക്കുന്ന മേൽകണ്ട രേഖ, (ഒരു മെമ്മോറാണ്ടം) ഇവിടെ മുഴുവനായി പകർത്തുന്നുണ്ട്. പക്ഷേ, അതിന്റെ തൽക്കാല ഉദ്ദേശ്യം മറ്റൊന്നാണ്: 47 കൊല്ലമായി അയ്യൻകാളി ചരിത്രഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും, ഇന്നോളം നമുക്ക് കിട്ടാതെപോയ, ഒരു അധികാരകേന്ദ്രത്തിന്റെ ദുഷ്ചെയ്തികളെപ്പറ്റി സ്വൽപമൊരു സൂചന നൽകാനാണ് ഇവിടെ ശ്രമിക്കുന്നത്; വിശദരേഖാപര്യടനം പുസ്തകത്തിലേക്ക് മാറ്റിവെക്കുന്നു. അവിടെ പകർത്തുകയോ പരാമർശിക്കുകയോ ചെയ്യുന്ന 43 കോടതിവിധികൾ തരുന്ന ചിത്രം ഞെട്ടിക്കുന്നതാണ്.
മർദനവും കൊള്ളയും തീവെപ്പും ബലാൽസംഗവുമേറ്റ ദലിതസമൂഹം, പ്രാണരക്ഷാർഥം കാടുകയറുകയാണ് നെയ്യാറ്റിൻകര താലൂക്കിലും സമീപങ്ങളിലും. ദിവാൻ പി. രാജഗോപാലാചാരിക്കു പിന്നാലെ ഭരണമേറ്റ പുതിയ ദിവാനായ എം. കൃഷ്ണൻനായരുടെകാലം മേൽജാതി (ദലിതർക്കും മുകളിലുള്ളവർ) ക്രിമിനലുകൾക്ക് ഉത്സവലഹരിയാണ് നൽകിയത്. അതിന്റെ വിശദാംശങ്ങളുണ്ട് ഇവിടെ പകർത്തുന്ന മെമ്മോറാണ്ടത്തിൽ.
ഊരൂട്ടമ്പലത്തെ ലഹളയാണ് മറ്റിടങ്ങളിലേക്ക് പടർന്നതെന്നും, മേൽജാതിക്കാർക്ക് ദലിതരോടുള്ള വിദ്വേഷമാണ് മറ്റു ലഹളകളുടെ മൂലമെന്നും, നേമം സ്റ്റേഷനിലെ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വി.ടി. ചാക്കോ ഓരോ ചാർജ്ഷീറ്റിലും ആവർത്തിക്കുന്നത്, നീതിപീഠങ്ങളെ ഭരിക്കുന്ന സവർണരെ ക്ഷോഭിപ്പിച്ചുകൊണ്ടിരുന്നു. ഒരു 'തിയറി'യാണ് ഇൻസ്പെക്ടറുടേതെന്ന് ന്യായാധിപർ ഓരോ വിധിയിലും പരിഹസിച്ചുകൊണ്ടിരുന്നു(Judicial, B.No.156, File No. 116/5, Kerala State Archives Directorate). ക്ഷമകെട്ട ഒരു ന്യായാധിപൻ, ഇയാളെ ശിക്ഷിക്കൂ സർക്കാരേ എന്നുവരെ എഴുതി ഒരു വിധിയിൽ! അത് ഫലിച്ചു പിന്നീട്. ഇൻസ്പെക്ടറെ മഹാരാജാവ് ശിക്ഷിച്ചു തരം താഴ്ത്തി (മേൽ ഫയൽ, പേ. 372-81).
ന്യായാധിപർക്ക് ഇൻസ്പെക്ടറെ ശകാരിക്കാൻ വേണ്ടുവോളം പഴുതുകളുണ്ടായിരുന്നു കേസ് ഡയറിയിലും ചാർജ്ഷീറ്റുകളിലും. സവർണ പൊലീസ് ഉദ്യോഗസ്ഥർ അതിന് കരുക്കളായെന്ന് തെളിയുന്ന സന്ദർഭങ്ങൾ ധാരാളം. ബ്രിട്ടീഷുകാരുടെ ആധുനിക നീതിന്യായ സംവിധാനത്തെത്തന്നെ, വംശച്ചൊരുക്കുള്ള നടത്തിപ്പുകാർ എങ്ങനെ തോൽപിച്ചുകളഞ്ഞുവെന്ന് ഇവിടെ കാണാം; അതും, ഹൈകോടതിയിൽ ഒരു യൂറോപ്യൻ ജഡ്ജി ഇരിക്കെത്തന്നെ! കേസ് അന്വേഷണത്തിന്റെയും ചാർജ്ഷീറ്റ് തയാറാക്കുന്നതിന്റെയും എല്ലാ ഘട്ടങ്ങളിലും കാണുന്ന പരിഹാസ്യമായ പിഴവുകൾക്കു പിന്നിൽ ആരെന്ന്, ആ കാലഘട്ടത്തെയറിയുന്നവർക്ക് സംശയമുണ്ടാകില്ല. ഒടുവിൽ ഇൻസ്പെക്ടർ സർക്കാറിനു നൽകിയ വിശദീകരണത്തിൽ അതു വ്യക്തം (മുൻ ഫയൽ, പേ. 373). ഒരു സാധുജന വിമോചന പ്രസ്ഥാനത്തിന്റെ നേരിനൊപ്പംനിന്ന്, അജ്ഞാത രക്തസാക്ഷിയായി ചരിത്രത്തിൽ വിലയം പ്രാപിച്ച ആ പൊലീസ് ഉദ്യോഗസ്ഥന്റെ പിൽക്കാലം കണ്ടെത്തുക എന്ന ദൗത്യം ഏറ്റെടുക്കാൻ കഴിയില്ലേ ഗവേഷകർക്ക്? നാൾക്കു നാൾ ഏറെയേെറ ജനപിന്തുണ നേടി അയ്യൻകാളി പ്രസ്ഥാനം നാടിന്റെ ആദരപാത്രമാവുമ്പോഴും നീതിപീഠങ്ങൾക്കു മുന്നിൽ ആ ജനമുന്നേറ്റം തോൽപിക്കപ്പെടുകയായിരുന്നു എന്ന ചരിത്രസത്യമാണ് ഇപ്പോൾ വെളിവാകുന്നത്. കോടതികളിൽ എത്തിച്ച ആകെ 43 ലഹളക്കേസുകളിൽ 25ഉം തള്ളുകയായിരുന്നു; അതെ, നിയമപരമായിത്തന്നെ!
ആദ്യമേ സൂചിപ്പിച്ച ആർക്കൈവ്സ് രേഖയിലെ മൊമ്മോറാണ്ടമാണ് താഴെ ചേർക്കുന്നത്. നൂറ്റാണ്ടു മുമ്പത്തെ തിരുവിതാംകൂറിൽ ദലിത് വിപ്ലവകാരികൾ നേരിട്ട ഭീകരാവസ്ഥ കാണുക:
''തിരുവനന്തപുരം ഹജൂർ കച്ചേരി സമക്ഷപം മുമ്പാകെ പെരുംകടവിള അധികാരത്തിൽ മാരായമുട്ടം ദേശത്തു പുലിക്കോട്ടുകോണം ഒറ്റപ്പ (ന) വിളപുരയിടത്തിൽ വേദക്കൺ ജോസ(ഫ്).
''മഹാരാജാ മാന്യരാജശ്രീ തിരുവിതാംകൂർ ദിവാൻജി അവർകൾ സമക്ഷപത്തിലേക്ക് നെയ്യാറ്റിൻകര താലൂക്കിൽ ചേർന്ന നെയ്യാറ്റിൻകര, കൊല്ല (,) പെരുങ്കടവിള മുതലായ പകുതികളിൽ കുടിപാർപ്പുകാരായ താഴെ പേരെഴുതി കൈയൊപ്പിട്ടിരിക്കുന്ന ആളുകൾ ബോധിപ്പിക്കുന്ന ഹർജി.
''ഞങ്ങൾ ജാതിയിൽ പുലയന്മാരും ക്രിസ്തുമാർഗമനുസരിച്ച് നടന്നുവരുന്നവരുമാകുന്നു. ഏറിയ കാലംകൊണ്ട് വളരെ അപരിഷ്കൃത സ്ഥിതിയിലിരുന്ന ഞങ്ങളുടെ സമൂഹക്കാരും ഇപ്പോൾ എല്ലാ വിഷയത്തിലും സ്വൽപം യോഗ്യതയും വിദ്യാഭ്യാസ വിഷയത്തിൽ നാൾക്കുനാൾ വർധനയും പ്രാപിച്ചുവരുന്നതുകൊണ്ടും (,) ഈ സംസ്ഥാനത്തിലുള്ള മറ്റെല്ലാ ഉന്നത ജാതിക്കാർക്കും (,) വിശേഷിച്ചും ഈ താലൂക്കിലുള്ള മിക്ക ആളുകൾക്കും ഞങ്ങളോട് വളരെ സ്പർധയും വിരോധവും ഉള്ളതും (,) അതിനനുസരണമായി ഓരോ അവസരങ്ങളിലും ഓരോന്നു പ്രവർത്തിച്ചുവന്നിരുന്നതും ഇപ്പോൾ പ്രവർത്തിച്ചുവരുന്നതുമാകുന്നു.
''ഇതിന് ദൃഷ്ടാന്തമായി ഞങ്ങളുടെ ജാതിക്കാരുടെ കുട്ടികൾക്കും ഗവൺമെന്റ് സ്കൂളിൽ ആദ്യമായി പ്രവേശനം കൊടുക്കുകയും (,) മറ്റു ജാതിക്കാരോട് ഒന്നിച്ചു വിദ്യാഭ്യാസം ചെയ്യുന്നതിന് സ്വതന്ത്രമായി അനുവദിക്കയും ചെയ്തിട്ടുള്ള അവസരങ്ങളിലും അനേകം തർക്കങ്ങളും തടസ്ഥങ്ങളും പുറപ്പെടുവിച്ചിട്ടും (,) ഗവൺമെന്റിൽനിന്നും ന്യായമായി അനുവാദം നൽകുകയും അപ്രകാരം നാളതുവരെ സ്വാതന്ത്ര്യമായി നടന്നുവരുകയും ചെയ്യുന്നുണ്ട്.
''അങ്ങിനെ ഇരിക്കുന്ന മധ്യെ ഈയിട ഒരു കുട്ടിയെ ഞങ്ങളുടെ ഒരു കുട്ടിയെ ഞങ്ങളുടെ ജാതിക്കാരിൽ ഒരുവൻ ഊരൂട്ടമ്പലത്തിലുള്ള ഗവൺമെന്റ് സ്കൂളിൽ ചേർക്കുന്നതിനായി കൊണ്ടുപോകയും (,) അതിനെപ്പറ്റി ഈ സ്ഥലത്തുള്ള ചില മാന്യന്മാർ തടസ്ഥം പുറപ്പെടുവിക്കയും അതിനെ സംബന്ധിച്ച് ചില വാഗ്വാദങ്ങളും മത്സരങ്ങളും നടന്നതായും ഞങ്ങൾ അറിയുന്നു.
''ഈ ഏകകാരണത്തിനെ മാത്രം ഇപ്പോൾ അടിസ്ഥാനമാക്കിയുംകൊണ്ട് ഈ ജാതിക്കാരുടെ ഉന്മൂലനാശം വരുത്തണമെന്ന് കരുതിയും, ഈ താലൂക്കിലെ ചില മാന്യന്മാരും ഗൃഹസ്ഥന്മാരുമായ മലയാളികളുടെ പേരുകളെ പറഞ്ഞുംകൊണ്ട് (,) ഈ താലൂക്കിൽ ഓരോ സ്ഥലത്തും ഉള്ള ചില ചട്ടമ്പിമാരായ മലയാളി യുവാക്കന്മാരുടെ ആലോചനയോടുകൂടിയും ന്യായരഹിതമായ സംഘം ചേർന്നും (,) മറ്റു ജാതിയിലുള്ള ആളുകളെയും അവരുടെ സംഘത്തിൽ അംഗങ്ങളായി ചേർത്തുംകൊണ്ട് ഈയിട ചില ദിവസങ്ങളിൽ ഈ താലൂക്കിലെ നാനാഭാഗത്തും അധിവസിക്കുന്ന അഗതികളായ പുലയന്മാരോടു മാത്രം അകാരണേന ഓരോ അക്രമങ്ങൾ പ്രവർത്തിച്ചുവരുന്നു.
''എന്നുമാത്രമല്ല, ഈയിട മുൻ പ്രസ്താവിച്ച മലയാളി യുവാക്കന്മാരും അവരുടെ ഉത്സാഹത്തിൻപേരിലും ആജ്ഞാനുസരണവും സൗകര്യംപോലെ ഓരോ സ്ഥലങ്ങളിൽനിന്നും ന്യായരഹിതമായ സംഘം ചേർത്തുംകൊണ്ട്, തടി, വടി, കത്തി മുതലായ മരണകരമായ ആയുധപാണികളായി ഊരൂട്ടമ്പലം, എരിത്താവൂർ, തലയൽ, മറുകിൽ, കാട്ടാക്കട, കരിങ്ങൽ, മങ്ങലക്കൽ, പെരുങ്കടവിള, കുളത്താമൽ, മരതത്തൂർ, കൂട്ടലിക്കോണം, വെമ്പകൽ (,) അമരവിള, മാരായമുട്ടം, വടകര, കോരണംകോട്, കോട്ടക്കൽ, കളിയിക്കവിള, പനിച്ചമൂടു (,) കുന്നത്തുകാൽ (,) പാറശ്ശാല, പരിശുവയ്ക്കൽ മുതലായ അനേകം സ്ഥലങ്ങളിൽ ഉള്ള സാധുക്കളായ പുലയന്മാരെ അടിക്കയും (,) സമാധാനവിരോധമായ കലശലിനും (ശലും) ലഹളയും നടത്തുകയും (,) അനേകം പേരെ അടിച്ചു ദേഹോപദ്രവവും ഏൽപിക്കയും (,) മിക്ക ആളുകൾക്കും അംഗഭംഗം വരുത്തുകയും, കഠിനമായ മുറിവുകൾ ഏൾക്കു(കയും ചെയ്യു)ന്നതിനു സംഗതിയാക(ക്ക)യും (,) സാധുക്കളായ സ്ത്രീജനങ്ങളെ അനേകം പേരെ അവമാനിക്കയും, ആടു കോഴി മുതലായവകളെ ബലമായി പിടിച്ചും കൊണ്ടുപേ(ാ)കയും നിർബന്ധമായ മുതൽ അടക്കുകയും ചെയ്തിരുന്നു.
''രാത്രികാലങ്ങളിൽ അസമയത്ത് മു(ൻ) പ്രസ്താവിച്ച സംഘക്കാരും (,) പുത്തൻ (നായർ?) പട്ടാളത്തിൽ ജോലിയിൽനിന്നും നീക്കീട്ടുള്ള ചില ആളുകളുംകൂടി ന്യായരഹിതമായ സംഘം (unlawful assembly) ചേർന്നും (,) മരണകരമായ ആയുധങ്ങളെ ധരിച്ചും (,) മദ്യപാനം ചെയ്ത് സുബോധംകൂടാതെ മനഃപൂർവം (,) സമാധാന വിരോധമായ കലശലിനും ലഹളക്കും അസേഹ്യാപദ്രവത്തിനും തയാറായി (,) വേണ്ടതുപോലെ ധൈര്യമായി ദേശാന്തരംതോറും സഞ്ചരിച്ച് അക്രമങ്ങൾ നടത്തിവരുന്നു. തന്നിമിത്തം (,) കാട്ടുമ്പുറത്തുള്ള മിക്ക കുടികളും അവരുടെ സർവസ്വവും ഉപേക്ഷിച്ചുംവച്ചു പ്രാണരക്ഷാർഥം ഓടിഗ്ഗമിക്കയും, അപ്രകാരം ചെയ്തിട്ടുള്ളവരുടെ കുടികളെ മുൻ പ്രസ്താവിച്ചവർ പൊളിച്ച് അടുക്കുകയും (,) സൗകര്യം കിട്ടിയിടത്തോളം തീവെച്ചുനശിപ്പിക്കയും ചെയ്തതായി അറിവുകിട്ടിയിരിക്കുന്നു. ഈ കൂട്ടുകാർ ദിവസേന ഓരോ സ്ഥലങ്ങളിൽ അവരുടെ ഉദ്ദേശ്യംപോലെ അക്രമങ്ങൾ നടത്തിവരുന്നതും (രുകയും,) അനേകം സാധുക്കളെ ബലമായി ദേഹോപദ്രവം ഏൾപിക്കയും (,) അവരുടെ ജംഗമസ്വത്തുക്കളെ ബലാൽക്കാരമായി അപഹരണം ചെയ്തുംകൊണ്ടു പോകയും ചെയ്തു. ഭവനഭേദനം, ചേക്കും ക...ക(?) വച്ചു അപഹിതമായ മുതലുകളെ ഭയപ്പെടുത്തി അപഹരണം ഇത്യാദി അതിക്രമങ്ങൾ നിത്യവും നടത്തിവരുന്നു.
''ഈ സംഗതികളെപ്പറ്റി അപ്പോഴപ്പോൾ അധികാരമുള്ള സ്ഥലങ്ങളിൽ അന്യായംകൊടുത്തു തെളിവിൽ സ്ഥാപിക്കുന്നതിനു പേർ വിവരവും മറ്റും അറിയാൻ പാടില്ലാത്തതുകൊണ്ടും (,) അവരോടെതൃത്തു നിൾക്കുന്നതിന് ശക്തിയില്ലാത്തതിനാലും (,) ശേഷിക്കുറവും ദ്രവ്യവ്യയം ചെയ്യുന്നതിന് അശക്തരായതുകൊണ്ടും അടങ്ങി താമസിക്കുന്തോറും അവരുടെ അക്രമങ്ങളും അടികലശലുകളും ലഹളയും അസഹ്യോപദ്രവങ്ങളും ക്രമേണ വർധിച്ചുവരുന്നു.
''ഈ വിധം ഒരു കൂട്ടക്കാർ ഈയിടെ തുടരെ നടത്തിവരുന്ന അക്രമങ്ങളെപ്പറ്റി നാട്ടുമ്പുറത്തുള്ള വിക്രമന്മാരായ പ്രധാനികളാകട്ടെ (,) സ്ഥലത്തിലെ അധികാരമുള്ള ഉദ്യോഗസ്ഥന്മാരാകട്ടെ (,) ഏതെങ്കിലും സമാധാന സംരക്ഷണത്തിനായി വല്ലതും പ്രവർത്തിക്കയോ പ്രവർത്തിക്കാൻ ശ്രമിക്കയോ (,) ചെയ്യ്യാത്തതിനെപ്പറ്റിയും നല്ലവണ്ണം പര്യാലോചിക്കുമ്പോൾ (,) ഈ സംഘക്കാരെ സമുലോച്ഛേദനം ചെയ്യുന്നതിന് അധികാരമുള്ളവരും മൗനാനുവാദം നൾകിയിട്ടുണ്ടോ എന്നു സംശയിക്കാൻ ന്യായമുള്ളതാകുന്നു.
''ഠൌണിനു എത്രയും സമീപം എന്നുമാത്രമല്ല തലസ്ഥാനത്തിന്റെയും വളരെ അടുത്തു താമസിക്കുന്ന ഞങ്ങളുടെ കഷ്ടാവസ്ഥയും സങ്കടവും ഈവിധമിരിക്കുമ്പോൾ (,) പല ഭാഗത്തും കാട്ടുമൂലയിലുമുള്ള ഈ കൂട്ടക്കാരുടെ അവസ്ഥ എത്രയും ശോചനീയം എന്നു പറയേണമെന്നില്ല.
''സാധുക്കളായ ഞങ്ങൾക്ക് കടക(േ)മ്പാളങ്ങളിൽപോലും പോകുന്നതിനും വല്ല സാമാനങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനും, എന്നുമാത്രമല്ല കുടികളിൽ തന്നെ സമാധാനമായി അടച്ചുകൊണ്ടു കിടക്കുന്നതിനുപോലും സംഗതിയില്ലാതെയും (,) മിക്ക ആളുകളും മേൽപറഞ്ഞ സംഘക്കാരെ ഭയന്ന് പട്ടിണികിടന്ന് മൃതപ്രായക്കാരായിരിക്കുന്നതും (,) ഈ ജാതിക്കാരിൽ ആരെ(യെ)ങ്കിലും എവിടെെവച്ചു കണ്ടാലും ഉടനെ വിരട്ടി അടിക്കുന്നതിനും ഈ പരിഷ്കാര കാലത്ത് സംഗതിവന്നത് എത്രയും സങ്കടമാണെന്ന് ബോധിപ്പിച്ചുകൊള്ളുന്നു.
''ഓരോരോ സ്ഥലങ്ങളിലും അേപ്പ(ാഴ)പ്പോൾ സംഭവിക്കുന്ന അക്രമങ്ങളെ അമർച്ചവരുത്തുന്നതിനുവേണ്ടി ഓരോ സ്ഥലങ്ങളിലും പൊലീസ് സ്റ്റേഷനും (,) പടിപ്പടിയായി അധികാരമുള്ള ഉദ്യോഗസ്ഥന്മാരും(രെ) കച്ചേരിസ്ഥലങ്ങളിലും ഇരുത്തി(യി)ട്ടും ഈവിധമുള്ള അക്രമങ്ങൾ ഈ പരിഷ്കാര കാലത്തുകൂടിയും പ്രവർത്തിച്ചുവരുന്നതിനെപ്പറ്റി (,) ആയതിന്റെ പ്രാരംഭകാലമായ അവസരത്തിൽതന്നെ തക്കതായ ഒരു പരിഹാരം വരുത്തണമെന്നുദ്ദേശിച്ചും ഞങ്ങളുടെ പരമസങ്കടങ്ങളെയും കഷ്ടനഷ്ടങ്ങളെയും ദിവാൻജി അവർകളുടെ അടുക്കൽ ബോധിപ്പിച്ചിരിക്കുന്നു.
''പിടിച്ചുപറിക്കുന്നതിനും അടിക്കുന്നതിനുമുള്ള ഒരു തക്ക അവസരമെന്നു വിചാരിച്ച് വെറുതെയുള്ള ആളുകളും ഈ അവസരത്തിനെ നല്ലപോലെ ഉപയോഗപ്പെടുത്തിവരുന്നൂ.
''അതിനാൽ ഈ സംസ്ഥാനത്തുള്ള അഗതികളായ സകല ആളുകളുടേയും ദേഹ-പ്രാണരക്ഷ ചെയ്തുകൊടുക്കുന്നതിന് മേലാവായും(,) ജാതിഭേദം മതഭേദം ഒന്നും കൂടാതെ നിർദാക്ഷിണ്യനായും ഇരിക്കുന്ന ദിവാൻജി അവർകളുടെ കൃപാകട(ാ)ക്ഷം, ഈ കാട്ടുജാതിക്കാരായ ഞങ്ങളിലുമുണ്ടായി ഞങ്ങളുടെ സംഗതികളെപ്പറ്റി ചട്ടാനുസരണമായും, ന്യായാനുസരണമായും വേണ്ട അന്വേഷണവിചാരണകൾ നടത്തിയും, നടത്തിച്ചും സത്യ... ഞങ്ങളുടെ നേർക്ക് മുൻ പ്രസ്താവിച്ച സംഘക്കാരും കൂട്ടുകാരും പ്രവർത്തിച്ചു... മേലിൽ പ്രവർത്തിക്കാൻ ഉദ്യേശിച്ചിരിക്കുന്നതുമായ അക്രമപ്രവൃത്തികളെ തൽക്ഷണം വിരോധിക്കാത്തപക്ഷം ഈ മാർഗത്തിൽ അനേകം ആബാലവൃദ്ധം സ്ത്രീപുരുഷന്മാർ വളരെ സങ്കടങ്ങളും കഷ്ടനഷ്ടങ്ങളും അനുഭവിക്കുന്നതിനും (,) അഥവാ അപജയങ്ങൾ സംഭവിക്കുന്നതിനും ഇടയുള്ളതും തന്നിമിത്തം ഗവൺമെന്റിനും വളരെ ബുദ്ധിമുട്ടുകൾക്കിടയുള്ളതുമാകുന്നു.
ഊരൂട്ടമ്പലം ലഹളയെപറ്റി ആർക്കൈവ്സിൽനിന്ന് കണ്ടെടുത്ത രേഖ
''ഈ ഹർജി മുഖദാവിൽ ഹാജരായി ബോധിപ്പിക്കാമെന്ന് വിചാരിച്ചതിൽ സ്ഥലംവരെവരുന്ന മാർഗമധ്യെവെച്ച് മുൻ പ്രസ്താവിച്ച സംഘക്കാർ വല്ല ലഹളയോ അക്രമങ്ങളോ പ്രവർത്തിക്കയോ സൗകര്യം കിട്ടുന്ന പക്ഷം അടിച്ചപായപ്പെടുത്തിക്കളകയോ ചെയ്യുമെന്ന് വളരെ ഭയപ്പെടുന്നു. അതിനാൽ സമക്ഷത്തിലെ കൃപാകടാക്ഷമുണ്ടായി ഇതിന്നൊരു ന്യായമായ തീരുമാനം ദ്രുതഗതിയിൽ വരുത്തിത്തന്ന് അടിയങ്ങളുടെ സങ്കടം തീർത്തുരക്ഷിക്കേണമെന്നപേക്ഷിച്ചുകൊള്ളുന്നു-
1090-ാമാണ്ട്
വൃശ്ചികമാസം 17-ാം ന് (2.12.1914).
കൈ(ാ)െയ്യ്യാപ്പുകൾ
1. പാറശ്ശാല അധികാരത്തിൽ പരിശുവയ്കൽ ദേശത്ത് തോട്ടുവത്തിൽ വേദമാണിക്കം ദാവീദ്.
2. യോ. പേതിരു.
3. വേദമാണിക്കം പേതുരു.
4. പേ.യോവേൽ.
5. പ. ശാമുവെൽ.
6. മ. യാക്കോബ്.
7. വി. കാലേപ്പ്.
8. കാ. ദാവീദ്.
9. എസ്. ഗബ്രിയൽ.
10. ശാ. യോവാൻ.
11. ശാ. ഈശാക്ക്.
12. എസ്. ശാലമൻ.
13. പി. ജ്ഞാനാഭരണം.
14. കെ. പിച്ചൻ.
15. ആ. തോമാസ്.
16. ശ. പേതുരു.
17. ഐ. കാലോപ്പ്.
18. ഐ. ചടയൻ.
19. എ. മാർക്കോസ്.
20. വേ. വേദക്കൺ.
21. കാ. യാക്കോബ്.
22. താ. േയാവാൽ.
23. വി. മാസില്ലാമണി.
24. യോ. ശാദ്രാക്ക്.
25. അ. ഈശാക്ക്.
26. മ. അരുളൻ.
27. ഈ ദാവീദ്.
(അപൂർണം?).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.