പിന്നാക്കജാതി സംവരണം നമ്മുടെ രാജ്യത്ത് ഇന്ന് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാൽ, പിന്നാക്ക വിഭാഗങ്ങൾ ഏതൊക്കെയാണെന്നതിനെ സംബന്ധിച്ചും അതിന്റെ ആധികാരികമായ കണക്കുകളെ സംബന്ധിച്ചും ഇപ്പോഴും അവ്യക്ത ചിത്രമാണ് ഈ രാജ്യത്തുള്ളത്. മണ്ഡൽ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീംകോടതിയുടെ ഇന്ദ്രാ സാഹ്നി കേസ് വിധിയിൽ രാജ്യത്ത് പിന്നാക്കക്കാർക്ക് 27 ശതമാനം സംവരണം സർക്കാർ ജോലികളിലും കോളജ് അഡ്മിഷനുകളിലും മറ്റും അനുവദിച്ചിട്ടുണ്ട്. എന്നാൽ, പിന്നാക്ക സമുദായങ്ങളെ കുറിച്ച ആധികാരികവും വിശ്വസനീയവുമായ ഒരു രേഖയും ഈ രാജ്യത്ത് ഇല്ല എന്നുള്ളതാണ് യാഥാർഥ്യം. ഭൂരിപക്ഷ മതമായ...
പിന്നാക്കജാതി സംവരണം നമ്മുടെ രാജ്യത്ത് ഇന്ന് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാൽ, പിന്നാക്ക വിഭാഗങ്ങൾ ഏതൊക്കെയാണെന്നതിനെ സംബന്ധിച്ചും അതിന്റെ ആധികാരികമായ കണക്കുകളെ സംബന്ധിച്ചും ഇപ്പോഴും അവ്യക്ത ചിത്രമാണ് ഈ രാജ്യത്തുള്ളത്. മണ്ഡൽ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീംകോടതിയുടെ ഇന്ദ്രാ സാഹ്നി കേസ് വിധിയിൽ രാജ്യത്ത് പിന്നാക്കക്കാർക്ക് 27 ശതമാനം സംവരണം സർക്കാർ ജോലികളിലും കോളജ് അഡ്മിഷനുകളിലും മറ്റും അനുവദിച്ചിട്ടുണ്ട്. എന്നാൽ, പിന്നാക്ക സമുദായങ്ങളെ കുറിച്ച ആധികാരികവും വിശ്വസനീയവുമായ ഒരു രേഖയും ഈ രാജ്യത്ത് ഇല്ല എന്നുള്ളതാണ് യാഥാർഥ്യം.
ഭൂരിപക്ഷ മതമായ ഹിന്ദുമതത്തിലെതന്നെ 75 ശതമാനത്തോളം പേർ പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗത്തിൽ ഉള്ളവരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരെ കൂടി കൂട്ടിയാൽ മൊത്തം ജനസംഖ്യയിൽ ഇത് 80 ശതമാനത്തോ
ളം വരുമെന്നാണ് കണക്ക്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന ഈ വിഭാഗത്തിന്റെ മൗലികാവകാശമാണ് ജാതി സെൻസസിന്റെ അഭാവം മൂലം ഇന്ത്യയിൽ നിഷേധിക്കപ്പെടുന്നത്. ഏതൊരു ആസൂത്രണത്തിന്റെയും അടിസ്ഥാനം ആധികാരികമായ കണക്കുകളും വിവരങ്ങളുമാണ്. എന്നാൽ, ആധികാരികമായ ഒരു കണക്കിന്റെയും പിൻബലമില്ലാതെയാണ് ഇവിടെ പിന്നാക്ക സംവരണം നടപ്പാക്കുന്നത്.
ജാതി സംവരണത്തിനും ജാതി സെൻസസിനും ഇന്ത്യയിൽ വലിയപഴക്കമുണ്ട്. 1891ൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ സെൻസസ് ആരംഭിച്ചപ്പോഴേ അതിൽ ജാതി കോളം ഉണ്ടായിരുന്നു. 1931 വരെ അത് തുടരുകയും ചെയ്തിരുന്നു. 1953ൽ രാജ്യത്ത് ആദ്യമായി പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാനായി കാക്ക കലേക്കർ കമീഷന്റെ പ്രധാന നിർദേശങ്ങളിലൊന്ന് 1961ലെ സെൻസസിൽ ജാതിക്കണക്ക് എടുക്കണം എന്നായിരുന്നു. എന്നാൽ, അത് നടന്നില്ല. അന്നത്തെ കേന്ദ്ര സർക്കാർ ഒരു താൽപര്യവും ഇക്കാര്യത്തിൽ കാണിച്ചില്ല.
ഇന്ത്യൻ സമൂഹത്തിലെ ജാതികളും അതിന്റെ പേരിലുള്ള അനീതികളും അടിച്ചമർത്തലുകളും വിശദമായി പഠനവിഷയമാക്കേണ്ട ഒന്നാണ്. ഏതൊക്കെയാണ് ജാതികൾ, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക-തൊഴിൽ-വിദ്യാഭ്യാസ അവസ്ഥകൾ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകൾ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏത് നിലക്കാണ് നടക്കുന്നത്, ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്ക് സൂക്ഷ്മമായ ഉത്തരം നൽകാൻ ജാതി സെൻസസിന് സാധിക്കും. 2011ൽ മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത് സോഷ്യോ ഇക്കണോമിക്സ് ആൻഡ് കാസ്റ്റ് സെൻസസ് (എസ്.ഇ.സി.സി) എന്ന പേരിൽ ഒരു സെൻസസ് നടത്തിയെങ്കിലും അതിന്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2001ൽ വാജ്പേയി സർക്കാർ ജാതി സെൻസസ് എടുക്കുമെന്ന് പാർലമെന്റിൽ ഉറപ്പുനൽകിയെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. 2011ൽ മൻമോഹൻ സിങ് സർക്കാർ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസ് എടുത്തെങ്കിലും അത് ഇതുവരെ പ്രസിദ്ധപ്പെടുത്താൻ ഒരു സർക്കാറും തയാറായിട്ടില്ല. പിന്നാക്കക്കാരുടെ കണക്ക് പുറത്തുവരുന്നതിനെ ബി.ജെ.പി ആയാലും മറ്റു പാർട്ടികളായാലും ഭയപ്പെടുന്ന സ്ഥിതിയാണുള്ളത്.
2021ലെ സെൻസസിൽ നിർബന്ധമായി ജാതി കോളം കൂടി ഉൾക്കൊള്ളിക്കുമെന്ന് കേന്ദ്രസർക്കാർ പലപ്രാവശ്യം ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ, ഈ ഉറപ്പുകളെല്ലാം ലംഘിച്ചാണ് ഈ സെൻസസ് നടത്തിയിരിക്കുന്നത്. ജനസംഖ്യ കണക്കെടുപ്പിനോടൊപ്പം പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ ഒഴികെയുള്ളവരുടെ വിവരങ്ങൾ നയപരമായ കാരണങ്ങളാൽ ശേഖരിക്കാൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസിൽ തെറ്റുള്ളതിനാൽ ജോലി, വിദ്യാഭ്യാസം, തെരഞ്ഞെടുപ്പ് സംവരണം എന്നിവക്ക് ആശ്രയിക്കാനാവില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. 2011ലെ സെൻസസ് ജനങ്ങളിൽനിന്ന് ബോധപൂർവം മറച്ചാണ് കേന്ദ്രം ഈ തെറ്റായ പ്രസ്താവന നടത്തിയിട്ടുള്ളത്.
കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിലുള്ള ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിടാൻ സർക്കാറിന് ഒട്ടും താൽപര്യമില്ല. ഈ സെൻസസ് വിവരങ്ങൾ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ നൽകിയ ഹരജിയിലാണ് കേന്ദ്രസർക്കാർ ഈ നിലപാട് അറിയിച്ചത്. 2021ലെ സെൻസസിനോടൊപ്പം പിന്നാക്ക വിഭാഗങ്ങളിലടക്കം എല്ലാ ജാതികളുടെയും കണക്കെടുക്കുന്നത് അതിസങ്കീർണമായ നടപടിയാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ഒ.ബി.സി വിഭാഗങ്ങളുടെ കണക്കെടുപ്പിന് സുപ്രീംകോടതി ആവശ്യപ്പെട്ടാൽ വലിയ ആശയക്കുഴപ്പം ഉണ്ടാകുമെന്ന് കേന്ദ്രം വിശദീകരിച്ചിരുന്നു. രാജ്യത്ത് ജാതി ഒരു യാഥാർഥ്യമാണ്. ജാതികൂടി അടങ്ങുന്നതാണ് സെൻസസ് എന്ന വസ്തുത സർക്കാർ ബോധപൂർവം ഇവിടെ വിസ്മരിക്കുകയാണ്.
2011ലെ സെൻസസിലെ ജാതി സംബന്ധിച്ച കണക്കുകൾ വിശ്വാസയോഗ്യമല്ലെന്നും ജനസംഖ്യ സംബന്ധിച്ച കണക്കുകളെ തകിടംമറിക്കുന്നത് സെൻസസിന്റെ വിശ്വാസ്യത തകർക്കുന്നതാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു. 2011ലെ കണക്കുകൾ നിറയെ അബദ്ധമായതിനാൽ അത് ഉപയോഗിക്കാതെ രജിസ്ട്രാർ ജനറലിന്റെ ഓഫിസിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
2013ലെയും മറ്റും ജാതിസെൻസസുകളിൽ ഒരു കൃത്യതയും ഇല്ലെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ ശക്തമായ വാദം. ഈ കണക്കുകളൊന്നും വിശ്വസനീയമല്ല. പിന്നാക്ക ജാതികളുടെയും ഉപജാതികളുടെയും എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റുകളും കൃത്യമല്ലാത്ത കണക്കുകളും സങ്കീർണമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് 2011ലെ ജാതി സെൻസസ് വിവരങ്ങൾ സംസ്ഥാന സർക്കാറുകൾക്ക് നൽകുകയോ പരസ്യപ്പെടുത്തുകയോ കേന്ദ്രസർക്കാർ ചെയ്യാതിരുന്നത്.
ഹൈകോടതി വിധിയുടെയും സുപ്രീംകോടതി വിധിയുടെയും മറ്റും അടിസ്ഥാനത്തിൽ ജാതിസംവരണം സംബന്ധിച്ച കേന്ദ്രനിലപാടിൽ മാറ്റംവന്നിരിക്കുകയാണ്. ജാതി സെൻസസ് സംസ്ഥാനങ്ങൾക്കുതന്നെ നടത്താമെന്നു കാണിച്ച് കേന്ദ്രസർക്കാർ ഇപ്പോൾ സംസ്ഥാന ഗവൺമെന്റുകൾക്ക് കത്തയച്ചിരിക്കുകയാണ്. എന്തായാലും സ്വാഗതാർഹമായ ഒരു സമീപനമാണിത് എന്നുള്ളതിൽ തർക്കമില്ല.
സംവരണ പട്ടികയുമായി ബന്ധപ്പെട്ട് കേരളത്തിൽ ജാതി സെൻസസ് നടത്തേണ്ടത് സംസ്ഥാന സർക്കാറിന്റെ ബാധ്യതയാണെന്ന് കേന്ദ്രം ഒടുവിൽ വ്യക്തമാക്കിയിരിക്കുകയാണ്. യു.പി.എ സർക്കാറിന്റെ കാലത്ത് 2011ൽ നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സെൻസസിന്റെ (എസ്.ഇ.സി.സി) വിശദാംശങ്ങൾ സംസ്ഥാനത്തിന് നൽകാനാകില്ലെന്നും സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനെ കേന്ദ്രം രേഖാമൂലം അറിയിച്ചു.
കമീഷൻ നിയമമനുസരിച്ച് ഇതര പിന്നാക്ക വിഭാഗം (ഒ.ബി.സി) പട്ടിക പരിഷ്കരിക്കേണ്ടത് സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്തമാണ്. 2011ലെ എസ്.ഇ.സി.സി സെൻസസിന്റെ വിവരങ്ങൾ കേന്ദ്രത്തിൽനിന്ന് ലഭിക്കാത്തതുമൂലം ഇതിന് കഴിയുന്നില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ ന്യായീകരണം. മുസ്‍ലിം പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണ ശതമാന വ്യവസ്ഥ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ 2020 സെപ്റ്റംബർ 8ന് ഉണ്ടായ ഹൈകോടതി വിധിയാണ് കേന്ദ്രനിലപാടിന്റെ പശ്ചാത്തലം.
2011ലെ ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ കേന്ദ്രവും സംസ്ഥാനവും റിപ്പോർട്ടുണ്ടാക്കി കമീഷനും നൽകണമെന്നാണ് ഹൈകോടതി നിർദേശിച്ചത്. ഈ നടപടികൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവിലുണ്ട്. ഇതിനെതിരെ കേന്ദ്രം നൽകിയ അപ്പീലും പുനഃപരിശോധന ഹരജിയും സുപ്രീംകോടതി തള്ളി. 2020ലെ വിധി നടപ്പാക്കാത്തതിനെതിരെ ഹൈകോടതിയിൽ കോടതിയലക്ഷ്യ ഹരജിയും ഇപ്പോൾ നിലവിലുണ്ട്.
ഹൈകോടതി വിധി പാലിക്കുന്നു എന്ന് വ്യക്തമാക്കി 2011ലെ എസ്.ഇ.സി.സി സെൻസസ് സംബന്ധിച്ച കത്തും റിപ്പോർട്ടും കഴിഞ്ഞ മാസം 25ന് കേന്ദ്രം സംസ്ഥാന കമീഷനും നൽകിയിട്ടുണ്ട്. അതിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പറയുന്നത്.
1. 2011ലെ എസ്.ഇ.സി.സി സെൻസസ് വിവരങ്ങളിൽ ഒട്ടേറെ തെറ്റുകളുണ്ട്. അത് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകില്ല.
2. സെൻസസിന്റെ േക്രാഡീകരിക്കാത്ത സ്ഥിതിയിലുള്ള വിവരങ്ങൾ ആർക്കും കൈമാറേണ്ടതില്ലെന്നാണ് മഹാരാഷ്ട്ര ഒ.ബി.സി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള കേന്ദ്രനിലപാട്.
3. 2021ലെ 105ാം ഭരണഘടന ഭേദഗതിയോടെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമുള്ളവരുടെ പട്ടികയുണ്ടാക്കാനും അതിനായി സെൻസസ് നടത്താനും സംസ്ഥാന സർക്കാറിന് സ്വാതന്ത്ര്യമുണ്ട്. അതിന് 2011ലെ സെൻസസിന്റെ വിവരങ്ങൾ ആവശ്യമില്ല.
കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയമാണ് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന് കത്തയച്ചത്. ജസ്റ്റിസ് ജി. ശശിധരൻ അധ്യക്ഷനായ കമീഷൻ ഇതു പരിഗണിച്ചപ്പോൾ കേന്ദ്രം നടത്തിയ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിന്റെ കണക്കുകൾ ലഭിക്കാൻ സംസ്ഥാന സർക്കാർ കാത്തിരിക്കുകയാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പിലെ അണ്ടർ സെക്രട്ടറി വ്യക്തമാക്കി. സർവേ നടത്താൻ സംസ്ഥാന സർക്കാറിന് സാധിക്കുമെന്ന് അതേ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. കർണാടക സർക്കാർ ഇത്തരത്തിലൊരു സർവേ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽനിന്നും ലഭിച്ച കത്തിന്റെ പകർപ്പ് തുടർനടപടികൾക്കായി ഈ ഉദ്യോഗസ്ഥർക്ക് കൈമാറാൻ കമീഷൻ തീരുമാനിച്ചെന്നും കഴിഞ്ഞമാസം 14ലെ സിറ്റിങ്ങിന്റെ മിനിറ്റ്സ് വ്യക്തമാക്കുകയും ചെയ്തു. എന്തായാലും സംസ്ഥാനങ്ങൾക്ക് ജാതി സെൻസസ് നടത്താമെന്ന് കേന്ദ്രംതന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
നമ്മുടെ രാജ്യത്തെ ജാതിസംവരണം തുടർന്നേ മതിയാകൂ. ജാതിസംവരണത്തിന് അർഹരായ ജനകോടികളുടെ ജീവിതനിലവാരവും സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരിക നിലവാരവുമൊന്നും കാര്യമായി ഇതുവരെ ഉയർന്നിട്ടില്ല. അതുകൊണ്ടുതന്നെ ജാതിസംവരണം ഫലപ്രദമായി തുടരേണ്ടതായിട്ടുണ്ട്. അതിനു കഴിയണമെങ്കിൽ ജാതി സെൻസസ് അനിവാര്യമായ ഒരു കാര്യമാണ്. അക്കാര്യത്തിൽ അറച്ചുനിന്നിരുന്ന കേന്ദ്രസർക്കാർ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളോട് വലിയ ക്രൂരതയാണ് കാട്ടിക്കൊണ്ടിരുന്നത്. പുതിയ ഭരണഘടനാ ഭേദഗതി അനുസരിച്ച് സംസ്ഥാനങ്ങൾക്കു തന്നെ ജാതി സെൻസസ് എടുക്കാൻ കഴിയും. സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കുതന്നെ ജാതി സെൻസസ് നടത്താമെന്ന കേന്ദ്രസർക്കാറിന്റെ പുതിയ നിലപാടും സംസ്ഥാനങ്ങൾക്കുതന്നെ ജാതി സെൻസസ് എടുക്കാൻ അവസരം നൽകുകയാണ്. ബിഹാർ സ്റ്റേറ്റ് ഗവൺമെന്റ് ജാതി സെൻസസ് നടപടികൾ നേരത്തേതന്നെ ആരംഭിച്ചിരുന്നതാണ്. എന്നാൽ, ജാതി സെൻസസ് ആരംഭിച്ചപ്പോൾ അതിന് എതിരായി പെറ്റീഷനുകൾ പട്ന ഹൈകോടതിയിൽ ഫയൽ ചെയ്തിരുന്നു. എന്നാൽ, ഒടുവിൽ ജാതി സെൻസസ് സർവേ ആരംഭിക്കുന്നതിന് തടസ്സമില്ലെന്ന് പട്ന ഹൈകോടതി ഉത്തരവിട്ടിരിക്കുകയാണ്.
ബിഹാറിൽ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ തുടങ്ങാൻ സംസ്ഥാന സർക്കാറിന് പട്ന ഹൈകോടതി ഉത്തരവ് നൽകിയത് നല്ല തുടക്കമാണ്. സർവേ നടത്താനുള്ള തീരുമാനത്തെ ചോദ്യംചെയ്തുള്ള ഹരജികൾ തള്ളിയായിരുന്നു ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് പാർഥസാരഥിയും അടങ്ങുന്ന ഡിവിഷൻ െബഞ്ചിന്റെ ഉത്തരവ്. സർവേ നിയമപരവും നീതിയിൽ അധിഷ്ഠിതവുമായ വികസനം ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി പറഞ്ഞു. ജാതി, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി കഴിഞ്ഞ ഏപ്രിൽ 15ന് ബിഹാറിൽ രണ്ടാം ഘട്ട സർവേ തുടങ്ങിയതാണ്. മേയ് മാസത്തോടെ മുഴുവൻ നടപടികളും പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, കോടതി ഇടപെടൽമൂലമാണ് സർവേ നീണ്ടത്. പുതിയ ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇനി ജാതി സർവേ പൂർത്തിയാക്കാൻ ബിഹാർ സർക്കാറിന് ഒരു തടസ്സവുമില്ല.
കേന്ദ്രസർക്കാർ ജാതി സെൻസസെടുക്കാൻ സംസ്ഥാനങ്ങൾക്ക് പച്ചക്കൊടി കാട്ടിയിരിക്കുകയുമാണ്. രാജ്യത്തെ പ്രതിപക്ഷ ഐക്യ സമിതി ജാതി സെൻസസ് നടപ്പാക്കണമെന്ന് ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിപക്ഷ ഐക്യ മുന്നണിയിലെ (ഇൻഡ്യ) ഘടക കക്ഷികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം എത്രയും പെട്ടെന്ന് ജാതി സെൻസസ് ആരംഭിക്കേണ്ടതാണ്. കോൺഗ്രസിന്റെയും ഡി.എം.കെയുടെയും ഇടതുപക്ഷത്തിന്റെയും മറ്റും നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറുകൾ ജാതി സെൻസസ് നടത്താൻ എന്തുകൊണ്ടും ബാധ്യസ്ഥരാണ്. കേരളം, തമിഴ്നാട്, കർണാടകയടക്കമുള്ള സംസ്ഥാനങ്ങൾ ഉടൻതന്നെ ജാതി സെൻസസ് ആരംഭിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ആ നിലയിലുള്ള ചർച്ചകളും തീരുമാനങ്ങളും ഈ സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സമയമാണിത്. പിന്നാക്ക സ്നേഹം പ്രസ്താവനയിലും പ്രമേയത്തിലും മാത്രം പോരാ അത് നടപ്പാക്കാനുള്ള ചങ്കൂറ്റമാണ് ഇൻഡ്യ ഘടക കക്ഷികൾ കാട്ടേണ്ടത്. ഇടതുപക്ഷം ഇക്കാര്യത്തിൽ മറ്റു കക്ഷികൾക്ക് മാതൃകയാവേണ്ടതാണ്. അതുകൊണ്ടുതന്നെ ജാതി സെൻസസ് ഉടൻതന്നെ ആരംഭിക്കാൻ കേരളത്തിലെ ഇടതുപക്ഷ സർക്കാർ തയാറാകുമെന്നാണ് പ്രതീക്ഷ.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.