അഖിലേന്ത്യാതലത്തിൽ ഉയർന്നുവന്ന ആദ്യ ദലിത് പെൺകരുത്തായിരുന്നു കൊച്ചി സ്വദേശിയായ ദാക്ഷായണി വേലായുധൻ. സ്വന്തം ദലിത്പക്ഷവും കോൺഗ്രസ് നേതൃത്വവും ഒന്നുപോലെ ഉയർത്തിയ എതിർപ്പ് മറികടന്നാണ് അവർ ഭരണഘടനാ അസംബ്ലിയംഗമായത്. പക്ഷേ, ജാതിവാഴ്ചയുടെ മർമം തിരിച്ചറിഞ്ഞ് വിളിച്ചുപറഞ്ഞ ആ കലാപകാരിയെ വെച്ചുപൊറുപ്പിക്കാൻ മത-രാഷ്ട്രീയ നേതൃത്വം തയാറായില്ല. നിത്യമായ അവഗണനയാണ് പിന്നീട് ദാക്ഷായണി നേരിടേണ്ടിവന്നത്. അതേസമയം, അവരുടെ സഹപ്രവർത്തകരായ വനിതകൾക്ക് ആവോളം അവസരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് മോചിതമാകുന്ന ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടനയുണ്ടാക്കുന്നതിന് 1946ലെ ബ്രിട്ടീഷ് കാബിനറ്റ് മിഷൻ പ്ലാൻ പ്രകാരം രൂപവത്കരിച്ചതാണ് 'കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി'. ആദ്യമായി അത് യോഗം ചേർന്നത് 1946 ഡിസംബർ ഒമ്പതിന് തിങ്കളാഴ്ച രാവിലെ 11നാണ്. അവസാന യോഗം 1950 ജനുവരി 25. ഇപ്പോൾ ന്യൂഡൽഹിയിലുള്ള പാർലമെന്റ് ഹൗസിലെ 'സെൻട്രൽ ഹാൾ' ആയ അന്നത്തെ 'കോൺസ്റ്റിറ്റ്യൂഷൻ ഹാളി'ലാണ് ഈ അസംബ്ലി സമ്മേളിച്ചിരുന്നത്.
1949 നവംബർ 26 അംഗീകരിക്കപ്പെട്ട ഭരണഘടനയിൽ 1950 ജനുവരി 24ന് 284 സഭാംഗങ്ങൾ ഒപ്പുവെച്ചിരുന്നു. പുതിയ ഭരണഘടന പ്രാബല്യത്തിലായ 1950 ജനുവരി 26ന് ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായി. അതോടെ ഭരണഘടനാ നിർമാണസഭ സ്വയം ഇല്ലാതായി, ആ സഭതന്നെ 'പ്രൊവിഷനൽ പാർലമെന്റ്' ആയി. 1952ൽ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ പാർലമെന്റ് രൂപവത്കരിക്കുംവരെ ആ നില തുടർന്നു. ഭരണഘടനാ നിർമാണസഭയിലും താൽക്കാലിക പാർലമെന്റിലും അംഗമായിരുന്നു ദാക്ഷായണി വേലായുധൻ (രണ്ടാമത്തെ സഭയിൽ അവരോടൊപ്പം ഭർത്താവ് ആർ. വേലായുധനുമുണ്ടായിരുന്നു. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ഇളയച്ഛനാണദ്ദേഹം. തിരു-കൊച്ചി നിയമസഭയിൽനിന്ന് നോമിനേറ്റ് ചെയ്യപ്പെട്ടാണ് മറ്റു ആറു പേരോടൊപ്പം അദ്ദേഹം പ്രൊവിഷനൽ പാർലമെന്റിലെത്തിയത്).
കൊച്ചി നിയമസഭാംഗമായിരിക്കുമ്പോൾതന്നെയാണ് 1946 ജൂലൈ 22ന് മദ്രാസ് നിയമസഭയിൽനിന്ന് കോൺഗ്രസ് പാനലിൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1946 ഡിസംബർ 19 മുതൽ 1948 നവംബർ 29 വരെ അവർ അസംബ്ലിയിൽ നടത്തിയ ആറു പ്രസംഗങ്ങളാണുള്ളത്.(1) മലയാളികളായ അമ്മു സ്വാമിനാഥൻ (മദ്രാസ്), ആനി മസ്കറീൻ (തിരു-കൊച്ചി) എന്നിവരും ജി. ദുർഗാഭായ് (മദ്രാസ്), ഹൻസ മേഹ്ത്ത (ബോംബെ), മാലതി ചൗധരി (ഒഡിഷ), സുചേത കൃപലാനി (യു.പി), വിജയലക്ഷ്മി പണ്ഡിറ്റ് (യു.പി), പൂർണിമ ബാനർജി (യു.പി), കമല ചൗധരി (യു.പി), ബീഗം ഐസാസ് റസൂൽ (യു.പി), രാജ്കുമാരി അമൃത്കൗർ (സി.പി), സരോജിനി നായിഡു (ബിഹാർ), ലീല റോയ് (ബംഗാൾ), രേണുക റായ് (ബംഗാൾ), ബീഗം ജഹനാര ഷാനവാസ് (പഞ്ചാബ്), ബീഗം ഷൈസ്ത സുഹ്രവർദി ഇക്രാമുല്ല (ബംഗാൾ) എന്നിവരുമാണ് അസംബ്ലിയിലെ മറ്റു 16 വനിതാ പ്രതിനിധികൾ.(2) പ്രസ്തുത കാലയളവിൽതന്നെ ദാക്ഷായണി, കൊച്ചി നിയമസഭാംഗം എന്ന നിലയിലുള്ള തന്റെ ചുമതല നിറവേറ്റാൻ ആ സഭയിലും ഹാജരായിട്ടുണ്ട് (klaproceedings.niyamasabha.org). ആ സഭയിലും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി-ലെജിസ്ലേറ്റിവിലും(3) പ്രൊവിഷനൽ പാർലമെന്റിലും(4) അവർ നടത്തിയ ഇടപെടലുകളും സമാനതയില്ലാത്ത ദലിത് മുന്നേറ്റങ്ങളാണ്.
ദാക്ഷായണി വേലായുധൻ കുടുംബത്തോടൊപ്പം
രണ്ടു കൊല്ലവും 11 മാസവും 18 ദിവസവും നീണ്ട കാലയളവിൽ 11 സെഷനുകളിലായി 165 ദിവസമാണ്, 64 ലക്ഷം രൂപ ചെലവുചെയ്തെന്ന് പറയുന്ന 'കോൺസംബ്ലി' സമ്മേളിച്ചത്. ബ്രിട്ടീഷിന്ത്യൻ പ്രോവിൻസുകളിൽനിന്ന് 292 പ്രതിനിധികളും തിരു-കൊച്ചിയിൽനിന്ന് ഏഴുപേർ ഉൾപ്പെടെ (1947 ഡിസംബർ 31 വരെ) നാട്ടുരാജ്യങ്ങളിൽനിന്ന് 93 പേരും, 4 ചീഫ് കമീഷണർ പ്രോവിൻസുകളിൽനിന്ന് 4 പേരുമടക്കം 389 പ്രതിനിധികളാണ് അസംബ്ലിയിലെത്തിയത്. അവരിൽ 80 ശതമാനം പേരും കോൺഗ്രസുകാരായിരുന്നു. കൂടാതെ, മുഖ്യ മതങ്ങൾക്കും മറ്റു രാഷ്ട്രീയ പാർട്ടികൾക്കും പ്രതിനിധികളുണ്ടായിരുന്നു. പട്ടികജാതിക്കാർ 31 പേരുണ്ടായിരുന്നു. വിഭജനംമൂലം പാകിസ്താൻ വേർപിരിഞ്ഞപ്പോൾ, ആ പ്രദേശങ്ങളിൽനിന്ന് വന്നിരുന്ന പ്രതിനിധികൾ പാകിസ്താൻ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയംഗങ്ങളായി; ഇന്ത്യൻ അസംബ്ലിയംഗങ്ങൾ 299 ആയി. നാട്ടുരാജ്യ പ്രതിനിധികൾ വന്നത് എന്ന് എന്നത് വ്യക്തമല്ല; 1949 നവംബർ ഒന്നിലെ ഒരു പട്ടികയിൽ അവരുണ്ടെങ്കിലും. ഡോ. രാജേന്ദ്രപ്രസാദാണ് കോൺസംബ്ലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായി 1946 സെപ്റ്റംബർ 2ന് ഇന്ത്യൻ ഇടക്കാല സർക്കാർ രൂപവത്കരിക്കപ്പെട്ടു. 1947 ആഗസ്റ്റ് 29നാണ് ഓൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ്സ് ഫെഡറേഷൻ നേതാവ് ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി നിലവിൽ വന്നത് (കോൺസംബ്ലി ഒരു കൊല്ലത്തോളം ചർച്ച നടത്തിയശേഷം). അവർ രണ്ടേകാൽ കൊല്ലംകൊണ്ട് തയാറാക്കിയ കരട് രൂപത്തിനു നേരെ സഭ ഉന്നയിച്ച 7635 ഭേദഗതികളിൽ 2473 എണ്ണം തള്ളിയശേഷം 1949 നവംബർ 26ന് കോൺസംബ്ലി ഭരണഘടന അംഗീകരിച്ചു.(5)
ദാക്ഷായണിക്കു മുന്നിൽ തടസ്സങ്ങൾ
കോൺഗ്രസ് പാർട്ടിയോടും പിന്നീട് ഡോ. ബി.ആർ. അംബേദ്കറുടെ പക്ഷത്തോടും ഏറ്റുമുട്ടിയ ശേഷമാണ് ദാക്ഷായണി വേലായുധൻ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്ക് കടന്നുചെല്ലുന്നത്; ഇരുകൂട്ടരിൽനിന്നും രൂക്ഷമായ എതിർപ്പ് നേരിടേണ്ടിവന്നു; അംബേദ്കറുടെ അനുയായികളിൽനിന്ന് ഭീഷണിയുമുണ്ടായി -ഇത്തരം വിവരങ്ങളാണ് അച്യുത് ചേതൻ എഴുതിയ 'Unafraid to oppose Ambedkar, Congress-Dakshayani Velayudhan was India's 1st Dalit Woman MLA' എന്ന ലേഖനത്തിലുള്ളത്.(6) കേംബ്രിജ് യൂനിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച, അച്യുത് ചേതന്റെ 'Founding Mothers of the Indian Republic: Gender Politics of the Framing of the Constitution' എന്ന പുസ്തകത്തിലെ ഒരു ഭാഗമാണിതെന്ന് പറയുന്നുണ്ട് The Print പോർട്ടൽ: ''അംബേദ്കറുടെ ഓൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ്സ് ഫെഡറേഷന്റെ മദ്രാസിലെ 'ജയ് ഭീം' ഇംഗ്ലീഷ് വാരികയിൽ തുടക്കം തൊട്ടെ (1946 ജനുവരി) എഴുതുന്നുണ്ട് ദാക്ഷായണി. ആ പ്രസ്ഥാനത്തെ ശക്തിയായി തീവ്രമായി പിന്തുണച്ചാണ് തുടക്കം. അതേ ശക്തിയിൽ കോൺഗ്രസിനെ, ജാതിഹിന്ദു-മുതലാളി പാർട്ടി എന്നും മറ്റും പറഞ്ഞ് വിമർശിക്കുകയും ചെയ്തു. എന്നാൽ, അംബേദ്കർ ഉയർത്തിയ 'ദലിതർക്ക് സെപറേറ്റ് ഇലക്ടറേറ്റ്' എന്ന ആവശ്യത്തെ നിരാകരിച്ച് ബ്രിട്ടീഷ് കാബിനറ്റ് മിഷൻ തീരുമാനം വന്നതോടെ, അദ്ദേഹവുമായി ദാക്ഷായണി ഭിന്നതയിലായി. മിഷൻ തീരുമാനത്തെ അഭിനന്ദിക്കുകയായിരുന്നു ദാക്ഷായണി. ആ തീരുമാനത്തിനെതിരെ AISCF പ്രഖ്യാപിച്ച പ്രത്യക്ഷ സമാരാഹ്വാനത്തെ എതിർത്തു അവർ. മറുപക്ഷമാകട്ടെ, ദാക്ഷായണിയെ വഞ്ചകിയെന്നും മറ്റും അധിക്ഷേപിക്കുകയും അവരെ കൈകാര്യം ചെയ്യണമെന്നുവരെ 'ജയ് ഭീം' വാരികയിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തു. AISCF സ്ഥാപകരിലൊരാളും പിന്നീട് മദ്രാസ് മേയറുമായ റാവു ബഹദൂർ (അഡ്വക്കറ്റ്, പ്രഫസർ) എൻ. ശിവരാജാണ് 'ജയ് ഭീം' എഡിറ്റർ (കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആദ്യം, വോട്ടെണ്ണലിലെ പിഴവുമൂലം, ദാക്ഷായണി ശിവരാജിനോട് തോറ്റിരുന്നു. പിന്നീട് ആ പിശക് തിരുത്തിയപ്പോഴാണ് ദാക്ഷായണി ജയിച്ചത്). Federation Depressed Classes League of Madras, ദാക്ഷായണിയെ ഹരിജൻ പ്രതിനിധിയായി തെരഞ്ഞെടുക്കുന്നതിനെ എതിർത്തു. ദാക്ഷായണിക്ക് പകരം ഒരു മദ്രാസ് ഹരിജനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് അരുളപ്പൻ എന്ന ഹരിജൻ പ്രവർത്തകൻ മരണംവരെ നിരാഹാരം തുടങ്ങി. ഇക്കാര്യം നെഹ്റുവിന്റെ മുന്നിലെത്തുകയും മദ്രാസ് ഹരിജനങ്ങളുടെ പരാതി പരിഹരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. ദാക്ഷായണിയുടെ തെരഞ്ഞെടുപ്പിനെതിരെ ഏറ്റവും രൂക്ഷമായ എതിർപ്പുണ്ടായത് മദ്രാസ് കോൺഗ്രസ് നേതൃത്വത്തിൽനിന്നായിരുന്നു. തങ്ങൾക്കെതിരെ 'ഒരു പേടിയുമില്ലാതെ' ദാക്ഷായണി ഉയർത്തിയ വിമർശം ഹൈകമാൻഡിന് മുന്നിലെത്തിച്ചു അവർ. ദാക്ഷായണിയുടെ തെരഞ്ഞെടുപ്പ് സാധ്യതയില്ലാതാക്കാനായിരുന്നു അത്. AISCF നടത്തിയ 'പെൺവിദ്വേഷപരമായ, ദുഷ്ടമായ' അതേ കടന്നാക്രമണം കോൺഗ്രസുകാരനും ദാക്ഷായണിക്കെതിരെ അഴിച്ചുവിട്ടു. ജി. ദുർഗാഭായിയും കമലാദേവി ചട്ടോപാധ്യായയും ദാക്ഷായണി വേലായുധനുമടക്കം ഒമ്പത് പ്രതിനിധികളെ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്ക് മദ്രാസ് നിയമസഭയിൽനിന്ന് തെരഞ്ഞെടുക്കണമെന്നാണ് ഹൈകമാൻഡ് നിർദേശിച്ചിരുന്നത്. തനിക്കെതിരായി ദാക്ഷായണി നടത്തിയ ജാതിപരമായ വിമർശത്താൽ പ്രകോപിതനായ (ബ്രാഹ്മണനായ) സി. രാജഗോപാലാചാരി, അവരുടെ തെരഞ്ഞെടുപ്പ് തടയണമെന്ന് മദ്രാസ് മുഖ്യമന്ത്രി ടി. പ്രകാശത്തോട് ആവശ്യപ്പെട്ടു. ഹൈകമാൻഡിന്റെ നോമിനിയായതിനാൽ ദാക്ഷായണിക്കെതിരായി അർജന്റ് ടെലിഗ്രാം അയക്കാനാവശ്യപ്പെട്ട്, വല്ലഭ്ഭായ് പട്ടേലിന്റെയും നെഹ്റുവിന്റെയും പേർക്ക് കത്തുകൾ പൊയ്ക്കൊണ്ടിരുന്നു. അംബേദ്കർക്ക് ദാക്ഷായണി നൽകിയ പിന്തുണ എടുത്തുകാണിച്ച്, ദാക്ഷായണിയെ തെരഞ്ഞെടുക്കുന്നത് ദൈവത്തിനു മുന്നിൽ ഒരു പാപവും കോൺഗ്രസിന് എക്കാലത്തേക്കും നാണക്കേടുമായിരിക്കുമെന്ന് ആ കത്തുകളിൽ ഒാർമിപ്പിച്ചു. അതേസമയം, ദാക്ഷായണിക്കെതിരായ ദലിത്പക്ഷ ആക്രമണം ചൂണ്ടിക്കാട്ടി, ദാക്ഷായണിയെ തെരഞ്ഞെടുക്കുന്നതുമൂലം അംബേദ്കർക്ക് കോൺഗ്രസിനെതിരായുപയോഗിക്കാൻ ഏറ്റവും ശക്തിയുള്ള ആയുധമാണ് കിട്ടുന്നത് എന്നും പട്ടേലിന് മുന്നറിയിപ്പ് നൽകപ്പെട്ടു. ബ്രിട്ടീഷ് കാബിനറ്റ് മിഷന്റെ തീരുമാനത്തിന് മുമ്പുവരെ ദാക്ഷായണിയിൽനിന്ന് കോൺഗ്രസിനും ഗാന്ധിജിക്കും പട്ടേലിനും മറ്റുമെതിരെ, പത്രങ്ങളിലൂടെയും പ്രസംഗങ്ങൾ വഴിയും വന്നുകൊണ്ടിരുന്ന 'വൃത്തികെട്ട ആരോപണ'ങ്ങളും പട്ടേലിനെ ഓർമപ്പെടുത്തി ആ ഹരിജൻവിരുദ്ധന്റെ കത്ത്.
''ദാക്ഷായണിയുടെ ഊന്നൽ, നേരിട്ടുള്ള സാമുദായിക കാര്യങ്ങളിൽ മാത്രമല്ല കാണുന്നത്. ഒരു ഫാഷിസ്റ്റ് സാമൂഹികഘടന നിലനിൽക്കുന്ന ഇന്ത്യയിൽ സാമ്പത്തിക വിപ്ലവമുണ്ടാക്കാൻ കഴിയുന്നത് സോഷ്യലിസത്തിനാണെന്ന നിലപാടെടുത്തു അവർ. സർക്കാറിനകത്തും പുറത്തും നിർണായക സ്ഥാനങ്ങളിൽ സ്വാധീനമുള്ള ആർ.എസ്.എസിനെ ശക്തമായ ഫാഷിസ്റ്റ് സംഘടനയായി വിലയിരുത്തുകയും അവർ അഴിച്ചുവിടുന്ന വർഗീയ ലഹളകൾക്കെതിരെയും, അത് ദേശീയ ജീവിതത്തിലേക്ക് പടർന്നുകയറുന്നതിനെതിരെയും ഭരണഘടനാ നിർമാണ സഭാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു ദാക്ഷായണി. വ്യവസായികളുടെയും മുതലാളിമാരുടെയും സഹായത്തോടെ ജനജീവിതനിലവാരം ഉയർത്താമെന്ന പ്രതീക്ഷ, ആട്ടിൻകുട്ടിയുടെ സംരക്ഷണം ചെന്നായയെ ഏൽപിക്കുന്നതുപോലെയായിരിക്കുമെന്ന് പരിഹസിച്ചു അവർ...''
മേൽകണ്ടത് അച്യുത് ചേതന്റെ ലേഖന ഭാഗങ്ങളാണ്. ഒരു ഗവേഷണ പഠനത്തിന്റെ എഴുത്തുരീതിയല്ല, പത്രവാർത്തയുടെ പൊതുവെയുള്ള തോന്നുംപടിയെഴുത്താണ് ലേഖനത്തിന്റേത്. രണ്ടിടത്ത് ഒഴിച്ചാൽ, വിവര ഉറവിടങ്ങളുടെ സൂചനപോലുമില്ല. എങ്കിലും പ്രസക്തമായ രേഖകൾ കണ്ടിട്ടുണ്ട് ലേഖകൻ എന്ന് ഊഹിക്കാൻ വേണ്ട സൂചനകളുണ്ട്. അതുകൊണ്ടുതന്നെ, കാര്യവിചാരത്തിന് തൽക്കാലം ഈ ലേഖനം ഉപയോഗിക്കയാണ്.
രാജ്കുമാരി അമൃത്കൗർ, സുചേതാ കൃപലാനി
ദാക്ഷായണി വേലായുധന്റെ ആശയലോകത്തെയും വ്യക്തിനിലപാടുകളെയും വിലയിരുത്താൻ ഞാൻ പ്രധാനമായി അടിസ്ഥാനമാക്കുന്നത് കൊച്ചി നിയമസഭയിലും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലും പ്രൊവിഷനൽ പാർലമെന്റിലും അവർ നടത്തിയ ഇടപെടലുകളും അറിയപ്പെട്ട ജീവിതഘട്ടങ്ങളുമാണ്. അതുവെച്ച് പറയാൻ കഴിയുന്നത്, സ്വന്തമായി തെരഞ്ഞെടുക്കുന്ന വഴിയിലൂടെയാണ് അവരുടെ വാക്കും പ്രവൃത്തിയും മുന്നേറിയിട്ടുള്ളത് എന്നാണ്. വ്യക്തിപരമായ ഇഷ്ടങ്ങൾപോലും കൂസാതെ, സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ നിലപാടെടുക്കാൻ പോന്നത്ര ഉജ്ജ്വലമായ വ്യക്തിത്വമാണത്. വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പമുള്ള ഗാന്ധിജിയുടേതായിട്ടും 'ഹരിജൻ' പ്രയോഗത്തെ അവർ കൊച്ചി നിയമസഭയിൽ പരിഹസിച്ചത് (1945 ആഗസ്റ്റ് 11) അതിനുദാഹരണമാണ്. അംബേദ്കർ പ്രസ്ഥാനം തനിക്ക് വൈകാരികബന്ധമുള്ളതായിട്ടും ജാതിഹിന്ദു മേധാവിത്വത്തെ തകർക്കുന്ന അയിത്തജാതിക്കാരുടെ സാമൂഹിക വിപ്ലവാരംഭമാണതെന്ന് താൻതന്നെ പുകഴ്ത്തിയിട്ടും സെപറേറ്റ് ഇലക്ടറേറ്റ് വിഷയത്തിൽ ദാക്ഷായണി ഉറച്ചുനിന്നത് സ്വന്തം നിലപാടിലാണ്. അംബേദ്കർ പക്ഷത്തിന് കടുത്ത ദ്രോഹമായിരുന്നു അത്. എന്നാൽ, ദലിതരുടെ ഉന്നമന കാര്യങ്ങളിൽ വർഷങ്ങളോളം അവരുയർത്തിയ വാദങ്ങളുടെ അനുപമത്വവും ശക്തിയും ആർക്കും അവഗണിക്കാനാവില്ല.
1945ൽ കൊച്ചി നിയമസഭയിൽ തുടങ്ങിയ ആ പോരാട്ടം, 1952ൽ പ്രൊവിഷനൽ പാർലമെന്റിന്റെ ഒടുവിൽവരെ തുടർന്നു. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പുഘട്ടം മുതൽ ദാക്ഷായണി വേലായുധന്റെ 'രാഷ്ട്രീയഭാവി' നിശ്ചയിക്കപ്പെട്ടു എന്ന് ഊഹിക്കാൻവേണ്ട സൂചനകൾ നമുക്ക് മുന്നിലുണ്ട് ഇപ്പോൾ. മദ്രാസ് കോൺഗ്രസ് നേതൃത്വവും മദ്രാസിലെ ദലിത്പക്ഷവും അതിശക്തിയോടെ എതിർത്തിട്ടും കോൺഗ്രസ് ഹൈകമാൻഡ് അവരെ മത്സരിപ്പിക്കുകയും ജയിപ്പിച്ച് കോൺസംബ്ലിയിലെത്തിക്കുകയും ചെയ്തു. ഇവിടെ ചാണക്യതന്ത്രപരമായ സമീപനമാണ് ഹൈകമാൻഡ് സ്വീകരിച്ചതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ദാക്ഷായണിയെ മത്സരിപ്പിച്ചില്ലെങ്കിൽ അവർ കോൺഗ്രസിൽനിന്ന് ഇനിയും അകലുകയോ, അംബേദ്കർപക്ഷത്തേക്ക് വീണ്ടും നീങ്ങുകയോ ചെയ്യും എന്ന് ഹൈകമാൻഡ് സംശയിച്ചിരിക്കുമോ? അതെന്തായാലും ആ 'രണ്ട് അപകടവും' ഒഴിവാക്കി കോൺഗ്രസ് ദാക്ഷായണിയെ കോൺസംബ്ലിയിലെത്തിച്ചു. എന്നാൽ, അംബ്ലിയിൽ നേതൃത്വപരമായ ഒരു പങ്കും അവർക്ക് നൽകിയതായി കാണുന്നില്ല. സഭയിലെ 12 കമ്മിറ്റികളിൽ ഒന്നിൽപോലും അവരെ അംഗമാക്കിയില്ല. മറ്റു 5 സ്ത്രീ പ്രതിനിധികളെ പരിഗണിക്കുകയും ചെയ്തു.
രാജ്കുമാരി അമൃത്കൗറിനെയും ഹൻസ മേത്തയെയും 3 വീതം കമ്മിറ്റികളിലാണ് അംഗങ്ങളാക്കിയത് (7) കോൺസംബ്ലിയിലെയും പ്രൊവിഷനൽ പാർലമെന്റിലെയും അംഗത്വ കാലാവധി കഴിഞ്ഞ് 1952ൽ ദാക്ഷായണി പുറത്തുവന്നിട്ടും, രാഷ്ട്രീയ നേതൃപരമായ ഒരു സ്ഥാനത്തും കാണുന്നില്ല അവരെ. ആ നില ജീവിതാവസാനം വരെ തുടർന്നു. ഭരണ-രാഷ്ട്രീയ കാര്യങ്ങൾ ആഴത്തിൽ പഠിക്കാനും അവയെപ്പറ്റി തനതായ അഭിപ്രായം ശക്തിയായി ഉന്നയിക്കാനും കരുത്തുണ്ടെന്ന് തെളിയിച്ചിട്ടും അഖിലേന്ത്യാതലത്തിൽ ഉയർന്നുവന്ന ഒരേയൊരു ദലിത് സ്ത്രീയായിട്ടും പിന്നീട് രാഷ്ട്രീയരംഗത്ത് അവരെ കാണുന്നില്ല (?) രണ്ടു പതിറ്റാണ്ടോളം കഴിഞ്ഞാണ് വീണ്ടും അവർ രാഷ്ട്രീയക്കാരിയായി വരുന്നത്. 1971 മാർച്ചിൽ നടന്ന ഇടക്കാല പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇങ്ങ് കേരളത്തിലായിരുന്നു അത്. അടൂർ സംവരണ മണ്ഡലത്തിൽ ഇന്ദിര ഗാന്ധിയുടെ എതിർപക്ഷത്തുള്ള സംഘടനാ കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്നു ദാക്ഷായണി വേലായുധൻ. വെറും 3930 വോട്ട് നേടി പിൻവാങ്ങേണ്ടിയും വന്നു.
പാർലമെന്റ് വിട്ടശേഷം ഒരു എൽ.ഐ.സി ഉദ്യോഗസ്ഥയായി കഴിയുകയായിരുന്നു ദാക്ഷായണി! അർഹമായ രാഷ്ട്രീയ നേതൃത്വത്തിലേക്ക് അവരെ പരിഗണിക്കാഞ്ഞതെന്ത് എന്ന് ചിന്തിക്കുമ്പോൾ, ന്യായമായ ചില സംശയങ്ങൾ ഉയരുന്നുണ്ട്: ഇന്ത്യയിൽ എന്നും അപകടകരമായ ഒരു വിശ്വാസപ്രമാണമാണ് മടിയില്ലാതെ അവർ പലപ്പോഴും വിളിച്ചുപറഞ്ഞിരുന്നത്; ജാതിഹിന്ദു മേധാവിത്വത്തെ അതിന്റെ തനിമയിൽതന്നെയാണ് അവർ വിശേഷിപ്പിച്ചത്; ഫാഷിസമാണ് അതിന്റെ ഉള്ളടക്കമെന്ന് അക്കാലത്തുതന്നെ ഉറച്ചു പറഞ്ഞയാൾ എത്ര അപകടകാരിയാണെന്ന് ബ്രാഹ്മണ്യത്തിന് പെട്ടെന്ന് പിടികിട്ടും. അവർക്ക് പിടികിട്ടിയാൽ, അവർ നയിക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ആ 'പുകഞ്ഞ കൊള്ളി'ക്ക് വിലക്കേർപ്പെടുത്തും. സഭാപ്രസംഗങ്ങളിലൂടെതന്നെയാണ് ദാക്ഷായണി തന്റെ 'കുറ്റ'കരമായ ആശയങ്ങൾ പ്രചരിപ്പിച്ചത് (ഉദാ: ഭരണഘടനാ നിർമാണസഭ, 1947 മേയ് 1). മറ്റൊന്ന്, അയിത്ത നിർമാർജനത്തിന്റെ പേരിൽ പ്രധാനമന്ത്രി നെഹ്റുവിനെത്തന്നെ ഭരണഘടനാ നിർമാണസഭയിൽ തുറന്നുകാട്ടിയത് (1948 നവംബർ 29: ''അയിത്തം നിയമവിരുദ്ധമാക്കണമെന്ന് താൻ സഭയിൽ കൊണ്ടുവന്ന പ്രമേയത്തെപ്പറ്റി നെഹ്റു പറഞ്ഞത്, ഇതൊരു കോൺഗ്രസ് കമ്മിറ്റിയല്ലെന്നും, സമയമാകുമ്പോൾ അക്കാര്യം ഏറ്റെടുക്കുമെന്നുമായിരുന്നു.'') അങ്ങനെ, ആശയപരമായും 'കർമ'ദോഷപരമായും വിപ്ലവകാരിണിയായ ഒരു ദലിത് സ്ത്രീയെ, മന്ത്രിസ്ഥാനമോ സംഘടനാ നേതൃപദവിയോ നൽകി ആദരിക്കാൻ, ബ്രാഹ്മണ്യദാസരായ നേതാക്കൾക്ക് കഴിയുന്നതെങ്ങനെ?
ദാക്ഷായണിക്ക് ശിക്ഷ, മറ്റുള്ളവർക്ക് രക്ഷ
ഭരണഘടനാ നിർമാണ സഭയിൽ പിന്നീട് ഇന്ത്യൻ പക്ഷത്ത് ശേഷിച്ച 15 സ്ത്രീ പ്രതിനിധികളിൽ മറ്റാർക്കും നേരിടേണ്ടിവന്നില്ല ദാക്ഷായണി വേലായുധനുണ്ടായ അവഗണന. മലയാളിയായ അമ്മു സ്വാമിനാഥനെ, ഇടക്കാല പാർലമെന്റിനുശേഷം ആദ്യ ലോക്സഭയിലേക്ക് മത്സരിപ്പിച്ച് ജയിപ്പിച്ചു; തുടർന്ന് രാജ്യസഭയിലും അംഗമാക്കി. മറ്റൊരു മലയാളിയായ ആനി മസ്കറീനെയും ഇടക്കാല പാർലമെന്റിനുശേഷം ലോക്സഭയിലെത്തിച്ചു. രണ്ടാം ലോക്സഭയിലേക്കും മത്സരിപ്പിച്ചു. ഇതിനിടക്ക് 1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ആദ്യ വനിതാ മന്ത്രിയാകുകയും ചെയ്തിരുന്നു. ദാക്ഷായണിയോടൊപ്പം മദ്രാസ് നിയമസഭയിൽനിന്ന് കോൺസംബ്ലിയിലെത്തിയ ജി. ദുർഗാഭായി, പ്ലാനിങ് കമീഷൻ അടക്കം പല കേന്ദ്ര ഏജൻസികളിലും അംഗമായി. 1971ൽ നെഹ്റു സാഹിത്യ അവാർഡ്, 1975ൽ പത്മവിഭൂഷൺ, സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ് ദുർഗാഭായിയുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് തുടങ്ങിയവ വേറെ. നെഹ്റുവിന്റെ പെങ്ങൾ വിജയലക്ഷ്മി പണ്ഡിറ്റ് പിന്നീട് ലോകതാരമായി. കോൺസംബ്ലിയംഗമായിരുന്നപ്പോൾതന്നെ 1946-48ലും പിന്നീട് 1952-53ലും യു.എൻ ഡെലിഗേഷനെ നയിച്ചു. തുടർന്ന് മോസ്കോയിലും മെക്സികോയിലും വാഷിങ്ടണിലും ഇന്ത്യൻ അംബാസഡറായി. 1953ൽ യു.എൻ ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ പ്രസിഡന്റായി. പിന്നീട് ഇംഗ്ലണ്ടിലും അയർലൻഡിലും അംബാസഡറായി. തുടർന്ന് മഹാരാഷ്ട്രയിൽ ഗവർണറായി. 1964ൽ ലോക്സഭാംഗം. കോൺസംബ്ലി അംഗമായിരിക്കുമ്പോൾതന്നെ സരോജിനി നായിഡു1947 ആഗസ്റ്റ് 15ന് യു.പി ഗവർണറായി. അതുതന്നെയാണ് രാജ്കുമാരി അമൃത്കൗറിനും കിട്ടിയ ഭാഗ്യം; നെഹ്റുവിന്റെ ഇടക്കാല മന്ത്രിസഭയിൽ (1947ൽ) സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആരോഗ്യമന്ത്രിയായി; 10 കൊല്ലം തുടർന്നു. അതിനും മുന്നേ 1945ലും 1946ലും യുനെസ്കോയിലേക്കുള്ള ഇന്ത്യൻ ഡെലിഗേഷന്റെ ഡെപ്യൂട്ടി ലീഡറായിരുന്നു. 1948-53ൽ ലോകാരോഗ്യ സംഘടനയിലേക്കുള്ള ഇന്ത്യൻ സംഘത്തെ പലവട്ടം നയിച്ചു. 1950ൽ വേൾഡ് ഹെൽത്ത് അസംബ്ലിയുടെ ആദ്യ ഏഷ്യൻ/വനിത പ്രസിഡന്റായി. സുചേതാ കൃപലാനി ഒന്നും രണ്ടും ലോക്സഭകളിൽ അംഗമായി. അതിനും മുന്നേ 1943-50ൽ യു.പി നിയമസഭാംഗമായിരുന്നു. പിന്നീട് 1960-63ൽ അവിടത്തെ തൊഴിൽ-സാമൂഹിക വികസന-വ്യവസായ മന്ത്രിയായി. തുടർന്ന് 1963-67ൽ അവിടത്തെ മുഖ്യമന്ത്രിയുമായി. കോൺസംബ്ലിയംഗമായിരിക്കുമ്പോൾതന്നെ ഹൻസ മേഹ്ത്ത 1946ൽ, വനിതകളുടെ അന്തസ്സ് സംബന്ധിച്ച യു.എൻ ഉപസമിതിയിലും അംഗമാണ്; യു.എൻ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപന കമ്മിറ്റിയുടെ ഒരു വൈസ് ചെയർപേഴ്സനുമായിരുന്നു; തുടർന്ന് ബോംബെ എസ്.എൻ.ഡി.ടി യൂനിവേഴ്സിറ്റിയിൽ, ഇന്ത്യയിലാദ്യത്തെ വനിതാ വി.സിയുമായി. പിന്നീട് ബറോഡയിലെ മഹാരാജ സയാജിറാവു യൂനിവേഴ്സിറ്റിയുടെ ആദ്യ വി.സിയുമായി. യൂനിവേഴ്സിറ്റി ഒരു ലൈബ്രറിക്ക് ഹൻസയുടെ പേര് നൽകിയും ആദരിച്ചു. 1959ൽ ഹൻസക്ക് പത്മഭൂഷൺ നൽകപ്പെട്ടു. 1947 ആഗസ്റ്റ് 15ന് അർധരാത്രിയിൽ, ഇന്ത്യൻ സ്ത്രീലോകത്തിന്റെ പേരിൽ പാർലമെന്റിന് ഇന്ത്യൻ പതാക സമർപ്പിച്ചത് അവരാണ്. 1946ൽ ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് പ്രസിഡന്റായിരുന്നു ഹൻസ. അവരുടെ ഭർത്താവ് ജീവ് രാജ് നാരായൺ മേഹ്ത 1960ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി. രേണുക റായി 1952ൽ പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു; 1957ൽ പാർലമെന്റിലേക്കും. 1949ൽതന്നെ യു.എൻ ജനറൽ അസംബ്ലിയിൽ ഇന്ത്യൻ പ്രതിനിധിയായി; 1988ൽ പത്മഭൂഷൺ നൽകപ്പെട്ടു. ബീഗം ഐസാസ് റസൂൽ 1952ൽ രാജ്യസഭാംഗമായി; 20 കൊല്ലം (1969-89) യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ കൊല്ലംതന്നെ കോൺസംബ്ലിയിൽനിന്ന് രാജിവെച്ച് ഗാന്ധിമാർഗ പ്രവർത്തനം തുടങ്ങിയ മാലതി ചൗധരിക്ക് 1987ൽ ശിശുക്ഷേമ ദേശീയ അവാർഡും 1988ൽ ചമൻലാൽ ബജാജ് അവാർഡും 1994ൽ ഉത്കൽസേവാ സമ്മാനും 1995ൽ ടാഗോർ സാഹിത്യ അവാർഡും കിട്ടി. കമല ചൗധുരി 1962ൽ ലോക്സഭാംഗമായി. 54ാം കോൺഗ്രസ് സമ്മേളനത്തിന്റെ സീനിയർ വൈസ് ചെയർപേഴ്സനായിരുന്നു. 'ജനഗണമന' ദേശീയഗാനമായി അംഗീകരിച്ച 1950 ജനുവരി 24ന് അത് പാടിയ സംഘത്തെ നയിച്ചത് പൂർണിമ ബാനർജിയായിരുന്നു. അടുത്ത വർഷം അവർ അന്തരിച്ചു. 1946 ഡിസംബറിൽ കോൺസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലീല റോയ്, ഇന്ത്യ വിഭജനത്തിൽ പ്രതിഷേധിച്ച് സ്ഥാനം രാജിവെച്ചു.(8)
ദാക്ഷായണി വേലായുധൻ ആർ. വേലായുധനും മക്കൾക്കുമൊപ്പം
ദാക്ഷായണി വേലായുധൻ ആർ. വേലായുധനും മക്കൾക്കുമൊപ്പംദാക്ഷായണി വേലായുധൻ പിന്നീട് അവഗണിക്കപ്പെട്ടു എന്നതിന് വലിയ അർഥമാണുള്ളത്. നൂറ്റാണ്ടുകൾ നീണ്ട ജാതിവാഴ്ചയുടെ ഏറ്റവും ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നവരിൽനിന്ന് ആദ്യമായി അഖിലേന്ത്യാതലത്തിൽ ഉയർന്നുവന്ന പെണ്ണിന്റെ വിമതശബ്ദം അടിച്ചമർത്തുകയായിരുന്നു ഇവിടെ. ഇത്രക്ക് ധൈഷണിക ഔന്നത്യമുള്ള മറ്റൊരു ദലിത് പെൺശബ്ദം പിന്നീട് ഇന്നുവരെ ഇന്ത്യൻ പാർലമെന്റിൽനിന്ന് ഉയർന്നോ എന്ന് സംശയം.
സൂചിക:
1. Constituent Assembly Debates -Official) VOL. 1, PP 151-3, 342-3, 480-1, 263-4, 310-2, 667-8, Report, Reprinted by Lok Sabha Secretariat, N. Delhi, 1999
2. B. Shira Rao, 2004, pp 296-7, Constitution of India.net)
3. eparlib.nic.in/handle/12345678/4),
4. eparlib.nic.in/handle/123456789/758030)
5. ഈ കുറിപ്പിന്, മേൽസൂചിപ്പിച്ചത് കൂടാതെ ഉപയോഗിച്ച വിവര ഉറവിടങ്ങൾ: http://164.100.47.194/loksabha/constituent/counstituent.aspx, reference on 16.11.2022; B. Shiva Reao-Ed, The Framing of India's Constituion-select documents, Vol. 1, Universal Law Publishing Co. Pvt. LTD, Delhi 3, 2004; http//164.100.47.194/loksabha/constilent/facts.html, reference on 14.11.2022)
6. https://theprint.in/pageturner/excerpt/unafraid-to-oppose-ambedkar-congress-dakshayani-velayudhan, reference on 15.11.2022).
7. Indian Constitutional Documents -Munshi Papers Vol. 2 pp 521-35 Bharatiya Vidhya Bhavan, Bombay 7, 1967).
8. ഇപ്പറഞ്ഞ 14 പ്രതിനിധികളുടെയും വിവരങ്ങൾ ശേഖരിച്ചത്: Constitutionofindia.net, livemint.com, thebetterindia.com, wordpress.com)
(ചെറായി രാമദാസ് എഴുതുന്ന 'ദാക്ഷായണി വേലായുധന്റെ കാലം' എന്ന പുസ്തകത്തിെൻറ ഭാഗമാണ് ഇൗ ലേഖനം. പ്രണത ബുക്സ് അടുത്ത് പുസ്തകം പ്രസിദ്ധീകരിക്കും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.