എന്നെ ഒരു എഴുത്തുകാരനായി ആദ്യം അംഗീകരിച്ചത് മാധ്യമം ആഴ്ചപ്പതിപ്പാണ് എന്നുപറഞ്ഞാൽ തെറ്റാവില്ല. പ്രത്യേകിച്ചും കമൽ റാം സജീവ് അതിന്റെ എഡിറ്റോറിയൽ ചുമതലയിൽ വന്നതിനുശേഷം. കൊച്ചിയിൽ അദ്ദേഹം ജോലി ചെയ്യുന്നകാലം മുതൽ പരിചയമുണ്ട്. ആർക്കും എപ്പോഴും കടന്നുവന്ന് ഏതു വിഷയത്തിലും ചർച്ച നടത്താനും ഇടപെടാനും കഴിയുന്ന എന്റെ വീട്ടിൽ മണിക്കൂറുകളോളം ഇരുന്ന് ഞങ്ങൾ വിവിധ വിഷയങ്ങൾ ചർച്ചചെയ്യുമായിരുന്നു. പെരിങ്ങോത്തെ ആണവനിലയം, കണ്ണൂരിലെ എൻറോൺ താപനിലയം, പൂയംകുട്ടി, പാത്രക്കടവ് എന്ന പുതിയ സൈലന്റ് വാലി തുടങ്ങിയ ജലവൈദ്യുതപദ്ധതികൾ, പെരിയാർ മലിനീകരണം, വിവിധ ഖനന പദ്ധതികൾ മുതലായവയെല്ലാം അന്ന് ചർച്ചക്ക് വരും. അതിൽ പങ്കെടുക്കാൻ എത്തുന്ന വ്യക്തികളിൽ സിനിമ സംവിധായകനും ആകാശവാണി ഉദ്യോഗസ്ഥനുമായ പി. ബാലൻ, ഇന്ന് എ.ഡി.ജി.പി ആയ ശ്രീജിത്ത്, ആകാശവാണിയിലെ ഉദ്യോഗസ്ഥനായ ബോബി സി. മാത്യു, വീട്ടിൽ കുറച്ചുകാലം താമസിച്ച് പ്രസ് അക്കാദമിയിൽ പഠിച്ചിരുന്ന കവി പി. രാമൻ, ഡോ. ആസാദ്, റോബിൻ, ചന്ദ്രിക വാരികയിലെ പി.എം. ജയൻ... അങ്ങനെ ഒട്ടേറെ പേർ ഉണ്ടായിരുന്നു. ഓരോ കാലത്തും ഈ സൗഹൃദസംഘം വളർന്നുകൊണ്ടുമിരുന്നു. ഇവിടെ നടക്കുന്ന ചൂടുപിടിച്ച ചർച്ചകളിൽകൂടിയാണ് പല വിഷയങ്ങളിലും നമുക്ക് വ്യക്തത വരുന്നത്... എന്റെ പല അഭിപ്രായങ്ങളും കേൾക്കുമ്പോൾ നീലാണ്ടേട്ടന് (അങ്ങനെയാണ് സജീവ് എന്നെ വിളിക്കുക). ഇതൊക്കെ എഴുതിക്കൂടെ എന്ന് ചോദിക്കുമായിരുന്നു. എനിക്കന്നു എഴുതാൻ വലിയ മടിയായിരുന്നു. അന്ന് ഞാൻ കടുത്ത സി.പി.എമ്മുകാരനും ജനകീയാസൂത്രണത്തിന്റെ വക്താവും മറ്റുമായിരുന്നു. എഴുത്തല്ല പ്രസംഗമാണ് എന്റെ മാധ്യമമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എഴുതാൻ ഇരുന്നാൽതന്നെ ഒരു ചട്ടക്കൂട് ഉണ്ടാകില്ല, ഒഴുക്ക് കിട്ടില്ല. എന്റെ ഭാഷ തീർത്തും പഴയതുമാണ്. എന്നെ നിർബന്ധിക്കുന്നവരുടെ കൂട്ടത്തിൽ മറ്റൊരാൾ ഡോ. ആസാദ് ആയിരുന്നു.
1998 ഫെബ്രുവരിയിൽ സഖാവ് ഇ.എം.എസ് അന്തരിച്ചപ്പോൾ വല്ലാത്ത വേദന തോന്നി. രാഷ്ട്രീയമായി ഉണ്ടായിരുന്ന ബഹുമാനവും അടുത്തുപെരുമാറാൻ അവസരംകിട്ടിയപ്പോഴുണ്ടായ ആദരവുമെല്ലാം അതിനു കാരണമായിരുന്നു. (1985ൽ എന്റെ വിവാഹത്തിന് ഇ.എം.എസും ഭാര്യയും മറ്റു നിരവധി പാർട്ടി സഖാക്കളും ഉണ്ടായിരുന്നു.) ഇ.എം.എസിനുശേഷം പാർട്ടി എങ്ങനെ എന്ന ചോദ്യം കേരളത്തിൽ അലയടിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്തുതന്നെ പാർട്ടിയിൽ കടുത്ത ചില വിഭാഗീയ പ്രവണതകൾ ഉണ്ടായിരുന്നുവല്ലോ. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സമൂഹത്തിനു മുന്നിൽ പുതിയ നിരവധി വിഷയങ്ങൾ വരുന്നുണ്ടെന്നും അവയോട് പാർട്ടി എങ്ങനെ പ്രതികരിക്കുമെന്നും ആശങ്ക ഉള്ള ഒരാളാണ് ഞാൻ. പ്രത്യേകിച്ചും പരിസ്ഥിതി, ജാതി, ഭൂമി മുതലായവയിൽ. പരമ്പരാഗത സമീപനം അതിനു മതിയാകില്ല എന്ന തോന്നൽ ലോകമാകെയുള്ള മാർക്സിസ്റ്റുകൾക്കു തന്നെ ഉണ്ടായിരുന്നു. പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിയിൽ പലരും കേവലം വരട്ടുതത്ത്വവാദപരമായ നിലപാടെടുത്തപ്പോൾ ഇ.എം.എസ് എത്ര അവധാനതയോടെ ഇടപെട്ടിരുന്നു എന്നതിന് 1992ലെ ഭൗമ ഉച്ചകോടി സംബന്ധിച്ച് എ.കെ.ജി സെന്ററിൽ നടന്ന ഒരു േയാഗത്തിന്റെ അനുഭവങ്ങൾ ഈയിടെ നമ്മെ വിട്ടുപോയ പ്രഫ. എം.കെ. പ്രസാദ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
എന്റെ ആദ്യത്തെ പ്രമുഖ ലേഖനം മാധ്യമം ആഴ്ചപ്പതിപ്പിൽ വരുന്നത് ഈ വിഷയം സംബന്ധിച്ചായിരുന്നു. 1998 സെപ്റ്റംബർ 4ലെ മാധ്യമം ആഴ്ചപ്പതിപ്പിൽ 'ഇടതുപക്ഷത്തിന്റെ പ്രതിസന്ധികളും സാധ്യതകളും' എന്നായിരുന്നു അതിന്റെ പേര്. നേരത്തേ സൂചിപ്പിച്ചതുപോലെ ഭൗമ ഉച്ചകോടിയും കിയോട്ടോ പ്രോട്ടോക്കോളും അടക്കമുള്ള ആഗോളവിഷയങ്ങളും കേരളത്തിന്റെ സവിശേഷ വിഷയങ്ങളും എന്നെ അസ്വസ്ഥനാക്കിയിരുന്നു. എന്നാൽ മുഖ്യധാരാ പാർട്ടിയിൽ ഈ വിഷയങ്ങളെ കാണാൻ തയാറായവർ വളരെ കുറവായിരുന്നു. നെൽപ്പാടങ്ങൾ സംരക്ഷിക്കാൻ വി.എസ് അടക്കമുള്ളവർ നടത്തിയ പോരാട്ടങ്ങൾ തീർത്തും ഒറ്റപ്പെട്ടവയായിരുന്നു. പാർട്ടി ഇനി എങ്ങനെ മുന്നോട്ടുപോകും എന്നത് സംബന്ധിച്ചുള്ള പുതിയ സമീപനം എന്ന നിലയിൽ ഈ ലേഖനത്തെ പലരും പ്രശംസിച്ചു.
തുടർന്ന് നാട്ടിൽവന്ന ഓരോ വിഷയത്തെയും സംബന്ധിച്ച് തുടർച്ചയായി എഴുതാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നത് പത്രാധിപരായിരുന്ന കമൽ റാം സജീവ് തന്നെ ആയിരുന്നു. സജീവിന്റെ ഫോൺ വരുമ്പോൾ അറിയാം ഏതോ ഒരു പുതിയ വിഷയത്തെ പറ്റി എഴുതാൻ ആവശ്യപ്പെടുന്നതായിരിക്കും എന്ന്. എത്ര ബുദ്ധിമുട്ടിയിട്ടായാലും സമയത്തിനകത്തു അത് ഞാൻ എത്തിച്ചിരിക്കും എന്ന ഉറപ്പും അനുഭവത്തിലൂടെ സജീവിനുണ്ടായിരുന്നിരിക്കണം. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരന്തര യാത്രകളിൽ ആണെങ്കിൽ പലപ്പോഴും ട്രെയിനിൽ ഇരുന്നോ ചിലപ്പോൾ സ്റ്റേഷനിൽ ഇരുന്നോ ഒക്കെയാകും ഇതെഴുതുക.
ഇന്നത്തേതുപോലെ ഒരു ലേഖനം, പ്രത്യേകിച്ച് നിരവധി പേജുകൾ കൈകൊണ്ടെഴുതിയവ എത്തിച്ചു കൊടുക്കുക എന്നത് എളുപ്പമായിരുന്നില്ല. മിക്കപ്പോഴും കൊറിയർ ആയോ മാധ്യമം കൊച്ചി ബ്യൂറോ വഴിയോ ചിലപ്പോൾ അത്യാവശ്യമെന്ന നിലയിൽ ഫാക്സ് വഴിയോ ഒക്കെയാണ് അയക്കുന്നത്.
പൊഖ്റാനിൽ വാജ്പേയി സർക്കാർ ആണവവിസ്ഫോടനം നടത്തിയതിനെ പറ്റിയായിരുന്നു അടുത്ത ലേഖനം. ആ വിസ്ഫോടനത്തെ ഉയർത്തിക്കാട്ടി എന്തോ മഹാകാര്യം ഇന്ത്യ സാധിച്ചിരിക്കുന്നു എന്ന അവകാശവാദം പൊളിക്കാൻവേണ്ടി ചില ശ്രമങ്ങൾ ഞാൻ നടത്തിയിരുന്നു. അണുശക്തി ഗവേഷണകേന്ദ്രത്തിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നതിനാലും ആ വിഷയം തുടർന്ന് പഠിച്ചുകൊണ്ടിരുന്നതിനാലും ഇതിലെ പൊള്ളത്തരം എനിക്ക് ബോധ്യപ്പെട്ടിരുന്നു. 1974ൽ ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് ഇന്ത്യ നടത്തിയ സ്ഫോടനത്തെക്കാൾ ഏറെ സാങ്കേതികമേന്മ ഉള്ളതായിരുന്നു ഈ സ്ഫോടനം എന്നായിരുന്നു ഇവരുടെ അവകാശവാദം. അപൂർവം ചില ശാസ്ത്രജ്ഞർ മാത്രമാണ് ഇവർ അവകാശപ്പെടുന്നതുപോലെ ഹൈഡ്രജൻ ബോംബ് പരീക്ഷണം പരാജയമായിരുന്നു എന്ന ഈ സത്യം അന്നു പറയാൻ തയാറായത്. (പല വർഷങ്ങൾ പിന്നിട്ട് അണുശക്തി വകുപ്പിൽനിന്ന് വിരമിച്ചശേഷം ഡോ. ആർ. ചിദംബരത്തെപോലെ ചിലർ ഇത് തുറന്നുപറഞ്ഞു.) സംഘ്പരിവാറിന്റെ രാജ്യസ്നേഹത്തിന്റെ മാതൃകയായി ഇത് അവതരിപ്പിക്കപ്പെടുന്നതിനെതിരെ ഈ സത്യം ഞാൻ ഒരു ഇംഗ്ലീഷിൽ ലേഖനമാക്കി പലർക്കും അയച്ചുകൊടുത്തു. അന്നുവരെ ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത മേധാപട്കറും മഹാത്മജിയുടെ ദീർഘകാല സെക്രട്ടറി ആയിരുന്ന മഹാദേവ് ദേശായിയുടെ മകൻ നാരായൺ ദേശായിയും മാത്രമാണ് എന്റെ ലേഖനത്തോട് പ്രതികരിച്ചത്. ഈ വിഷയത്തിൽ പ്രതികരിക്കും എന്ന് ഞാൻ ഏറെ പ്രതീക്ഷിച്ച രണ്ട് പേർ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രമുഖ നേതാക്കളായ ഡോ. എം.പി. പരമേശ്വരനും ഡോ. ആർ.വി.ജി. മേനോനുമായിരുന്നു. അതിനുപകരം ആണവായുധങ്ങൾ ആവശ്യമില്ല എന്നും ഈ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു എന്നുമാണ് എനിക്ക് ഗുരുതുല്യനായ ആർ.വി.ജി. മേനോൻ പറഞ്ഞത്. ആണവശാസ്ത്രത്തിലാണ് അദ്ദേഹത്തിന്റെ ഡോക്ടറേറ്റ്. ലോകത്തിനു വിനാശകരമായ ഒരു സാങ്കേതികവിദ്യ വികസിപ്പിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ഇതിനു ഒരു ശാസ്ത്രജ്ഞന്റെയൊന്നും ആവശ്യമില്ല എന്നത് വേറൊരു കാര്യം. 1945ൽ തന്നെ നമുക്കറിയാവുന്നതാണല്ലോ ആണവായുധപ്രയോഗം. ഈ പശ്ചാത്തലത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ചില വീക്ഷണങ്ങളെ വിലയിരുത്തുകകൂടി ആയിരുന്നു അതിൽ ഞാൻ ചെയ്തത്. 'അപ്രിയ സത്യങ്ങൾ പ്രിയ ഗുരുനാഥന് സ്നേഹപൂർവം' എന്ന തലക്കെട്ടുള്ള ആ ലേഖനം ഒട്ടും തന്നെ വ്യക്തിപരമല്ല. അന്നും ഇന്നും ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു തുറന്ന ചർച്ച ഈ വിഷയത്തിൽ കൊണ്ടുവരാനാണ് ഞാൻ ഉദ്ദേശിച്ചത്. അതിനദ്ദേഹം മറുപടി എഴുതുകയും ചെയ്തു.
തുടർന്ന് കേരളത്തെയും ഇന്ത്യയെയും ലോകത്തെയും ബാധിക്കുന്ന നിരവധി പ്രധാനവിഷയങ്ങൾ എനിക്ക് ആഴ്ചപ്പതിപ്പിൽ എഴുതാൻ കഴിഞ്ഞു. കൂടംകുളവും ക്ലിന്റന്റെ ഇന്ത്യ സന്ദർശനവും ചൈനയുടെ പുതിയകാല വികസനനയവുമെല്ലാം അതിൽപെടുന്നു. ഏറെ വിവാദം ഉയർത്തിയ ഒന്നായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം സംബന്ധിച്ചു ഞാൻ എഴുതിയ ലേഖനങ്ങൾ. എനിക്ക് വളരെ അടുത്തറിയാവുന്ന ഒരു പ്രദേശം എന്ന നിലയിൽ ആ വിമാനത്താവളത്തിന്റെ നിർമാണത്തിൽ നടന്ന ചതികളും (കുടിയിറക്കൽ, അഴിമതി മുതലായവയും) പാരിസ്ഥിതിക വിഷയങ്ങളും ആ ലേഖനത്തിൽ ഉയർത്തിക്കാട്ടിയിരുന്നു. പാടം നികത്തുകയും പെരിയാറിന്റെ കൈവഴിയായ ചെങ്കൽതോട് അടച്ചുകെട്ടുകയും ചെയ്തത് തെറ്റായിരുന്നു എന്ന എന്റെ നിലപാട് സാധൂകരിക്കപ്പെട്ടത് 2013ലെ വർഷകാലത്താണ്. പെരിയാറിലെ ജലനിരപ്പ് അൽപം ഉയർന്നപ്പോൾ വിമാനത്താവളം മുങ്ങി. പെരിയാറിൽനിന്നും ആറു കിലോമീറ്റർ ദൂരെയുള്ള വിമാനത്താവളം മുങ്ങുമെന്നത് അന്നവർക്കു വിശ്വാസമായതേയില്ല. ആ ലേഖനം വലിയ ഭൂമികുലുക്കം ഉണ്ടാക്കി. ഉന്നതങ്ങളിൽനിന്നും പരാതികൾ പത്രാധിപരായിരുന്ന സി. രാധാകൃഷ്ണന്റെ അടുത്തെത്തി. വിവരങ്ങൾ വിശദമായി അന്വേഷിക്കാൻ 'മാധ്യമം' ലേഖകനായ പി.കെ. പ്രകാശിനെ നിയോഗിച്ചു. ആ സ്ഥലങ്ങളിൽ നേരിട്ട് പോയി ആളുകളെ കണ്ട് ഒരു തെറ്റും ലേഖനത്തിലില്ലെന്നു കണ്ടെത്തുകയും ചെയ്തു.
തുടർന്ന് കേരളത്തിലെ വൈദ്യുതിരംഗം, എൻറോൺ താപനിലയത്തിന്റെ അപകടങ്ങൾ, ജനിതകശാസ്ത്രം ഉയർത്തുന്ന വെല്ലുവിളികൾ, ക്രിക്കറ്റ് കോഴ, ഐ.ടി എന്നതിന്റെ അർഥതലങ്ങൾ, മണി ചെയിനുകൾ, കെ. വേണുവുമായി നടന്ന നീണ്ട സംവാദങ്ങൾ, എ.കെ. ആന്റണി സർക്കാർ എ.ഡി.ബിയുമായുണ്ടാക്കിയ കരാർ, ആഗോളനിക്ഷേപക സംഗമം (ജിം) തുടങ്ങി കേരളത്തിലും ഇന്ത്യയിലും ലോകത്താെകയും നടക്കുന്ന വിവിധ പരിസ്ഥിതി മനുഷ്യാവകാശ വിഷയങ്ങൾ മുഖ്യധാരയിൽ എത്തിക്കാൻ അന്ന് 'മാധ്യമം' മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടി.വി ചാനലുകളിൽ ഏഷ്യാനെറ്റ് വന്നതോടെ ചില മാറ്റങ്ങൾ ഉണ്ടായി. പരിസ്ഥിതി തുടങ്ങിയ വിഷയങ്ങൾ കുറച്ചൊക്കെ മുഖ്യധാരയിൽ അവരും കണ്ടുവന്നു. അതിലെ ഒരു പ്രതിവാര പരിപാടി (ഹരിതം) അന്ന് ഞാൻ ചെയ്തതും ഓർക്കുന്നു. എന്നാൽ ഒരു പ്രശ്നത്തിന്റെ ഏറ്റവും വിശദമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മാധ്യമം ആഴ്ചപ്പതിപ്പു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇത്തരം വിഷയങ്ങളിൽ ജനകീയ സമരങ്ങൾ വളർന്നുവന്ന ഒരു കാലംകൂടിയായിരുന്നു ഈ നൂറ്റാണ്ടിന്റെ ആദ്യദശകം. മുത്തങ്ങയിലെ ആദിവാസി സമരം അതിന്റെ തുടക്കമായിരുന്നു. ഏറ്റവും ഉജ്വലമായി വികസിച്ചത് പ്ലാച്ചിമടയിൽ കോള കമ്പനിക്കെതിരായ പോരാട്ടമായിരുന്നു. അതുമായി ബന്ധപ്പെട്ട് ആദ്യംമുതൽ ശക്തമായ പിന്തുണയാണ് 'മാധ്യമം' നൽകിയത്. ജനകീയവിഷയങ്ങൾ എല്ലാംതന്നെ അതിൽ എഴുതാൻ ഇടംകിട്ടി. സമരങ്ങളുടെ കാര്യകാരണബന്ധങ്ങൾ ഒരു മുഖ്യധാര മാധ്യമത്തിൽ അച്ചടിച്ചുവരുന്നത് സമരങ്ങൾക്ക് ആവേശവും ശക്തിയും പകരുമല്ലോ. രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽകലാം മുന്നോട്ടുെവച്ച വികസന അജണ്ടയായാലും എ.കെ. ആന്റണി സർക്കാറിന്റെ ആഗോള നിക്ഷേപക സംഗമമായാലും തുറന്നുകാട്ടാൻ ഒരു മടിയും ആഴ്ചപ്പതിപ്പിനുണ്ടായിരുന്നില്ല. എല്ലാ സമരമുഖങ്ങളിലും 'മാധ്യമ'ത്തിലെ ലേഖനങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു.
എക്സ്പ്രസ് ഹൈവേ അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇപ്പോൾ സിൽവർ ലൈൻ പദ്ധതി എന്നപോലെ അന്നത്തെ യു.ഡി.എഫ് സർക്കാർ ആവേശത്തോടെ മുന്നോട്ടുവെക്കുകയും വികസനവാദികൾ എന്ന പേരിൽ ഇപ്പോൾ വന്നിട്ടുള്ള പല ആസ്ഥാന പണ്ഡിതരും അതിനു പിന്തുണ നൽകുകയും ചെയ്തു. ഇടതുപക്ഷം ഒരു പരിധി വരെ ആ സമരത്തിനൊപ്പമായിരുന്നു. സൈലന്റ്വാലി പദ്ധതിക്ക് ബദൽ എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട പാത്രക്കടവ് ജലവൈദ്യുത പദ്ധതി സൃഷ്ടിക്കാവുന്ന പാരിസ്ഥിതിക ദുരന്തങ്ങൾ തുറന്നുകാട്ടാനും മുന്നിൽനിന്നത് 'മാധ്യമം' തന്നെയായിരുന്നു. സമാനമാണ് ചാലക്കുടി പുഴയിലെ നിർദിഷ്ട അതിരപ്പിള്ളി അണക്കെട്ടും. അതിന്റെ ദുരന്തങ്ങൾ തുറന്നുകാട്ടിക്കൊണ്ട് ഈ ലേഖകനു പുറമെ ഡോ. ലത, എസ്.പി. രവി തുടങ്ങിയവരുടെ വിശദമായ ലേഖനങ്ങളും അതിൽ വന്നു.
തുടർന്ന് കേരളത്തിൽ നടന്ന എല്ലാ ജനകീയ സമരങ്ങളിലും (മൂലമ്പിള്ളി- വല്ലാർപാടം , ചെങ്ങറ, മൂന്നാർ കൈയേറ്റങ്ങൾ, ആലപ്പുഴ, കൊല്ലം കരിമണൽ ഖനനം, നിരവധി പാറമടകൾക്കെതിരായ സമരങ്ങൾ, നെല്ലിയാമ്പതി, മെത്രാൻ കായൽ, ആലപ്പുഴയിലെ റിസോർട്ട് കൈയേറ്റങ്ങൾ... എണ്ണിയാലൊടുങ്ങാത്ത ഇടങ്ങളിലെ ജനശബ്ദം മാധ്യമം ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. അതുപോലെ തന്നെ ജനാധിപത്യത്തിന് ഭീഷണിയാകുന്ന ഘട്ടങ്ങളിൽ മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ശബ്ദിക്കാൻ 'മാധ്യമം' ഒരിക്കലും മടികാണിച്ചില്ല. തനിക്കു ശരി എന്ന് തോന്നാവുന്ന ഏതഭിപ്രായവും തുറന്നെഴുതാനുള്ള ഒരു ഇടം, എന്ന നിലയിൽ 'മാധ്യമം' നൽകിയ അവസരങ്ങൾ ഏറെ പ്രധാനമായിരുന്നു. അതിൽ ഒരിടത്തും പത്രാധിപരോ പത്രഉടമകളോ ഇടപെടാറുണ്ടായിരുന്നതേയില്ല. നേരെ എതിരഭിപ്രായം എഴുതാൻ കഴിഞ്ഞിരുന്നല്ലോ. ആശയത്തിനെന്നപോലെ ആ വിഷയത്തിന്റെ എത്ര വിശദാംശങ്ങൾ നൽകുന്നതിനും അവർ തടസ്സമായില്ല. പലപ്പോഴും ലേഖനങ്ങൾ വലുതായിരുന്നപ്പോൾ എനിക്കുതന്നെ ആശങ്കയുണ്ടായിരുന്നു. പക്ഷേ, ഒരു വരിപോലും വിടാതെ അവയെല്ലാം അച്ചടിച്ചുവന്നു.
ചില പ്രായോഗികതമൂലം പഴയതുപോലെ എഴുതാൻ എനിക്ക് കഴിയുന്നില്ലെങ്കിലും 'മാധ്യമം' അതിന്റെ നിലപാട് ഇന്നും തുടരുന്നു. ഏറ്റവുമൊടുവിൽ സി.എ.എ, കർഷകസമരങ്ങൾ മുതലായവയിലും അതിശക്തമായ നിലപാടാണ് 'മാധ്യമം' എടുത്തത്. വാളയാറിൽ പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു കൊലചെയ്ത കേസായാലും അലൻ താഹമാരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിഷയമായാലും അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിന്റെ കൊലപാതകമായിരുന്നാലും 'മാധ്യമം' കൃത്യമായ നിലപാടെടുത്തു. ദലിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും മറ്റേതൊരു ദുർബല ജനവിഭാഗങ്ങൾക്കും നീതിക്കായുള്ള പോരാട്ടങ്ങളിൽ അവർക്കു പക്ഷമുണ്ട്, അന്നും ഇന്നും.
(മാധ്യമം ആഴ്ചപ്പതിപ്പ് രജതജൂബിലി പതിപ്പ് പ്രസിദ്ധീകരിച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.