കേരളത്തിലെ മത്സ്യബന്ധന മേഖലയും അതുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും ഗുരുതര പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഒരു പതിറ്റാണ്ടിനിടയിൽ കേരളത്തിലെ മത്സ്യോൽപാദനം പകുതിയിൽ താഴെയായി ഇടിഞ്ഞു. കേരളീയരുടെ പ്രധാന മത്സ്യാഹാരമായ മത്തിയുടെ (ചാള) ഉൽപാദനമാകട്ടെ ഇക്കാലയളവിനുള്ളിൽ ഭയാനകമായി തകർന്നുകഴിഞ്ഞു. താഴെ പറയുന്ന കണക്കിൽനിന്ന് അത് വ്യക്തമാണ്.
2012ലെ റെക്കോഡ് ഉൽപാദനത്തിൽനിന്നും കുത്തനെയുണ്ടായ ഇടിവ് മേഖലയിലാകെ പരിഭ്രാന്തി പരത്തി. കഴിഞ്ഞ വർഷമാകട്ടെ നമ്മുടെ മത്സ്യമേഖലയിൽനിന്നും കാക്കക്ലാത്തി എന്ന മത്സ്യമാണ് കൂടുതൽ പിടിച്ചെടുത്തതും. അതാകട്ടെ, ഭക്ഷ്യയോഗ്യമായ മത്സ്യമല്ലതാനും! സാധാരണ ചാള കുറയുമ്പോൾ രക്ഷക്കെത്തുന്ന അയലയും ഇത്തവണ തുണച്ചിട്ടില്ല. അതിന്റെ ഉൽപാദനത്തിലും മുൻവർഷത്തേക്കാൾ 50 ശതമാനം കുറവുണ്ടായിരിക്കുകയാണ്. കേരളത്തിലെ കടുത്ത മത്സ്യവരൾച്ചയുടെയും തൊഴിലില്ലായ്മയുടെയും ഭീഷണമായ സൂചനകളാണിത് നൽകുന്നത്.
മത്തിയും കേരളീയ സമൂഹവും
ഈ രണ്ടു മത്സ്യങ്ങളുടെയും ഇടിവ് മത്സ്യത്തൊഴിലാളി സമൂഹത്തിനുമപ്പുറത്തുള്ള ജനസാമാന്യത്തിനും പ്രധാനപ്പെട്ടതാണ്. കേരളീയരാണ് ഇന്ത്യയിലേറ്റവും കൂടുതൽ മത്സ്യം കഴിക്കുന്നവർ, എന്നുവെച്ചാൽ േപ്രാട്ടീൻ ലഭ്യത ഉറപ്പുവരുത്തപ്പെട്ടവർ. ശരാശരി കേരളീയൻ ഒരു വർഷം 25 മുതൽ 30 കിലോഗ്രാം വരെ മീൻ കഴിക്കുന്നുണ്ട്. ശരാശരി ഇന്ത്യക്കാരന്റെ നാലിരട്ടി. ഇതിൽത്തന്നെ 30 ശതമാനവും മത്തിയാണ്. അടുത്തത് അയലയും. ഹൃേദ്രാഗത്തിനുള്ള പ്രതിവിധിയും, തലച്ചോറിന്റെ വളർച്ചക്കാവശ്യവുമായ ഒമേഗ-3 എന്ന ഫാറ്റി ആസിഡ് ഏറ്റവും കൂടുതലുമുള്ള രണ്ട് മത്സ്യങ്ങളാണിത്. കോവിഡ് പ്രതിരോധത്തിന്റെ കാലത്ത് ഇവയുടെ പ്രാധാന്യം വിശദീകരിക്കേണ്ടതില്ല.
ഈ വർഷം മുൻ വർഷത്തേക്കാൾ മോശപ്പെട്ട അവസ്ഥയാണുണ്ടാവുക എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞിരിക്കുന്നു. ജൂൺ ഒന്നിനുതന്നെ മുറതെറ്റാതെ കാലവർഷം വന്നെത്തിയ ഒരു കൊല്ലമല്ല ഇത്. പക്ഷേ, സാധാരണ മഴമേഘങ്ങളോടൊപ്പം തീരക്കടലിലെത്തുന്ന ചാളക്കൂട്ടത്തിൽ ഒന്നുപോലും ഒന്നരമാസമായിട്ടും എത്തിനോക്കിയിട്ടില്ല. സാധാരണ ഫെബ്രുവരിയോടെ ആദ്യത്തെ ഒരു ബാച്ച് തീരത്തെത്തും. ഇത്തവണ അതുമുണ്ടായിട്ടില്ല. ജനുവരി ഒന്നുമുതൽ കഴിഞ്ഞ ഏഴ് മാസമായിട്ടും എറണാകുളം ജില്ലയിലെ വലിയ വള്ളങ്ങൾ (ഇൻ-ബോർഡ് വള്ളങ്ങൾ) ഒന്നുപോലും തള്ളിയിട്ടില്ല. അപൂർവമായി പ്രത്യക്ഷപ്പെട്ട മത്തിയുടെ മുട്ടസഞ്ചിയിൽ മുട്ടയുമുണ്ടായില്ല. അടുത്തവർഷത്തേക്കുള്ള ഒരു സൂചനയുമാണിത്. വിഴിഞ്ഞം ഭാഗത്ത് മേയ് അവസാനം ഏകദേശം 200 ടൺ മത്തി കിട്ടിയെന്നാണ് ഒരു വിവരം.
മത്സ്യത്തൊഴിലാളികൾക്കു മത്തികിട്ടിയില്ലെങ്കിലും കേരളീയർക്ക് അതു ലഭിക്കുന്നുണ്ട്. മൂന്നുവർഷമായി നാം കഴിക്കുന്ന മത്തി തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ, തൂത്തുക്കുടി, പുതുശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുവരുന്നതാണ്. തമിഴർ അതിനെ വിളിക്കുന്നത് പേയ്ചാള എന്നാണ്. അവരത് കഴിക്കാറില്ല. അതു മുഴുവൻ കേരളത്തിലേക്ക് ഐസ് ചെയ്ത് കയറ്റി അയക്കും. കഴിഞ്ഞ വർഷം കേവലം 30 രൂപ കിലോക്ക് വിലയുണ്ടായിരുന്ന അവിടത്തെ മത്തിക്ക് ഇപ്പോൾ 100 രൂപ മുതൽ 120 രൂപ വരെ അവിടെ വിലയുണ്ട്. മുനമ്പം മത്തി, പുറക്കാട് ചാള എന്നൊക്കെ പേരിൽ നാം അത് 250-300 രൂപ കൊടുത്ത് വാങ്ങിക്കഴിക്കുന്നു. 2015 മുതൽ ഒമാനിൽനിന്നു തടിച്ചതും രുചികുറഞ്ഞതുമായ മത്തിയും നാം ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം മുതൽ ഗുജറാത്തിൽ അഞ്ച് രൂപമാത്രം വിലയുള്ള മത്തി ഇവിടെ കൊണ്ടുവന്ന് വലിയവിലയ്ക്ക് വിറ്റഴിക്കുന്നുമുണ്ട്.
ചരിത്രപരവും പാരിസ്ഥിതികവുമായ കാരണങ്ങളാൽ മത്തിക്ക് ഇത്തരത്തിലുള്ള തകർച്ച സ്വാഭാവികമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിലെ മത്സ്യങ്ങളെ സംബന്ധിച്ച വർഗീകരണം നടത്തി ആധികാരികമായി ആദ്യം പ്രസിദ്ധീകരിച്ചത് ഫ്രാൻസീസ് ഡേ എന്ന സായിപ്പാണ്. 1865ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'മലബാറിലെ മത്സ്യങ്ങൾ' എന്ന കൃതി ഈ മേഖലയെ സംബന്ധിച്ച ആധികാരിക വിവരണമാണ്. ചാളയുടെ തകർച്ചയെ സംബന്ധിച്ച സൂചനകളും അന്നേ അദ്ദേഹം നൽകിയിരുന്നു. 1820ൽ സിലോൺ തീരത്ത് കപ്പലിൽ വന്ന ഫ്രീയോ ഓഡോറിക്കിന് തീരക്കടലിൽ കുമിഞ്ഞുകൂടിയ മത്തിക്കൂട്ടം കാരണം തീരത്തേക്ക് കപ്പലടുപ്പിക്കാനാവാതെ ദിവസങ്ങളോളം കഴിയേണ്ടിവന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. 1856ൽ മലബാറിൽനിന്നും 150 'കണ്ടി' മത്തിനെയ്യ് കയറ്റുമതി ചെയ്തെങ്കിൽ രണ്ടുവർഷം കഴിഞ്ഞപ്പോഴത് അഞ്ചിലൊന്നായി കുറഞ്ഞ കാര്യവും ഫ്രാൻസീസ് ഡേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മീനെണ്ണ കൂടുതൽ വിറ്റാൽ അടുത്തഘട്ടത്തിൽ മത്സ്യത്തൊഴിലാളിയുടെ തൊഴിൽ നഷ്ടപ്പെടുമോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഒന്നര നൂറ്റാണ്ടുമുമ്പ് അദ്ദേഹം എഴുതിയ കാര്യങ്ങൾ ഇപ്പോഴും സംഗതമാണ്.
1940കളുടെ ആരംഭത്തിൽ മലബാറിലെ മീനെണ്ണ ഫാക്ടറികളുടെ എണ്ണം 203ൽനിന്ന് 603 ആയി വർധിച്ചു. അവർക്കുവേണ്ടിയുള്ള മത്തിപിടിത്തം രാപ്പകലില്ലാതെ നടന്നു. അതോടെ മത്തിയുടെ ഉൽപാദനം പൂർണമായും തകർന്നു. തുടർന്ന് 1942 മുതൽ 'മത്തിക്കൊല്ലി വലയും', 'ചാളക്കൊല്ലി വല'യും ബ്രിട്ടീഷ് സർക്കാർ നിരോധിച്ചു. 1943ൽ മദ്രാസ് ഫിഷറീസ് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന റാവു സാഹിബ് ദേവനേശനെ വിഷയം പഠിക്കാൻ സർക്കാർ നിയമിച്ചു. വലകളുടെ നിരോധനത്തോടൊപ്പം ഒരുതവണ ഒരു വള്ളം ഒരു 'മന്നി'ൽ (37 കിലോ) കൂടുതൽ മീൻ പിടിക്കരുത്, പിടിക്കുന്ന മത്തിയുടെ കുറഞ്ഞ വലുപ്പം 15 സെന്റിമീറ്ററാക്കണം തുടങ്ങിയ ശിപാർശ അദ്ദേഹം നൽകിയത് സർക്കാർ അംഗീകരിച്ചു. 1947ൽ ബ്രിട്ടീഷുകാർ പോയതിനുശേഷമാണ് ഇന്ത്യാസർക്കാർ നിരോധനം പിൻവലിച്ചത്. പക്ഷേ 1952ൽ മാത്രമാണ് മത്തി പഴയപോലെ തിരിച്ചുവന്നത്.
മുനമ്പം മത്തി, വൈപ്പിൻ ചാള!
കേരളത്തിൽ മത്തിയില്ലെങ്കിലും കേരളീയർക്ക് മത്തി ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം തുടങ്ങിയ സ്ഥലങ്ങളിലും ആന്ധ്രയിലെ കൃഷ്ണ-ഗോദാവരി ഭാഗങ്ങളിലെ കാക്കിനട, യാനം തുടങ്ങിയ സ്ഥലങ്ങളിലും ഇപ്പോൾ കേരളത്തിലെ അതേ സവിശേഷതകളുള്ള ചാള പിടിക്കുന്നുണ്ട്. ആന്ധ്രയിൽ കിലോക്ക് 30-40 രൂപക്ക് മീൻതീറ്റ ഫാക്ടറികളിലേക്ക് അയച്ചിരുന്ന ചാള മുഴുവൻ ഇപ്പോൾ കേരളത്തിലേക്ക് 100 രൂപക്ക് കയറ്റി അയക്കുകയാണ്. തമിഴർ ഈ ചാള കഴിക്കുന്നില്ല. അവരതിനെ 'പേയ്ചാള' എന്നാണു വിളിക്കുന്നത്. അവരും ഇപ്പോൾ 100 രൂപക്ക് കേരളത്തിലേക്ക് കയറ്റിയയക്കുകയാണ്. ഇവിടെ ചോമ്പാല, ചേറ്റുവ, കാളമുക്ക്, വളഞ്ഞവഴി തുടങ്ങിയ ഹാർബറുകളിൽ വലിയ വാഹനങ്ങളിലെത്തിച്ച് ചെറിയ വാഹനങ്ങളിലാക്കി റീപാക്ക് ചെയ്ത് റീട്ടെയിലായി അയക്കുകയാണ്.
നമ്മുടെ വിപണികളിൽ വൈപ്പിൻ മത്തി, പുറക്കാട് മത്തി എന്നീ പേരുകളിൽ കിലോക്ക് 300-320 രൂപക്ക് ഇവ വിറ്റഴിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷമായി കേരളത്തിലെ സ്ഥിതി ഇതാണ്!
1964ലും 1994ലും മത്തിക്ക് ഇന്നത്തേപ്പോലെ തകർച്ചയുണ്ടായിട്ടുണ്ട്. മീൻ കൂടുതൽ പിടിക്കുന്നതുമൂലം (ഓവർ ഫിഷിങ്) അല്ല ഈ തകർച്ചയെന്നതും പാരിസ്ഥിതിക ഘടകങ്ങളാണ് ഇതിൽ പ്രധാനമെന്നതുമായ വാദം ഇപ്പോൾ പ്രബലമാണ്. 25 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയെയാണ് ഇപ്പോൾ നേരിടുന്നത്. 2012ലെ അധിക ഉൽപാദനത്തിനുശേഷം 2013ൽ തീരക്കടലിന്റെ ചൂടുവർധിച്ചതും, 2014ൽ അധികം മഴ ലഭിച്ചതിനേത്തുടർന്ന് തീരക്കടലിലെ ഉപ്പിന്റെ അംശം താഴ്ന്നുപോയതും ഓക്സിജന്റെ അളവ് കുറഞ്ഞതും മത്തിയുടെ തീരത്തേക്കുള്ള വരവിനെ പ്രതികൂലമായി ബാധിച്ചു. 2015ലാകട്ടെ പസഫിക്കിൽ പ്രത്യക്ഷപ്പെട്ട എൽനിനോ പ്രതിഭാസംമൂലം കേരളതീരത്ത് പതിവായി ഉണ്ടാകാറുള്ള അപ് വെല്ലിങ് (താര്, കിറവ്) ക്രമംതെറ്റിയതും ചാളയുടെ ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വെള്ളത്തെ ചൂടുപിടിപ്പിക്കുന്ന എൽനിനോ പ്രഭാവം ഇപ്പോൾ കുറഞ്ഞിട്ടുണ്ടെങ്കിലും അത് ലാനിനോ (തണുക്കൽ) പ്രക്രിയയിലേക്ക് മാറിയിട്ടില്ല എന്നത് ഉൽപാദനം പുനരാരംഭിക്കാത്തതിനിടയാക്കിയിട്ടുണ്ട്. കടലിലെ 'ഭക്ഷ്യശൃംഖല'യിലെ പ്രധാനിയാണ് മത്തിയെന്നതിനാൽ അതിന്റെ കുറവ് ചില ഇനങ്ങളുടെ ആധിക്യത്തിലേക്കോ കുറവിലേക്കോ നയിച്ചിട്ടുണ്ട്. കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലിഫിഷ് ക്രമാതീതമായി വർധിച്ചതും കഴിഞ്ഞവർഷം ക്ലാത്തി എന്ന മത്സ്യം കൂടുതൽ പിടിച്ചതും ഉദാഹരണം. (ഭക്ഷ്യയോഗ്യമാണെങ്കിലും ആരും അത് കഴിക്കാറില്ല.) മത്സ്യതീറ്റ ഫാക്ടറികളിലേക്കാണ് അത് കൈമാറ്റം ചെയ്യപ്പെടുന്നത്. ചാളയെ ഭക്ഷിക്കുന്ന സംരക്ഷിത ഇനത്തിൽപെട്ട കടൽപ്പന്നികൾ (ഡോൾഫിനുകൾ) കൂട്ടത്തോടെ തീരക്കടലിലേക്ക് വരുന്നതും മീൻപിടിക്കുന്ന സമയത്ത് വലകൾ കടിച്ചുകീറി നശിപ്പിക്കുന്നതും ഇപ്പോൾ സാധാരണമാണ്.
കാലാവസ്ഥാമാറ്റത്തിന്റെ പ്രഭാവം കേരളത്തിലെ മത്സ്യങ്ങളെ മാത്രമല്ല, ലോകമൊട്ടാകെയും സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കയിൽ ധാരാളമായി പിടിക്കുന്ന കാലിഫോർണിയൻ മത്തിയുടെ ഉൽപാദനം 10 വർഷത്തിനിടയിൽ 18 ലക്ഷം ടണ്ണിൽനിന്നും കേവലം 86,000 ടണ്ണായി കുറഞ്ഞു. മത്തി ഇനത്തിൽപെട്ട (ക്ലൂപിഡ്) ഹെറിങ്, പിൽചാഡ്, ഷാഡ് മത്സ്യങ്ങൾക്കും വിവിധ രാജ്യങ്ങളിൽ സമാനമായ തകർച്ചയുണ്ടായിട്ടുണ്ട്. കാലാവസ്ഥാമാറ്റം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന (ക്ലൈമറ്റ് സെൻസിറ്റിവ്) ഒരു ഇനമാണ് മത്തി എന്ന് ചുരുക്കം.
പ്രത്യാഘാതം
കേരളത്തിൽ കടലിൽ പോയി മത്സ്യം പിടിക്കുന്ന സജീവ മത്സ്യത്തൊഴിലാളികൾ ഒന്നരലക്ഷം പേരുണ്ടെന്നാണ് കണക്ക്. ഇതിൽ ഒന്നേകാൽ ലക്ഷം പേരും അയല, ചാള, നത്തോലി, വറ്റ തുടങ്ങിയ ഉപരിതല മത്സ്യങ്ങളെയാണ് (പെലാജിക്) പിടിക്കുന്നത്. ആലപ്പുഴ ജില്ലയിൽ ഒരാൾമാത്രം പ്രവർത്തിക്കുന്ന പൊന്ത് (തെർമോകോൾ) വള്ളം മുതൽ അമ്പതുപേർ വരെ കയറുന്ന ഇൻ-ബോർഡ് വള്ളങ്ങളിലും ആയിരക്കണക്കായ ഔട്ട്ബോർഡ് വള്ളങ്ങൾ വരെയുള്ളതിലാണ് ഇവർ തൊഴിലെടുക്കുന്നത്. കയറ്റുമതി പ്രധാനമായ മത്സ്യങ്ങളെ പിടിക്കുന്ന േട്രാളിങ് ബോട്ടുകളിലെയും, വിദൂര മത്സ്യബന്ധനത്തിലേർപ്പെടുന്ന ചൂണ്ട, ഗിൽനെറ്റ് ബോട്ടുകളിലെയും തൊഴിലാളികളിൽ തൊണ്ണൂറു ശതമാനവും കുളച്ചൽ, തൂത്തൂർ ഭാഗങ്ങളിൽനിന്നും വരുന്ന തമിഴ് തൊഴിലാളികളാണ്. സമീപകാലത്ത് 'ഭായി'മാരും പണിയെടുക്കാനുണ്ട്. പക്ഷേ 'മക്കളെപ്പോറ്റി മത്സ്യം' പിടിക്കുന്നവരാണ് ഇവിടത്തെ പരമ്പരാഗത തൊഴിലാളികൾ. ഈ മത്സ്യങ്ങളുടെ തകർച്ച ഏഴരലക്ഷം മത്സ്യത്തൊഴിലാളികളുടെയും കുടുംബത്തെയാണ് ബാധിക്കുന്നത്.
മാറ്റമില്ലാതെ തുടരുന്ന മത്സ്യവറുതി തൊഴിലാളികളുടെ വരുമാനത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. 2012ൽ മീൻ കൂടുതൽ ലഭിച്ച വർഷം ഒരു തൊഴിലാളിക്ക് 120 തൊഴിൽ ദിനങ്ങളുണ്ടായിരുന്നത് ഇപ്പോൾ കേവലം 40 ദിവസമായി കുറഞ്ഞു. ആ വർഷം ഇൻ-ബോർഡ് വള്ളത്തിലെ ഒരു സജീവ മത്സ്യത്തൊഴിലാളിക്ക് പ്രതിവർഷം 89,000 രൂപ ലഭിച്ചപ്പോൾ 2018ൽ അത് കേവലം 48,000 രൂപയായി കുറഞ്ഞു. തൊഴിലുറപ്പു പദ്ധതിക്കാർക്ക് ഇതിലും മെച്ചമാണ് അവസ്ഥ!
മത്സ്യവരൾച്ചക്കു പുറമെ പല കാലത്തുമായുള്ള മത്സ്യബന്ധന നിരോധനവും പ്രശ്നമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എട്ട് തീവ്ര ന്യൂനമർദങ്ങളും കൊടുങ്കാറ്റുകളും അതിന്റെ ഭാഗമായ മത്സ്യബന്ധന നിരോധനവും ഉണ്ടായിട്ടുണ്ട്.
മുൻകാലത്തെ ഉൽപാദനരംഗത്തെ തകർച്ചയെക്കാൾ സമീപകാലത്തെ തകർച്ചയുടെ ആഘാതം കൂടുതൽ ഗൗരവമുള്ളതാണ്. വലിയ പേഴ്സീൻ ബോട്ടുകളോടും േട്രാൾ ബോട്ടുകളോടും മത്സരിച്ച് വലിയ വള്ളങ്ങൾ വെക്കാൻ മത്സ്യത്തൊഴിലാളി സമൂഹവും നിർബന്ധിതരായിരിക്കുകയാണ്. ഇത്തരമൊരു ഇൻ-ബോർഡ് വള്ളം നിർമിക്കുന്നതിന് 60 ലക്ഷം മുതൽ 80 ലക്ഷം രൂപവരെ ചെലവാകും. സഹകരണ സംഘങ്ങളിൽനിന്നും കൊള്ളപ്പലിശക്ക് പണം നൽകുന്ന സ്വകാര്യ പണമിടപാടുകാരിൽനിന്നും തരകന്മാരിൽനിന്നുമാണ് ഗ്രൂപ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ യൂനിറ്റുകൾ കടം വാങ്ങി പ്രവർത്തിക്കുന്നത്. ഈ മധ്യവർത്തികളുടെ ചൂഷണം വള്ളം പ്രവർത്തിക്കുന്ന കാലത്തോളം തുടരും. മീൻ കിട്ടിയാലുമില്ലെങ്കിലും പലിശ, തേയ്മാനം ഇനത്തിൽ പ്രതിവർഷം 10 ലക്ഷം രൂപയെങ്കിലും അധികച്ചെലവ് വരും. മീനില്ലാത്തതിനാൽ പകുതിയോളം മത്സ്യബന്ധന യൂനിറ്റുകളും ഇപ്പോൾ പ്രവർത്തനരഹിതമായിക്കഴിഞ്ഞിരിക്കുന്നു. പ്രവർത്തിക്കുന്ന യാനങ്ങൾക്കാകട്ടെ ഇടിത്തീപോലെ ഉയരുന്ന ഇന്ധനവിലയും തടസ്സമാണ്.
സാമ്പത്തിക പാക്കേജ്
ഇത്തരം തകർച്ചയുടെ ഘട്ടങ്ങളിൽ സർക്കാറിന്റെ സാമ്പത്തിക ആശ്വാസ പദ്ധതികൾ മേഖലക്ക് വളരെ അടിയന്തരമായിത്തീർന്നിരിക്കുകയാണ്. മത്സ്യമേഖലക്ക് നൽകുന്ന സബ്സിഡികൾ അമിത മത്സ്യചൂഷണത്തിന് വഴിവെക്കുമെന്ന ന്യായം വികസിത രാജ്യങ്ങൾ സാർവദേശീയ സ്ഥാപനങ്ങളിൽ ഉന്നയിക്കുകയും അതിനെ എതിർക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇതിന് നേതൃത്വം നൽകുന്ന അമേരിക്കപോലും മത്സ്യതകർച്ചയുടെ ഘട്ടത്തിൽ സ്വന്തം രാജ്യത്ത് വലിയ സാമ്പത്തിക ആനുകൂല്യ പാക്കേജ് പ്രഖ്യാപിക്കാറുമുണ്ട്. 10 വർഷത്തിനിടയിൽ ഉത്തര-പൂർവ ദേശത്തെ ചില മത്സ്യങ്ങളുടെയും മിസിസിപ്പിയിലെ സൗണ്ട് ഫിഷറിയുടെയും അലാസ്ക ചിനൂക്കിലെ സാൽമൺ മത്സ്യത്തിന്റെയും തകർച്ചയെ തുടർന്ന് 840 ദശലക്ഷം ഡോളറാണ് (5880 കോടി രൂപ) ആശ്വാസ നടപടിക്കായി നൽകിയത്. അവരുടെ ഫിഷറീസ് നിയമങ്ങളിൽതന്നെ ഇതിനുള്ള വകുപ്പുകളുമുണ്ട്. 1994ലെ മത്തിയുടെ തകർച്ചയെ തുടർന്ന് സമീപ സംസ്ഥാനമായ കർണാടകയും ചില സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുകയുണ്ടായി. ഈ സാഹചര്യത്തിൽ കേരളത്തിലെ മത്സ്യമേഖലയിലെ വരൾച്ച കണക്കിലെടുത്ത് സംസ്ഥാനത്തെ മത്സ്യവറുതി മേഖലയായി അടിയന്തരമായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരു മത്സ്യവറുതി രക്ഷാ പാക്കേജ് പ്രഖ്യാപിക്കേണ്ടതുണ്ട്. നാണ്യവിള മേഖലയിലെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലും വയനാട്ടിലും പ്രഖ്യാപിച്ച പാക്കേജുകളുടെ രൂപത്തിൽ തീരപ്രദേശത്തും പാക്കേജ് അനുവദിക്കേണ്ടതുണ്ട്.
രാജ്യാന്തരതലത്തിൽ മത്സ്യമേഖലയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽവേണം കേരളത്തിൽ നടപ്പാക്കുന്ന േട്രാളിങ് നിരോധനം എന്ന പരിപാലന പദ്ധതിയെ നാം വിലയിരുത്താൻ. കേരളത്തിൽ ഡോ. ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ ശിപാർശയെ തുടർന്ന് 1988 മുതൽ നടപ്പാക്കുന്ന സംവിധാനമാണ് വർഷകാല േട്രാളിങ് നിരോധനം. കേരളതീരത്ത് വർഷംമൂലം കടൽ തണുക്കുകയും തീരത്തുനിന്നും 42 നദികൾ ഒഴുക്കിക്കൊണ്ടുവരുന്ന അവസാദങ്ങൾ മത്സ്യത്തിന് ഭക്ഷണമാകുകയും ചെയ്യുന്ന മൺസൂൺ കാലത്ത് മൂന്നുമാസം േട്രാളിങ് നിരോധിക്കണം എന്ന ശിപാർശയാണ് ഡോ. ബാലകൃഷ്ണൻ നായർ മുന്നോട്ടുവെച്ചത്. 1994 മുതൽ കേരളതീരത്ത് 47 ദിവസം േട്രാളിങ് നിരോധനം നടപ്പാക്കപ്പെടുന്നുണ്ട്. തുടർന്ന് രണ്ട് ഘട്ടങ്ങളിലായി കേരളസർക്കാർ ഇതേ ബാലകൃഷ്ണൻ നായരെത്തന്നെ ചെയർമാനായി കമ്മിറ്റി രൂപവത്കരിക്കുകയും കമ്മിറ്റി അതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ േട്രാളിങ് നിരോധനം ശിപാർശ ചെയ്യുകയുമുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ 14 പഠനറിപ്പോർട്ടുകളും മറ്റ് കമ്മിറ്റികളും േട്രാളിങ് നിരോധന ശിപാർശയിലാണ് എത്തപ്പെട്ടിരിക്കുന്നതും.
ഇന്ത്യാസമുദ്രത്തിൽ ഏറ്റവും കുറഞ്ഞ കാലയളവ് േട്രാളിങ് നിരോധനമുള്ള സംസ്ഥാനം കേരളമാണ്.
എന്നിങ്ങനെയാണ് കണക്ക്.
ഇന്ത്യാ സർക്കാറാകട്ടെ ഏപ്രിൽ 15 മുതൽ ജൂൺ 15 വരെ ഇന്ത്യയുടെ കിഴക്കൻ തീരത്തും ജൂൺ മുതൽ ജൂലൈ 31 വരെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തും േട്രാളിങ് നിരോധിച്ചിരിക്കുകയുമാണ്.
ഏറ്റവും വിനാശകരമായ -ഡിസ്ട്രക്ടിവ്-ഒരു മത്സ്യബന്ധന സംവിധാനമാണ് േട്രാളിങ്. ഭാരമേറിയ രണ്ട് ഓട്ടർ ബോട്ടുകൾ കടലിലേക്കിറക്കി കടലിന്റെ അടിത്തട്ടിനെ ഉഴുതുമറിച്ചാണ് ഈ മത്സ്യബന്ധന സംവിധാനം. ബോട്ടിന്റെ എൻജിന്റെ പവർ കൂടുമ്പോൾ താഴേത്തട്ടിലുള്ള മത്സ്യം മാത്രമല്ല മത്സ്യത്തിന് ജീവിക്കാനാവശ്യമായ മറ്റു വസ്തുക്കളെയും നശിപ്പിച്ചാണ് ഈ മത്സ്യബന്ധന സംവിധാനം. ഇതിന്റെ പ്രഹരശേഷി മനസ്സിലാക്കി അമേരിക്ക അവരുടെ പടിഞ്ഞാറൻ തീരത്ത് 1.5 ലക്ഷം കിലോമീറ്റർ പ്രദേശത്ത് ഇത് നിരോധിക്കുകയുണ്ടായി. 1980 മുതൽ ഇന്തോനേഷ്യയും 2017 മുതൽ ശ്രീലങ്കയും അവരുടെ കടലോരങ്ങളിൽ പൂർണമായും േട്രാളിങ് നിരോധിക്കുകയുണ്ടായി. ഇന്ത്യയിലെ കയറ്റുമതി ചെയ്യപ്പെടുന്ന മത്സ്യങ്ങളിൽ ഭൂരിപക്ഷവും േട്രാളിങ്ങിലൂടെയാണ് ലഭിക്കുന്നതെന്നതിനാലാണ് ഇവിടെ പൂർണനിരോധനം നടപ്പാക്കാത്തത്.
ഇന്ത്യൻ സർക്കാറിന്റെ നിലപാട്
ഇന്ത്യൻ സർക്കാർ സമീപകാലത്ത് അതിന്റെ നീല സമ്പദ് വ്യവസ്ഥ -ബ്ലൂ ഇക്കോണമി- സംബന്ധിച്ച നയരേഖകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഴക്കടലിൽ കുത്തക കമ്പനികൾക്ക് തുടർന്നും പ്രവർത്തിക്കാൻ അനുമതി നൽകണമെന്നതാണ് കേന്ദ്രസർക്കാറിന്റെ നിലപാട്. ഈ ലക്ഷ്യത്തോടെ ഇന്ത്യാ സർക്കാർ 2014ൽ രൂപവത്കരിച്ച മീനാകുമാരി കമീഷൻ ഇന്ത്യയുടെ കടലുകളിൽ 1172 വിദേശ കപ്പലുകളടക്കം പ്രവർത്തിപ്പിക്കണമെന്ന നിലപാടാണെടുത്തത്. രാജ്യത്തുയർന്നുവന്ന ശക്തമായ സമരങ്ങളെത്തുടർന്ന് പിന്നീട് ബി.ജെ.പി സർക്കാർ മീനാകുമാരി റിപ്പോർട്ട് മരവിപ്പിച്ചു. വിദേശ കപ്പലുകൾക്കുള്ള എല്ലാ ലൈസൻസുകളും റദ്ദു ചെയ്യപ്പെട്ടു. പുതിയ ബ്ലൂ ഇക്കോണമി നയരേഖയിൽ വീണ്ടും ആഴക്കടലിൽ ഇന്ത്യൻ കുത്തകകൾക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുകയാണ്. ഇതിനനുസൃതമായി നമ്മുടെ ഫിഷറി രേഖയും, കേന്ദ്ര ഫിഷറി ബില്ലും തയാറാക്കി കഴിഞ്ഞിട്ടുമുണ്ട്. ഇതിനെതിരെ രാജ്യവ്യാപകമായി തൊഴിലാളികൾ യോജിച്ച് പ്രക്ഷോഭത്തിന് തയാറെടുത്തുകൊണ്ടിരിക്കുകയുമാണ്.
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി -ടി.യു.സി.ഐ പ്രസിഡന്റാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.