ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന​​ക​​ത്തെ ഫാ​​ഷി​സ്റ്റ് ഒ​​ളി​​യി​​ട​​ങ്ങ​​ൾ

അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന്​ മു​ക്കാ​ൽ നൂ​റ്റാ​ണ്ട്​ പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ജ​നാ​ധി​പ​ത്യം ഗൗ​ര​വ​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. എ​ങ്ങ​നെ​യാ​ണ്​ ഒ​​രു ജ​​നാ​​ധി​​പ​​ത്യ ഭ​​ര​​ണ​​ഘ​​ട​​ന​​യെ നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ്ടു​ത​​ന്നെ സ്വാ​​ത​​ന്ത്ര്യ പൗ​​രാ​​വ​​കാ​​ശ നി​​ഷേ​​ധ​​ങ്ങ​​ൾ സാ​​ധ്യ​​മാ​​കു​​ന്ന​​ത്? വ്യ​​ക്തി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന സ്വാ​​ത​​ന്ത്ര്യ​​വും നീ​​തി​​യും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ൽ ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന നി​​ര​​ന്ത​​രം പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​ണ്​? എ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്​ നി​യ​മ​പ​ര​മാ​യ അ​ട്ടി​മ​റി​ക​ൾ സം​ഭ​വി​ച്ച​ത്​? ^ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും നി​യ​മ​ജ്ഞ​നും ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​യ ലേ​ഖ​ക​ന്റെ വി​ശ​ക​ല​ന​വും വി​മ​ർ​ശ​ന​വും.

ഭ​​ര​​ണ​​ഘ​​ട​​നാ ത​​ത്ത്വ​​ങ്ങ​​ളെ ഭേ​​ദ​​ഗ​​തി ചെ​​യ്യാ​​തെ ഭ​​ര​​ണ​​ഘ​​ട​​ന​​യെ നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ്ടു​​ത​​ന്നെ രാ​​ജ്യ​​ത്തെ ഭ​​ര​​ണ​​ഘ​​ട​​നാ വാ​​ഴ്ച ഇ​​ല്ലാ​​താ​​ക്കാ​​ൻ ക​​ഴി​​ഞ്ഞേ​​ക്കു​മെ​​ന്ന് അം​​ബേ​​ദ്‌​​ക​​ർ​ത​​ന്നെ ഭ​​യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്തു​​കൊ​​ണ്ടാ​​ണ് ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ ഭ​​ര​​ണ​നി​​ർ​വ​​ഹ​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​പു​​ല​​മാ​​യ അ​​നു​​ച്ഛേ​​ദ​​ങ്ങ​​ൾ ഉ​​ൾ​​ച്ചേ​​ർ​​ത്ത​​ത് എ​​ന്ന​​തി​​ന് അം​​ബേ​​ദ്‌​​ക​​ർ ന​​ൽ​​കി​​യ വി​​ശ​​ദീ​​ക​​ര​​ണം വ​​ലി​​യ ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള ഒ​​രു...

ഭ​​ര​​ണ​​ഘ​​ട​​നാ ത​​ത്ത്വ​​ങ്ങ​​ളെ ഭേ​​ദ​​ഗ​​തി ചെ​​യ്യാ​​തെ ഭ​​ര​​ണ​​ഘ​​ട​​ന​​യെ നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ്ടു​​ത​​ന്നെ രാ​​ജ്യ​​ത്തെ ഭ​​ര​​ണ​​ഘ​​ട​​നാ വാ​​ഴ്ച ഇ​​ല്ലാ​​താ​​ക്കാ​​ൻ ക​​ഴി​​ഞ്ഞേ​​ക്കു​മെ​​ന്ന് അം​​ബേ​​ദ്‌​​ക​​ർ​ത​​ന്നെ ഭ​​യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്തു​​കൊ​​ണ്ടാ​​ണ് ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ ഭ​​ര​​ണ​നി​​ർ​വ​​ഹ​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​പു​​ല​​മാ​​യ അ​​നു​​ച്ഛേ​​ദ​​ങ്ങ​​ൾ ഉ​​ൾ​​ച്ചേ​​ർ​​ത്ത​​ത് എ​​ന്ന​​തി​​ന് അം​​ബേ​​ദ്‌​​ക​​ർ ന​​ൽ​​കി​​യ വി​​ശ​​ദീ​​ക​​ര​​ണം വ​​ലി​​യ ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള ഒ​​രു ഏ​​ക​ക​​ക്ഷി ഭ​​ര​​ണ​​ത്തി​​ൽ വ​​ന്നാ​​ൽ അ​​വ​​ർ​ ഭ​​ര​​ണ​​ഘ​​ട​​ന​​യെ അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യെ പ​​ര​​മാ​​വ​​ധി ത​​ട​​യു​​ക, ഭ​​ര​​ണ​​ഘ​​ട​​നാ സം​​വി​​ധാ​​ന​​ങ്ങ​​ളെ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്റെ (Executive) നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ​നി​​ന്ന് പ​​ര​​മാ​​വ​​ധി അ​​ക​​റ്റിനി​​ർ​​ത്തു​​ക എ​​ന്ന​​താ​​യി​​രു​​ന്നു. 1948 ന​​വം​​ബ​​ർ നാ​ലി​ന് ​ഭ​​ര​​ണ​​ഘ​​ട​​നാ നി​​ർ​​മാ​​ണ​സ​​ഭ​​യി​​ൽ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ൽ ഭ​​ര​​ണ​​ഘ​​ട​​നാ ധാ​​ർ​​മി​​ക​​ത ജ​​ന​​ങ്ങ​​ൾ ആ​​ന്ത​​ര​​വ​​ത്ക​​രി​​ച്ച ഒ​​രു സ​​മൂ​​ഹ​​ത്തി​​ൽ മാ​​ത്ര​​മേ ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ​നി​​ന്ന് ഭ​​ര​​ണനി​​ർ​​വ​ഹ​​ണ​​ത്തി​​ന്റെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കാ​​നും അ​​വ​​യെ നി​​യ​​മ​​നി​​ർ​​മാ​​ണ​സ​​ഭ​​യു​​ടെ വി​​വേ​​ച​​ന​ബു​​ദ്ധി​​ക്കും അ​​ധി​​കാ​​ര​​ത്തി​​നും വി​​ട്ടു​കൊ​​ടു​​ക്കാ​​നും ക​​ഴി​​യൂ എ​​ന്ന് അം​​ബേ​​ദ്‌​​ക​​ർ പ​​റ​​യു​​ന്നു​​ണ്ട്. അ​​ത്ത​​ര​​ത്തി​​ൽ പ​​ക്വ​​ത പ്രാ​​പി​​ക്കാ​​ത്ത ഒ​​രു ജ​​ന​​ത​​യാ​​യ​​തു​കൊ​​ണ്ട് ഭര​​ണ​​ഘ​​ട​​ന​​യി​​ൽ ഭ​​ര​​ണ​നി​​ർ​വ​​ഹ​​ണ​​ത്തി​​ന്റെ വി​​പു​​ല​​മാ​​യ അ​​നു​​ച്ഛേ​​ദ​​ങ്ങ​​ൾ ഉ​​ൾ​​ച്ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ഇ​​ത്ര​​യും ക​​രു​​ത​​ലും ജാ​​ഗ്ര​​ത​​യും പു​​ല​​ർ​​ത്തി​​യി​​ട്ടും വ്യ​​ക്തി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന സ്വാ​​ത​​ന്ത്ര്യ​​വും നീ​​തി​​യും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ൽ ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന നി​​ര​​ന്ത​​രം പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്നു എ​​ന്ന​​താ​​ണ് ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ എ​​ഴു​​പ​​ത്-​എ​​ഴു​​പ​​ത്തി​​ര​​ണ്ട് വ​​ർ​​ഷ​​ത്തെ ജീ​​വി​​താ​​നു​​ഭ​​വം. ഇ​​ത് എ​​ന്തു​​കൊ​​ണ്ട് സം​​ഭ​​വി​​ക്കു​​ന്നു? എ​​ങ്ങ​​നെ​​യാ​​ണ് ഒ​​രു ജ​​നാ​​ധി​​പ​​ത്യ ഭ​​ര​​ണ​​ഘ​​ട​​ന​​യെ നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ണ്ടു​ത​​ന്നെ സ്വാ​​ത​​ന്ത്ര്യ പൗ​​രാ​​വ​​കാ​​ശ നി​​ഷേ​​ധ​​ങ്ങ​​ൾ സാ​​ധ്യ​​മാ​​കു​​ന്ന​​ത് എ​​ന്ന​​താ​​ണ് കാ​​ത​​ലാ​​യ ചോ​​ദ്യം.

ഇ​​ക്ക​​ഴി​​ഞ്ഞ ജൂ​​ലൈ 27ന് ​​ജ​​സ്റ്റി​​സ് ഖാ​ൻ​​വി​​ൽ​ക​​ർ അ​​ധ്യ​​ക്ഷ​​നാ​​യ സു​​പ്രീം​കോ​​ട​​തി​​യി​​ലെ മൂ​​ന്നം​​ഗ ബെ​​ഞ്ച് ക​​ള്ള​​പ്പ​​ണം ത​​ട​​യു​​ന്ന​​തി​​നാ​​യു​​ള്ള 2002 നി​​യ​​മ​​ത്തി​​ൽ (Prevention of Money laundering act, 2002) 2018 ൽ ​കൊ​​ണ്ടു​​വ​​ന്ന ഭേ​​ദ​​ഗ​​തി​​ക​​ൾ ശ​​രി​​വെ​ച്ചു. ക്രി​​മി​​ന​​ൽ നി​​യ​​മ ത​​ത്ത്വ​​സം​​ഹി​​ത​​യി​​ലെ (Criminal Jurisprudence) പ്രാ​​ഥ​​മി​​ക ത​​ത്ത്വ​​ങ്ങ​​ളു​​ടെ​​യും നീ​​തി​​യു​​ടെ​​യും വി​​രു​​ദ്ധ​​മാ​​യ നി​​യ​​മ​​ങ്ങ​​ളാ​​ണ് സു​​പ്രീം​കോ​​ട​​തി ശ​​രി​​വെ​​ച്ച​​ത്. ഇ​​തൊ​​രു ഒ​​റ്റ​​പ്പെ​​ട്ട വ്യ​​തി​​ച​​ല​​ന​​മ​​ല്ല. വ​ർ​ഷ​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന പ്ര​​ക്രി​​യ​​യി​​ലെ ഒ​​രു പു​​തി​​യ അ​​ധ്യാ​​യം മാ​​ത്ര​​മാ​​ണി​​ത്. എ​​ങ്ങ​​നെ​​യാ​​ണ് ജ​​നാ​​ധി​​പ​​ത്യ ഭ​​ര​​ണ​​ഘ​​ട​​ന നി​​ല​​വി​​ലു​​ള്ള രാ​​ജ്യ​​ത്ത് വ്യ​​ക്തി​സ്വാ​​ത​​ന്ത്ര്യ​​ത്തെ​​യും അ​​ടി​​സ്ഥാ​​ന സ്വാ​​ഭാ​​വി​​ക നീ​​തി​​യെ​​യും നി​​ഷേ​​ധി​​ച്ചു​​കൊ​​ണ്ടു​​ള്ള നി​​യ​​മ​നി​​ർ​​മാ​​ണ​​ങ്ങ​​ൾ സാ​​ധ്യ​​മാ​​കു​​ന്ന​​ത് എ​​ന്ന​​ത് ഏ​​തൊ​​രാ​​ൾ​​ക്കും തോ​​ന്നാ​​വു​​ന്ന സം​​ശ​​യ​​വും ആ​​ശ​​ങ്ക​​യു​​മാ​​ണ്.

സുപ്രീംകോടതി

ഒ​​രു ജ​​നാ​​ധി​​പ​​ത്യ രാ​​ഷ്ട്ര​​ത്തി​​ൽ വ്യ​​ക്തി​സ്വാ​​ത​​ന്ത്ര്യ​​ത്തെ​​യും അ​​വ​​കാ​​ശ​​ങ്ങ​​ളെ​​യും ഹ​​നി​​ക്കു​​ന്ന നി​​യ​​മ​നി​​ർ​​മാ​​ണം സാ​​ധ്യ​​മാ​​കു​​ന്ന​​ത് എ​​ങ്ങ​​നെ​​യാ​​ണ്, വ്യ​​ക്തി​സ്വാ​​ത​​ന്ത്ര്യ​​വും ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്റെ അ​​ധി​​കാ​​ര​​ങ്ങ​​ളും ത​​മ്മി​​ലും നി​​യ​​മ​​നി​ർ​മാ​ണ​​സ​​ഭ​​യും നീ​​തി​​ന്യാ​​യ​​വി​​ഭാ​​ഗ​​വും ത​​മ്മി​​ലും ഇ​​ത്ത​​രം നി​​യ​​മ​​ങ്ങ​​ളു​​ടെ നി​​ർ​മാ​​ണ​​ത്തി​​ന്റെ​​യും വ്യാ​​ഖ്യാ​​ന​​ത്തി​​ന്റെ​​യും ത​​ല​​ത്തി​​ൽ ഉ​​യ​​ർ​​ന്നു​വ​​രു​​ന്ന സം​​ഘ​​ർ​​ഷ​​ങ്ങ​​ളും വൈ​​രു​​ധ്യ​​ങ്ങ​​ളും എ​​ന്തൊ​​ക്കെ​​യാ​​ണ്, ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ എ​​ങ്ങ​​നെ​​യാ​​ണ് വ്യ​​ക്തി​സ്വാ​​ത​​ന്ത്ര്യ​​വും ജീ​​വി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​വും ഉ​​ൾ​​ച്ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന​​ത്, അ​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​മാ​​യ നി​​യ​​മ​​ത​ത്ത്വ​ങ്ങ​​ൾ എ​​ന്തെ​​ല്ലാ​​മാ​​ണ്, എ​​ങ്ങ​​നെ​​യാ​​ണ് ഇ​​വി​​ട​ത്തെ ഉ​​ന്ന​​ത​നീ​​തി​​പീ​​ഠം ഈ ​​ഭ​​ര​​ണ​​ഘ​​ട​​നാ അ​​നു​​ച്ഛേ​​ദ​​ങ്ങ​​ളെ​​യും ത​ത്ത്വ​ങ്ങ​​ളെ​​യും വ്യാ​​ഖ്യാ​​നി​​ച്ച​​ത് എ​​ന്നെ​​ല്ലാ​​മാ​​ണ് ഇ​​വി​​ടെ പ​​രി​​ശോ​​ധി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത്. ഇ​​ത് വ്യ​​ക്തി​​ക​​ളു​​ടെ സ്വാ​​ത​​ന്ത്ര്യ​​ത്തെ​​യും അ​​വ​​കാ​​ശ​​ങ്ങ​​ളെ​​യും നി​​യ​​ന്ത്രി​​ക്കു​​ന്ന എ​​ല്ലാ നി​​യ​​മ​​ങ്ങ​​ൾ​​ക്കും ബാ​​ധ​​ക​​മാ​​ണ് എ​​ന്നു​​കൂ​​ടി കൂ​​ട്ടി​​ച്ചേ​​ർ​​ക്ക​​ട്ടെ.

നീ​​തി​​യാ​​ണ് ജ​​ന​ാ​ധി​​പ​​ത്യ​​ത്തി​​ന്റെ അ​​ടി​​സ്ഥാ​​ന​​വും ആ​​ത്യ​​ന്തി​​ക ല​​ക്ഷ്യ​​വും. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഒ​​രു രാ​​ഷ്ട്രത്തി​​ലെ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്റെ സൂ​​ചി​​ക അ​​ത് അ​​വി​​ട​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ളെ എ​​ത്ര​​മാ​​ത്രം മാ​​നി​​ക്കു​​ന്നു, സം​​ര​​ക്ഷി​​ക്കു​​ന്നു, എ​​ത്ര​​മാ​​ത്രം നീ​​തി​​യു​​ക്ത​​മാ​​യ ഒ​​രു നി​​യ​​മ​​വാ​​ഴ്ച (rule of law) ആ ​​രാ​​ജ്യ​​ത്ത് നി​​ല​​നി​​ൽ​​ക്കു​​ന്നു എ​​ന്ന​​തി​​നെ​​യെ​​ല്ലാം അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ്. ഇ​​തി​​ൽ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട അ​​വ​​കാ​​ശ​​ങ്ങ​​ളാ​​ണ് ജീ​​വി​​ക്കാ​​നും സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു​​മു​​ള്ള അ​​വ​​കാ​​ശം (right to life and liberty). ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 21ാം ​അ​​നു​​ച്ഛേ​​ദ​​ത്തി​​ലാ​​ണ് ഇ​​ത് ഉ​​ൾ​​ച്ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന​​ത്. നി​​യ​​മ​​ത്താ​​ൽ സ്ഥാ​​പി​​ത​​മാ​​യ മാ​​ർ​​ഗ​​ത്തി​​ലൂ​​ടെ​​യ​​ല്ലാ​​തെ ഒ​​രു വ്യ​​ക്തി​​യു​​ടെ​​യും ജീ​​വ​​നോ സ്വാ​​ത​​ന്ത്ര്യ​​മോ ഹ​​നി​​ക്കാ​​ൻ പാ​​ടി​​ല്ല എ​​ന്നാ​​ണ് അ​​നു​​ച്ഛേ​​ദം 21 പ​​റ​​യു​​ന്ന​​ത് (No person shall be deprived of his life or personal liberty except according to procedure established by law). 1215ലെ ​​മാ​​ഗ്നാ കാ​​ർ​​ട്ട​​യി​​ൽ 39ാം ​വ​​കു​​പ്പാ​​ണ് ഈ ​​അ​​വ​​കാ​​ശ​​ത്തി​​ന്റെ പ്ര​​ഭ​​വ​കേ​​ന്ദ്രം. അ​​ത് ഇ​​ങ്ങ​​നെ​​യാ​​ണ്: ''No free man shall be taken and imprisoned or disseized or exiled or in any way destroyed nor will go upon him nor send upon him, except by the lawful judgment of his peers and by the law of the land.'' ഇ​​തി​​ൽ 'law of the land' എ​​ന്ന​​തി​​ൽ​നി​​ന്നാ​​ണ് due process എ​​ന്ന നി​​യ​​മത​​ത്ത്വം വി​​ക​​സി​​ച്ചു​വ​​രു​​ന്ന​​ത്.

വ്യ​​ക്തി​​ക​​ൾ​​ക്കു​​ള്ള അ​​വ​​കാ​​ശ​​ങ്ങ​​ളെ രാ​​ഷ്ട്രം മാ​​നി​​ക്ക​​ണം എ​​ന്നാ​​ണ് due process എ​​ന്ന​​തു​​കൊ​​ണ്ട് അ​​ർ​​ഥ​​മാ​​ക്കു​​ന്ന​​ത്. രാ​​ഷ്ട്രം നി​​യ​​മ​​ത്തി​​ന് വി​​ധേ​​യ​​മാ​​യി​​രി​​ക്കു​​ക​​യും വ്യ​​ക്തി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് രാ​​ഷ്ട്രം അ​​നി​​യ​​ന്ത്രി​​ത​​മാ​​യി ക​​ട​​ന്നു​​ക​​യ​​റു​​ന്ന​​തി​​ൽ​നി​​ന്ന് ത​​ട​​യു​​ക​​യും ചെ​​യ്യു​​ന്നു. Due process എ​​ന്ന​​തി​​ന് നി​ർ​മാ​ണ​ത​​ല​​വും (substantive aspect) നി​​ർ​വ​ഹ​​ണ​ത​​ല​​വു​​മു​​ണ്ട് (procedural aspect ). രാ​​ഷ്ട്രം ഒ​​രു നി​​യ​​മം നി​​ർ​​മി​ക്കു​​ക​​യും ആ ​​നി​​യ​​മ​​ത്തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വ്യ​​ക്തി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ളെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ന് ആ ​​നി​​യ​​മ​​ത്തി​​ൽ​ത​​ന്നെ മാ​​ർ​ഗ​നി​​ർ​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ൽ ആ ​​നി​​ർ​​ദേ​ശ​​ങ്ങ​​ൾ കൃ​​ത്യ​​മാ​​യി പാ​​ലി​​ച്ചി​​ട്ടാ​​ണോ നി​​യ​​മം പ്ര​​യോ​​ഗി​​ച്ച​​തെ​​ന്ന് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​താ​​ണ് അ​​തി​​ന്റെ നി​​ർ​​വ​ഹ​​ണത​​ലം. അ​​തേ​സ​​മ​​യം ആ ​​നി​​യ​​മംത​​ന്നെ ശ​​രി​​യാ​​ണോ, നി​​യ​​മം നീ​​തി​​യു​​ക്ത​​വും ന്യാ​​യീ​​ക​​രി​​ക്ക​​ത്ത​​ക്ക​​തും അ​​നി​​യ​​ന്ത്രി​​താ​​ധി​​കാ​​ര​​ങ്ങ​​ൾ ഇ​​ല്ലാ​​ത്ത​​തു​​മാ​​ണോ എ​​ന്നെ​​ല്ലാം പ​​രി​​ശോ​​ധി​​ക്കു​​ന്ന​​താ​​ണ് നി​ർ​മാ​ണ​​ത​​ലം. ഇ​​ത് സ്വാ​​ഭാ​​വി​​ക നീ​​തി​​യു​​ടെ (natural justice) കൂ​​ടി ഭാ​​ഗ​​മാ​​ണ്. നി​​യ​​മ​​നി​ർ​മാ​ണ​ത​​ല​​ത്തി​​ലും നി​​ർ​​വ​​ഹ​​ണ​ത​​ല​​ത്തി​​ലും വ്യ​​ക്തി​​ക്ക് നീ​​തി ഉ​​റ​​പ്പു വ​​രു​​ത്തു​​ക എ​​ന്ന​​താ​​ണ് due process എ​​ന്ന​​തു​കൊ​​ണ്ട് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. നി​​യ​​മ​നി​​ർ​​വ​​ഹ​​ണം നി​​യ​​മ​​ത്തി​​ന് അ​​നു​​സൃ​​ത​​മാ​​ക​​ണം. ഒ​​രു നി​​യ​​മം നി​​ർ​​മി​ക്കാ​​ൻ നി​​യ​​മ​​നി​ർ​മാ​ണ സ​​ഭ​​ക്ക് അ​​ധി​​കാ​​ര​മു​​ണ്ടാ​​യി​​രി​​ക്കും;​ ആ ​അ​​ധി​​കാ​​ര​​പ​​രി​​ധി​​ക്കു​​ള്ളി​​ൽ (legislative power) നി​​ന്നു​​കൊ​​ണ്ടു​​ത​​ന്നെ​​യാ​​യി​​രി​​ക്കും നി​​യ​​മം നി​​ർ​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, അ​​ങ്ങ​​നെ നി​​ർ​​മി​ച്ച നി​​യ​​മം ശ​​രി​​യാ​​യ നി​​യ​​മ​​മാ​​ണോ, നീ​​തി​​യു​​ക്ത​​മാ​​ണോ നീ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന ത​ത്ത്വ​ങ്ങ​​ളു​​ടെ ലം​​ഘ​​ന​​മു​​ണ്ടോ എ​​ന്നെ​​ല്ലാം പ​​രി​​ശോ​​ധി​​ക്കു​​ന്ന​​താ​​ണ് നി​ർ​മാ​ണ​ത​​ലം. പ​​ല നി​​യ​​മ​​ങ്ങ​​ളും നി​​യ​​മ​​നി​ർ​മാ​ണാ​​ധി​​കാ​​ര​​ത്തി​​ൽ​​പെ​​ട്ട​​തും നി​​യ​​മ​​നി​ർ​മാ​ണ സ​​ഭ​​യു​​ടെ വീ​​ക്ഷ​​ണ​​ത്തി​​ൽ ശ​​രി​​യാ​​യ​​തു​​മാ​​യി​​രി​​ക്കും. എ​​ന്നാ​​ൽ, നി​ർ​മാ​ണ​​ത​ല​​ത്തി​​ൽ പ​​രി​​ശോ​​ധി​​ക്കു​​മ്പോ​​ൾ അ​​വ പ​​ല​​തും ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​വും റ​​ദ്ദ് ചെ​​യ്യ​​പ്പെ​​ടേ​​ണ്ട​​തു​​മാ​​കും. നി​ർ​മാ​ണ​ത​​ല​​ത്തി​​ലും നി​​ർ​​വ​​ഹ​​ണ​ത​​ല​​ത്തി​​ലു​​മു​​ള്ള due process ഒ​​രു ജ​​നാ​​ധി​​പ​​ത്യ രാ​​ഷ്ട്ര​​ത്തി​​ന്റെ നി​​യ​​മ​സം​​ഹി​​ത​​യി​​ൽ ഉ​​ണ്ടെ​​ങ്കി​​ൽ മാ​​ത്ര​​മേ വ്യ​​ക്തി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കു​മേ​​ൽ രാ​​ഷ്ട്രം/​ഭ​​ര​​ണ​​കൂ​​ടം ന​​ട​​ത്തു​​ന്ന അ​​നി​​യ​​ന്ത്രി​​ത​​മാ​​യ ക​​ട​​ന്നു​ക​​യ​​റ്റ​​ത്തെ ചെ​​റു​​ത്തു​​കൊ​​ണ്ട് വ്യ​​ക്തി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​നും നി​​യ​​മ​​വാ​​ഴ്ച ഉ​​റ​​പ്പു​വ​​രു​​ത്താ​​നും സാ​​ധി​​ക്കൂ.

ഇം​​ഗ്ല​​ണ്ടി​​ൽ ഈ ​​നി​​യ​​മ​ത​ത്ത്വം കാ​​ല​​ങ്ങ​​ളി​​ലൂ​​ടെ വി​​ക​​സി​​ച്ചു​വ​​രു​​ക​​യും (customary precedent) ഇം​​ഗ്ലീ​​ഷ് നി​​യ​​മ​​വ്യ​​വ​​സ്ഥ​​യു​​ടെ ഭാ​​ഗ​​മാ​​വു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. അ​​മേ​​രി​​ക്ക​​യി​​ൽ പ്ര​​ത്യ​​ക്ഷ​​മാ​​യി​​ത്ത​​ന്നെ ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ ഇ​​ത് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. പ​​ത്തു ഭ​​ര​​ണ​​ഘ​​ട​​നാ ഭേ​​ദ​​ഗ​​തി​​ക​​ൾ വ​​ഴി​​യാ​​ണ​​ല്ലോ മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ൾ അ​​മേ​​രി​​ക്ക​​ൻ ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ ഉ​​ൾ​​ച്ചേ​​ർ​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ അ​​ഞ്ചാ​​മ​​ത്തെ ഭേ​​ദ​​ഗ​​തി​​യാ​​ണ് നീ​​തി​​യു​​ക്ത​​മാ​​യ മാ​​ർ​​ഗ​ത്തി​​ലൂ​​ടെ​​യ​​ല്ലാ​​തെ വ്യ​​ക്തി​​ക​​ളു​​ടെ ജീ​​വ​​നും സ്വാ​​ത​​ന്ത്ര്യ​​വും സ്വ​​ത്തും നി​​ഷേ​​ധി​​ക്കാ​​ൻ പാ​​ടി​​ല്ല എ​​ന്ന് വ്യ​​വ​​സ്ഥ ചെ​​യ്യു​​ന്ന​​ത് (Person's life, liberty or property would not be deprived without due process of law). ആ​​ദ്യം ഇ​​ത് ഫെ​​ഡ​​റ​​ൽ നി​​യ​​മ​​ങ്ങ​​ൾ​​ക്ക് മാ​​ത്ര​​മാ​​ണ് ബാ​​ധ​​ക​​മാ​​യി​​രു​​ന്ന​​ത് എ​​ങ്കി​​ൽ 14ാം ഭേ​​ദ​​ഗ​​തി വ​​ഴി സം​​സ്ഥാ​​ന നി​​യ​​മ​​ങ്ങ​​ൾ​​ക്കു​കൂ​​ടി ബാ​​ധ​​ക​​മാ​​ക്കി.

രാ​​ഷ്ട്രം വ്യ​​ക്തി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ ലം​​ഘി​​ക്കു​​ന്ന​​തി​​ൽ​നി​​ന്ന് സം​​ര​​ക്ഷ​​ണം ന​​ൽ​​കാ​​ൻ ബാ​​ധ്യ​​ത​​പ്പെ​​ട്ട ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്റെ​ത​​ന്നെ സ്ഥാ​​പ​​നം നീ​​തി​​ന്യാ​​യ വി​​ഭാ​​ഗ​​മാ​​ണ് (judiciary). നേ​​ര​​ത്തേ പ​​റ​​ഞ്ഞ​​തു​പോ​​ലെ രാ​​ഷ്ട്ര​​ത്തി​​നെ​​തി​​രെ വ്യ​​ക്തി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​തി​​ന് നീ​​തി​​ന്യാ​​യ സം​​വി​​ധാ​​ന​​ത്തി​​ന് നി​​യ​​മസം​​വി​​ധാ​​നം ന​​ൽ​​കു​​ന്ന നൈ​​യാ​​മി​​ക അ​​ടി​​ത്ത​​റ​​യാ​​ണ് due process. Due process നി​​യ​​മസം​​വി​​ധാ​​ന​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യാ​​ൽ അ​​നി​​വാ​​ര്യ​​മാ​​യും സം​​ഭ​​വി​​ക്കു​​ന്ന​​ത് നി​​യ​​മ​​നി​ർ​മാ​ണ​​സ​​ഭ നി​​ർ​​മി​​ക്കു​​ന്ന ഓ​​രോ നി​​യ​​മ​​വും നി​​ശി​​ത​​മാ​​യ നീ​​തി​​ന്യാ​​യ പ​​രി​​ശോ​​ധ​​ന​​ക്ക് (judicial review) വി​​ധേ​​യ​​മാ​​ക്ക​​പ്പെ​​ടും എ​​ന്ന​​താ​​ണ്. ഓ​​രോ നി​​യ​​മ​​വും വ്യ​​ക്തി​​ക​​ൾ കോ​​ട​​തി​​ക​​ളി​​ൽ ചോ​​ദ്യം​ചെ​​യ്യു​​ക​​യും പ​​ല​​തും കോ​​ട​​തി​​ക​​ൾ ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച് റ​​ദ്ദാ​​ക്കു​​ക​​യും ചെ​​യ്യും. ജ​​ന​​കീ​​യ ഇ​​ച്ഛ​​യാ​​ൽ തെ​​ര​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഒ​​രു നി​​യ​​മ​​നി​ർ​മാ​ണ​സ​​ഭ​​യു​​ടെ തീ​​രു​​മാ​​ന​​ങ്ങ​​ളാ​ണ് ഇ​​ങ്ങ​​നെ ഏ​​താ​​നും ന്യാ​​യാ​​ധി​​പ​​രു​​ടെ വി​​വേ​​ച​​ന​ബു​​ദ്ധി​​കൊ​​ണ്ട് വി​​ധി നി​​ർ​​ണ​​യി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. പ​​ല​​പ്പോ​​ഴും സാ​​മൂ​​ഹി​​ക പു​​രോ​​ഗ​​തി​​ക്ക് അ​​നി​​വാ​​ര്യ​​മാ​​യ നി​​യ​​മ​​ങ്ങ​​ൾ​പോ​​ലും നീ​​തി​​ന്യാ​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​ക്ക​​പ്പെ​​ടും. രാ​​ഷ്ട്ര​​ത്തി​​ന്റെ താ​​ൽ​​പ​ര്യം എ​​ന്താ​​ണ് എ​​ന്ന​​തി​​ൽ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്റെ ര​​ണ്ടു വി​​ഭാ​​ഗ​​ങ്ങ​​ളാ​​യ നി​​യ​​മ​​നി​ർ​മാ​ണ​​സ​​ഭ​​യും നീ​​തി​​ന്യാ​​യ​​വി​​ഭാ​​ഗ​​വും ത​​മ്മി​​ൽ നി​​ര​​ന്ത​​രം സം​​ഘ​​ർ​​ഷ​​ത്തി​​ലാ​​കും. ഈ ​​ഒ​​രു വൈ​​രു​​ധ്യം അ​​ല്ലെ​​ങ്കി​​ൽ വെ​​ല്ലു​​വി​​ളി due process എ​​ന്ന സ​​ങ്ക​​ൽ​​പ​​ന​​ത്തി​​ൽ അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​നാ നി​​ർ​​മാ​​താ​​ക്ക​​ളെ​​യും ഈ ​​പ്ര​​ശ്നം അ​​ല​​ട്ടി​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ നി​ർ​മാ​ണ​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ച​​ർ​​ച്ച​​ക​​ൾ​​ക്കും ത​​ർ​​ക്ക​​ങ്ങ​​ൾ​​ക്കും വ​​ഴി​​വെ​​ച്ച​​ത് ഈ ​​അ​​നു​ച്ഛേ​​ദ​​ത്തെ​​ക്കു​​റി​​ച്ചാ​​ണ് (ക​​ര​​ടി​​ൽ അ​​നു​​ച്ഛേ​​ദം 15, ഇ​​പ്പോ​​ൾ 21). കൊ​​ളോ​​ണി​​യ​​ൽ നി​​യ​​മ​​സം​​വി​​ധാ​​ന​​ത്തി​​ന് കീ​​ഴി​​ൽ അ​​വ​​കാ​​ശ​​ങ്ങ​​ൾ നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട, അ​​തി​​നെ​​തി​​രെ സ​​മ​​രം ചെ​​യ്ത ദേ​​ശീ​​യ പ്ര​​സ്ഥാ​​ന​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യ​​വ​​ർ ആ​​യി​​രു​​ന്നു ഭ​​ര​​ണ​​ഘ​​ട​​നാ​ നി​ർ​മാ​ണ​​സ​​ഭ​​യി​​ലെ അം​​ഗ​​ങ്ങ​​ൾ. സാ​​മ്രാ​​ജ്യ​​ത്വ നി​​യ​​മ​​സം​​വി​​ധാ​​ന​​ത്തി​​ന്റെ എ​​ല്ലാ​​വി​​ധ അ​​ടി​​ച്ച​​മ​​ർ​​ത്ത​​ലു​​ക​​ളും അ​​നു​​ഭ​​വി​​ച്ച​​വ​​ർ. അ​​വ​​ർ​​ക്ക് ഈ ​​അ​​ടി​​ച്ച​​മ​​ർ​​ത്ത​​ൽ നി​​യ​​മ​​ങ്ങ​​ളെ കു​​ട​​ഞ്ഞെ​​റി​​ഞ്ഞ് വ്യ​​ക്തി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ളും സ്വാ​​ത​​ന്ത്ര്യ​​വും ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്ക​​ണ​മെ​​ന്നു​​ണ്ടാ​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, വ​​ർ​​ഗീ​യ​​ത​​യു​​ടെ​​യും വി​​ഭ​​ജ​​ന​​ത്തി​​ന്റെ​​യും പ്ര​​ത്യ​​ക്ഷ അ​​നു​​ഭ​​വ​​ങ്ങ​​ൾ ഭൂ​​പ​​രി​​ഷ്ക​​ര​​ണം​പോ​​ലു​​ള്ള സാ​​മൂ​​ഹി​​ക പു​​രോ​​ഗ​​തി​​ക്കു വേ​​ണ്ടി​​യു​​ള്ള അ​​ടി​​സ്ഥാ​​ന നി​​യ​​മ​നി​ർ​മാ​ണം ന​​ട​​ത്താ​​ൻ due process ത​​ട​​സ്സ​​മാ​​വു​​മോ എ​​ന്ന ആ​​ശ​​ങ്ക​​യും അം​​ഗ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. പ​​ക്ഷേ, ഈ ​​ആ​​ശ​​ങ്ക​​ക​​ൾ ഒ​​ക്കെ നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ഴും വ്യ​​ക്തിസ്വാ​​ത​​ന്ത്ര്യം ഉ​​റ​​പ്പു​വ​​രു​​ത്തു​​ന്ന നി​​ല​​യി​​ൽ due process ഉ​​ൾ​​പ്പെ​​ടു​​ത്തി​​ത്ത​​ന്നെ​​യാ​​ണ് ഉ​​പ​​ദേ​​ശ​​ക സ​​മി​​തി ക​​ര​​ട് ത​​യാ​റാ​​ക്കി​​യ​​ത്.

ഗാന്ധിജിയുടെ ഭൗതികശരീരം ​െപാതുദർശനത്തിന്​ വെച്ചപ്പോൾ

ഭ​​ര​​ണ​​ഘ​​ട​​നാ നി​ർ​മാ​ണ സ​​ഭ​​യു​​ടെ ഉ​​പ​​ദേ​​ശ​​ക​​ൻ ആ​​യി​​രു​​ന്നു ഡോ. ​​ബി.​എ​​ൻ. റാ​​വു. 1947 ഒ​​ക്ടോ​​ബ​​റി​​ൽ ക​​ര​​ട് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന സ​​മ​​യ​​ത്ത് റാ​​വു 'liberty' എ​​ന്ന​​തി​​നോ​​ടു​​കൂ​​ടി 'personal' എ​​ന്നു​​കൂ​​ടി ചേ​​ർ​​ത്തു. ലി​​ബ​​ർ​​ട്ടി​​യെ പേ​​ഴ്സ​ന​​ൽ ലി​​ബ​​ർ​​ട്ടി മാ​​ത്ര​​മാ​​ക്കി ചു​​രു​​ക്കി​​യ​​ത് വ്യ​​ക്തി​​സ്വാ​​ത​​ന്ത്ര്യ​​ത്തെ വ​​ള​​രെ​​യ​​ധി​​കം പ​​രി​​മി​​ത​​പ്പെ​​ടു​​ത്താ​​ൻ ഇ​​ട​​യാ​​ക്കി​യെ​​ന്ന് ഭ​​ര​​ണ​​ഘ​​ട​​നാ പ​​ഠി​​താ​​ക്ക​​ൾ പി​​ന്നീ​​ട് വി​​ല​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ട്. ഈ ​​സ​​മ​​യ​​ത്തു​ത​​ന്നെ റാ​​വു ഭ​​ര​​ണ​​ഘ​​ട​​നാ നി​ർ​മാ​ണ​​ത്തെ​​ക്കു​​റി​​ച്ച് നി​​യ​​മ​​ജ്ഞ​​രും ഭ​​ര​​ണ​​ഘ​​ട​​നാ വി​​ദ​​ഗ്ധ​​രു​​മാ​​യി ച​​ർ​​ച്ച​ചെ​​യ്യു​​ന്ന​​തി​​നാ​​യി അ​​മേ​​രി​​ക്ക, കാ​​ന​​ഡ, ഇം​​ഗ്ല​​ണ്ട് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു. ഇ​​തി​​ൽ അ​​മേ​​രി​​ക്ക​​യി​​ൽ​വെ​​ച്ച് ജ​​സ്റ്റി​​സ് ഫെ​​ലി​​ക്സ് ഫ്രാ​​ങ്ക്ഫ​ർ​​ട്ട​​റു​​മാ​​യി (justice Felix Frankfurter) സം​​സാ​​രി​​ക്കാ​​ൻ ഇ​​ട​​വ​​ന്ന​​ത് വ​​ള​​രെ നി​​ർ​​ണാ​​യ​​ക​​മാ​​യി. Due process എ​​ന്ന സ​​ങ്ക​​ൽ​പം നി​​യ​​മ​​നി​ർ​മാ​ണ​​സ​​ഭ​​യു​​ടെ അ​​ധി​​കാ​​ര​​ങ്ങ​​ളെ എ​​ത്ര​​മാ​​ത്രം പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ന്നു​വെ​​ന്ന് അ​​ദ്ദേ​​ഹം റാ​​വു​​വി​​നെ ബോ​​ധ്യ​​പ്പെ​​ടു​​ത്തി. തി​​രി​​ച്ചു വ​​ന്ന റാ​​വു​​വി​​ന് ക​​ര​​ട് നി​ർ​മാ​ണ ക​​മ്മി​​റ്റി​​യെ (drafting committee) ത​​ന്റെ ചി​​ന്ത​​ക​​ൾ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​ൻ സാ​​ധി​​ച്ചി​​ല്ല. ക​​ര​​ട് ക​​മ്മി​​റ്റി​​യി​​ൽ അം​​ബേ​​ദ്ക​​ർ, മു​​ൻ​​ഷി, അ​​യ്യ​​ർ, സാ​​ദു​​ല്ല എ​​ന്നി​​വ​​ർ due processന് ​​അ​​നു​​കൂ​​ല​​മാ​​യി നി​​ന്നു. എ​​ൻ.​ജി. ​അ​​യ്യ​​ങ്കാ​​ർ, ഖൈ​​ത്താ​​ൻ, മാ​​ർ​​വാ​​രി എ​​ന്നി​​വ​​ർ എ​​തി​​രാ​​യും. Due process ഒ​​ഴി​​വാ​​ക്ക​​ണം എ​​ങ്കി​​ൽ അ​​നു​​കൂ​​ല​​മാ​​യി നി​​ൽ​​ക്കു​​ന്ന നാ​​ലു​പേ​​രി​​ൽ ഒ​​രാ​​ൾ അ​​പ്പു​​റ​​ത്തേ​​ക്ക് മാ​​റ​​ണം. അ​​യ്യ​​ങ്കാ​​രു​​ടെ നി​​ര​​ന്ത​​ര​​മാ​​യ പ്രേ​​ര​​ണ​​യി​​ൽ അ​​യ്യ​​ർ പ്ര​​തി​​കൂ​​ലി​​ക​​ളു​​ടെ കൂ​​ട്ട​​ത്തി​​ലേ​​ക്കു മാ​​റി. 1948 ജ​​നു​​വ​​രി 30ന് ​​ഗാ​​ന്ധി ഹി​​ന്ദു തീ​​വ്ര​​വാ​​ദി​​യു​​ടെ വെ​​ടി​​യേ​​റ്റ് കൊ​​ല്ല​​പ്പെ​​ട്ട​​പ്പോ​​ൾ വ​​ർ​​ഗീ​​യ​​ത​​യെ ചെ​​റു​​ക്കാ​​നു​​ള്ള നി​​യ​​മ​​നി​ർ​മാ​ണ​​ത്തി​​ന് due process ഒ​​ഴി​​വാ​​ക്ക​​ണ​മെ​​ന്ന് വ്യാ​​പ​​ക​​മാ​​യി പ്ര​​ച​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ക​​യും ആ ​​പ്ര​​ചാ​​ര​​ണ​​ത്തി​​ന് സ്വീ​​കാ​​ര്യ​​ത ല​​ഭി​​ക്കു​​ക​​യും ചെ​​യ്തു. അ​​ങ്ങ​​നെ due process എ​​ന്ന​​ത് മാ​​റ്റി 'according to procedure established by law' എ​​ന്നാ​​ക്കി മാ​​റ്റി. പ​​ക്ഷേ, ഈ ​​അ​​നു​​ച്ഛേ​​ദ​​ത്തി​​ന്റെ ക​​ര​​ട് ഭ​​ര​​ണ​​ഘ​​ട​​നാ നി​ർ​മാ​ണ സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​പ്പോ​​ൾ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. നി​​ര​​വ​​ധി ഭേ​​ദ​​ഗ​​തി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ടു. ക​​ര​​ട് ക​​മ്മി​​റ്റി​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന കെ.​എം. മു​​ൻ​​ഷി​ത​​ന്നെ പ്ര​​തി​​ഷേ​​ധ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി. മു​​ൻ​​ഷി​​യു​​ടെ നി​​ർ​​ബ​​ന്ധ​​ത്തി​​ൽ ക​​ര​​ട് ക​​മ്മി​​റ്റി 1948 മാ​​ർ​​ച്ചി​​ൽ ഈ ​​അ​​നു​​ച്ഛേ​​ദം പു​​നഃ​​പ​​രി​​ശോ​​ധി​​ക്കാ​​ൻ ത​​യാ​​റാ​​യെ​​ങ്കി​​ലും due process തി​​രി​​ച്ചു കൊ​​ണ്ടു​​വ​​രാ​​ൻ വി​​സ​​മ്മ​​തി​​ച്ചു. 1948 ഡി​​സം​​ബ​​ർ 13ന് ​​ഭേ​​ദ​​ഗ​​തി​​ക​​ളെ​​ല്ലാം ത​​ള്ളി​​ക്കൊ​​ണ്ട് ക​​ര​​ട് അ​​തേ​​രൂ​​പ​​ത്തി​​ൽ ഭ​​ര​​ണ​​ഘ​​ട​​നാ നി​ർ​മാ​ണ​സ​​ഭ അം​​ഗീ​​ക​​രി​​ച്ചു. പൊ​​തു​​ജ​​ന അ​​ഭി​​പ്രാ​​യ​​ത്തി​​നാ​​യി പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​പ്പോ​​ൾ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ എ​​തി​​ർ​​പ്പ് ഉ​​യ​​ർ​​ന്ന​​തും ഈ ​​അ​​നു​​ച്ഛേ​​ദ​​ത്തി​​നെ​​തി​​രെ​​യാ​​യി​​രു​​ന്നു.


ഈ ​​സ​​മ​​യ​​ങ്ങ​​ളി​​ൽ പ്ര​​വി​​ശ്യ​​ക​​ളി​​ൽ നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന ക​​രു​​ത​​ൽ ത​​ട​​ങ്ക​​ൽ നി​​യ​​മ​​ങ്ങ​​ളു​​ടെ പ്ര​​യോ​​ഗ​​ങ്ങ​​ൾ ഇ​​ത് എ​​ത്ര​​മാ​​ത്രം മൗ​​ലി​​കാ​​വ​​കാ​​ശ​​ങ്ങ​​ളു​​ടെ നി​​ഷേ​​ധ​​ത്തി​​ന് അ​​വ​​സ​​രം ഒ​​രു​​ക്കു​​മെ​​ന്ന് അം​​ഗ​​ങ്ങ​​ളി​​ൽ ഭ​​യ​​പ്പാ​​ടു​​ണ്ടാ​​ക്കി. ത​​ങ്ങ​​ൾ ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്തി​​യ വ്യ​​ക്തിസ്വാ​​ത​​ന്ത്ര്യ​​ത്തെ എ​​ങ്ങ​​നെ പു​​നഃ​​സ്ഥാ​​പി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന് ചി​​ന്തി​​ക്കാ​​ൻ അ​​വ​​ർ നി​​ർ​ബ​​ന്ധി​​ത​​രാ​​യി. 1949 മേ​​യി​​ൽ നി​​ര​​വ​​ധി അം​​ഗ​​ങ്ങ​​ൾ ഭ​​ര​​ണനി​​ർ​​വ​ഹ​​ണ വി​​ഭാ​​ഗ​​ത്തി​​ന് (executive) വ്യ​​ക്തി​​ക​​ളെ ത​​ട​​വി​​ലാ​​ക്കാ​​നു​​ള്ള അ​​ധി​​കാ​​ര​​ത്തെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ന് നി​​ര​​വ​​ധി ഭേ​​ദ​​ഗ​​തി​​ക​​ൾ കൊ​​ണ്ടു​​വ​​ന്നു. ഒ​​ടു​​വി​​ൽ ഭ​​ര​​ണ​​ഘ​​ട​​ന അ​​വ​​സാ​​ന​​മാ​​യി അം​​ഗീ​​ക​​രി​​ക്കാ​​നു​​ള്ള സ​​മ​​യം​കൂ​​ടി അ​​ടു​​ത്തു​വ​​ന്ന​​പ്പോ​​ൾ ഒ​​ത്തു​​തീ​​ർ​​പ്പെ​​ന്ന നി​​ല​​യി​​ൽ അം​​ബേ​​ദ്ക​​ർ 1949 സെ​​പ്റ്റം​​ബ​​ർ 15 ന് 15 A (​​ഇ​​പ്പോ​​ൾ 22) എ​​ന്നൊ​​രു പു​​തി​​യ അ​​നു​​ച്ഛേ​​ദം കൊ​​ണ്ടു​​വ​​രു​ക​​യും ഭ​​ര​​ണ​​കൂ​​ടം ക​​രു​​ത​​ൽ ത​​ട​​ങ്ക​​ൽ വ​​ഴി വ്യ​​ക്തിസ്വാ​​ത​​ന്ത്ര്യ​​ത്തെ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​മ്പോ​​ൾ പാ​​ലി​​ക്കേ​​ണ്ട നി​​ര​​വ​​ധി നി​​ബ​​ന്ധ​​ന​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. അ​​ങ്ങ​​നെ ഇ​​ന്ന് കാ​​ണു​​ന്ന രൂ​​പ​​ത്തി​​ൽ 21, 22 അ​​നു​​ച്ഛേ​​ദ​​ങ്ങ​​ൾ നി​​ല​​വി​​ൽ വ​​ന്നു. അം​​ബേ​​ദ്ക​​റു​​ടെ വാ​​ദ​​ങ്ങ​​ൾ​​ക്ക് അം​​ഗ​​ങ്ങ​​ൾ വ​​ഴി​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു; അ​​ർ​​ധമ​​ന​​സ്സോ​​ടെ. ഡ്രാ​​ഫ്റ്റി​ങ് ക​​മ്മി​​റ്റി അ​​ധ്യ​​ക്ഷ​​ൻ എ​​ന്ന​നി​​ല​​യി​​ൽ ക​​ര​​ട് അം​​ഗ​​ങ്ങ​​ളെ​​ക്കൊ​​ണ്ട് അം​​ഗീ​​ക​​രി​​പ്പി​​ക്കാ​​ൻ അം​​ബേ​​ദ്ക​​ർ ബാ​​ധ്യ​​സ്ഥ​​നാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടാ​​ണ് due processന് ​​അ​​നു​​കൂ​​ല​​മാ​​യി​​ട്ടും അം​​ബേ​​ദ്ക​​റി​​ന് തി​​രി​​ച്ചു വാ​​ദി​​ക്കേ​​ണ്ടി​വ​​ന്ന​​ത്. ഇ​​തി​​നെ​​ക്കു​​റി​​ച്ച് ഭ​​ര​​ണ​​ഘ​​ട​​നാ ച​​രി​​ത്ര​​കാ​​ര​​നാ​​യ ഗ്രാ​​ൻ​​വി​​ല്ലി ഓ​​സ്റ്റി​​ൻ (Granville Austin) പ​​റ​​യു​​ന്ന​​ത് ത​​ന്റെ വാ​​ദ​​ങ്ങ​​ൾ അം​​ബേ​​ദ്ക​​ർ​ത​​ന്നെ വി​​ശ്വ​​സി​​ച്ചി​​രു​​ന്നോ​​യെ​​ന്ന് സം​​ശ​​യ​​മാ​​ണെ​​ന്നാ​​ണ്.

അ​​ങ്ങ​​നെ വ്യ​​ക്തി​​ക​​ളു​​ടെ സ്വാ​​ത​​ന്ത്ര്യ​​ത്തെ ഹ​​നി​​ക്കാ​​നും ത​​ട​​വി​​ലി​​ടാ​​നും അ​​തി​​ന് നി​​യ​​മ​​നി​ർ​മാ​ണം ന​​ട​​ത്താ​​നും ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന് അ​​നു​​വാ​​ദം ന​​ൽ​​കു​​ന്ന അ​​നു​​ച്ഛേ​​ദ​​ങ്ങ​​ൾ ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ​ത​​ന്നെ ഉ​​ൾ​​ച്ചേ​​ർ​​ക്ക​​പ്പെ​​ട്ടു. അ​​ത്ത​​രം നി​​യ​​മ​​ങ്ങ​​ളു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ സാ​​ധു​​ത ചോ​​ദ്യം​ചെ​​യ്യാ​​നും അ​​വ പ​​രി​​ശോ​​ധി​​ക്കാ​​ൻ കോ​​ട​​തി​​ക​​ൾ​​ക്ക് അ​​ധി​​കാ​​രം ന​​ൽ​​കു​​ന്ന due process എ​​ന്ന​​ത് അ​​തി​​ന്റെ നി​​ർ​​വ​ഹ​​ണ​​ത​ല​​ത്തി​​ൽ മാ​​ത്ര​​മാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. ഭ​​ര​​ണ​​ഘ​​ട​​ന നി​​ല​​വി​​ൽ വ​​ന്ന് ഉ​​ട​​നെ ത​​ന്നെ ഈ ​​പ​​രി​​മി​​തി അ​​നു​​ഭ​​വ​​ത്തി​​ൽ വ​​രു​ക​​യും ചെ​​യ്തു. അ​​താ​​ണ് പ്ര​​സി​​ദ്ധ​​മാ​​യ എ.​കെ. ഗോ​​പാ​​ല​​ൻ കേ​​സ്. മു​​പ്പ​​തു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് സോ​​ഷ്യ​​ലി​​സ്റ്റ് പാ​​ർ​​ട്ടി​​യി​​ലും 1951​ൽ ​ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ അ​​ഖി​​ലേ​​ന്ത്യാ കി​​സാ​​ൻ സ​​ഭ​​യു​​ടെ പ്ര​​സി​​ഡ​​ന്റു​​മാ​​യി​​രു​​ന്ന എ.​കെ. ഗോ​​പാ​​ല​​ൻ എ​​ന്ന എ.​കെ.​ജി ​നി​​ര​​ന്ത​​ര​​മാ​​യ സ​​മ​​ര​​ങ്ങ​​ളി​​ലൂ​​ടെ എ​​ന്നും ജ​​യി​​ലി​​ന് അ​​ക​​ത്തും പു​​റ​​ത്തു​​മാ​​യി​​രു​​ന്നു. 1950ലെ ​​ക​​രു​​ത​​ൽ ത​​ട​​ങ്ക​​ൽ നി​​യ​​മ​​പ്ര​​കാ​​രം എ.​കെ.​ജി​​യെ ത​​ട​​വി​​ലാ​​ക്കി. ഇ​​തി​​നെ​​തി​​രെ ഹേ​​ബി​​യ​​സ് കോ​​ർ​​പ​​സ് ഹ​​ര​ജി വ​​ഴി സു​​പ്രീ​​ംകോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു എ.​കെ.​ജി. 1950​ലെ ​ക​​രു​​ത​​ൽ ത​​ട​​ങ്ക​​ൽ നി​​യ​​മം ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ലെ അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​ന​​ത്തി​​നും ആ​​ശ​​യ​​പ്ര​​കാ​​ശ​​ന​​ത്തി​​നു​​മു​​ള്ള സ്വാ​​ത​​ന്ത്ര്യം (അ​​നു​​ച്ഛേ​​ദം 19 (1) (a) ), സ്വ​​ത​​ന്ത്ര​​മാ​​യി സ​​ഞ്ച​​രി​​ക്കാ​​നു​​ള്ള സ്വാ​​ത​​ന്ത്ര്യം (19 (1)(d) ), ജീ​​വി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശം (അ​​നു. 21) എ​​ന്നി​​വ​​യു​​ടെ ലം​​ഘ​​ന​​മാ​​ണ് എ​​ന്നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്റെ വാ​​ദം. Due processന്റെ ​​നി​​ർ​​വ​​ഹ​​ണ​ത​​ലം മാ​​ത്ര​​മേ ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന അം​​ഗീ​​ക​​രി​​ച്ചി​​ട്ടു​​ള്ളൂ എ​​ന്ന​​തു​​കൊ​​ണ്ട് പാ​​ർ​​ല​മെ​​ന്റി​ന് നി​​യ​​മ​നി​ർ​മാ​ണ അ​​ധി​​കാ​​രം ഉ​​പ​​യോ​​ഗി​​ച്ച് നി​​ർ​​മി​ച്ച നി​​യ​​മ​​ത്തി​​ന്റെ സാ​​ധു​​ത സു​​പ്രീ​​ംകോ​​ട​​തി ശ​​രി​​വെ​ച്ചു. ജ​​സ്റ്റി​​സ് ഫ​​സ​​ൽ അ​​ലി മാ​​ത്രം ഭൂ​​രി​​പ​​ക്ഷ വി​​ധി​​ന്യാ​​യ​​ത്തി​​ന് വി​​യോ​​ജി​​പ്പ് എ​​ഴു​​തി. അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു, സ്വാ​​ഭാ​​വി​​ക നീ​​തി പൊ​​തു​​നി​​യ​​മ​​ത്തി​​ന്റെ ഭാ​​ഗ​​മാ​​ണ്. അ​​തു​​കൊ​​ണ്ട് നി​​യ​​മ​​ങ്ങ​​ൾ അ​​നു​​ച്ഛേ​​ദം 21ന് ​​വി​​രു​​ദ്ധ​​മാ​​കാ​​ൻ പാ​​ടി​​ല്ല എ​​ന്ന്. നി​​യ​​മ​​ത്തി​​ന്റെ പ്ര​​യോ​​ഗം മാ​​ത്ര​​മേ പ​​രി​​ശോ​​ധി​​ക്കാ​​ൻ ക​​ഴി​​യൂ എ​​ന്ന​​ത് പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ൽ വ​​ലി​​യ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കി. ക​​ൽ​​ക്ക​​ത്ത ഹൈ​​കോ​​ട​​തി ജ​​ഡ്ജി​യാ​​യി​​രു​​ന്ന ജ​​സ്റ്റി​​സ് സെ​​ന്നി​​ന്റെ ഒ​​രു വാ​​ക്യം ഉ​​ദ്ധ​​രി​​ച്ച്​ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് ഗ​​വ​​ർ​​ണ​​ർ ഹോ​​മി​​മോ​​ഡി രാ​​ഷ്ട്ര​​പ​​തി രാ​​ജേ​​ന്ദ്ര​​പ്ര​​സാ​​ദി​​ന് എ​​ഴു​​തി: ''നീ​​തി​​ന്യാ​​യ വി​​ഭാ​​ഗം പ​​രി​​മി​​ത​​മാ​​യ അ​​ധി​​കാ​​രം മാ​​ത്ര​​മു​​ള്ള നി​​യ​​മനി​ർ​മാ​ണ സ​​ഭ​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു. ഭ​​ര​​ണനി​​ർ​​വ​​ഹ​​ണ വി​​ഭാ​​ഗം നീ​​തി​​ന്യാ​​യ വി​​ഭാ​​ഗ​​മാ​​യും മാ​​റി​​യി​​രി​​ക്കു​​ന്നു, അ​​തി​​ന്റെ തീ​​രു​​മാ​​നം അ​​ന്തി​​മ​​വും.''

പി​​ന്നീ​​ട് വ​​ന്ന നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ലൂ​​ടെ എ.​കെ. ഗോ​​പാ​​ല​​ൻ വി​​ധി​​ന്യാ​​യം സൃ​​ഷ്ടി​​ച്ച പ​​രി​​മി​​തി​​ക​​ളെ മ​​റി​​ക​​ട​​ക്കാ​​നും due process എ​​ന്ന ത​ത്ത്വ​ത്തെ വി​​ക​​സി​​പ്പി​​ക്കാ​​നും അ​​തി​​ന്റെ ര​​ണ്ടു ത​​ല​​ങ്ങ​​ളെ​​യും ഇ​​ന്ത്യ​​ൻ നി​​യ​​മ​വ്യ​​വ​​സ്ഥ​​യു​​ടെ ഭാ​​ഗ​​മാ​​ക്കാ​​നും സു​​പ്രീംകോ​​ട​​തി പ​​രി​​ശ്ര​​മി​​ച്ചു. അ​​ത് പൂ​​ർ​​ണ​​ത​​യി​​ൽ ഏ​​താ​​ണ്ട് എ​​ത്തി​​ച്ച​​ത് ​മേ​ന​ക ഗാ​​ന്ധി കേ​​സും. വി​​ദേ​​ശ​​ത്ത് ഒ​​രു പ്ര​​ഭാ​​ഷ​​ണ​​ത്തി​​ന് പോ​​കാ​​നി​​രു​​ന്ന മേ​ന​ക ഗാ​​ന്ധി​​യു​​ടെ പാ​​സ്പോ​​ർ​​ട്ട് അ​​ന്ന​​ത്തെ ഭ​​ര​​ണ​​കൂ​​ടം പാ​​സ്പോ​​ർ​​ട്ട് നി​​യ​​മം ഉ​​പ​​യോ​​ഗി​​ച്ച് ത​​ട​​ഞ്ഞു​വെ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നെ ചോ​​ദ്യം ചെ​​യ്തു​​ള്ള​​താ​​യി​​രു​​ന്നു മേ​ന​ക ഗാ​​ന്ധി​​യു​​ടെ ഹ​​ര​ജി. ഏ​​ഴം​​ഗ ഭ​​ര​​ണ​​ഘ​​ട​​നാ ബെ​​ഞ്ച് ഏ​​തൊ​​രു നി​​യ​​മ​​വും just fair and reasonable ആ​​യി​​രി​​ക്ക​​ണ​മെ​​ന്ന് വി​​ധി​​ച്ചു. പി​​ന്നീ​​ട് സു​​നി​​ൽ ബ​​ത്ര​​യു​​ടെ കേ​​സി​​ൽ ജ​​സ്റ്റി​​സ് വി.​ആ​​ർ. കൃ​​ഷ്ണ​​യ്യ​​ർ ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ due process ഇ​​ല്ലെ​​ങ്കി​​ലും കൂ​​പ്പ​​ർ, മേ​ന​ക ഗാ​​ന്ധി കേ​​സു​​ക​​ൾ​​ക്കു​ശേ​​ഷം ഫ​​ല​​ത്തി​​ൽ അ​​ത് ഉ​​ൾ​​ച്ചേ​​ർ​​ന്നി​​രി​​ക്കു​​ന്നു എ​​ന്ന് പ​​റ​​ഞ്ഞു​വെ​​ച്ചു. എ.​കെ. ഗോ​​പാ​​ല​​ൻ കേ​​സി​​നെ മ​​റി​​ക​​ട​​ക്കാ​​ൻ സു​​പ്രീം​കോ​​ട​​തി ഉ​​പ​​യോ​​ഗി​​ച്ച നീ​​തി​​ന്യാ​​യ ചി​​ന്ത​​ക​​ളു​​ടെ പ​​രി​​മി​​തി​​ക​​ളും ദൗ​​ർ​​ബ​​ല്യ​​ങ്ങ​​ളും തെ​​റ്റു​​ക​​ളും വ​​രെ സീ​​ർ​​വാ​​യി​​യെ​​പ്പോ​​ലു​​ള്ള ഭ​​ര​​ണ​​ഘ​​ട​​നാ വി​​ദ​​ഗ്ധ​​ർ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നി​​രു​​ന്നാ​​ലും ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ​ത​​ന്നെ​​യു​​ള്ള ഒ​​രു പ​​രി​​മി​​തി​​യെ ഭ​​ര​​ണ​​ഘ​​ട​​നാ സ​​ങ്ക​​ൽ​പ​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ച്ചു​​കൊ​​ണ്ട് മ​​റി​​ക​​ട​​ക്കാ​​നും വ്യ​​ക്തി​​ക​​ളു​​ടെ സ്വാ​​ത​​ന്ത്ര്യം പ​​രി​​ര​​ക്ഷി​​ക്കാ​​നു​​മാ​​ണ് സു​​പ്രീ​​ംകോ​​ട​​തി വി​​വി​​ധ കാ​​ല​​ങ്ങ​​ളി​​ലെ വി​​ധി​​ന്യാ​​യ​​ങ്ങ​​ളി​​ലൂ​​ടെ പ​​രി​​ശ്ര​​മി​​ച്ച​​ത്. എ​​ന്നാ​​ൽ, ഒ​​രു​​വ​​ശ​​ത്തു പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​മ്പോ​​ഴും മ​​റു​​വ​​ശ​​ത്തു ചോ​​ർ​​ന്നു​പോ​​കു​​ന്നു​​ണ്ട് എ​​ന്ന​​താ​​ണ് യാ​​ഥാ​​ർ​​ഥ്യം. അ​​തി​​ന് കാ​​ര​​ണ​​മാ​​കു​​ന്ന​​ത് മു​​ൻ​​ഷി​​യെ​​പ്പോ​​ലു​​ള്ള​​വ​​ർ ഭ​​ര​​ണ​​ഘ​​ട​​നാ നി​ർ​മാ​ണ​സ​​ഭ​​യി​​ൽ​ത​​ന്നെ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ​​ത​​ന്നെ​​യു​​ള്ള ഈ ​​ദൗ​​ർ​​ബ​ല്യ​​മാ​​ണ്.

ഇ​​ന്ത്യ​​യി​​ൽ ന​​ട​​പ്പാ​​ക്കി​​യ ഭീ​​ക​​ര​​വാ​​ദ വി​​രു​​ദ്ധ നി​​യ​​മ​​ങ്ങ​​ളു​​ടെ ച​​രി​​ത്രം പ​​രി​​ശോ​​ധി​​ക്കു​​ക. ഇ​​ന്ദി​​ര ഗാ​​ന്ധി വ​​ധ​​ത്തി​​നു ശേ​​ഷ​​മാ​​ണ് 'ടാ​​ഡ' ന​​ട​​പ്പാ​ക്കു​​ന്ന​​ത്. അ​​ന്ന് ഭീ​​ക​​ര​​വാ​​ദ അ​​ന്ത​​രീ​​ക്ഷം നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന പ​​ഞ്ചാ​​ബി​​നു മാ​​ത്ര​​മാ​​യി ഉ​​ദ്ദേ​​ശി​​ക്ക​​പ്പെ​​ട്ട​​താ​​ണെ​​ങ്കി​​ലും പി​​ന്നീ​​ട് 23 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കും ര​​ണ്ടു കേ​​ന്ദ്രഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കും വ്യാ​​പി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ടാ​​ഡ​​യു​​ടെ പ്ര​​യോ​​ഗം എ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു? ക​​ണ​​ക്കു​​ക​​ൾ പ​​റ​​യു​​ന്ന​​ത് ഈ ​​നി​​യ​​മം ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്ക് എ​​തി​​രെ​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ്. ദേ​​ശീ​​യ ന്യൂ​​ന​​പ​​ക്ഷ ക​​മീ​​ഷ​​ന്റെ ക​​ണ​​ക്ക് പ്ര​​കാ​​രം രാ​​ജ​​സ്ഥാ​​നി​​ൽ ടാ​​ഡ പ്ര​​കാ​​രം ത​​ട​​വി​​ലാ​​ക്ക​​പ്പെ​​ട്ട 432 പേ​​രി​​ൽ 409 പേ​​രും ന്യൂ​​ന​​പ​​ക്ഷ മ​​ത​​ത്തി​​ൽ​​പെ​​ട്ട​​വ​​രാ​​യി​​രു​​ന്നു. 1993 ആ​​കു​​മ്പോ​​ഴേ​​ക്കും ഗു​​ജ​​റാ​​ത്തി​​ൽ 19,000 പേ​​ർ ടാ​​ഡ പ്ര​​കാ​​രം ത​​ട​​വി​​ലാ​​യി. അ​​തി​​ൽ ഭൂ​​രി​​പ​​ക്ഷ​​വും ന്യൂ​​ന​​പ​​ക്ഷ മ​​ത​​ത്തി​​ൽ​​പെ​​ട്ട​​വ​​രാ​​യി​​രു​​ന്നു. ബി​ഹാ​​റി​​ൽ ഭൂ​​വു​​ട​​മ​​കൾ​​ക്കെ​​തി​​രെ സ​​മ​​രം ചെ​​യ്ത​​വ​​​രെ​യും ഭൂ​​മി​​ക്കും വെ​​ള്ള​​ത്തി​​നും വേ​​ണ്ടി സ​​മ​​രം​ചെ​​യ്ത ദ​​ലി​ത​​രെ​​യു​​മാ​​ണ് ഭീ​​ക​​ര​​വാ​​ദി​​ക​​ളാ​​ക്കി ടാ​​ഡ പ്ര​​കാ​​രം ത​​ട​​വി​​ലി​​ട്ട​​ത്. അ​​തേ​​സ​​മ​​യം, ദ​​ലി​ത​​രെ കൊ​​ന്ന​​വ​​ർ​​ക്കെ​​തി​​രെ ടാ​​ഡ ചു​​മ​​ത്തി​​യ​​തു​​മി​​ല്ല. മും​​ബൈ സ്ഫോ​​ട​​ന​​ക്കേ​​സി​​ൽ യാ​​ക്കൂ​​ബ് മേ​​മ​​ൻ തൂ​​ക്കി​​ലേ​​റ്റ​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, മും​​ബൈ ക​​ലാ​​പ​​ത്തി​​ൽ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കെ​​തി​​രെ അ​​ക്ര​​മം ന​​ട​​ത്തി​​യ​​വ​​ർ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​തേ​​യി​​ല്ല. അ​​വ​​യെ​​ല്ലാം തി​​രി​​ച്ച​​റി​​യ​​പ്പെ​​ടാ​​തെ​​യും തെ​​ളി​​വു​​ക​​ൾ ഇ​​ല്ലാ​​തെ​​യും അ​​വ​​സാ​​നി​​ച്ചു. മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ​​ൻ ആ​​യി​​രു​​ന്ന ജ​​സ്റ്റി​​സ് രം​​ഗ​​നാ​​ഥ് മി​​ശ്ര 1995ൽ ​ഈ ​നി​​ർ​​ദ​യ നി​​യ​​മം പു​​തു​​ക്ക​​രു​​ത് എ​​ന്ന് പാ​​ർ​​ല​മെ​​ന്റ് അം​​ഗ​​ങ്ങ​​ളോ​​ട് ക​​ത്തി​​ലൂ​​ടെ അ​​ഭ്യ​​ർ​​ഥി​​ച്ചി​​രു​​ന്നു. എ​​ന്താ​​യാ​​ലും പാ​​ർ​​ല​മെ​​ന്റ് പു​​തു​​ക്കാ​​തി​​രു​​ന്ന​​തോ​​ടെ ടാ​​ഡ 1995ൽ ​റ​​ദ്ദാ​​യി​​പ്പോ​​യി.

2002ൽ ​പു​​തി​​യൊ​​രു ഭീ​​ക​​ര​​വാ​​ദ വി​​രു​​ദ്ധ നി​​യ​​മം അ​​വ​​ത​​രി​​ച്ചു, പോ​​ട്ട (Prevention of terrorist activities act, POTA). അ​​മേ​​രി​​ക്ക​​യി​​ൽ വേ​​ൾ​​ഡ് ട്രേ​​ഡ് സെ​​ന്റ​​റി​​ന്റെ ത​​ക​​ർ​​ച്ച​​യും ഇ​​ന്ത്യ​​ൻ പാ​​ർ​​ല​​മെ​​ന്റി​​നു നേ​​രെ ന​​ട​​ന്ന ആ​ക്ര​​മ​​ണ​​വു​​മൊ​​ക്കെ​​യാ​​യി​​രു​ന്നു 'പോ​​ട്ട'​​യു​​ടെ പ്രേ​​ര​​ക ഘ​​ട​​ക​​ങ്ങ​​ൾ. പോ​​ട്ട​​യും പ്ര​​യോ​​ഗ​​ത്തി​​ൽ വ്യ​​ത്യ​​സ്ത​​മാ​​യി​​രു​​ന്നി​​ല്ല. 2002 ഗോ​​ധ്ര തീ​​വ​​ണ്ടി ക​​ത്തി​​ക്ക​​ലി​​ൽ 62 മു​​സ്‍ലിം​​ക​​ൾ​​ക്കെ​​തി​​രെ പോ​​ട്ട (അ​​ന്ന് ഓ​​ർ​​ഡി​​ന​​ൻ​​സ് ആ​​യി​​രു​​ന്നു) ചു​​മ​​ത്തി. എ​​ന്നാ​​ൽ, ഗോ​​ധ്ര​​ക്കു ശേ​​ഷം മു​​സ്‍ലിം​ക​​ൾ​​ക്ക് എ​​തി​​രെ ന​​ട​​ന്ന വം​​ശ​​ഹ​​ത്യ​​യെ​​ന്നു വി​​ളി​​ക്ക​​പ്പെ​​ട്ട ആ​​ക്ര​​മ​​ണ​​ത്തി​​ന്റെ പേ​​രി​​ൽ ആ​​ർ​​ക്കെ​​തി​​രെ​​യും ഭീ​​ക​​ര​​വാ​​ദ വി​​രു​​ദ്ധ നി​​യ​​മം പ്ര​​യോ​​ഗി​​ച്ചി​​ല്ല. 2004 വ​​രെ ഗു​​ജ​​റാ​​ത്തി​​ൽ പോ​​ട്ട ചു​​മ​​ത്തി​​യ 280 പേ​​രി​​ൽ 279 പേ​​രും മു​​സ്‍ലിം​ക​​ളാ​​യി​​രു​​ന്നു. മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ രാ​​ഷ്ട്രീ​​യ സ​​മ​​ര​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ന്ന​​വ​​ർ, ദ​​ലി​ത​​ർ, സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​ർ​​ക്കൊ​​ക്കെ എ​​തി​​രെ​​യാ​​ണ് പോ​​ട്ട ചു​​മ​​ത്തി​​യി​​രു​​ന്ന​​ത്. 2004ൽ ​യു.​​പി.​എ ​ഭ​​ര​​ണ​​കൂ​​ടം പോ​​ട്ട റ​​ദ്ദാ​​ക്കി. യു.​എ.​പി.​​എ​യി​​ൽ ഭീ​​ക​​ര​​വാ​​ദ വി​​രു​​ദ്ധ വ​​കു​​പ്പു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് മു​​മ്പു​​ള്ള നി​​യ​​മ​​ങ്ങ​​ളു​​ടെ പ്ര​​യോ​​ഗം ഇ​​ത്ര​​യും ഉ​​ദാ​​ഹ​​രി​​ച്ച​​ത് നി​ർ​മാ​ണ​ത​​ല​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല നി​​ർ​​വ​ഹ​​ണ​ത​​ല​​ത്തി​​ലും ഇ​​ന്ത്യ​​യി​​ലെ ഭീ​​ക​​ര​​വാ​​ദ വി​​രു​​ദ്ധ നി​​യ​​മ​​ങ്ങ​​ൾ നീ​​തി​​യു​​ക്ത​​മ​​ല്ലെ​ന്ന് കാ​​ണി​​ക്കാ​​നാ​​ണ്. നി​​ർ​​ഭാ​​ഗ്യ​​വ​​ശാ​​ൽ ക​​ർ​​ത്താ​​ർ സി​ങ് കേ​​സി​​ലൂ​​ടെ​​യും പി.​​യു.​സി.​എ​​ൽ കേ​​സി​​ലൂ​​ടെ​​യും യ​​ഥാ​​ക്ര​​മം ടാ​​ഡ, പോ​​ട്ട എ​​ന്നി​​വ​​യു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ സാ​​ധു​​ത ശ​​രി​​വെ​​ക്കു​​ക​​യാ​​ണ് സു​​പ്രീ​ം​കോ​​ട​​തി ചെ​​യ്ത​​ത്. പാ​​ർ​ല​മെ​​ന്റി​​ന് നി​​യ​​മ​​നി​ർ​മാ​ണാ​​ധി​​കാ​​രം മാ​​ത്രം പോ​​രാ. അ​​ത് നീ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​മൂ​​ല്യ​​ങ്ങ​​ളെ നി​​ഷേ​​ധി​​ക്കാ​​ൻ പാ​​ടി​​ല്ല എ​​ന്ന due processലെ ​​നി​ർ​മാ​ണ​ത​​ലം (substantive aspect) സു​​പ്രീ​​ംകോ​​ട​​തി അ​​വ​​ഗ​​ണി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അക്രമാസക്തരായ ഹിന്ദുത്വവാദികൾ, ഗുജറാത്ത് വംശഹത്യക്കാലത്തെ ചിത്രം

ഭേ​​ദ​​ഗ​​തി​​ക​​ൾ വ​​ഴി ഭീ​​ക​​ര​​വാ​​ദ വി​​രു​​ദ്ധ വ​​കു​​പ്പു​​ക​​ൾ കൂ​​ട്ടി​​ച്ചേ​​ർ​​ത്താ​​ണ് നി​​യ​​മ​​വി​​രു​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​ന നി​​രോ​​ധ​​ന നി​​യ​​മം (Unlawful activities (prevention) Act, 1967) ഇ​​ന്ന് കാ​​ണു​​ന്ന രൂ​​പ​​ത്തി​​ലാ​​യ​​ത്. ക്രി​​മി​​ന​​ൽ നി​​യ​​മ​​ത​​ത്ത്വ​സം​​ഹി​​ത​​യു​​ടെ (criminal jurisprudence) പ്രാ​​ഥ​​മി​​ക ത​ത്ത്വ​ങ്ങ​​ൾ​പോ​​ലും പാ​​ലി​​ക്കാ​​ത്ത തി​​ക​​ച്ചും ജ​​നാ​​ധി​​പ​​ത്യ വി​​രു​​ദ്ധ​​മാ​​യ നി​​യ​​മ​​മാ​​ണ് യു.​​എ.​പി.​​എ. 17ാം പാ​​ർ​​ല​​മെ​​ന്റി​​ന്റെ ആ​​ദ്യ സ​​മ്മേ​​ള​​ന​​ത്തി​​ൽ​ത​​ന്നെ കൊ​​ണ്ടു​​വ​​ന്ന യു.​എ.​പി.​​എ ഭേ​​ദ​​ഗ​​തി​​ക​​ൾ അ​​വ​​ശേ​​ഷി​​ക്കു​​ന്ന വ്യ​​ക്തിസ്വാ​​ത​​ന്ത്ര്യം​കൂ​​ടി എ​​ടു​​ത്തു​ക​​ള​​യു​​ന്ന​​താ​​ണെ​ന്ന് ഇ​​തി​​ന​കം അ​​നു​​ഭ​​വ​​ത്തി​​ൽ വ​​ന്നു​ക​​ഴി​​ഞ്ഞു. നേ​​ര​​ത്തേ സം​​ഘ​​ട​​ന​​ക​​ളെ​​യാ​​ണ് പ​​ട്ടി​​ക​​യി​​ൽ​പെ​​ടു​​ത്തി ഭീ​​ക​​ര​​വാ​​ദി​​ക​​ളാ​​യി മു​​ദ്ര​കു​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്ന​​ത് എ​​ങ്കി​​ൽ നി​​യ​​മ​​ത്തി​​ൽ പു​​തു​​താ​​യി ചേ​​ർ​​ത്ത നാ​​ലാം ഷെ​​ഡ്യൂ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി വ്യ​​ക്തി​​ക​​ളെ​​യും ഭീ​​ക​​ര​​വാ​​ദി​​ക​​ളാ​​ക്കാം. നി​​ല​​വി​​ൽ നി​​ര​​വ​​ധി പൗ​​രാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​ർ, എ​​ഴു​​ത്തു​​കാ​​ർ യു.​എ.​പി.​​എ ചു​​മ​​ത്ത​​പ്പെ​​ട്ട് ത​​ട​​വ​​റ​​ക്കു​​ള്ളി​​ലാ​​ണ്. ലോ​​ക്സ​​ഭ​​യി​​ൽ അ​​ർ​​ബ​​ൻ മാ​​വോ​​വാ​ദി​ക​​ളെ വെ​​റു​​തെ വി​​ടി​​ല്ലെ​​ന്ന് അ​​മി​​ത് ഷാ ​​പ​​റ​​ഞ്ഞ​​പ്പോ​​ൾ​ത​​ന്നെ നി​​യ​​മ​​ത്തി​​ന്റെ ഗ​​തി വ്യ​​ക്ത​​മാ​​യി​​രു​​ന്നു.

ഭ​​ര​​ണ​​ഘ​​ട​​നാ നി​ർ​മാ​ണ​സ​​ഭ​​യി​​ലെ അം​​ഗ​​ങ്ങ​​ൾ തി​​രി​​ച്ച​​റി​​യു​​ക​​യും പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്ത് ഒ​​ടു​​വി​​ൽ ഒ​​രു അ​​നി​​വാ​​ര്യ തി​​ന്മ​​യാ​​യി തു​​ട​​രാ​​ൻ അ​​നു​​വ​​ദി​​ച്ച ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ലെ 21, 22 അ​​നു​​ച്ഛേ​​ദ​​ങ്ങ​​ളി​​ലെ ദൗ​​ർ​​ബ​​ല്യ​​മാ​​ണ് ഇ​​ത്ത​​രം പൗ​​ര​സ്വാ​​ത​​ന്ത്ര്യ നി​​ഷേ​​ധ നി​​യ​​മ​​ങ്ങ​​ളെ സാ​​ധ്യ​​മാ​​ക്കു​​ന്ന​​ത്. 1949 ന​​വം​​ബ​​ർ 25ന് ​​ഭ​​ര​​ണ​​ഘ​​ട​​നാ നി​ർ​മാ​ണ സ​​ഭ​​യി​​ൽ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് ഒ​​രു ജ​​നാ​​ധി​​പ​​ത്യ പാ​​ര​​മ്പ​​ര്യം ഉ​​ണ്ടാ​​യി​​രു​​ന്നു എ​​ന്നും അ​​ത് പി​​ന്നീ​​ട് ന​​ഷ്ട​​പ്പെ​​ട്ട​​താ​​ണെ​​ന്നും ഏ​​ത് സ​​മ​​യ​​ത്തും വീ​​ണ്ടും ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യം സ​​മ​​ഗ്രാ​​ധി​​പ​​ത്യ​​ത്തി​​നോ ഏ​​കാ​​ധി​​പ​​ത്യ​​ത്തി​​നോ വ​​ഴി​​മാ​​റാം എ​​ന്നും അം​​ബേ​​ദ്‌​​ക​​ർ ആ​​ശ​​ങ്ക​​പ്പെ​​ടു​​ന്നു​​ണ്ട്. ബു​​ദ്ധി​​സ്റ്റ് സം​​ഘ​​ങ്ങ​​ളി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന പാ​​ർ​​ല​മെ​​ന്റ​​റി ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നോ​​ട് സ​​മാ​​ന​​മാ​​യ സം​​വി​​ധാ​​ന​​ങ്ങ​​ളെ​​യാ​​ണ് ഇ​​ന്ത്യ​​ക്ക് പ​​രി​​ച​​യ​മു​​ണ്ടാ​​യി​​രു​​ന്ന ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്റെ പൂ​​ർ​​വ​​മാ​​തൃ​​ക​​യാ​​യി അം​​ബേ​​ദ്ക​​ർ ത​​ന്റെ പ്ര​​സം​​ഗ​​ത്തി​​ൽ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ബ്രാ​​ഹ്മ​​ണി​​ക്ക​​ൽ ഹി​​ന്ദു​​മ​​ത​​മാ​​ണ് ആ ​​ജ​​നാ​​ധി​​പ​​ത്യ അ​​നു​​ഭ​​വ​​ങ്ങ​​ളെ ഇ​​ല്ലാ​​താ​​ക്കി​​യ​​തെ​​ന്ന് ന​​മു​​ക്ക​​റി​​യാം. ഒ​​ന്നാം ജ​​നാ​​ധി​​പ​​ത്യ അ​​നു​​ഭ​​വ​​ത്തെ തു​​ട​​ച്ചു​നീ​​ക്കി​​യ അ​​തേ പ്ര​​ത്യ​​യ​​ശാ​​സ്ത്രം​ത​​ന്നെ​​യാ​​ണ് ഇ​​ന്ന് ജ​​നാ​​ധി​​പ​​ത്യ​​ത്തെ കേ​​വ​​ലം പു​​റ​​ന്തോ​​ട് മാ​​ത്ര​​മാ​​ക്കി സ​​മ​​ഗ്രാ​​ധി​​പ​​ത്യ​​ത്തി​​ലേ​​ക്ക് ന​​യി​​ക്കു​​ന്ന​​ത് എ​​ന്ന​​ത് ഇ​​ന്ത്യ ജ​​നാ​​ധി​​പ​​ത്യ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​നു​​ള്ള എ​​ക്കാ​​ല​​ത്തെ​​യും വ​​ലി​​യ പ്ര​​തി​​ബ​​ന്ധം ബ്രാ​​ഹ്മ​​ണി​​ക്ക​​ൽ പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​ത്തി​​ന്റെ അ​​ധീ​​ശ​​ത്വ​​മാ​​ണ് എ​​ന്ന യാ​​ഥാ​​ർ​​ഥ്യം​കൂ​​ടി വെ​​ളി​​വാ​​ക്കു​​ന്നു​​ണ്ട്. അ​​തു​​കൊ​​ണ്ടു​ത​​ന്നെ ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യു​​ള്ള സ​​മ​​ര​​ങ്ങ​​ൾ​​ക്ക് ബ്രാ​​ഹ്മ​​ണി​​ക്ക​​ൽ ഹി​​ന്ദു​​ത്വ രാ​​ഷ്ട്രീ​​യ​​ത്തെ എ​​തി​​രി​​ടാ​​തെ മു​​ന്നോ​​ട്ടു പോ​​കാ​​നാ​​വി​​ല്ല.

l

സൂ​ചി​ക

1. H.M. Seervai: Constitutional law of India Vol.2, 4th ed. Silver jubilee ed., 1993

2. Granville Austin: The Indian Constitution: Cornerstone of a Nation, OUP, 34th ed. 2019

3. Granville Austin: Working a democratic Constitution: A history of the Indian Experience, OUP, 11th ed., 2018

4. B. ShivRao: The framing of Indian Constitution A study, The Indian Institute of Public Administration,168

പ​​രാ​​മ​​ർ​​ശി​​ക്കു​​ന്ന പ്ര​​ധാ​​ന​​പ്പെ​​ട്ട കേ​​സു​​ക​​ൾ

1. Gopalan v State of Madras (1950) SCR 88

2. R.C. Cooper v Union of India, AIR 1970 SC 564

3. Maneka Gandhi v Union of India AIR 1973 SC 947

4. Sunil Batra v Delhi Administration (1978) SCC 494

5. Kartar Singh v State of Punjab (1994)3 SCC 569

6. PUCL v Union of India

കു​റി​പ്പ്​

Due Process എ​​ന്ന ആ​​ശ​​യ​​ത്തെ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന​​തി​​ന് ലേ​​ഖ​​ക​​ന്റെ​ത​​ന്നെ 'ഭ​​ര​​ണ​​ഘ​​ട​​ന: ഇ​​ന്ത്യ​​ൻ റി​​പ്പ​​ബ്ലി​​ക്കി​​ന്റെ അ​​തി​​ജീ​​വ​​ന ച​​രി​​ത്രം' (ഡി.​സി ബു​​ക്സ്, 2021) എ​​ന്ന ഗ്ര​​ന്ഥ​​ത്തി​​ലെ ജീ​​വി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശം എ​​ന്ന അ​​ധ്യാ​​യ​​ത്തെ ആ​​ശ്ര​​യി​​ച്ചി​​ട്ടു​​ണ്ട്.

Tags:    
News Summary - From the World's largest democracy to a fascist state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT