ദലിത് ഭൂതകാലവും വരേണ്യ ഫെറ്റിഷിസവും

സമകാലിക സാഹിത്യത്തിൽ ദലിത് ജീവിതങ്ങൾ ആവിഷ്കരിക്കുന്നതിൽ ഭാവുകത്വപരമായും ചിന്താപരമായും പ്രതിസന്ധികൾ നേരിടുന്നുണ്ടോ? ''ആധുനികവത്കൃതവും ചലനാത്മകവുമായ ഭാവനാഭൂപടങ്ങൾ സൃഷ്ടിക്കാതെ കാൽപനികമായി നടത്തുന്ന പിന്‍നടത്തങ്ങൾ വരേണ്യകാമനകൾ നിർമിക്കുന്ന ഹിംസയുടെ മറ്റൊരു പതിപ്പാണ്‌'' എന്ന് സാമൂഹിക ചിന്തകനും നിരൂപകനുമായ ലേഖകൻ സമർഥിക്കുന്നു.ഓരോ സാമൂഹികവിഭാഗത്തിന്റെയും ഭൂതകാലവും ജീവിതരീതികളും ആധുനിക വിജ്ഞാനങ്ങളായി പരിവര്‍ത്തിച്ചതോടെയാണ് ചരിത്രം, നാടോടിവിജ്ഞാനീയം തുടങ്ങിയ പഠനമേഖലകള്‍ വികസിച്ചുവന്നത്. അപൂർണവും ബഹുലവും വ്യത്യസ്ത വ്യാഖ്യാനങ്ങളിലും നിലനിന്നിരുന്ന അറിവുകളെ ഘടനാപരമായി...

സമകാലിക സാഹിത്യത്തിൽ ദലിത് ജീവിതങ്ങൾ ആവിഷ്കരിക്കുന്നതിൽ ഭാവുകത്വപരമായും ചിന്താപരമായും പ്രതിസന്ധികൾ നേരിടുന്നുണ്ടോ? ''ആധുനികവത്കൃതവും ചലനാത്മകവുമായ ഭാവനാഭൂപടങ്ങൾ സൃഷ്ടിക്കാതെ കാൽപനികമായി നടത്തുന്ന പിന്‍നടത്തങ്ങൾ വരേണ്യകാമനകൾ നിർമിക്കുന്ന ഹിംസയുടെ മറ്റൊരു പതിപ്പാണ്‌'' എന്ന് സാമൂഹിക ചിന്തകനും നിരൂപകനുമായ ലേഖകൻ സമർഥിക്കുന്നു.

രോ സാമൂഹികവിഭാഗത്തിന്റെയും ഭൂതകാലവും ജീവിതരീതികളും ആധുനിക വിജ്ഞാനങ്ങളായി പരിവര്‍ത്തിച്ചതോടെയാണ് ചരിത്രം, നാടോടിവിജ്ഞാനീയം തുടങ്ങിയ പഠനമേഖലകള്‍ വികസിച്ചുവന്നത്. അപൂർണവും ബഹുലവും വ്യത്യസ്ത വ്യാഖ്യാനങ്ങളിലും നിലനിന്നിരുന്ന അറിവുകളെ ഘടനാപരമായി ക്രമീകരിക്കാനും യുക്തിപരവും ശാസ്ത്രീയവുമായ രീതിശാസ്ത്രങ്ങളിലൂടെ മുന്‍പില്ലാത്തവിധത്തിൽ ഇക്കാര്യങ്ങളെ സമീപിക്കാൻ കഴിഞ്ഞത് ഈയൊരു മാറ്റത്തിലൂടെയാണെന്ന്‍ പറയാം. സവിശേഷമായ ഒരു വിജ്ഞാനമേഖലയാവുന്നതോടെ സ്വാഭാവികവും വൈകാരികവുമായ അനുഭവപരിസരങ്ങളെ വിശകലനംചെയ്യാനും വിമര്‍ശിക്കാനും പരിഷ്കരിക്കാനുമുള്ള സാധ്യതയും സ്വാതന്ത്ര്യവും ലഭിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയെ സംബന്ധിച്ച് ജാതിബദ്ധസമൂഹമെന്നനിലയില്‍ അധികാരബന്ധങ്ങളെയും അനുഭൂതിയുടെയും സൗന്ദര്യബോധ്യങ്ങളുടെയും മേല്‍ -കീഴ് താൽപര്യങ്ങളെയും വിശകലനം ചെയ്ത് പുതിയ പരിപ്രേക്ഷ്യങ്ങള്‍ (perspective) നിർമിക്കാനുള്ള അവസരംകൂടിയാണ് ഇതിലൂടെ കൈവന്നത്. അധീശത്വപരവും ഏകവുമായി സ്ഥാപിക്കപ്പെട്ട ബ്രാഹ്മണിക് സൗന്ദര്യശാസ്ത്രങ്ങളുടെ ബഹുജന-സ്ത്രീവിരുദ്ധ സമീപനങ്ങളൊക്കെ ചോദ്യംചെയ്യപ്പെട്ടതിനുപിന്നില്‍ ഭാഷ, വിശ്വാസം, ആചാരം, സൗന്ദര്യസമീപനം എന്നിവ അറിവുകളായി (knowledge) പരിവര്‍ത്തിക്കപ്പെട്ടതോടെയാണെന്ന് മറ്റൊരുതരത്തിൽ വിശദീകരിക്കാം. ഒരു ജനവിഭാഗത്തെ കേവലമായി സമീപിക്കുന്നതിനു പകരം സവിശേഷമായ ഇച്ഛകളും നിരന്തരം പുതുക്കപ്പെടാനും വിമോചനാത്മകമായ കര്‍തൃത്വപദവിയുള്ളവരായി അടയാളപ്പെടുത്താൻ അറിവിന്റെ മണ്ഡലത്തിൽ നടക്കുന്ന സംവാദങ്ങളും ജനാധിപത്യവത്കരണവുമാണ് സഹായിക്കുന്നത് എന്നാണ് ഇതിനർഥം. അനുഭവങ്ങളെ സൈദ്ധാന്തികവത്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്ത്രീപക്ഷവാദികളും ഗോപാൽ ഗുരുവിനെപ്പോലുള്ള സാമൂഹികശാസ്ത്ര ഗവേഷകരും നിരന്തരം ഓർമിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. സമീപകാലത്ത് കേരളത്തിൽ നടക്കുന്ന ദലിത് സംവാദങ്ങളില്‍ അറിവുകളെയും വിജ്ഞാനോൽപാദന പ്രക്രിയകളെയും നിഷേധിച്ചുകൊണ്ട് വിലാപങ്ങള്‍ മുഴങ്ങുന്ന ഭൂതകാലത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും നടത്തുന്ന ആഖ്യാനങ്ങൾ എത്രത്തോളം ചരിത്രവിരുദ്ധവും വരേണ്യാധീശത്വത്തെയും ജനപ്രിയ അഭിരുചികളെയും തൃപ്തിപ്പെടുത്താൻ പരോക്ഷവും പ്രത്യക്ഷവുമായി സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

ഭൂതകാലവും ഒഴിവാക്കലും

പില്‍ക്കാലത്ത് വിമര്‍ശനങ്ങൾ ഏറെയുണ്ടെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ തുടങ്ങി ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ സജീവമായ കേരളീയ നവോത്ഥാനത്തെ മുന്നില്‍നിന്ന് നയിച്ചവരുടെ പ്രധാനപ്പെട്ട ആശയങ്ങളിലൊന്ന് തങ്ങളെ അടിമവത്കരിച്ച വസ്തുക്കളും ആശയങ്ങളും ഉപേക്ഷിക്കുകയെന്നതായിരുന്നു. ഹിന്ദുമേല്‍ജാതികള്‍മുതൽ അവർണരായി പരിഗണിക്കപ്പെട്ട സമുദായങ്ങളില്‍വരെ ഇതിന്റെ വ്യാപകമായി പ്രയോഗവത്കരണങ്ങൾ കാണാം. ക്ഷേത്രത്തിലേക്കെന്ന വ്യാജേന മറക്കുടയുമായി വീട്ടില്‍നിന്ന് ഇറങ്ങിയശേഷം വഴിയില്‍വെച്ച് അത് വലിച്ചെറിഞ്ഞ് ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം ലളിതാംബിക അന്തർജനം തന്റെ ആത്മകഥാകുറിപ്പുകളില്‍ വരച്ചിട്ടിട്ടുണ്ട്. ശ്രീനാരായണഗുരു, അയ്യൻകാളി, പൊയ്കയില്‍ അപ്പച്ചൻ തുടങ്ങിയവര്‍ തങ്ങളെ പിന്തുടർന്നവരോട് ഉപേക്ഷിക്കേണ്ടതും പരിഷ്കരിക്കേണ്ടതുമായ വിപുലമായ കാര്യങ്ങള്‍ സംവാദവിഷയമാക്കുന്നുണ്ട്. ഇതിലേറ്റവും ശ്രദ്ധേയം ഈഴവസമുദായത്തിന്റെ പ്രധാനപ്പെട്ട ജീവിതോപാധികളില്‍ ഒന്നായ കള്ള് ചെത്തും വിപണനവും ഉപേക്ഷിച്ച്‌ , ചെറുകിടവ്യവസായങ്ങളിലേക്കും മറ്റിതര പരിഷ്കൃതവിഭവങ്ങളിലേക്കും മൂലധനവിനിമയങ്ങളിലേക്കും പ്രവേശിക്കണമെന്ന നിര്‍ദേശമായിരുന്നു. അടിമത്തത്തെ സൂചിപ്പിക്കുന്നതും വരേണ്യരുടെ കാഴ്ചകള്‍ക്ക് ഇമ്പം നല്‍കുന്നതുമായ സൂചനകളും വസ്തുക്കളും ത്യജിക്കുന്നതിനെ പ്രക്ഷോഭമാക്കി വികസിപ്പിച്ച അയ്യന്‍കാളി പുതിയൊരു ചരിത്രമാണ് രചിച്ചത്. സാമുദായിക ജീവിതത്തിന്റെ പരിഷ്കരണത്തിനു വിവിധങ്ങളായ നിര്‍ദേശങ്ങള്‍ പൊയ്കയിൽ അപ്പച്ചന്‍ നല്‍കിയതായി അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളിൽ കാണുന്നുണ്ട്.

ആധുനികവത്കരണ പ്രക്രിയകളിൽ ഭൂതകാലത്തിന്റെ ബാധ്യതകളും ഇമേജറികളും ഉപേക്ഷിക്കുന്നത് സമാഹൃതമായ ആശയമായും പ്രയോഗമായും വികസിച്ചതിന്റെ ഉദാഹരങ്ങളാണിവയെല്ലാം. ഇതിനോടൊപ്പം കാണേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുത, ഉപേക്ഷിച്ചതിനൊപ്പം ചില കാര്യങ്ങള്‍ സ്വീകരിക്കാനുംകൂടി ഇവര്‍ വ്യഗ്രത പുലര്‍ത്തിയെന്നതാണ്. നല്ല വസ്ത്രം, ആവാസയിടങ്ങള്‍, ഭക്ഷണം, വിദ്യാഭ്യാസം, സാമൂഹികമായ തുല്യതാബോധം, പുതിയ തൊഴില്‍മേഖലയിലേക്കുള്ള ബോധപൂര്‍വമായ പ്രവേശനം, പുതിയ പേരുകൾ സ്വീകരിക്കൽ, ആത്മീയവ്യവസ്ഥയുടെ പുനഃക്രമീകരണം എന്നിവയൊക്കെ ഇതില്‍ പ്രധാനമാണ്. അതായത് ഏതൊരു സാമൂഹികവിഭാഗവും ചലനാത്മകമാകുന്നത് ഭൂതകാലത്തില്‍ അഭിരമിക്കുമ്പോഴല്ല മറിച്ച്; ചരിത്രാനുഭവങ്ങളെ സൂചനാത്മകമായി സ്വീകരിച്ചുകൊണ്ട് ഭാവിയിലേക്കുള്ള വഴികള്‍ പണിയുമ്പോഴാണ്. കലയും സാഹിത്യവും ചരിത്രത്തെയും മനുഷ്യാനുഭവങ്ങളെയും വിശദീകരിക്കാനുള്ള സര്‍ഗാത്മക ശ്രമങ്ങളാണ്. ഇതിൽ സ്രഷ്ടാവിന്റെ സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പും പ്രധാനമാകുന്നതുപോലെതന്നെ ആസ്വാദകനും വായനക്കാര്‍ക്കും സ്വതന്ത്രമായ പാഠങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുത്താനുള്ള അവകാശത്തെയും വകവെച്ചുകൊടുക്കേണ്ടതുണ്ട്. വിമര്‍ശനം, നിരൂപണം, ആസ്വാദനം തുടങ്ങി പാഠവത്കരണത്തിന്റെ വ്യത്യസ്ത രൂപങ്ങളിലൂടെയാണ് കലയും സാഹിത്യവും അതിജീവിക്കുന്നതെന്ന് പറയാം. അതില്‍ കാലാതിവര്‍ത്തിയായി നില്‍ക്കുന്ന ചില പ്രയോഗങ്ങൾ ചരിത്രത്തിന്റെ ഭാഗമാകുന്നതിന് ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. കാളിദാസന്റെ കൃതികളെക്കുറിച്ച് നടത്തിയ പഠനത്തില്‍ കാളിദാസനും കാലത്തിന്റെ ദാസനാണെന്ന ജോസഫ് മുണ്ടശ്ശേരിയുടെ പരാമര്‍ശം എഴുത്തുകാരുടെ ചരിത്രബന്ധങ്ങളെ മാത്രമല്ല അധികാരത്തോട് പുലര്‍ത്തുന്ന വിധേയത്വത്തെക്കൂടി വെളിപ്പെടുത്തിയെന്നതാണ് യാഥാർഥ്യം. ആശാൻകൃതികളെക്കുറിച്ചുണ്ടായ വ്യത്യസ്ത പാഠങ്ങൾ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ ഭാഗമാണ്. ഇവയൊക്കെ പില്‍ക്കാലത്ത് കലയെയും സാഹിത്യത്തെയും സമീപിക്കുമ്പോള്‍ സ്വീകരിക്കേണ്ട രീതിശാസ്ത്രങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകൾ നൽകാൻ പര്യാപ്തമായിരുന്നു.

ദലിത് ഭാവുകത്വവും വിമര്‍ശന മണ്ഡലവും

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജാതിയെന്ന സാമൂഹികാനുഭവത്തിന്റെ സങ്കീർണതകളെ കേന്ദ്രമാക്കി വികസിച്ച എഴുത്തുകൾ മലയാളത്തിലെ സാഹിത്യസംവാദങ്ങളെ ജനാധിപത്യവത്കരിച്ചുവെന്നത് അനിഷേധ്യമായ വസ്തുതയാണ്. അക്കാദമിക് പഠനങ്ങളിലും ബഹുജനസംവാദങ്ങളിലും ദലിത് പഠനമെന്ന വിജ്ഞാനശാഖയായി മാറാൻ കഴിയുന്നവിധത്തിലുള്ള വ്യാപ്തിയും ഗൗരവവും പുലര്‍ത്താൻ ചെറിയ കാലയളവിനുള്ളിൽ കഴിഞ്ഞുവെന്നത് നിസ്സാരമായ കാര്യമല്ല. സര്‍ഗാത്മക മേഖലയിലും ചരിത്രം, സാമൂഹികശാസ്ത്രം, സാഹിത്യവിമര്‍ശനം, സംസ്കാരപഠനം തുടങ്ങി വ്യത്യസ്ത വിജ്ഞാനമണ്ഡലത്തിലും സൂക്ഷ്മവും ഗൗരവതരവുമായ അന്വേഷണങ്ങളുണ്ടായതിന്റെ ഭാഗമായാണ് ഈ മാറ്റം സാധ്യമായത്. എന്നാൽ സമാന്തരമായി നാടോടിവിജ്ഞാനീയമെന്ന പഠനശാഖ ഒട്ടും ചലനാത്മകമല്ലാത്ത വിഭാഗമായി ദലിതരെയും ആദിവാസികളെയും അടയാളപ്പെടുത്തുന്നുണ്ടായിരുന്നു. കേരളത്തിലെ വിവിധ സര്‍വകലാശാലകളിൽ നടക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുമ്പോഴും ചില പ്രബന്ധങ്ങൾ പരിശോധിച്ചപ്പോഴും വ്യക്തമായ കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്.


ഭൗതികമായോ സാംസ്കാരികമായോ ഈ വിഭാഗങ്ങള്‍ക്കിടയിലുണ്ടാകുന്ന മാറ്റങ്ങളെ തനിമയിൽനിന്നുള്ള വ്യതിയാനമായും ആധുനികവത്കരണം അപകടകരമാണെന്നും സ്ഥാപിക്കാനാണ് ഒട്ടുമിക്ക പഠനങ്ങളും ശ്രമിക്കുന്നത്. കാട് ഫോറസ്റ്റ് ആകുന്നതിനെക്കുറിച്ച് സി.കെ. ജാനുവിന്റെ ജീവിതകഥയില്‍ സാന്ദര്‍ഭികമായ ഒരു പരാമര്‍ശമുണ്ട്. കേരളത്തിലെ പ്രബലമായ സാമുദായിക വിഭാഗങ്ങള്‍ ആഗോളസഞ്ചാരത്തിലൂടെയും പുതിയ വിജ്ഞാനമേഖലകൾ കണ്ടെത്തി മുന്തിയ വരുമാനം നേടുന്ന തൊഴില്‍ശക്തിയാകാൻ ജാഗ്രതപ്പെടുമ്പോഴുമാണ് ഈ തനിമാവാദവും ഫോക് വാദവും ദലിതര്‍ക്കും ആദിവാസികള്‍ക്കും മേൽ അടിച്ചേല്‍പ്പിക്കുന്നത് എന്ന് കാണേണ്ടതുണ്ട്. ഇത് ബൗദ്ധികവും സര്‍ഗാത്മകവുമായ കെണിയും ഇരട്ടത്താപ്പുമാണെന്ന് ചൂണ്ടിക്കാണിക്കേണ്ട ബാധ്യത സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. ഈ തനിമാവാദത്തിന്റെ മറ്റൊരു പതിപ്പാണ് ജാതിയനുഭവങ്ങളെ ആവിഷ്കരിക്കുന്ന രചനകളിലേറെയും കാണപ്പെടുന്നത്. അതായത് വരേണ്യരുടെ ഫെറ്റിഷിസത്തെ തൃപ്തിപ്പെടുത്തുന്ന പദാവലികളും രൂപകങ്ങളും ആവര്‍ത്തിക്കുന്നതിലൂടെ നിശ്ചലമായതും കര്‍തൃത്വമില്ലാത്തതുമായ സാമൂഹികവിഭാഗങ്ങളായി സ്വയം അടയാളപ്പെടുത്താനാണ് മലയാളത്തിലെ പുതു ദലിത് കവിതകളിലേറെയും ശ്രമിക്കുന്നതെന്ന് പറയാതെ വയ്യ. മലയാളത്തിലെ പ്രധാനപ്പെട്ട പ്രസാധകര്‍ക്ക് വേണ്ടി ഒരു പതിറ്റാണ്ട് മുന്‍പ് ദലിത് കവിതകളുടെ ഒരു സമാഹാരം എഡിറ്റ്‌ ചെയ്യേണ്ടിവന്നപ്പോൾ ഈ ലേഖകൻ സവിശേഷമായി ശ്രദ്ധിച്ച ഒരുകാര്യം വിശദീകരിക്കാമെന്ന് കരുതുന്നു. ജാതിവിരുദ്ധ പ്രമേയങ്ങള്‍ക്ക് കൂടുതൽ ഊന്നൽ നല്‍കിയ ആദ്യകാലകവിതകളില്‍ മിത്തുകളും പുരാവൃത്തങ്ങളുമൊക്കെ അകന്നുനില്‍ക്കുന്നത് കാണാം. എന്നാൽ ആധുനികകാലത്തേക്ക് എത്തുമ്പോഴാകട്ടെ ആര്യ- ദ്രാവിഡ സ്വത്വവൈവിധ്യത്തെ കാവ്യാത്മകമായി ആവിഷ്കരിക്കുന്ന സന്ദര്‍ഭത്തിൽ അതീതശക്തിയുള്ള ഒന്നിനെ സ്ഥാപിക്കാനായി ശ്രമിക്കുന്ന രചനകള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. കല്ലറ സുകുമാരന്റെ ഇന്ധനപ്പുര, കെ.കെ.എസ്. ദാസിന്റെ ഏറെ പ്രശംസിക്കപ്പെട്ട കരുമാടിനൃത്തംപോലുള്ള കൃതികളുടെ ആന്തരികലോകം ഇത്തരം വിമോചനാത്മകതയെ ഭാവനചെയ്തതാണ്. കടമ്മനിട്ട രാമകൃഷണന്റെ കുറത്തിയും കാട്ടാളനുമൊക്കെ ജനപ്രിയകാവ്യഭാവുകത്വത്തിന്റെ ഭാഗമായി മാറിയപ്പോൾ ദലിതരുടെ മുന്‍കൈയിൽ സൃഷ്ടിക്കപ്പെട്ട കാവ്യപരമായ മിത്തുകള്‍ക്ക് പരിമിതമായ സ്വീകാര്യതയേ ലഭിച്ചുള്ളൂയെന്നത് വസ്തുതയാണ്. എന്നാൽ അതീതമായ വിമോചനസങ്കൽപങ്ങളില്‍നിന്നും ഭാവനാലോകത്തുനിന്നും പിന്‍വാങ്ങി മൂര്‍ത്തവും ലളിതവുമായി ജീവിതസന്ദര്‍ഭങ്ങളെ അഭിമുഖീകരിച്ചപ്പോഴാണ് മുഖ്യാധാരാ സാഹിത്യവ്യവഹാരങ്ങൾക്ക് തന്നെ വെല്ലുവിളിയായി ദലിത് കവിതയും പ്രക്ഷോഭങ്ങളും വൈജ്ഞാനികമായ അന്വേഷണങ്ങളും മാറിയതെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. പാടവും അധ്വാനവും ജന്മികളുടെ ചൂഷണവുമൊക്കെ കൃതികളില്‍ സന്നിവേശിപ്പിച്ച തൊള്ളായിരത്തി എഴുപതുകളിലെ നാമമാത്രമായ രചനകളില്‍നിന്നും മാറി ആധുനികയിടങ്ങളെയും വര്‍ത്തമാനകാല പ്രതിസന്ധികളെയും സര്‍ഗാത്മകമായി അഭിസംബോധന ചെയ്തപ്പോള്‍ സൂക്ഷ്മവും വ്യതിരിക്തവുമായ രാഷ്ട്രീയ -സൗന്ദര്യശാസ്ത്രപദ്ധതിയായി അത് വികസിക്കുകയും ചെയ്തു.

എസ്. ജോസഫിന്റെ കാവ്യലോകത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ സ്ഥലഭാവനയുടെയും മനുഷ്യാനുഭവങ്ങളുടെയും ആഖ്യാനപരമായ വികാസം കാണാം. ആദ്യസമാഹാരമായ കറുത്തകല്ലിൽ മേസ്തിരി, വീടുപണിക്കാർ തുടങ്ങിയ കര്‍തൃത്വവിഭാഗങ്ങളെയും ഗ്രാമത്തിലെ ദേവാലയംപോലുള്ള സ്ഥലഭാവനയെയും സൃഷ്ടിച്ചെങ്കിൽ പിന്നീട് നാഗരികലോകവും ആധുനികസ്ഥാപനങ്ങളും അദ്ദേഹത്തിന്റെ കവിതയിൽ കേന്ദ്രപ്രമേയമായി മാറുന്നുണ്ട്. ഐഡന്റിറ്റി കാര്‍ഡ്, ഗ്രൂപ്പ്ഫോട്ടോ തുടങ്ങിയ കവിതകളില്‍ ആധുനികരൂപം സ്വീകരിച്ച വിവേചനങ്ങളെക്കുറിച്ചാണ് പറയുന്നത്. ഉപ്പന്റെ കൂവല്‍ വരക്കുന്നു, ചന്ദ്രനോടൊപ്പം, മഞ്ഞപറന്നാൽ, ഓര്‍ഫ്യൂസ് തുടങ്ങിയ കൃതികളിലൂടെ മരവിച്ചുപോകാൻ സാധ്യതയുള്ള ചിഹ്നരൂപങ്ങളില്‍നിന്നും സ്ഥലഭാവനയില്‍നിന്നും അകന്നുനില്‍ക്കാന്‍ ജോസഫ് ശ്രമിക്കുന്നുണ്ട്. ഗ്രാമത്തിലെ പെണ്‍കുട്ടിയില്‍നിന്ന് മഞ്ഞപറന്നാൽ എന്ന സമാഹാരത്തിലെത്തുമ്പോള്‍ പ്രണയിനിയും കൂട്ടുകാരിയും നാഗരികജീവിതത്തിലേക്ക് പരിവര്‍ത്തിക്കുന്നു. വൈരൂപ്യമുള്ള ജീവിതത്തിന്റെ എതിര്‍ദിശയിലേക്ക് ചുവടുമാറുന്ന എഴുത്തുകാരൻ സാമൂഹിക വികാസത്തെയും ആഖ്യാനവൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളാൻ തയാറാവുകയും മഹാരാജാസ് ചിത്രണംപോലുള്ള രചനകളിലേക്കും പരീക്ഷണവ്യഗ്രതയിലേക്കും തന്റെ സര്‍ഗാത്മകതയെ പരിവര്‍ത്തിപ്പിക്കുന്നത് കാണാം.

ഈ തുറസ്സുകളെയും അതുണ്ടാക്കിയ ജനാധിപത്യവത്കരണത്തെയും ചിഹ്നപരമായി റദ്ദുചെയ്തുകൊണ്ട് സവിശേഷമായ ഇടങ്ങളിലും ഓർമകളിലുംമാത്രം ആഖ്യാനപരമായി ചുരുങ്ങുന്നതാണ് സമീപകാല ദലിത് കവിതകൾ നേരിടുന്ന പ്രതിസന്ധി. നമ്മുടെ ജീവിതപരിസരങ്ങളും ദൈനംദിന വ്യവഹാരങ്ങളും അതിവേഗം മാറുമ്പോൾ രണ്ടുതലമുറ മുന്‍പുള്ള ജീവിതോപാധികളെക്കുറിച്ചും അനുഭവലോകങ്ങളെക്കുറിച്ചും എഴുതുന്നതിന്റെ യുക്തിയെന്താണ്? പ്രാദേശികതയും ഭാഷാപരമായ അനന്യതയും സൃഷ്ടിക്കാൻ ശ്രമിക്കുന്നത് തുടക്കത്തിൽ അർഥമുള്ളതാവുമ്പോൾ പിന്നീടത് അനാവശ്യവും അർഥശൂന്യവുമായി മാറും. മലയാളത്തിലെ ഗോത്രകവിതകള്‍ ഒരു സാഹിത്യവിഭാഗമായി പതിയെ അംഗീകരിക്കപ്പെടുന്നതിന്റെ സൂചനകളുടെ പശ്ചാത്തലത്തില്‍ എല്ലാകാലത്തും അത് പാര്‍ശ്വങ്ങളില്‍തന്നെ നില്‍ക്കേണ്ടതുണ്ടോയെന്ന ചോദ്യം ഉയര്‍ന്നുവരാം. മുഖ്യധാരയുടെ സംവാദങ്ങളെയും സാഹിത്യഭാവുകത്വത്തെയും പുതുക്കാനും നിർണയിക്കാനും കഴിയുന്നവിധത്തിൽ വികസിക്കണമെന്ന് ആഗ്രഹിക്കുന്നതല്ലേ അഭികാമ്യം? നഗരങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ എഴുതപ്പെടുന്ന ദലിത് അനുഭവങ്ങൾ ആഖ്യാനംചെയ്യുന്ന കവിതകളിൽ ആ നഗരങ്ങൾ എത്രത്തോളം അകന്നുനില്‍ക്കുന്നുവെന്നത് അത്ഭുതപ്പെടുത്തേണ്ട കാര്യമല്ലേ? ഇതില്‍നിന്നും വ്യത്യസ്തമായ ആഖ്യാനങ്ങള്‍ ഉണ്ടാവുന്നതിന്റെ ഉദാഹരണമായി എസ്. കലേഷിന്റെ കവിതകളെക്കുറിച്ച് എസ്. ഹരീഷ് അവതാരികയിൽ എഴുതിയ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ: ''കലേഷിന്റെ കവിതയിലെ കൂട്ടുകാരി നാഗരികയാണ്. നഗരത്തിലെ വഴികളും ഒറ്റതിരിഞ്ഞ സ്ഥലങ്ങളുമാണ് അവരുടെ സഞ്ചാരപഥം. അവരുടെ പ്രണയം വർധിപ്പിക്കാൻ ഗ്രാമീണ കാഴ്ചകൾ ഒന്നുമില്ല. നഗരത്തിന്റെ ഒഴിഞ്ഞ കോണുകളില്‍ കാണുന്നതരം പക്ഷികളും മഞ്ഞവെയിലുമേയുള്ളൂ. പുഴ, നദി എന്നൊക്കെ കാൽപനികമായി പറയുന്നതിനു പകരം മാലിന്യത്തെ ഓർമിപ്പിക്കുന്ന കനാലിന്റെ കരയിലാണ് അവർ ഇരിക്കുന്നത്. ഈ സമാഹാരത്തിലെ പെണ്‍കൂട്ട് തികച്ചും ഒരു നാഗരികസംഭവമാണ്.ആധുനികത കാരണമാണ് ആട്ടക്കാരന് അവളുമൊത്ത് ആടാന്‍ കഴിയുന്നത്. നടക്കാന്‍ പറ്റില്ലാതിരുന്ന വഴികളില്‍കൂടി കാറോടിച്ചുപോകാന്‍ കഴിയുന്നത് സഞ്ചാരസ്വാതന്ത്ര്യമില്ലാതിരുന്ന ചരിത്രത്തെ ഓർമിപ്പിച്ചുകൊണ്ട് അതിനെ വര്‍ത്തമാനകാലത്ത് മറികടക്കുന്നതിന്റെ രീതിയെ സര്‍ഗാത്മകമായ ദിശാമാറ്റമായി അടയാളപ്പെടുത്തേണ്ടതുണ്ട്. കലേഷിന്റെ ഹോണ്‍ എന്ന കവിത ആരംഭിക്കുന്നതിങ്ങനെയാണ്: ഒരിക്കൽ നടക്കാനാകാതിരുന്ന വഴിയിലൂടെ കാറോടിച്ചു പോയി/അമ്പലത്തിനു മുന്നില്‍നിന്നൊരാൾ കൈകാണിച്ചു/പറഞ്ഞസ്ഥലത്ത് കൊണ്ടുചെന്നിറക്കി/ യാത്ര തുടരെ അയാള്‍ എനിക്ക്നേരെ/കൈവീശി നടന്നകലുന്നത് കണ്ടു. ജാതിയുടെയും വിവേചനത്തിന്റെയും ചരിത്രം ആഖ്യാനം ചെയ്യുന്ന ഈ കവിതയുടെ തുടക്കത്തിൽ അതിനെയൊക്കെ അതിജീവിച്ച തലമുറയുടെ പ്രതിനിധിയായി കാലത്തിന്റെ വേഗതക്കൊപ്പം ചലിക്കുന്ന ഒരാളെ കാണാം. അയാള്‍ ഭൂതകാലത്തിനുനേരെ കൈവീശിപ്പിരിഞ്ഞ രാഷ്ട്രീയോന്മുഖകര്‍തൃത്വമുള്ള ആളാണ്‌. വെള്ളംകുടിയും (മരിച്ചവരുടെ ദാഹം തീര്‍ക്കാൻ ആണ്ടുതോറും അവർക്ക് മദ്യം വിളമ്പുന്ന ചടങ്ങ്) ചാവുപിടിത്തവും നടക്കുന്ന കാലായിലിരുന്നു കള്ള് കുടിക്കുന്നയാളാണ്.


ഭൂതകാലം ഗൃഹാതുരമാകാതെ എത്ര സൂക്ഷ്മമായാണ് രാഷ്ട്രീയവിമര്‍ശനത്തിന്റെ ഉപാധിയായി ഈ കവിതയില്‍ മാറുന്നത് എന്ന് ശ്രദ്ധിക്കുക. ഈയൊരു ദിശാമാറ്റത്തെ പുതിയ ഭാവുകത്വത്തിന്റെ അവകാശികളെന്നു പറയുന്ന എത്രപേര്‍ക്ക് മടിയില്ലാതെ സ്വീകരിക്കാൻ കഴിയുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ടി.ഡി. രാമകൃഷ്ണനുമായി നടത്തിയ ഒരു സംഭാഷണത്തിൽ തമിഴിലെ ദലിത് സൈദ്ധാന്തികനും പാര്‍ലമെന്‍റ് അംഗവുമായ ഡി. രവികുമാർ നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. ദലിതര്‍ മണ്ണുരച്ചാണ് കുളിക്കുന്നതെന്നു പറഞ്ഞാൽ വരേണ്യർ ഹായ് എന്തൊരു തനിമയെന്നുപറഞ്ഞു പ്രോത്സാഹിപ്പിക്കും. ഞങ്ങള്‍ കുളിക്കാൻ പിയേഴ്സ് സോപ്പാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞാല്‍ അവര്‍തന്നെ ഞങ്ങളെ ആക്ഷേപിക്കും. ഇത് സാര്‍വലൗകികമായ സത്യമാണെന്നു കൂടുതൽ വിശദീകരിക്കേണ്ടതില്ല. ഭൂതകാലത്തെയും ഗൃഹാതുരതയെയും വീണ്ടും വീണ്ടും ആവിഷ്കരിക്കുമ്പോള്‍ വരേണ്യര്‍ക്കുണ്ടാകുന്ന ആനന്ദത്തിലൂടെ ജനപ്രിയതയും അംഗീകാരങ്ങളും ലഭിക്കുമെങ്കിലും അത് മറ്റൊരു പാരമ്പര്യവാദമായി അടയാളപ്പെടാൻ സാധ്യതയുണ്ടെന്നു മാത്രം.

വരേണ്യകാമനകളെ തൃപ്തിപ്പെടുത്തുന്ന സൗന്ദര്യശാസ്ത്രബോധ്യങ്ങളുടെ പ്രതിലോമപരതയെ നിശിതമായി വിമര്‍ശിക്കുന്ന പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ടി.കെ.സി. വടുതലയുടെ കഥകളെക്കുറിച്ച് കെ.കെ. കൊച്ചെഴുതിയ കറുത്ത കഥയിലെ സവർണമുദ്രകൾ, കെ.കെ. ബാബുരാജ് എഴുതിയ രക്ഷാകര്‍തൃത്വങ്ങളും ആഗോളീകരണകാലത്തെ ഫെറ്റിഷിസവും, ഡോ. പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ജനപ്രിയ റിയലിസത്തിന്റെ ചില്ലുമേടകള്‍ തുടങ്ങി നിരവധി പഠനങ്ങൾ സൗന്ദര്യപരവും സാമൂഹികവുമായി തൃപ്തികരമായി നിർമിക്കപ്പെടുന്ന ദലിത് തനിമാവാദങ്ങളെയും നിശ്ചലമായ സാമൂഹികഭാവനകളെയും തള്ളിക്കളഞ്ഞിട്ടുണ്ട്. കെ.കെ. ബാബുരാജ് ഇപ്രകാരമെഴുതുന്നു: ''കീഴാളരുടെ യഥാർഥമായ അനുഭവമണ്ഡലങ്ങളെ പുറന്തള്ളിക്കൊണ്ട്‌ ഫെറ്റിഷിസത്തിന്റെ വശ്യത സ്ഥാപിക്കപ്പെടുന്നത് എങ്ങനെയാണെന്ന കാര്യം ഗൗരവതരമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ബ്രാഹ്മണികമായ സാമാന്യബോധത്തെ അഴിച്ചുപണിയാതെ ആദിവാസികള്‍, ദലിതര്‍, ന്യൂനപക്ഷങ്ങൾ, പ്രാന്തവത്കൃതർ മുതലായവരെ വീക്ഷിക്കുമ്പോൾ ദേശീയതയിലും ജനാധിപത്യത്തിലും ലിംഗവ്യവസ്ഥയിലും ഈ ജനവിഭാഗങ്ങൾ സ്വായത്തമാക്കിയ കര്‍തൃസ്ഥാനം മറയ്ക്കപ്പെടുന്നു.

ഫലമോ, നാഗരികമായ കേവല കൗതുകത്തിന്റെയോ സവർണ ഉദാരതയുടെയോ നോട്ടം മുന്‍കൈ നേടുന്നു. എം.ആര്‍. രേണുകുമാറിന്റെ ഒടുവില്‍ ഇറങ്ങിയ പറിച്ചുപുത എന്ന സമാഹാരത്തിന്റെ പ്രസിദ്ധീകരണവിശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോള്‍ അദ്ദേഹത്തിനുതന്നെ അത് എന്താണെന്ന് വിശദീകരിക്കേണ്ടിവന്നു. ജയമോഹന്റെ ചെറു നോവലായ 'മിണ്ടാചെന്നായ്'യിൽ മൃഗവത്കരിക്കപ്പെട്ട, നിശ്ശബ്ദനായ ഒരു ആദിവാസി യുവാവിനെയാണ് ആവിഷ്കരിക്കുന്നത്. ജയമോഹനെപ്പോലുള്ള എഴുത്തുകാര്‍ വരേണ്യതയിലും പൊതുവായി ലഭിക്കുന്ന സ്വീകാര്യതയിലും ചെയ്തുകൂട്ടുന്ന ഫെറ്റിഷിസത്തെ മറ്റൊരുവിധത്തിൽ സ്വത്വവാദവും തനിമാവാദവുമായി ദലിതര്‍തന്നെ ആഘോഷിക്കുന്നതുകാണുമ്പോൾ അത്ഭുതം തോന്നുന്നു. ആധുനികവത്കൃതവും ചലനാത്മകവുമായ ഭാവനാഭൂപടങ്ങൾ സൃഷ്ടിക്കാതെ കാൽപനികമായി നടത്തുന്ന പിന്‍നടത്തങ്ങൾ വരേണ്യകാമനകൾ നിർമിക്കുന്ന ഹിംസയുടെ മറ്റൊരു പതിപ്പാണ്‌. അതിനോടുള്ള ധൈഷണികമായ വിയോജിപ്പും കലഹവും പുതിയതല്ല. ഭൂതകാലമെന്ന നിശ്ചലതയെ പിന്തള്ളിക്കൊണ്ട് ഭാവിയിലേക്ക് വേഗത്തിൽ കാറോടിച്ചുപോകുന്ന എസ്. കലേഷിനെപ്പോലുള്ളവരുടെ രചനകള്‍ പാരമ്പര്യവാദത്തിനും തനിമാവാദത്തിനും എതിരെയുള്ള ശക്തമായ മറുപടികൂടിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.


വിജ്ഞാനമേഖലയുടെ വികാസവും വൈവിധ്യവും

1990കളുടെ പകുതിയോടെ ദലിത് വിമര്‍ശനത്തിന്റെയും രാഷ്ട്രീയാന്വേഷണങ്ങളുടെയും ഭാഗമായി അക്കാദമികവും ബഹുജനസ്വഭാവത്തിലുള്ളതുമായ നിരവധി സംവാദങ്ങൾ നടന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി അവക്ക് വൈവിധ്യപൂർണവും ബഹുതലസ്പര്‍ശിയുമായി വികസിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചരിത്രം, സാമൂഹികശാസ്ത്രം, വികസനപഠനങ്ങള്‍, സാഹിത്യപഠനങ്ങള്‍ തുടങ്ങിയ മേഖലകളിൽ വ്യത്യസ്തവും സൂക്ഷ്മവുമായ പരിപ്രേക്ഷ്യത്തിലുള്ള എഴുത്തുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. അവയുടെ സമഗ്രമായ വിശദീകരണത്തിന് ഇവിടെ ഉദ്ദേശിക്കുന്നില്ലെങ്കിലും ചില മേഖലകളെയും എഴുത്തുകാരെയുംകുറിച്ച് പറയട്ടെ: ടി.എം. യേശുദാസന്‍ (സാഹിത്യം, സാമൂഹികം), കെ.കെ. കൊച്ച് (ചരിത്രം, സാമൂഹികവിമര്‍ശനം), എം. കുഞ്ഞാമന്‍ (സാമ്പത്തികശാസ്ത്രം, സാമൂഹികശാസ്ത്രം) പി. സനൽ മോഹൻ (ചരിത്രം, സാമൂഹികശാസ്ത്രം), കെ.കെ. ബാബുരാജ് (സാഹിത്യ- സംസ്കാരപഠനം), സണ്ണി എം. കപിക്കാട് (സാമൂഹികശാസ്ത്രം), പ്രദീപൻ പാമ്പിരിക്കുന്ന് (സാഹിത്യ -സംഗീതപഠനം), കെ.കെ.എസ്. ദാസ് (സാമൂഹികപഠനം), കെ.എം. സലിം കുമാർ (രാഷ്ട്രീയ-സാമൂഹികപഠനം), വി.വി. സ്വാമി (സാമൂഹികപഠനം), രേഖാ രാജ് (ദലിത് സ്ത്രീപക്ഷപഠനം), കെ.ആര്‍. സജിത (സാഹിത്യപഠനം), കെ.എസ്. മാധവന്‍ (ചരിത്രം), വിനില്‍ പോൾ (ചരിത്രം), ജെനി റോവീന (സിനിമ), എം.ബി. മനോജ്‌ (സാഹിത്യപഠനം), സാംകുട്ടി പട്ടംകരി (നാടകപഠനം), ആനന്ദന്‍ പൈതലേയൻ (പരിസ്ഥിതിപഠനം), രാജേഷ് കെ. എരുമേലി (സിനിമ, മാധ്യമപഠനം), രാജേഷ് ചിറപ്പാട് (സാഹിത്യവിമര്‍ശനം), എ.കെ. വാസു (സാഹിത്യവിമര്‍ശനം), സിമി കൊറോട്ട് (സാമൂഹികപഠനം), എ.എസ്. അജിത്‌ കുമാർ (സംഗീതം), കെ.വി. ശശി (സാഹിത്യ-സംസ്കാര പഠനം), വൈ.ടി. വിനയരാജ് (ദൈവശാസ്ത്രപഠനം), ഇ.വി. അനില്‍ (സാമൂഹികശാസ്ത്രപഠനം), വിനിത വിജയൻ (സാമൂഹിക ശാസ്ത്രപഠനം), ആര്‍. അനിരുദ്ധന്‍ (സാമൂഹികശാസ്ത്ര പഠനം), കെ. രൂപേഷ് കുമാർ (സിനിമ), ഒ.പി. രവീന്ദ്രൻ (സാമൂഹികപഠനം), അരുൺ അശോകൻ (സാമൂഹ്യശാസ്‌ത്രം) വ്യത്യസ്ത വീക്ഷണങ്ങൾ പുലര്‍ത്തി വിവിധ മേഖലകളിൽ, പ്രത്യേകിച്ചും വൈജ്ഞാനികമണ്ഡലത്തിൽ ഇടപെടുന്നവരാണിവർ. കേരളത്തിന്റെ ജനാധിപത്യസംവാദങ്ങളെയും കലയുടെയും സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും മണ്ഡലത്തിൽ നടക്കുന്ന ഭാവുകത്വമാറ്റങ്ങളെയും വിമര്‍ശനസമീപനത്തോടെ അടയാളപ്പെടുത്താനുള്ള ഇവരുടെ ശ്രമങ്ങൾ നല്‍കിയ തെളിച്ചത്തെ നിഷേധിക്കാൻ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല.

1998ല്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച സാഹിത്യലോകം ദലിത് സാഹിത്യ പതിപ്പിൽ എഴുതിയ ലേഖനത്തില്‍ കെ. വേണു സവിശേഷമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. കേരളത്തിലെ ദലിത് സമുദായങ്ങള്‍ക്കിടയില്‍നിന്ന് വിവിധ മണ്ഡലത്തിൽ പ്രവര്‍ത്തിക്കുന്നവർ ഉണ്ടെങ്കിലും അവരില്‍നിന്നും ഒരു ബൗദ്ധികവിഭാഗം ഉയര്‍ന്നുവന്നിട്ടില്ലായെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അത്തരം നിരീക്ഷണങ്ങള്‍ക്കുള്ള ചരിത്രപരമായ തിരുത്താണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ കേരളീയ സമൂഹത്തിൽ ദലിത് വൈജ്ഞാനികതയുടെ മണ്ഡലത്തിൽ നടന്ന ഇടപെടലുകളെന്നു ഉറപ്പിച്ചുപറയാം.

Tags:    
News Summary - kerala dalith cultural past

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT