​കെ.എസ്.ഇ.ബിയുടെ ധൂർത്തും ദുർവ്യയവും വൈദ്യുതി ഉപഭോക്താക്കളുടെ ചുമലിലോ?

ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപിക്കുന്ന കെ.എസ്​.ഇ.ബി നഷ്​ട​ത്തിലാണെന്നാണ് അധികാരികളുടെ വാദം.. അത്​ ശരിയാണോ? എന്താണ്​ വൈദ്യുതി ബോർഡിൽ നടക്കുന്നത്​? ധൂർത്തും ദുർവ്യയവും ജനങ്ങളുടെ കണക്കിലെഴുതുകയാണോ? മറ്റ്​ സംസ്​ഥാനങ്ങളുമായി തുലനം ചെയ്യു​േമ്പാൾ എന്താണ്​ അവസ്ഥ? – അന്വേഷണവും വിശകലനവും.കേരളത്തിൽ വൈദ്യുതി ചാർജ് നിരന്തരം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്​ കെ.എസ്.ഇ.ബി. ഫ്യുവൽ സർചാർജ് എന്ന പേരിൽ ഒമ്പത് ശതമാനം ഇപ്പോൾ കിട്ടുന്ന ബില്ലുകളിൽ കാണാം. വീണ്ടും 10 ശതമാനം കൂട്ടി അത് 19 ശതമാനമാക്കി. 10 ശതമാനം വരെ വൈദ്യുതി ബോർഡിന് കൂട്ടാൻ റെഗുലേറ്ററി ബോർഡ് അധികാരം കൊടുത്ത പിറ്റേ ആഴ്ചതന്നെ 10 ശതമാനം കൂട്ടി....

ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപിക്കുന്ന കെ.എസ്​.ഇ.ബി നഷ്​ട​ത്തിലാണെന്നാണ് അധികാരികളുടെ വാദം.. അത്​ ശരിയാണോ? എന്താണ്​ വൈദ്യുതി ബോർഡിൽ നടക്കുന്നത്​? ധൂർത്തും ദുർവ്യയവും ജനങ്ങളുടെ കണക്കിലെഴുതുകയാണോ? മറ്റ്​ സംസ്​ഥാനങ്ങളുമായി തുലനം ചെയ്യു​േമ്പാൾ എന്താണ്​ അവസ്ഥ? – അന്വേഷണവും വിശകലനവും.

കേരളത്തിൽ വൈദ്യുതി ചാർജ് നിരന്തരം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്​ കെ.എസ്.ഇ.ബി. ഫ്യുവൽ സർചാർജ് എന്ന പേരിൽ ഒമ്പത് ശതമാനം ഇപ്പോൾ കിട്ടുന്ന ബില്ലുകളിൽ കാണാം. വീണ്ടും 10 ശതമാനം കൂട്ടി അത് 19 ശതമാനമാക്കി. 10 ശതമാനം വരെ വൈദ്യുതി ബോർഡിന് കൂട്ടാൻ റെഗുലേറ്ററി ബോർഡ് അധികാരം കൊടുത്ത പിറ്റേ ആഴ്ചതന്നെ 10 ശതമാനം കൂട്ടി. ഇതിനെതിരെ കാര്യമായ ഒരു പ്രതിഷേധവും പ്രതിപക്ഷ കക്ഷികളിൽനിന്നുപോലും കേൾക്കാൻ സാധിച്ചില്ല. കെ.എസ്.ഇ.ബിയുടെ പകൽക്കൊള്ള ചോദ്യം ചെയ്യപ്പെടാതെ ജനം സഹിക്കാൻ നിർബന്ധിതമാകുന്നതാണ്​ നിലവിലെ അവസ്ഥ.

കെ.എസ്​.ഇ.ബിയിലെ പോലെ കൊള്ള മറ്റൊരു മേഖലയിലുമില്ല. സ്ലാബ് തിരിച്ചുള്ള ചാർജ് കണക്കാക്കൽ അനുസരിച്ച്​ ഒരു യൂനിറ്റിന് ഒരു തുക നിശ്ചയിച്ചാൽ എത്ര ഉപയോഗിച്ചാലും അതനുസരിച്ചുള്ള ചാർജാണ് ഏത് മേഖലയിലുമുള്ളത്. കെ.എസ്.ഇ.ബിയിൽ അത് 50 യൂനിറ്റ് വരെ ഒരു ചാർജ്, 51 മുതൽ 100 വരെ, 101 മുതൽ 150 വരെ, 151 മുതൽ 200 വരെ, 201 മുതൽ 250 വരെ, 250ന് മുകളിൽ എത്രയാണെങ്കിലും ഒരു റേറ്റ് – ഇങ്ങനെ കൊള്ളയടിക്കുകയാണ് ബോർഡ് ചെയ്യുന്നത് (പട്ടിക 1 കാണുക).

ഈ വർധനക്ക് പറയുന്ന കാരണങ്ങളാണ് അത്ഭുതപ്പെടുത്തുന്നത്. വൈദ്യുതി ബോർഡിന്റെ നഷ്ടം നികത്താനാണത്രെ അന്യായമായ ഈ ചാർജ് വർധന എന്നതാണ് ന്യായം. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന്റെ നേർപകുതിയാണ് ഗാർഹിക വൈദ്യുതി ചാർജ്. കേരളത്തിലാണെങ്കിൽ കാര്യമായ ഉൽപാദന ചെലവൊന്നും കൂടാതെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ജലവൈദ്യുതി പദ്ധതികൾ ധാരാളമുണ്ട്. ഇവ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രത്തിൽനിന്നും വാങ്ങുന്ന വൈദ്യുതിയുടെ പേരിലാണ് അന്യായമായ ചാർജ് നാം അടക്കേണ്ടിവരുന്നത്. കെ.എസ്.ഇ.ബിയുടേത് ദ്വൈമാസ ബില്ലാണ്. തമിഴ്നാട് സർക്കാറിന്റേത് മാസാന്ത ബില്ലാണ്.

താരതമ്യത്തിന് ഏകദേശം ഒരു മാസം ഉപഭോഗം ഒന്നായ ബില്ലുകൾ പരി​േശാധിക്കാം. 636 യൂനിറ്റ് ഉപയോഗിച്ച കെ.എസ്.ഇ.ബിയുടെ ദ്വൈമാസ ബില്ലിൽ ആകെ 5269 രൂപയാണ് കാണിച്ചിരിക്കുന്നത്. 636 യൂനിറ്റ് ആണ് ആ ബില്ലിൽ ഉപയോഗിച്ച വൈദ്യുതി. കെ.എസ്.ഇ ബി ബില്ലിൽ യഥാർഥ എനർജി ചാർജ് 4452 രൂപയാണ്. ഫിക്സഡ് ചാർജ് എന്ന് പറഞ്ഞ് 300 രൂപയും ഫ്യുവൽ സർചാർജായി 57.24 രൂപയും മീറ്റർ വാടകയായി 12 രൂപയും ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി 445 രൂപയും ജി.എസ്.ടിയും കൂടി 5269 രൂപയാണ് ആകെ ബിൽ തുക (പട്ടിക 2 കാണുക).

തമിഴ്നാട് സർക്കാറിന്റെ ഒരു മാസത്തെ ബില്ലിൽ 310 യൂനിറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 310 യൂനിറ്റിന് എനർജി ചാർജായി കാണിച്ചിരിക്കുന്നത് 1301 രൂപയാണ്. ഫിക്സഡ് ചാർജായി 4.5 രൂപ മാത്രമാണ് ഒരു അധിക ചാർജായിട്ടുള്ളത്. തമിഴ്നാട് സർക്കാർ ഗാർഹിക ഉപഭോക്താക്കൾക്ക് 100 യൂനിറ്റ് സൗജന്യമായി നൽകുന്നുണ്ട്. ഉപയോഗത്തിന്റെ പരിധി അതിൽ പരിഗണിക്കുന്നില്ല. ആ ബില്ലിൽ സർക്കാർ സബ്സിഡി എന്ന് പറഞ്ഞ് 581 രൂപ കിഴിവ് നൽകിയിട്ടുണ്ട്. അത് കഴിച്ച് ബാക്കി ഈ ബില്ലിൽ അടക്കേണ്ട തുക 724.50 രൂപ മാത്രമാണ്!

കെ.എസ്.ഇ.ബി നൽകിയ ദ്വൈമാസ ബില്ലിൽ കാണിച്ച 636 യൂനിറ്റ് ഉപയോഗം മാസത്തിൽ 318 വരും. അപ്പോൾ ചാർജ് പകുതി ആക്കിയാൽതന്നെ 2634.50 രൂപ. അതായത്, തമിഴ്നാട്ടിൽ പ്രതിമാസം 310 യൂനിറ്റ് ഉപയോഗിക്കുന്ന ഗുണഭോക്താവ് അടക്കുന്നത് 724.50 രൂപയാണ്. കേരളത്തിൽ അത് 2634.50 രൂപയും! കെ.എസ്.ഇ.ബി ഉപഭോക്താവിൽനിന്ന് കൂടുതൽ വാങ്ങിക്കുന്നത് 1910 രൂപ!

നേരത്തേ സൂചിപ്പിച്ചപോലെ ചെലവ് കുറഞ്ഞ വൈദ്യുതി ലഭിക്കുന്ന ജലവൈദ്യുതി പദ്ധതികളൊന്നും തമിഴ്നാട്ടിലില്ല. വലിയ ഉൽപാദന ചെലവ് വരുന്ന ഡീസൽ നിലയങ്ങളും അണുനിലയങ്ങളുമാണുള്ളത്. കാര്യമായ മുതൽമുടക്കില്ലാതെ ഇടുക്കിപോലെയുള്ള വൻകിട ജലവൈദ്യുതി പദ്ധതികളിൽനിന്ന് ധാരാളം വൈദ്യുതി ലഭിക്കുന്ന നാടായിട്ട് കൂടിയാണ് ഈ അമിതചാർജ് ഈടാക്കുന്നത്. മാത്രമല്ല എനർജി ചാർജിന് പുറമെ ഫിക്സഡ് ചാർജ്, മീറ്റർ വാടക, ഇലക്ട്രിസിറ്റി ഡ്യൂട്ടി, ഫ്യുവൽ ചാർജ് എന്നീ പേരുകളിൽ 816 രൂപയാണ് ഈ ബില്ലിൽ ഉപഭോക്താവിൽനിന്ന് പിഴിഞ്ഞെടുക്കുന്നത്.

ഇതിൽ കെ.എസ്.ഇ.ബി ഈടാക്കുന്ന ഫിക്സഡ് ചാർജിലും വിചിത്രത നമുക്ക് കാണാൻ കഴിയും. വൈദ്യുതി ഉപയോഗം കൂടുന്നതനുസരിച്ച് ഫിക്സഡ് ചാർജും വർധിക്കും (പട്ടിക 2 കാണുക). ഈ പട്ടികയിൽ മാസം 350 യൂനിറ്റ് ഉപയോഗിച്ചാൽ ഫിക്സഡ് ചാർജ് 150 രൂപയാണെന്ന് പറയുന്നുണ്ട്. 500 യൂനിറ്റിനു മുകളിൽ മാസം ഉപയോഗിച്ചാൽ 225 രൂപയാണെന്നും പറയുന്നു. എന്നാൽ, പട്ടികയിൽ കൊടുത്തിരിക്കുന്ന ബില്ലിൽ ദ്വൈമാസം 636 യൂനിറ്റ് ഉപയോഗിച്ച ഉപഭോക്താവിൽനിന്ന് 300 രൂപയാണ് ഫിക്സഡ് ചാർജായി ഈടാക്കിയിരിക്കുന്നത്. ശരാശരി മാസാന്ത ഉപഭോഗം 318 ആയാൽ പട്ടികയിൽ പറയുന്ന ഫിക്സഡ്‌ ചാർജ് 150 രൂപയാണ്.

ഇലക്ട്രിസിറ്റി ഡ്യൂട്ടി എന്നുപറഞ്ഞ് എനർജി ചാർജിന്റെ 10 ശതമാനം ഈടാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? എന്താണ് ഈ ഫ്യുവൽ ചാർജ്? ആരും ചോദ്യം ചെയ്യാനി​െല്ലങ്കിൽ ഈ കൊള്ള തുടർന്നുകൊണ്ടിരിക്കും.

കേരളത്തിൽ കെ.എസ്.ഇ.ബി ജനങ്ങളെ കൊള്ളചെയ്യുന്നതിന്റെ കാരണങ്ങൾ അന്വേഷിച്ചുപോയാൽ ബോർഡിന്റെ ധൂർത്തും ദുർവ്യയവും അഴിമതിയും ജനങ്ങളുടെ ചുമലിൽ അടിച്ചേൽപിക്കുകയാണെന്ന് നമുക്ക് ബോധ്യമാകും. സെക്രട്ടേറിയറ്റിലെ ഊർജവകുപ്പിൽ ജോലിചെയ്യുന്ന അവസരത്തിലാണ് കെ.എസ്.ഇ.ബിയിൽ നടക്കുന്ന അഴിമതിയുടെ ആഴം മനസ്സിലാക്കാൻ ഇടയായത്. കെ.എസ്.ഇ.ബിയിലെ പദ്ധതികളെ സംബന്ധിച്ചും ജീവനക്കാരെ സംബന്ധിച്ചുമുള്ള പരാതികൾ കൈകാര്യംചെയ്യുന്ന വകുപ്പായിരുന്നു അത്. ബോർഡ് നടത്തിക്കൊണ്ടിരിക്കുന്ന വിവിധ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും പർച്ചേസുകളെക്കുറിച്ചുമാണ് പരാതികൾ വന്നിരുന്നത്.

ബോർഡിന്റെ വിജിലൻസ് സെൽ കണ്ടെത്തിയ അഴിമതികളും കൂട്ടത്തിലുണ്ടായിരുന്നു. ബോർഡിന്റെ കീഴിലുള്ള വിജിലൻസ് സെൽ കണ്ടെത്തിയ ക്രമക്കേടുകൾക്ക് ബോർഡ് അധികൃതരാണ് നടപടി എടുക്കേണ്ടത്. ബോർഡ് അധികൃതർക്കും അതിൽ പങ്കുണ്ടെങ്കിൽ ആ റിപ്പോർട്ടുകൾ വെളിച്ചം കാണാറില്ല. ബോർഡിൽ നടക്കുന്ന പല അഴിമതികളും ഉന്നതരുടെ അറിവോടെയാണ് നടക്കുന്നത്. ഈ അഴിമതികളുടെ വിഹിതം പറ്റുന്നവരിൽ ഈ ഉന്നതരുംപെടും. സെക്രട്ടേറിയറ്റിലെ ഊർജവകുപ്പിൽ ലഭിക്കുന്ന പരാതികൾ ഫയലുകളാക്കി മുകളിലേക്ക് അയച്ചാൽ ഒരു നടപടിക്കും ശിപാർശ ചെയ്യാതെ ഫയൽ ക്ലോസ് ചെയ്യാനുള്ള ഉത്തരവിട്ടാണ് മടങ്ങിവരുക. എല്ലാവരും പരസ്പര ധാരണയിലാണോ ഇരിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

അഴിമതിയിൽ മുങ്ങിയ സ്​ഥാപനം

കുറ്റ്യാടി പ്രോജക്ടിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്ഥലത്ത് നടത്തിയ ഒരു വർക്കുമായി ബന്ധപ്പെട്ട് വിജിലൻസ് വിങ്ങിന്റെ കണ്ടെത്തൽ സംബന്ധിച്ച് അതിലെ ഒരു അംഗം പരാതി നൽകി. പരാതി ഊർജവകുപ്പിൽ വന്നു. വിജിലൻസ് വിങ് അന്വേഷിച്ച് കണ്ടെത്തിയ നഗ്നമായ അഴിമതി സംബന്ധിച്ച് വിശദറിപ്പോർട്ട് അവർ ബോർഡിന് നൽകി. ഒരു നടപടിയും ഉണ്ടായില്ല. ഇതിൽ പ്രയാസപ്പെട്ടാണ് ഈ വിജിലൻസ് കമ്മിറ്റിയിൽ അംഗമായ എൻജിനീയർ, റിപ്പോർട്ടിന്റെ കോപ്പിയും രേഖകളും സഹിതം വ്യക്തിപരമായി ഊർജവകുപ്പ് സെക്രട്ടറിക്ക് പരാതി അയച്ചത്. പ്രത്യക്ഷത്തിൽതന്നെ വ്യക്തമായ അഴിമതിയാണെന്ന് മനസ്സിലാക്കുന്നതായിരുന്നു പ്രസ്തുത റിപ്പോർട്ട്.

കുറ്റ്യാടി പ്രോജക്ട് ഓഫിസിനോട് അനുബന്ധിച്ച് ഒരു താൽക്കാലിക ഷെഡ് നിർമിച്ചതുമായ ബന്ധപ്പെട്ടതായിരുന്നു പരാതി. ഇൗ നിർമിതിക്ക് 99 ലക്ഷം രൂപ ചെലവഴിച്ച് പൈസ എഴുതിയെടുത്തു എന്നതായിരുന്നു അതിൽ ഉന്നയിച്ചിരുന്നത്. ബില്ലുകൾ വളരെ വേഗത്തിൽതന്നെ പാസാക്കി നൽകിയിരുന്നു. ഇതിലെ അഴിമതി അറിഞ്ഞാൽ ഞെട്ടും. നേരത്തേ കുറ്റ്യാടി പ്രോജക്ട് ഓഫിസിന്റെ കോമ്പൗണ്ടിൽ ഉണ്ടായിരുന്ന ഒരു ഷെഡ് തന്നെയാണ് പുതിയ നിർമിതിയായി കാണിച്ച് 99 ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിന്റെ ബിൽ എഴുതിയവർക്കും അത് പാസാക്കിക്കൊടുത്തവർക്കും പണം നൽകിയവർക്കും എല്ലാം ഇതിൽ പങ്കുണ്ട്. ബോർഡിലെ ചെയർമാനടക്കമുള്ള ഉന്നതർക്ക് ഇതിൽ പങ്ക് ഉണ്ടെന്ന് കാണിച്ചാണ് വിജിലൻസ് അംഗമായ എൻജിനീയർ പരാതി ഉന്നയിച്ചത്. ഇതിലൂടെ ലഭിച്ച പണം എല്ലാവരും കൂടി വീതിച്ച് എടുത്തുവെന്നും പരാതിയിൽ പറയുന്നു.

ഫയൽ പരിശോധിച്ച് വിശദ നോട്ടോടെ മുകളിലേക്ക് അയച്ചു. ചെയർമാനോട് വിശദീകരണം ചോദിക്കാനും എഴുതിയിരുന്നു. എന്നാൽ, ഫയൽ പോയ അതേ സ്പീഡിൽ തിരിച്ചുവന്നു. ഇതിൽ കൂടുതൽ അന്വേഷണം ആവശ്യമി​െല്ലന്ന ഉത്തരവോടെയാണ് ഫയൽ മടങ്ങിവന്നത്. എന്തുകൊണ്ട് ഇങ്ങനെ എന്ന് ഒരു പിടിത്തവും കിട്ടിയില്ല. അപ്പോഴാണ് അവിടെയുള്ള ബാക്ക് ഫയലുകൾ പരിശോധിക്കാൻ ഒരു ശ്രമം നടത്തിയത്. പല ഫയലുകളിലും നാറുന്ന അഴിമതിയുടെ കഥകളാണുണ്ടായിരുന്നത്. ബോർഡിന്റെ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങളിലും പർച്ചേസുകളിലും നടക്കുന്ന കോടികളുടെ അഴിമതികളെക്കുറിച്ചുള്ളവയായിരുന്നു അധികവും. പലതിലും ഒരു നടപടിയും എടുത്തിരുന്നില്ല. യഥാർഥത്തിൽ നടക്കുന്നതിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് പരാതിയായി സർക്കാറിന് ലഭിക്കുന്നത്. അതുതന്നെ അഴിമതിയുടെ വിഹിതം ലഭിക്കാത്തവരുണ്ടെങ്കിൽ അവരോ അല്ലങ്കിൽ ചില മനഃസാക്ഷിയുള്ളവരോ ആണ് ഇങ്ങനെയുള്ള പരാതികൾ അയക്കുന്നത്.

കെ.എസ്.ഇ.ബിയുടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും അഴിമതിക്ക് പേരു​ കേട്ടതാണ്. വൻകിട ജലവൈദ്യുതി പദ്ധതികളുടെ നിർമാണങ്ങളിൽ നടന്ന അഴിമതികളും ധൂർത്തും എല്ലായ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നവയാണ്. ആർ. ബാലകൃഷ്ണപിള്ള വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ പ്രധാനപ്പെട്ട ഇടമലയാർ, കല്ലട ഡാമുകളിൽ നടന്ന നിർമാണ അഴിമതികൾ പുറത്തുവരുകയും ജസ്റ്റിസ് സുകുമാരനെ അന്വേഷണ കമീഷൻ ആയി വെക്കുകയും ചെയ്തിരുന്നു. ഇടമലയാർ പദ്ധതിയിൽ സർക്കാറിന് കോടിക്കണക്കിന് രൂപ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും കാണിച്ച് 11 പേരെ പ്രതി ചേർത്ത് കമീഷൻ റിപ്പോർട്ട് നൽകി.


മന്ത്രിയടക്കം 3 പേരെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ആർ. ബാലകൃഷ്ണപിള്ളക്കെതിരെയുള്ള ശിക്ഷ ഹൈകോടതി റദ്ദാക്കി. അന്നത്തെ ഉമ്മൻ ചാണ്ടി ഗവൺമെന്റ് അപ്പീൽ പോകാത്തതുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ആർ. ബാലകൃഷ്ണപിള്ളയടക്കം 3 പേരെ ഒരു വർഷം തടവിന് ശിക്ഷിച്ചു. പക്ഷേ, രണ്ടുമാസംപോലും മന്ത്രി ശിക്ഷ അനുഭവിച്ചില്ല. ഖജനാവിന് നഷ്ടപ്പെട്ട കോടികൾ ആരിൽനിന്നും ഈടാക്കിയുമില്ല. ഇതാണ് അഴിമതികളുടെ പരിണിതഫലം.

ബോർഡിന്റെ കീഴിലുള്ള എല്ലാ വൻകിട പ്രോജക്ടുകളിലും ഭീമമായ വെട്ടിപ്പാണ് നടന്നത്. പള്ളിവാസൽ പദ്ധതി നവീകരിക്കാനായി 2010ൽ 100 കോടി രൂപ മുടക്കി ചൈനയിൽനിന്ന്​ മൂന്നു ജനറേറ്ററുകൾ വാങ്ങിയിരുന്നു. അതിന് വൻതുക കമീഷൻ ബന്ധപ്പെട്ടവർ കൈപ്പറ്റി. പക്ഷേ, അത് ഇൻസ്റ്റാൾ ചെയ്തിരുന്നില്ല. മൂന്നു വർഷം കഴിഞ്ഞപ്പോൾ അതിന്റെ ഗാരന്റി പീരിയഡ് കഴിഞ്ഞിരുന്നു. പിന്നീട് അത് പ്രവർത്തനക്ഷമമായില്ല. വീണ്ടും ജനറേറ്ററുകൾ വൻതുക മുടക്കി വാങ്ങാനുള്ള ശ്രമത്തിലാണ് ബോർഡ്. പുതിയ കമീഷൻ വാങ്ങാൻ വേണ്ടിയാണ് ഈ നീക്കമെന്നും ആരോപണമുണ്ട്. 100 കോടി വെള്ളത്തിലായതിനെക്കുറിച്ച ഒരു അന്വേഷണമോ വേവലാതിയോ ആർക്കുമില്ല.

സെങ്കുളം, പന്നിയാർ, പള്ളിവാസൽ തുടങ്ങിയ മൂന്നു ജലവൈദ്യുതി പദ്ധതികൾ നവീകരിക്കാൻ കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി 374 കോടി രൂപയുടെ കരാറിൽ ബോർഡ് ഏർപ്പെട്ടിരുന്നു. കരാറുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനം ആരോപിച്ച് പ്രസ്തുത കരാർ വിവാദത്തിലാവുകയും സുപ്രീംകോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയുമാണ്. ഇങ്ങനെ ബോർഡിന്റെ മിക്ക പദ്ധതികളുടെ നടത്തിപ്പിലും വൻ വിവാദമാണ് നടക്കുന്നത്. പക്ഷേ, വിവാദങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊഴുക്കുകയല്ലാതെ അഴിമതിക്ക് ഒരു കുറവും വന്നിട്ടില്ല.

വർഷംതോറും കോടിക്കണക്കിന് രൂപയുടെ പർച്ചേസിങ്ങാണ് ബോർഡിൽ നടക്കുന്നത്. ഇതിന്റെ കമീഷൻ കഥകൾ പുറത്തുവന്നത് കെ.എസ്.ഇ.ബി ബോർഡ് ചെയർമാൻ ഡോ. ബി. അശോകും യൂനിയനുകളും തമ്മിൽ തെറ്റിയപ്പോഴാണ്. ബോർഡിലെ യൂനിയനുകളായിരുന്നു പർച്ചേസുകളും കരാറുകളും നടത്തിയിരുന്നത്. വൻ തുക കമീഷൻ പറ്റി തടിച്ചുകൊഴുക്കുകയായിരുന്നു ഈ യൂനിയനുകൾ. എന്നാൽ ഡോ. അശോക് ചെയർമാനായി വന്നതോടെ യൂനിയനുകളെ മൂക്കുകയറിട്ടു. അപ്പോഴാണ് അണിയറയിൽ നടന്ന കൊള്ളയുടെ കണക്കുകൾ പരസ്പരം വിളിച്ച് പറയാൻ തുടങ്ങിയത്. ചെയർമാൻ വൻതുക കമീഷൻ പറ്റുകയാണെന്ന് ആരോപിച്ച് യൂനിയൻ വാർത്താസമ്മേളനം നടത്തി. അതിന് മറുപടിയായി യൂനിയനുകൾ ഇതുവരെ നടത്തിയ അഴിമതികളെ സംബന്ധിച്ച് ഡോ. അശോക് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. സർക്കാറിന്റെ പാർട്ടിയുടെ വമ്പൻ വരുമാന സ്രോതസ്സായ യൂനിയന് അനുകൂലമായി അധികൃതർ നിലപാടെടുത്തു. അവസാനം ചെയർമാൻ പുറത്തുപോകേണ്ടി വന്നു. അഴിമതികളും ധൂർത്തും വീണ്ടും യൂനിയന്റെ നേതൃത്വത്തിൽ നിർബാധം തുടരുന്നു.

ശമ്പള പരിഷ്കരണത്തിന്റെ മറവിൽ പകൽക്കൊള്ള

കേരള ഇലക്ട്രിസിറ്റി ബോർഡ് എന്നും നഷ്ടത്തിലാണ്. നഷ്ടത്തിന്റെ പാപഭാരം ഗുണഭോക്താക്കളുടെ തലയിലിട്ട് രക്ഷപ്പെടാനാണ് ബോർഡും ​െറഗുലേറ്ററി കമീഷനും കാലാകാലങ്ങളിൽ ശ്രമിക്കുന്നത്. ഇത്രയധികം വരുമാനം വളരെ കൃത്യതയോടെ ലഭിക്കുന്ന മറ്റൊരു പൊതുമേഖലാ സ്ഥാപനം കേരളത്തിലില്ല. ഈ പൈസയൊക്കെ എവിടെ പോകുന്നു എന്നന്വേഷിക്കുമ്പോഴാണ് ബോർഡിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിശോധിക്കേണ്ടിവരുന്നത്​. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശമ്പളമുള്ള പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.ഇ.ബി. സംസ്ഥാന ജീവനക്കാരുടെ ഇരട്ടിയിൽ കൂടുതൽ ശമ്പളം പറ്റുന്നത് വൈദ്യുതി ബോർഡ്‌ ജീവനക്കാരാണ്'. ലൈൻമാൻ വരെ ലക്ഷത്തിൽപരം രൂപ ശമ്പളം പറ്റുന്നു. ഒരു വകുപ്പിലും ഒരു പൊതുമേഖലാ സ്ഥാപനത്തിലുമില്ലാത്ത ഇൻക്രിമെന്റ് റേറ്റാണ് ബോർഡിലുള്ളത്. കുറഞ്ഞ ശമ്പളത്തിൽ കയറിയവർ കുറച്ചുകാലംകൊണ്ടുതന്നെ വൻതുകയിലേക്ക് ഉയരുന്നു. അതിന് പുറമെയാണ് ഓരോ അഞ്ചുവർഷം കൂടുമ്പോൾ പ്രത്യേക ശമ്പള കരാറിലൂടെയുള്ള വൻ ശമ്പളവർധന ലഭിക്കുന്നത്. തൊഴിലാളി യൂനിയനുകളുമായി ഉണ്ടാക്കുന്ന ഈ ശമ്പള പരിഷ്കരണ കരാർ ഒരു ഒത്തുകളിയാണ്. സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഏറിയാൽ 10 ശതമാനത്തിൽ താഴെയാണ് വർധനയുണ്ടാവുക. ബോർഡിലെ 2016ലെ ശമ്പള പരിഷ്കരണത്തിലെ വർധന 40 ശതമാനത്തിൽ കൂടുതലാണ്. 2021ലെ ശമ്പള പരിഷ്കരണമാണ് ഇതുവരെയുള്ള എല്ലാറ്റിനെയും കടത്തിവെട്ടിയത്.

2021ലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ യൂനിയനിലെ ഒരു സബ് എൻജിനീയർ (ഗ്രേഡ് എ. എക്സി.) എസ്. സു​േരഷ്‍കുമാറിന്റെ ​േഫസ്ബുക്ക് പോസ്റ്റ് ഏറെ വൈറലായിരുന്നു. 2021ലെ ശമ്പള പരിഷ്കരണം ഉയർത്തുന്ന ചോദ്യങ്ങൾ എന്നതായിരുന്നു തലക്കെട്ട്. അദ്ദേഹത്തിന്റെ ശമ്പളം മുന്നിൽവെച്ചാണ് അയാൾ കാര്യങ്ങൾ പറയുന്നത്. 22 വർഷം മുമ്പ് അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 1640 രൂപയായിരുന്നു. 2021ൽ പരിഷ്കരണം വന്നപ്പോൾ അടിസ്ഥാന ശമ്പളം 1,28,000 രൂപയും മൊത്തം ശമ്പളം 1,61,220 രൂപയുമായി. 2021 ഫെബ്രുവരിയിൽ ഡി.എ അടക്കം സുരേഷ് കുമാർ വാങ്ങിയത് 1,32,400 രൂപയായിരുന്നു. പരിഷ്കരണം വന്ന മാർച്ചിൽ ശമ്പളം 1,61,220 രൂപയായി വർധിച്ചു. വർധന 28,000 രൂപ! അതായത് 2016 മാർച്ചിൽ 75,800 രൂപ ശമ്പളം, 2021 മാർച്ചിൽ 1,61,220 രൂപ. വർധന 113 ശതമാനം! 2021ലെ ശമ്പള പരിഷ്കരണം വഴി ബോർഡിന് ഉണ്ടാകുന്ന ബാധ്യത 500 കോടി രൂപ. പെൻഷൻ ബാധ്യത 750 കോടി. ശമ്പള കുടിശ്ശികക്ക് 1000 കോടിയുമടക്കം 2250 കോടി ബാധ്യതയാണ് ബോർഡിന് ഉണ്ടാകുന്നത്. കരാറിലില്ലാത്ത എച്ച്.ആർ.എ വർധന കൂടി വരുമ്പോൾ പിന്നെയും ശമ്പളം വർധിക്കും. ബോർഡിന്റെ 2021 ലെ സഞ്ചിതനഷ്ടം 14,000 കോടിയും 9000 കോടി കടബാധ്യതയും 35,824 കോടി രൂപ പെൻഷൻ ബാധ്യതയും ഉണ്ടെന്ന് നാം മനസ്സിലാക്കണം.

പട്ടിക 1: കെ.എസ്​.ഇ.ബിയിലെ ചാർജ്​ തിരിച്ചുള്ള സ്ലാബ്​ കണക്കാക്കൽ

അൽപം മനഃസാക്ഷിയുള്ളതുകൊണ്ടോ അതോ റിട്ടയർ ചെയ്യാൻ പോകുന്നതുകൊണ്ടോ ആണ് സുരേഷ് കുമാർ ഇങ്ങനെ തുറന്നെഴുതുന്നത്. അദ്ദേഹം തന്റെ എഫ്.ബി പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘‘ഇത് ന്യായമായ വർധനയാണെന്ന് ആരുപറഞ്ഞാലും അത് കണ്ണടച്ച് ഇരുട്ടാക്കലാകും. ഇത് കുത്തിവാരലാണെന്ന് ആര് കണ്ണുതുറന്ന് നോക്കിയാലും കാണാൻ കഴിയും. ഇത്രയും വാരിക്കോരി കൊടുക്കാനുള്ള ത്രാണി ഈ സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിക്കുക. ഭാവിയിലും ശമ്പളപരിഷ്കരണം വേണമെന്നില്ലയോ? അതോ കേന്ദ്രത്തിലേതുപോലെ 10 വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം മതിയോ?’’ ഈ ചോദ്യങ്ങളോടെയാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.

ഒരാളുടെ ഈ അനുഭവംവെച്ച് മറ്റ് കാഡറിലുള്ളവരുടെ ശമ്പളവർധന ഊഹിക്കാവുന്നതേയുള്ളൂ. ഓഫിസ് അറ്റൻഡുമാരും ലൈൻമാൻമാരും ഓവർസിയറായി പ്രമോഷൻ ലഭിച്ച് ലക്ഷത്തിൽപരം രൂപ ശമ്പളം പറ്റുന്നവരായി ധാരാളം പേരുണ്ട് ബോർഡിൽ. സ്വന്തം ലീവ് പോലും മര്യാദക്ക് എഴുതി സമർപ്പിക്കാൻ പറ്റാത്തവരാണ് വൻതുക ശമ്പളം വാങ്ങുന്നതെന്നത് വിചിത്രമാണ്. റിസ്കുള്ള പണി ചെയ്യുന്നവരാണ് ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാർ എന്ന ന്യായമാണ് ശമ്പളവും ഇൻക്രിമെന്റും വാരിക്കോരി നൽകുന്നതിന് കാരണമായി പറയുന്നത്. എന്നാൽ, റിസ്കുള്ള പണി ഫീൽഡിൽ ചെയ്യുന്നത് ലൈൻമാൻമാരും വർക്കർമാരുമാണ്. അവർക്കാണ് പലപ്പോഴും അപകടം സംഭവിക്കാറ്​. അവർക്കാണെങ്കിൽ തുച്ഛമായ ശമ്പളമേ ലഭിക്കുന്നുള്ളൂ. കാര്യമായ റിസ്കോ പണിയോ ഇല്ലാത്ത ഓവർസിയർ മുതൽ മുകളിലുള്ളവർക്കും ഓഫിസർമാർക്കുമാണ് റിസ്കിന്റെ പേരിൽ ശമ്പളം വൻതോതിൽ വർധിപ്പിച്ച് നൽകുന്നത്. സബ് എൻജിനീയർ മുതൽ മുകളിലുള്ളവർക്ക് കാര്യമായ പണിയൊന്നും ബോർഡിലില്ല. മരിച്ച് പണി എടുക്കുന്നത് വർക്കർമാരും ലൈൻമാൻമാരുമാണ്. അവർക്ക് അടിസ്ഥാനശമ്പളം കുറവായതുകൊണ്ട് ശമ്പളവർധന നാമമാത്രമായിരിക്കും. ശമ്പളവർധന വരുമ്പോൾ സ്വാഭാവികമായും പെൻഷനും ഉയരും. ലക്ഷങ്ങൾ പെൻഷൻ വാങ്ങുന്ന ഓഫിസർമാരും എൻജിനീയർമാരും ഇന്ന് ബോർഡിലുണ്ട്.

ബോർഡിൽ ഓൺലൈൻ സേവനങ്ങൾ വർധിച്ചതോടെ കാഷ്യർ അടക്കമുള്ള കുറെ തസ്തികകൾ ആവശ്യമില്ലാതായിരിക്കയാണ്. എന്നാൽ, പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും. പലരും കനത്ത ശമ്പളം കൈപ്പറ്റിയാണ് സംഘടനാ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ബോർഡിന്റെ ഓരോ സെക്ഷനുകളിലും വൻതുക ശമ്പളം പറ്റുന്ന ഒന്നോ രണ്ടോ ഓവർസിയറോ എൻജിനീയറോ ഓഫിസിൽ വന്ന് ഒപ്പിട്ട് ഫുൾടൈം സംഘടനാ പ്രവർത്തനങ്ങൾക്കുവേണ്ടി പുറത്തുപോകുന്നവരാണ്. അവരാണ് ആ ഓഫിസ് ഭരിക്കുന്നത്. അവർക്കെതിരെ ആരും ഒന്നും ഉരിയാടുകയില്ല.

സംസ്ഥാന സർക്കാറിലെ ഉയർന്ന പോസ്റ്റുകളുള്ള സെക്ര​േട്ടറിയറ്റിലെ ജീവനക്കാരുടെ 2019ലെ ശമ്പള പരിഷ്കരണത്തിൽ ലഭിച്ച വർധനകൂടി അറിയുമ്പോഴാണ് ബോർഡിലെ താഴെയുള്ള ജീവനക്കാരുടെ അടുത്തുപോലും എത്തുന്നി​െല്ലന്നറിയുക.

ഏറ്റവും ഉയർന്ന നോൺ ഐ.എ.എസ് തസ്തികയായ സ്പെഷൽ സെക്രട്ടറിയുടെ ശമ്പളം 1,29,300 രൂപയാണ്. അഡീഷനൽ സെക്രട്ടറി 1,23,700, ജോയന്റ് സെക്രട്ടറി 1,18,100, ​െഡപ്യൂട്ടി സെക്രട്ടറി -1,07,800 എന്നിങ്ങനെയാണ്. ബോർഡിലെ ഒരു സബ് എൻജിനീയറുടെ ശമ്പളം 1,61,220 രൂപ!

2021ൽ വൈദ്യുതി ബോർഡ് നടപ്പാക്കിയ ശമ്പള -പെൻഷൻ പരിഷ്കരണം ഉപഭോക്താക്കൾക്ക് ഷോക്കായെന്ന് കംട്രോളർ -ഓഡിറ്റർ ജനറലിന്റെ പുതിയ റിപ്പോർട്ടിൽ കണ്ടെത്തി രൂക്ഷമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. നിലവിലെ ശമ്പളപരിഷ്കരണ മാനദണ്ഡങ്ങൾ മറികടന്നാണ് ശമ്പളവും പെൻഷനും പരിഷ്കരിച്ചത്. ഇതുവഴി കോടികളുടെ അധികബാധ്യതയാണ് കെ.എസ്.ഇ.ബിക്കുണ്ടാവുന്നത്. ഈ ബാധ്യത ഉപഭോക്താക്കളിൽനിന്ന് കണ്ടെത്തേണ്ട സ്ഥിതിയുമാണ്. ഉപഭോക്താക്കൾ 6.46 രൂപ യൂനിറ്റിന് അധിക നിരക്ക് നൽകേണ്ടിവരുമെന്നും സി.എ.ജി ചൂണ്ടിക്കാട്ടി.

പട്ടിക 3: കെ.എസ്​.ഇ.ബിയിലെ 2021ലെ ശമ്പള പരിഷ്‍കരണം

മാനദണ്ഡങ്ങൾ പാലിക്കാതെ ശമ്പളപരിഷ്കരണം നടപ്പാക്കിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെതിരെ നടപടി വേണമെന്നും സി.എ.ജിയുടെ കരട് റിപ്പോർട്ടിൽ പരാമർശമുണ്ട്. ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി അധികമായി ഉണ്ടാകുന്ന ബാധ്യത വൈദ്യുതി ബോർഡിന് ഊർജവകുപ്പിൽനിന്ന് ലഭിക്കുന്ന സാമ്പത്തികസഹായത്തിൽനിന്ന് കണ്ടെത്തണമെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.

സർക്കാറും ധനവകുപ്പും സി.എ.ജിയും നിരവധിതവണ മുന്നറിയിപ്പ്​ നൽകിയിട്ടും വകവെക്കാതെ വൈദ്യുതി ബോർഡ് ശമ്പളവർധന നടപ്പാക്കിയതുമൂലം വരുമാനത്തിന്റെ പകുതിയോളം ശമ്പളവും പെൻഷനുമായി നൽകേണ്ട സ്ഥിതിയായി. വൈദ്യുതി ബോർഡ് ജീവനക്കാർക്കുള്ള ക്ഷാമബത്ത മറ്റ് സർക്കാർ ജീവനക്കാരുടേതിനേക്കാൾ കൂടുതലാണെന്നും സി.എ.ജി വ്യക്തമാക്കുന്നു. അനധികൃതമായി ശമ്പളവും പെൻഷനും വർധിപ്പിച്ചതുമൂലം വരുമാനത്തിന്റെ 23 ശതമാനമായിരുന്ന ശമ്പള-പെൻഷൻ ചെലവ് ഒറ്റയടിക്ക് 46 ശതമാനമായി കുതിച്ചതായും സി.എ.ജിയുടെ റിപ്പോർട്ടിൽ പറയുന്നു.

പട്ടിക 2: കെ.എസ്.ഇ.ബിയുടെ ഒരു ദ്വൈമാസ ബിൽ

2021 ലെ ശമ്പള പരിഷ്കരണത്തിലെ കണക്ക് പരിശോധിച്ചാൽ അടിസ്ഥാന ശമ്പളത്തിൽതന്നെ വൻ വർധനയാണ് ഓരോ ജീവനക്കാരനും ലഭിക്കുന്നത് (പട്ടിക 3 കാണുക). സംസ്ഥാന ജീവനക്കാർക്ക് 10 ശതമാനംപോലും ലഭിക്കാതിരിക്കുമ്പോഴാണ് അടിസ്ഥാന ശമ്പളത്തിൽതന്നെ 40 മുതൽ 50 ശതമാനംവരെ അധികമായി ലഭിക്കുന്നത്. ക്ഷാമബത്തയും എച്ച്.ആർ.എ അടക്കമുള്ള മറ്റ് അലവൻസുകൾ. വർധിച്ച ഇൻക്രിമെന്റ് എന്നിവ കൂടി ലഭിക്കുമ്പോൾ ശമ്പള വർധന പിന്നെയും കൂടും. ശമ്പള ഫിക്സേഷൻ സമയത്ത് അടുത്ത സ്റ്റേജിൽ ഫിക്സ് ചെയ്യുമ്പോൾ ഒരു വലിയ കുതിപ്പാണ് നമുക്ക് കാണാൻ കഴിയുക. ആ പച്ചയായ യാഥാർഥ്യമാണ് ഒരു എൻജിനീയറുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്നത്. അതോടെയാണ് അന്യായമായ ഈ വർധനയുടെ സാധുതതന്നെ ചോദ്യംചെയ്യാൻ സി.എ.ജി മുതിർന്നത്.

ഈ കൊള്ളക്കെതിരെ ആരുംതന്നെ ശബ്ദമുയർത്തുന്നില്ല. ഈ ബാധ്യത തീർക്കാൻ വർഷാവർഷം ചാർജ് വർധിപ്പിച്ച് ജനങ്ങളെ പിഴിയുകയാണ് ബോർഡ് ചെയ്തുകൊണ്ടിരിക്കുന്നത്. കെ.എസ്.ഇ.ബി നടത്തുന്ന വർക്കുകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വന്നാൽ പകൽക്കൊള്ള പലതും പുറത്തുകൊണ്ടുവരാൻ പറ്റും. പക്ഷേ, ആരതിന് മുതിരും എന്നതാണ് ചോദ്യം.

റിട്ട. ഗവ. അഡീഷനൽ സെക്രട്ടറിയാണ്​

ലേഖകൻ

Tags:    
News Summary - Kerala State Electricity Board and corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-30 01:30 GMT
access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT