കാലത്തി​െന്റ സഞ്ചാരപഥങ്ങൾ

കാലത്തി​െന്റ സഞ്ചാരപഥങ്ങൾ

സാമൂഹിക ചിന്തകനും ദലിത്​ ആക്​ടിവിസ്​റ്റും എഴുത്തുകാരനും ചരിത്രകാരനുമായ കെ.കെ. കൊച്ചി​​െന്റ ധൈഷണിക സംഭാവനകളെ ഒാർമിക്കുകയാണ്​ എഴുത്തുകാരനും ചിന്തകനുമായ ലേഖകൻ. കൊച്ചേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന കെ.കെ. കൊച്ച് വിടപറഞ്ഞു, ചരിത്രത്തിന്റെ ഭാഗമായി. ചരിത്രകാരന്‍, സാമൂഹിക-സാംസ്കാരിക വിമര്‍ശകൻ, ആക്ടിവിസ്റ്റ് തുടങ്ങി വ്യത്യസ്ത മണ്ഡലങ്ങളിൽ കഴിഞ്ഞ അരനൂറ്റാണ്ടായി ഇടപെട്ട അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ കീഴാള സമുദായത്തില്‍നിന്നും രൂപപ്പെട്ട ധൈഷണിക സംവാദങ്ങളെ പുനഃപരിശോധിക്കാനുള്ള സന്ദര്‍ഭംകൂടിയാണ്. നിരവധി ആകസ്മികതകളും ചിന്താപരമായ സാഹസികതയും നിറഞ്ഞ ജീവിതമായിരുന്നു കെ.കെ....

സാമൂഹിക ചിന്തകനും ദലിത്​ ആക്​ടിവിസ്​റ്റും എഴുത്തുകാരനും ചരിത്രകാരനുമായ കെ.കെ. കൊച്ചി​​െന്റ ധൈഷണിക സംഭാവനകളെ ഒാർമിക്കുകയാണ്​ എഴുത്തുകാരനും ചിന്തകനുമായ ലേഖകൻ.

കൊച്ചേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന കെ.കെ. കൊച്ച് വിടപറഞ്ഞു, ചരിത്രത്തിന്റെ ഭാഗമായി. ചരിത്രകാരന്‍, സാമൂഹിക-സാംസ്കാരിക വിമര്‍ശകൻ, ആക്ടിവിസ്റ്റ് തുടങ്ങി വ്യത്യസ്ത മണ്ഡലങ്ങളിൽ കഴിഞ്ഞ അരനൂറ്റാണ്ടായി ഇടപെട്ട അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ കീഴാള സമുദായത്തില്‍നിന്നും രൂപപ്പെട്ട ധൈഷണിക സംവാദങ്ങളെ പുനഃപരിശോധിക്കാനുള്ള സന്ദര്‍ഭംകൂടിയാണ്. നിരവധി ആകസ്മികതകളും ചിന്താപരമായ സാഹസികതയും നിറഞ്ഞ ജീവിതമായിരുന്നു കെ.കെ. കൊച്ചിന്റേത്. ഇന്നത്തെ കാലത്തുനിന്നും വ്യത്യസ്തമായി, നാല് പതിറ്റാണ്ട് മുമ്പ് വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെയും തീവ്ര ഇടതുപക്ഷത്തിന്റെയും ആശയാവലികളോടും സംഘടനാ സംവിധാനങ്ങളോടും ഒരുപോലെ അകലം പാലിച്ചുകൊണ്ട്, സ്വതന്ത്രവും മൗലികവുമായ ആശയലോകം സൃഷ്ടിക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല.

ജാതിയനുഭവങ്ങളെയും അധികാരത്തില്‍നിന്നും വിഭവങ്ങളില്‍നിന്നുമുള്ള തിരസ്കാരത്തെയും സൈദ്ധാന്തികവത്കരിക്കാനും അതിനെ കേരളത്തിന്റെ ബൗദ്ധിക മേഖലയില്‍ ചര്‍ച്ചക്കുവെക്കാനും തയാറാകുന്നവർ കുറവായിരുന്ന സന്ദര്‍ഭത്തിലാണ് കെ.കെ. കൊച്ച് തന്റെ ഇടപെടലുകൾ ആരംഭിക്കുന്നത്. നിരാശയും വിപ്ലവപ്രതീക്ഷകളും പുലര്‍ത്തിയ സമ്മിശ്രമായ യുവത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ‘ദലിതൻ’ എന്ന ആത്മകഥയുടെ ആദ്യഭാഗങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്. ഗബ്രി​േയൽ ഗാര്‍സ്യ മാർകേസിന്റെ മെക്കാണ്ടയെന്നപോലെ വിജനവും ഏകാന്തവുമെന്നാണ് തന്റെ ജന്മനാടായ മധുരവേലിയെ കെ.കെ. കൊച്ച് വിശേഷിപ്പിക്കുന്നത്. തൈത്തറ ചോതിയെന്ന വല്യച്ചനുമായുള്ള സംഭാഷണങ്ങളും അറിയപ്പെടാത്ത ചരിത്രത്തെക്കുറിച്ചുള്ള സന്ദേഹങ്ങളുമൊക്കെയാണ് പുതിയ അന്വേഷണങ്ങളിലേക്ക് തന്റെ ജീവിതത്തെ മാറ്റിയതെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. ആത്മകഥയിലെ ‘ആദ്യാക്ഷരങ്ങള്‍’ എന്ന ആദ്യത്തെ അധ്യായത്തിൽ ഇപ്രകാരം പറയുന്നു: വല്യച്ഛനുമായി നടത്തിയ ദീര്‍ഘസംഭാഷണത്തില്‍നിന്നും ലഭിച്ച ഭൂതകാല വസ്തുതകളെ വായനാനുഭവങ്ങളുമായി സംയോജിപ്പിച്ചു ‘അധഃസ്ഥിത ജനത അതിജീവിക്കേണ്ട വെല്ലുവിളികൾ’ എന്ന ലേഖനം എഴുതിയാണ് ഞാൻ ദലിത്​‌ പ്രവര്‍ത്തനങ്ങളുടെ ആദ്യക്ഷരം കുറിച്ചത്. ഈ ലേഖനം ‘കലാപവും സംസ്കാരവും’ (1989) എന്ന ആദ്യത്തെ പുസ്തകത്തിൽ ചേര്‍ത്തിട്ടുണ്ട്.

കേരളത്തിലെ ദലിത്​‌ വ്യവഹാരങ്ങൾ ദൃശ്യമല്ലാതിരുന്ന സന്ദര്‍ഭത്തിലാണ് വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ മുന്‍കൈയില്‍ സീഡിയൻ പ്രസ്ഥാനം മധ്യ തിരുവിതാംകൂർ കേന്ദ്രീകരിച്ച് രൂപപ്പെടുന്നത്. രീതിശാസ്ത്രപരമായും സംഘടനാപരമായും മാര്‍ക്സിസത്തിന്റെ വഴിയാണ് ആ പ്രസ്ഥാനം തുടക്കത്തിൽ സ്വീകരിച്ചതെങ്കിലും ദലിത്​‌ ആശയലോകത്തെ വികസിപ്പിക്കാനും പുതിയ സംവാദങ്ങള്‍ സൃഷിക്കാനും അതിനു കഴിഞ്ഞു. കെ.കെ.എസ്. ദാസ്, ഇ.എം. കോശി, വി. പത്മനാഭന്‍, എരുമേലി വിജയന്‍, എം.ജെ. പ്രസാദ്, ഡോ. കെ.കെ. മന്മഥന്‍ തുടങ്ങിയവരൊക്കെ ചേര്‍ന്നായിരുന്നു സീഡിയന്റെ ആദ്യകാല പ്രവര്‍ത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. സാര്‍വദേശീയവും പ്രാദേശികവുമായ വിഷയങ്ങള്‍വരെ ആഴത്തിലുള്ള വിശകലനത്തിനു വിധേയമാക്കുമ്പോഴും സി.പി.എമ്മില്‍നിന്നും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു.

സീഡിയന്‍ പ്രവര്‍ത്തകർ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അരാജകവാദികളും നക്സലൈറ്റുകളും ഭീകരവാദികളുമായിരുന്നുവെന്നാണ് പില്‍ക്കാലത്ത് കെ.കെ. കൊച്ച് തന്നെ സ്മരിക്കുന്നത്. 1980കളുടെ തുടക്കത്തില്‍, ആശയപരമായ സംഘര്‍ഷങ്ങളും ഔദ്യോഗികമായ പ്രതിസന്ധികളും നേരിട്ട കാലത്താണ് അദ്ദേഹം സീഡിയൻ മാസികയുടെ പത്രാധിപസ്ഥാനം ഏറ്റെടുക്കുന്നത്. തീവ്ര ഇടതാഭിമുഖ്യത്തില്‍നിന്നും തികച്ചും വേറിട്ടതും നാം ഇന്നറിയുന്ന കെ.കെ. കൊച്ചിന്റെ എഴുത്തുലോകത്തെ നിർണയിക്കുന്നതിലും പ്രധാനപ്പെട്ട പങ്കുവഹിച്ചത് സീഡിയന്‍ പ്രസ്ഥാനവുമായുള്ള സഹവാസമായിരുന്നു. സി.കെ. ബാലന്‍ എന്ന തൂലികാനാമത്തില്‍, താഷ്കന്റ് മുതൽ സിലിഗുരിവരെ എന്ന തലക്കെട്ടിൽ ഒരു പരമ്പര എഴുതിത്തുടങ്ങിയെങ്കിലും ആശയപരമായ കാലുഷ്യംമൂലം അത് പൂര്‍ത്തിയാക്കാനായില്ലെന്ന് ആത്മകഥയിൽ കെ.കെ. കൊച്ച് എഴുതുന്നുണ്ട്.

സാഹിത്യത്തെ ഗൗരവമായി വിശകലനംചെയ്യുന്ന ലേഖനങ്ങളെഴുതിയാണ് കെ.കെ. കൊച്ച് എഴുത്തിന്റെ മേഖലയില്‍ തുടക്കത്തില്‍ സാന്നിധ്യമാവുന്നത്. ‘കലാപവും സംസ്കാരവും’ എന്ന കൃതിയിലെ ഭൂരിപക്ഷം ലേഖനങ്ങളും ആധുനികതാവാദ സാഹിത്യത്തെ പ്രത്യേകിച്ചും കവിതകളെ രാഷ്ട്രീയമായി വായിച്ചെടുക്കാനുള്ള ശ്രമങ്ങളാണെന്നു പറയാം. എ. അയ്യപ്പന്‍, ആറ്റൂര്‍ രവിവര്‍മ, സച്ചിദാനന്ദന്‍, സിവിക് ചന്ദ്രന്‍ തുടങ്ങിയവരുടെ രചനകളിലൂടെ സൂക്ഷ്മമായി സഞ്ചരിക്കുന്ന നിരൂപകനായി കെ.കെ. കൊച്ച് മാറുന്നു.

മറ്റൊരു സവിശേഷമായ കാര്യം, പ്രത്യാശയുടെ ‘കൊടുമുടികള്‍’ എന്ന ലേഖനത്തില്‍ മറാത്തി ദലിത്​‌ എഴുത്തുകാരായ അരുണ്‍ കാംബ്ലെ, നാരായന്‍ സുര്‍വെ തുടങ്ങിയവരുടെ കവിതകളെ വിശകലനം ചെയ്യുന്നതിലൂടെ തന്റെ വായനയുടെയും വിചാരത്തിന്റെയും ദിശാവ്യതിയാനംകൂടി വ്യക്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പില്‍ക്കാലത്തെ ദലിത്​‌ ചരിത്രാന്വേഷണങ്ങള്‍ക്കും വിശകലനരീതികള്‍ക്കും ആമുഖമായി പറയാവുന്ന അധഃസ്ഥിതജനത അതിജീവിക്കേണ്ട വെല്ലുവിളികൾ എന്ന ലേഖനത്തിൽ ഇപ്രകാരം എഴുതി: ഉൽപാദനോപാധികളുടെ മേലുള്ള അവകാശത്തോടൊപ്പം, ആത്മാഭിമാനത്തിനുവേണ്ടി നിലകൊള്ളാന്‍ കഴിഞ്ഞതാണ്, അതിന്റെ വഴിയായി കലാപം തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതാണ് അയ്യൻകാളി പ്രസ്ഥാനത്തിന്റെ ചരിത്രപ്രസക്തി.

 

ഫോട്ടോ കടപ്പാട്: വി.എം. ദേവദാസ്

ഈ അവബോധത്തിന്റെ തുടര്‍ച്ചയാണ് അധഃസ്ഥിതർ ഭൂതകാലത്തില്‍നിന്നും പുനഃസ്ഥാപിക്കേണ്ടത്. അത്തരമൊരു പുനഃസ്ഥാപനത്തിനു മാത്രമേ ചരിത്രത്തിലവരുടെ സ്ഥാനം ഉറപ്പിക്കാനാവൂ. ചാരുമജുംദാർ, കെ. ദാമോദരന്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിശകലനങ്ങളും ഇന്ത്യയിലെ മാര്‍ക്സിസത്തിന്റെ സാധ്യതയും പ്രസക്തിയുമൊക്കെ ചര്‍ച്ചചെയ്യുന്ന ലേഖനങ്ങളിലൂടെ ആത്മസന്ദേഹിയും ആശയപരമായ സംഘര്‍ഷങ്ങളുമുള്ള കെ.കെ. കൊച്ചിന്റെ സാന്നിധ്യം കാണാം. ഈ സംഘര്‍ഷത്തിന്റെ പരിഹാരമെന്നോണമാവാം തന്റെ രണ്ടാമത്തെ പുസ്തകമായ ‘അംബേദ്‌കർ ജീവിതവും ദൗത്യവും’ എന്ന സമാഹാരത്തിന്റെ ആമുഖകുറിപ്പിൽ, ഇന്ത്യയുടെ ദേശീയ ഐക്യവും ജനാധിപത്യവും യാഥാർഥ്യവത്കരിക്കാന്‍ അംബേദ്കറില്‍നിന്നും ആരംഭിക്കുന്ന ഒരു പുതിയ പ്രസ്ഥാനം ഉണ്ടാകണമെന്ന ഉറച്ച നിലപാടിൽ എത്തുന്നയാളായി അദ്ദേഹം മാറുന്നുണ്ട്. ടി.എച്ച്.പി. ചെന്താരശ്ശേരി, നരേന്ദ്ര യാദവ്, ഗോപാല്‍ ഗുരു, ഗോപി വള്ളോന്‍, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ തുടങ്ങിയവരുടെ ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത്‌. കേരളത്തിലെ മുഖ്യാധാരാ പ്രസാധകർ ഇത്തരം വിഷയങ്ങള്‍ പ്രസിദ്ധീകരിക്കാൻ മടികാണിക്കുമെന്ന് അറിയാവുന്നതിനാലാകും ആദ്യത്തെ പുസ്തകം കെ.കെ. കൊച്ച് മാനേജിങ് എഡിറ്ററായ നവംബര്‍ ബുക്സും രണ്ടാമത്തെ പുസ്തകം വടക്കൻ പറവൂരുള്ള പ്രയാഗ ബുക്സും വഴി പുറത്തിറക്കിയത്.

ഒരു എഴുത്തുകാരനെന്ന നിലയിൽ വൈവിധ്യമുള്ള വിഷയങ്ങളിൽ ഇടപെടുമ്പോഴും കേരളത്തിലെ നവസാമൂഹിക പ്രസ്ഥാനങ്ങളിലും സമരങ്ങളിലും തന്റെ പങ്കാളിത്തവും നേതൃത്വപരമായ ഭാഗധേയത്വവും ഉറപ്പിക്കുവാന്‍ കെ.കെ. കൊച്ച് ശ്രദ്ധിച്ചിരുന്നു. പ്രവൃത്തിയില്ലാത്ത വാക്കും എഴുത്തും അർഥരഹിതമാണെന്ന് അവസാനകാലംവരെ അദ്ദേഹം വിശ്വസിച്ചു. കേരളത്തിലെ ദലിത്​‌ -ആദിവാസി സമൂഹങ്ങളുടെ മുന്‍കൈയിലുണ്ടായ ചെറുതും വലുതുമായ പ്രക്ഷോഭങ്ങളെ, പങ്കെടുത്തും ചില സന്ദര്‍ഭങ്ങളിൽ വിമര്‍ശിച്ചും മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളായിരുന്നു അവ. ദലിതരും ആദിവാസികളും എല്ലാക്കാലത്തും വിമതജീവിതം നയിക്കേണ്ടവരല്ല എന്ന തീര്‍പ്പ്‌ ഈ പ്രവര്‍ത്തനങ്ങളിൽ കാണാം.

ആഭ്യന്തര വിമര്‍ശനവും ജീവിതത്തിന്റെ പുനഃസംഘാടനവും മറ്റെന്തിനേക്കാളും പ്രധാനമാണെന്ന് സ്വയം കരുതുകയും അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു. ആശയപരമായി മാത്രമല്ല, ജീവിതത്തിലെ ഭൗതികകാര്യങ്ങളിലും ചലനാത്മകമായ മാറ്റങ്ങളെ അദ്ദേഹം വിഭാവനചെയ്തു. ബാല്യ-യൗവന കാലത്തെ അലച്ചിലുകളും അരക്ഷിതാവസ്ഥകളും ഏൽപിച്ച തിരിച്ചറിവുകളാവാം ഈയൊരു മാറ്റത്തിന്റെ കാരണമായി പ്രവര്‍ത്തിച്ചത്. മറ്റൊരു കാര്യം, അയ്യൻകാളി, പൊയ്കയില്‍ അപ്പച്ചൻ തുടങ്ങിയവർ ഭാവനചെയ്ത ജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും പ്രായോഗികമായ പ്രതീക്ഷകളുമാവാം. ദലിതരും ആദിവാസികളും ഇതര പാര്‍ശ്വവത്കൃത സമുദായങ്ങളും വൈജ്ഞാനികമായും സാമ്പത്തികമായും വികസിക്കുന്ന ഒരു കാലമായിരുന്നു കെ.കെ. കൊച്ചിന്റെ എഴുത്തിനെയും ഇടപെടലുകളെയും നിർണയിച്ചത്.

 

സാഹിത്യ-സൗന്ദര്യശാസ്ത്ര മണ്ഡലങ്ങളിലെ വിച്ഛേദം

1980കളുടെ മധ്യത്തോടെ, കേരളത്തിലെ ദലിത്​‌ സാഹിത്യചര്‍ച്ചകളും സൗന്ദര്യശാസ്ത്രപരമായ വിശകലനങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും പൊതുമണ്ഡലത്തിൽ വേണ്ടത്ര സ്വീകാര്യതയോ പരിഗണനയോ ലഭിച്ചിരുന്നില്ല. ഇടതുപക്ഷ സാംസ്കാരിക ബോധത്തിന്റെ ബലിഷ്ഠതയിൽ വിഭാഗീയമോ മാനവികവിരുദ്ധമോ ആയി മുദ്രകുത്തപ്പെടുകയായിരുന്നു ജാതിയെ മുന്‍നിര്‍ത്തിയുള്ള സംവാദങ്ങളൊക്കെയുമെന്ന് പറയാം. കല്ലറ സുകുമാരന്‍, ടി.എച്ച്.പി. ചെന്താരശ്ശേരി, കെ.കെ.എസ്. ദാസ്, കവിയൂര്‍ മുരളി, പോള്‍ ചിറക്കരോട് തുടങ്ങിയവരൊക്കെ ദലിത്​‌ സാഹിത്യചര്‍ച്ചകളെയും ഇടപെടലുകളെയും സജീവമാക്കിയവരാണ്. പ്രഫ. ടി.എം. യേശുദാസനായിരുന്നു ശ്രദ്ധേയനായ മറ്റൊരാൾ. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഈ മേഖലയില്‍ എണ്ണംപറഞ്ഞ കൃതികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ എന്നതാണ് വസ്തുത.

ഈ മരവിപ്പിനെ മറികടക്കാൻ പ്രസിദ്ധീകരണമെന്നനിലയിൽ മാധ്യമം ആഴ്ചപ്പതിപ്പ് വഹിച്ച ചരിത്രപരമായ പങ്ക് എടുത്തുപറയേണ്ടതുണ്ട്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ കെ.കെ. കൊച്ച്, കെ.കെ. ബാബുരാജ് തുടങ്ങി നിരവധിപേരുടെ വ്യതിരിക്തവും വിധ്വംസകവുമായ ആശയങ്ങളെ കേരളീയ ഭാവുകത്വത്തില്‍ അവതരിപ്പിച്ചത് ‘മാധ്യമം’ ആയിരുന്നു. കെ.കെ. കൊച്ചിന്റെ നിരവധി സാഹിത്യപഠനങ്ങള്‍ അക്കാദമിക ലോകവും സാധാരണ വായനക്കാരും ശ്രദ്ധിച്ചുതുടങ്ങുന്നതും ഇക്കാലത്ത് തന്നെ. പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതിവിജയം’ (1892) നോവലിനെക്കുറിച്ച് ‘കേരളം മറന്ന സാമൂഹിക പരിഷ്‍കരണം’, തകഴി ശിവശങ്കരപ്പിള്ളയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയുടെ വിമര്‍ശനപഠനമായ ‘വെള്ളപ്പൊക്കത്തിൽ ഒരു മൃഗകഥയോ’, ടി.കെ.സി. വടുതലയുടെ കഥകളെ വിശകലനംചെയ്യുന്ന ‘കറുത്ത കഥയിലെ സവർണ മുദ്രകൾ’, ഇന്ത്യയിലെ ദലിത്​‌ സാഹിത്യത്തെ ഏറക്കുറെ സമഗ്രമായി വിശകലനംചെയ്യുന്ന ‘തിരസ്കൃതരുടെ ചരിത്രഭൂപടം’ തുടങ്ങിയ പഠനങ്ങളാണ് പ്രത്യേകമായി പരാമര്‍ശിക്കേണ്ടത്.

ഇക്കാലമാവുമ്പോഴേക്കും, സാഹിത്യത്തെ ചരിത്രപരമായി വിശകലനംചെയ്യുന്ന ഒരു രീതിശാസ്ത്രമാണ് കെ.കെ. കൊച്ച് വികസിപ്പിക്കാൻ ശ്രമിച്ചത്. ആദ്യകാല സാഹിത്യലേഖനങ്ങളില്‍നിന്ന് മൗലികവും വ്യതിരിക്തവുമായ ഒരു ദിശാവ്യതിയാനം ഇക്കാലത്തെ എഴുത്തുകളില്‍ പ്രകടമാണ്. സാഹിത്യത്തെ കേവലം അനുഭൂതിയുൽപാദിപ്പിക്കുന്ന വസ്തുവില്‍നിന്ന് മാറി ചരിത്രത്തിലും അധികാരബന്ധങ്ങളിലും മൂര്‍ത്തമായി ഇടപെടാന്‍ ശേഷിയുള്ള പാഠം (Text) എന്ന നിലയിലേക്ക് കെ.കെ. കൊച്ചിന്റെ വിമര്‍ശനലോകം മാറുന്നുണ്ട്. സ്വാഭാവികമായും ഇന്ത്യൻ സൗന്ദര്യബോധത്തിന്റെ വരേണ്യപക്ഷപാതിത്വവും കലയിലെയും സാഹിത്യത്തിലെയും ബ്രാഹ്മണ്യ അധീശത്വവും അദ്ദേഹത്തിന്റെ വിശകലനങ്ങളുടെ മുഖ്യപ്രമേയമായി. കേരളത്തിലെ ദലിത്​‌ സംവാദങ്ങള്‍ക്ക് മാന്യതയും സ്വീകാര്യതയും ലഭിച്ചത് ഇത്തരം ഇടപെടലുകളുടെ കൂടി ഫലമാണ്. ഒട്ടേറെ പുസ്തകങ്ങള്‍, അക്കാദമിക് സെമിനാറുകൾ, ചര്‍ച്ചകൾ, പ്രക്ഷോഭങ്ങൾ, വിവിധതരത്തിലുള്ള സംഘാടനങ്ങള്‍ തുടങ്ങി കെ.കെ. കൊച്ച് എഴുത്തില്‍ സജീവമായ കാല്‍നൂറ്റാണ്ട് കേരളീയ ചിന്തയുടെയും ആശയസംവാദങ്ങളുടെയും ജനാധിപത്യവത്കരണം സാധ്യമാക്കിയ സന്ദര്‍ഭമായി വിശേഷിപ്പിക്കാം.

ദ ലിത്​‌ സമുദായവത്കരണവും രാഷ്ട്രീയ വ്യവഹാരങ്ങളും ഏറെ പ്രധാനപ്പെട്ട ആശയാവലികളായി അദ്ദേഹത്തിന്റെ എഴുത്തുകളിൽ ആവര്‍ത്തിക്കുന്നതും ഇക്കാലത്താണ്. സ്വത്വബോധവും അതിന്റെ ഭാഗമായുണ്ടാകുന്ന രാഷ്ട്രീയ സംഘാടനവും അപകടകരമാണെന്ന് സ്ഥാപിക്കാന്‍ വ്യവസ്ഥാപിത ഇടതുപക്ഷ ബുദ്ധിജീവികൾ ശ്രമിച്ച സന്ദര്‍ഭത്തിലാണ് സൈദ്ധാന്തികമായും പ്രായോഗികമായും അതിന്റെ എതിര്‍പക്ഷത്ത് നിലയുറപ്പിക്കാൻ അദ്ദേഹം ശ്രമിച്ചത്. ‘വായനയുടെ ദലിത്​‌ പാഠം’, ‘ബുദ്ധനിലേക്കുള്ള ദൂരം’, ‘ദലിത്​‌ നേര്‍ക്കാഴ്ചകൾ’, ‘ദേശീയതക്ക് ഒരു ചരിത്രപാഠം’ തുടങ്ങി ഏറ്റവും അവസാനം പുറത്തിറങ്ങിയ ‘ദലിത്​‌ സമുദായവാദവും സാമുദായിക രാഷ്ട്രീയവും’ (2024) തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം ഇത്തരം ആശയലോകത്തിന്റെ വൈപുല്യം കാണാം.

 

കെ.കെ. കൊച്ച്​ -വര: തോലിൽ സുരേഷ്​

ഈ എഴുത്തുകളിലൂടെ കേരളം ശ്രദ്ധിക്കുന്ന, വിപുലമായി വായിക്കപ്പെടുന്ന ഒരു ജൈവ ബുദ്ധിജീവിയായി കെ.കെ. കൊച്ച് മാറി. നിരന്തരമായ വായനയും സൂക്ഷ്മമായ വിശകലനരീതിയും ഗദ്യമെഴുത്തിന്റെ അസാധാരണമായ സൗന്ദര്യമൊക്കെ അദ്ദേഹത്തിന്റെ എഴുത്തുകള്‍ക്ക് ധാരാളം വായനക്കാരെ സൃഷ്ടിച്ച ഘടകങ്ങളാണ്. സജീവതയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. ഏത് പ്രതികൂലാവസ്ഥയെയും തനിക്ക് അനുകൂലമാക്കുന്ന സിദ്ധിവിശേഷത്തിലൂടെ നിരന്തരം എഴുതുകയും ഇടപെടുകയും ചെയ്യാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. പൊയ്കയില്‍ അപ്പച്ചൻ, അയ്യൻകാളി, നവോത്ഥാന വ്യവഹാരങ്ങളുടെ സൂക്ഷ്മമായ അപഗ്രഥനം തുടങ്ങി സചിവോത്തമപുരം കോളനിയുടെ ചരിത്രംവരെ ഒരു സാമൂഹിക ശാസ്ത്രജ്ഞന്റെയും ചരിത്രകാരന്റെയും അപഗ്രഥനപാടവത്തോടെ ആവിഷ്‍കരിക്കുവാൻ കെ.കെ. കൊച്ചിന് കഴിഞ്ഞു.

മാര്‍ക്സിസത്തോടും കേരളത്തിലെ സി.പി.എമ്മിനോടും വിമര്‍ശനാത്മക സമീപനമായിരുന്നു കെ.കെ. കൊച്ചിന് ഉണ്ടായിരുന്നത്. കമ്യൂണിസ്റ്റുകൾ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ഭൂപരിഷ്‍കരണം പ്രായോഗികമായി ദലിതരെയും ആദിവാസികളെയും കോളനികളിൽ തളച്ചിടാനാണ് സഹായിച്ചതെന്ന നിലപാട് സവിശേഷമായ വികസനവാദത്തെ ആശയപരമായി റദ്ദുചെയ്യുന്നതായിരുന്നു. ‘ഇ.എം.എസും ജാതിവ്യവസ്ഥയും’ എന്ന ലേഖനത്തിൽ കേരളീയസമൂഹമെന്ന സങ്കൽപനത്തില്‍ ഇ.എം.എസിന്റെ മേല്‍ജാതി പ്രാമാണ്യവാദം എത്രത്തോളം സ്വാധീനിച്ചുവെന്ന് സൂക്ഷ്മമായി അപഗ്രഥിച്ചിട്ടുണ്ട്.

അദ്ദേഹം ഇപ്രകാരം എഴുതി: ഇ.എം.എസ് നിർമിച്ചെടുത്ത ബ്രാഹ്മണരുടെ സാംസ്കാരിക ദേശീയതയും നായര്‍സമുദായസഖ്യവും ഭാഷാദേശീയതയില്‍ പ്രതിഫലിച്ചതുകൊണ്ടാണ് അദ്ദേഹം മറ്റെല്ലാ പരികൽപനകള്‍ക്കും ഉപരി മലയാളഭാഷ സംസാരിക്കുന്നവരുടെ ഐക്യ കേരളത്തിന്റെ വക്താവായത്. സവിശേഷമായ ഉള്‍ക്കൊള്ളലും അതിലേറെ പുറന്തള്ളലുംകൊണ്ടാണ് മലയാളിയെന്ന സ്വത്വവും ദേശനിർമിതിയും സാധ്യമായതെന്നു വാദിക്കുകയാണ് ഈ ലേഖനംചെയ്യുന്നത്. ‘കേരള ചരിത്രരചന: ദലിതരുടെ ഇടം തേടുമ്പോൾ’ എന്ന പഠനം അവസാനിപ്പിച്ചുകൊണ്ട് എഴുതുന്നത് ശ്രദ്ധേയമാണ്. സവർണ അധികാരത്തെ ബാലതന്ത്രപരമായി സ്ഥാപനവത്കരിക്കുന്ന ദേശീയവാദ-ആധുനിക-മാര്‍ക്സിസ്റ്റ്‌ രചനാ സമ്പ്രദായങ്ങളെ അഴിച്ചുപണിയുന്നതിലൂടെയാവും ചരിത്രരചനകളിലെ കീഴാള അദൃശ്യത –അസന്നിഹിതത്വം അവസാനിപ്പിക്കപ്പെടുക. ഇപ്രകാരം മാര്‍ക്സിസ്റ്റ്‌ സാംസ്കാരിക -ചരിത്രരചനകളിലെ ദലിത്​‌ വിരുദ്ധതയെ വിമര്‍ശനാവബോധത്തോടെ വിശകലനം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. കേരള ചരിത്രവും സമൂഹരൂപവത്കരണവും എന്ന ശ്രദ്ധേയമായ ചരിത്രഗ്രന്ഥം ഇത്തരം ആശയങ്ങളെ പ്രയോഗവത്കരിച്ചതിന്റെ മികച്ച മാതൃകയാണ്.

ജനാധിപത്യത്തിന്റെ പുതുഭാവനകൾ

ഇന്ത്യയിലെ വ്യത്യസ്ത വിഭാഗങ്ങളുടെ വികാസത്തിനും അതിജീവനത്തിനും പ്രാതിനിധ്യ ജനാധിപത്യമാണ് പരിഹാരമെന്നു പറയാനാണ് കെ.കെ. കൊച്ച് എക്കാലവും ശ്രമിച്ചത്. കലാപകലുഷിതവും രക്തരൂഷിതവുമായ കലാപങ്ങള്‍കൊണ്ട് ഏറ്റവും അടിത്തട്ടിലെ ജനതയുടെ മനുഷ്യാവകാശങ്ങള്‍പോലും ലംഘിക്കപ്പെടാനാണ് സാധ്യതയെന്ന് പലവട്ടം എഴുതിയിട്ടുണ്ട്. സാംസ്കാരിക വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വവും ഉള്‍ക്കൊള്ളലുമാണ് ഇന്ത്യയെപ്പോലൊരു രാജ്യത്തിന് അഭികാമ്യമായ വഴിയെന്ന് അദ്ദേഹം നിരന്തരം ചൂണ്ടിക്കാണിച്ചു. ഇതിന് വിലങ്ങുതടിയാകുന്ന ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും നിശിതമായി എതിര്‍ക്കുന്നത് ഹിംസയോടുള്ള വിപ്രതിപത്തി കൊണ്ടാണ്.

‘ഇടതുപക്ഷ തീവ്രവാദവും ദലിതരും’ എന്ന ലേഖനത്തിൽ ഭരണകൂടവും പ്രാദേശിക സവർണ മേധാവിത്വവും നടത്തുന്ന ഹിംസയുടെ പേരില്‍ നക്സലൈറ്റുകൾ നടത്തുന്ന പ്രതിഹിംസകൾ കീഴാളരുടെയും സ്ത്രീകളുടെയും കര്‍തൃത്വത്തെ പുനര്‍നിർമിക്കാൻ സഹായിക്കുന്നതല്ലെന്നു വിശദീകരിക്കുന്നത് അതുകൊണ്ടാണ്. ഏതൊരു പ്രമാണവാദവും ആത്യന്തികമായി ചരിത്രസന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് പുനര്‍നിർമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരുപക്ഷേ, തന്റെ ധൈഷണികജീവിതത്തെ നിരന്തരം ആത്മപരിശോധന നടത്താനുള്ള സന്നദ്ധതകൂടി ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍കൊണ്ട് കെ.കെ. കൊച്ചിന്റെ നിലപാടുകളും എഴുത്തുകളും വിമര്‍ശനങ്ങള്‍ക്ക് അതീതമാണ് എന്ന് വിചാരിക്കേണ്ടതില്ല. ചില സമരങ്ങളോടും വ്യക്തികളോടും അദ്ദേഹം പുലര്‍ത്തിയ വിയോജിപ്പും വിമര്‍ശനവും അനുചിതവും അസംഗതവുമാണെന്ന് തോന്നിയിട്ടുണ്ട്. അത് വിശദീകരിക്കേണ്ടത് ഈ ലേഖനത്തിന്റെ വിഷയമല്ലാത്തതുകൊണ്ട് തല്‍ക്കാലം വിട്ടുകളയുന്നു.

വിമര്‍ശനങ്ങളും വിയോജിപ്പുകളും ഉണ്ടാകുമ്പോഴും എല്ലാവരുടെയും സ്നേഹത്തിനും ബഹുമാനത്തിനും പാത്രമാകാന്‍ കെ.കെ. കൊച്ചിന് കഴിഞ്ഞു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും സഹവര്‍ത്തിക്കാനും പെരുമാറാനും കഴിഞ്ഞതിലൂടെയാണ് ഈ സ്വീകാര്യത ലഭിച്ചത്. ചെറു വാക്കുകളും സാധാരണ മനുഷ്യരും അവരുടെ ആശയാഭിലാഷങ്ങളും മുന്നില്‍ക്കണ്ടുകൊണ്ടാണ് അദ്ദേഹം ജീവിച്ചതും എഴുതിയതും. ‘കേരളചരിത്രവും സമൂഹ രൂപവത്കരണവും’ എന്ന ബൃഹദ് ഗ്രന്ഥരചനക്ക് പിന്നിലെ പ്രേരണയെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ ഇതിന് തെളിവാണ്. അതിപ്രകാരമാണ്‌: ദലിത്​‌ സമുദായത്തിന്റെ പുനര്‍നിർമിതിക്ക് ചരിത്രത്തിന്റെ പിന്‍ബലമുണ്ടായിരിക്കണമെന്ന വിശ്വാസവും ചാതുര്‍വര്‍ണ്യത്തിന്റെ ഉൽപത്തിയും ജാതിവ്യവസ്ഥയുടെ രൂപവത്കരണത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ അന്വേഷണവും എന്നനിലക്കാണ് 2012ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കേരളചരിത്രവും സമൂഹ രൂപവത്കരണവും എന്ന പുസ്തകമെഴുതുന്നത്. ഈ ആശയം രൂപംകൊള്ളുന്നത് സീഡിയന്‍ പ്രവര്‍ത്തനകാലത്താണ്.

പ്രേരണയായത് പി.സി. ജോസഫ് എന്ന സംഘടനാപ്രവര്‍ത്തകന്റെ വാക്കുകളാണ്. കാല്‍നൂറ്റാണ്ടിനപ്പുറം ഒരു യാത്രക്കിടയിൽ സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു: ‘‘നമുക്കൊരു ചരിത്രം വേണം’’ (ദലിതന്‍: പുറം: 393). കെ.കെ. കൊച്ചിന്റെ സവിശേഷമായ വ്യക്തിത്വത്തെ ഉദാഹരിക്കുവാനാണിത് ഇവിടെ ഉദ്ധരിച്ചത്. ഏറ്റവും പിന്തള്ളപ്പെട്ട, ചരിത്രപരമായി അദൃശ്യരായ മനുഷ്യരെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് ധാർമികവും ധൈഷണികവുമായ പിന്‍ബലം നല്‍കുന്നത് ഇത്തരം ഓർമകളാവാമെന്ന് വിചാരിക്കാം.

മുക്കാൽ നൂറ്റാണ്ടിലധികമുള്ള ജീവിതത്തിനും അരനൂറ്റാണ്ടിന്റെ എഴുത്തുജീവിതത്തിനും തിരശ്ശീലയിട്ടുകൊണ്ട് കെ.കെ. കൊച്ച് വേര്‍പിരിഞ്ഞപ്പോൾ സ്വതന്ത്ര ചിന്തയുടെയും ജൈവബൗദ്ധികതയുടെയും ഒരു കാലമാണ് അവസാനിച്ചത്. ജീവിച്ചകാലത്ത് ലഭിച്ചതിനെക്കാള്‍ വായനയും ശ്രദ്ധയും അദ്ദേഹത്തിന്റെ കൃതികള്‍ക്ക് ഭാവികാലം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം, ഏറ്റവും പീഡിതരുടെയും ചരിത്രത്തിൽ അദൃശ്യരായവരുടെയും ജീവന്റെയും ജീവിതത്തിന്റെയും തുടിപ്പുകളാണ് അവയിലുള്ളത്. അതുകൊണ്ടുതന്നെ കാലത്തിലൂടെ സ്വന്തം സഞ്ചാരപഥം അവ കണ്ടെത്തിക്കൊള്ളും.

Tags:    
News Summary - kk kochu loving memeries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.