ഭാവനയും ഭരണനൈപുണിയും വ്യത്യസ്ത മസ്തിഷ്കശേഷികളായതിനാൽ ഹോമോസാപ്പിയന്റെ ഒരൊറ്റ സാമ്പിളിൽ ഒത്തുകിട്ടാൻ പ്രയാസമാണെന്നാണ് ശാസ്ത്രമതം. സുകൃതംതന്നെ, മലയാളിക്കത് എം.ടി. വാസുദേവൻ നായരിൽ ഒത്തുകിട്ടിയിരിക്കുന്നു. അങ്ങനെ കലാസുഭഗമായ കഥാലോകത്തിന് പുറമെ കാലാതിശയിയായ സ്ഥാപനമാതൃകകളും കൈരളിക്ക് ലഭിക്കാൻ ഭാഗ്യമുണ്ടായി. എം.ടിയുടെ സിനിമ-സാഹിത്യ സംഭാവനകൾ വിപുലമായി ചർച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഭരണമികവ് വേണ്ടവണ്ണം...
ഭാവനയും ഭരണനൈപുണിയും വ്യത്യസ്ത മസ്തിഷ്കശേഷികളായതിനാൽ ഹോമോസാപ്പിയന്റെ ഒരൊറ്റ സാമ്പിളിൽ ഒത്തുകിട്ടാൻ പ്രയാസമാണെന്നാണ് ശാസ്ത്രമതം. സുകൃതംതന്നെ, മലയാളിക്കത് എം.ടി. വാസുദേവൻ നായരിൽ ഒത്തുകിട്ടിയിരിക്കുന്നു. അങ്ങനെ കലാസുഭഗമായ കഥാലോകത്തിന് പുറമെ കാലാതിശയിയായ സ്ഥാപനമാതൃകകളും കൈരളിക്ക് ലഭിക്കാൻ ഭാഗ്യമുണ്ടായി. എം.ടിയുടെ സിനിമ-സാഹിത്യ സംഭാവനകൾ വിപുലമായി ചർച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഭരണമികവ് വേണ്ടവണ്ണം വെളിച്ചത്ത് വന്നിട്ടില്ല. ചെയർമാനായ അദ്ദേഹത്തിനൊപ്പം അഡ്മിനിസ്േട്രറ്ററായി 21 വർഷം തുഞ്ചൻ സ്മാരകത്തിൽ ജോലിചെയ്തതിന്റെ ആനുകൂല്യം ഈ മേഖലയെപ്പറ്റി എനിക്ക് ഫസ്റ്റ് ഹാൻഡ് നോളജ് നൽകിയിട്ടുണ്ട്.
എം.ടി തൊട്ട സാഹിത്യവും സിനിമയുമെന്നല്ല സ്ഥാപനങ്ങളും പൊന്നായതിന്റെ പിന്നിലെ സാരസ്വതരഹസ്യം എന്താണെന്ന് ആലോചിച്ചുനോക്കാം. കാലസ്പന്ദനത്തെ സൂക്ഷ്മമായി പിടിച്ചെടുക്കാനുള്ള കഴിവാണ് സാഹിത്യരംഗത്ത് ഒരാളെ പ്രശോഭിപ്പിക്കുന്നതെങ്കിൽ സമൂഹത്തെയും ചെറുഘടകമായ വ്യക്തിയെയും മനസ്സിലാക്കുന്നതിലാണ് സ്ഥാപനഭരണത്തിന്റെ വിജയം കിടക്കുന്നത്. താൻ നേതൃത്വം നൽകുന്ന സ്ഥാപനത്തിൽനിന്ന് സമൂഹം എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എം.ടിക്ക് എളുപ്പം തിരിച്ചറിയാനാകും. ആളെ മനസ്സിലാക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനൊപ്പം ഇതുവരെ ആരും എത്തിയിട്ടില്ലെന്നും തോന്നുന്നു.
കാണാൻ സമ്മതം ചോദിച്ച് തുഞ്ചൻ സ്മാരകത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നവരുടെ സ്വഭാവവിശേഷങ്ങളും ഉള്ളിലിരിപ്പും നിമിഷാർധംകൊണ്ട് എം.ടി അത്ഭുതകരമാംവിധം പിടിച്ചെടുക്കാറുണ്ട്. പലപ്പോഴും എന്റെയെല്ലാം നിഗമനങ്ങൾക്ക് വിരുദ്ധമായി അയാൾ ശരിയാവില്ല, അയാൾക്ക് ഇന്ന ഗുണങ്ങളുണ്ടെങ്കിലും ഇന്ന കുഴപ്പങ്ങളുണ്ട് എന്നെല്ലാമുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ സത്യമായി കലാശിക്കും. താനുമായി ഇടപെടുന്നവരെ ഇങ്ങനെ കൃത്യമായി സ്കാൻ ചെയ്തെടുക്കുന്ന വിദ്യയാൽ ഒരുപാട് അനാവശ്യപണികളും മെനക്കേടുകളുമാണ് എം.ടി ദൈനംദിന ഭരണനിർവഹണത്തിൽനിന്ന് ഒഴിവാക്കുന്നത്. പ്രയോജനരഹിതമായ ഓട്ടവും ചാട്ടവും പല്ലിളിക്കലും നമ്മുടെയെല്ലാം ആയുസ്സിന്റെ വലിയൊരു ഭാഗത്തെ കുട്ടിച്ചോറാക്കുമ്പോൾ നിഷ്ഫലമായ ചെറുവിരൽ അനക്കംപോലും അദ്ദേഹം ജീവിതത്തിൽ നടത്താറില്ല.
ഈ പരഹൃദയജ്ഞാനവല സമൂഹത്തിൽ മൊത്തം പടർന്നതിനാലാണ് തുഞ്ചൻ സ്മാരകത്തെ എം.ടിക്ക് അതിപ്രശസ്തിയിലേക്ക് ഉയർത്താൻ കഴിഞ്ഞത്. 1993 ജനുവരി പതിനെട്ടിനായിരുന്നു എം.ടി. വാസുദേവൻ നായർ തുഞ്ചൻ പറമ്പിലേക്ക് തന്റെ ചരിത്രപ്രധാനമായ സന്ദർശനം നടത്തിയത്. ഡോ. ചാത്തനാത്ത് അച്യുതനുണ്ണിയും ഡോ. എം.ആർ. രാഘവവാര്യരും കൂടെയുണ്ടായിരുന്നു. ഗേറ്റ് കടന്ന്, കിഴക്കോട്ട് തിരിഞ്ഞ്, മാവിൻ ചുവട്ടിൽ എം.ടിയുടെ കാറ് നിർത്തിയതും കാത്തുകെട്ടിയിരുന്ന തിരൂരിലെ പൗരപ്രമാണിമാരെല്ലാം അദ്ദേഹത്തെ പൊതിഞ്ഞുകൂടി. കുമാരൻ നായർ, പി. നന്ദകുമാർ (ഇപ്പോഴത്തെ എം.എൽ.എ), നാരായണൻകുട്ടി നായർ, ആേന്റാ മാസ്റ്റർ, കൃഷ്ണൻകുട്ടി മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം തുഞ്ചൻ സ്മാരകത്തെക്കുറിച്ച് തങ്ങൾ താലോലിക്കുന്ന സ്വപ്നങ്ങൾ ഉരുക്കഴിക്കാൻ ആരംഭിച്ചു. വിജയദശമിക്കും മറ്റും കുട്ടികളെ എഴുത്തിനിരുത്താൻ എത്തുന്നവരുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ചും ആവേശപ്പെട്ടു. അതോടൊപ്പം നിലവിലുള്ള ഭരണസമിതിയുടെ ചില പിടിപ്പുകേടുകളും നയവൈകല്യങ്ങളും അവർ സൂചിപ്പിച്ചു.
1993 ജനുവരി 23ന് തുഞ്ചൻ സ്മാരകത്തിന്റെ സാരഥ്യം ഏറ്റെടുത്തതും നാട്ടുകാരുടെയും ഭാഷാസ്നേഹികളുടെയും സുവർണപ്രതീക്ഷകൾ സാക്ഷാത്കരിക്കാനുള്ള ഊർജിത നടപടികളാണ് അദ്ദേഹം കൈക്കൊണ്ടത്. ഉത്സവത്തോടനുബന്ധിച്ച് നടത്തിയിരുന്ന നിലവാരം കുറഞ്ഞ പ്രദർശനങ്ങളും മത്സരക്കളികളും ഉപേക്ഷിച്ചു. ഓഡിറ്റോറിയം കല്യാണസദ്യകൾക്ക് കൊടുക്കാറുള്ളത് റദ്ദുചെയ്ത് സാഹിത്യ-സാംസ്കാരിക സമ്മേളനങ്ങളുടെ വേദി മാത്രമാക്കി മാറ്റി. വിജയദശമിക്കും സാധാരണ ദിവസങ്ങളിലുമുള്ള എഴുത്തിനിരുത്തൽ സംവിധാനം വിപുലീകരിച്ചു. പരമ്പരാഗത എഴുത്താശാൻമാർക്ക് പുറമെ വിജയദശമിക്ക് സാഹിത്യകാരൻമാരെയും സാഹിത്യകാരികളെയും എഴുത്തിനിരുത്തലിന് ക്ഷണിച്ചുകൊണ്ടുവന്നു. എഴുത്തിനിരുത്തപ്പെടുന്ന കുട്ടികളുടെയും എഴുത്തിനിരുത്തുന്നവരുടെയും ജാതിമത ലിംഗ പരിഗണനകൾ ഉപേക്ഷിച്ച് സംഭവം തീർത്തും മതേതരമാക്കി. അഭൂതപൂർവമായ ജനപ്രവാഹമായിരുന്നു പിന്നീട് വിജയദശമിക്ക് തുഞ്ചൻ പറമ്പിലേക്കുണ്ടായത്.
അക്ഷരത്തോടുള്ള മലയാളിമനസ്സിന്റെ അദമ്യമായ കൂറ് തിരിച്ചറിഞ്ഞാണ് കേരള സാഹിത്യ അക്കാദമി ചെയർമാനായപ്പോൾ എം.ടി അക്കാദമിയിലും എഴുത്തിനിരുത്തൽ തുടങ്ങിയത്. സവർണമായ ആചാരങ്ങൾ സർക്കാർ സ്ഥാപനത്തിലേക്ക് ഒളിച്ചുകടത്തുന്നുവെന്ന് പലരും ആരോപണമുന്നയിച്ചെങ്കിലും അതൊന്നും ക്ലച്ചുപിടിച്ചില്ല. കാരണം, കേരളത്തിൽ സവർണന് മാത്രമല്ല, അവർണനും ന്യൂനപക്ഷത്തിനുമെല്ലാം അക്ഷരത്തോട് കടുത്ത േപ്രമമായിരുന്നു. എം.ടി കുറിച്ച എഴുത്തിനിരുത്തൽ വിപ്ലവം മൺസൂൺ പോലെ സംസ്ഥാനത്തുടനീളം പടർന്നുപിടിച്ചു. മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ, പത്രസ്ഥാപനങ്ങൾ, എന്തിന് വാണിജ്യകേന്ദ്രങ്ങൾ വരെ എഴുത്തിനിരുത്തൽ കളരികളായി മാറി.
കെട്ടിടങ്ങൾ പുതുക്കിപ്പണിയാനും ഗ്രന്ഥശാലയും അതിഥിമന്ദിരങ്ങളും നിർമിക്കാനും ആരംഭിച്ചതോടെ സർക്കാറിനെപ്പോലും ഞെട്ടിക്കുന്ന തരത്തിലാണ് സ്വദേശത്തെയും വിദേശത്തെയും ഭാഷാസ്നേഹികളിൽനിന്ന് തുഞ്ചൻ പറമ്പിലേക്ക് പണം പ്രവഹിച്ചത്. അടുത്ത വർഷം മുതൽക്കുള്ള തുഞ്ചൻ ഉത്സവങ്ങൾ കാലികപ്രസക്തിയുള്ള ദേശീയ സെമിനാറുകളോടെയും ദക്ഷിണേന്ത്യൻ കാവ്യോത്സവത്തോടെയും ഉയർന്ന നിലവാരമുള്ള കലാപരിപാടികളോടെയും അരങ്ങേറി. സെമിനാറിലും കാവ്യോത്സവത്തിലും നൃത്തസംഗീതവേദികളിലും അണിനിരത്തേണ്ടവരെക്കുറിച്ച് ട്രസ്റ്റ് അംഗങ്ങളോടും അഡ്മിനിസ്േട്രറ്ററായ എന്നോടും അദ്ദേഹം ചർച്ച നടത്തുകയും അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ദേശീയ നിലവാരത്തിലുള്ള തന്റെ ബന്ധങ്ങളും പണ്ടെന്നോ പരിചയപ്പെട്ട പണ്ഡിതന്മാരെയും കലാകാരന്മാരെയും സ്മൃതിയിൽനിന്ന് കൃത്യമായി കൊത്തിയെടുക്കാനുള്ള സിദ്ധിയുംകൊണ്ട് എം.ടിയുടെ അഭിപ്രായങ്ങളാണ് മിക്കവാറും ഉചിതമായി ഭവിക്കുക. അലി സർദാർ ജാഫരി, ഭീഷ്മ സാഹ്നി, മഹാശ്വേതാദേവി, അനന്തമൂർത്തി, ഗുൽസാർ, സുനിൽ ഗംഗോപാധ്യായ, അജിത് കൗർ, ദിലീപ് ചിെത്ര, കമലേശ്വർ, നാംവർ സിങ് തുടങ്ങിയ ഉന്നതരായ എഴുത്തുകാരും അലർമേൽ വള്ളി, ദക്ഷാസേത്, ദക്ഷിണാമൂർത്തി, യേശുദാസ്, ജയചന്ദ്രൻ, രമേഷ് നാരായണൻ തുടങ്ങിയ പ്രശസ്ത കലാകാരന്മാരും എം.ടി-ബന്ധവഴിയിലൂടെ തുഞ്ചൻ ഉത്സവങ്ങളിൽ പങ്കെടുത്തവരായിരുന്നു.
ശബ്ദകോലാഹലങ്ങളില്ലാത്ത നേതൃത്വപാടവമായിരുന്നു അദ്ദേഹത്തെ വിജയത്തിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം. ഒന്നും ആവശ്യപ്പെടാതെയും ആവർത്തിക്കാതെയും തനിക്ക് വേണ്ടതെല്ലാം ആളുകളെക്കൊണ്ട് ചെയ്യിക്കുന്ന, ഇപ്പോഴും മാനേജ്മെന്റ് പണ്ഡിറ്റുകൾക്ക് പിടികിട്ടിയിട്ടില്ലാത്ത, മാസ്മരികത എം.ടിക്കുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ ഉണക്കത്തരങ്ങളില്ലാതെ, വീട്ടിലെ കാര്യംപോലെയാണ് തുഞ്ചൻ സ്മാരകത്തിന്റെ പ്രവർത്തനങ്ങൾ വേണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചതേയുള്ളൂ, ട്രസ്റ്റ് മെംബർമാർ ജനറൽ ബോഡി മീറ്റിങ്ങുകൾക്കുള്ള യാത്രബത്ത വേണ്ടെന്നുവെച്ചു. ഉത്സവനടത്തിപ്പിലെ കുശിനിയും വിളമ്പലും അലങ്കാരപ്പണികളും നാട്ടുകാർ ഏറ്റെടുത്തു. പണമായും അരിച്ചാക്കായും പച്ചക്കറിയായും സഹായങ്ങളെത്തി.
ഏതൊരു ചെറിയ നീക്കത്തിന്റെയും പ്രത്യാഘാതം മുൻകൂട്ടിക്കാണാൻ എം.ടിക്ക് പ്രാഗല്ഭ്യമുണ്ടായിരുന്നു. ഒരു പരിസരവാസി തുഞ്ചൻ പറമ്പിൽവെച്ച് മക്കൾക്ക് തുലാഭാരം നടത്താനുള്ള ആഗ്രഹത്തോടെ മരമില്ലിൽനിന്ന് തുലാസും ഏറ്റിവന്നു. അദ്ദേഹം തരിമ്പും സമ്മതിച്ചില്ല. എന്തെന്നാൽ ഇത് നാളെ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡിലേക്ക് കാര്യങ്ങൾ നീക്കുമെന്ന് എം.ടിക്ക് അറിയാമായിരുന്നു. ജാതിമത ഭേദമന്യെ കുട്ടികളെ അക്ഷരം പഠിപ്പിച്ച ഭാഷാപിതാവിന്റെ മണ്ണ് എല്ലാവർക്കും സ്വന്തമായിരിക്കണമല്ലോ.
എം.ടിയുടെ മട്ടു കണ്ടാൽ കടുകടുത്ത, സ്വേച്ഛാപ്രമത്തനായ ബോസായിരിക്കുമെന്നല്ലേ തോന്നുകയുള്ളൂ. എന്നാൽ, തുഞ്ചൻ സ്മാരകത്തിൽ ചെലവഴിച്ച 21 വർഷത്തെ അഡ്മിനിസ്േട്രറ്റർ ജോലിക്കിടയിൽ ഒരു കാര്യത്തിനും അദ്ദേഹമെന്നോട് കൽപിച്ചിട്ടില്ല. ഇങ്ങനെയൊക്കെയല്ലേ സംഗതികൾ വേണ്ടതെന്ന് അത്യന്തം വേണ്ടിണ്ടായ മുഖത്തോടെ ധ്വനിപ്പിക്കും. അപ്പോൾ അതിനുവേണ്ട പണികൾ കൈയും മെയ്യും മറന്ന് ഞാനങ്ങ് ചെയ്തുപോകും. അത്രതന്നെ. ഇതായിരുന്നു തുഞ്ചൻ സ്മാരകത്തിലെ ചെയർമാൻ-അഡ്മിനിസ്േട്രറ്റർ വർക്ക് റിലേഷൻഷിപ്. എന്തെങ്കിലും ചെയ്തത് ശരിയായില്ലെന്ന് എം.ടിക്ക് തോന്നിയാൽ കുറ്റപ്പെടുത്തലോ പിടിച്ചുനിർത്തി പറയലോ പോലുമില്ല. അക്കാര്യം എങ്ങനെയെങ്കിലും എന്നിൽ എത്തിക്കാൻ ശ്രമിക്കും. വർഷങ്ങൾക്കുമുമ്പ് 84ാം വയസ്സിൽ ഒറ്റക്ക് യാത്രചെയ്തുവന്ന ഭീഷ്മ സാഹ്നിയെ കൂട്ടാൻ എയർപോർട്ടിലേക്ക് ഞാൻ പോകുകയും ഫ്ലൈറ്റ് ലെയ്റ്റായ വിവരം എം.ടിയെ അറിയിക്കാൻ വിട്ടുപോകുകയും ചെയ്തു. പിന്നീട് അശ്വതിയിലൂടെയാണ് അദ്ദേഹം വല്ലാതെ വേവലാതിപ്പെട്ട വിവരം എന്നിൽ എത്തിയതും പറ്റിപ്പോയ വീഴ്ചയിൽ ഞാൻ ദിവസങ്ങളോളം ജാള്യനായതും.
ഭീഷണിക്കത്തിന്റെ പേരിൽ മൂന്നു മാസത്തോളം എനിക്ക് പൊലീസ് സംരക്ഷണമുണ്ടായപ്പോൾ തുഞ്ചൻ പറമ്പിലെ പൊലീസ് കവാത്ത് അദ്ദേഹത്തിന് രുചിച്ചില്ല. അനിഷ്ടം കോൺസ്റ്റബിളിനോട് എം.ടി പ്രകടിപ്പിച്ചെന്ന് മനസ്സിലായതും സംരക്ഷണം സ്മാരകത്തിനകത്തേക്ക് കടക്കാതെ സജ്ജീകരിക്കപ്പെട്ടു. കഠ് വ സംഭവത്തെ ആസ്പദമാക്കി കണ്ണൂർ കടലായി ക്ഷേത്രത്തിൽ ഞാൻ പ്രായശ്ചിത്ത ശയനപ്രദക്ഷിണം നടത്തിയിരുന്നു. അതിൽ പ്രകോപിതരായ ചിലർ എന്നെ വല്ലാതെ ചീത്തവിളിക്കുന്ന പടുകൂറ്റൻ ബോർഡുകൾ തുഞ്ചൻ പറമ്പിന്റെ പരിസരങ്ങളിൽ സ്ഥാപിച്ചപ്പോൾ എം.ടി ചെറുതായി ഉലഞ്ഞുപോയി. ഇത് നിമിത്തമാക്കി എതിരാളികൾ സ്മാരകത്തിൽ പ്രശ്നമുണ്ടാക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. എന്നാൽ, എന്തിനാണ് ഈ പണിക്ക് നിന്നതെന്ന് ചോദിച്ച് എന്നെ ശകാരിക്കാനൊന്നും എം.ടി നിന്നില്ല. നേരിൽ കണ്ടപ്പോൾ ഇത്രമാത്രം പറഞ്ഞു -നമുക്ക് നമ്മുടേതായ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും ഉണ്ടാകും. പേക്ഷ, പ്രവൃത്തിയെടുക്കുന്ന സ്ഥാപനത്തെ ബാധിക്കാതെ നോക്കണം.
എം.ടിയുടെ സേവനം ദീർഘകാലം തുഞ്ചൻ പറമ്പിന് കിട്ടണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു പഴയ ഇടതുപക്ഷ സാംസ്കാരിക മന്ത്രി ടി.കെ. രാമകൃഷ്ണൻ സ്മാരകത്തെ ട്രസ്റ്റാക്കി മാറ്റിയത്. ഇതിനെതിരെ വലിയ പ്രതിഷേധമുണ്ടായി. മുദ്രാവാക്യം വിളിയും കുത്തിയിരിപ്പു സമരവും നടന്നു. എം.ടി അവരെ പ്രതിരോധിക്കാനോ അനുനയിപ്പിക്കാനോ മുതിർന്നില്ല. ദക്ഷിണേന്ത്യൻ കാവ്യോത്സവത്തിന് പ്രതിഷേധ നേതാവിന്റെ കഴിവുറ്റ മകളെ നൃത്തം ചെയ്യിക്കുന്നതിനും എതിരു നിന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പ്രതിഷേധക്കാർ എഴുന്നേറ്റു പോയി ഹൈകോടതിയിൽ കേസുകൊടുത്തു. കേസിന്റെ ലീഗാലിറ്റിയൊന്നും നോക്കാതെ, അപ്പീൽ നൽകാനുള്ള ഇടംപോലുമില്ലാതെ ഹരജി തള്ളപ്പെട്ടു. എം.ടിയെപ്പോലുള്ളവരെക്കൂടി നല്ലത് ചെയ്യാൻ ആളുകൾ സമ്മതിക്കുന്നില്ലല്ലോ എന്നായിരുന്നു ജഡ്ജിയുടെ പരിദേവനം.
കെ.പി. രാമനുണ്ണി, എം.ടി. വാസുദേവൻ നായർ, അബ്ദുസ്സമദ് സമദാനി തുടങ്ങിയവർ
തുഞ്ചൻ സ്മാരകത്തിൽ മാത്രമല്ല എം.ടിയുടെ ഭരണനൈപുണി വിജയശ്രീലാളിതമായത്. അദ്ദേഹം ചെയർമാൻ സ്ഥാനത്തിരിക്കുമ്പോൾ കേരള സാഹിത്യ അക്കാദമി അതിന്റെ സുവർണകാലത്തിലെത്തിച്ചേർന്നു. ആ കമ്മിറ്റിയിൽ മെംബറാകാനും എനിക്ക് അവസരം ലഭിച്ചു. 'മാധ്യമ'ത്തിലെ മാഗസിൻ എഡിറ്റർ പരിചയം പരിഗണിച്ചും ആഴ്ചപ്പതിപ്പിലേക്ക് തന്റെ കഥക്കു വേണ്ടി ഞാൻ മെനക്കെട്ട് നടന്നതും ഓർത്തുമായിരിക്കണം താരതമ്യേന ചെറുപ്പമായിരുന്ന എന്നെ എം.ടി സാഹിത്യലോകത്തിന്റെ എഡിറ്റോറിയൽ ബോർഡ് കൺവീനറാക്കി. അമ്പരന്നുപോയ ഞാൻ രാപ്പകൽ പണിയെടുത്തു. അന്നത്തെ നവീകരിക്കാത്ത സാഹിത്യ അക്കാദമി ഗെസ്റ്റ് റൂമിൽ കൊതുകുകടിയും കൊണ്ടിരുന്ന് സ്ക്രിപ്റ്റുകൾ പരിശോധിച്ചു. വിഷയാധിഷ്ഠിതമായ പ്രത്യേക പതിപ്പുകൾ പുറത്തിറക്കി.
ഒരു പദവിയും ചോദിച്ചോ മത്സരിച്ചോ എം.ടി വാങ്ങിയിട്ടില്ല. അതുകൊണ്ടായിരിക്കാം ജവഹർലാൽ നെഹ്റു ഇരുന്ന കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റിന്റെ കസേരയിലേക്കും അദ്ദേഹം നോമിനേഷൻ കൊടുക്കാൻ ആദ്യം വിസമ്മതിച്ചത്. ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി, പ്രിയസുഹൃത്ത് സുനിൽ ഗംഗോപാധ്യായ വൈസ് പ്രസിഡന്റായിക്കൊള്ളാമെന്ന കരാറിൽ പത്രിക സമർപ്പിച്ചു. പെട്ടെന്നായിരുന്നു സുനിൽ ഗംഗോപാധ്യായക്ക് സ്വയം പ്രസിഡന്റാകാനുള്ള മോഹമുദിച്ച് കാര്യങ്ങൾ തകിടംമറിഞ്ഞത്. പേക്ഷ, നോമിനേഷൻ ഫയൽ ചെയ്ത് എഴുത്തുകാർക്കെല്ലാം കത്തെഴുതിക്കഴിഞ്ഞിരുന്ന എം.ടി ചുവട് പിന്നോട്ടുവെച്ചില്ല. സ്നേഹിതർ തമ്മിൽ നടന്ന നിർഭാഗ്യകരമായ പോരാട്ടത്തിൽ സ്വന്തം നാട്ടുകാരനെതിരെ പ്രഫസർ ഇന്ദ്രനാഥ് ചൗധരി മലയാളത്തിന്റെ കുലപതിയുടെ പാനലിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. വെറും അഞ്ചു വോട്ടിന് എം.ടി തോറ്റത് അക്കാദമി പ്രസിഡന്റ്ഷിപ്പിനേക്കാൾ എഴുത്തുകാരന്റെ ആത്മാഭിമാനത്തിന് അദ്ദേഹം പ്രാധാന്യം നൽകിയതിനാലായിരുന്നു. സുനിൽ ഗംഗോപാധ്യായ ഇലക്ഷന്റെ തലേന്ന് ഡൽഹിയിലെ ഹോട്ടലുകളായ ഹോട്ടലുകൾ മുഴുവൻ കറങ്ങി തന്റെ കൊച്ചുമക്കളുടെ പ്രായമുള്ള വോട്ടർമാരായ എഴുത്തുകാരോട് വോട്ട് ചോദിച്ചപ്പോൾ എം.ടി അനങ്ങിയില്ല. ഞാൻ അവർക്കെല്ലാം കത്തെഴുതിയതല്ലേ, ബുദ്ധിയും വിവരവുമുള്ള എഴുത്തുകാരല്ലേ പിന്നെ എന്തിനാണ് വീണ്ടും പറയാൻ പോകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഇലക്ഷൻ മാനിഫെസ്റ്റോ ഇറക്കിയില്ലേ, വോട്ടുപിടിത്തമെന്തിന് എന്ന് രാഷ്ട്രീയപാർട്ടികൾ ചോദിച്ചാലുള്ള അവസ്ഥാവിശേഷം! എം.ടി വിജയിച്ചില്ല എന്നതിന് കേന്ദ്ര സാഹിത്യ അക്കാദമി തോറ്റു തൊപ്പിയിട്ടു എന്നായിരുന്നു അർഥം. അത്യന്തം സർഗാത്മകവും കാര്യക്ഷമവുമാകേണ്ട സുവർണകാലം ഇന്ത്യയിലെ അക്കാദമി ഓഫ് ലെറ്റേഴ്സിന് കൈവിട്ടുപോയി.
ഷേക്സ്പിയർ നാടകങ്ങളിലെ കഥാപാത്രങ്ങളുടെ ദുരന്തങ്ങൾക്ക് അവരുടെ ചില ദൗർബല്യങ്ങളാണ് കാരണമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതേപോലെ എം.ടിയുടെ സാഹിത്യരംഗത്തും ഭരണരംഗത്തുമുള്ള വിജയങ്ങൾക്ക് അദ്ദേഹത്തിന്റെ പലപല വ്യക്തിത്വശേഷികളാണ് നിദാനം. അതുകൊണ്ട് എം.ടിയെ വെറുതെ ആരാധിച്ച് ലൈക്ക് അടിക്കുന്നതിനു പകരം ആ ശേഷികളെ വിശകലനംചെയ്ത് സ്വാംശീകരിക്കുകയാണ് വേണ്ടത്. അപ്പോൾ സകല കോമ്പറ്റീഷൻ സക്സസ് റിവ്യൂ കിത്താബുകളും പുതുതലമുറക്ക് വലിച്ചെറിയാവുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.