ഇ​​ക​​ഴ്ത്ത​​ലി​​​ന്റെ ച​​രി​​ത്ര​​വും വ​​ർ​​ത്ത​​മാ​​ന​​വും രാ​​ഷ്ട്രീ​​യ​​വും

ഭാ​​ഷ​​യി​​ലൂ​​ടെ​​യു​​ള്ള ശി​​ശു​​വ​​ത്ക​​ര​​ണ​​വും ഇ​​ക​​ഴ്ത്ത​​ലു​​ക​​ളും എ​​പ്ര​​കാ​​ര​​മാ​​ണ്  വ്യ​​വ​​ഹാ​​ര​​ങ്ങ​​ളി​​ൽ ഒ​​രു ആ​​യു​​ധ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്? വം​​ശീ​​യ, ലിം​​ഗ​​പ​​ര, ജാ​​തീ​​യ​ വി​​വേ​​ച​​ന​​ങ്ങ​​ളെ അ​​തേ​​പ​​ടി നി​​ല​​നി​​ർ​​ത്താ​​നും അ​​ധി​​കാ​​രം സ്ഥാ​​പി​​ക്കാ​നും എ​ങ്ങ​നെ​യാ​ണ്​ ഇ​ക​ഴ്​​ത്ത​ലു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​? -വി​ശ​ക​ല​നം. 

ഭാ​​ഷ എ​​ന്ന​​ത് ആ​​ശ​​യ​വി​​നി​​മ​​യ​​ത്തി​​ലു​​പ​​രി സ​​മൂ​​ഹ​​ത്തി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന വാ​​ർ​​പ്പു​മാ​​തൃ​​ക​​ക​​ളെ അ​​തേ​​പ​​ടി നി​​ല​​നി​​ർ​ത്താ​​ൻ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്ന ഒ​​രു ആ​​യു​​ധം​കൂ​​ടി​​യാ​​ണ്. ഒ​​രു വ്യ​​ക്തി​​യെ വി​​ല​​യി​​രു​​ത്താ​​നും വി​​വ​​രി​​ക്കാ​നും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വാ​​ക്കു​​ക​​ൾ ആ ​​വ്യ​​ക്തി​​യെ സ​​മൂ​​ഹം എ​​ങ്ങ​​നെ കാ​​ണ​​ണ​​മെ​​ന്നും ഉ​​ൾ​​ക്കൊ​ള്ള​​ണ​​മെ​​ന്നും നി​​ർ​​ണ​​യി​​ക്കാ​​ൻ ശേ​​ഷി​യു​ള്ള​​താ​​ണ്. ഒ​​രു വ്യ​​ക്തി​​യു​​ടെ ക​​ഴി​​വു​​ക​​ളെ, അ​​ല്ലെ​​ങ്കി​​ൽ സ​​മൂ​​ഹ​​ത്തി​​ൽ ആ ​​വ്യ​​ക്തി​​ക്കു​​ള്ള സ്വാ​​ധീ​​ന​​ത്തെ, ചു​​രു​​ക്കി​ക്കാ​ണാ​​ൻ/ ക​​ണ​​ക്കാ​​ക്കാ​​ൻ ഏ​​റ്റ​​വും എ​​ളു​​പ്പ​വ​​ഴി അ​​വ​​രെ ഒ​​രു കു​​ട്ടി​​യാ​​യും മോ​​നാ​​യും മോ​​ളാ​​യും വി​​ല​​യി​​രു​​ത്തു​​ക എ​​ന്ന​​താ​​ണ്. ഈ ​​പ്ര​​ക്രി​​യ ഭാ​​ഷാവ്യ​​വ​​ഹാ​​ര​​ത്തി​​ൽ നി​​ര​​ന്ത​​രം ന​​ട​​ക്കു​​ന്ന ഒ​​ന്നാ​​ണ്.

പാ​​ശ്ചാ​​ത്യ സം​​സ്കാ​​ര​​ത്തി​​ൽ ക​​റു​​ത്ത വ​​ർ​​ഗ​ക്കാ​​രാ​​യ മു​​തി​​ർ​​ന്ന​​വ​​രെ എ​​ങ്ങ​​നെ​​യാ​​ണ് നി​​ര​​ന്ത​​ര​ ചി​​ത്രീ​​ക​​ര​​ണ​​ങ്ങ​​ളി​​ലൂ​​ടെ​​യും സൂ​​ച​​ന​​ക​​ളി​​ലൂ​​ടെ​​യും പ​​ക്വ​​ത നി​​ഷേ​​ധി​​ച്ച് ശി​​ശു​​ക്ക​​ളാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത് എ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള പ​​ഠ​​ന​​ങ്ങ​​ൾ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. ’90ക​​ളി​​ൽ വെ​​ള്ള​​ക്കാ​​ർ ക​​റു​​ത്ത​​വ​​ർ​​ഗ​ക്കാ​​രാ​​യ പു​​രു​​ഷ​​ന്മാ​​രെ ആ​​ൺ​​കു​​ട്ടി​​ക​​ൾ (boys) എ​​ന്നാ​​ണ് അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​ത്. ഇ​​ത് വെ​​ള്ള​​ക്കാ​​രു​​ടെ വം​​ശീ​​യ അ​​ധി​​കാ​​രം നി​​ല​​നി​​ർ​ത്താ​​നും ക​​റു​​ത്ത വ​​ർ​​ഗ​ക്കാ​​രു​​ടെ മു​​തി​​ർ​​ന്ന, പ​​ക്വ​​മാ​​യ സ്ഥാ​​നം നി​​ഷേ​​ധി​​ക്കു​​ന്ന​​തി​​നും വേ​​ണ്ടി​​യാ​​ണ്. അ​​മേ​​രി​​ക്ക​​ൻ ചി​​ത്ര​​ക​​ഥ​​ക​​ളി​​ലും ബ്ലാ​​ക്സ് പ്ലോ​​യി​​റ്റേ​​ഷ​​ന്റെ (blaxploitation) ഭാ​​ഗ​​മാ​​യി നി​​ർ​​മി​ക്ക​​പ്പെ​​ട്ട സി​​നി​​മ​​ക​​ളി​​ലും കാ​​ണു​​ന്ന ബ്ലാ​​ക്ക് സൂപ്പ​​ർ ഹീ​​റോ​​സി​​നെ​​പ്പ​​റ്റി​​യു​​ള്ള പ​​ഠ​​ന​​ങ്ങ​​ളി​​ൽ, ഇ​​ത്ത​​രം ചി​​ത്രീ​​ക​​ര​​ണ​​ങ്ങ​​ൾ ആ​​ഫ്രി​​ക്ക​​ൻ അ​​മേ​​രി​​ക്ക​​ൻ അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ വി​​വ​​ര​​ണ​​ങ്ങ​​ളാ​കു​​മ്പോ​​ൾ​ത​​ന്നെ, എ​​ങ്ങ​​നെ​​യാ​​ണ് ഒ​​രേ​​സ​​മ​​യം അ​​തി​​പു​​രു​​ഷ​​ത്വ​​ത്തി​​ന്റെ​​യും ശി​​ശു​​വ​​ത്ക​ര​​ണ​​ത്തി​​ന്റെ​​യും ഇ​​ര​​ക​​ളാ​​യി ക​​റു​​ത്ത വ​​ർ​​ഗ​​ക്കാ​​ർ മാ​​റു​​ന്ന​​െ​ത​​ന്ന് വി​​വ​​രി​​ക്കു​​ന്നു. ലാ​​റി ഹാ​​മ​​യു​​ടെ (Larry Hama) സൃ​​ഷ്ടി​​യാ​​യ സൂ​​പ്പ​​ർ ഹീ​​റോ റേ​​ഞ്ച് ഒ​​രു ബ്ലാ​​ക്ക് സൂ​​പ്പ​​ർ ഹീ​​റോ ആ​​ണ്. എ​​ന്നാ​​ൽ, വം​​ശീ​​യ​​ത​​യു​​ടെ ഇ​​ര​​യു​​മാ​​ണ്. ലാ​​റി ഹാ​​മ​​യു​​ടെ ക​​ഥ​​യി​​ൽ അ​​മേ​​രി​​ക്ക​​ൻ ദേ​​ശീ​​യ ഐ​​ഡ​​ന്റി​​റ്റി​​യു​​ടെ പ്ര​​തീ​​ക​​മാ​​യ ക്യാ​​പ്റ്റ​​ൻ അ​​മേ​​രി​​ക്ക, റേ​​ഞ്ചി​​നെ ഒ​​രു ശി​​ശു​​വാ​​യി​​ട്ടാ​​ണ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്, എ​​ല്ലാ പോ​​രി​​ലും ക്യാ​​പ്റ്റ​​ൻ അ​​മേ​​രി​​ക്ക​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലും സം​​ര​​ക്ഷ​​ണ​​ത്തി​​ലും മാ​​ത്രം നി​​ല​​നി​​ൽ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന ഒ​​രു ക​​ഥാ​​പാ​​ത്ര​​മാ​​യാ​​ണ് ചി​​ത്രീ​​ക​​രി​​ക്കു​​ന്ന​​ത്. ക്യാ​​പ്റ്റ​​ൻ അ​​മേ​​രി​​ക്ക​​ക്ക് റേ​​ഞ്ചി​​നെ എ​​ളു​​പ്പ​​ത്തി​​ൽ നി​​യ​​ന്ത്രി​​ക്കാ​​വു​​ന്ന​​തു​​മാ​​ണ്. ശി​​ശു​​വ​​ത്ക​ര​​ണ​​ത്തി​​ലൂ​​ടെ എ​​ങ്ങ​​നെ ക​​റു​​ത്ത വ​​ർ​​ഗ​ക്കാ​​ര​​ന്റെ വാ​​ർ​​പ്പു​​മാ​​തൃ​​ക സൃ​​ഷ്ടി​​ക്കാ​​മെ​​ന്ന​​തി​​​ന്റെ​​യും അ​​തി​​ലൂ​​ടെ എ​​ങ്ങ​​നെ അ​​വ​​രെ അ​​പ​​ര​​വ​​ത്ക​രി​​ച്ച് നി​​യ​​ന്ത്രി​​ക്കാം എ​​ന്ന​​തി​​ന്റെ​​യും ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് ബ്ലാ​​ക്ക് സൂ​​പ്പ​​ർ ഹീ​​റോ റേ​​ഞ്ച്.

ലാ​​റി ഹാ​​മ​​

ഇ​​ത്ത​​രം ഇ​​ക​​ഴ്ത്ത​​ലു​​ക​​ൾ ക​​ഥ​​ക​​ളി​​ലും സി​​നി​​മ​​ക​​ളി​​ലും മാ​​ത്ര​​മ​​ല്ല, ച​​രി​​ത്ര​​ത്തി​​ലും ച​​രി​​ത്ര​​വ്യാ​​ഖ്യാ​​ന​​ങ്ങ​​ളി​​ലും രാ​​ഷ്ട്രീ​​യ ച​​രി​​ത്ര​​ത്തി​​ലും ധാ​​രാ​​ളം കാ​​ണാ​​ൻ സാ​​ധി​​ക്കും. ഇ​​ന്ത്യ​​ൻ രാ​​ഷ്ട്രീ​​യ​​ത്തി​​ൽ ഇ​​ത്ത​​രം ശി​​ശു​​വ​​ത്ക​ര​​ണ​​ത്തി​​ലൂ​​ടെ​​യു​​ള്ള ഇ​​ക​​ഴ്ത്ത​​ലി​​ന്റെ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് രാ​​ഹു​​ൽ ഗാ​​ന്ധി​​യെ പ​​പ്പു എ​​ന്ന് വി​​ളി​​ക്കു​​ന്ന​​ത്. ഹി​​ന്ദി​​യി​​ൽ പ​​പ്പു എ​​ന്ന വാ​​ക്കി​​ന് ചെ​​റി​​യ ആ​​ൺ​​കു​​ട്ടി എ​​ന്ന അ​​ർ​​ഥ​​മാ​​ണെ​​ങ്കി​​ലും സം​​സാ​​ര​ഭാ​​ഷ​​യി​​ൽ അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മാ​​യി മ​​ണ്ട​​ൻ എ​​ന്ന അ​​ർ​​ഥ​​ത്തി​​ലും ഉ​​പ​​യോ​​ഗി​​ക്കു​​ന്നു. 2014ൽ​ ​ന​​ട​​ന്ന ലോക്​​​​സഭ ഇ​​ല​​ക്ഷ​​ന്റെ പ​​രി​​സ​​ര​​ത്താ​​ണ് പ​​പ്പു എ​​ന്ന വി​​ളി​​പ്പേ​​ര് പ​​രി​​ഹാ​​സ​രൂ​​പേ​​ണ രാ​​ഹു​​ൽ ഗാ​​ന്ധി​​ക്കു ചാ​​ർ​​ത്ത​​പ്പെ​​ട്ട​​ത്. രാ​​ഹു​​ൽ പ്ര​​തി​​നി​​ധാ​​നംചെ​​യ്യു​​ന്ന പ്ര​​തി​​പ​​ക്ഷ രാ​​ഷ്ട്രീ​​യ​​ത്തെ​​യും നി​​ല​​പാ​​ടു​​ക​​ളെ​​യും ഈ ​​ഒ​​റ്റ പ്ര​​യോ​​ഗം​കൊ​​ണ്ടു​ത​​ന്നെ ഇ​​ല്ലാ​​താ​​ക്കാ​​ൻ ബി.​ജെ.​പി​​ക്കു ക​​ഴി​​ഞ്ഞു. പ​​പ്പു എ​​ന്ന് ഗൂ​​ഗി​​ളി​​ൽ ​െസ​​ർ​​ച്ച് ചെ​​യ്താ​​ൽ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ ചി​​ത്രം ല​​ഭി​​ക്കു​​ന്ന രീ​​തി​​യി​​ൽ ഈ ​​ശി​​ശു​​വ​​ത്ക​ര​​ണ​​ത്തെ പ്ര​​ചാ​​ര​​ത്തി​​ൽ എ​​ത്തി​​ക്കാ​​ൻ ബി.​ജെ.​​പി സ​​ഹ​​യാ​​ത്രി​​ക​​ർ​​ക്ക് ക​​ഴി​​ഞ്ഞു. ആ​​യി​​ര​​ക്കണക്കിന് കോ​​ടി​​ക​​ൾ ബി.​ജെ.​പി​​യും ആ​​ർ.​എ​​സ്.​എ​​സും​ത​​ന്നെ ഈ ​​രീ​​തി​​യി​​ൽ സ്റ്റീ​​രി​​യോ​​ടൈ​​പ് ചെ​​യ്യു​​ന്ന​​തി​​നാ​​യി മാ​​ത്രം ചെ​​ല​​വ​​ഴി​​ച്ചു എ​​ന്ന് രാ​​ഹു​​ൽ ഗാ​​ന്ധി​ത​​ന്നെ ഈ ​​അ​​ടു​​ത്ത് ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ന​​ട​​ന്ന വാ​​ർ​​ത്തസ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​യു​​ന്നു​​ണ്ട്. ഇ​​ത്ത​​രം ശി​​ശു​​വ​​ത്ക​ര​​ണ​​ത്തി​​ലൂ​​ടെ​​യു​​ള്ള ഇ​​ക​​ഴ്ത്ത​​ലി​​ന്റെ​​യും ഇ​​ല്ലാ​​യ്മ ചെ​​യ്യ​​ലി​​ന്റെ​​യും രാ​​ഷ്ട്രീ​​യം പു​​തി​​യ​​ത​​ല്ല. ഇ​​ന്ദി​​ര ​​ഗാ​​ന്ധി​​യെ ‘ഗൂ​​ങ്കി ഗു​​ഡി​​യ’ എ​​ന്ന് അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മാ​​യി ഒ​​രു​​കാ​​ല​​ത്ത് വി​​ശേ​​ഷി​​പ്പി​​ച്ചി​​രു​​ന്നു എ​​ന്ന കാ​​ര്യം രാ​​ഹു​​ൽ ഗാ​​ന്ധി​ത​​ന്നെ ഓ​​ർ​​മി​​പ്പി​​ക്കു​​ന്നു. ‘പൊ​​ട്ടി പാ​​വ’ എ​​ന്നാ​​ണ് ‘ഗൂ​​ങ്കി ഗു​​ഡി​​യ’ എ​​ന്നാ​​ൽ അ​​ർ​​ഥം. ഇ​​ന്ദി​​ര ​ഗാ​​ന്ധി​​യെ മാ​​ത്ര​​മ​​ല്ല, സോ​​ണി​​യ ഗാ​​ന്ധി​​യെ​​യും ഈ ​​രീ​​തി​​യി​​ൽ ‘ഗു​​ഡി​​യ’ എ​​ന്ന പ​​ദം ഉ​​പ​​യോ​​ഗി​​ച്ച് വി​​ശേ​​ഷി​​പ്പി​​ച്ചി​​രു​​ന്നു. 1998-99 കാ​​ല​​ത്ത് കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം ത​​ന്നെ ഒ​​രി​​ക്ക​​ൽ സോ​​ണി​​യ ഗാ​​ന്ധി​​യെ ‘ഗു​​ഡി​​യ’ എ​​ന്ന് വി​​ളി​​ച്ചു. 2009ൽ ​​അ​​ന്ന് ഗു​​ജ​​റാ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന മോ​​ദി കോ​​ൺ​​ഗ്ര​​സി​​നെ ‘ഗു​​ഡി​​യ പാ​​ർ​​ട്ടി’ എ​​ന്നാ​​ണ് വി​​ളി​​ച്ച​​ത്.

ഇന്ദിര ഗാന്ധി

Jill Filipovic എ​​ന്ന അ​​മേ​​രി​​ക്ക​​ൻ എ​​ഴു​​ത്തു​​കാ​​രി ‘The infantilization of Adult Professional Women’ എ​​ന്ന ത​​ന്റെ ലേ​​ഖ​​ന​​ത്തി​​ൽ ഏ​​തു രീ​​തി​​യി​​ലാ​​ണ് രാ​​ഷ്ട്രീ​​യ​​ത്തി​​ൽ മു​​തി​​ർ​​ന്ന സ്ത്രീ​​ക​​ളെ​​പ്പോ​​ലും ‘sweety’, ‘little girl’, ‘young lady’ തു​​ട​​ങ്ങി​​യ പ​​ദ​​പ്ര​​യോ​​ഗ​​ങ്ങ​​ളി​​ലൂ​​ടെ ശി​​ശു​​വ​​ത്ക​രി​​ക്കു​​ന്ന​​ത് എ​​ന്ന് വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു. സ്ത്രീ​​ക​​ളു​​ടെ ക​​ഴി​​വു​​ക​​ളെ കു​​റ​​ച്ചു​കാ​​ണി​​ക്കു​​ന്ന​​തി​​നും അ​​വ​​രു​​ടെ നി​​ല​​പാ​​ടു​​ക​​ളെ അം​​ഗീ​​ക​​രി​​ക്കാ​​തി​​രി​​ക്കു​​ന്ന​​തി​​നും അ​​വ​​രെ ആ​​ക്ഷേ​​പി​​ക്കു​​ന്ന​​തി​​നും ഏ​​റ്റ​​വും എ​​ളു​​പ്പ​​മു​​ള്ള മാ​​ർ​​ഗം അ​​വ​​രെ ‘little girl’ ആ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ക എ​​ന്ന​​താ​​ണ്. ത​​ന്റെ ക​​ർ​​മ​​മ​​ണ്ഡ​​ല​​ത്തി​​ൽ, അ​​ത് രാ​​ഷ്ട്രീ​​യ​​ത്തി​​ൽ ആ​​യാ​​ലും മ​​റ്റ് ജോ​​ലി​​സ്ഥ​​ല​​ങ്ങ​​ളി​​ൽ ആ​​യാ​​ലും, മു​​ന്നേ​​റു​​ക​​യും അ​​ധി​​കാ​​ര സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തി ഉ​​യ​​ർ​​ന്നു​​വ​​രു​​ക​​യും അ​​ഭി​​പ്രാ​​യം പ​​റ​​യു​​ക​​യും ചെ​​യ്യു​​ന്ന സ്ത്രീ​​ക​​ളെ സം​​ശ​​യ​​ത്തോ​​ടും ത​​നി​​ക്ക് ന​​ഷ്ട​​പ്പെ​​ടു​​ന്ന അ​​ധി​​കാ​​ര​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ഭ​​യ​​ത്തോ​​ടും കൂ​​ടി​​യാ​​ണ് പു​​രു​​ഷ​സ​​മൂ​​ഹം പൊ​​തു​​വി​​ൽ നേ​​രി​​ടു​​ന്ന​​ത്.

ഇ​​നി കേ​​ര​​ള​​ത്തി​​​ന്റെ പ്ര​​ത്യേ​​ക​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലേ​​ക്ക് വ​​രു​ക​​യാ​​ണെ​​ങ്കി​​ൽ, ഒ​​രു വ്യ​​ക്തി​​യെ, പ്ര​​ത്യേ​​കി​​ച്ച് ബ​​ഹു​​ജ​​ന​​ങ്ങ​​ളെ, ‘ചെ​​റു​​താ’​ക്കി കാ​​ണി​​ക്കു​​ന്ന​​ത്, അ​​ധി​​ക്ഷേ​​പി​​ക്കു​​ന്ന​​ത്, അ​​വ​​രെ ഒ​​ളി​​ഞ്ഞും തെ​​ളി​​ഞ്ഞും ജാ​​തീ​​യ​​മാ​​യി അ​​വ​​ത​​രി​​പ്പി​​ച്ചു​​കൊ​​ണ്ടും ഇ​​ക​​ഴ്ത്തി​​ക്കൊ​​ണ്ടു​​മാ​​ണ്.

ജാ​​തീ​​യ​​മാ​​യും ലിം​​ഗ​​പ​​ര​​മാ​​യും രാ​​ഷ്ട്രീ​​യ​​പ​​ര​​മാ​​യും എ​​ല്ലാ രീ​​തി​​യി​​ലും ഏ​​റ്റ​​വും അ​​ധി​​കം ഇ​​ക​​ഴ്ത്ത​​ലു​​ക​​ളും ത​​രം​​താ​​ഴ്ത്ത​​ലു​​ക​​ളും അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​ന്ന, എ​​ല്ലാ രീ​​തി​​യി​​ലും ആ​​ണ​​ധി​​കാ​​ര​​ത്തോ​​ട് മ​​ല്ല​​ടി​​ച്ചു നി​​ന്ന, കേ​​ര​​ള​​ത്തി​​ലെ സ്ത്രീ ​​വ്യ​​ക്തി​​ത്വ​​മാ​​ണ് കെ.ആ​​ർ. ഗൗ​​രി​​യ​​മ്മ. ഈ​​ഴ​​വ സ​​മു​​ദാ​​യ അം​​ഗ​​മാ​​യ ഗൗ​​രി​​യ​​മ്മ കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ ജ​​നാ​​ധി​​പ​​ത്യ സ​​ർ​​ക്കാ​​റി​​ലെ റ​​വ​​ന്യൂ മ​​ന്ത്രി​​യും ആ​​ദ്യ വ​​നി​​താ മ​​ന്ത്രി​​യു​​മാ​​ണ്. കൂ​​ടാ​​തെ, ആ ​​മ​​ന്ത്രി​​സ​​ഭ​​യി​​ലെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ അം​​ഗ​​വു​​മാ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ൽ ജ​​ന്മി​​ത്തത്തി​​ന് അ​​വ​​സാ​​ന​​മി​​ട്ട 1957ലെ ​​ഭൂ​​പ​​രി​​ഷ്ക​​ര​​ണ ബി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച വി​​പ്ല​​വ വ്യ​​ക്തി​​ത്വ​​മാ​​ണ് കെ.​ആ​​ർ. ഗൗ​​രി​​യ​​മ്മ. നാ​​രാ​​യ​​ണ​​ഗു​​രു​​വി​​ന്റെ ആ​​ശ​​യ​​ങ്ങ​​ളി​​ൽ​നി​​ന്ന് പ്ര​​ചോ​​ദ​​നം ഉ​​ൾ​​ക്കൊ​​ണ്ടാ​​ണ് ഗൗ​​രി​​യ​​മ്മ​​യു​​ടെ അ​​ച്ഛ​​ൻ ത​​​ന്റെ പെ​​ൺ​​മ​​ക്ക​​ൾ​​ക്ക് മി​​ക​​ച്ച വി​​ദ്യാ​​ഭ്യാ​​സം ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. സ്വ​​ർ​​ണമെ​​ഡ​​ൽ നേ​​ടി ച​​രി​​ത്ര​​ത്തി​​ൽ ബി​​രു​​ദം നേ​​ടി​​യ ഗൗ​​രി​​യ​​മ്മ, ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​ൽ​നി​​ന്ന് നി​​യ​​മ​​ത്തി​​ൽ ബി​​രു​​ദം നേ​​ടി​​യ ആ​​ദ്യ വ​​നി​​ത​കൂ​​ടി​​യാ​​ണ്. ഗൗ​​രി​​യ​​മ്മ​​യു​​ടെ സാ​​മൂ​​ഹി​​ക, രാ​​ഷ്ട്രീ​​യ ജീ​​വി​​തം മു​​ഴു​​വ​​നും സ​​മ​​ര​​ങ്ങ​​ളു​​ടെ​​യും പോ​​രാ​​ട്ട​​ങ്ങ​​ളു​​ടെ​​യും വീ​​ര്യം നി​​റ​​ഞ്ഞ​​താ​​ണ്. കേ​​ര​​ള രാ​​ഷ്ട്രീ​​യ​​ത്തി​​ൽ, അ​​ല്ലെ​​ങ്കി​​ൽ കേ​​ര​​ള ച​​രി​​ത്ര​​ത്തി​​ൽ​ത​​ന്നെ, ജാ​​തി​​പ​​ര​​മാ​​യും ലിം​​ഗ​​പ​​ര​​മാ​​യും ഇ​​ത്ര​​യ​​ധി​​കം അ​​ധി​​ക്ഷേ​​പ​​ങ്ങ​​ളും ഇ​​ക​​ഴ്ത്ത​​ലു​​ക​​ളും അ​​നു​​ഭ​​വി​​ച്ച, അ​​തി​​നോ​​ട് പോ​​രാ​​ടി​​യ, മ​​റ്റൊ​​രു സ്ത്രീ​വ്യ​​ക്തി​​ത്വ​​ത്തെ ക​​ണ്ടെ​​ത്തു​​ക സാ​​ധ്യ​​മ​​ല്ല. അ​​ക്കാ​​ല​​ത്ത് സ​​ർ​​ക്കാ​​റി​​നെ​​തി​​രെ മു​​ഴ​​ങ്ങി​​യ മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ ഭൂ​​രി​​ഭാ​​ഗ​​വും ഗൗ​​രി​​യ​​മ്മ​​ക്കെ​​തി​​രെ​യു​ള്ള​​താ​​യി​​രു​​ന്നു. വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലും രാ​​ഷ്ട്രീ​​യ​​ത്തി​​ലും സാ​​മൂ​​ഹി​​ക സേ​​വ​​ന​​ത്തി​​ലും ഇ​​ത്ര ചെ​​റു​​പ്പ​​ത്തി​​ൽ​ത​​ന്നെ ത​​ന്റെ വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ച ഗൗ​​രി​​യ​​മ്മ​​യെ വി​​മോ​​ച​​ന സ​​മ​​ര​​ക്കാ​​ർ ‘ഗൗ​​രി ചോ​​ത്തി’, ‘ഗൗ​​രിപ്പെ​​ണ്ണ്’, ‘മ​​ച്ചി​​പ്പെ​​ണ്ണ്’ എ​​ന്നെ​​ല്ലാം വി​​ളി​​ച്ചാ​​ണ് ചെ​​റു​​താ​​ക്കാ​​ൻ ശ്ര​​മി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​​ത്. ചോ​​ത്തി​​യാ​​യും പെ​​ണ്ണാ​​യും മ​​ച്ചി​​യാ​​യും ഇ​​ക​​ഴ്ത്തി​​ക്കൊ​​ണ്ട് ഗൗ​​രി​​യ​​മ്മ​​യെ​​യും അ​​വ​​രു​​ടെ നി​​ല​​പാ​​ടു​​ക​​ളെ​​യും ഇ​​ല്ലാ​​താ​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ന്നു​​കൊ​​ണ്ടേ​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, അ​​വ​​രു​​ടെ പാ​​ർ​​ട്ടി​​യി​​ലെ സ​​വ​​ർ​​ണ​​ർ​​ക്കും ഒ​​രു ഈ​​ഴ​​വ സ്ത്രീ​​യു​​ടെ നി​​ല​​പാ​​ടു​​ക​​ളെ ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നി​​ല്ല എ​​ന്ന​​തു​​കൊ​​ണ്ടാ​​ണ് ഇ.​എം.​എ​​സി​​ന്റെ മ​​ക​​ൻ ഇ.​എം. ശ്രീ​​ധ​​ര​​ൻ ത​​ന്നെ അ​​വ​​രെ ‘ഗൗ​​രി ചോ​​ത്തി’ എ​​ന്ന് വി​​ളി​​ച്ച​​തും പാ​​ർ​​ട്ടി ഗൗ​​രി​​യ​​മ്മ​​യെ മു​​ഖ്യ​​മ​​ന്ത്രി​യാ​ക്കാ​​തെ ന​ാ​യ​​നാ​​രെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കി​​യ​​തും.

ഒ​​രു ഈ​​ഴ​​വ സ്ത്രീ​​യെ കേ​​ര​​ള​​ത്തി​​ലെ ജാ​​തി​​ബോ​​ധ​​ത്തി​​ന് പു​​ല്ലു​പ​​റി​​ക്കു​​ന്ന​​തി​​ലും ക​​യ​​ർ പി​​രി​​ക്കു​​ന്ന​​തി​​ലു​​മ​​പ്പു​​റം നി​​ല​​പാ​​ടു​​ള്ള ഒ​​രു വ്യ​​ക്തി​​ത്വ​​മാ​​യി ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ ബു​​ദ്ധി​​മു​​ട്ടാ​​യി​​രു​​ന്നു. ശ​​ബ​​രി​​മ​​ല സ​​മ​​ര​​കാ​​ല​​ത്ത് കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി​​യെ ‘ചോ​​മ​​ൻ’ എ​​ന്ന് തെ​​റി​​വി​​ളി​​ച്ച് ആ​​ക്ഷേ​​പി​​ച്ച സ​​മ​​യ​​ത്ത് ഗൗ​​രി​​യ​​മ്മ നേ​​രി​​ട്ട ജാ​​തി​​ത്തെ​​റി​​ക​​ളും അ​​തി​​ലൂ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ജാ​​തി രാ​​ഷ്ട്രീ​​യ​​വും ച​​ർ​​ച്ച​​യാ​​യി​​രു​​ന്നു. വി​​മോ​​ച​​ന സ​​മ​​ര​​കാ​​ല​​ത്തുനി​​ന്നും കേ​​ര​​ള​​ത്തി​​ലെ ജാ​​തി​​ബോ​​ധം ഒ​​ട്ടും മാ​​റ്റ​​മി​​ല്ലാ​​തെ ഇ​​ന്നും തു​​ട​​രു​​ന്നു എ​​ന്ന​​തി​​ന്റെ സൂ​​ച​​ക​​മാ​​യാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​ക്ക് നേ​​രെ​​യു​​ണ്ടാ​​യ ജാ​​തി​​ത്തെ​​റി വി​​ല​​യി​​രു​​ത്ത​​പ്പെ​​ട്ട​​ത്. ഈ ​​സം​​ഭ​​വം ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​ലെ ആ​​ദ്യ ഡോ​​ക്ട​​റാ​യ ഡോ​​ക്ട​​ർ പ​​ൽ​​പ്പു​​വി​​നോ​​ട് ‘തെ​​ങ്ങേ കേ​​റി​​ക്കോ’ എ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട ച​​രി​​ത്ര​​ത്തോ​​ടും കൂ​​ട്ടി​​ച്ചേ​​ർ​​ത്ത് വാ​​യി​​ക്ക​​പ്പെ​​ട്ടു.

പിണറായി വിജയൻ

ഗൗ​​രി​​യ​​മ്മ​​യെ ‘ചോ​​ത്തി​​പ്പെ​​ണ്ണാ’​​യും പി​​ണ​​റാ​​യി വി​​ജ​​യ​​നെ ‘ചോ​​മ​​നാ’​​യും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ൽ തെ​​റി​​വി​​ളി​​യി​​ലൂ​​ടെ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടു​​മ്പോ​​ൾ ന​​ട​​ക്കു​​ന്ന​​ത് ശി​​ശു​​വ​​ത്ക​​ര​​ണ​​ത്തി​​ലൂ​​ടെ​​യു​​ള്ള ജാ​​തി അ​​ധി​​ക്ഷേ​​പം കൂ​​ടി​​യാ​​ണ്. അ​​വ​​ർ​​ണ​​രാ​​യ പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​യും ഗൗ​​രി​​യ​​മ്മ​​യെ​​യും പ​​ക്വ​​ത​​യു​​ള്ള വ്യ​​ക്തി​​ത്വ​​ങ്ങ​​ളാ​​യി ഉ​​ൾ​​ക്കൊ​​ള്ളാ​​നും അം​​ഗീ​​ക​​രി​​ക്കാ​​നു​​മു​​ള്ള സ​​വ​​ർ​​ണ​ജാ​​തി​​ക​​ളു​​ടെ ബു​​ദ്ധി​​മു​​ട്ടു​ത​​ന്നെ​​യാ​​ണ് ഇ​​തി​​ൽ രാ​​ഷ്ട്രീ​​യ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. പാ​​ശ്ചാ​​ത്യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​പ്ര​​കാ​​ര​​മാ​​ണോ ശി​​ശു​​വ​​ത്ക​ര​​ണ​​ത്തി​​ലൂ​​ടെ വം​​ശീ​​യ​​ത പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്, അ​​തി​​ലും ക​​ഠി​​ന​​മാ​​യാ​​ണ് കേ​​ര​​ള​​ത്തി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ​ശി​ശു​​വ​​ത്ക​ര​​ണ​​ത്തി​​ലൂ​​ടെ ജാ​​തീ​​യ​​ത പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ൽ സ​​മീ​​പ​​കാ​​ല​​ത്ത് ച​​ർ​​ച്ചചെ​​യ്യ​​പ്പെ​​ട്ട ഒ​​ന്നാ​​ണ് ഡോ​​. വ​​ന്ദ​​നാ ദാ​​സി​​ന്റെ കൊ​​ല​​പാ​​ത​​ക​​ത്തോ​​ട് ആ​​രോ​​ഗ്യ​​മ​​ന്ത്രി ന​​ട​​ത്തി​​യ പ്ര​​തി​​ക​​ര​​ണം. ആ​​രോ​​ഗ്യ​​മ​​ന്ത്രി അ​​വി​​ടെ ന​​ട​​ന്ന സം​​ഭ​​വ​​ങ്ങ​​ളെ വി​​വ​​രി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം​ത​​ന്നെ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട വ്യ​​ക്തി​​യെ​​ക്കു​​റി​​ച്ചും പ​​റ​​യു​​ന്നു​​ണ്ട്.

1. അ​​വി​​ടെ പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി ഉ​​ണ്ടാ​​യി​​രു​​ന്ന സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ഹൗ​​സ് സ​​ർ​​ജ​​ൻ.

2. ഈ ​​മോ​​ൾ ഹൗ​​സ് സ​​ർ​​ജ​​ൻ ആ​​ണ്, അ​​ത്ര എ​​ക്സ്പീ​​രി​​യ​​ൻ​​സ്ഡ് അ​​ല്ല അ​​തു​​കൊ​​ണ്ട് ഇ​​ങ്ങ​​നെ ഒ​​രു ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​പ്പോ​​ൾ ഭ​​യ​​ന്നി​​ട്ടു​​ണ്ട്.

3. ആ ​​മോ​​ൾ ഓ​​ടാ​​ൻ ക​​ഴി​​യാ​​തെ ചി​​ല​​പ്പോ​​ൾ പേ​​ടി​​ച്ച​​പ്പോ ഒ​​രാ​​ൾ സ്റ്റ​​ക്ക് ആ​​യി പോ​​കു​​ന്ന സാ​​ഹ​​ച​​ര്യം, ഓ​​ടാ​​ൻ ക​​ഴി​​യാ​​തെ വീ​​ണു​​പോ​​യി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ടു എ​​ന്നാ​​ണ്.

ഇ​​വി​​ടെ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട വ്യ​​ക്തി ഒ​​രു ‘മോ​​ളാ​​ണ്’, സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ഹൗ​​സ് സ​​ർ​​ജ​​ൻ ആ​​ണ്, പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി വ​​ന്ന​​താ​​ണ്, എ​​ക്സ്പീ​​രി​​യ​​ൻ​​സ്ഡ് അ​​ല്ല, ഭ​​യ​​ന്നു​​പോ​​യി.

ഈ ​​പ​​റ​​ഞ്ഞ വി​​ശേ​​ഷ​​ണ​​ങ്ങ​​ൾ ഒ​​ന്നുംത​​ന്നെ, അ​​താ​​യ​​ത്, ‘മോ​​ളാ​​ണ്’ എ​​ന്ന​​തോ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ‘ഹൗ​​സ് സ​​ർ​​ജ​​ൻ’ ആ​​ണ് എ​​ന്ന​​തോ പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി വ​​ന്ന​​താ​​ണ് എ​​ന്ന​​തോ എ​​ക്സ്പീ​​രി​​യ​​ൻ​​സ്ഡ് അ​​ല്ല എ​​ന്ന​​തോ ഭ​​യ​​ന്നു​പോ​​യി എ​​ന്ന​​തോ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​തി​​ന് കാ​​ര​​ണ​​മ​​ല്ല എ​​ന്നി​​രി​​ക്കെ, കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ട വ്യ​​ക്തി​​യെ ഈ ​​രീ​​തി​​യി​​ൽ വി​​ശ​​ദീ​​ക​​രി​​ക്കാ​​ൻ ആ​​രോ​​ഗ്യ​​മ​​ന്ത്രി​​ക്ക് ക​​ഴി​​ഞ്ഞ​​ത് എ​​ങ്ങ​​നെ​​യാ​​ണ്?

ഈ ​​ഉ​​പ​​യോ​​ഗി​​ച്ച പ​​ദ​​പ്ര​​യോ​​ഗ​​ങ്ങ​​ൾ എ​​ല്ലാംത​​ന്നെ കൊ​​ല്ല​​പ്പെ​​ട്ട വ്യ​​ക്തി​​യെ അ​​ല്ലെ​​ങ്കി​​ൽ വ്യ​​ക്തി​​യു​​ടെ നേ​​ട്ട​​ങ്ങ​​ളെ കു​​റ​​ച്ചു കാ​​ണു​​ന്ന​​വ​ത​​ന്നെ​​യാ​​ണ്. എ​​ല്ലാ അ​​ർ​ഥ​​ത്തി​​ലും മി​​ടു​​ക്കി, പ​​ഠ​​ന​​ത്തി​​ന്റെ​​യും സേ​​വ​​ന​​ത്തി​​ന്റെ​​യും ഭാ​​ഗ​​മാ​​യി സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ പു​​ല​​ർ​​ച്ചസ​​മ​​യ​​ത്തും സ​​ധൈ​​ര്യം ജോ​​ലി​ചെ​​യ്യു​​ന്ന, വീ​​ടി​​നും നാ​​ട്ടു​​കാ​​ർ​​ക്കും സ​​മൂ​​ഹ​​ത്തി​​നും ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​നും അ​​ഭി​​മാ​​ന​​മാ​​യ, ഇ​​നി​​യും ഒ​​രു​​പാ​​ട് ചെ​​യ്യാ​​ൻ ക​​ഴി​​യു​​മാ​​യി​​രു​​ന്ന, ഒ​​രു വ്യ​​ക്തി​​യെ, അ​​വ​​രു​​ടെ നേ​​ട്ട​​ങ്ങ​​ളെ, താ​​ൻ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ലും ഈ ​​രീ​​തി​​യി​​ൽ ഇ​​ക​​ഴ്ത്തി സം​​സാ​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ത് എ​​ന്തു​​കൊ​​ണ്ടാ​​ണ്?

ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യു​​ടെ വാ​​ക്കു​​ക​​ൾ മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ള​​ച്ചൊ​​ടി​​ച്ച​​താ​​ണ് എ​​ന്ന വാ​​ദം ശ​​ക്ത​​മാ​​ണ് എ​​ങ്കി​​ലും ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​പ്പെ​​ട്ട സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​പ്പെ​​ട്ട സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​രി​​ക്കു​​ന്ന​​വ​​ർ വി​​ഷ​​യ​​ങ്ങ​​ളെ അ​​വ​​ത​​രി​​പ്പി​​ക്കു​​മ്പോ​​ൾ ന​​ട​​ത്തു​​ന്ന ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ശി​​ശു​​വ​ത്ക​​ര​​ണ​​ങ്ങ​​ളെ വി​​മ​​ർ​​ശ​​നാ​​ത്മ​​ക​​മാ​​യി​​ത്ത​​ന്നെ വി​​ല​​യി​​രു​​ത്തേ​​ണ്ട​​തു​​ണ്ട്.

അ​​ധി​​കാ​​രി​​ക​​ളി​​ൽ​നി​​ന്നു​​ള്ള​​തി​​നു പു​​റ​​മെ, സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ മു​​ഴു​​വ​​ൻ പ്ര​​ച​​രി​​ക്കു​​ന്ന ഒ​​രു ഇ​​ക​​ഴ്ത്ത​​ൽ വ്യ​​വ​​ഹാ​​ര​​മാ​​ണ് ‘‘ക​​ള്ള് ക​​ച്ച​​വ​​ട​​ക്കാ​​ര​​ന്റെ മ​​ക​​ൾ ഒ​​രു മ​​ദ്യ​​പാ​​നി​​യു​​ടെ കൈ​​യാ​​ൽ കൊ​​ല്ല​​പ്പെ​​ട്ടു’’ എ​​ന്ന​​ത്. ഈ ​​വ്യ​​വ​​ഹാ​​ര​​ത്തി​​ലും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് ജാ​​തി​​ബോ​​ധം​ത​​ന്നെ​​യാ​​ണ്, അ​​തി​​ലൂ​​ടെ​​യു​​ള്ള ഏ​​റ്റ​​വും ദു​​ഷി​​പ്പേ​​റി​​യ ഇ​​ക​​ഴ്ത്ത​​ലാ​​ണ്.

ശ്രീനാരായണ ഗുരു

ഏ​​തു രീ​​തി​​യി​​ലാ​​ണോ നാ​​രാ​​യ​​ണ ഗു​​രു​​വി​​​ന്റെ ആ​​ശ​​യ​​ങ്ങ​​ളു​​ടെ പ്ര​​ഭാ​​വ​​ത്തി​​ൽ ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​ൽ​നി​​ന്ന് സാ​​മൂ​​ഹി​ക സേ​​വ​​ന​ബോ​​ധ​​മു​​ള്ള, നി​​ല​​പാ​​ടു​​ക​​ളു​​ള്ള, വി​​ദ്യാ​​സ​​മ്പ​​ന്ന​​രാ​​യ ഡോ​​ക്ട​​ർ പ​​ൽ​​പ്പു​​വും ഗൗ​​രി​​യ​​മ്മ​​യും ഉ​​ണ്ടാ​​യി​വ​​ന്ന​​ത്, അ​​തേ ആ​​ശ​​യ​​ത്തി​​ന്റെ പി​​ൻ​​ബ​​ല​​ത്തി​​ൽ​ത​​ന്നെ​​യാ​​ണ് ഡോ. വ​​ന്ദ​​ന​​ക്കും വി​​ദ്യാ​​ഭ്യാ​​സം ല​​ഭി​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ൽ, ഡോ​​. വ​​ന്ദ​​ന​​യു​​ടെ മ​​ര​​ണം സ​​മൂ​​ഹ​​ത്തി​​നോ​​ടൊ​​പ്പം​ത​​ന്നെ ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​ന്റെ​​യും ന​​ഷ്ടം​ത​​ന്നെ​​യാ​​ണ്. എ​​ന്നാ​​ൽ അ​​ങ്ങ​​നെ​​യൊ​​രു തി​​രി​​ച്ച​​റി​​വ് ഈ​​ഴ​​വസ​​മു​​ദാ​​യ​​ത്തി​​ന് ഉ​​ണ്ടാ​​യി​​ല്ല എ​​ന്ന​​ത് ഖേ​​ദ​​ക​​ര​​മാ​​ണ്. ക​​ല, സാ​​ഹി​​ത്യ, സാ​​മൂ​​ഹി​​ക, സാം​​സ്കാ​​രി​​ക, രാ​​ഷ്ട്രീ​​യ, സാ​​ങ്കേ​​തി​​ക, ബി​​സി​​ന​​സ് മേ​​ഖ​​ല​​ക​​ളി​​ൽ ഈ​​ഴ​​വ​​ർ സ​​ജീ​​വ സാ​​ന്നി​​ധ്യ​​ങ്ങ​​ളാ​​ണെ​​ങ്കി​​ലും ഇ​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​മോ സം​​ഭാ​​വ​​ന​​ക​​ളോ ഒ​​രു സ​​മു​​ദാ​​യം എ​​ന്നനി​​ല​​ക്ക് ആ​​ത്മാ​​ഭി​​മാ​​ന​​വും ഒ​​രു​​മ​​യും ഈ​​ഴ​​വ​​രു​​ടെ​​യി​​ട​​യി​​ൽ വ​​ള​​ർ​​ന്നു​​വ​​രാ​​ൻ സ​​ഹാ​​യ​​ക​​മാ​​യി​​ട്ടി​​ല്ല. ഇ​​വ​​ർ ആ​​രും​ത​​ന്നെ ഈ​​ഴ​​വ​​രാ​​യി പൊ​​തു​വ്യ​​വ​​ഹാ​​ര​​ങ്ങ​​ളി​​ൽ സ്വ​​യം രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നി​​ല്ല. ഈ​​ഴ​​വ​​ർ എ​​ന്നാ​​ൽ, സം​​ഘം ചേ​​ർ​​ന്ന​​വ​​ർ എ​​ന്നാ​​ണ് അ​​ർ​​ഥ​​മെ​​ങ്കി​​ലും സം​​ഘം ചേ​​രാ​​ൻ സാ​​ധി​​ക്കാ​​തെ, വ്യ​​ക്തി​​യു​​ടെ സ്വ​​ത്വ​​ബോ​​ധ​​ത്തി​​ൽ എ​​വി​​ടെ​​യും സ്ഥാ​​നം പി​​ടി​​ക്കാ​​തെ, സ​​മു​​ദാ​​യബോ​​ധം സ്വ​​യം നി​​ഷേ​​ധി​​ക്കു​​ന്ന​​വ​​രാ​​യി ഈ​​ഴ​​വ​​ർ മാ​​റി​​യി​​രി​​ക്കു​​ന്നു.

ഇ​​ന്ത്യ​​യി​​ലെ, കേ​​ര​​ള​​ത്തി​​ലെ, മ​​റ്റു സ​​മു​​ദാ​​യ​​ങ്ങ​​ൾ, ജാ​​തി​​ക​​ൾ ഇ​​തു​​പോ​​ലെ സ​​മു​​ദാ​​യ/​​ജാ​​തി ബോ​​ധം ഇ​​ല്ലാ​​ത്ത വി​​ഭാ​​ഗ​​ങ്ങ​​ൾ ആ​​യി​​രു​​ന്നെ​​ങ്കി​​ൽ ഇ​​തൊ​​രു വി​​ഷ​​യ​​മാ​​കേ​​ണ്ടു​​ന്ന കാ​​ര്യ​​മി​​ല്ല. മു​​ക​​ളി​​ൽ പ​​റ​​ഞ്ഞ മേ​​ഖ​​ല​​ക​​ളി​​ൽ സ്വ​​യം അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന സ​​വ​​ർ​​ണ സ​​മു​​ദാ​​യ അം​​ഗ​​ങ്ങ​​ൾ പ​​ല​​രും ത​​ങ്ങ​​ളു​​ടെ പേ​​രി​​നൊ​​പ്പം ജാ​​തി​​പ്പേ​​ര് ഉ​​ള്ള​​വ​​രും മ​​റ്റു ചി​​ല​​ർ മു​​മ്പി​​ല്ലാ​​തി​​രു​​ന്ന ജാ​​തി​​പ്പേ​​ര് പി​​ന്നീ​​ട് ചേ​​ർ​​ത്ത് വ്യ​​ക്തി​​യു​​ടെ നേ​​ട്ടം സ​​മു​​ദാ​​യ​​ത്തി​​​ന്റെ നേ​​ട്ട​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​വ​​രു​​മാ​​ണ്. മു​​മ്പേ​ത​​ന്നെ ശ​​ക്ത​​മാ​​യ ത​​ങ്ങ​​ളു​​ടെ ജാ​​തി​​ബോ​​ധം അ​​വ​​ർ അ​​ടി​​വ​​ര​​യി​​ടു​​ക​​യും അ​​വ​​ർ​​ണ ജാ​​തി​​ക​​ളു​​ടെ​​മേ​​ൽ ത​​ങ്ങ​​ളു​​ടെ സ​​വ​​ർ​​ണ​​ത വാ​​ക്കി​​ലൂ​െ​ട​​യും പ്ര​​വ​ൃ​ത്തി​​യി​​ലൂ​ടെ​​യും സ്ഥാ​​പി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. ഇ.​ഡ​​ബ്ല്യൂ.​എ​​സ് ഇ​​ന്ത്യ​​യി​​ലാ​​ദ്യം കേ​​ര​​ള​​ത്തി​​ൽ ന​​ട​​പ്പാ​ക്കി​​യ​​പ്പോ​​ൾ ശ​​ക്ത​​മാ​​യ പ്ര​​തി​​ക​​ര​​ണം ഈ​​ഴ​​വ​​രു​​ടെ ഭാ​​ഗ​​ത്തു​നി​​ന്ന് ഉ​​യ​​ർ​​ന്നു​വ​​രാ​​ത്ത​​തി​ന്റെ ​കാ​​ര​​ണം സം​​സ്ഥാ​​ന​​ത്തി​​​ന്റെ ന​​വോ​​ത്ഥാ​​നാ​​ന​​ന്ത​​ര, വ​​ർ​​ത്ത​​മാ​​ന​​കാ​​ല, രാ​​ഷ്ട്രീ​​യ​​ത്തി​​ൽ ഈ​​ഴ​​വ​​ർ സ​​മു​​ദാ​​യ​ബോ​​ധ​​ത്തി​​ലേ​​ക്ക് ഉ​​ണ​​ർ​​ന്നെ​​ഴു​​ന്നേ​​റ്റി​​ട്ടി​​ല്ല എ​​ന്ന​​താ​​ണ്. സ​​വ​​ർ​​ണ സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ൾ ത​​ങ്ങ​​ളു​​ടെ സ​​വ​​ർ​​ണ​​ത വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന നി​​ര​​വ​​ധി സ​​ന്ദ​​ർ​​ഭ​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ലെ വ​​ർ​​ത്ത​​മാ​​ന​​കാ​​ല പൊ​​തു​വ്യ​​വ​​ഹാ​​ര​​ങ്ങ​​ളി​​ൽ കാ​​ണാ​​ൻ ക​​ഴി​​യും. കേ​​ര​​ള​​ത്തി​​ലെ പ്ര​​ബ​​ല സ​​മു​​ദാ​​യം നാ​​യ​​രാ​​ണെ​​ന്ന്, നാ​​യ​​ന്മാ​​ർ​​ക്ക് മാ​​ത്ര​​മാ​​ണ് ത​​റ​​വാ​​ടു​​ള്ള​​തെ​​ന്ന്, മ​​റ്റു സ​​മു​​ദാ​​യ​​ങ്ങ​​ൾ ഈ ​​പ്ര​​ബ​​ല​സ​​മു​​ദാ​​യ​​ത്തി​​നെ അ​​നു​​ക​​രി​​ക്കു​​ന്ന​​വ​​രാ​​ണെ​​ന്ന്, സം​​സ്ഥാ​​ന​​ത്തെ ഉ​​ന്ന​​ത പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ എ​​സ്. ശ്രീ​​ജി​​ത്ത് പ​​റ​​ഞ്ഞു​വെ​ക്കു​ന്ന​​ത് അ​​ദ്ദേ​​ഹ​​ത്തി​​ന് ത​​​ന്റെ ജാ​​തി​​ബോ​​ധം ആ​​ന്ത​​രി​​ക​​വ​​ത്ക​രി​​ക്ക​​ത്ത​​ക്ക​​താ​​യ കാ​​ലാ​​വ​​സ്ഥ കേ​​ര​​ള​​ത്തി​​ലെ കു​​ടും​​ബ, സാ​​മൂ​​ഹി​​ക ജീ​​വി​​ത​​ത്തി​​ലും, ക​​ല, സാ​​ഹി​​ത്യ, സാം​​സ്കാ​​രി​​ക മേ​​ഖ​​ല​​ക​​ളി​​ൽ തു​​ട​​ങ്ങി, ജീ​​വി​​ത​​ത്തി​​​ന്റെ സ​​മ​​സ്ത മേ​​ഖ​​ല​​ക​​ളി​​ലും നി​​ല​​നി​​ൽ​​ക്കു​​ന്ന​​തു​കൊ​​ണ്ടാ​​ണ്. ത​​​ന്റെ വാ​​ക്കു​​ക​​ളി​​ൽ മാ​​ത്ര​​മ​​ല്ല, ശ​​രീ​​ര​ഭാ​​ഷ​​യി​​ലും സ​​വ​​ർ​​ണ​ത പാ​​ലി​​ച്ച് മു​​ന്നി​​ലി​​രി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​ മേ​​ൽ ത​​​ന്റെ ജാ​​ത്യാ​​ധി​​പ​​ത്യം അ​​ദ്ദേ​​ഹം സ്ഥാ​​പി​​ച്ചെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു.

സി​​നി​​മ, സാ​​ഹി​​ത്യം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ അ​​വ​​ർ​​ണ സ​​മു​​ദാ​​യ​​ങ്ങ​​ളി​​ൽ​​പെ​​ട്ട​​വ​​ർ​​ക്ക് വ​​ള​​ർ​​ന്നു​വ​​രാ​​ൻ കേ​​ര​​ള​​ത്തി​​ലെ മ​​ണ്ണ് അ​​നു​​കൂ​​ല​​മ​​ല്ലാ​​ത്ത​​തു​​കൊ​​ണ്ട് ത​​ങ്ങ​​ളു​​ടെ സ​​മു​​ദാ​​യ/ ജാ​​തി സ്വ​​ത്വം ക​​ലാ സാം​​സ്കാ​​രി​​ക മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ​നി​​ന്നു മ​​റ​​ച്ചു​പി​​ടി​​ക്കാ​​ൻ അ​​വ​​ർ​​ണ​ർ നി​​ർ​​ബ​​ന്ധി​​ത​​രാ​​കു​​ന്നു​​ണ്ട്. മ​​ത്സ​​രാ​​ർ​​ഥി​യാ​​യി ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​ൽ​​പെ​​ട്ട ന​​ട​​​ന്റെ​​യും നാ​​യ​​രാ​​യ ന​​ടി​​യു​​ടെ​​യും മു​​ന്നി​​ലെ​​ത്തി​​യ കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി, ത​​​ന്റെ പേ​​രി​​നൊ​​പ്പം ഈ​​ഴ​​വ എ​​ന്നു ചേ​​ർ​​ത്തു പ​​റ​​ഞ്ഞ​​പ്പോ​​ൾ അ​​ങ്ങ​​നെ​​യൊ​​ക്കെ പേ​​രി​​ടു​​മോ എ​​ന്നാ​​ണ് ന​​ട​​​ന്റെ സം​​ശ​​യ​​മെ​​ങ്കി​​ൽ പേ​​ര് സ്വ​​യം ഇ​​ട്ട​​താ​​ണോ, എ​​നി​​ക്കു തോ​​ന്നി എ​​ന്നു ന​​ടി പ​​റ​​യു​​ന്നു. സി​​നി​​മ​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ സ്വ​​യ​​മി​​ട്ട പേ​​രാ​​ണ് ത​​നി​​ക്കു​​ള്ള​െ​​ത​​ന്ന് അ​​വ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തി​​ല്ല. പേ​​രു​മാ​​റ്റു​​ക​​യും മു​​മ്പ് ഇ​​ല്ലാ​​യി​​രു​​ന്ന ജാ​​തി​​വാ​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ക്കു​​ക​​യും ചെ​​യ്ത് ന​​ടി​​യാ​​യ​​താ​​ണ് ന​​വ്യ നാ​​യ​​ർ.

അ​​തി​​നൊ​​ക്കെ അ​​വ​​കാ​​ശ​​പ്പെ​​ട്ട​​വ​​രാ​​ണ് ത​​ങ്ങ​​ളെ​​ന്ന് അ​​വ​​ർ​​ക്ക​​റി​​യാം. പേ​​രി​​നൊ​​പ്പം സ​​മു​​ദാ​​യ​​പ്പേ​​ര് സ്വ​​യം​​ചേ​​ർ​​ത്ത​​താ​​ണ് എ​​ന്നു ത​​നി​​ക്കു മ​​ന​​സ്സി​​ലാ​​യി എ​​ന്നു പ​​റ​​ഞ്ഞു വി​​ദ്യാ​​ർ​​ഥി​യെ ചൂ​​ളാ​​ൻ വി​​ടു​​ന്ന ന​​ടി​​ക്ക് ത​​​ന്റെ ചോ​​ദ്യ​​ത്തി​​ലെ തെ​​റ്റ് എ​​ന്താ​​ണെ​​ന്ന് മ​​ന​​സ്സി​​ലാ​​വു​​ന്നി​​ല്ല. ഈ​​ഴ​​വ വി​​ഭാ​​ഗ​​ത്തി​​ൽ​​പെ​​ട്ട മു​​കേ​​ഷി​​ന് അ​​തു ചൂ​​ണ്ടി​​ക്കാ​​ണി​​ക്കാ​​ൻ ക​​ഴി​​യു​​ന്നു​​മി​​ല്ല. എം.​എ​​ൽ.​എ​​യും ഈ​​ഴ​​വ സ​​മു​​ദാ​​യ അം​​ഗ​​വു​​മാ​​യ മു​​കേ​​ഷി​​​ന്റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ജാ​​ത്യാ​​ധി​​ക്ഷേ​​പം ന​​ട​​ത്താ​​ൻ ന​​വ്യ നാ​​യർ ധൈ​​ര്യ​​പ്പെ​​ടു​​ന്ന​​ത് അ​​വ​​രു​​ടെ ആ​​ന്ത​​രി​​ക​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട സ​​വ​​ർ​​ണ​ത​കൊ​​ണ്ടും മു​​കേ​​ഷി​​​ന്റെ സ്വ​​ത്വ​​ബോ​​ധ​​മി​​ല്ലാ​​യ്മ​​കൊ​​ണ്ടു​​മാ​​ണ്.

ഈ ​​ര​​ണ്ട് വ്യ​​വ​​ഹാ​​ര​​ങ്ങ​​ളും ഡോ. ​​വ​​ന്ദ​​ന​​യു​​ടെ പേ​​ര് ഒ​​രി​​ക്ക​​ൽപോ​​ലും പ​​റ​​യാ​​തെ എ​​ക്സ്പീ​​രി​​യ​​ൻ​​സ് ഇ​​ല്ലാ​​ത്ത, സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ഹൗ​​സ് സ​​ർ​​ജ​​ൻ പി​​ടി​​പ്പു​​കേ​​ട് കൊ​​ണ്ട് കൊ​​ല്ല​​പ്പെ​​ട്ടു എ​​ന്ന മ​​ട്ടി​​ലു​​ള്ള വീ​​ണ ജോ​​ർ​​ജി​​​ന്റെ ആ​​ഖ്യാ​​ന​​വു​​മാ​​യി ചേ​​ർ​​ത്തു വാ​​യി​​ക്കാ​​വു​​ന്ന​​താ​​ണ്. മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലും പൊ​​തു ഇ​​ട​​ങ്ങ​​ളി​​ലും ഇ​​ത് ഏ​​റെ വി​​മ​​ർ​​ശി​​ക്ക​​പ്പെ​​ട്ടു​​വെ​​ങ്കി​​ലും ത​​​ന്റെ ഭാ​​ഗ​​ത്തെ തെ​​റ്റു മ​​ന​​സ്സി​​ലാ​​ക്കാ​​ൻ, ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ക്കാ​​ൻ, മ​​ന്ത്രി ത​​യാ​​റാ​​കു​​ന്നി​​ല്ല. ഈ ​​സ​​ന്ദ​​ർ​​ഭ​​ത്തി​​ൽ മാ​​പ്പു​പ​​റ​​യ​​ണ​​മെ​​ന്ന് മ​​ന്ത്രി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടാ​​ൻ ഡോ. ​​വ​​ന്ദ​​ന പ്ര​​തി​​നി​​ധാ​​നംചെ​​യ്യു​​ന്ന ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​ന് ക​​ഴി​​യു​​ന്നി​​ല്ല. ത​​ങ്ങ​​ൾ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട​​ത് ഡോ. ​​പ​​ൽ​​പ്പു​​വി​​​ന്റെ പ​​ര​​മ്പ​​ര​​യി​​ലേ​​ക്കു ക​​ണ്ണി​​ചേ​​ർ​​ക്ക​​പ്പെ​​ട്ടു നി​​ര​​വ​​ധി വ​​ർ​​ഷ​​ങ്ങ​​ൾ സേ​​വ​​നം ചെ​​യ്യു​​മാ​​യി​​രു​​ന്ന ഒ​​രു സ​​മു​​ദാ​​യാം​​ഗ​​ത്തെ​​യാ​​ണെ​​ന്ന തി​​രി​​ച്ച​​റി​​വ് ഈ​​ഴ​​വ​​ർ​​ക്ക് ഉ​​ണ്ടാ​​യി​​ല്ല.

ഉ​​ന്ന​​ത പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നും ന​​ടി​​യും മ​​ന്ത്രി​​യും തി​​രു​​ത്താ​​ൻ ത​​യാ​​റാ​​വാ​​ത്ത അ​​വ​​രു​​ടെ വാ​​ക്കു​​ക​​ളി​​ലെ ജാ​​തീ​​യ​​ത ചൂ​​ണ്ടി​​ക്കാ​​ണി​​ക്കാ​​ൻ ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​നു ക​​ഴി​​യാ​​തെ ​പോ​​കു​​ന്ന​​ത് സ​​മു​​ദാ​​യ​​ബോ​​ധം വ​​ള​​രാ​​നു​​ള്ള അ​​നു​​കൂ​​ല കു​​ടും​​ബ, സാ​​മൂ​​ഹി​​ക, സാം​​സ്കാ​​രി​​ക, രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യം ഈ​​ഴ​​വ​​ർ​​ക്ക് ന​​വോ​​ത്ഥാ​​നാ​​ന​​ന്ത​​രകാ​​ല​​ത്തും കി​​ട്ടി​​യി​​ല്ല എ​​ന്നു​​ള്ള​​തു​​കൊ​​ണ്ടാ​​ണ്. ഭാ​​ഷ​​യി​​ലൂ​​ടെ​​യു​​ള്ള ഇ​​ക​​ഴ്ത്ത​​ലി​​​ന്റെ രാ​​ഷ്ട്രീ​​യം ന​​വോ​​ത്ഥാ​​ന​ കാ​​ല​​വും ദേ​​ശീ​​യ പ്ര​​സ്ഥാ​​ന​​ത്തി​​​ന്റെ​​യും ക​​മ്യൂ​​ണി​​സ​​ത്തി​​​ന്റെ​​യും വ​​ള​​ർ​​ച്ച​​യു​​ടെ കാ​​ല​​വും ആ​​ഗോ​​ള​​ീക​ര​​ണ കാ​​ല​​വും ക​​ട​​ന്ന് സ​​വ​​ർ​​ണ സ​​മു​​ദാ​​യ​​ങ്ങ​​ൾ വ​​ർ​​ത്ത​​മാ​​നകാ​​ല​​ത്തും തു​​ട​​രു​​ന്ന​​ത്, സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ ഈ​​ഴ​​വ​​രോ രാ​​ഷ്ട്രീ​​യ, ക​​ലാ, സാം​​സ്കാ​​രി​​ക, സാ​​മൂ​​ഹി​​ക മേ​​ഖ​​ല​​ക​​ളി​​ൽ വ്യ​​ക്തി​മു​​ദ്ര പ​​തി​​പ്പി​​ച്ച ഈ​​ഴ​​വ​​രോ ത​​ങ്ങ​​ളു​​ടെ സാ​​മു​​ദാ​​യി​​ക ബോ​​ധം പ്ര​​ക​​ട​​മാ​​ക്കാ​​ൻ ത​​യാ​​റാ​​വാ​​ത്ത​​തു​​മാ​​യി ചേ​​ർ​​ത്തു വാ​​യി​​ക്കാ​​വു​​ന്ന​​താ​​ണ്. ഡോ. ​​വ​​ന്ദ​​ന കൊ​​ല്ല​​പ്പെ​​ട്ട​​പ്പോ​​ൾ പ​​റ​​ഞ്ഞ കാ​​ര്യ​​ങ്ങ​​ൾ കാ​​ര​​ണം പൊ​​തു​സ​​മൂ​​ഹ​​ത്തി​​ൽ വീ​​ണ ജോ​​ർ​​ജ് വി​​മ​​ർ​​ശി​​ക്ക​​പ്പെ​​ട്ട​​പ്പോ​​ൾ അ​​വ​​ർ​​ക്കു കി​​ട്ടി​​യ സ്വ​​ന്തം രാ​​ഷ്ട്രീ​​യ​ പാ​​ർ​​ട്ടി​​യി​​ൽ​നി​​ന്നു​​ള്ള പ്ര​​തി​​രോ​​ധം പി​​ണ​​റാ​​യി വി​​ജ​​യ​​നെ ജാ​​തി​​ത്തെ​​റി വി​​ളി​​ച്ച​​പ്പോ​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന് കി​​ട്ടി​​യി​​ല്ല.

പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ജാ​​തി​​ത്തെ​​റി​​യാ​​ൽ ഇ​​ക​​ഴ്ത്ത​​പ്പെ​​ടു​​മ്പോ​​ൾ ആ ​​പാ​​ർ​​ട്ടി​​യി​​ൽ നി​​ൽ​​ക്കു​​ന്ന ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം വ​​രു​​ന്ന ഈ​​ഴ​​വ​​രാ​​യ പ്ര​​വ​​ർ​​ത്ത​​ക​​രും ഇ​​ക​​ഴ്ത്ത​​പ്പെ​​ടു​​ന്നു; കൂ​​ടാ​​തെ, പി​​ണ​​റാ​​യി വി​​ജ​​യ​​നെ ജാ​​തി​​ത്തെ​​റി വി​​ളി​​ച്ച വ്യ​​ക്തി പ്ര​​തി​​നി​​ധാ​​നംചെ​​യ്യു​​ന്ന രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​യി​​ൽ നി​​ൽ​​ക്കു​​ന്ന ഈ​​ഴ​​വ​​രും ഇ​​ക​​ഴ്ത്ത​​പ്പെ​​ടു​​ന്നു. ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തെ​​യാ​​കെ ഇ​​ക​​ഴ്ത്തു​​ന്ന​​താ​​ണ് ഈ ​​ജാ​​തി​​ത്തെ​​റി. ഇ​​ത് ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​ന് വി​​ഷ​​യ​​മ​​ല്ല. പൊ​​തു​സ​​മൂ​​ഹ​​ത്തി​​ൽ ത​​ങ്ങ​​ൾ അ​​വ​​ഹേ​​ളി​​ക്ക​​പ്പെ​​ടു​​ന്നു എ​​ന്ന തി​​രി​​ച്ച​​റി​​വ് ഇ​​ല്ലാ​​തെ പോ​​കു​​ന്ന​​തി​​നു കാ​​ര​​ണം സ്വ​​ത്വ​​ബോ​​ധം ഇ​​ല്ലാ​​യ്മ​​യാ​​ണ്. കേ​​ര​​ള​​ത്തെ സം​​ബ​​ന്ധി​​ച്ച് അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഈ​​ഴ​​വ സ്വ​​ത്വം ത​​ന്നെ​​യാ​​ണ്. ക​​മ്യൂ​​ണി​​സ്റ്റ് ആ​​യ​​തു​​കൊ​​ണ്ട് അ​​ദ്ദേ​​ഹം ത​​​ന്റെ ഈ​​ഴ​​വ ഐ​​ഡ​​ന്റി​​റ്റി​​യെ നി​​ഷേ​​ധി​​ച്ചാ​​ലും കേ​​ര​​ള​​ത്തി​​ലെ സ​​വ​​ർ​​ണ​​ബോ​​ധം അ​​ദ്ദേ​​ഹ​​ത്തെ കാ​​ണു​​ന്ന​​ത് ഈ​​ഴ​​വ​​സ്വ​​ത്വ​​മാ​​യി​​ത്ത​​ന്നെ​​യാ​​ണ്. ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ പ​​റ​​യേ​​ണ്ടു​​ന്ന വ​​സ്തു​​ത, കേ​​ര​​ള​​ത്തി​​​ന്റെ യ​​ഥാ​​ർ​​ഥ രാ​​ഷ്ട്രീ​​യം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് പ്ര​​ത്യ​​യ​​ശാ​​സ്ത്ര​ത​​ല​​ത്തി​​ലോ, രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളു​​ടെ ത​​ല​​ത്തി​​ലോ, വ​​ർ​​ഗ​ത​​ല​​ത്തി​​ലോ അ​​ല്ല, മ​​റി​​ച്ച് ജാ​​തീ​​യ​​മാ​​യി​ത​​ന്നെ​​യാ​​ണ് എ​​ന്നു​​ള്ള​​താ​​ണ്. കേ​​ര​​ള​​ത്തെ സം​​ബ​​ന്ധി​​ച്ച ഈ ​​സ​​ത്യം ഓ​​രോ അ​​വ​​ർ​​ണ​നും അ​​റി​​യു​​ക​​യും അം​​ഗീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്യേ​​ണ്ട​​തു​​ണ്ട്.

നാ​​രാ​​യ​​ണ ഗു​​രു​​വി​​നു​ ശേ​​ഷ​​വും സ്വ​​യാ​​വ​​ബോ​​ധ​​ത്തി​​ലേ​​ക്കു​​യ​​രാ​​ൻ ഈ​​ഴ​​വ​​ർ​​ക്ക് ക​​ഴി​​യാ​​തെ​​പോ​​യ​​തി​​​ന്റെ കാ​​ര​​ണം വ്യ​​ക്തിത​​ല​​ത്തി​​ൽ കൈ​​വ​​രി​​ക്കു​​ന്ന നേ​​ട്ട​​ങ്ങ​​ളി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന സാ​​മൂ​​ഹി​​ക സ്ഥാ​​നം ത​​​ന്റെ സ​​മു​​ദാ​​യ സ്വ​​ത്വം വെ​​ളി​​വാ​​ക്കു​​ന്ന​​ത് ക​​ള​​ങ്ക​​പ്പെ​​ടു​​ത്തു​​മോ എ​​ന്ന ഭ​​യ​​വും പൊ​​തു​സ​​മൂ​​ഹ​​ത്തി​​ൽ ത​​നി​​ക്കു​​ള്ള സ്വീ​​കാ​​ര്യ​​ത ഇ​​ല്ലാ​​തെ​​യാ​​കു​​മോ എ​​ന്ന വി​​ചാ​​ര​​വു​​മാ​​ണ്, അ​​ഥ​​വാ, ത​​​ന്റെ സ​​മു​​ദാ​​യ​​ത്തി​​​ന്റെ അ​​വ​​ർ​​ണ​​സ്ഥാ​​നം ത​​​ന്റെ നേ​​ട്ട​​ത്തി​​​ന്റെ വി​​ല കു​​റ​​ക്കു​മോ എ​​ന്ന​​താ​​ണ്.

അ​​ഭി​​മാ​​നി​​ക്ക​​ത്ത​​ക്ക​​താ​​യി ത​​​ന്റെ സ​​മു​​ദാ​​യ​​ത്തി​​ന് എ​​ണ്ടെ​​ങ്കി​​ലു​​മു​​ണ്ടെ​​ന്ന് അ​​വ​​ർ വി​​ചാ​​രി​​ക്കു​​ന്നി​​ല്ല. അ​​ഥ​​വാ ഉ​​ണ്ടെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞാ​​ൽത​​ന്നെ ത​​​ന്റെ സ​​വ​​ർ​​ണ ‘സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ’ ഇ​​ട​​യി​​ൽ അ​​ങ്ങ​​നെ​​യൊ​​രു ശ്ര​​മം ന​​ട​​ത്താ​​ൻ ആ​​രും​​ത​​ന്നെ ധൈ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല. കേ​​ര​​ള​​ത്തി​​ലെ സാ​​മൂ​​ഹി​​ക സാം​​സ്കാ​​രി​​ക ജീ​​വി​​ത​​ത്തി​​ൽ സാ​​ഹി​​ത്യം, സി​​നി​​മ തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ലൂ​​ടെ അ​​ധീ​​ശ​​ത്വം സ്ഥാ​​പി​​ച്ച സ​​വ​​ർ​​ണ മാ​​തൃ​​ക അ​​നു​​ക​​രി​​ക്കേ​​ണ്ടി​​വ​​രു​​ന്ന, സം​​സ്കൃ​​ത​​വ​ത്ക​​രി​​ക്ക​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഈ​​ഴ​​വ​​ർ ഇ​​തു ത​​ങ്ങ​​ൾ​​ക്ക് വ്യ​​ക്തി​​ക​​ൾ എ​​ന്ന നി​​ല​​യി​​ലും സ​​മു​​ദാ​​യം എ​​ന്ന നി​​ല​​യി​​ലും ഏ​​ൽ​​പി​​ക്കു​​ന്ന ആ​​ഘാ​​ത​​ങ്ങ​​ൾ കാ​​ണാ​​തെ പോ​​കു​​ന്നു. സാ​​മ്പ​​ത്തി​​ക പു​​രോ​​ഗ​​തി കൈ​​വ​​രി​​ച്ച ഈ​​ഴ​​വ​​ർ വ​​ർ​​ഗ​ത്തി​​ൽ ഉ​​യ​​രു​​മ്പോ​​ൾ ജാ​​തി​​യെ മ​​റി​​ക​​ട​​ക്കാം എ​​ന്നു തെ​​റ്റാ​​യി ചി​​ന്തി​​ക്കും. എ​​ന്നാ​​ൽ, വ​​ർ​​ഗ​ത്തി​​ൽ ഈ ​​ഈ​​ഴ​​വ​​ർ ഉ​​യ​​രു​​മ്പോ​​ൾ സ​​മു​​ദാ​​യം വി​​ഭ​​ജി​​ക്ക​​പ്പെ​​ടു​​ക​​യും മു​​സ്‍ലിം സ​​ഹോ​​ദ​​ര​​ങ്ങ​​ളെ​​പ്പോ​​ലെ സാ​​ഹോ​​ദ​​ര്യ​​വും സ​​മ​​ത്വ​ബോ​​ധ​​വും സ്വ​​ത്വ​​ബോ​​ധ​​വും ഈ​​ഴ​​വ​​ർ​​ക്ക് ഇ​​ല്ലാ​​ത്ത​​തു​കാ​​ര​​ണം സാ​​മു​​ദാ​​യി​​ക​​മാ​​യി ഒ​​രു​​മി​​ക്കാ​​ൻ ക​​ഴി​​യാ​​തെ വ​​രു​​ക​​യും ചെ​​യ്യു​​ന്നു.

ഹി​​ന്ദു​മ​​ത​​ത്തി​​ൽ ചേ​​ർ​​ക്ക​​പ്പെ​​ട്ട ഈ​​ഴ​​വ സ​​മു​​ദാ​​യം അ​​വ​​ർ​​ണ വി​​ഭാ​​ഗ​​മാ​​യി ത​​രം​​താ​​ഴ്ത്ത​​പ്പെ​​ട്ട് അ​​യി​​ത്ത​​മ​​നു​​ഭ​​വി​​ച്ചു വ​​ന്ന ജ​​ന​​ത​​യാ​​യ​​തു​​കൊ​​ണ്ട് ജ​​നാ​​ധി​​പ​​ത്യ മൂ​​ല്യ​​ങ്ങ​​ൾ ദൈ​​നം​​ദി​​ന വ്യ​​വ​​ഹാ​​ര​​ങ്ങ​​ളി​​ൽ പാ​​ലി​​ക്കാ​​നും ത​​ങ്ങ​​ൾ​​ക്ക് സ​​മ​​ത്വ​​വും സ്വാ​​ത​​ന്ത്ര്യ​​വും നി​​ഷേ​​ധി​​ക്ക​​പ്പെ​​ടു​​ന്ന സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ അ​​തി​​നെ ചോ​​ദ്യം​ചെ​​യ്യാ​​നും ക​​ഴി​​യാ​​തെ വ​​രു​​ന്നു. അ​​തി​​​ന്റെ കാ​​ര​​ണം, ഈ​​ഴ​​വ​​രി​​ൽ അ​​ടി​​ച്ചേ​​ൽ​​പി​​ക്ക​​പ്പെ​​ട്ട​​തെ​​ങ്കി​​ലും, ഹി​​ന്ദു എ​​ന്ന ഐ​​ഡ​​ന്റി​​റ്റി ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം ഈ​​ഴ​​വ​​രു​​ടെ​​യും ദൈ​​നം​​ദി​​ന ജീ​​വി​​ത​​ത്തി​​​ന്റെ ഭാ​​ഗ​​മാ​​ക്കി​​യ​​താ​​ണ്. ജാ​​തി​വ്യ​​വ​​സ്ഥ​​യെ എ​​തി​​ർ​​ക്കു​​ന്ന​​വ​​ർ ഉ​​ണ്ടെ​​ങ്കി​​ലും ഈ​​ഴ​​വ​​രി​​ൽ പ​​ല​​രും ‘പ്രാ​​ക്ടി​സി​ങ്’ ഹി​​ന്ദു​​ക്ക​​ളാ​​ണ്. ജാ​​തി​വ്യ​​വ​​സ്ഥ​​യെ മ​​റി​​ക​​ട​​ക്ക​​ണ​​മെ​​ങ്കി​​ൽ സ്വ​​യം വി​​മ​​ർ​​ശ​​നാ​​ത്മ​​ക​​മാ​​യി​​ത്ത​​ന്നെ ആ​​ശ​​യ സ​​മ​​ര​​ങ്ങ​​ളി​​ൽ ദ​​ലി​​ത് സ​​ഹോ​​ദ​​ര​​ങ്ങ​​ൾ​​ക്കൊ​​പ്പം അ​​ണി​ചേ​​രേ​​ണ്ട​​ത് രാ​​ഷ്ട്രീ​​യ​​മാ​​യും സാ​​മൂ​​ഹി​​ക​​മാ​​യും അ​​നി​​വാ​​ര്യ​​ത​​യാ​​ണ്.

ഡോ. വന്ദനാദാസ്

വ്യ​​ക്തി എ​​ന്ന നി​​ല​​യി​​ലും സ​​മു​​ദാ​​യം എ​​ന്ന നി​​ല​​യി​​ലും ഒ​​രു സ്വ​​ത്വനി​​ർ​​മാ​​ണം ഈ​​ഴ​​വജ​​ന​​ത ന​​ട​​ത്തേ​​ണ്ട​​തു​​ണ്ട്. എ​​ങ്കി​​ൽ മാ​​ത്ര​​മേ മ​​റ്റു​​ള്ള​​വ​​രാ​​ൽ ഇ​​ക​​ഴ്ത്ത​​പ്പെ​​ടു​​ന്ന​​തും സ്വ​​യം ഇ​​ക​​ഴ്ത്തു​​ന്ന​​തും ചെ​​റു​​ക്കാ​​ൻ ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​നു ക​​ഴി​​യൂ. കേ​​ര​​ളം ഇ​​ന്നും ഒ​​രു ജാ​​തിസ​​മൂ​​ഹം​ത​​ന്നെ​​യാ​​ണ്. ഈ​​ഴ​​വ​​ർ ഇ​​ത് ഉ​​ൾ​​ക്കൊ​​ണ്ട്, നി​​ല​​വി​​ൽ, ത​​ന്റേ​​ത് എ​​ന്നു വി​​ശ്വ​​സി​​ക്കു​​ന്ന മ​​ത​​സ്വ​​ത്വം വെ​​ടി​​ഞ്ഞ് ത​​​ന്റെ മൗ​​ലി​​ക സ്വ​​ത്വ​​ബോ​​ധ​​ത്തി​​ൽ അ​​പ​​നി​​ർ​​മാ​​ണം ന​​ട​​ത്തി സ​​മു​​ദാ​​യ സ്വ​​ത്വ​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കേ​​ണ്ട​​തു​​ണ്ട്. ഇ​​ത് ഒ​​രേസ​​മ​​യം ശ്ര​​മ​​ക​​ര​​വും കൃ​​ത്യ​​മാ​​യി ദി​​ശാ​​ബോ​​ധം ന​​ൽ​​കാ​​ൻ ക​​ഴി​​യു​​ന്ന ഒ​​രു നേ​​തൃ​​ത്വ​​ത്തി​​​ന്റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ മാ​​ത്രം ആ​​വി​​ഷ്ക​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന കാ​​ര്യ​​വു​​മാ​​ണ്. അ​​ങ്ങ​​നെ​​യൊ​​രു ദി​​ശ​​യി​​ൽ ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തെ ന​​യി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​വി​​ധം അ​​പ​​ച​​യം എ​​സ്.​എ​​ൻ.​ഡി.​​പി​ക്കു ​സം​​ഭ​​വി​​ച്ചി​​രി​​ക്കു​​ന്നു. പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​പ​​ര​​മാ​​യി ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​നു നേ​​തൃ​​ത്വം കൊ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ത് ഇ​​ന്നും നാ​​രാ​​യ​​ണ ഗു​​രു​​വി​​​ന്റെ ആ​​ശ​​യ​​ങ്ങ​​ൾ​​ക്കു ത​​ന്നെ​​യാ​​ണ്.

ഗു​​രു​​വി​​നെ ദൈ​​വ​​മാ​​യി​​ക്ക​​ണ്ട് ആ​​രാ​​ധി​​ക്കു​​ന്ന​​വ​​രാ​​ണ് ഈ​​ഴ​​വ​​ർ. ഇ​​തി​​നെ അ​​പ​​നി​​ർ​​മി​​ച്ച് ഗു​​രു​​വി​​നെ ത​​ങ്ങ​​ളു​​ടെ നേ​​താ​​വാ​​യി പു​​ന​​ർ​​വാ​​യ​​ന ന​​ട​​ത്തേ​​ണ്ട​​തു​​ണ്ട്. എ​​ങ്കി​​ൽ മാ​​ത്ര​​മേ, അ​​ദ്ദേ​​ഹ​​ത്തി​​​ന്റെ രാ​​ഷ്ട്രീ​​യ​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കാ​​ൻ ഈ​​ഴ​​വ​​ർ​​ക്ക് ക​​ഴി​​യൂ. ഗു​​രു​​വി​​നെ സം​​ബ​​ന്ധി​​ച്ച ഹൈ​​ന്ദ​​വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട തെ​​റ്റാ​​യ വാ​​യ​​ന​​ക​​ൾ അ​​പ​​നി​​ർ​​മി​​ച്ച് ദൈ​​വം എ​​ന്ന സ്ഥാ​​ന​​ത്തു​നി​​ന്നു​​മാ​​റി ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​​ന്റെ നേ​​താ​​വ് എ​​ന്ന സ്ഥാ​​ന​​ത്ത് ഗു​​രു​​വി​​നെ കാ​​ണ​​ണം. അ​​ദ്ദേ​​ഹ​​ത്തി​​​ന്റെ രാ​​ഷ്ട്രീ​​യം മ​​ന​​സ്സി​​ലാ​​ക്കി അ​​തി​​നെ കാ​​ലി​​ക​​മാ​​യി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​നും സ​​മ​​കാ​​ലി​ക പ്ര​​ശ്ന​​ങ്ങ​​ളി​​ലേ​​ക്ക് വാ​​യി​​ച്ചെ​​ടു​​ക്കാ​​നും ക​​ഴി​​യ​​ണം. സ്വ​​ത്വ​​ബോ​​ധം വ​​ള​​ർ​​ത്തു​​ന്ന​​തി​​ന് ഈ ​​രാ​​ഷ്ട്രീ​​യ​​മാ​​ണ് ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തേ​​ണ്ട​​ത്.​​ എ​​ന്നാ​​ൽ, മാ​​ത്ര​​മേ സ​​മു​​ദാ​​യം ആ​​യി​​രി​​ക്കു​​ക​​യും സ്വ​​ത്വ​​ബോ​​ധം ഇ​​ല്ലാ​​തി​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന അ​​വ​​സ്ഥ​​യെ മ​​റി​​ക​​ട​​ക്കാ​​ൻ ഈ​​ഴ​​വ​​ർ​​ക്ക് ക​​ഴി​​യൂ.​ ഗു​​രു​​വി​​​ന്റെ രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ വീ​​ണ്ടെ​​ടു​​പ്പ് അ​​നി​​വാ​​ര്യ​​മാ​​ണ്. ഈ ​​രാ​​ഷ്ട്രീ​​യം ആ​​ന്ത​​രി​​ക​​വ​​ത്ക​​രി​​ച്ച നേ​​തൃ​​നി​​ര ന​​വോ​​ത്ഥാ​​നകാ​​ല​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്ന​​തു​​പോ​​ലെ ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​ൽനി​​ന്ന് ഉ​​യ​​ർ​​ന്നു​വ​​രേ​​ണ്ട​​തു​​ണ്ട്.

സ​​മൂ​​ഹ​​ത്തി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന ശ്രേ​​ണീ​​ക​​ര​​ണ​​ങ്ങ​​ളെ, അ​​താ​​യ​​ത്, വം​​ശീ​​യ​​മാ​​യ, ലിം​​ഗ​​പ​​ര​​മാ​​യ, ജാ​​തീ​​യ​​മാ​​യ, വി​​വേ​​ച​​ന​​ങ്ങ​​ളെ, അ​​തേ​​പ​​ടി നി​​ല​​നി​​ർ​​ത്താ​നും അ​​ധി​​കാ​​രം സ്ഥാ​​പി​​ക്കാ​​നും ഭാ​​ഷ​​യി​​ലൂ​​ടെ​​യു​​ള്ള ശി​​ശു​​വ​​ത്ക​ര​​ണ​​വും ഇ​​ക​​ഴ്ത്ത​​ലു​​ക​​ളും എ​​പ്ര​​കാ​​ര​​മാ​​ണ് വ്യ​​വ​​ഹാ​​ര​​ങ്ങ​​ളി​​ൽ ഒ​​രു ആ​​യു​​ധ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ്, അ​​ത്ത​​രം വ്യ​​വ​​ഹാ​​ര​​ങ്ങ​​ളെ സ്വ​​ത്വ​​ബോ​​ധ​​ത്തോ​​ടും സാ​​മു​​ദാ​​യി​​ക കെ​​ട്ടു​​റ​​പ്പോ​​ടും കൂ​​ടി എ​​തി​​ർ​​ക്കേ​​ണ്ട​​തും, ഈ ​​സ്വ​​ത്വ​​ബോ​​ധ​​ത്തെ ത​​ന്നെ ഒ​​രു രാ​​ഷ്ട്രീ​​യ​​മാ​​യി വ​​ള​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രേ​​ണ്ട​​തും സ​​മ​​കാ​​ലി​​ക സാ​​മൂ​​ഹി​​ക രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​നി​​വാ​​ര്യ​​മാ​​ണ്.

References

1. Bukac, Zlatko HYPERMASCULINITY AND INFANTILIZATION OF BLACK SUPERHEROES: ANALYSIS OF LUKE CAGE AND RAGE ORIGIN STORIES https://reci.rs/index.php/Reci/issue/view/1

2. Filipovic, Jill The Infantilization of Adult Professional Women https://www.cosmopolitan.com/politics/a12815874/female-politicians-little-girls/

3. https://www.thehindu.com/news/national/rahul-gandhi-on-pappu-tag-crores-pumped-in-by-bjp-to-distort-my-image-but-truth-comes-out/article66427438.ece

4. https://www.hindustantimes.com/india-news/my-grandmom-was-called-gungi-gudiya-before-rahul-gandhi-on-pappu-tag-101672190829829.html

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:30 GMT
access_time 2024-11-11 02:30 GMT