നിർമിതബുദ്ധിയുടെ കാലത്ത് കലാകാരന് പ്രസക്തിയുണ്ടോ? നിർമിതബുദ്ധിയുടെ സാധ്യതാ ചക്രവാളം മനുഷ്യന്റെ സര്ഗാത്മകതക്ക് പകരം വെക്കാവുന്ന സാങ്കേതികവിദ്യ പ്രദാനംചെയ്യുന്നത് വരെ വികസിക്കുമോ? സിനിമയും സാഹിത്യവും സംഗീതവും സൃഷ്ടിക്കുന്ന വ്യവസായശാലയിലെ ഉൽപന്നങ്ങള്ക്ക് ലേബല്‍ ചെയ്യുന്ന ജോലിക്കാരായി മനുഷ്യന് മാറുമോ? കഥാകൃത്തും െഎ.ടി വിദഗ്ധനുമായ ലേഖകൻ ചില ആകുലതകൾ പങ്കുവെക്കുന്നു. മനുഷ്യന് പകരമാകാൻ യന്ത്രഭാവനക്ക് കഴിയില്ലെന്നും...
നിർമിതബുദ്ധിയുടെ കാലത്ത് കലാകാരന് പ്രസക്തിയുണ്ടോ? നിർമിതബുദ്ധിയുടെ സാധ്യതാ ചക്രവാളം മനുഷ്യന്റെ സര്ഗാത്മകതക്ക് പകരം വെക്കാവുന്ന സാങ്കേതികവിദ്യ പ്രദാനംചെയ്യുന്നത് വരെ വികസിക്കുമോ? സിനിമയും സാഹിത്യവും സംഗീതവും സൃഷ്ടിക്കുന്ന വ്യവസായശാലയിലെ ഉൽപന്നങ്ങള്ക്ക് ലേബല്‍ ചെയ്യുന്ന ജോലിക്കാരായി മനുഷ്യന് മാറുമോ? കഥാകൃത്തും െഎ.ടി വിദഗ്ധനുമായ ലേഖകൻ ചില ആകുലതകൾ പങ്കുവെക്കുന്നു. മനുഷ്യന് പകരമാകാൻ യന്ത്രഭാവനക്ക് കഴിയില്ലെന്നും അദ്ദേഹം വാദിക്കുന്നു.
ഒരു കലാകാരന് ഏറ്റവും കൂടുതല്‍ നിരാശനാകുന്ന സന്ദര്‍ഭം ഏതായിരിക്കും? കലയുമായി ബന്ധപ്പെട്ട അനേകം വ്യക്തിപരമായ ഉത്തരങ്ങള്‍ സാധ്യമാണെങ്കിലും ഒരു മികച്ച കലാവസ്തു ആസ്വദിച്ചതിനുശേഷം അത് ഒരു നിർമിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം സൃഷ്ടിച്ചതാണെന്ന് അറിയുമ്പോള്‍ കലാകാരന് നേരിടാനിടയുള്ള അത്രയും നിരാശ മറ്റൊരു സന്ദര്‍ഭത്തിലും ഉണ്ടാവാനിടയില്ല. സര്‍ഗാത്മകമായ കഴിവുകളുള്ള ഒരു ജീവി എന്നനിലക്കുള്ള മനുഷ്യന്റെ സ്ഥാനം എക്കാലത്തേക്കുമായി നഷ്ടപ്പെടുകയും ഒരുപക്ഷേ തിരിച്ച് കയറാനാവാത്ത വിധം നിരാശയുടെ പടുകുഴിയിലേക്ക് ഒരു കലാകാരന് വീണുപോവുകയും ചെയ്തേക്കാം. മനുഷ്യന്റെ മുഴുവന്‍ അസ്തിത്വെത്ത ചോദ്യംചെയ്യുന്ന ആ സന്ദര്‍ഭം എപ്പോഴെങ്കിലും സംഭവിക്കുമോ? നിർമിതബുദ്ധികൊണ്ട് പ്രവര്‍ത്തിക്കുന്ന ഏത് യന്ത്രത്തേക്കാളും മികച്ച ഒരു ജീവിയാണ് മനുഷ്യന് എന്ന ഉറപ്പില്‍ നമുക്ക് എത്രകാലം ജീവിക്കാന്‍ സാധിക്കും?
മാക്സ് ടെഗ്മാര്‍ക്കിന്റെ ‘Life 3.0, Being Human in the Age of Artificial Intelligence’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ അമേരിക്കയിലെ ഒരു സാങ്കൽപിക കമ്പനിയിലെ ഒമേഗ ടീം എന്ന രഹസ്യ ഗ്രൂപ്പിനെപ്പറ്റി പറയുന്നുണ്ട്. ഏതുതരം ഉദ്ദേശ്യങ്ങളും നടപ്പാക്കാവുന്ന പൊതുനിർമിത ബുദ്ധിയുള്ള പ്രോഗ്രാമുകള്‍ നിർമിക്കുക എന്ന ലക്ഷ്യത്തോടെ ഒത്തുചേര്‍ന്നവരാണ് ഒമേഗ ടീം. ഇത് അപകടകരമായ ഒരു സാഹചര്യമാണ്. ആളുകളെ തട്ടിക്കൊണ്ടുപോവുകയോ കൊലപ്പെടുത്തുകയോ ചെയ്യാന്‍ വരെ സാധിക്കുന്ന ഒരു സംരംഭത്തില്‍ നൈതികബോധമുള്ളവരെയും മനുഷ്യസമൂഹത്തോട് അടങ്ങാത്ത പ്രതിജ്ഞാബദ്ധതയുള്ളവരെയുമാണ് ആ ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നത്. സ്വന്തമായി നിർമിതബുദ്ധിയുടെ പ്രോഗ്രാമുകള്‍ എഴുതാന്‍ സാധിക്കുന്ന തരത്തിലുള്ള ‘പ്രോമിത്യൂസ്’ എന്നു പേരിട്ട നിർമിത അതി-ബുദ്ധിയുള്ള സങ്കേതമാണ് ആ സംഘം നിർമിച്ചത്. സംഘം ഓരോരോ പ്രോഗ്രാമുകളായി നിർമിക്കുകയും അവ പരീക്ഷിക്കുകയും ചെയ്തു.
അടുത്തഘട്ടം ഫണ്ട് കണ്ടെത്തലായിരുന്നു. MTurk എന്ന പേരില്‍ ആമസോണ്‍ വിവിധയിടങ്ങളിലെ ജോലിസന്നദ്ധരായ വ്യക്തികള്‍ക്ക് ഓണ്‍ലൈനായി ജോലിനല്‍കുന്ന ഒരു സേവനം നടത്തുന്നുണ്ട്. ഒമേഗ ടീം യഥാർഥ വ്യക്തികളെന്ന പേരില്‍ എംടര്ക്കില് രജിസ്റ്റര്‍ചെയ്ത് പ്രോമിത്യൂസിന്റെ സഹായത്തോടെ ജോലിചെയ്തു തുടങ്ങി. ശബ്ദരേഖകള്‍ ടെക്സ്റ്റാക്കി മാറ്റുക, ടെക്സ്റ്റുകള്‍ പ്രൂഫ് റീഡ് ചെയ്യുക തുടങ്ങിയ വിവിധ ജോലികള്‍ പ്രോമിത്യൂസ് തെറ്റില്ലാതെ ചെയ്യാന്‍ തുടങ്ങിയതോടെ ഒമേഗ ടീം കൂടുതല്‍ വ്യാജ വ്യക്തികളെ സൃഷ്ടിച്ച് അധികം ജോലി നേടിയെടുക്കുകയും കാര്യക്ഷമമായി അത് പൂര്‍ത്തിയാക്കുകയും ചെയ്തു. ആ ടീം അതിന്റെ രഹസ്യം സൂക്ഷിക്കുന്നതിനും വിപുലമായി പണം സമ്പാദിക്കുന്നത് മറ്റാരുടെയും ശ്രദ്ധയില്പെടാതിരിക്കുന്നതിനും വേണ്ടി ഷെല്‍ കമ്പനികളെ നിർമിക്കുകയും അതിലേക്ക് ജീവനക്കാരെ നിയമിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍, ‘പ്രോമിത്യൂസ്’ നിർമിച്ച സോഫ്റ്റ് വെയറുകളാണ് യഥാർഥത്തില്‍ ജോലിചെയ്തുകൊണ്ടിരുന്നത് എന്നത് പുറത്തുള്ളവരോ ജീവനക്കാരോ അറിഞ്ഞിരുന്നില്ല.
പിന്നീട് ഒമേഗ ടീം കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നിർമിക്കാന്‍ തുടങ്ങി. കമ്പ്യൂട്ടര്‍ ഗെയിമുകള്‍ ഒരർഥത്തില്‍ സിനിമയോ സീരീസോപോലെ തിരക്കഥ, അനിമേഷൻ തുടങ്ങിയ ഘടകങ്ങള്‍ ആവശ്യമുള്ളതും സിനിമയുമായി അടുത്തുനില്‍ക്കുന്നതുമായ ഒന്നാണല്ലോ. ഈ കമ്പനിയുടെ പ്രധാന മുന്നേറ്റങ്ങളിലൊന്ന് അനിമേഷന്‍ സിനിമകള്‍ നിർമിക്കാന്‍ ആരംഭിച്ചതാണ്. ഡിസ്നിയുടെയും മറ്റും അനിമേഷന്‍ സീരീസുകളുടെ വിജയഫോര്‍മുലയെ അടിസ്ഥാനമാക്കി ഒമേഗ ടീം പുതിയ സിനിമകള്‍ നിർമിക്കാന്‍ തുടങ്ങി. ആഴ്ചകള്‍ കൊണ്ടുതന്നെ ‘പ്രോമിത്യൂസ്’ പുതിയ സോഫ്റ്റ് വെയറുകള്‍ എഴുതുകയും മികച്ച സിനിമകള്‍ സൃഷ്ടിക്കാനുള്ള സാധ്യതകള്‍ ഉണ്ടാക്കുകയും ചെയ്തു. അനിമേഷന്‍ സിനിമകളും സീരീസുകളും പുറത്തിറക്കിയപ്പോള്‍ അത് പെട്ടെന്ന് തന്നെ കാഴ്ചക്കാര്‍ ഏറ്റെടുത്തു. പത്രക്കാരെ പറ്റിക്കുന്നതിനുവേണ്ടി ഇതിന്റെ രചയിതാക്കള്‍ പല രാജ്യങ്ങളിലായി ചിതറിക്കിടക്കുകയാണെന്നും അവര്‍ ഉള്ഗ്രാമങ്ങളിലാണെന്നും മറ്റും പറഞ്ഞുകൊണ്ടാണ് ഇതിന്റെ പ്രമോഷന് നടത്തിക്കൊണ്ടിരുന്നത്. ഒരുവിധ മനുഷ്യ ഇടപെടലുകളുമില്ലാതെയാണ് ഈ സിനിമകള്‍ സൃഷ്ടിച്ചതെന്ന് കാഴ്ചക്കാര്‍ ആരും തിരിച്ചറിഞ്ഞില്ല എന്നത് ഒമേഗ ഗ്രൂപ്പിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു.
കമ്പനിയുടെ തുടര്‍ന്നുള്ള നീക്കങ്ങള്‍ ഷെയര്‍ മാര്ക്കറ്റുപോലുള്ള സാമ്പത്തിക രംഗം, മീഡിയപോലെയുള്ള സമൂഹത്തെ സ്വാധീനിക്കാന്‍ സാധിക്കുന്ന മേഖലകള്‍ തുടങ്ങിയവയില്‍ സ്വാധീനമുറപ്പിക്കലായിരുന്നു. ക്രമത്തില്‍ അത് അധികാരകേന്ദ്രീകരണത്തില്‍ ചെന്നെത്തുന്നു. അവര്‍ക്ക് ജോലി നഷ്ടപ്പെടുന്നവരുടെ ക്ഷേമത്തിനായി സാമ്പത്തിക സഹായങ്ങള്‍ നൽകുന്നതുപോലെയുള്ള സംവിധാനങ്ങള്‍ നടപ്പാക്കുക കൂടി ചെയ്യേണ്ടിവരുന്നു. നിർമിതബുദ്ധിയുള്ള യന്ത്രങ്ങളെ സ്വയം സൃഷ്ടിക്കാവുന്ന നിർമിതബുദ്ധിയുടെ പ്രവര്‍ത്തനങ്ങളില്‍ ഒമേഗ ടീമിന് ഇടപെടേണ്ടി വരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതൊരു സാങ്കൽപിക കമ്പനിയിലെ കഥയാണെന്ന് തുടക്കത്തിലേ സൂചിപ്പിച്ചല്ലോ. മാക്സ് ടെഗ്മാര്‍ക്ക് ഏതെങ്കിലും ഒരു കമ്പനിയുടെയോ ഒന്നിലധികം കമ്പനികളുടെയോ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കി എഴുതിയ ഒരു ലേഖനമാണിത്. മാത്രമല്ല, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നിർമിതബുദ്ധി അധിഷ്ഠിതമായ മുന്നേറ്റങ്ങള്‍ ഈ സാങ്കൽപിക കമ്പനിയിലെ നീക്കങ്ങള്‍ക്ക് ഏറക്കുറെ സമാനവുമാണ്. മനുഷ്യന്റെ ഭാവിജീവിതത്തെപ്പറ്റിയുള്ള ഉള്‍ക്കാഴ്ച പ്രദാനംചെയ്യുന്നതിനും നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഈ സാങ്കൽപിക കമ്പനിയുടെ പ്രവര്‍ത്തനം അടിസ്ഥാനമാക്കാവുന്നതാണ്.
കാളവണ്ടിയുഗത്തില്നിന്ന് കാറിലേക്കുള്ള മനുഷ്യന്റെ പ്രയാണം ഒരർഥത്തില്‍ മനുഷ്യന് കാല്‍നടയായി സഞ്ചരിക്കുന്നത് ഉപേക്ഷിച്ചതിന്റെ കൂടി ചരിത്രമാണ്. ഒന്നോ രണ്ടോ കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ട ആവശ്യം വരുന്ന നഗരജീവിതം നയിക്കുന്ന ഒരു വ്യക്തി ഏത് വാഹനത്തിലാണ് പോകേണ്ടത് എന്നാണ് ആദ്യം ചിന്തിക്കുക. നടക്കുക എന്ന സാധ്യത അയാളുടെ ഒരു പരിഗണനയേ ആവുകയില്ല. അതായത് വാഹനങ്ങളോടൊപ്പം ജീവിക്കാന്‍ നാം ശീലിക്കുകയും വാഹനം അല്ലാതെ മറ്റൊരു സാധ്യതയും മനസ്സില്‍ തെളിയാത്തവിധം നാം അതുമായി പൊരുത്തപ്പെടുകയും ചെയ്തുകഴിഞ്ഞു. ഒരു നൂറ്റാണ്ടുമുമ്പ് ജീവിച്ച ഒരു മനുഷ്യനോട് രണ്ട് കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ജഡ്ക്ക വിളിക്കാമെന്ന് പറഞ്ഞാല്‍ അയാള്‍ താന്‍ അത്രക്ക് സമ്പന്നനല്ലല്ലോ എന്നാവും ആദ്യം ചിന്തിക്കുക. സാങ്കേതികവിദ്യയുടെ ചരിത്രത്തില്‍ മനുഷ്യനുമായി ഒട്ടിച്ചേര്‍ന്ന അനേകം ഉപകരണങ്ങളുണ്ട്. വാച്ച് മുതല്‍ മൊബൈല്‍ ഫോണ്‍ വരെ തുടരുന്ന ആ ശ്രേണിയില്‍ പുതിയ സങ്കേതങ്ങള്‍ കൂടിച്ചേരുന്നതിന്റെ ഇടവേള സങ്കൽപിക്കാനാവാത്ത വിധം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നിർമിതബുദ്ധിയുമായി നാം ഇപ്പോള്‍തന്നെ അനുരഞ്ജനത്തിലായിട്ടുണ്ട്. യൂട്യൂബില്‍ ചലച്ചിത്ര ഗാനങ്ങള്‍ കണ്ടുകൊണ്ടിരിക്കെ പുതിയ നിർദേശങ്ങള്‍ നമുക്ക് ലഭിക്കുന്നതും നമ്മുടെ താൽപര്യങ്ങള്ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് വെബ് സൈറ്റുകള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും തുടങ്ങി നിർമിതബുദ്ധി അദൃശ്യമായി നമ്മുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന അവസരങ്ങള്‍ അനേകമാണ്. നമ്മുടെ വെബ് സെര്‍ച്ചുകള്‍, യാത്രകള്‍, പര്‍ച്ചേസുകള്‍ തുടങ്ങി ഓരോ ചലനങ്ങളും നിരീക്ഷിച്ച് പുതിയ പ്രശ്നപരിഹാരങ്ങളും പരസ്യങ്ങളും നിർദേശങ്ങളും തന്നുകൊണ്ടിരിക്കുന്ന വിവിധ ഡിജിറ്റല്‍ ഉപകരണങ്ങളുടെ പെരുമാറ്റത്തില്‍ ഒട്ടും അസ്വാഭാവികത തോന്നാത്തവിധം നാം അതുമായി പരിചയപ്പെട്ടുകഴിഞ്ഞു. അതേസമയം, അപ്രതീക്ഷിതമായി ഒരു സുഹൃത്ത് ഫോണ്‍ വിളിച്ച് നാളെ താങ്കള്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ നഗരത്തിലെ ഒരു പ്രത്യേക കട സന്ദര്‍ശിക്കുന്നത് നന്നായിരിക്കും എന്ന് പറഞ്ഞെന്നിരിക്കട്ടെ. നാളെ വസ്ത്രം വാങ്ങാന്‍ താങ്കള്‍ തീരുമാനിച്ച വിവരം സുഹൃത്ത് എങ്ങനെ അറിഞ്ഞു എന്ന് നിങ്ങള്‍ സംശയിക്കും. ആ ബന്ധം തകര്‍ന്നുപോകാന്‍ ഈ ഒരു നിർദേശം കാരണമായേക്കാം. എന്നാല്‍, നിർമിതബുദ്ധിയുടെ പിന്‍ബലത്തില്‍ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉപകരണങ്ങളെ നാം സംശയിക്കാന്‍ മറന്നുതുടങ്ങിയിരിക്കുന്നു. മാക്സ് ടെഗ്മാര്‍ക്ക് ഇപ്പോള്‍ ലൈഫ് 2.0യില്‍ ജീവിക്കുന്ന മനുഷ്യര്‍ ലൈഫ് 3.0യിലേക്ക് പ്രയാണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് അനുമാനിക്കുന്നു.
ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കലാകാരന്റെ അത്യഗാധമായ നിരാശയെപ്പറ്റി പറഞ്ഞല്ലോ. നിർമിതബുദ്ധിയുമായി നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ഇത്തരം നിരാശകള്‍ ഏറെ സംഭവിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം 1997ല്‍ ആ ദശാബ്ദത്തിലെ നമ്പര്‍ 1 ചെസ് മാസ്റ്റര്‍ ഗാരി കാസ്പറോവ് കമ്പ്യൂട്ടര്‍ അധിഷ്ഠിത കമ്പനിയായ ഐ.ബി.എം നിർമിച്ച ‘ഡീപ് ബ്ലൂ’ എന്ന സൂപ്പര്‍ കമ്പ്യൂട്ടറുമായി നടത്തിയ ചെസ് മത്സരമാണ്. 1996ല്‍ നടന്ന ആദ്യ മത്സരത്തില്‍ കാസ്പറോവ് ‘ഡീപ് ബ്ലൂ’ എന്ന കമ്പ്യൂട്ടറിനെ ക്ലാസിക്കല്‍ നിയമങ്ങള്‍ അനുസരിച്ച് നടത്തിയ ചെസ് കളിയില്‍ തോൽപിച്ച് മനുഷ്യന് കമ്പ്യൂട്ടറിനെ തോൽപിക്കാനാവില്ല എന്ന പ്രതീക്ഷ നല്കി. എന്നാല്‍, ’97ല്‍ നടന്ന രണ്ടാം മത്സരത്തില്‍ കാസ്പറോവിന് തോല്‍വി സമ്മതിക്കേണ്ടിവന്നു. നിർമിതബുദ്ധിയുടെ അശ്വമേധത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ ചെസ് മത്സരം. മനുഷ്യനെ ചെസ് കളിയില്‍ തോൽപിച്ചു എന്നതുകൊണ്ട് അത് മനുഷ്യനേക്കാള്‍ ബുദ്ധിയുള്ള ഒരു കമ്പ്യൂട്ടറാണ് എന്ന് പറയാനാവില്ല. ഒരു പ്രത്യേക കൃത്യം നിര്‍വഹിക്കുന്നതിനുവേണ്ടി തയാറാക്കുന്ന പരിമിത നിർമിതബുദ്ധിയുള്ള (Narrow AI) ഉപകരണം മാത്രമാണ് ഡീപ് ബ്ലൂ. ലക്ഷക്കണക്കിന് ചെസ് കളികളും പ്രത്യേക നീക്കങ്ങളെ കേന്ദ്രീകരിച്ച് ക്രമപ്പെടുത്തിയ ആയിരക്കണക്കിന് ചെസ് കളികളും ഓർമയില്‍ സൂക്ഷിക്കാനും അവ വിശകലനം ചെയ്യാനുമുള്ള പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കുന്ന വിധമാണ് ഡീപ് ബ്ലൂ നിർമിച്ചിരുന്നത്. ഇത്രയും കളികള്‍ ഓര്‍ത്തുവെക്കാന്‍ മനുഷ്യന് സാധ്യമല്ല. പക്ഷേ, മനുഷ്യനുമായി ഈ സൂപ്പര്‍ കമ്പ്യൂട്ടറിന് പ്രകടമായ വ്യത്യാസമുണ്ട്. ഒന്നാമതായി ചെസ് കളിക്കുന്നതൊഴിച്ചാല്‍ മനുഷ്യന് ചെയ്യുന്ന നിസ്സാരമായ മറ്റൊരു കാര്യവും ഈ യന്ത്രത്തിന് ചെയ്യാന്‍ സാധിക്കില്ല. ചെസ് കളിയുടെ കാര്യത്തില്‍പോലും ഈ യന്ത്രത്തിന് പരിമിത ശേഷിയേയുള്ളൂ. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ വിജയത്തിലെത്തുന്നതിന് ആവശ്യമായ രീതിയില്‍ തൊട്ടടുത്ത നീക്കം ഈ കമ്പ്യൂട്ടര്‍ നടത്തുമെന്നതൊഴിച്ചാല് കളിയുടെ അന്ത്യത്തിലേക്കുള്ള പ്രയാണത്തെപ്പറ്റിയുള്ള ദീര്‍ഘവീക്ഷണമോ കളിയില്‍ തന്ത്രങ്ങള്‍ രൂപവത്കരിക്കാനോ ഇതിന് സാധിക്കില്ല. പൂർവ നിശ്ചിതമായ നീക്കങ്ങള്‍ ഒഴിച്ച് നവീനമായ ഒരു നീക്കം നടത്താന്‍പോലും സാധിക്കാത്തത്ര നേര്‍ത്ത കഴിവുകളേ ഈ സൂപ്പര്‍ കമ്പ്യൂട്ടറിനുള്ളൂ. എന്നിട്ടും അത് കാസ്പറോവിനെ നിരാശനാക്കി. മനുഷ്യബുദ്ധിക്ക് ഒരു യന്ത്രത്തിന് മുന്നില്‍ തോറ്റുകൊടുക്കേണ്ടി വന്നത് വിശാല അർഥത്തില്‍ മനുഷ്യന്റെ ധൈഷണികതയെ അടിയറവിന് വിധേയമാക്കലാണ് എന്നൊരു തോന്നലും അദ്ദേഹത്തെ ഗ്രസിച്ചിരുന്നു.
നിർമിത ബുദ്ധിയുടെ ചരിത്രത്തിലെ ഈ സംഭവം നടന്ന് ഇരുപതു വര്‍ഷത്തിനുശേഷം കാസ്പറോവ് ഇതിനെ അടിസ്ഥാനമാക്കി ‘Deep Thinking: Where Machine Intelligence Ends and Human Creativity Begins’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഡീപ് ബ്ലൂവുമായുള്ള ചെസ് കളിയെ ആധാരമാക്കിയുള്ള ഈ പുസ്തകം ഒരു ചികിത്സപോലെയായിരുന്നുവെന്നും അത് എഴുതിക്കഴിഞ്ഞപ്പോള്‍ വസ്തുതകളെ മറ്റൊരു കോണിലൂടെ കാണാന്‍ സഹായകമായെന്നും അദ്ദേഹം വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ തോല്‍വി സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിലൂടെ മനുഷ്യന് വിജയിച്ചതിന്റെ ചരിത്രംകൂടിയാണെന്ന് കാസ്പറോവ് പുനര്‍വിചിന്തനം ചെയ്യുന്നു. യന്ത്രങ്ങളുടെ സഹായത്തോടെ മനുഷ്യാധ്വാനത്തെ ലഘൂകരിച്ചുകൊണ്ടിരുന്നതാണ് നാഗരികതയുടെ ചരിത്രം. നമ്മുടെ ജീവിതനിലവാരം വർധിപ്പിക്കാനും ദീര്‍ഘകാലം ആരോഗ്യകരമായി ജീവിക്കാനും സാങ്കേതിക വിദ്യകളുടെ പുതുവിജയങ്ങള് കാരണമാകും. ഇന്ന് ഡീപ് ബ്ലൂപോലുള്ള കമ്പ്യൂട്ടറുകളുമായി ഏറ്റുമുട്ടി ഏതൊരു കുട്ടിക്കും ഗ്രാൻഡ് മാസ്റ്റര്‍ നിലവാരത്തിലുള്ള ചെസ് കളിക്കാന്‍ സാധിക്കും. അത് കൂടുതല്‍ സര്‍ഗാത്മകമായ തന്ത്രങ്ങളും നീക്കങ്ങളും സൃഷ്ടിക്കാന്‍ അവരെ പര്യാപ്തരാക്കും. എങ്കിലും ഡീപ് ബ്ലൂവുമായി 1997ല്‍ ഏറ്റുമുട്ടുന്നതിനുമുമ്പ് ഈ കമ്പ്യൂട്ടര്‍ കളിച്ചിട്ടുള്ള മറ്റ് കളികള്‍ പരിശോധിക്കാനും അങ്ങനെ തന്റെ എതിരാളിയെ മനസ്സിലാക്കാനുമുള്ള അവസരം കാസ്പറോവ് ചോദിച്ചിരുന്നു. ഐ.ബി.എം അത് നിഷേധിക്കുകയായിരുന്നു. പ്രൈവറ്റ് ടീം റൂം അനുവദിക്കാതിരുന്നതുപോലെ കാസ്പറോവിനെ അസ്വസ്ഥനാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ഐ.ബി.എം ബോധപൂർവം ശ്രമിച്ചിരുന്നു. കാസ്പറോവിന്റെ പരാജയത്തെ പര്‍വതീകരിക്കുന്ന തരത്തിലുള്ള മീഡിയ പ്രവര്‍ത്തനത്തിനും കമ്പനി ശ്രമിച്ചിരുന്നു. നിർമിതബുദ്ധിയില്‍ കോര്‍പറേറ്റുകള്‍ കാണിക്കുന്ന ഇത്തരം സമീപനങ്ങളോടുള്ള വിയോജിപ്പ് കാസ്പറോവ് തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കാസ്പറോവ് അനുഭവിച്ച കോർപറേറ്റ് സംഘര്‍ഷങ്ങളും നിരാശയും സര്‍ഗാത്മകരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും നേരിടാവുന്ന അവസ്ഥയിലേക്ക് നിർമിതബുദ്ധിയുടെ സാങ്കേതികവിദ്യ വളര്‍ന്നുകഴിഞ്ഞു. ഒമേഗ ടീം മറ്റുള്ളവരുടെ ശ്രദ്ധ തെറ്റിക്കുന്നതിനായി ധാരാളം എഴുത്തുകാരെ അനിമേഷന്‍ സിനിമകള്‍ക്ക് തിരക്കഥ എഴുതാനായി ചുമതലപ്പെടുത്തിയിരുന്നെന്നും എന്നാല്‍ ‘പ്രോമിത്യൂസ്’ മാത്രമാണ് സൃഷ്ടി നടത്തിക്കൊണ്ടിരുന്നത് എന്നും ടെഗ്മാര്‍ക്ക് പറയുന്നുണ്ട്. എഴുത്തുകാര്‍ക്ക് യഥാർഥത്തില്‍ എന്താണ് നടക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. ഒരു സാങ്കൽപിക കമ്പനിയുടെ പശ്ചാത്തലത്തിലുള്ള പരാമര്‍ശമെങ്കിലും യഥാർഥത്തില്‍ ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാകണം. കാരണം, നിലവില്‍ വിജയിച്ച സിനിമകളുടെ ഫോര്‍മുല വേര്‍തിരിച്ചെടുക്കാന്‍ മനുഷ്യനേക്കാള്‍ കഴിവ് നിർമിതബുദ്ധിക്കുണ്ട്. അതിനെ അടിസ്ഥാനമാക്കി പുതിയ രചനകള്‍ നടത്താനും അവക്ക് സാധിക്കും. കലയിലും സാഹിത്യത്തിലും പ്രവര്‍ത്തിക്കുന്ന ഏതൊരാളെയും കാത്തിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണിത്. മനുഷ്യനെ നോക്കുകുത്തിയാക്കി യന്ത്രം സൃഷ്ടികള്‍ നടത്തും. കാസ്പറോവ് സൂചിപ്പിച്ചതുപോലെ ആ യാന്ത്രികതക്ക് മുകളില്‍ നവീന ആശയങ്ങളുമായി പറന്നെത്തുന്നവര്ക്കുമാത്രം അതിജീവിക്കാവുന്ന മേഖലയായി എല്ലാ രംഗവും അടുത്തുതന്നെ മാറാനിടയുണ്ട്.
മനുഷ്യബുദ്ധിയെ അനുകരിച്ച് പ്രവര്‍ത്തിക്കുന്ന ഡീപ് ലേണിങ് പ്രോഗ്രാമിങ് രീതി സാങ്കേതികമായി വന്‍ കുതിപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനറേറ്റിവ് പ്രീ-ട്രെയ്ന്‍ഡ് ട്രാന്‍സ്ഫോര്‍മര്‍ (GPT) എന്ന ഭാഷാരീതി ഉപയോഗിച്ച് നിർമിച്ച ചാറ്റ്ജിപിടി (ChatGPT) ഇതിന് ഉദാഹരണമാണ്. സാധാരണ ചാറ്റ്ബോട്ടുകള്‍ ശേഖരിച്ചുെവച്ച വിവരങ്ങള്‍ ഇടപെടുന്നവര്‍ക്ക് മറുപടിയായി നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍, ജി.പി.ടി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ടുകള്‍ മനുഷ്യന് ഭാഷ കൈകാര്യം ചെയ്യുന്നതിനെ അനുകരിച്ച് വാക്കുകള്‍ ചേര്‍ത്തുെവച്ച് മറുപടി പറയുകയാണ് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനം ഒരു പദത്തിന് തുടര്‍ച്ചയായി വരാന്‍ സാധ്യതയുള്ള ആയിരക്കണക്കിന് പദങ്ങള്‍ കണ്ടെത്തി അതില്‍ സന്ദര്‍ഭത്തിന് അനുയോജ്യമായത് കൂട്ടിച്ചേര്‍ക്കലാണ്. അങ്ങനെ വാക്കുകള്‍ ചേര്‍ത്തുെവച്ച് വ്യാകരണവും അർഥവും തെറ്റാതെ വാക്യങ്ങള്‍ സൃഷ്ടിക്കുന്നു. അത് ഒരു പുതിയ ലേഖനം എഴുതുന്നതുപോലെ പുതിയ ക്രമീകരണത്തോടെയുള്ള ടെക്സ്റ്റുകളായിരിക്കുകയും ചെയ്യും. മുമ്പ് ആരെങ്കിലും എഴുതിയ ലേഖനത്തെ കോപ്പി ചെയ്ത് നമുക്ക് മുന്നില്‍ അവതരിപ്പിക്കുകയല്ല അത് എന്ന് ചുരുക്കം. അതായത് ഒരു കഥയോ നോവലോ എഴുതാന്‍ ആവശ്യപ്പെട്ടാല്‍ ഇത്തരം ഇന്റര്‍ഫേസുകള്‍ പുതിയ രചനകളുമായി നമ്മുടെ മുന്നിലെത്തും. ഈ പ്രോസസിങ്ങിന് ഏതാനും സെക്കൻഡുകള്‍ മാത്രം മതി. ആശയങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന ഡീപ് എ.ഐ (Deep AI) ഡീപ് ലേണിങ്ങിനെ ഉപയോഗപ്പെടുത്തി നിർമിച്ചതാണ്. വിഡിയോ നിർമാണം, എഡിറ്റിങ്, ഫോട്ടോഗ്രഫി, സംഗീതസംവിധാനം, ആലാപനം തുടങ്ങി എല്ലാ രംഗത്തും നിർമിതബുദ്ധിയുടെ സാങ്കേതികവിദ്യകള്‍കൊണ്ട് നിർമിച്ച ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുണ്ട്. വാന്‍ഗോഗിന്റെ ചിത്രരചനാ രീതിയുടെ എല്ലാ സവിശേഷതകളുമുള്ള ഒരു പുതിയ ചിത്രം വരക്കാനും മൊസാർട്ടിന്റേതെന്ന് തോന്നിപ്പിക്കുന്ന പുതിയ സംഗീതം ചിട്ടെപ്പടുത്താനും മാര്‍ക് ട്വയിനിനെപ്പോലെ എഴുതാനും നിർമിത ബുദ്ധിക്ക് സാധിക്കുമെന്ന് ചുരുക്കം.
മാര്‍ക് ഹോഫ്മാന്‍ (Mark Hoffman 1954) എന്ന അമേരിക്കന്‍ കുറ്റവാളിയെക്കൂടി സാന്ദര്‍ഭികമായി പരാമര്‍ശിക്കട്ടെ. അദ്ദേഹം നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങളില്‍ കള്ളരേഖകള്‍ സൃഷ്ടിക്കുന്നതും കൊലപാതകങ്ങള്‍ നടത്തിയതും ഉള്‍പ്പെടും. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അമേരിക്കന്‍ കവി എമിലി ഡിക്കന്‍സണിന്റെ നഷ്ടപ്പെട്ട കവിതകള്‍ കണ്ടെടുത്തതാണ് ഇദ്ദേഹംചെയ്ത രസകരമായ കുറ്റകൃത്യങ്ങളിലൊന്ന്. കടലാസുകള്‍ രാസപ്രവര്‍ത്തനങ്ങള്‍ നടത്തി പത്തൊമ്പതാം നൂറ്റാണ്ടിലേതെന്ന് തോന്നിപ്പിക്കുകയും എമിലി ഡിക്കന്‍സണിന്റെ കൈയെഴുത്ത് അനുകരിക്കുകയും ചെയ്യുക മാത്രമല്ല ഇദ്ദേഹം ചെയ്തത്. അവരുടെ എഴുത്തിന് സമാനമായ പുതിയ കവിതകള്‍ എഴുതുക കൂടി ചെയ്തു. ഒരാളുടെ രചനക്ക് മുന്നില്‍ ഇരുന്ന് സ്വയം ഹിപ്നോട്ടൈസ് ചെയ്യുമ്പോള്‍ സാവധാനം അയാളുടെ രചനാരീതിയും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും കൈയെഴുത്തുംവരെ തന്നിലേക്ക് വന്നെത്തുമെന്ന് ഹോഫ്മാന്‍ അവകാശപ്പെട്ടിരുന്നു. ഇത്രയും കഴിവുകളുള്ള ഫോഫ്മാന്‍ സ്വയം ഒരെഴുത്തുകാരനായില്ല. അയാള്‍ക്ക് അനുകരിക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. ഇതുതന്നെയാണ് നിർമിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സാങ്കേതിക വിദ്യയുെടയും പരിമിതി. അത് മനുഷ്യനെ അനുകരിച്ചുകൊണ്ടിരിക്കുന്നു, ഒരിക്കലും സ്വന്തമായി ഒന്ന് സൃഷ്ടിക്കാതെ.
ഒരു നിർമിതബുദ്ധി അതിന്റെ പൂർണാവസ്ഥയിലെത്തിയോ എന്ന് തീരുമാനിക്കുന്നതിന് ബ്രിട്ടീഷ് തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ അലന് ടൂറിങ് 1950ല്‍ ഒരു ടെസ്റ്റ് നിർദേശിച്ചിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സിന് സൈദ്ധാന്തികതലത്തില്‍ അടിത്തറ പാകിയവരില്‍ പ്രമുഖനായ ടൂറിങ് നിർദേശിച്ച ടൂറിങ് ടെസ്റ്റ് തന്നെയാണ് ഇപ്പോഴും നിർമിതബുദ്ധിയുടെ പുരോഗതി അളക്കാന്‍ ഉപയോഗിക്കുന്നത്. ഒരുകൂട്ടം വിദഗ്ധര്‍ അവരില്‍നിന്ന് മറച്ചുെവച്ച ഒരു യന്ത്രത്തോടോ മനുഷ്യനോടോ ചോദ്യങ്ങള്‍ ചോദിക്കുന്നു. മറുവശത്തുനിന്ന് വരുന്ന ഉത്തരങ്ങള്‍ കേട്ട് അത് മനുഷ്യന്തന്നെയാണോ അല്ലെങ്കില്‍ ഒരു യന്ത്രമാണോ മറുപടി പറയുന്നതെന്ന് വിദഗ്ധര്‍ കണ്ടെത്തും. എന്നെങ്കിലും ഒരിക്കല്‍ ഒരു യന്ത്രം മറുവശത്തുനിന്ന് പറയുന്ന മറുപടികള്‍ മനുഷ്യന്റെ മറുപടിയാണ് എന്ന് വിദഗ്ധര്‍ പറയുകയാണെങ്കില്‍ ആ യന്ത്രം ടൂറിങ് ടെസ്റ്റ് വിജയിച്ചതായി പ്രഖ്യാപിക്കും. ഇതുവരെ നാം ചര്‍ച്ചചെയ്ത നിർമിതബുദ്ധിയുടെ ഒരു സാങ്കേതിക വിദ്യപോലും ടൂറിങ് ടെസ്റ്റ് വിജയിക്കുന്നതിന്റെ അടുത്തുപോലും എത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അതായത് മനുഷ്യബുദ്ധിയെ അനുകരിക്കുന്നെങ്കിലും അതിനെ തോൽപിക്കാനുള്ള ശേഷി ഇനിയും ഒരുപാട് അകലെയാണ്. സംഗീതം സൃഷ്ടിക്കുന്ന ഒരു കമ്പ്യൂട്ടറിന് അത് ആസ്വദിക്കാന്‍ സാധിക്കില്ല. ചിലതിന് ആസ്വദിക്കുന്നതായി അനുകരിക്കാന്‍ സാധിക്കുമെങ്കിലും കലയിലും സാഹിത്യത്തിലും ഇടപെടുന്ന ഒരു നിർമിതബുദ്ധിക്കും അത് സൃഷ്ടിച്ച രചനയോ സമാനമായ മറ്റൊന്നോ ആസ്വദിക്കാനുള്ള കഴിവില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
നിർമിതബുദ്ധിയുടെ സാധ്യതാ ചക്രവാളം മനുഷ്യന്റെ സര്‍ഗാത്മകതക്കു പകരം വെക്കാവുന്ന സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്നത് വരെ വികസിക്കുമോ? സിനിമയും സാഹിത്യവും സംഗീതവും സൃഷ്ടിക്കുന്ന വ്യവസായശാലയിലെ ഉൽപന്നങ്ങള്ക്ക് ലേബല്‍ ചെയ്യുന്ന ജോലിക്കാരായി മനുഷ്യന് മാറുമോ? അടിസ്ഥാനപരമായി ഈ പ്രതിസന്ധിയെപ്പറ്റിയാണ് ഇതുവരെ നാം വിശകലനം ചെയ്തത്.
‘‘മനുഷ്യമനസ്സിനെ പുനഃസൃഷ്ടിക്കലല്ല ഞങ്ങളുടെ ലക്ഷ്യം. അതിനല്ല ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനോട് സംവദിച്ചുകൊണ്ട് അവന്റെ സര്‍ഗാത്മകതയെ പ്രചോദിപ്പിക്കുന്ന സങ്കേതങ്ങളിലാണ് ഞങ്ങളുടെ താൽപര്യം. ഇപ്പോള്‍ സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ നവീന ആശയങ്ങളുമായി വരുന്ന മനുഷ്യരെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ സാധിക്കും?’’ ആ സാധ്യതകളിലാണ് തങ്ങളുടെ താൽപര്യമെന്നാണ് ഐ.ബി.എം കമ്പനിയുടെ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയില്‍ ഗവേഷണം നടത്തുന്ന ഐ.ബി.എം വാട്സന്റെ സി.ഇ.ഒ ആയ റോബ് ഹൈ പറയുന്നത്. നിർമിതബുദ്ധിയുടെ സാധ്യതകളും പരിമിതികളും പരിശോധിക്കുമ്പോള്‍ ഈ രംഗത്ത് നടക്കുന്ന എല്ലാ പരീക്ഷണങ്ങളും മനുഷ്യനെ കൂടുതല്‍ പ്രചോദിപ്പിക്കാനും സര്‍ഗാത്മക പ്രക്രിയയുടെ ഭാഗമായി നടക്കുന്ന യാന്ത്രികസ്വഭാവമുള്ള ജോലികള്‍ ഏറ്റെടുക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യകള്‍ മാത്രമേ അതിജീവിക്കാന്‍ സാധ്യതയുള്ളൂ. മറ്റേത് രംഗത്തേയുംപോലെ സര്‍ഗാത്മക മേഖലകളിലും മനുഷ്യര്‍ ഏറെയും ചെയ്തുകൊണ്ടിരിക്കുന്നത് യാന്ത്രികമായ ജോലികളാണ്. സിനിമ എഡിറ്റിങ് ഉദാഹരണം. ഷൂട്ട് ചെയ്ത റഷസില്നിന്ന് ആവശ്യമുള്ള ഫ്രെയിമുകള്‍ തിരഞ്ഞെടുക്കുകയും അവയെ യുക്തിപൂർവം സംയോജിപ്പിക്കുകയും ചെയ്യുന്നതിനു വേണ്ടി ഒരു എഡിറ്റര്‍ മണിക്കൂറുകളോളം ജോലി ചെയ്യുകയും അനാവശ്യമായ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയും വേണം. എന്നാല്‍ ആ ജോലി ചെയ്യുന്ന ഒരു നിർമിതബുദ്ധിയില്‍ അധിഷ്ഠിതമായ സോഫ്റ്റ് വെയറിന് യോജിച്ച ദൃശ്യങ്ങളെ എഡിറ്ററുടെ മുന്നില്‍ എത്തിച്ചു നല്കാന് ഏതാനും മിനിറ്റുകള്‍ മതിയാകും. ഫലത്തില്‍ ഫിലിം എഡിറ്റര്‍ യാന്ത്രിക ജോലികള്‍ ചെയ്യുന്ന വ്യക്തിയില്‍നിന്ന് സര്‍ഗാത്മക നിർദേശങ്ങള്‍ക്കുവേണ്ടി നില്ക്കുന്ന ഒരു വ്യക്തിയായി ഉയരും. കൂടുതല്‍ നല്ല ആശയങ്ങള്‍ പ്രദാനംചെയ്യാന്‍ ഈ തൊഴില്‍ ലഘൂകരണം അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.
മനുഷ്യന് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സര്‍ഗാത്മകമെന്ന് കരുതുന്ന യാന്ത്രികജോലികളും മനുഷ്യന് മാത്രമേ സാധിക്കൂ എന്ന് കരുതിയിരുന്ന ജോലികളും ഏറ്റെടുക്കാന്‍ സന്നദ്ധമായ ഉപകരണങ്ങളെ വികസിപ്പിച്ചെടുക്കുന്ന പ്രക്രിയയാണ് നിർമിതബുദ്ധിയുടെ രംഗത്ത് നടക്കുന്ന ഗവേഷണങ്ങള്‍ എന്ന് പൊതുവായി കാണാനാകും. എന്താണ് മനുഷ്യന്റെ ബോധം, എന്താണ് സര്‍ഗാത്മകത തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങള്‍ക്ക് പുതിയ ഉള്‍ക്കാഴ്ചയോടെയുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ ഇത് മനുഷ്യനെ സഹായിക്കും. നിർമിതബുദ്ധി സൃഷ്ടിക്കുന്നതെന്തും മനുഷ്യനെ സമർഥമായി അനുകരിക്കുന്നതില്‍നിന്ന് ഉരുത്തിരിയുന്നവയാണ്, അവ ഒരിക്കലും മനുഷ്യന് പകരമാകുന്നില്ല.
♦
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.