വിക്രം സമ്പത്ത് എഴുതിയ വി.ഡി. സവര്‍ക്കറുടെ ജീവചരിത്രത്തിൽ, സവര്‍ക്കറും കൂട്ടുകാരും ബാല്യകാലത്ത് കളിച്ചിരുന്ന ഒരു കളിനാടകത്തെക്കുറിച്ച് (skit) വിശദമായി പ്രതിപാദിക്കുന്നുണ്ട്. തീവ്ര ദേശീയതയും അപരവിദ്വേഷവുംകൊണ്ട് ‘കുട്ടിസവര്ക്കർ’ സ്ഥാപിച്ച പട്ടാള പരിശീലന സ്കൂളിന്റെ ഭാഗമായാണ് ഈ കളി അരങ്ങേറുന്നത്. കുട്ടികള്‍ രണ്ടു സംഘങ്ങളായി തിരിയുന്നതാണ് കളിയുടെ ആദ്യപടി. ഇതില്‍ ഒരു ഗ്രൂപ്പ് ഹിന്ദുക്കളും മറു ഗ്രൂപ്പ് ബ്രിട്ടീഷുകാരോ മുസ്ലിംകളോ ആയിരിക്കും. വേപ്പിന്കായകളാണ് വെടിയുണ്ടകളായി പരിഗണിച്ചിരുന്നത്. ഈ കായ്കൾകൊണ്ട് ധൈര്യപൂർവം എതിർ ഗ്രൂപ്പിലുള്ളവരെ എറിയുകയും അവരുടെ കൈയിലുള്ള വേപ്പിൻ കായ്കൾ തട്ടിയെടുത്ത്, മൈതാനത്തിന്റെ മധ്യത്തില്‍ ഹിന്ദുകൊടി ആദ്യം ഉയര്‍ത്തുന്നവരാണ് ഈ കളിയുദ്ധത്തിലെ വിജയികള്‍. മിക്കപ്പോഴും ഹിന്ദുഗ്രൂപ്പിനെ നയിക്കുന്ന സവര്‍ക്കറും സംഘവുമാണ് ജയിക്കുക. അഥവാ ബ്രിട്ടീഷുകാരോ മുസ്ലിംകളോ വിജയിച്ചാല്‍, വിശാലമായ ദേശീയതാൽപര്യം (national interest) മുന്‍നിര്‍ത്തി തന്ത്രപരമായി പരാജയം സമ്മതിച്ചതാണെന്ന് സവര്‍ക്കർ കൂട്ടുകാരെ ബോധ്യപ്പെടുത്തും. ഈ കളിനാടകത്തില് സവര്‍ക്കറുടെ ടീം ഒരിക്കലും പരാജയപ്പെട്ടില്ല. ഈ കളിക്ക് ശേഷം അവരുടെ നാടായ ബാഗുറിലൂടെ ആഹ്ലാദത്തോടെ വിജയഗീതം മുഴക്കി പ്രകടനം നടത്തി പിരിയുകയാണ് പതിവെന്ന് വിക്രം സമ്പത്ത് രേഖപ്പെടുത്തുന്നു.
രണ്ടു കാര്യങ്ങളാണ് ഈ കളിയിലെ ശ്രദ്ധേയമായ ഘടകങ്ങളെന്നു കാണാം. ഒന്ന് ഒരിക്കലും പരാജയപ്പെടാത്ത ഒരു കളിയായാണ് അടിസ്ഥാനപരമായി ഇത് വിഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ കാര്യം , പരാജയപ്പെടുമെന്ന് ഉറപ്പായാല്‍ സ്വീകരിക്കുന്ന തന്ത്രപരമായ നിലപാടും അതിൽ ദേശീയതാൽപര്യം വഹിക്കുന്ന പങ്കുമാണ്. ഒരുപക്ഷേ, സനാതനവാദികളും സംഘ്പരിവാര്‍ രാഷ്ട്രീയവും നിരന്തരം പ്രയോഗിക്കുന്ന തന്ത്രങ്ങളും സംവാദങ്ങളും പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ് ആധുനിക ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ആശയപരമായും പ്രായോഗികമായും അടിത്തറയിട്ട വി.ഡി. സവര്‍ക്കറുടെ ബാല്യകാലത്ത് നടത്തിയിരുന്ന ഈ കളിയുദ്ധമെന്ന് വ്യക്തമാണ്. അതിന്റെ ചരിത്രവും വര്‍ത്തമാനവും നിര്‍ധാരണം ചെയ്താൽ തന്ത്രപരമായ പിന്‍വാങ്ങലും അക്രമോത്സുകമായ വിജയാഘോഷങ്ങളും കാണാം. ഈ പശ്ചാത്തലത്തില്‍ വർണാശ്രമധർമവും സനാതനാശയാവലികളും എപ്രകാരമാണ് ദേശീയവാദ പ്രക്ഷോഭങ്ങളിലും തുടര്‍ന്ന് വര്‍ത്തമാനകാല സമൂഹത്തിലും ഇടപെടുന്നത് എന്ന് പരിശോധിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. ഇന്ത്യയിലെ ബഹുജന നേതാവും രാഷ്ട്രീയത്തിലെ ധാർമികതയുടെയും നൈതികതയുടെയും പ്രയോക്താവുമായി പരിഗണിക്കപ്പെടുന്ന ഗാന്ധിയുടെ ജാതിവ്യവസ്ഥയെക്കുറിച്ചും വർണാശ്രമധർമത്തെക്കുറിച്ചുമുള്ള സമീപനങ്ങളും അവയിലെ വൈരുധ്യങ്ങളും പരിശോധിക്കുന്നു.
സനാതനധർമവും ചരിത്രവും
ഭൂതകാലത്തെക്കുറിച്ചും വിദൂരവും അത്രയൊന്നും തെളിവുകൾ ലഭ്യമല്ലാത്ത ചരിത്രത്തെക്കുറിച്ചും നിരന്തരം സംവാദങ്ങൾ ഉയര്‍ത്തുകയും അതിൽ നിലയുറപ്പിക്കുകയും ചെയ്യുന്നത് വര്‍ത്തമാനകാലത്തിന്റെ പ്രതിസന്ധികളെ മറച്ചുവെക്കാന്‍ സഹായകമാണ്. ധാർമികവും മതപരവുമായ വിഷയങ്ങൾ നമ്മുടെ രാഷ്ട്രീയപ്രക്രിയയിൽ നിലനിര്‍ത്തുന്നതിൽ ദേശീയപ്രസ്ഥാനകാലത്ത് ഗാന്ധിയോളം വിജയിച്ച മറ്റൊരു നേതാവില്ല. എന്നാല്‍, ഗാന്ധിയുടെ ഇത്തരം നീക്കങ്ങളില്‍ അതൃപ്തിയും പ്രതിഷേധവുമുള്ളതിനാലാവാം അംബേദ്കർ അടിമത്തവും അസ്പര്‍ശ്യതയും അനുഭവിച്ച സമൂഹത്തിന്റെ ഭൗതികാവശ്യങ്ങളിൽ ഊന്നിക്കൊണ്ട് സംവാദങ്ങൾ തീര്ത്തതെന്നു ന്യായമായും അനുമാനിക്കാം. സനാതന ധർമത്തെക്കുറിച്ചുള്ള സമകാലിക ചര്‍ച്ചകളിലും മതം/ മതേതരത്വം, ഹിന്ദുമതം/ സെമിറ്റിക് മതങ്ങള്‍ തുടങ്ങിയ വൈരുധ്യങ്ങളിലൂന്നി, വൈദേശികമായ അധിനിവേശങ്ങളാല്‍ നഷ്ടപ്പെട്ട ഇന്ത്യയുടെ ആത്മീയ പാരമ്പര്യവും സംസ്കാരവുമാണ് വെല്ലുവിളി നേരിടുന്നതെന്നു ചൂണ്ടിക്കാണിക്കാനാണ് ഇന്നത്തെ ഭരണകൂടത്തെ അനുകൂലിക്കുന്ന പ്രബലമായ വിഭാഗം ശ്രമിച്ചത്. ജാതിവ്യവസ്ഥയും അത് സൃഷ്ടിച്ച സാമൂഹികവും സാംസ്കാരികവുമായ വിഭജനങ്ങളും ഹിന്ദുവ്യവസ്ഥയുടെ ആഭ്യന്തര ജീർണതയുടെ അസ്തിവാരമാണെന്ന് തെളിയിക്കാൻ ചുരുക്കം ആളുകള്‍ മാത്രമേ മുന്നോട്ടുവന്നുള്ളൂ എന്ന വൈരുധ്യം നിലനില്‍ക്കുന്നുണ്ട്. ഇതിൽ, ഇന്ത്യക്ക് ലോകത്തിനു സംഭാവനചെയ്യാവുന്ന മികച്ച സാമൂഹികവ്യവസ്ഥയാണ് വർണവ്യവസ്ഥയെന്നു ഉറപ്പിച്ചു പറഞ്ഞ ഗാന്ധിയുടെ ചരിത്രം കാര്യമായി പരിഗണിക്കപ്പെട്ടേയില്ല എന്നതാണ് വസ്തുത. ഇന്ത്യയുടെ രാഷ്ട്രശരീരത്തില്‍ ഹിന്ദുമൂല്യങ്ങളാണ് നിശ്ചയമായും പിന്തുടരേണ്ടത് എന്ന പക്ഷക്കാരനായിരുന്നു ഗാന്ധി. വർണാശ്രമ ധർമവും ജാതിയും വ്യത്യസ്തമാണെന്ന് ആലങ്കാരികമായി ഗാന്ധി പറയുന്നുണ്ടെങ്കിലും ഇവ ആചരിക്കുന്ന ഹിന്ദു മേല്ജാതിസമൂഹം സുഘടിതവും സംതുലനാത്മകവുമായ ഒരു വ്യവസ്ഥയെ സംരക്ഷിക്കുക മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
ഗാന്ധി ഇപ്രകാരം എഴുതുന്നു: ‘‘വർണസമ്പ്രദായം സാന്മാര്ഗികവും അർഥശാസ്ത്രപരമായും ശരിയാണ്. അത് പൂര്വജന്മങ്ങളുടെയും പാരമ്പര്യത്തിന്റെയും സ്വാധീനശക്തിയെ അംഗീകരിക്കുന്നു. എല്ലാവരും തുല്യശക്തിയോടും ഒരേമാതിരി പ്രവണതകളോടുംകൂടി ജനിക്കുന്നില്ല. ഓരോ ശിശുവിന്റെയും ബുദ്ധിസാമർഥ്യത്തിന്റെ അളവ് കണ്ടുപിടിക്കുന്നതിന് അച്ഛനമ്മമാര്‍ക്കോ രാഷ്ട്രത്തിനോ സാധ്യമല്ല. എന്നാല്‍, ഓരോ ശിശുവിനെയും പാരമ്പര്യവും സാഹചര്യവും മുജ്ജന്മവാസനയും നിര്‍ദേശിക്കുന്ന തൊഴിലിന് തയാറാക്കുകയാണെങ്കിൽ യാതൊരു വൈഷമ്യത്തിനുമിടയില്ല; പ്രയോജനരഹിതമായ പരീക്ഷണങ്ങള്‍ക്ക് വേണ്ടി സമയം നഷ്ടപ്പെടുത്തേണ്ടി വരുകയുമില്ല’’ (ഗാന്ധി: 2012: 383). ഇന്ത്യന്‍ സമൂഹത്തെ ഗാന്ധി നിര്‍വചിച്ചതും വിശകലനവിധേയമാക്കിയതും ഇത്തരം അടിസ്ഥാനാശയങ്ങളും അവയെ അമൂര്‍ത്തമായി വിശദീകരിക്കാന്‍ ധാർമികതപോലുള്ള മനുഷ്യരുടെ ആന്തരികലോകത്തെ ഇണക്കുന്ന ചിന്തകളുമായാണ്. ‘ഭഗവദ്ഗീത’ പോലെ രചനാപരവും ആശയപരവുമായ വൈരുധ്യങ്ങളുള്ള ഒരു ഗ്രന്ഥത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രചോദകകേന്ദ്രമായി സ്ഥാപിക്കുന്നതിന്റെ യുക്തിയും ഇതിന്റെ തുടര്‍ച്ചയാണ്. ബാലഗംഗാധര തിലകിന്റെ ഗീതാഭാഷ്യത്തിന്റെ മുഖവുരയില്‍ ഗീത പഠിക്കാൻ മാത്രം സംസ്കൃതം പഠിച്ചതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. തന്റെ അമ്മയുടെ വേര്‍പാടിനുശേഷം ‘ഭഗവദ്ഗീത’ക്ക് സ്വന്തം മാതാവിന്റെ സ്ഥാനം നല്‍കിയതായി വികാരഭരിതമായ ഭാഷയിൽ മുഖവുരയിൽ അദ്ദേഹം എഴുതി.
വര്‍ണാശ്രമധർമത്തിലെ ധർമം എന്നതിന്റെ സൂക്ഷ്മമായ വിവക്ഷയെന്ത് എന്നതിനെക്കുറിച്ച് ഭഗവദ്ഗീതാ രഹസ്യത്തില്‍ ബാലഗംഗാധര തിലകന്തന്നെ വിശദീകരിക്കുന്നുണ്ട്. ജ്ഞാനകര്‍മസംന്യാസയോഗഃ എന്ന നാലാം അധ്യായത്തിലെ പ്രശസ്തമായ ഏഴ്, എട്ട് ശ്ലോകങ്ങള്‍ക്കുള്ള വ്യാഖ്യാനത്തിലാണ് ഈ വിശദീകരണം.
● ശ്ലോകം 7.
യദാ യദാ ഹി ധർമസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധർമസ്യ തദാത്മനാം സൃജാമ്യഹമ്
● ശ്ലോകം 8.
പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതമ്
ധർമസംസ്ഥാപനാര്ഥായ സംഭവാമി യുഗേ യുഗേ
ഈ ശ്ലോകങ്ങളുടെ വിശദീകരണവും വ്യാഖ്യാനവും ഇപ്രകാരമാണ്: ഭാരതാ! എപ്പോഴെല്ലാം ധർമത്തിന് ഗ്ലാനിയുണ്ടാകുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം (അവതാരം) ജന്മമെടുക്കുന്നു. നല്ലവരുടെ സംരക്ഷണത്തിനും ദുഷ്ടന്മാരെ നശിപ്പിക്കാനും ധർമം സ്ഥാപിക്കാനും യുഗംതോറും ഞാൻ ജന്മമെടുക്കുന്നു. ഇത് പറഞ്ഞശേഷം കൂടുതല്‍ വിശദീകരണം അദ്ദേഹം നല്കുന്നു. ‘‘ഈ രണ്ടു ശ്ലോകങ്ങളിലും ധർമമെന്ന പദത്തിന് പാരലൗകിക വൈദികധർമമെന്നല്ല. ചാതുര്‍വര്‍ണ്യ ധർമം, ന്യായം, നീതി തുടങ്ങിയവ എന്നാണർഥം. അന്യായവും അന്ധതയും ദുഷ്ടതയും വർധിച്ചു നല്ലവര്‍ക്ക് ജീവിതം ദുസ്സാധ്യമാകുമ്പോൾ താൻ സൃഷ്ടിച്ച ജഗത്തിന്റെ സുസ്ഥിതി സ്ഥിരമാക്കുന്നതിന് തേജസ്വിയും പരാക്രമിയുമായ പുരുഷന്റെ രൂപത്തിൽ ഭഗവാൻ ആവിര്‍ഭവിച്ചു കലങ്ങിയ വ്യവസ്ഥയെ തെളിയിച്ചെടുക്കുന്നു’’ (തിലകന്: 2008: 632). അവകാശങ്ങളെക്കുറിച്ചല്ല; കടമകളെക്കുറിച്ചു പറയുന്നതുകൊണ്ടാണ് വർണാശ്രമധർമം മികച്ചതും മാതൃകാപരവുമായ സാമൂഹികക്രമമാകുന്നതെന്നത് ഗാന്ധിയുടെ ആവര്‍ത്തിക്കുന്ന ആശയമാണ്. തൊഴില്‍ഘടനയുടെ സംതുലിതാവസ്ഥയും ജനനത്തിലൂടെ നിർണയിക്കപ്പെടുന്നതാണ് വർണവ്യവസ്ഥയെന്ന കാഴ്ചപ്പാടും ഗീതയുടെ ആശയലോകവുമായി കണ്ണിചേര്‍ത്ത് വികസിപ്പിച്ചതിലൂടെ ഇന്ത്യയിലെ ഭൂരിപക്ഷം ബഹുജനങ്ങളെയും വിധിവിശ്വാസികളും നിഷ്ക്രിയരുമാക്കി മാറ്റുകയാണ് ഗാന്ധി ചെയ്തത്. അംബേദ്കറുടെ ജാതിനിർമൂലനത്തിന് (Annihilation of Caste)എഴുതിയ മറുപടിയില്‍, അംബേദ്കര്‍ ഹിന്ദുമതത്തിന് ഒരു വെല്ലുവിളിയാണെന്ന് സൂചിപ്പിച്ചശേഷം, ഒരു ഹിന്ദുവായി വളര്‍ന്ന, സമ്പന്നനായ ഒരു ഹിന്ദുവിന്റെ സഹായത്തോടെ വിദ്യാഭ്യാസം ചെയ്ത ഒരാള്‍ ഹിന്ദുമതത്തെ വിമര്‍ശിക്കുന്നതിലെ അനൗചിത്യമാണ് ഗാന്ധിയെ ഏറെ അസ്വസ്ഥനാക്കിയത് (അംബേദ്കര്‍: 2022: 147).
ഇന്ത്യയുടെ സാമൂഹികവ്യവസ്ഥക്കും സനാതനഭാവനക്കും അപരിചിതമായ വ്യവഹാരങ്ങളെ ഭയപ്പെടുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിന്റെ യുക്തി ഇതില്‍നിന്നും വ്യക്തമാണ്. ഗാന്ധിയും അംബേദ്കറും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയില്‍ (1931 ആഗസ്റ്റ് 17, മുംെബെയിലെ മണിഭവനില്വെച്ച്) തന്നെ ദേശവിരുദ്ധനായി (anti national) സൂചിപ്പിച്ചപ്പോള്‍, അയിത്തം ആചരിക്കുന്നതാണ് ദേശവിരുദ്ധമെന്നും അതിനെ സഹിഷ്ണുതയോടെ കാണുന്ന മതത്തിന് പ്രാബല്യമുള്ള ദേശത്തെ അംഗീകരിക്കാൻ അസ്പര്ശ്യതക്ക് ഇരയാകുന്നവര്‍ക്ക് കുറെക്കൂടി ആലോചിക്കേണ്ടതുണ്ടെന്നും അംബേദ്കർ മറുപടി നല്‍കുന്നത് ശ്രദ്ധേയമാണ് (അശോക് ഗോപാൽ: 2023: 410). സനാതനധർമം/ ചാതുര്‍വര്‍ണ്യം എന്നിവയില്‍നിന്നുള്ള അതിലംഘനങ്ങൾ ദേശവിരുദ്ധവും ധാർമികമായ അപഭ്രംശമായും കാണുന്നതിന്റെ ഗാന്ധിയന്‍ ഉദാഹരണങ്ങളാണ് ഈ സന്ദര്‍ഭങ്ങള്‍.
ജാതിയെയും സനാതനധർമത്തെയും നിഗൂഢവും അമൂര്‍ത്തവുമായി വിശദീകരിക്കാൻ ശ്രമിക്കുമ്പോഴും അതിനെതിരെ കീഴാളസമൂഹങ്ങളില്നിന്ന് എതിര്‍പ്പുകളും പ്രതിരോധങ്ങളും ഉയര്‍ന്നുവരുന്നത് പതിവായിരുന്നു. കൊളോണിയല്‍ വിദ്യാഭ്യാസം, ആധുനിക യുക്തിബോധം, വ്യവസായവത്കരണത്തിലൂടെ പതിയെ ദുര്‍ബലപ്പെട്ട ജാതിയധിഷ്ഠിത തൊഴില്‍ഘടന, മനുഷ്യാവകാശത്തെക്കുറിച്ച് രൂപപ്പെട്ട പുതിയ അവബോധം, നിയമസംവിധാനങ്ങളിലെ അഴിച്ചുപണി തുടങ്ങി നിരവധി കാരണങ്ങള്‍ ഈ പരിവര്‍ത്തനത്തിന്റെ അടിസ്ഥാനമായി ചൂണ്ടിക്കാണിക്കാൻ കഴിയും. സനാതനവാദികൾ ഇത്തരം അവബോധരൂപവത്കരണത്തെ ഇന്ത്യൻ സംസ്കാരത്തെ നശിപ്പിക്കാനുള്ള ബാഹ്യശക്തികളുടെ നീക്കങ്ങളായും വിഭജനതന്ത്രമായും വിശദീകരിക്കുകയും ദേശീയബോധം എന്ന ഒറ്റമൂലി പരിഹാരമായി നിര്‍ദേശിക്കുകയാണ് ചെയ്തത്. കീഴാളസമൂഹങ്ങളില്നിന്നും ജാതിവ്യവസ്ഥക്കെതിരെ പോരാടുക മാത്രമല്ല; ബ്രിട്ടീഷ് ഭരണത്തെ തങ്ങളുടെ അഭയസ്ഥാനമായി ചിലപ്പോഴെങ്കിലും പരിഗണിക്കുകയും ചെയ്തതിന്റെ ചരിത്രം ജെ. രഘു രേഖപ്പെടുത്തുന്നുണ്ട്. ഗെയിൽ ഓംവെദിന്റെ നിരീക്ഷണങ്ങളെ മുന്‍നിര്‍ത്തി അദ്ദേഹം ഇപ്രകാരം എഴുതുന്നു: ബാലഗംഗാധരന്റെ നേതൃത്വത്തിൽ പുണെയിൽ ബ്രിട്ടീഷ് വിരുദ്ധപ്രകടനങ്ങൾ നടക്കുമ്പോൾ ഫൂലെയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് അനുകൂല പ്രകടനങ്ങളും പതിവായിരുന്നു.
ബ്രിട്ടീഷ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കാനെങ്കിലും പുണെയിലെ ബ്രാഹ്മണത്തെരുവുകളിൽ ഞങ്ങള്‍ക്ക് സഞ്ചരിക്കാൻ കഴിയുന്നത് ബ്രിട്ടീഷുകാർ ഉള്ളതുകൊണ്ടാണ്. ഞങ്ങള്‍ അനുഭവിക്കുന്ന ജാതി പീഡനങ്ങൾ അവസാനിപ്പിക്കുന്നതിനായി ബ്രിട്ടീഷുകാരെ ഇന്ത്യയിലേക്ക് അയച്ചത് ദൈവമാണ് (രഘു: 2017: 54). വർണാശ്രമവ്യവസ്ഥയെ ആധുനിക ഇന്ത്യയിൽ ചോദ്യംചെയ്യാൻ കഴിഞ്ഞതിന്റെ ചരിത്രപരവും ഭൗതികവുമായ കാരണങ്ങള്‍ ഈ വിശദീകരണത്തില്‍ വ്യക്തമാണ്. ചുരുക്കത്തിൽ ഗാന്ധിയും ദേശീയവാദികളില്‍ പ്രബലമായൊരു വിഭാഗത്തിനും ചില പരിഷ്കരണങ്ങളും തിരുത്തലുകളും വരുത്തിയാല്‍ സ്വീകാര്യമായ വ്യവസ്ഥയായിരുന്നു ജാതിവ്യവസ്ഥയെ ഊട്ടിയുറപ്പിച്ച സനാതനധർമ വ്യവസ്ഥയെന്നു ഇക്കാര്യങ്ങളില്നിന്നും വ്യക്തമാണ്. എന്നാല്‍, കീഴാള ജ്ഞാനമണ്ഡലവും സാമൂഹിക പോരാട്ടങ്ങളും ക്ഷയിക്കില്ലായെന്നു കരുതിയ മേല്‍ജാതി ഹിന്ദുവ്യവസ്ഥയെ ദുര്‍ബലപ്പെടുത്താൻ നിർണായക പങ്കുവഹിക്കുന്നതാണ് പിന്നീട് ചരിത്രത്തിൽ കാണുന്നത്.
ആധുനിക വർണാശ്രമ ധർമം: ചര്‍ച്ചയും സന്ദര്‍ഭവും
സനാതന ധർമത്തെക്കുറിച്ചുള്ള സമകാലിക സംവാദങ്ങള്‍ക്ക് പ്രാധാന്യമുണ്ടായതിന്റെ പ്രധാനപ്പെട്ട കാരണം തമിഴ്നാട്ടിലെ യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസംഗമാണല്ലോ. പുരോഗമന എഴുത്തുകാരുടെ ഒരു യോഗത്തില്‍ എഴുതി തയാറാക്കി അവതരിപ്പിച്ച ആ പ്രസംഗം, സമകാലിക ഇന്ത്യയില്‍ അനിയന്ത്രിതമായി വളര്‍ന്നുവരുന്ന ജാതിഹിംസകളും തമിഴ്നാട്ടില്‍ ഉള്‍പ്പെടെ സമീപകാലത്ത് വർധിച്ച ജാതിവിവേചനങ്ങളുടെ വിവിധ രൂപങ്ങളും അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്ന ബോധ്യത്തില്നിന്നാവാം ഉണ്ടായത്. ദ്രാവിഡരാഷ്ട്രീയമെന്ന ആശയം ഒരു നൂറ്റാണ്ടു പിന്നിട്ടപ്പോഴും ദലിതര്‍ക്കെതിരെ പ്രത്യക്ഷമായ ഹിംസകൾ പതിവായി അരങ്ങേറുന്ന ഒരു സംസ്ഥാനമാണ് തമിഴ്നാട് എന്നത് വസ്തുതയാണ്. നൂറ്റാണ്ടുകളായി പ്രവേശനം നിഷേധിക്കപ്പെട്ട പല ക്ഷേത്രങ്ങളിലും പൊലീസിന്റെയും റവന്യൂ അധികാരികളുടെയും സാന്നിധ്യത്തിൽ ദലിതർ പ്രവേശിക്കുന്ന വാര്‍ത്തകൾ സമീപകാലത്തായി പതിവാണ്. ട്രിച്ചി –പുതുകോട്ട ദേശീയപാതയില്‍ സത്യമംഗലത്തിനടുത്തുള്ള വെങ്ങവയലിൽ ദലിതർ മാത്രം താമസിക്കുന്ന കോളനിയിലെ വാട്ടർടാങ്കിൽ മനുഷ്യവിസര്‍ജ്യം കലക്കിയതിന്റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സ്കൂള്‍ -കോളജ് വിദ്യാര്‍ഥികള്‍ക്കിടയിൽ തങ്ങളുടെ ജാതി പ്രദര്‍ശിപ്പിക്കുന്ന ചരടുകൾ കൈയിൽ ധരിക്കുകയും ദലിത് വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുന്നതും പതിവാണ്. ഇതിനിടയിലാണ് ഭാരതീയ ജനതാ പാര്‍ട്ടി കേന്ദ്ര സര്‍ക്കാറിന്റെയും തമിഴ്നാട്ടിലെ സവർണ ഹിന്ദു പുരോഹിതന്മാരുടെയും പിന്തുണയോടെ തമിഴ് –വാരാണസി സംഗമംപോലുള്ള വലിയ യോഗങ്ങള്‍ നടത്തി, ചരിത്രത്തെയും സംസ്കാരത്തെയും മാറ്റിയെഴുതാന്‍ ശ്രമിക്കുന്നത്. ഒരുവശത്ത് സാമൂഹികനീതിയും തുല്യതയും വികസനവും ദലിത് ബഹുജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോൾ മറുഭാഗത്ത് വിവേചനപരവും ഹിംസാത്മകവുമായ പ്രത്യക്ഷപ്രവര്ത്തനങ്ങള് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാവാം, ആശയപരമായി ഇതിനെ ഉറപ്പിച്ചുനിര്‍ത്തുന്ന സനാതനധർമത്തെ ഉദയനിധി സ്റ്റാലിന് വിമര്‍ശനവിധേയമാക്കിയത്.
ഇന്ത്യൻ ഭരണകൂടവും അവരെ പിന്തുണക്കുന്നവരും ഹിന്ദുമതത്തിനെതിരെയുള്ള ദ്രാവിഡ രാഷ്ട്രീയത്തിന്റെ നീക്കമായി ഈ പ്രസ്താവനയെ വ്യാഖ്യാനിച്ചുകൊണ്ട് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയും ചര്‍ച്ചകള്‍ക്കപ്പുറം നിയമനടപടികളിലേക്ക് കടക്കുകയുമാണ് ചെയ്തത്. പ്രമുഖ കർണാടിക് സംഗീതജ്ഞനും എഴുത്തുകാരനുമായ ടി.എം. കൃഷ്ണ ദ ഹിന്ദുവിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്, ജാതി പ്രിവിലേജ് അനുഭവിക്കുന്ന എല്ലാവരും അത് ‘ജാതി’യുടെ ഭാഗമാണെന്ന് അംഗീകരിക്കുകയും അത് മാറേണ്ടതാണെന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണെന്നുമാണ്. കൂടാതെ ജാതിവിവേചനത്തെയും അതിന്റെ പ്രയോഗങ്ങളെയും പരസ്യമായി സ്ഥാപിക്കുന്ന ഗ്രന്ഥങ്ങളെ വിമര്ശനപഠനത്തിനു വിധേയമാക്കണമെന്നുമാണ്. അംബേദ്കറെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്. സ്ഥിരമായി ഒന്നും നിലനില്‍ക്കുന്നില്ലെന്നും എല്ലാം മാറ്റത്തിന് വിധേയമാണെന്നും എല്ലാ ഹിന്ദുക്കളും അംഗീകരിക്കണം. എല്ലാക്കാലത്തേക്കും നിലനില്‍ക്കുന്ന ഒന്നുമില്ല. സനാതനമായി ഒന്നുമില്ല. എല്ലാ കാര്യങ്ങളും മാറുന്നു. വ്യക്തിയുടെയും അതുപോലെതന്നെ സമൂഹത്തിന്റെയും ജീവിതത്തില്‍ മാറ്റമെന്ന നിയമം യാഥാർഥ്യമാണ് (കൃഷ്ണ: 2023). ജനിച്ചതും വളര്‍ന്നതും ബ്രാഹ്മണകുടുംബത്തിലാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് തന്റെ അഭിപ്രായങ്ങൾ അദ്ദേഹം എഴുതുന്നത്.
സംസാരിക്കുന്ന വസ്തുതകള്‍
1980കളുടെ പകുതിയോടെ, ദലിത് -പിന്നാക്ക –ന്യൂനപക്ഷരാഷ്ട്രീയം ഹിന്ദി ഹൃദയഭൂമിയില്‍ ശക്തിപ്പെടുകയും പരമ്പരാഗതമായി നിലനിന്ന ഹിന്ദുമേല്ജാതി പ്രാതിനിധ്യവും അധികാരവും ദുര്‍ബലപ്പെടുകയും ചെയ്യുന്നതിന്റെ സൂചനകൾ പ്രകടമാകുകയും ചെയ്തു. മണ്ഡല് കമീഷൻ റിപ്പോര്‍ട്ട് നടപ്പാക്കിയതിലൂടെ വിദ്യാഭ്യാസം, തൊഴില്തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതിനും കാരണമായി. 1990-2010 കാലഘട്ടത്തില്‍ ഹിന്ദുമേല്ജാതി പ്രാതിനിധ്യം അതിന്റെ ഏറ്റവും കുറഞ്ഞ എണ്ണത്തിലേക്ക് എത്തുകയും പിന്നാക്ക–ന്യൂനപക്ഷ വിഭാഗങ്ങളുടെ സാന്നിധ്യം വികസിതമായ ഘട്ടത്തില്‍ പ്രവേശിക്കുകയും ചെയ്തതായി മണ്ഡല് കമീഷന്റെ മുപ്പതു വര്‍ഷങ്ങൾ എന്ന ലേഖനത്തിൽ സാമൂഹിക ചിന്തകനും ഗവേഷകനുമായ ക്രിസ്റ്റെഫ ജെ. ഫ്ലോട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യയിലെ വരേണ്യഹിന്ദുക്കള്ക്ക് പ്രാമുഖ്യമുള്ള സംഘ്പരിവാറിനും അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടങ്ങളും ഇതിലെ അപകടം വേഗത്തില്‍ തിരിച്ചറിയുകയും പാര്‍ശ്വവത്കൃത സമുദായങ്ങളെ പ്രത്യേകിച്ചും മുസ്ലിംകളെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലാണ് വ്യാപൃതരായത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 428 സീറ്റില്‍ 7 സീറ്റില്‍ മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോൾ, 2019ല്‍ മത്സരിച്ച 436 സീറ്റില്‍ 6 സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സരിപ്പിച്ചത്. അതായത്; 1.6 ശതമാനത്തില്‍നിന്നും 1.4 ശതമാനത്തിലേക്ക് ചുരുങ്ങി. മറ്റ് ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. ബഹുജന്‍ സമാജ് പാര്‍ട്ടി മാത്രമാണ് 9.6 ശതമാനത്തില്‍നിന്നും 9. 9 ശതമാനത്തിലേക്ക് മുസ്ലിം സ്ഥാനാര്‍ഥികളെ നേരിയതോതിൽ വർധിപ്പിച്ചത്. ബി.ജെ.പിയുടെ ഒരു സ്ഥാനാര്‍ഥിപോലും ജയിച്ചില്ലെന്നു മാത്രമല്ല ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തില്‍ ആദ്യമായി ഭരണകക്ഷിയായ ഒരു പാര്‍ട്ടിയില്‍ 14 ശതമാനം വരുന്ന ഇന്ത്യയിലെ ജനസമൂഹത്തില്നിന്നും ഒരു എം.പിപോലും ഇല്ലാത്ത അവസ്ഥയുമുണ്ടായി (വിശദവിവരങ്ങള്‍ക്ക് കാണുക: ക്രിസ്റ്റഫ് ജെ. േഫ്ലാട്ട്: 2021: 413-418). 2019ലെ കണക്ക് പ്രകാരം പാര്‍ലമെന്ററിരംഗത്ത് ബി.ജെ.പിയുടെ ഹിന്ദു മേല്‍ജാതി പ്രാതിനിധ്യം 36.3 ശതമാനം ആകുമ്പോള്‍ കോണ്‍ഗ്രസില്‍ 23.1 ശതമാനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പിന്നാക്ക വിഭാഗങ്ങളെ വിപുലമായി പിന്തുണക്കുന്നു എന്നവകാശപ്പെടുന്ന ഭരണകക്ഷിയില്‍ കേവലം 18.8 ശതമാനം മാത്രമാണ് ആ വിഭാഗത്തില്‍നിന്നുള്ള പങ്കാളിത്തം എന്നത് ശ്രദ്ധേയമാണ്. വിപുലമായ കണക്കുകളിലേക്കും വിശകലനത്തിലേക്കും കടക്കുക ഈ ലേഖനത്തിന്റെ ലക്ഷ്യമല്ലാത്തതിനാൽ മറ്റു ചില വസ്തുതകളിലേക്ക് പോകുന്നു.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി (Indian Institute of Technology), ഐ.ഐ.എം ( Indian Institute of Management) തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപക തസ്തികകളിലെ മേല്‍ജാതി പ്രാമുഖ്യത്തിന്റെ കണക്കുകളിൽ വർണാശ്രമ ധർമം/ സനാതന ധർമം എത്രത്തോളം ആധുനികകാലത്ത് ഒഴിവാക്കലിന്റെ (Exclusion) രൂപത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാം. സംവരണത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ സംവരണീയരുടെ അഭാവത്തോടൊപ്പം മേല്‍ജാതികളുടെ അധിക സാന്നിധ്യത്തെക്കൂടി പ്രശ്നവത്കരിക്കേണ്ടതുണ്ടെന്ന അരുന്ധതി സുബ്രഹ്മണ്യത്തെ പോലുള്ളവരുടെ വാദങ്ങള്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്. ഒറ്റ ഉദാഹരണം ശ്രദ്ധിക്കുക. ഐ.ഐ.എമ്മുകളിലെ 60 ശതമാനത്തിലേറെ ഒ.ബി.സി, എസ്.സി പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു വിവരാവകാശരേഖ പറയുന്നത് നാഗ്പുര്‍ ഐ.ഐ.എമ്മില്‍ 100 ശതമാനം ഫാക്കല്‍റ്റികളും ജനറൽ വിഭാഗത്തിൽപെടുന്നവരാണ് എന്നാണ്. മുഴുവന്‍ വിശദീകരിക്കാന്‍ കഴിയില്ലെങ്കിലും അമിതമായ മേല്‍ജാതി പ്രാതിനിധ്യത്തിനു തെളിവായി ചില കണക്കുകള്‍ കൊടുക്കുന്നു. െകാല്‍ക്കത്ത (97 ശതമാനം), ലഖ്നോ (95 ശതമാനം), അമൃത് സര് (95 ശതമാനം), ഉദയ്പുര്‍ (95 ശതമാനം) (വിശദമായ റിപ്പോര്‍ട്ട്: ദ ഹിന്ദു, 2021 മാര്‍ച്ച് 16, 17). ഐ.ഐ.ടി മദ്രാസിലെ ഫാക്കല്‍റ്റി പ്രാതിനിധ്യത്തിന്റെ വിവരാവകാശരേഖ കൂടി കാണുക. 577 അധ്യാപകരില്‍ എസ്.സി, എസ്.ടി വിഭാഗത്തിൽപെടുന്നവർ 19 പേരാണ് അഥവാ 3 ശതമാനത്തിനും അൽപം മേലെ (ദ ഹിന്ദു, 2022 ഡിസംബര്‍ 5). വിദ്യാര്‍ഥിപ്രവേശനത്തിലും ഗവേഷണമേഖലയിലും ഞെട്ടിപ്പിക്കുന്ന അസമത്വമാണ് നിലനില്‍ക്കുന്നത്. എങ്ങനെയാണ് വർണാശ്രമ ധർമത്തിന്റെ ആധുനികരൂപങ്ങൾ നിലനില്‍ക്കുന്നതെന്ന് സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷേ, കേരളത്തിലെ ഉള്‍പ്പെടെ അക്കാദമീഷ്യന്മാരും ബുദ്ധിജീവികളും സംവരണം, സാമൂഹികനീതി , ജാതിവിവേചനം, സനാതന ധർമം തുടങ്ങിയ വിഷയങ്ങളോട് അർഥഗര്‍ഭമായ മൗനം പാലിക്കുന്നത് വസ്തുതകളോട് മുഖം തിരിക്കാന്‍ കഴിയാത്തതുകൊണ്ടാവാം. കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ചര്‍ച്ചകൾ ദലിത് ആക്ടിവിസ്റ്റുകളും എഴുത്തുകാരും നിരന്തരം ഉന്നയിക്കുന്നതിനാല്‍ തല്ക്കാലം അതിലേക്ക് കടക്കുന്നില്ല.
ഇന്ത്യയുടെ സാമ്പത്തികമേഖലയിലെ മേല്‍ജാതി പ്രാമുഖ്യം ഒരു വസ്തുതയാണെങ്കിലും വിദ്യാഭ്യാസം, തൊഴില്‍ എന്നിവയിലേക്ക് മാത്രം ചുരുക്കിയാണ് കീഴാള വിമര്‍ശനങ്ങളും വിശകലനങ്ങളും പൊതുവെ ഉണ്ടാകുന്നത്. പൊതുമേഖലയിലെ തൊഴിൽ പ്രാതിനിധ്യത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ പ്രയോജനപ്പെടുന്നതായിരുന്നു വനിത സംവരണ ബില്ലിന്മേലുള്ള ചര്‍ച്ചയിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നടത്തിയ ഒരു നിരീക്ഷണം. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള വ്യത്യസ്ത വകുപ്പുകളില്‍ ജോലിചെയ്യുന്ന 90 സെക്രട്ടറി പദവിയിലുള്ളവരില്‍ കേവലം 3 പേര് മാത്രമാണ് ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വ്യവസായരംഗത്തും കോർപറേറ്റ് സ്ഥാപനങ്ങളിലും ബനിയ –ബ്രാഹ്മിൺ - ഖത്രി വിഭാഗങ്ങളുടെ കുത്തകയാണെന്ന് പറയാം. പരമ്പരാഗതമായ സാമൂഹികഘടനയിൽ ശ്രദ്ധേയമായ ഒരു മാറ്റവും സൃഷ്ടിക്കാൻ ഉദാരീകരണമോ ആഗോളീകരണമോ പോലുള്ള സാമ്പത്തികപ്രക്രിയകള്ക്കായിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വരുമാനമുണ്ടാക്കുന്ന 30 കമ്പനികളുടെ പട്ടികയും അതിന്റെ ഉടമസ്ഥാവകാശവും വിശദീകരിക്കുന്ന പഠനത്തില്‍നിന്നും ( കാഞ്ച ഇളയ്യ, കാര്‍ത്തിക് രാജ കറുപ്പുസാമി: 2021: 182-183) ചില വസ്തുതകള്‍ ഇവിടെ പരിശോധിക്കാവുന്നതാണ്. ACC (ബ്രാഹ്മിൺ , സുമിത് ബാനര്‍ജി ), BHEL (ബ്രാഹ്മിൺ , രവികുമാര്‍ കൃഷ്ണ സ്വാമി), Bharati Airtel (ബനിയ, സുനില്‍ മിത്തൽ), HDFC (ബനിയ , ദീപക് പരേഖ് ), ICICI Bank (ബ്രാഹ്മിൺ, കെ.വി. കമ്മത്ത്) തുടങ്ങി സോഫ്റ്റ്വെയർ, എയര്‍ലൈന്‍സ്, ക്രിക്കറ്റ്, മാധ്യമം, മൊബൈല്‍ഫോണ്‍, സിമന്റ്, സ്റ്റീല്‍ തുടങ്ങി എല്ലാ മേഖലയിലും ഈ മേല്‍ജാതി ആധിപത്യം കാണാം. അതായത്, സഹസ്രാബ്ദങ്ങളായി അധികാരം, പദവി, സമ്പത്ത് എന്നിവ കൈവശംെവച്ച് സമൂഹങ്ങള്‍ അതിന്റെ തുടര്‍ച്ചയിലും വ്യാപ്തിയിലും നിലനില്‍ക്കാനുള്ള സാഹചര്യം ഇന്നും യാഥാർഥ്യമാണ് എന്നർഥം. ജാതിയും സനാതനധർമവും കേവലം സമൂഹത്തിന്റെ ധാർമിക മൂല്യങ്ങളിലും വിശ്വാസങ്ങളിലും മാത്രമല്ല അതിന്റെ ആധിപത്യവും പ്രാമാണികതയും ഉറപ്പിച്ചിരിക്കുന്നത് എന്നാണിത് വ്യക്തമാക്കുന്നത്. ജാതിയും അതിന്റെ വ്യവഹാരങ്ങളെയും ഭൂതകാല പ്രതിഭാസമായി മാത്രം കാണുന്നവര്‍ ഇത്തരം വസ്തുതകളെ വിസ്മരിക്കുകയോ അവഗണിക്കുകയോ ആണ് ചെയ്യുന്നത്.
ഉപസംഹാരം
സനാതന ധർമം, തീവ്ര ഹിന്ദു ദേശീയത, ന്യൂനപക്ഷ –പിന്നാക്ക –ദലിത് അപരവത്കരണം തുടങ്ങി നമ്മുടെ രാഷ്ട്രീയ –സാംസ്കാരിക സംവാദങ്ങളെ നിയന്ത്രിക്കുന്ന പ്രമേയങ്ങൾ കൂടുതൽ സൂക്ഷ്മമായി വിശകലനംചെയ്യേണ്ടതുണ്ട്. സാമൂഹിക പരിവര്‍ത്തനങ്ങളിലൂടെ കുറെയൊക്കെ അപ്രത്യക്ഷമായ ജാതിമൂല്യങ്ങളും മേല്‍ജാതി അധികാരവും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഇന്ത്യയിലെ ഭരണാധികാരികളും അവര്‍ക്ക് പിന്നില്‍നില്‍ക്കുന്ന സംഘ്പരിവാർ ശക്തികളും എന്നത് വസ്തുതയാണ്. ഭൂരിപക്ഷം വരുന്ന ദലിത് -പിന്നാക്ക –ന്യൂനപക്ഷ വിഭാഗങ്ങള്‍ പലതരം പ്രതിസന്ധികളും സമ്മര്‍ദങ്ങളും നേരിടുകയും മുഖ്യാധാരാ രാഷ്ട്രീയം സ്വേച്ഛാധിപത്യത്തിന്റെയും വമ്പൻ കോർപറേറ്റ്വത്കരണത്തിന്റെയും വ്യാജ പ്രോപഗണ്ടയുടെയും അധീശത്വഭീതി സൃഷ്ടിക്കുകയുമാണ്. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ വിവരിച്ച ഒരിക്കലും തോല്‍ക്കാത്ത കുട്ടിസവര്ക്കറുടെ കളിനാടകമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനെതിരെ ശക്തമായ പ്രതിരോധവും ഐക്യവും രാഷ്ട്രീയ ഇന്ത്യയില്‍ രൂപപ്പെടുന്നത് ജനാധിപത്യത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുന്നുവെന്നത് അവഗണിക്കാനാവില്ല.
l
സൂചിക:
അംബേദ്കര്‍ ബി.ആര്, 2022, ജാതിനിര്‍മൂലനം (വിവ. ടി.കെ.നാരായണന്), അദര്‍ ബുക്സ്, കോഴിക്കോട്
ജെ. രഘു, 201, ഹിന്ദുത്വ ഫാഷിസം ചരിത്രവും സിദ്ധാന്തവും , കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
ഗാന്ധിസാഹിത്യ സംഗ്രഹം. 2012, കെ. രാമചന്ദ്രന് നായർ ( എഡി.), കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
ലോകമാന്യ ബാലഗംഗാധര തിലകന്, 2008, ശ്രീമദ് ഭഗവദ്ഗീതാ രഹസ്യം (വിവ. ആചാര്യ നരേന്ദ്രഭൂഷന്‍), മാതൃഭൂമി ബുക്സ് , കോഴിക്കോട്
എം. ഗംഗാധരന്, ഗാന്ധി ഒരന്വേഷണം, 2013, ഡി.സി ബുക്സ് , കോട്ടയം
Christophe Jaffrelot, 2021, Modi’s India, Hindu Nationalism and the Rise of Ethnic Democracy, Westland, Chennai
Kancha Ilaiah Shepherd & Karthik Raja Karuppusami (Ed.),2021 , The Shudras Vision for a New Path, Penguin, Haryana.
Rajan Welukar (Ed.), 2019, Gandhi @ 150, Jaico Publishing House, Delhi.
Vikram Sampath 2019, Savarkar Ethos From a Forgotten Past 1883-1924, Penguin, Haryana.
Ashok Gopal, 2023, A Part Apart The Life and Thought of B.R. Ambedkar, Navayana, New
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.