വിധേയസമ്പദ്ഘടനയുടെ നടത്തിപ്പുകാർ

സീതാറാം യെച്ചൂരിയും കോടിയേരി ബാലകൃഷ്ണനുംസി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച 'വികസനരേഖ'യും പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയവും എന്താണ് സംവദിക്കുന്നത്?അവ എത്രമാത്രം ജനപക്ഷ യാഥാർഥ്യം ഉൾക്കൊള്ളുന്നു? സി.പി.എം മുന്നോട്ടുവെക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയം തന്നെയാണോ? -മാർക്സിസ്റ്റ് ൈസദ്ധാന്തികൻകൂടിയായ ലേഖകൻ നടത്തുന്ന വിശകലനവും വിമർശനവും.സി.പി.എം പാർട്ടി കോൺഗ്രസിന്റെ പശ്ചാത്തലത്തിൽ ത്രിപുരയിലെ മുൻ മുഖ്യമന്ത്രി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം മാണിക് സർക്കാറുമായി നടത്തിയ അഭിമുഖം എട്ടാം തീയതിയിലെ 'മാധ്യമം' പത്രത്തിൽ വന്നിരുന്നു. തുടർച്ചയായി വിജയിച്ച്...

സീതാറാം യെച്ചൂരിയും കോടിയേരി ബാലകൃഷ്ണനുംസി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച 'വികസനരേഖ'യും പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയവും എന്താണ് സംവദിക്കുന്നത്?അവ എത്രമാത്രം ജനപക്ഷ യാഥാർഥ്യം ഉൾക്കൊള്ളുന്നു? സി.പി.എം മുന്നോട്ടുവെക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയം തന്നെയാണോ? -മാർക്സിസ്റ്റ് ൈസദ്ധാന്തികൻകൂടിയായ ലേഖകൻ നടത്തുന്ന വിശകലനവും വിമർശനവും.

സി.പി.എം പാർട്ടി കോൺഗ്രസിന്റെ പശ്ചാത്തലത്തിൽ ത്രിപുരയിലെ മുൻ മുഖ്യമന്ത്രി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം മാണിക് സർക്കാറുമായി നടത്തിയ അഭിമുഖം എട്ടാം തീയതിയിലെ 'മാധ്യമം' പത്രത്തിൽ വന്നിരുന്നു. തുടർച്ചയായി വിജയിച്ച് അധികാരത്തിൽ വന്നുകൊണ്ടിരുന്ന സി.പി.എം എങ്ങനെയാണ് പിന്നെ തറപറ്റിയത് എന്നാണ് ഒരു ചോദ്യം. സി.പി.എം സർക്കാറിന് ഒരു പിഴവും പറ്റിയിട്ടില്ല, തങ്ങളുടെ ഭരണത്തിനെതിരെ വലിയ പരാതി ഒന്നും അവിടെ ഉണ്ടായിരുന്നില്ല, ജനങ്ങൾ പൊതുവിൽ സംതൃപ്തരായിരുന്നു, പക്ഷേ ചതിച്ചുവീഴ്ത്തുകയായിരുന്നു ബി.ജെ.പി... ഇതാണ് സർക്കാറിന്റെ വിശദീകരണം. കപടമായ കുറെ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ അവർ കബളിപ്പിച്ചു. അങ്ങനെ അവർ ബി.ജെ.പിക്ക് വോട്ട് ചെയ്തു. ഇതാണത്രെ ത്രിപുരയിൽ സംഭവിച്ചത്. ഏറെ വിപുലമായ പാർട്ടി സംഘടന ഉണ്ടായിരുന്ന ആ സംസ്ഥാനത്ത്, ആർ.എസ്.എസ് (ബി.ജെ.പി) വസ്തുതാവിരുദ്ധമായ നുണപ്രചാരണം നടത്തിയപ്പോൾ അതിനെ മറികടക്കുന്ന ആശയപ്രചാരണം നടത്താനോ, ജനങ്ങളെ ബോധ്യപ്പെടുത്താനോ, പിഴവ് ഒന്നുമില്ലാത്ത തങ്ങളുടെ ഭരണത്തിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച് അവരെ കൂടെനിർത്താനോ എന്തുകൊണ്ട് സി.പി.എമ്മിന് കഴിഞ്ഞില്ല? ഇതൊന്നും പരിശോധിക്കാതെ, എല്ലാം ഭംഗിയായിരുന്നു, പിന്നെ എങ്ങനെയോ അവർ പണിപറ്റിച്ചു എന്ന മട്ടിലുള്ള വിശദീകരണം ആ പാർട്ടിയുടെ ഒരു പോളിറ്റ്ബ്യൂറോ അംഗത്തിൽനിന്ന് കേൾക്കേണ്ടി വരുമ്പോൾ ഉപരിതലസ്പർശിയായ ധാരണകൾ മാത്രമാണ് അവരെ നയിക്കുന്നത് എന്ന് വ്യക്തം.

സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചിരിക്കുന്ന കരട് രാഷ്ട്രീയ പ്രമേയവും ഇതേ ഉപരിപ്ലവതയാണ് പ്രകടമാക്കുന്നത്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വളർച്ച വേണ്ട സമയത്ത് തിരിച്ചറിയാൻ ത്രിപുരയിലെ പാർട്ടിഘടകത്തിന് കഴിഞ്ഞില്ല എന്ന് അത് പറയുന്നു. അപ്പോൾ പിന്നെ എന്തുതരത്തിലുള്ള പാർട്ടിസംഘടനയാണ് അവിടെ ഉണ്ടായിരുന്നത്, എന്തു തരത്തിലുള്ള കേഡർമാരാണ് ഉണ്ടായിരുന്നത്, അവർ എങ്ങനെയാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്, ജനങ്ങളുമായി എന്തുതരത്തിലുള്ള ബന്ധങ്ങളാണ് അവർക്ക് ഉണ്ടായിരുന്നത് എന്നൊക്കെ സ്വാഭാവികമായിട്ടും പരിശോധിക്കേണ്ടിവരും. എന്നാൽ, തിരിച്ചറിഞ്ഞില്ല, കണ്ടില്ല, കേട്ടില്ല, മനസ്സിലാക്കിയില്ല എന്നമട്ടിലുള്ള അഭിപ്രായപ്രകടനങ്ങൾക്കപ്പുറം അത് പോകുന്നില്ല. എല്ലാവർക്കും കാണാൻ കഴിയുന്ന വസ്തുതകളുടെ ഏറ്റുപറച്ചിലല്ല, ഈ വീഴ്ചകൾ എന്തുകൊണ്ട് സംഭവിച്ചു എന്നതു സംബന്ധിച്ച വിശകലനമാണ് പാർട്ടി കോൺഗ്രസിൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അവതരിപ്പിക്കുന്ന രാഷ്ട്രീയ റിപ്പോർട്ടിൽ അണികൾ പ്രതീക്ഷിക്കുക. അതിന്റെ അഭാവമാണ് സി.പി.എം പാർട്ടി കോൺഗ്രസിന്റെ മുഴുവൻ രേഖകളിലും മുഴച്ചുനിൽക്കുന്നത്.

23ാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കേരളത്തിലെ പ്രതിനിധികൾ

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ബി.ജെ.പിയെ പ്രധാന ശത്രുവായി കാണുന്ന പൊതു സമീപനത്തിൽ എത്തിച്ചേരാൻ അതിന് കഴിഞ്ഞേക്കാം. പക്ഷേ അതുകൊണ്ട് മാത്രം അതിന്റെ ഇന്നത്തെ അവസ്ഥയിൽ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ വകയില്ല. തമിഴ്നാട്ടിൽ ചെയ്തുവരുന്നതുപോലെ, തെലങ്കാനയിലും ആന്ധ്രയിലും ബിഹാറിലുമൊക്കെ അതത് സംസ്ഥാനങ്ങളിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ വാലിൽതൂങ്ങി വിനീത അനുയായി കൂടുന്നതിൽ കവിഞ്ഞ് എന്തെങ്കിലും കാഴ്ചവെക്കാൻ സി.പി.എമ്മിന് കഴിയില്ല. സി.പി.എം നേതൃത്വത്തിൽ രൂപംകൊള്ളുന്ന ഇടതുസഖ്യമെന്ന പാർലമെന്ററി രാഷ്ട്രീയമോഹം, നടപ്പിലാകാത്ത വ്യാമോഹമായി അവശേഷിക്കും. മാത്രമല്ല, ബംഗാളിലും ത്രിപുരയിലും തുടർച്ചയായ ഭരണം ഉണ്ടായിട്ടും വമ്പിച്ച തകർച്ച നേരിടേണ്ടിവന്നതിന്റെ കാരണങ്ങൾ ആഴത്തിൽ വിശകലനംചെയ്യാനാകാത്തതുകൊണ്ടുതന്നെ കേരളത്തിൽ അത് ആവർത്തിക്കാനുള്ള സാധ്യതയും വളരെ വലുതാണ്.

പിണറായിയുടെ നേതൃത്വത്തിൽ സി.പി.എം മുന്നോട്ടുെവച്ചിരിക്കുന്ന നവകേരള കാഴ്ചപ്പാട് അതിലേക്കാണ് വിരൽചൂണ്ടുന്നത്. കേന്ദ്രസർക്കാർ നവലിബറൽ നയങ്ങൾ നടപ്പാക്കുന്ന കാലഘട്ടത്തിൽ നിലവിലുള്ള ഭരണഘടനക്കകത്തുനിന്ന് അതിനൊരു ബദൽ എങ്ങനെ സാധ്യമാകും എന്ന അന്വേഷണമാണ് ഈ നവകേരള കാഴ്ചപ്പാട് എന്നാണ് അവകാശവാദം. സത്യത്തിൽ, നവ ഉദാരീകരണ നയങ്ങൾ കേരളത്തിൽ എങ്ങനെ നടപ്പാക്കാം എന്നൊരു അന്വേഷണം മാത്രമാണ് അതിലുള്ളത്. ഇതേപോലൊരു അന്വേഷണമാണ് ബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലും വമ്പൻ പദ്ധതികൾ നടപ്പാക്കാനുള്ള ബുദ്ധദേവ് ഭട്ടാചാര്യയുടെ നീക്കത്തിനും പ്രേരണയായത്. ഭരണകൂടബലപ്രയോഗം വഴി ആ പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമവും അതിനെതിരെയുള്ള ജനകീയ ചെറുത്തുനിൽപുമാണ് അവിടെ സി.പി.എമ്മിന്റെ അടിതെറ്റിച്ചത്. പക്ഷേ ആ പാഠം സി.പി.എം നേതൃത്വം ഉൾക്കൊള്ളും എന്ന് പ്രതീക്ഷിക്കാനാവില്ല. ഇത് ഏതെങ്കിലും വ്യക്തികളുടെ പിടിവാശിയുടെ ഫലമല്ല, വർഗപരമായ പ്രശ്നമാണ്. സി.പി.എം നേതൃത്വം ഇന്ന് പ്രതിനിധാനംചെയ്യുന്ന വർഗതാൽപര്യം അതാണ് ആവശ്യപ്പെടുന്നത്. ഭൂരഹിത കാർഷികപ്പണിക്കാരും ദരിദ്ര കർഷകരും മറ്റുമേഖലകളിലുള്ള തൊഴിലാളികളും ഉൾപ്പെടുന്ന (ഭൂരിപക്ഷവും ദലിതരും ആദിവാസികളും മതന്യൂനപക്ഷങ്ങളും) അടിസ്ഥാന ജനവിഭാഗങ്ങളെയും ഇടത്തരക്കാരെയും അണിനിരത്തി അവരുടെ സമരങ്ങളിലൂടെ ഒരു ഇടതുപക്ഷ നവീകരണം ഉണ്ടാക്കിയെടുക്കാനല്ല അത് ആഗ്രഹിക്കുന്നത്. സ്വന്തം വർഗതാൽപര്യങ്ങൾക്ക് അനുസൃതമായി, നവ ഉദാരീകരണത്തിന്റെ ഭാഗമായി സ്വന്തം താവളങ്ങൾ എങ്ങനെ നിലനിർത്താം, സ്വന്തം നില എങ്ങനെ മെച്ചപ്പെടുത്താം എന്ന അന്വേഷണം മാത്രമാണ് അതിന്റെ നേതൃത്വത്തെ നയിക്കുന്നത്.

കമ്യൂണിസം സ്ഥാപിക്കലല്ല ഇവിടെ തങ്ങളുടെ നേതൃത്വത്തിൽ രൂപംകൊള്ളുന്ന സർക്കാറുകളുടെ ലക്ഷ്യം എന്ന് ഇ.എം.എസ് പറഞ്ഞതായി സി.പി.എമ്മിന്റെ പുതിയ വികസനരേഖ എടുത്തുപറയുന്നുണ്ട്. ഇടവപ്പാതി വരുന്നപോലെ വിപ്ലവവും സമയമാകുമ്പോൾ വന്നോളും എന്നൊക്കെ ഇ.എം.എസ് ഇവരുടെ തലക്കടിച്ചു പഠിപ്പിച്ചുപോയ സ്ഥിതിക്ക് ഇതിൽ തർക്കിക്കാൻ മുതിരുന്നില്ല. ഇത് അതേപടി അംഗീകരിച്ച്, നിലവിലുള്ള വ്യവസ്ഥക്കകത്ത് ഒതുങ്ങിനിന്ന് ചെയ്യാവുന്ന ചില പരിഷ്കാരങ്ങൾ മാത്രമാണ് ഈ സർക്കാറിന് സാധ്യമാവുക എന്ന് കരുതുക. എന്നിട്ട് അത് നിർദേശിക്കുന്ന വികസന പരിപ്രേക്ഷ്യം ഈ പറയുന്ന ഉദ്ദേശ്യത്തോട് എത്രത്തോളം പൊരുത്തപ്പെടുന്നുണ്ട് എന്ന് പരിശോധിച്ചുനോക്കാം.

മുമ്പ് സവർണ ജന്മിത്തം ആയിരുന്നു ജനങ്ങളുടെ ക്ഷേമത്തിന് പ്രധാന തടസ്സം എന്ന് കമ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തി, അതുകൊണ്ട് ഭൂപരിഷ്കരണം കൊണ്ടുവന്നു എന്ന് നവകേരള രേഖ പറയുന്നുണ്ട്. ഭൂപരിഷ്കരണത്തിന്റെ യഥാർഥസ്വഭാവം നമുക്ക് പിന്നെ കാണാം. തൽക്കാലം ഈ സമീപനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാം. ഇതിനെ മാർഗദർശകമായി സ്വീകരിച്ചാൽ, ആഗോളീകരണത്തിലൂടെയും നവ ഉദാരീകരണത്തിലൂടെയും സ്വകാര്യവത്കരണത്തിലൂടെയും സാമ്രാജ്യത്വത്തോടുള്ള വിധേയത്വം ഉറപ്പിക്കാനുള്ള നീക്കത്തെ ചെറുക്കാനായി, ഭാഗികമായി ആണെങ്കിലും അതിനെ ദുർബലപ്പെടുത്താനായി, എന്തു നടപടികളാണ് സ്വീകരിക്കേണ്ടത്, നിലവിലുള്ള ഭരണഘടനക്കകത്ത് ഏതുതരത്തിലുള്ള നീക്കങ്ങളാണ് നടത്താൻ കഴിയുക എന്നല്ലേ ന്യായമായും അവർ പരിശോധിക്കേണ്ടിയിരുന്നത്? എന്നാൽ അങ്ങനെയുള്ള ഒരു പരിശോധനയിൽനിന്നല്ല കേരളത്തിന്റെ വികസനത്തിന് എന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ ഈ രേഖ ആരംഭിക്കുന്നത്. അങ്ങനെ ആരംഭിക്കുകയാണെങ്കിൽ ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ഇവിടത്തെ ഭൂപ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. വലതുപക്ഷ സർക്കാറുകൾ നടപ്പാക്കിയ അട്ടിമറിമൂലം വിതരണം ചെയ്യാൻ മിച്ചഭൂമി ഇല്ലാതായി എന്നാണ് ആദിവാസി ഭൂപ്രശ്നം സജീവമായി ഉയർന്നുവന്നപ്പോൾ സി.പി.എം നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കിയത്. ഇതിന്റെ മറവിൽ, ആദിവാസികൾക്ക് നൽകാനെന്ന പേരിൽ, മുൻകാലങ്ങളിൽ ദലിതർക്കും മറ്റു ദരിദ്രർക്കും വിതരണം ചെയ്ത ഭൂമി കള്ളസർവേ നടത്തി പുറമ്പോക്കായി പ്രഖ്യാപിച്ച് തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്നുപോലുമുണ്ട്.

സീതാറാം യെച്ചൂരിയും കോടിയേരി ബാലകൃഷ്ണനും

അതിരിക്കട്ടെ, വിദേശനിയന്ത്രണത്തിലുള്ള തോട്ടങ്ങൾക്കുമേൽ നിയമപരമായി അവർക്ക് അവകാശമില്ലെന്നും, ഈ സ്വകാര്യ എസ്റ്റേറ്റുകളിൽ വലിയൊരു ഭാഗവും സർക്കാറിന് അവകാശപ്പെട്ട ഭൂമിയാണെന്നും, സർക്കാർ തന്നെ നിയമിച്ച വക്കീൽ വളരെ വ്യക്തമായി പറഞ്ഞതേല്ല? രാജമാണിക്യം റിപ്പോർട്ടിലും സർക്കാറിന് വേണ്ടി വാദിച്ച സുശീല ഭട്ടും ഈ കാര്യങ്ങൾ ആവർത്തിച്ചു വ്യക്തമാക്കിയതാണ്. വിതരണം ചെയ്യാൻ ഭൂമി ഇല്ലെന്ന് പറയുന്നവർ ഇതിന്റെ അടിസ്ഥാനത്തിൽ എന്തുകൊണ്ടാണ് നടപടി എടുക്കാത്തത്? വലതുപക്ഷ സർക്കാറിന്റെ കാര്യമല്ലല്ലോ ഇത്. ഇടതുപക്ഷ സർക്കാറിന് ഇത്രയും വ്യക്തമായ നിയമോപദേശം ലഭിച്ചിട്ടും ആ ദിശയിൽ എന്തുകൊണ്ട് നീങ്ങുന്നില്ല? നേരെമറിച്ച്, സർക്കാറിന് അവകാശപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ് പോലും നഷ്ടപരിഹാരം നൽകി വാങ്ങാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തോട്ടമായി അത് നിലനിർത്താനല്ല. അവിടെ ഇടിച്ചുനിരത്തി, കൃഷിനിലത്തിന്റെ സ്വഭാവം മാറ്റിതീർത്ത് വിമാനത്താവളം പണിയാനാണ് ഉദ്ദേശ്യം. പശ്ചാത്തലഘടനയുടെ സ്വഭാവത്തിലേക്ക് ഭൂമിയുടെ ഉപയോഗം മാറ്റുന്നതിന് നിലവിലുള്ള നിയമപ്രകാരം സർക്കാറിന് കഴിയുമായിരിക്കാം. അല്ലെങ്കിൽ അതിനായി നിയമനിർമാണം നടത്തിയേക്കാം. പഴവർഗങ്ങൾ കൃഷിചെയ്യാനും വിനോദസഞ്ചാരത്തിനും ഇപ്പോൾ തന്നെ തോട്ടഭൂമി ഉപയോഗിക്കാം.

അങ്ങനെയാണെങ്കിൽ, ഈ തോട്ടഭൂമി പിടിച്ചെടുത്തോ, അല്ലെങ്കിൽ നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുത്തോ കേരളത്തിലെ ഭൂരഹിതരായ ആദിവാസികൾക്കും ദലിതർക്കും മറ്റുള്ളവർക്കും എന്തുകൊണ്ട് വിതരണം ചെയ്തുകൂടാ? വിമാനത്താവളം പണിയാനും പഴവർഗകൃഷിക്കും തോട്ടഭൂമിയുടെ സ്വഭാവം മാറ്റുന്നതിൽ അപാകതയൊന്നും കാണാത്തവരാണ് ഇതേ ന്യായം പറഞ്ഞ് ഇത്തരം ഭൂമി ഭൂരഹിതർക്ക് നൽകാൻ വിസമ്മതിക്കുന്നത്. ആ തോട്ടം മാത്രമല്ല അതുപോലെ പല തോട്ടങ്ങളും ഏറ്റെടുത്ത് വിതരണം ചെയ്യുകയാണെങ്കിൽ നിലവിൽ കേരളത്തിലുള്ള ഭൂരഹിതരായ ഏറക്കുറെ എല്ലാവർക്കും തന്നെ ഏറ്റവും ചുരുങ്ങിയത് ഒരു ഏക്കർ കൃഷിയോഗ്യമായ ഭൂമി കൊടുക്കാൻ പറ്റും. കാർഷികമേഖലക്ക് അത് വലിയ ഉത്തേജനമാകും. ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക് അടുക്കാനാകും. പ്രാദേശികമായ ഒട്ടേറെ അനുബന്ധവ്യവസായങ്ങൾക്ക് സാഹചര്യമൊരുങ്ങും. വലിയ തോതിൽ തൊഴിലവസരങ്ങൾ വർധിക്കും.

ഇതുപോലെതന്നെയുള്ള ഒരു കാര്യമാണ് വനാവകാശ നിയമം നടപ്പാക്കുന്ന പ്രശ്നം. വനപ്രദേശത്തുള്ള ആദിവാസികൾക്കും അതുപോലെ കാലങ്ങളായി അവിടെ താമസിക്കുന്ന മറ്റുള്ളവർക്കും അവർ അനുഭവിക്കുന്ന ഭൂമിക്കുമേലുള്ള അവകാശം ഈ നിയമം ഉറപ്പുവരുത്തുന്നു. കൂടാതെ, നിലവിലുള്ള ഭരണഘടന പ്രകാരം തന്നെ ആദിവാസികൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ പട്ടികപ്രദേശങ്ങളായി പ്രഖ്യാപിക്കാം. ആദിവാസികൾക്ക് പരിമിതമായ രീതിയിൽ സ്വയംഭരണമുള്ള പ്രദേശങ്ങൾ സ്ഥാപിക്കാൻ കഴിയും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഈ ജനവിഭാഗങ്ങൾക്ക് ആ പ്രദേശത്തെ വനവിഭവങ്ങൾ നിയന്ത്രിക്കാനുള്ള അവകാശം ലഭിക്കും. അതുവഴി അവർക്ക് ഉണ്ടാകാൻ പോകുന്ന സാമ്പത്തിക നേട്ടത്തെക്കുറിച്ച് ഇവിടെ ആദിവാസി രംഗത്തും മറ്റും പ്രവർത്തിക്കുന്ന നേതൃത്വങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതൊന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, കേരളത്തിലെ പല ജില്ലകളെയും ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുകയാണ് പിണറായി സർക്കാർ ചെയ്തത്.

സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ദരിദ്രരായ ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താൻ നിലവിലുള്ള ഭരണഘടനക്കകത്തുനിന്നുകൊണ്ട് തന്നെ ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇതൊക്കെ. വനാവകാശ നിയമത്തിനു ചുവടുപിടിച്ച് തീരദേശവാസികളുടെ അവകാശങ്ങൾ ഉറപ്പിക്കുന്ന ഒരു നിയമം ആവിഷ്കരിക്കാനും അത് നടപ്പാക്കാനും കഴിയും. അതുവഴി കേരളത്തിലെ മത്സ്യത്തൊഴിലാളികളും തീരദേശത്തെ ദരിദ്രരും ഇന്ന് അനുഭവിക്കുന്ന ദുരിതാവസ്ഥ കുറച്ചെങ്കിലും പരിഹരിക്കാം. ഇതൊക്കെ ചെയ്യാമെന്നിരിക്കെ അതിലൊന്നും ശ്രദ്ധിക്കാതെ, ചൂഷിത അടിത്തട്ടിന് കുറച്ചെങ്കിലും ഉപകരിക്കുന്ന നിയമങ്ങളെ തന്നെ അവഗണിച്ച്, വികസനമെന്ന പേരിൽ ആവിഷ്കരിക്കുന്ന അതിവേഗ തീവണ്ടിപാതയും മറ്റും ആർക്കുവേണ്ടിയാണ്? ആരുടെ വികസനമാണ് ഇവർ ഉദ്ദേശിക്കുന്നത്?

സാമ്രാജ്യത്വ നിർബന്ധത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ആഗോളീകരണനയങ്ങൾ തങ്ങൾക്ക് കൂടി അനുയോജ്യമായ രീതിയിൽ എങ്ങനെ നടപ്പാക്കാം എന്ന പരിശോധന മാത്രമാണ് ഇവരുടെ നവകേരള സങ്കൽപം. ''നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങളിൽനിന്ന് വ്യത്യസ്തമായി ഇടതുപക്ഷബദലിന്... രൂപംനൽകുന്ന ദൗത്യമാണ്'' നിറവേറ്റുന്നത് എന്നവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ ആന്റണി സർക്കാറിന്റെ ജിം മേളയും ഉമ്മൻ ചാണ്ടിയുടെ എമർജിങ് കേരള മേളയും മുന്നോട്ടുവെച്ച അതേ ലക്ഷ്യങ്ങൾ മാത്രമാണ് സി.പി.എം നേതൃത്വത്തിനും നിർദേശിക്കാനുള്ളത് -വിവരസാങ്കേതികം, ജൈവസാങ്കേതികം, വിനോദസഞ്ചാരം, ചികിത്സാസഞ്ചാരം ഇതിനെല്ലാം ആവശ്യമായ വാർത്താവിനിമയ-സഞ്ചാര അടിസ്ഥാനഘടന. ഇത് അവരുടെ യഥാർഥ ദൗത്യം വ്യക്തമാക്കി തരുന്നുണ്ട്. കൊളോണിയൽ കാലം മുതൽ ആരംഭിച്ചിട്ടുള്ള കേരളത്തിന്റെ വൈദേശിക അടിമത്തത്തെ പുതിയ രീതിയിൽ ആവിഷ്കരിക്കാനുള്ള ശ്രമമല്ലാതെ ഈ വിധേയത്വത്തെ അവസാനിപ്പിക്കാനുള്ള ഒരു ചുവടും അവരുടെ നവ കേരള ദൗത്യത്തിൽ ഇല്ല. കൃത്യമായും ഈ ദല്ലാൾ സ്വഭാവമാണ് അതിൽ മുഴച്ചുനിൽക്കുന്നത്. ഭരണവർഗങ്ങളുടെ ഭാഗമായി, അതിലെ ഒരു ജൂനിയർ പാർട്ട്ണറായി നിന്നുകൊണ്ട് സ്വന്തം നില മെച്ചപ്പെടുത്താനുള്ള പദ്ധതിയല്ലാതെ മറ്റൊന്നും അതിലില്ല.

ഇത് പെട്ടെന്ന് ഉടലെടുത്ത കാര്യമൊന്നുമല്ല. പിണറായി സർക്കാറായി തുടങ്ങിയതുമല്ല. അവിഭക്ത സി.പി.െഎ തിരുത്തൽവാദത്തിലേക്ക് കൂപ്പുകുത്തിയ കാലഘട്ടം മുതൽ തന്നെ ഇതായിരുന്നു അതിന്റെ സമീപനം. ഭക്ഷ്യവിള കൃഷി എങ്ങനെ വികസിപ്പിക്കാം എന്ന അന്വേഷണമല്ല, കൊളോണിയലിസം സൃഷ്ടിച്ച തോട്ടം സമ്പദ്ഘടന നിലനിർത്തി എങ്ങനെ പരിപോഷിപ്പിക്കാം എന്നതായിരുന്നു 1956ൽ അതിന്റെ സംസ്ഥാന സമ്മേളനം അംഗീകരിച്ച പരിപാടിയിലെ ഒരു പ്രധാന ഇനം. സാമ്രാജ്യത്വം അടിച്ചേൽപ്പിച്ച ശാപമാണ് ഈ തോട്ടം സമ്പദ്ഘടന എന്ന് ആ പാർട്ടിക്ക് വിപ്ലവസ്വഭാവം ഉണ്ടായിരുന്ന ഘട്ടത്തിൽ അത് ശരിയായി വിലയിരുത്തിയിരുന്നു. തിരുത്തൽവാദത്തിലേക്ക് അധഃപതിച്ചതോടെ ഇത് കൈയൊഴിഞ്ഞു. മാത്രമല്ല, വളരെ പച്ചയായി തന്നെ, ഉർവശീശാപം ഉപകാരമായതുപോലെയായി തോട്ടം സമ്പദ്ഘടന എന്നായിരുന്നു ഇ.എം.എസ് മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന സി. അച്യുത മേനോൻ എഴുതിയത്.

1957ലെ ആദ്യ മന്ത്രിസഭ

തുടർന്ന് ഇങ്ങോട്ട്, ഇതേ രീതിയിൽ, വിധേയത്വം നിലനിർത്താനും മാറുന്ന ആവശ്യങ്ങൾക്കനുസൃതമായി അതിനെ പുതുതായി ആവിഷ്കരിക്കാനും സാമ്രാജ്യത്വം എന്താണോ ആഗ്രഹിച്ചത്, ഇവിടത്തെ ഭരണവർഗങ്ങൾ എന്താണോ നിർദേശിച്ചത്, അതിനെല്ലാം യോജിച്ച നയങ്ങളും പരിപാടികളും മാത്രമാണ് അന്നുമുതൽ സി.പി.െഎ, സി.പി.എം നേതൃത്വങ്ങൾ നടപ്പിലാക്കിവന്നത്. ഇതുതന്നെയായിരുന്നു അവർ കൊണ്ടുവന്ന ഭൂപരിഷ്കരണം എന്ന് പറയുന്നതിന്റെ സ്വഭാവവും. കാർഷികമേഖലയിൽ പണിയെടുക്കുന്നവരുടെ, ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന ഭൂരഹിതരായ ദലിതരുടെ, പ്രശ്നങ്ങളല്ല യഥാർഥത്തിൽ അത് കൈകാര്യം ചെയ്തത്. കൃഷിഭൂമി കർഷകർക്ക് എന്ന് പറയുമ്പോൾ ആരാണ് ഇവിടത്തെ കർഷകർ, കൃഷിപ്പണിയെടുക്കുന്നവർ ആരാണ് എന്ന അന്വേഷണത്തിൽനിന്ന് തുടങ്ങുന്നതിനു പകരം, കാണക്കുടിയാനെയും കർഷകനായി പരിഗണിച്ചു. ജാതി-ജന്മിത്ത കേരളത്തിലെ കാർഷികബന്ധങ്ങളുടെ യഥാർഥസ്വഭാവം അൽപംപോലും കണക്കിലെടുക്കാതെയുള്ള യാന്ത്രികസമീപനത്തിന്റെ ഫലമായിരുന്നു ഇത്. ഒപ്പം സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരുടെ പക്ഷത്തുനിന്ന് എല്ലാം പരിഗണിക്കുകയും കൈകാര്യം ചെയ്യുകയും വേണം എന്ന തൊഴിലാളിവർഗനിലപാടിന്റെ അഭാവവും അതിൽ മുഴച്ചുനിന്നു. ജാതി-ജന്മിത്തത്തിലെ കുടിയാൻ ബന്ധങ്ങളിൽ കാണക്കുടിയാൻ മിക്കവാറും സവർണരായിരുന്നു. ഭൂമിയുടെ ജന്മാവകാശം നമ്പൂതിരിമാർക്കും മറ്റും ആയിരുന്നെങ്കിലും അവരിൽനിന്ന് ഭൂമി പാട്ടത്തിന് എടുത്ത കാണക്കുടിയാൻ ഏക്കറുകണക്കിന് ഭൂമി നിയന്ത്രിച്ചുവന്നു. അവർക്കു കീഴെയുള്ള വെറുംപാട്ടക്കാർക്ക് അതിലൊരു ഭാഗം പാട്ടത്തിന് കൊടുക്കുകയും, ബാക്കിയുള്ളത് ദലിതരായ കുടികിടപ്പുകാരെ ഉപയോഗിച്ച് (മുമ്പ് അടിയാളരായിരുന്നു ഇവർ) കൃഷിചെയ്യുകയുമായിരുന്നു. കൊല്ലിനും കൊലക്കും അധികാരമുള്ള പ്രാദേശിക തമ്പ്രാക്കന്മാരായിരുന്നു അവർ. ഇവിടത്തെ ജാതി-ജന്മിത്തത്തിന്റെ മർദകസംവിധാനത്തിലെ നിർണായക ഘടകം. നമ്പൂതിരി ജന്മിയിൽനിന്ന് ഭൂമി പാട്ടത്തിനെടുത്തവർ എന്നതു മാത്രം പരിഗണിച്ച് ഇവർക്കാണ് കർഷകപട്ടം ചാർത്തി ഭൂപരിഷ്കരണമെന്ന ആഭാസംവഴി ഭൂമിയിൽ ഉടമസ്ഥത നൽകിയത്. അതോടൊപ്പം യഥാർഥത്തിൽ കൃഷിപ്പണിയെടുത്തവരിൽ ഭൂരിപക്ഷമായിരുന്ന ദലിത്, ആദിവാസി ഭൂരഹിതരെ കുടികിടപ്പുകാരായി വകയിരുത്തി പാർപ്പിടാവകാശത്തിലേക്ക് ചുരുക്കി. കൃഷിഭൂമിയിലുള്ള അവരുടെ അവകാശം റദ്ദാക്കി. വെറും പാട്ടക്കാർ ഉൾപ്പെടെ ഒരു വലിയ വിഭാഗം ഈ സമയമാകുമ്പോഴേക്കും കൃഷിയെ ആശ്രയിക്കാത്തവരായി മാറിയിരുന്നു. ഇവരുടെയൊക്കെ കൈയിലേക്കാണ് കൃഷിഭൂമി കൈമാറിയത്. ഈ ഭൂമി കൈമാറ്റം കാര്യമായി നടന്നത് നെൽകൃഷി മേഖലയിലായതുകൊണ്ട് കാലക്രമത്തിൽ നെൽകൃഷി തളർന്നു.

കേരളത്തിൽ ഭക്ഷ്യകൃഷി വികസിപ്പിക്കണം എന്നൊരു അജണ്ട ഇന്ത്യൻ ഭരണവർഗങ്ങൾക്കും സാമ്രാജ്യത്വശക്തികൾക്കും ഉണ്ടായിരുന്നില്ല. അതിന്റെ പ്രതിഫലനമാണ് നെൽകൃഷി ഭൂമിയുടെ വിതരണത്തിൽ കണ്ടത്. ഇതേസമയം, തോട്ടംകൃഷി പ്രോത്സാഹിപ്പിക്കാൻ അവർ അനുവദിച്ച ഭൂപരിഷ്കരണം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തോട്ടഭൂമിയും തോട്ടമാക്കാൻ പോകുന്നു എന്ന് പ്രഖ്യാപിച്ച ഭൂമിയും ഭൂപരിധി നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. സ്വാഭാവികമായും നെൽകൃഷി തളർന്നപ്പോൾ മറുവശത്ത് തോട്ടംകൃഷി പൂർവാധികം വളർന്നു. ചുരുക്കത്തിൽ, സാമ്രാജ്യത്വവിധേയത്വം അരക്കിട്ടുറപ്പിച്ച മറ്റൊരു നടപടിയായിരുന്നു സി.പി.എം കൊട്ടിഗ്ഘോഷിക്കുന്ന ഭൂപരിഷ്കരണം.

പിണറായി വിജയൻ പാർട്ടി കോൺഗ്രസ് വേദിയിൽ ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാറിെനാപ്പം 

അതിന്റെ തുടർച്ചയും കുറെക്കൂടി വഷളായ അവസ്ഥയുമാണ് ഇന്ന് ആനയിച്ചുകൊണ്ടുവരുന്ന നവകേരള വികസന പരിപാടി. ലോക സാമ്രാജ്യത്വ വ്യവസ്ഥയിൽ ഇടംപിടിക്കുന്ന മികച്ച സേവനകേന്ദ്രം. ഇതാണ് കേരളത്തിന് ഈ പദ്ധതി ഒരുക്കുന്ന ഭാവി. 'കേരള വികസനരേഖ' എന്ന പേരിൽ 2012ലെ എ.കെ.ജി പഠനകേന്ദ്രം പ്രസിദ്ധീകരിച്ച രേഖയിൽ പറഞ്ഞുവെച്ച കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് അത് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതലമുറയുടെ തൊഴിലാവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ എന്ന പേരിൽ അത് നിർദേശിച്ചത് മറ്റൊന്നുമല്ല, വിവരസാങ്കേതിക രംഗത്തും മറ്റുമുള്ള വിദേശ ബഹുരാഷ്ട്രകമ്പനികളുടെ പുറംപണി. ''കുറഞ്ഞ ശമ്പളത്തിന് തുടക്കക്കാരായ പ്രഫഷനലുകൾ'' ലഭ്യമായതുകൊണ്ട് ഇത് സാധ്യമാക്കാം എന്നാണ് കണക്കുകൂട്ടൽ. അതിന് അനുസൃതമായി, കമ്പനികൾക്ക് ജോലിക്കാരെ ലഭ്യമാക്കുന്നതിന് അവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ആഗോളതലത്തിൽ കമ്പനികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിനുമുള്ള സർക്കാർ സംവിധാനമാണ് നവകേരള രേഖ നിർദേശിക്കുന്നത്. നമ്മുടെ തൊഴിൽശക്തി മാത്രമല്ല, പശ്ചിമഘട്ട മലനിരകളിലും ദൈർഘ്യമാർന്ന സമുദ്രതീരത്തുമുള്ള ജൈവസമ്പത്തും വിദേശികൾക്ക് കാഴ്ചവെക്കുന്ന സമീപനമാണ് എ.കെ.ജി പഠനകേന്ദ്ര രേഖക്കുണ്ടായിരുന്നത്. ഇതൊക്കെയായിരുന്നു അതിന്റെ വീക്ഷണത്തിൽ ''ബയോ ടെക് നോളജി രംഗത്തുള്ള കേരളത്തിന്റെ ആകർഷണീയത.'' ഗൾഫ് തൊഴിൽസാധ്യതകൾ മങ്ങുകയും, പരമ്പരാഗത തോട്ടംവിളകൾ പണ്ടത്തെപോലെ ലാഭകരമല്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തിൽ വിധേയസമ്പദ്ഘടനയുടെ പുനർവാർപ്പാണ് ഇതിന്റെ അന്തഃസത്ത. ഇതിന്റെ കാര്യക്ഷമമായ നടത്തിപ്പുകാരായി സ്വന്തം നില ഉറപ്പിക്കാനാണ് സി.പി.എം നേതൃത്വം ഇന്ന് ശ്രമിക്കുന്നത്. ഇതാണ് ഇപ്പോൾ നടക്കുന്ന അതിന്റെ പാർട്ടി സമ്മേളനങ്ങളുടെ കാര്യപരിപാടി.

Tags:    
News Summary - madhyamam weekly cpim party congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT