വെറുപ്പിന്റെ രാഷ്ട്രീയ സംഘാടനത്തെകുറിച്ചുള്ള വിശദമായ ഒരു പഠനം അല്ല ഇത്. അത്തരം ഒരു പഠനത്തിന് സഹായകമായേക്കാവുന്ന ചില സൂചകങ്ങൾ ഉള്ള ഒരു ചെറു കുറിപ്പാണിത്. വെറുപ്പിന്റെ സാമൂഹിക പ്രയോഗങ്ങളെ കുറിച്ചുള്ള വിചാരങ്ങളിൽ പ്രധാനമായും രണ്ടു കാര്യങ്ങൾ ആണ് ഊന്നൽ നൽകിക്കാണുന്നത്. ഒന്നാമതായി, വാർപ്പുമാതൃകകളിലൂടെ അപരത്വം എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്നതാണ്. ഇതിൽ മാധ്യമങ്ങൾ, കല- സാഹിത്യരൂപങ്ങൾ, കുടുംബത്തിലും ചുറ്റുവട്ടത്തിലും നടക്കുന്ന സാമൂഹീകരണ പ്രക്രിയകൾ എന്നിവയുടെ പങ്ക് വിശദമായി പഠിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ അപരനോട് തോന്നുന്ന വെറുപ്പ് വംശഹത്യയിലേക്ക് നയിക്കുന്നത് എങ്ങനെ എന്നതാണ് രണ്ടാമതായി ശ്രദ്ധിക്കപ്പെട്ട വിഷയം. ഭരണകൂടത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും സൈനികവത്കരിക്കപ്പെട്ട കൂട്ടങ്ങളോടൊപ്പം അക്രമത്തിൽ പങ്കുചേരാൻ 'സാധാരണക്കാരെ' പ്രേരിപ്പിക്കുന്ന ഘടകം എന്താണ് എന്നാണ് ഈ പഠനങ്ങളിൽ പരിശോധിക്കുന്നത്. വെറുപ്പിൽനിന്ന് ക്രൂരതയിലേക്കുള്ള ഈ ചുവടുവെപ്പ് ആണ് കൂടുതൽ ഉത്കണ്ഠ ഉളവാക്കുന്നത്. ഈ പ്രക്രിയകളെ കുറിച്ച് നാസി ജർമനി, റുവാണ്ട, ഫലസ്തീൻ, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന വംശഹത്യകളുടെ സാഹചര്യത്തിൽ നിരവധി ആലോചനകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വംശഹത്യയിലേക്ക് ചുവടുവെക്കാത്ത വെറുപ്പ് വെറുക്കുന്നവരുടെയും വെറുക്കപ്പെടുന്നവരുടെയും സാധാരണ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതും മാറ്റുന്നതും? വ്യക്തിഗതവും പ്രാദേശികവുമായ തലങ്ങളിൽ നടക്കുന്ന വെറുപ്പിന്റെ സംഘാടനത്തിൽ ദേശീയവും സാർവദേശീയവുമായ സാഹചര്യങ്ങളുടെ സ്വാധീനം എന്താണ്?
ഇന്ത്യയിൽ ജാതിയിൽനിന്ന് സമുദായങ്ങൾ രൂപപ്പെടുന്ന ഘട്ടവും ദേശീയത രൂപപ്പെടുന്ന ഘട്ടവും പരസ്പരപൂരിതമായിരുന്നിരിക്കെ അപരത്വം എന്നത് ഈ രൂപവത്കരണങ്ങളുടെ വളരെ പ്രധാനപ്പെട്ട ഘടകം ആയിരുന്നു. പത്തൊമ്പത്- ഇരുപത് നൂറ്റാണ്ടുകളിൽ നടക്കുന്ന ഹിന്ദുമത രൂപവത്കരണത്തിൽ മുസ്‍ലിം അപരത്വം എന്നത് നിർണായക ഘടകം ആയിരുന്നു എന്നും ജാതി ഭിന്നതയുടെ ചോദ്യത്തെ മറികടക്കുന്നത് അപര ഭീതി സൃഷ്ടിച്ചുകൊണ്ട് ആണെന്നും നമുക്കറിയാം. എന്നാൽ, സ്വാതന്ത്ര്യത്തിന് ശേഷം ഗുജറാത്ത് വംശഹത്യപോലുള്ള സവിശേഷ സന്ദർഭങ്ങളിൽ അല്ലാതെ സമുദായ മതബന്ധങ്ങളിൽവന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങൾ ധാരാളമായി നടന്നിട്ടില്ല. രണ്ടു തലത്തിലും തരത്തിലും നടക്കുന്ന സംഘാടനങ്ങൾ ആണ് വെറുപ്പിനെ ഒരു വ്യക്തിഗത വികാരം എന്നതിൽനിന്ന് ഒരു സാമൂഹിക മാനസികാവസ്ഥ ആയി മാറ്റുന്നത്. അമൂർത്തമായ തലത്തിൽ ഉള്ള ദേശസ്നേഹി / ദേശത്തിന്റെ ശത്രു, സ്വദേശി / വിദേശി തുടങ്ങിയ വിപരീത ഇരട്ടകളുടെ വിന്യാസം ആണ് ഒരു തലം. ഭൗതിക ആവശ്യങ്ങളുടെ അസമമായ വിതരണത്തിന്റെയും പ്രാദേശിക സംസ്കാര വൈവിധ്യങ്ങളുടെയും സാമൂഹിക അനീതിയുടെയും മൂർത്തമായ തലം ആണ് മറ്റൊന്ന്.
ദേശരാഷ്ട്രം എന്ന സങ്കൽപം അമൂർത്തമായതുകൊണ്ടുതന്നെ, അത് പലതരം ഭാവനകൾക്ക് സാധ്യത തുറക്കുന്നു. എന്നാൽ വികാരപ്പെടുക എന്നത് ഒരു സ്വാഭാവിക പ്രക്രിയ അല്ല എന്നിരിക്കേ പരിശീലനത്തിലൂടെ മാത്രം സാധ്യമാകുന്ന ഒന്നാണ് എന്നിരിക്കേ ദേശത്തെ സ്നേഹിക്കാനും നിരന്തരമായ പരിശീലനം ആവശ്യമാണ്; അതുപോലെ തന്നെ ദേശത്തിന്റെ ശത്രുക്കളെ വെറുക്കുന്നതിനും. അമൂർത്തമായ ഈ ശത്രുവിനെ ഒരിക്കലും സ്വന്തം ജീവിതത്തിൽ കണ്ടിട്ടില്ല എങ്കിലും, ആ ശത്രു എന്താണ് നിരന്തരം ചെയ്യുന്നത് എന്ന് ഈ പരിശീലനത്തിലൂടെ നാം ഉറപ്പാക്കുന്നു. പലപ്പോഴും സൂചിപ്പിക്കാറുള്ള ഉദാഹരണംതന്നെ പരിശോധിക്കാം. നിങ്ങൾക്ക് നേരിട്ട് പരിചയമുള്ള എല്ലാ മുസ്‍ലിം വ്യക്തികളോടും നിങ്ങൾക്ക് ഒരു വിരോധവും ഇല്ല എങ്കിലും, നിങ്ങൾ ശത്രു എന്നു കരുതി മുസ്‍ലിം സമുദായത്തിന് ചാർത്തിക്കൊടുക്കുന്ന വിശേഷണങ്ങൾ ചേരുന്ന ഒരു മുസ്ലിമിനെയും നിങ്ങൾക്ക് പരിചയം ഇല്ല എങ്കിലും, അങ്ങനെ ഒരു ശത്രു എവിടെയോ ഉണ്ട് എന്നു വിശ്വസിക്കാൻ നിങ്ങൾക്കാവുന്നു. ഇതിന് ഒരു കാരണം ദേശത്തിനോടുള്ള സ്നേഹം എന്നതും അതുകൊണ്ടുതന്നെ അതിന് എതിർവികാരമായ ശത്രുത/വെറുപ്പ് എന്നതും അമൂർത്ത തലത്തിൽ ആണ് നിലനിൽക്കുന്നത് എന്നതാണ്. ദൈനംദിന ജീവിതത്തിൽനിന്ന് അതിന് എതിരായ എത്ര തന്നെ തെളിവുകൾ ലഭിച്ചാലും അത് നിങ്ങളുടെ വികാരത്തെ ബാധിക്കുന്നില്ല. മറിച്ച് അമൂർത്ത ശത്രുവിനോട് എത്രതന്നെ വെറുപ്പുണ്ടെങ്കിലും അത് അയൽക്കാരനായ മുസ്‍ലിം വ്യക്തിയെ സ്നേഹിക്കുന്നതിന് തടസ്സം ആകുന്നില്ല.
ഇന്ത്യയിൽ ദേശീയത, പ്രത്യേകിച്ചും വെള്ളക്കാരായ ശത്രുക്കൾ ഇല്ലാതായ ശേഷം, ഹിന്ദു മുസ്‍ലിം അപരത്വത്തിലൂടെ ആണ് ദൈനംദിനം നിർമിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമുക്കറിയാം. കഴിഞ്ഞ ഒരു ദശകത്തിൽ ദേശദ്രോഹ പദവി മുസ്‍ലിം സമുദായത്തിന് പുറത്തേക്കും വ്യാപിക്കുന്നുണ്ടെങ്കിലും അത് മൂർത്തമായ തലത്തിൽ, അതായത് പ്രത്യേക സമരങ്ങളുടെയോ നിയമനിർമാണങ്ങളുടെയോ സന്ദർഭത്തിൽ ആണ് സംഭവിക്കുന്നത്. അമൂർത്തമായ തലത്തിൽ ഇപ്പോഴും അത് മുസ്‍ലിം സമുദായത്തിനെ എതിർ നിർത്തികൊണ്ടുതന്നെ ആണ് സ്വയം നിർവചിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വനിയമ വിരുദ്ധ സമരത്തിലും കർഷകസമരത്തിലും ഉണ്ടായ പ്രതികരണങ്ങളുടെ വ്യത്യാസം സൂക്ഷ്മമായി പരിശോധിച്ചാൽ ഇത് വ്യക്തമാകും. ആദ്യത്തേത് ദേശദ്രോഹികളുടെ സമരമായി വ്യാഖ്യാനിക്കപ്പെട്ടു എങ്കിൽ, രണ്ടാമത്തേത് ദേശദ്രോഹികൾ സമരത്തിൽ ഇടപെടാൻ ശ്രമിക്കുന്നു എന്ന തരത്തിലാണ് വിവരിക്കപ്പെട്ടത്. ''പാകിസ്താനിലേക്ക് പോ'' എന്ന ആക്രോശമാണ് ദേശീയതയുടെയും ദേശീയമായ വെറുപ്പിന്റെയും മുഖമുദ്ര. പാകിസ്താനോടുള്ള വെറുപ്പ് ചൈനയോട് ഉള്ളതുപോലെ അല്ല. ആ വെറുപ്പാണ് ഇന്ത്യയെ നിർവചിക്കുന്നതിന് അടിസ്ഥാന ഘടകം. നിങ്ങൾ കമ്യൂണിസ്റ്റുകാരനോ അംബേദ്കറൈറ്റോ സ്ത്രീ വിമോചനവാദിയോ എന്തുമായിക്കൊള്ളട്ടെ, നിങ്ങൾ ദേശദ്രോഹി ആവുന്ന നിമിഷം നിങ്ങൾ മുസ്ലിമായി മാറുന്നു. നിങ്ങൾ പാകിസ്താനിലേക്ക് പോകാൻ അർഹനാകുന്നു. സമരങ്ങളെ ദേശദ്രോഹപരം എന്നു വിളിക്കുന്നതിന് പകരം ജിഹാദ് ചേർത്ത് ആ സമരങ്ങളെ വ്യാഖ്യാനിക്കുന്നതും ഇതേ യുക്തിയിൽതന്നെ ആണ്.
അമൂർത്തമായ ഒന്നിനോടുള്ള വെറുപ്പിനെ നേരിടാൻ, ആ വെറുപ്പ് ഉൽപാദിപ്പിക്കുന്ന പരിശീലനത്തെ ചോദ്യംചെയ്യണം. ഇന്ത്യയിലുള്ള മുസ്ലിംകൾ ശത്രുക്കളല്ല എന്നും അവർക്കും ഇവിടെ ആത്മാഭിമാനത്തോടെ ജീവിക്കാൻ തുല്യ അവകാശം ഭരണഘടന നൽകുന്നുണ്ട് എന്നുമുള്ള വസ്തുതകൾ ഉയർത്തിപ്പിടിക്കുക എന്നത് ഇതിന്റെ ഒരു ഭാഗം ആണ്. എന്നാൽ അത് പലപ്പോഴും വിജയിക്കാതെപോകുന്നത് അത് ഒരു പ്രത്യേക ശത്രുവിനെ ഉണ്ടാക്കുന്ന പ്രക്രിയയെ മാത്രമേ ചോദ്യംചെയ്യുന്നുള്ളൂ എന്നതുകൊണ്ടും അപരത്വം അടിസ്ഥാനമാക്കി നിർമിക്കുന്ന ദേശീയതയെ അത് ചോദ്യംചെയ്യുന്നില്ല എന്നതുകൊണ്ടുമാണ്. എല്ലാ ഇന്ത്യക്കാരനെയും നിങ്ങൾ സ്നേഹിച്ചാലും പാകിസ്താൻകാരനെ വെറുക്കാൻ നിങ്ങൾ പരിശീലിക്കുന്നു എങ്കിൽ അത് ഇന്ത്യൻ മുസ്ലിമിലേക്ക് തിരിയാൻ പാകിസ്താൻ ഇസ്‍ലാമിക രാജ്യമാണെന്ന സങ്കൽപമോ, ഇസ്‍ലാം ഉദ്ഭവിച്ചത് വിദേശത്ത് ആണ് എന്ന യുക്തിയോ മാത്രം മതി.
വ്യത്യസ്തതയെ കുറിച്ചുള്ള കാഴ്ചപ്പാടാണ് ദേശീയത ഉൽപാദിപ്പിക്കുന്ന വെറുപ്പിന്റെ മറ്റൊരു കാരണം. ഒരു രാഷ്ട്രീയ സമൂഹം എന്ന നിലക്കല്ലാതെ ഒരേ ചരിത്രം പങ്കിടുന്ന അല്ലെങ്കിൽ പൊതു സംസ്കാരം പങ്കു വെക്കുന്ന ഒരു സമൂഹം എന്ന നിലക്ക് ദേശീയ സമൂഹത്തെ നിർവചിക്കുമ്പോൾ എത്രതന്നെ മൂർത്തമായ നാനാത്വങ്ങളുടെ അനുഭവത്തിനിടയിലും ഏകത്വത്തിന് വേണ്ടിയുള്ള അന്വേഷണം നിർബന്ധമാകുന്നു. ഏകത്വം അമൂർത്തമായിരിക്കെ അതിനെ ദേശഭക്തി, ദേശത്തെ കുറിച്ചുള്ള അഭിമാനം തുടങ്ങിയ മറ്റ് അമൂർത്ത വികാരങ്ങളിലൂടെ മാത്രമേ അനുഭവിക്കാൻ ആകൂ. അമൂർത്തമായ ഈ ഏകത്വത്തിന് വേണ്ടിയുള്ള ത്വര, വ്യത്യസ്തതകളെ ഭയക്കുന്നതിലേക്കും പിന്നെ വെറുക്കുന്നതിലേക്കും നയിക്കുന്നു. ഒരു ജനാധിപത്യ സമൂഹം ഉണ്ടാക്കുന്നതിന് ഒന്നിക്കുന്ന വ്യത്യസ്ത വിഭാഗങ്ങൾ എന്നതിന് പകരം, ഏകമാന സംസ്കാരം ഉള്ള ഒരു സമൂഹം എന്ന നിലക്ക് ദേശീയ സമൂഹത്തെ നിർവചിക്കുമ്പോൾ വ്യത്യസ്തതയെ അംഗീകരിക്കാൻ പ്രയാസമാണ്. വ്യത്യസ്തതയെ ഒരു ബന്ധമായി കാണുന്നതിന് പകരം വേർപെടൽ ആയി മനസ്സിലാക്കുമ്പോൾ അത് ഏകത്വത്തിന് എതിരായി സ്ഥാപിക്കപ്പെടുന്നു.
ഭയം എന്ന വികാരത്തിന്റെ ഉൽപാദനം ആണ് ഏകത്വത്തിന്റെയും അതുവഴി നിർവചിക്കുന്ന ദേശീയതയുടെയും മറ്റൊരു പ്രത്യേകത. മേധാവിത്വം പുലർത്തുന്ന വിഭവങ്ങൾ നടത്തുന്ന തങ്ങൾ അരക്ഷിതർ ആണെന്ന് സ്ഥാപിക്കാൻ ഉള്ള ശ്രമങ്ങളും പലപ്പോഴും അതിലുള്ള വിശ്വാസവും ഈ ഭയനിർമിതിയുടെ അടിസ്ഥാനമാണ്. ഈ ഭയത്തിന്റെ പ്രകടിത രൂപമാണ് പട്ടാളക്കാർ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തവർ ആണെന്ന വിശ്വാസം ഉണ്ടാകുന്നത്. ശത്രുവിനെ നിരന്തരമായി ഭയന്ന് ജീവിക്കുമ്പോൾ, യുദ്ധമൊന്നുമില്ലെങ്കിലും പട്ടാളക്കാർ എപ്പോഴും ശത്രുവിനോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുക ആണെന്ന് വിഭാവനം ചെയ്യാൻ നമുക്കാവുന്നു. ഈ ഭയം അഫ്സ്പ പോലുള്ള കരിനിയമങ്ങളെ നിർമിക്കുന്നതിലേക്കും അതിനെ പിന്തുണക്കുന്നതിലേക്കും നയിക്കുന്നു. ഭയവും വെറുപ്പും എപ്പോഴും അടുത്തടുത്ത വികാരം ആവണം എന്നില്ല. എന്നാൽ ദേശീയതയുടെ അടിസ്ഥാനമായി ഭയവും വെറുപ്പും പ്രവർത്തിക്കുന്നു എന്നതാണ് ഇന്ത്യയിലെ അനുഭവങ്ങളിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുക.
ദേശീയതയിൽനിന്നും വ്യത്യസ്തമായി ജാതി മൂർത്തമായ തലത്തിൽ വെറുപ്പ് പരിശീലിക്കുന്ന ഒരു സംവിധാനം ആണ്. ഇവിടെ വെറുപ്പ് എന്നത് പലപ്പോഴും വംശഹത്യയിലേക്കോ കൊലപാതകങ്ങളിലേക്കോ അല്ല (അവയും സംഭവിക്കാറുണ്ടെങ്കിലും) മറിച്ച് നിരന്തരമായ ദൈനംദിന അതിക്രമങ്ങളിലേക്ക് ആണ് നയിക്കുന്നത്. അയിത്തം മുതൽ പലതരത്തിലുള്ള വിവേചനങ്ങൾ ജീവിതചര്യയായി മാറ്റാൻ പരിശീലിപ്പിക്കുന്ന പദ്ധതി എന്ന നിലക്ക് ജാതിവെറുപ്പിന്, മുന്നിൽ കാണുന്ന ഒരാളെ നിർമാനവീകരിക്കാൻ പോന്ന ന്യായീകരണ പദ്ധതികൾ ആണുള്ളത്. കൊളോണിയൽ മാതൃകകളുടെ സ്വീകരണത്തിലൂടെ മുമ്പുണ്ടായിരുന്ന തരത്തിൽ ജാതിവെറുപ്പിനെ ആചാരത്തിന്റെയും വിധിവാദത്തിന്റെയും അടിസ്ഥാനത്തിൽ അല്ലാതെ തന്നെ സെക്കുലർ എന്നു പറയാവുന്ന രീതികളിൽ തർജമ ചെയ്യുന്നതിന് സവർണസമൂഹം സ്വയം പരിഷ്കരണത്തിലൂടെ പരിശീലിച്ചെടുത്തു. അറിവില്ലാത്തവർ, വൃത്തിയില്ലാത്തവർ, ബുദ്ധിയെ അടിസ്ഥാനപ്പെടുത്തി ഉള്ള തൊഴിലുകൾ ചെയ്യാൻ കഴിയാത്തവർ, ഭംഗി ഇല്ലാത്തവർ എന്നിങ്ങനെ പലതരത്തിലുള്ള വാർപ്പുമാതൃകകളിലൂടെ 'താഴ്ന്ന' ജാതിയിൽ പെട്ടവരെ കുറഞ്ഞ മനുഷ്യരായി കണക്കാക്കുന്നതിനുള്ള പരിശീലനം ആണ് അത്. ഇവിടെ വെറുപ്പ് എന്നത് സഹതാപം, പുച്ഛം, അറപ്പ് എന്നിങ്ങനെ (ചിലപ്പോൾ അനുകമ്പപോലും ഉൾപ്പെടുത്താവുന്ന) മറ്റു വികാരങ്ങളിലൂടെ ആണ് നിർമിക്കപ്പെടുന്നത്.
ദേശീയതയിൽനിന്ന് വിഭിന്നമായി ജാതി വ്യത്യസ്തതകളെ അംഗീകരിക്കുന്നതായി തോന്നാം. എന്നാൽ ഇവിടെയും വ്യത്യസ്തമായ പല വിഭാഗങ്ങൾ ഉണ്ടായിരിക്കും എന്ന് അംഗീകരിക്കുമ്പോഴും, ആ വ്യത്യസ്തതയെ സ്വന്തം സ്ഥലങ്ങളിൽനിന്ന് പുറന്തള്ളിയും സ്വന്തം സ്ഥലത്തെ പരിശുദ്ധമാക്കി നിലനിർത്തിയും ആണ് ജാതി ഇന്ന് നിലനിൽക്കുന്നത്. ഇവിടെ വെറുപ്പ് പ്രകടമാവുന്നത് പലപ്പോഴും സ്വയം വിട്ടുനിൽക്കാൻ ഉള്ള പ്രയത്നങ്ങളിലൂടെ ആണ്. കീഴ്ജാതിക്കാർ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽനിന്ന്, അവർ ഉണ്ടാകാൻ സാധ്യത ഉള്ള പൊതു ഇടങ്ങളിൽനിന്ന്, അവർ താമസിക്കുന്ന പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുമാറൽ ഇതിന്റെ ഭാഗമാണ്. തങ്ങൾ ഉള്ള ഇടങ്ങളിൽ ഈ വിഭാഗങ്ങളിൽനിന്നുള്ളവർ വരാതിരിക്കാൻ ഉള്ള ശ്രമങ്ങളും ഇതിന്റെ ഭാഗംതന്നെ. സംവരണത്തെ എതിർക്കുന്നതുപോലുള്ള അഭിപ്രായങ്ങൾ മാത്രമല്ല തങ്ങളുടെ സ്ഥലങ്ങളിൽ പ്രവേശിക്കുന്നവരെ ആക്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഈ വെറുപ്പ് സവർണ അഗ്രഹാരങ്ങളുടെ പുതിയ പതിപ്പുകൾ സൃഷ്ടിക്കുന്നു. സവർണർ തങ്ങളുടേതെന്ന് കരുതുന്ന സാംസ്കാരിക ചിഹ്നങ്ങൾ മറ്റു ജാതിയിൽ ഉള്ളവർ ഉപയോഗിക്കുമ്പോൾ നേരിട്ടുള്ള ശാരീരിക ആക്രമണത്തിലൂടെ ഇതിനെ നേരിടുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമുക്കറിയാം.
വെറുപ്പ് ആഹ്ലാദമായി മാറുന്ന അവസ്ഥകൾ ആണ് പരിശോധിക്കേണ്ട മറ്റൊരു ഘടകം. ഉദാഹരണത്തിന് നമ്മുടെ സമൂഹത്തിലെ ആണത്തത്തിന്റെ നിർമിതിയെ പരിശോധിക്കുമ്പോൾ അത് പ്രധാനമായും ആക്രമണത്തിലൂടെ ഉള്ള അധികാരം സ്ഥാപിക്കലിൽ കൂടിയും അതിൽ ആഹ്ലാദം കണ്ടെത്തുന്നതിൽ കൂടിയും ആണ് രൂപപ്പെടുന്നത് എന്നു കാണാം. ഈ ആണത്താധികാര പ്രയോഗത്തിൽ സ്നേഹവും രക്ഷകമനോഭാവവും ഒക്കെ തന്നെ ആക്രമണോത്സുകമായി ആണ് പ്രയോഗിക്കുന്നത്. പ്രത്യക്ഷത്തിൽ വെറുപ്പിന്റെ അടിസ്ഥാനത്തിൽ അല്ലാത്ത ഇത്തരം ഹിംസാത്മക മനോഭാവം അപരത്വ വെറുപ്പിനോട് കൂടിച്ചേരുമ്പോൾ അതിഭയാനകമായ ഹിംസയിലേക്ക് നയിക്കുന്നത് രാജ്യത്തിന്റെ പല ഭാഗത്ത് കീഴ്ജാതിയിലോ ന്യൂനപക്ഷവിഭാഗങ്ങളിലോ ഉള്ള പെൺകുഞ്ഞുങ്ങൾക്ക് നേരെ നടന്ന ലൈംഗികാക്രമണങ്ങളിൽ നമ്മൾ കണ്ടു. ഗുജറാത്ത് വംശഹത്യപോലുള്ള സന്ദർഭങ്ങളിലും മണിപ്പൂരിലും കശ്മീരിലും പട്ടാളം നടത്തിയ കൂട്ട ബലാത്സംഗങ്ങളിലും വെറുപ്പും ആണത്താധികാര പ്രകടനവും ഒന്നിക്കുന്നതിന്റെ ഭീകരതക്ക് നാം സാക്ഷ്യംവഹിച്ചു.
അധികാരവും വെറുപ്പും ഒന്നിക്കുന്നതിന്റെ ഏറ്റവും ഹിംസാത്മകമായ രാഷ്ട്രീയ രൂപമാണ് ഫാഷിസം. മേൽപ്പറഞ്ഞ അമൂർത്തവും മൂർത്തവുമായ വെറുപ്പുൽപാദന പ്രക്രിയകളും ആണത്ത അധികാര പ്രയോഗങ്ങളും ഇവിടെ ഒന്നിക്കുന്നു. വെറുപ്പ് ഒരു മാന്യമായ വികാരമല്ല എന്ന ധാരണയിൽ ഉള്ളിൽ ഒതുക്കിയിരുന്നവർ പോലും അതിന് ദേശീയ വികാരത്തിന്റെ പദവി ലഭിക്കുന്നതോെട മടികൂടാതെ അതെടുത്തു പ്രയോഗിക്കുന്നു. ദേശീയഭാഷയുടെ അടിച്ചേൽപ്പിക്കൽപോലെ ദേശീയവികാരവും നിർബന്ധപൂർവം പരിശീലിപ്പിക്കപ്പെടുന്നു. രാഷ്ട്രീയ പ്രസംഗങ്ങളിൽ, സാമൂഹിക മാധ്യമങ്ങളിൽ, വാർത്താറൂമുകളിലെ അന്തിചർച്ചകളിൽ, ആക്രമണോത്സുകമായ വെറുപ്പ് വളരെ ന്യായമായ വികാരമായി പ്രത്യക്ഷപ്പെടുന്നു. 'ചുവരിൽ തേച്ച് ഒട്ടിക്കലുകൾ' ഫലവത്തായ ചർച്ചയുടെ രൂപകങ്ങൾ ആകുന്നു. മുസ്ലിംകൾക്ക് ദേശത്തോട് കൂറു തെളിയിക്കാൻ നിരന്തരമായി യഥാർഥത്തിലോ ഭാവനയിലോ ലോകത്തെവിടെയെങ്കിലും ഉള്ള ഏതെങ്കിലും മുസ്‍ലിം ആക്രമണകാരിക്ക് എതിരായ വെറുപ്പ് പ്രകടിപ്പിച്ചു കാണിക്കേണ്ടിവരുകയും ചെയ്യുന്നു.
വെറുപ്പിന്റെ സാമൂഹികനിർമിതിയുടെ ഭയാനകമായ മറ്റൊരു വശം എന്നത്, വെറുപ്പ് തുടർച്ചയായി നിലനിർത്തുന്നതിന്, തൊട്ട് മുന്നത്തേതിനെക്കാൾ ശക്തിയുള്ള ആക്രമണങ്ങൾ ആവശ്യം ആണെന്നുള്ളതാണ്. വിദ്വേഷ പ്രസംഗങ്ങൾ ഫലവത്താകണമെങ്കിൽ മുൻപ് പറഞ്ഞതിനെക്കാൾ കൂടുതൽ ആക്രമണോത്സുകമായി അടുത്തവട്ടം സംസാരിക്കണം. കേൾവിക്കാരന്റെ മനസ്സിലെ വെറുപ്പുമായി നേരിട്ട് സംവദിക്കുന്ന ഇത്തരം ആക്രോശങ്ങളെ അവയിലെ വസ്തുതാവിരുദ്ധതയോ യുക്തി ഇല്ലായ്മയോ ചൂണ്ടിക്കാട്ടി അസാധുവാക്കാൻ ആകില്ല. നേരത്തേ സൂചിപ്പിച്ചതുപോലെ ഇത്തരം പ്രസംഗങ്ങൾ വെറുപ്പിനെ ആഹ്ലാദമാക്കി മാറ്റുന്നതുകൊണ്ടുകൂടിയാണ് അവ ഫലവത്താകുന്നത്. അതുപോലെ തന്നെ വെറുപ്പിനെതിരായി മൂർത്തമോ അമൂർത്തമോ ആയ സ്നേഹത്തെ പ്രതിഷ്ഠിക്കുന്നതും പ്രശ്നകരം ആണ്. സ്നേഹമെന്നതും ഹിംസാത്മകമായി അധികാരരൂപമായി പ്രയോഗിക്കപ്പെടുമ്പോൾ വെറുപ്പിന് ബദൽ ആകുന്നില്ല.
വികാരപ്പെടലുകളുടെ പരിശീലനത്തിൽ ജനാധിപത്യത്തിനും സാമൂഹികനീതിക്കും വ്യത്യസ്തതക്കും പ്രഥമ പരിഗണന കൊടുക്കുന്നതിലൂടെ ആണ് വെറുപ്പിന്റെ സാമൂഹിക സംഘാടനത്തെ ഒരു പരിധിവരെ എങ്കിലും തടയാൻ ആവുക. വ്യത്യസ്തതയുടെ അനുഭവം ആഹ്ലാദമാക്കാൻ പരിശീലിക്കുക എന്നതും ഏകത്വം എന്നത് അഭികാമ്യമല്ലാത്ത ഒരു സാമൂഹികാവസ്ഥയെ വിഭാവനംചെയ്യുക എന്നതും ആണ് ഇതിനുള്ള മാർഗം. വെറുപ്പിനെ ഒറ്റ തിരിച്ച് കാണാതെ ദേശീയത, ആണത്തം, ഭയം തുടങ്ങി മറ്റു പല ആശയങ്ങളോടും വികാരങ്ങളോടും ഉള്ള അതിന്റെ കൂടിച്ചേരലുകളിൽ ആണ് നാം ശ്രദ്ധിക്കേണ്ടത്. വ്യത്യസ്തരായിതന്നെ ഒന്നിച്ചിരിക്കുക എന്നത് അസാധ്യമാണ് എന്ന രീതിയിൽ ആണ് ഇന്ന് പലപ്പോഴും നാം ചിന്തിക്കുന്നത്. എന്നാൽ ഒരു പരിധിവരെ എങ്കിലും അങ്ങനെ ഒന്നിച്ചിരിക്കാൻ നാം നിർബന്ധിതരുമാകുന്നു. അതിനെ ഒരു നിർബന്ധമായി അനുഭവിക്കാതെ സാധ്യതയായി മനസ്സിലാക്കാൻ നാം പരിശീലിക്കേണ്ടിയിരിക്കുന്നു. വെറുപ്പിനെ വെറുക്കാനോ മറിച്ച് ശത്രുവിനെ സ്നേഹിക്കാനോ പഠിക്കുന്നതിൽ അല്ല, വ്യത്യസ്തതകളെ ഉച്ചനീചത്വത്തിൽ തളച്ചിടാതെ, അംഗീകരിക്കാനും ബഹുമാനിക്കാനും അതിൽ ആഹ്ലാദം കണ്ടെത്താനും പഠിക്കുന്നിടത്ത് ആണ് സാമൂഹിക നീതി സാധ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.