''സ്വന്തവാക്യത്തിനുണ്ടായിരുന്ന ദൈവികമായ വിശ്വാസ്യത ടിപ്പുവിനെയും മൈസൂരിനെയും ശപിക്കുന്നതിനും തെറിപറയുന്നതിനും ഈ നമ്പൂതിരിമാർ മുതലിറക്കി. അവർ മനഃപൂർവം നുണ പറയുകയായിരുന്നില്ല. അവരുടെ മനസ്സിന് നിഷ്കളങ്കമായനുഭവപ്പെട്ട ആഘാതങ്ങൾ നാടുതോറും സഞ്ചരിച്ചുകൊണ്ട് എല്ലാ ഭയങ്കരതകളോടുംകൂടി ഈ വിദ്യാസമ്പന്നന്മാർ വിവരിച്ചുവെന്നുമാത്രം. (...) ടിപ്പുവിനെക്കുറിച്ചുള്ള ഭയവും വിദ്വേഷവും അറപ്പും വെറുപ്പും അങ്ങനെ ഒരു മതംപോലെ, സമൂഹത്തിലേക്കൂറുകയും ചെയ്തു.''

(പി.കെ. ബാലകൃഷ്ണൻ, ടിപ്പു സുൽത്താൻ)

കേരളത്തിന്‍റെ സാമൂഹിക സാംസ്കാരിക ചരിത്രത്തെ പുനഃസന്ദർശനം ചെയ്യാനുതകുന്നതും സാംസ്കാരിക പ്രതിരോധത്തിന്‍റെ നീതിനിഷ്ഠവും ഗവേഷണാധിഷ്ഠിതവുമായി തെളിവുരൂപങ്ങളെ പുനർവ്യാഖ്യാനിക്കുന്നതിനും വർത്തമാനകാല പ്രതിസന്ധികളിൽ അനുരോധനാത്മകമായി സംവാദസ്ഥലികളെ തുറന്നിടുന്നതുമായ നിരവധി ചരിത്രസാക്ഷ്യങ്ങൾ ഉൽഖനനം ചെയ്യേണ്ടതായിട്ടിരിക്കുന്നു. അത്തരത്തിൽ നവീനമായ ചരിത്രദർശനത്തിന്‍റെയും കാഴ്ചപ്പാടിന്‍റെയും അടിസ്ഥാനത്തിൽ പുനഃസന്ദർശനം ചെയ്യേണ്ടവയാണ് സംസ്കൃതത്തിൽ രചിക്കപ്പെട്ട 'ചരിത്രകാവ്യങ്ങൾ'. ചരിത്രകാവ്യങ്ങളെന്ന നിലക്ക് പണ്ഡിതന്മാർ അടയാളപ്പെടുത്തുന്ന നിരവധി സംസ്കൃത കാവ്യങ്ങൾ കേരളത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്. അതുലന്‍റെ മൂഷികവംശം, കേരളവർമ വലിയകോയിത്തമ്പുരാന്‍റെ വിശാഖവിജയം, ടി. ഗണപതിശാസ്ത്രികളുടെ ശ്രീമൂലചരിതം, പത്മനാഭശാസ്ത്രികളുടെ ജോർജുദേവ ചരിതം എന്നിവ അതിൽ ചിലതു മാത്രമാണ്. ഇതിൽ ബ്രിട്ടീഷുകാരുടെ അധിനിവേശം മുതൽ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാർധത്തിൽ വിക്ടോറിയ രാജ്ഞി ചക്രവർത്തിസ്ഥാനം ഏറ്റെടുക്കുന്നതുവരെയുള്ള സുദീർഘമായ ചരിത്രം പ്രതിപാദിക്കുന്ന 'കേരളപാണിനി' എന്ന് അറിയപ്പെടുന്ന എ.ആർ. രാജരാജവർമയുടെ സംസ്കൃതചരിത്രകാവ്യമാണ് ആംഗലസാമ്രാജ്യം. തിരുവനന്തപുരത്ത് രാജകീയ സംസ്കൃത കോളജ് ആരംഭിച്ചപ്പോൾ അതിന്‍റെ പ്രിൻസിപ്പൽ ആയി എ.ആർ നിയമിതനായി. ഈ സമയത്ത് സംസ്കൃത വിദ്യാർഥികൾക്ക് സംസ്കൃതത്തിൽതന്നെ ആധുനിക വിഷയങ്ങളും പഠിപ്പിക്കാൻ ഒരു സംസ്കൃതഗ്രന്ഥപരമ്പര രചിക്കുന്നതിന് കേരളവർമ വലിയകോയിത്തമ്പുരാനുമായി എ.ആർ ആലോചിച്ചു. അതിന്‍റെ ഫലമായിട്ടാണ് ആംഗലസാമ്രാജ്യം രചിച്ചതെന്ന് പ്രസ്തുത ഗ്രന്ഥത്തിന്‍റെ മുഖവുരയിൽ എ.ആർ സൂചിപ്പിക്കുന്നു.


കൈമാറ്റംചെയ്യേണ്ട വിവരങ്ങളുടെ വെറുമൊരു ശേഖരം മാത്രമല്ല ചരിത്രമെന്നും അതിനു തെളിവുകളുടെ പിൻബലമുണ്ടാകണമെന്നും 'The Past as Present' എന്ന ഗ്രന്ഥത്തിൽ ചരിത്രപണ്ഡിതയായ റോമില ഥാപ്പർ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ സൂക്ഷ്മമായ തെളിവുരൂപങ്ങളെ അനുധാവനം ചെയ്യാതെ കേട്ടുകേൾവികളെ പലപ്പോഴും ചരിത്രമാക്കി മാറ്റുന്ന പ്രക്രിയ എ.ആർ. രാജരാജവർമയുടെ ആംഗലസാമ്രാജ്യവും സംവഹിക്കുന്നുണ്ടെന്ന് ടിപ്പു സുൽത്താനെ സംബന്ധിച്ച വിവരണങ്ങൾ പരിശോധിക്കുമ്പോൾ ബോധ്യമാവും. ''ടിപ്പുവിന്‍റെ മതഭ്രാന്ത് സൂര്യപ്രകാശംപോലെ തെളിവാവശ്യമില്ലാത്ത ഒന്നായിട്ടാണ് ചരിത്രകാരന്മാർ അംഗീകരിച്ചിരിക്കുന്നതെന്ന'' പി.കെ. ബാലകൃഷ്ണന്‍റെ വിമർശനം ഇവിടെ സംഗതമാവുന്നുണ്ട് (ടിപ്പു സുൽത്താൻ, 2016, പുറം. 122). ഐതിഹ്യങ്ങളെയും കേട്ടുകേൾവികളെയും ചരിത്രമായി അടയാളപ്പെടുത്തുമ്പോൾ അത്തരം അവകാശവാദങ്ങൾ തെളിയിക്കപ്പെടേണ്ടതാണെന്ന ഥാപ്പറുടെ നിരീക്ഷണത്തിന് ബലമേറുന്ന സന്ദർഭവുമിതാണ്.

ടിപ്പു ക്ഷേത്രധ്വംസകനോ?

ടിപ്പുവിനെ സംബന്ധിച്ച് ഏറ്റവും പ്രബലമായി ഉയർന്നുകേൾക്കുന്ന ഒന്നാണ് അദ്ദേഹം മതഭ്രാന്തനായ ക്ഷേത്രധ്വംസകനാണെന്നുള്ളത്. കേരളത്തിൽ തകർന്നുകിടക്കുന്ന ഓരോ ക്ഷേത്രത്തിന്‍റെയും ഉത്തരവാദിത്തം ഇന്ന് ടിപ്പുവിലാണ് കെട്ടിയേൽപിക്കപ്പെടുന്നത്. ക്ഷേത്രധ്വംസനം നടത്തി എന്ന് പറയപ്പെടുന്ന ക്ഷേത്രങ്ങളുടെ ചരിത്രപരമായ തെളിവുകളുടെ അഭാവത്തിലാണ് എല്ലായ്പോഴും ടിപ്പു കുറ്റവാളിയായി ഗണിക്കപ്പെടുന്നത്. തെളിവുകളുടെ അഭാവത്തിൽ കേട്ടുകേൾവികൾ മാത്രം പരിഗണിച്ചാണ് എ.ആറും ആംഗലസാമ്രാജ്യത്തിൽ ടിപ്പുവിനെ മതഭ്രാന്തനായും ക്ഷേത്രധ്വംസകനായും ചിത്രീകരിക്കുന്നത്. ''സ്ത്രീകളും പുരുഷന്മാരും മാത്രമല്ല, ദേവതാഗണങ്ങൾപോലും, ടിപ്പുവിനെ ഭയന്ന് പ്രതിഷ്ഠാസ്ഥാനങ്ങൾ വെടിഞ്ഞ് നിർഗമിച്ചതായി'' ടിപ്പൂപപ്ലവമെന്ന പതിനൊന്നാം സർഗത്തിൽ രാജരാജവർമ രേഖപ്പെടുത്തുന്നു (11.31). ടിപ്പുവിന്‍റെ സൈന്യം കേരളത്തിൽ പ്രവേശിച്ച മാത്രയിൽ തന്നെ കേരളഭൂമി അശുദ്ധമായതായും എ.ആർ എഴുതുന്നു (''പ്രവിശത്സുതതസ്തുലുഷ്ക സൈന്യേ/ ഷ്വശുചിസ്പർശകളങ്കശങ്കിതാ സാ'', 11.30). ''ചെറിയ വട്ടത്തൊപ്പികൊണ്ട് മൊട്ടത്തല മറച്ചുള്ളതും പൊക്കിൾവരെ തൊട്ടുകിടക്കുന്ന മീശക്കെട്ടും പാദംവരെ തൊട്ടുകിടക്കുന്ന ഉടുപ്പിന്‍റെ അറ്റവും ഉള്ളതുമായ ശരീരങ്ങൾ ആ പ്രദേശത്തൊക്കെ വേഗം ഇടചേർന്നു വിരിച്ച പോലെയായി'' (''തനുവൃത്തശിസ്ത്രഗുപ്തമുണ്ഡെർ..,'' 11.53) എന്ന് മുസ്ലിം സമുദായത്തെ അടയാളപ്പെടുത്തുന്ന കവി തുലുഷ്കർ പ്രവേശിച്ചപ്പോൾ കേരളഭൂമി അശുദ്ധമായി എന്ന് അടയാളപ്പെടുത്തിയതിന്‍റെ അബോധചരിത്രം പഠനീയമാണ്. വളരെക്കാലമായി ക്ഷേത്രങ്ങൾ നശിപ്പിച്ച് വിഗ്രഹങ്ങൾ തകർത്തതിന്‍റെ ഫലമായിട്ടാണ് ടിപ്പുവിന്‍റെ ശരീരവും തകർന്നതെന്ന് സ്ഥാപിക്കുന്ന ആംഗലസാമ്രാജ്യം പക്ഷേ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നോ, എവിടെയാണെന്നോ ഉള്ള യാതൊരുവിധ തെളിവുരൂപങ്ങളും ഹാജരാക്കുന്നില്ല (11.55). തെറ്റായി ചിത്രീകരിക്കേണ്ട അവസരങ്ങളിലെല്ലാം ഒരു മുസ്ലിം ഭരണാധികാരിയെ ഭീകരസ്വത്വമായി ഏറെ നിന്ദയോടെ അവതരിപ്പിക്കുന്നതിനെപറ്റി റോമില ഥാപ്പർ (Voices of Dissent) വിശദീകരിക്കുന്നുണ്ട്. സംസ്കൃത പ്രമാണങ്ങൾ പൊതുവെ ഇസ്‍ലാമിക മതവിശ്വാസികളെയും മുസ്ലിംകളെയും മ്ലേച്ഛരായാണ് കണ്ടിരുന്നത്. പൃഥ്വിരാജവിജയംപോലുള്ള സംസ്കൃതസാഹിത്യകൃതികളിൽ മുസ്ലിംകളെ രാക്ഷസരായാണ് ചിത്രീകരിക്കുന്നത്. ഡെക്കാണിൽനിന്നുള്ള, സംസ്കൃതത്തിലും തെലുങ്കിലും എഴുതപ്പെട്ടിട്ടുള്ള ഒരു കാകതീയ ശിലാശാസനത്തിൽ ഡൽഹി സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിക്കുന്നത്, ''ബ്രാഹ്മണരെ കൊല്ലുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും കർഷകരെ കൊള്ളയടിക്കുകയും ബ്രാഹ്മണർക്കു ദാനമായി നൽകപ്പെട്ട ഭൂമി കണ്ടുകെട്ടുകയും മദ്യപിക്കുകയും പശുവിറച്ചി തിന്നുകയും ചെയ്യുന്ന പേടിപ്പെടുത്തുന്ന ആളായാണ്.'' ഇവിടെ വിവരിച്ച പ്രകാരമാണ് ആംഗലസാമ്രാജ്യത്തിൽ ടിപ്പുവിനെയും ചിത്രീകരിക്കുന്നത്. ബ്രാഹ്മണരെ കൊല്ലുകയും ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന ഒരാളായാണ് എ.ആർ ടിപ്പുവിനെ അവതരിപ്പിക്കുന്നത്.

ടിപ്പുവിന്റെയും ഹൈദരലിയുടെയും ഖബറുകൾ സ്ഥിതിചെയ്യുന്ന ശ്രീരംഗപട്ടണത്തെ ഗുംബസ്

ആംഗലസാമ്രാജ്യത്തിൽ ടിപ്പുവിനെ രാവണനുമായാണ് തുലനംചെയ്യുന്നത് (11.8). ഇംഗ്ലീഷ് സൈന്യവും ടിപ്പുവിന്‍റെ സൈന്യവും തമ്മിലുള്ള യുദ്ധം തന്നെ രാമ-രാവണയുദ്ധവുമായാണ് എ.ആർ താരതമ്യം ചെയ്യുന്നത് (12.11). യുദ്ധത്തിന് തയാറെടുത്തു നിൽക്കുന്ന ടിപ്പുവിനെ ''ലക്ഷ്മണൻ തടഞ്ഞ ആഭിചാരവേദിയിലെ ഇന്ദ്രജിത്തായാണ്'' കവി അടയാളപ്പെടുത്തുന്നത് (13.55). ഇതെല്ലാം തന്നെ ടിപ്പുവിനെ രാക്ഷസവൽക്കരിക്കുന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. ടിപ്പു തികഞ്ഞ ബ്രാഹ്മണേദ്രാഹിയാണെന്നു സ്ഥാപിക്കാനും കവി ശ്രമിക്കുന്നുണ്ട്. ''താൻ ജനിച്ചപ്പോൾ തുടങ്ങി, സജ്ജനസമ്മതരായ യാതൊരുത്തരെ അകാരണവൈരത്തോടെ േദ്രാഹിച്ചുപോന്നുവോ ആ ബ്രാഹ്മണരെ യാദൃച്ഛികമായി വിളിച്ചുവരുത്തി അദ്ദേഹം ദാനദക്ഷിണാദികൾ നൽകി'' (13.64). തികച്ചും ചരിത്രവിരുദ്ധവും പക്ഷപാതം നിറഞ്ഞതുമായ ഒരു വിവരണമാണിത്. തെളിവിന്‍റെ കണികകളെപോലും ഈ വിവരണങ്ങൾ പരിഹസിക്കുന്നു. ടിപ്പു ജനിച്ച അന്നുമുതൽ ബ്രാഹ്മണ േദ്രാഹിയാെണന്ന് നിർബന്ധപൂർവം എ.ആർ സ്ഥാപിക്കുന്നതെന്തുകൊണ്ടെന്നത് അന്വേഷിക്കേണ്ട വിഷയമാണ്.

ടിപ്പുസുൽത്താനെ മതസഹിഷ്ണുതയില്ലാത്ത ക്ഷേത്രധ്വംസകനായി ചിത്രീകരിക്കുന്ന ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ അതേ പാതയിലാണ് ആംഗലസാമ്രാജ്യത്തിന്‍റെ ചരിത്രദൃഷ്ടിയും. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയും ബ്രിട്ടീഷ് ഭരണത്തെയും രക്ഷകവേഷമണിയിച്ച് അവതരിപ്പിക്കുന്ന രചനാശൈലി ആംഗലസാമ്രാജ്യത്തിലുള്ളടങ്ങിയിട്ടുണ്ട്. ''ഹൈദർ സാമ്രാജ്യമുണ്ടാക്കാൻ ജനിച്ചവനാണ്, ടിപ്പു ഉള്ളത് നശിപ്പിക്കാൻ ജനിച്ചവനും'' എന്ന കേണൽ വിൽക്സിന്‍റെ അഭിപ്രായം ആംഗലസാമ്രാജ്യത്തിലും കാണാം:

''ഹൈദരോനതി മഹാനപി വിഃ

പ്രാജ്യമാർജയത രാജ്യമപൂർവം

വിക്രമീ കരഗതാം പുനരഃ

സമ്പദം സപദി ടിപ്പുരലുമ്പത്'' (14.9)

''വലിയ മഹത്ത്വമില്ലാത്തവനെങ്കിലും വിശേഷജ്ഞാനമുള്ള ഹൈദർ മഹത്തായൊരു രാജ്യം നവമായി നേടിയെടുത്തു; പിന്നെ വിക്രമിയാണെങ്കിലും അജ്ഞനായ ടിപ്പുവാകട്ടെ കൈയിൽ കിട്ടിയ സമ്പത്തിനെ പെട്ടെന്നില്ലാതാക്കുകയും ചെയ്തു. പലപ്പോഴും കേണൽ വിൽക്സിനെ പോലുള്ളവർ എഴുതിയ ഇന്ത്യാചരിത്രപാഠങ്ങളുടെ ബ്രാഹ്മണീകൃതരൂപമായാണ് ആംഗലസാമ്രാജ്യം അവതരിപ്പിക്കപ്പെടുന്നത്. ജനിച്ചപ്പോൾ മുതൽ ടിപ്പു ബ്രാഹ്മണേദ്രാഹിയായിരുന്നു എന്ന ആംഗലസാമ്രാജ്യത്തിലെ കാഴ്ചപ്പാടും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ടിപ്പു ഒരു പരമതവിദ്വേഷിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമവും ആംഗലസാമ്രാജ്യത്തിലെമ്പാടും കാണാം. എ.ആറിന്‍റെ ഇത്തരം അവതരണങ്ങളെല്ലാം ചരിത്രരൂപമായ തെളിവുകളുടെ അഭാവത്തിലും ബ്രിട്ടീഷ് അധിനിവേശത്തെ സാധൂകരിക്കുന്ന തെളിവുരൂപത്തെ ഏകപക്ഷീയമായി പിൻപറ്റുന്നതുകൊണ്ടും സംഭവിക്കുന്നതാണ്. ബ്രദേയവും ദേവദേയവും ആയിട്ടുള്ള ഭൂമി ഒഴിവാക്കി മറ്റു ഭൂമികൾ സർക്കാർ ഭൂമിയാക്കി മാറ്റാൻ 1782ൽ ബാരമഹലിലെ ഹരിദാസയ്യ എന്ന ആമിൽദാറിന്നു ടിപ്പു നിർദേശം നൽകുന്നുണ്ട്. ഇതേ വർഷംതന്നെ കടപ്പയിലെ ഗണ്ഡികൊട്ട ക്ഷേത്രത്തിലെ ആഞ്ജനേയപൂജക്ക് ഭൂമി അനുവദിച്ചും കാണാം. ശ്രീരംഗപട്ടണം ക്ഷേത്രത്തിലേക്ക് ഏഴു വെള്ളിക്കപ്പുകളും കർപ്പൂരത്തട്ടും സമർപ്പിച്ച വ്യക്തികൂടിയാണ് ടിപ്പു. ബുധൻഗിരിയിലെ ദന്താേത്രയ പീഠത്തിന് ആനഗൊണ്ടി രാജാക്കന്മാർ അനുവദിച്ച ഇരുപത് ഗ്രാമങ്ങൾ ടിപ്പു 1784ൽ വിട്ടുകൊടുത്തു. ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്നത് ശൃംഗേരി മഠവുമായുള്ള ടിപ്പു സുൽത്താന്‍റെ ബന്ധമാണ്. ശൃംഗേരി മഠാധിപതിക്ക് കൊടുത്തയച്ച ഒരു കത്തിൽ അദ്ദേഹത്തെ ''ശ്രീമദ്പരമഹംസ പരിവ്രാജകാചാര്യ'' എന്നാണ് ടിപ്പു സുൽത്താൻ അഭിസംബോധന ചെയ്യുന്നത്.

1791ലെ ഒരെഴുത്തിൽ രാജ്യാഭിവൃദ്ധിക്കും ശത്രുനാശത്തിനുമായി ശതചണ്ഡീഹോമവും സഹസ്രചണ്ഡീജപവും ആയിരം ബ്രാഹ്മണർക്ക് നാൽപത് ദിവസം ഭക്ഷണം നൽകാനും ശൃംഗേരി മഠത്തോടു അഭ്യർഥിക്കുകയും ആയതിനുള്ള സാമഗ്രികൾ സുൽത്താൻ നൽകുകയും ചെയ്യുന്നുണ്ട്. മറ്റൊരവസരത്തിൽ ഹോമസംരക്ഷണത്തിന് മുഹമ്മദ് റാസക്കിന് ടിപ്പു നിർദേശം നൽകുകയും ശൃംഗേരിയിലെ സ്വാമിക്കായി ഒരു പല്ലക്ക് നൽകുകയും ചെയ്യുന്നു. ശൃംഗേരിയിലെ സ്വാമി സമുദ്രസ്നാനത്തിനു പോകുമ്പോൾ ആന, കുതിര, വണ്ടി, പല്ലക്ക് തുടങ്ങിയവ അദ്ദേഹത്തിന് നൽകാനും അനുഗമിക്കുന്ന ബ്രാഹ്മണർക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും ടിപ്പു അൽപംപോലും മടികാണിച്ചിരുന്നുമില്ല. 1793ലെ ഒരെഴുത്തിൽ ശൃംഗേരിയിലെ സ്വാമിയെ 'ജഗദ്ഗുരു' എന്നാണ് ടിപ്പു വിശേഷിപ്പിക്കുന്നത്. ടിപ്പു ഗുരുവായൂർ ക്ഷേത്രത്തിനനുവദിച്ച ഇളവുകളും ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. 1787ലെ ഒരു വിളംബരത്തിൽ ''മത സഹിഷ്ണുത പരിശുദ്ധ ഖുർആന്‍റെ അടിസ്ഥാനതത്ത്വമാണെ''ന്ന് ടിപ്പു പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ചരിത്രവസ്തുതകൾ എ.ആറിന്‍റെ വാദഗതികളെ നിശിതമായ വിചാരണക്കാണ് വിധേയമാക്കുന്നത്. തെളിവുകളുടെ അഭാവത്തിൽ കേട്ടുകേൾവികൾ ചരിത്രമായി അവതരിപ്പിക്കാനുള്ള ശ്രമം ആംഗലസാമ്രാജ്യത്തിലും ഉൾച്ചേർന്നിട്ടുണ്ടെന്നാണ് ഇത് വെളിപ്പെടുത്തുന്നത്.

ക്ഷേത്രങ്ങൾ നശിപ്പിക്കുന്നവരായി മുസ്ലിം ഭരണാധികാരികളെ ചിത്രീകരിക്കുന്നതിലൂടെ ചരിത്രത്തിൽ ഒരു വിഭാഗത്തെ അപരവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ക്ഷേത്രങ്ങളിലെയും മറ്റും സമ്പത്ത് കണ്ട്കെട്ടാൻ രാജഭരണകൂടത്തോട് ആവശ്യപ്പെടുന്ന കൗടില്യന്‍റെ നിർദേശങ്ങൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെടുന്ന കൽഹണന്‍റെ രാജതരംഗിണിയിൽ ക്ഷേത്രസ്വത്തുക്കൾ പിടിച്ചെടുക്കുന്ന രാജഭരണതന്ത്രത്തെ പറ്റി വിവരിക്കുന്നുണ്ട്. പതിനൊന്നാം നൂറ്റാണ്ടിൽ ഹർഷദേവൻ എന്ന ഭരണാധികാരി ക്ഷേത്രങ്ങൾക്കുമേൽ നടത്തിയത് ഭീകരാക്രമണമായിരുന്നുവെന്ന് റോമില ഥാപ്പർ ചരിത്രപരമായി വിശദീകരിക്കുന്നുണ്ട്. സോമനാഥക്ഷേത്രത്തെ മുൻനിർത്തി മുഹമ്മദ് ഖാസിയെ പ്രതിയാക്കുന്നതിലൂടെ വിഭാഗീയ ശ്രമങ്ങളിലൂന്നിയ അപവത്കരണംതന്നെയായിരുന്നു ലക്ഷ്യം. ആ ക്ഷേത്രധ്വംസനത്തിന് മുൻകൈയെടുത്തത് ''നമ്മുടെ രക്തത്തിന്‍റെ ഹിന്ദുരക്തവും നമ്മുടെ മാംസത്തിന്‍റെ മാംസവും നമ്മുടെ ആത്മാവിന്‍റെ ആത്മാവുമായിരുന്നു''വെന്ന് മധുരയിൽ നടത്തിയ പ്രഭാഷണത്തിൽ എം.എസ്. ഗോൾവാൾകർ തുറന്നു പ്രസ്താവിക്കുന്നുണ്ട്. എന്നാൽ ഇത്തരം ചരിത്രവസ്തുതകളെല്ലാം മറച്ചുവെക്കപ്പെടുകയും ടിപ്പുവിനെ ക്ഷേത്രധ്വംസകനായും മതഭ്രാന്തനായും അടയാളപ്പെടുത്തുന്നതിൽ ഏകശിലാത്മകമായ സാംസ്കാരിക ദേശീയതയിലൂന്നുന്ന സ്ഥാപിത ലക്ഷ്യമാണുള്ളത്.

ടിപ്പു മതഭ്രാന്തനോ?

ക്ഷേത്രധ്വംസകൻ എന്നതിനൊപ്പം ആംഗലസാമ്രാജ്യം ടിപ്പുവിനെ മതഭ്രാന്തനായിചിത്രീകരിക്കുന്നു. ടിപ്പു പിടിച്ചെടുത്ത രാജ്യങ്ങളിലെല്ലാം വിട്ടുവീഴ്ചയില്ലാതെ ഇസ്‍ലാം മതം ടിപ്പു പ്രചരിപ്പിച്ചു എന്ന് ആംഗലസാമ്രാജ്യം രേഖപ്പെടുത്തുന്നു (11.9). ഇതരമതത്തിൽപെട്ടവരെയെല്ലാം ''നേരിട്ട് മൂർച്ചയുള്ള വാൾത്തലകൊണ്ടാണ്'' നേരിട്ടതെന്നും (11.10) വിവരിക്കുന്നു. മതവിശ്വാസനാശകൻ എന്നാണ് ഒരിടത്ത് ടിപ്പുവിനെ അടയാളപ്പെടുത്തുന്നത് (മതവിശ്വാസകൃതാന്തമാപതന്തം, (11.17) ''പരഹിംസയെ പോലും ടിപ്പു പുണ്യമായി കരുതുന്നതായും'' (''പരഹിംസാമപി പുണ്യമാമനന്തി'', 11.22) രേഖപ്പെടുത്തുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിന് ഇളവുകളും ദാനങ്ങളും നൽകിയ; ശൃംഗേരി മഠവുമായും തന്‍റെ സാമന്തനായ കൊച്ചിരാജാവുമായും ഊഷ്മളമായ ബന്ധം തുടർന്നിരുന്ന; കീഴടക്കികഴിഞ്ഞ ഒരു ശത്രുവിനെ കൊള്ള ചെയ്യരുതെന്നും, യുദ്ധം പടക്കളത്തിലൊതുക്കി നിൽക്കണമെന്നും, നിരപരാധികളായ നാട്ടുകാരിലേക്ക് അത് വ്യാപിപ്പിക്കരുതെന്നും, സ്ത്രീകളെ ആദരിക്കണമെന്നും ദുർബലർക്കും കുട്ടികൾക്കും സംരക്ഷണം നൽകണമെന്നും തുടർച്ചയായി വിളംബരം പുറപ്പെടുവിച്ചിരുന്ന, മതസഹിഷ്ണുതയാണ് പരിശുദ്ധ ഖുർആന്‍റെ അടിസ്ഥാന തത്ത്വമെന്നും വിളംബരം ചെയ്തിരുന്ന (1783, 1785, 1787 എന്നീ വർഷങ്ങളിലെ ടിപ്പുവിന്‍റെ വിളംബരം) ടിപ്പുവിനെയാണ് ഇവ്വിധം മതഭ്രാന്തനായി ആംഗലസാമ്രാജ്യം അടയാളപ്പെടുത്തുന്നത്.

ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സമ്മർ പാലസ്

ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നതിനുപിന്നിൽ ചരിത്രപരമായ കാരണങ്ങൾ പി.കെ. ബാലകൃഷ്ണൻ കണ്ടെത്തുന്നുണ്ട്. കേരളത്തിൽ നിലനിന്നിരുന്ന ബ്രാഹ്മണ്യഗ്രാമവ്യവസ്ഥിതിയുടെ അടിത്തറ ഇളക്കുന്നതിൽ ടിപ്പുവിന്‍റെ സാന്നിധ്യം േപ്രരണയായിത്തീർന്നതായി ബാലകൃഷ്ണൻ നിരീക്ഷിക്കുന്നുണ്ട്. ജന്മം- ഭൂമി, നമ്പൂരിഗുരു, ദേശവാഴി, നായർസൈന്യം എന്നിങ്ങനെ നിലനിന്ന വ്യവസ്ഥയിൽ ഇടപെട്ട മൈസൂരിന്‍റെ നടപടികളിലൂടെ റവന്യൂഭരണം കേന്ദ്രീകൃത രാഷ്ട്രീയാടിസ്ഥാനത്തിൽ കൃഷിക്കാരുമായി നേരിട്ടു സംഘടിതമായി. ഇതിന്‍റെ ഫലമായി ജന്മിത്തവ്യവസ്ഥക്ക് ഒട്ടൊക്കെ പരിക്കേൽപ്പിക്കുകയും ചെയ്തു. സവർണജാതികളുടെ സ്ഥാനമാന പദവികൾക്ക് നേരിട്ട ക്ഷതവും പ്രധാനപ്പെട്ട മറ്റൊരു കാരണമായി പി.കെ. ബാലകൃഷ്ണൻ അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെ ശൂദ്ര-ബ്രാഹ്മണ സാമൂഹിക ജീവിതവ്യവസ്ഥക്ക് സംഭവിച്ച ഇളക്കവും നിലനിന്ന സാമൂഹികസംവിധാനത്തിന്‍റെ ഘടനയെ 'ആധുനികമായ' രീതിയിൽ പരിഷ്കരണത്തിന് വിധേയമാക്കുന്ന വിധത്തിലാണ് പരിണമിച്ചെത്തിയത്. സവർണജാതികൾക്കുപയോഗപ്രദമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ട വ്യവസ്ഥയെ അടിമുടി ഉടയ്ക്കാനിടയാക്കിയ ടിപ്പുവിന്‍റെ പരിഷ്കാരങ്ങളിൽ ബ്രാഹ്മണ്യവ്യവസ്ഥയുടെ സംരക്ഷകർ ഭയാശങ്കകൾ െവച്ചുപുലർത്തിയതിന് കാരണവും മറ്റൊന്നല്ല. ടിപ്പുവിന്‍റെ വരവിനെ കേരളരാജ്യത്തെ ബാധിച്ച ശനിയായി എ.ആർ. രാജരാജവർമ വിവരിക്കുന്നതിന്‍റെ (11.29) സാംഗത്യവും ഇതുതന്നെയാണ്. ബ്രാഹ്മണ്യജീവിതവ്യവസ്ഥക്കെതിരായ പരിഷ്കരണോദ്യമങ്ങളെ കടപുഴക്കിയെറിഞ്ഞ് യാഥാസ്ഥിതികതയുടെ തൽസ്ഥിതി പുലർത്താനാഗ്രഹിക്കുന്ന ചരിത്രദൃഷ്ടിയുടെ വക്താക്കൾ ഒരു മതഭ്രാന്തനായി ടിപ്പുവിനെ ചിത്രീകരിച്ചതിന്‍റെ ലക്ഷ്യം അതിലന്തർലീനമാണ്.

''കേരളമെന്നു പറഞ്ഞാൽ നായന്മാരാണെന്ന് നൈസർഗികമായി ധരിക്കുന്നതുകൊണ്ടാണ്, അങ്ങനെ ധരിച്ചതുകൊണ്ടാണ്, ഈ കാലഘട്ടത്തിന്‍റെ ചരിത്രം നമ്മുടെ ചരിത്രകാരന്മാർക്ക് ലഹളയും മർദനവും മതഭ്രാന്തും മാത്രമായത്'' എന്ന പി.കെ. ബാലകൃഷ്ണന്‍റെ സാമൂഹികചരിത്രവീക്ഷണം ടിപ്പുവിന്‍റെ കേരള ചരിത്രവുമായി ബന്ധപ്പെട്ട് എ.ആർ. രാജരാജവർമയും മറ്റ് ബ്രിട്ടീഷ് ചരിത്രകാരന്മാരും പിൻപറ്റിയ അധിനിവേശത്തെയും ബ്രാഹ്മണ്യവ്യവസ്ഥിതിയെയും സാധൂകരിക്കുന്ന നിലപാടുതറകളെ ചോദ്യംചെയ്യുന്നവയാണ്. ''കോലവംശം, പർപ്പവംശം മുതലായ രാജവംശങ്ങളിലെ അംഗങ്ങളും പ്രഭുക്കളും ബ്രാഹ്മണരും സർവസ്വവും ഉപേക്ഷിച്ച് വഞ്ചിരാജാവിനെ ശരണം പ്രാപിച്ചു''വെന്ന് അത്യുക്തി കലർന്ന ചരിത്രഭാഷ്യം അവതരിപ്പിക്കുന്ന ആംഗലസാമ്രാജ്യം എന്ന ചരിത്രകാവ്യം ടിപ്പുവിന്‍റെയും മൈസൂർ ഇടപെടലുകളുടെയും സ്വാധീനം അടിസ്ഥാനജനവിഭാഗങ്ങളുടെ സാമൂഹികജീവിതത്തെ എങ്ങനെയാണ് നിർണയിച്ചതെന്ന് അന്വേഷിക്കുന്നതേയില്ല. ശൂദ്ര ബ്രാഹ്മണ ജാതിവിഭാഗങ്ങളെ കേന്ദ്രീകരിച്ച സാമൂഹിക അസമത്വ േശ്രണീകരണ വ്യവസ്ഥയുടെ തകർച്ചയെയാണ് കേരളത്തിലെ മുഴുവൻ ജനങ്ങളെയും ബാധിച്ച പ്രശ്നമായി അത്യതിശയത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.

ചരിത്രത്തെ മുകളിൽനിന്നും താഴോട്ടുനോക്കുന്ന ഒരു പ്രതിഭാസവിശേഷമായി ചിത്രീകരിക്കുന്ന കാഴ്ചകോണുകളാണ് ടിപ്പുവിനെ സംബന്ധിച്ച ആഖ്യാനങ്ങളിൽ ആംഗലസാമ്രാജ്യത്തിൽ തെളിയുന്നത്. ഇതാകട്ടെ ടിപ്പുവിന്‍റെ സ്വാധീനം മലബാർ ചരിത്രത്തിൽ സൃഷ്ടിച്ച ധനാത്മകമായ വശങ്ങളെ മറച്ചുവെക്കുകയും ചെയ്തു. കേരളത്തെ ആധുനികവത്കരണത്തിന്‍റെ പാതയിൽ മുൻപോട്ടെടുത്ത റോഡുകളുടെ നിർമാണം ഇതിൽ പ്രധാനമായ ഒന്നാണ്. ''ആധുനികവൽക്കരണത്തിന്‍റെ ഒരു ഭരണനടപടി കടൽത്തീരത്തെയും മലമ്പ്രദേശത്തെയും റോഡുകൾ വഴി ബന്ധിപ്പിച്ചുകൊണ്ടാണ് മലബാറിൽ സുൽത്താൻ ആരംഭിച്ചത്'' എന്ന് ടിപ്പുവിന്‍റെ റോഡുനിർമാണത്തെ സംബന്ധിച്ച് ഡോ. കെ.കെ.എൻ. കുറുപ്പ് ചരിത്രപരമായി നിരീക്ഷിക്കുന്നുണ്ട് (നവാസ് ടിപ്പു സുൽത്താൻ ഒരു പഠനം). സൈനികനീക്കത്തിനും വാണിജ്യാവശ്യത്തിനും വിഭവശേഖരണത്തിനും ഈ ഗതാഗതമാർഗം പുതിയ ദിശാസൂചകമായി വർത്തിച്ചു. ഒരർഥത്തിൽ ഇങ്ങനെ നിർമിക്കപ്പെട്ട 'പൊതുവഴികളാ'ണ് ആധുനിക കേരളത്തിന്‍റെ സൃഷ്ടിക്ക് ആധാരമായത്. ജാതിേശ്രണീകരണത്തിൽ നിലീനമായ സാമൂഹികവ്യവസ്ഥയെ അഴിച്ചുപണിയുന്നതിൽ ഈ റോഡുകൾ വലിയ േപ്രരണയായി ഭവിച്ചു. പല്ലക്കുകളിൽ ഏറി കാട്ടുവഴികളിലൂടെയും ചളിയിലൂടെയും അധ്വാനവർഗ വിഭാഗങ്ങൾ ഭാരവാഹനത്തിലേറ്റിക്കൊണ്ടു നടന്നിരുന്ന നാടുവാഴിഭൂപ്രഭുക്കളായ തിരുവിതാംകൂറിലെ ധർമരാജാക്കന്മാരുൾപ്പെടെ ഇത്തരം ആധുനികവൽക്കരണപ്രക്രിയയിൽനിന്നും പുറന്തിരിഞ്ഞ് നിൽക്കുമ്പോഴായിരുന്നു ടിപ്പുവിന്‍റെ ഈ നടപടികൾ. റോഡുനിർമാണത്തിനായി ആളുകളെ വിട്ടുതരാനായി ആവശ്യപ്പെട്ട സന്ദർഭത്തിൽ പത്മനാഭക്ഷേത്രത്തിൽ മുറജപം നടക്കുന്നതിനാൽ അതിന് സാധ്യമല്ലെന്ന് ബ്രിട്ടീഷുകാർക്ക് മറുപടി നൽകിയ തിരുവിതാംകൂർ രാജാക്കന്മാരുണ്ടായിരുന്നു.

സ്ത്രീകളെ മാറുമറയ്ക്കാനും കുപ്പായം ധരിക്കാനും അനാചാരങ്ങൾ ഒഴിവാക്കാനും ടിപ്പുസുൽത്താൻ പുറപ്പെടുവിച്ച കൽപനകൾ ഫ്യൂഡൽ വർഗങ്ങൾ മതപരിവർത്തനമറയിട്ടാണ് വിലയിരുത്തിയതെന്ന് ചരിത്രകാരനായ ഡോ. കെ.കെ.എൻ. കുറുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആധുനികവൽക്കരണത്തിന്‍റെ ശ്രമങ്ങൾ പരമ്പരാഗതസമൂഹത്തിൽ സൃഷ്ടിച്ച ആഘാതങ്ങളെയാണ് സവർണസമൂഹങ്ങൾ മതഭ്രാന്തായി ചിത്രീകരിച്ചത്. ടിപ്പുവിനെ ഭയന്ന്, ''ജീവനുംകൊണ്ടു ഓടിപ്പോരുന്നവർ, ഓട്ടത്തിന് ന്യായീകരണമായിട്ടെങ്കിലും നടക്കുന്ന ഭയങ്കരതകൾ പറയാൻ ബാധ്യതപ്പെട്ടവരാണ്. കണ്ടിട്ടു പറയാമെന്നുവെച്ചാൽ, കാണാൻ നിന്നാൽ ഓടാൻ പറ്റില്ല'' എന്ന് തെളിവുകളുടെ അഭാവത്തിൽ ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കുന്ന കാഴ്ചപ്പാടുകളെ പി.െക. ബാലകൃഷ്ണൻ നിശിതമായി വിമർശിക്കുന്നുണ്ട്.

ദേവനഹള്ളിയിലുള്ള ടിപ്പുവിന്റെ ജന്മസ്ഥലം

ടിപ്പുവും ഇംഗ്ലീഷ് സൈന്യവുമായുള്ള യുദ്ധത്തെ രാമ-രാവണയുദ്ധമായി അവതരിപ്പിക്കുകയും അതിൽ രാവണനായി ടിപ്പുവിനെയും രാക്ഷസന്മാരായി ടിപ്പുവിന്‍റെ സൈന്യത്തെയും സ്ഥാനപ്പെടുത്തിക്കൊണ്ട് രാമന്‍റെയും രാമസൈന്യത്തിന്‍റെയും സ്ഥാനമാണ് എ.ആർ. രാജരാജവർമ ആംഗലസാമ്രാജ്യത്തിൽ ബ്രിട്ടീഷുകാർക്ക് നൽകുന്നത്. ഇതിലൂടെ ബ്രിട്ടീഷുകാർക്ക് അനുകൂലമായ ഇന്ത്യാ ചരിത്രപാഠനിർമിതിയുടെ ഭാഗമാവുകയായിരുന്നു എ.ആറും എന്ന് പറയേണ്ടിവരും. ബ്രിട്ടീഷ് ചരിത്രപാഠങ്ങളിൽ നിർമിക്കപ്പെട്ട ടിപ്പുവിനെയാണ് ആംഗലസാമ്രാജ്യത്തിലും അവതരിപ്പിക്കുന്നത്. ടിപ്പുവിനെ 'ദുർവിധിയായും' ടിപ്പുവിനെ ജയിച്ച ഇംഗ്ലീഷുകാരെ ''ചന്ദ്രികാതുല്യമായി ശോഭിക്കുന്ന യശസായുമാണ്'' എ.ആർ അവതരിപ്പിക്കുന്നത്.

ടിപ്പുമൂലകമുപപ്ലപമേവം

നിഷ്പ്രയാസമിഹ നിർധുതവദ്ഭിഃ

ദ്വൈപ്യ നൈഗമജനൈഃ പ്രഭവദ്ഭിർ

ദീപ്രമാപ്യത യശഃ ശശികൽപം(14.23)

ടിപ്പുവിന്‍റെ നിഗ്രഹത്തെ ടിപ്പുദമനമായും ഇംഗ്ലീഷുകാരുടെ അധികാരപ്രമത്തതയെ രാജ്യലക്ഷ്മിയുടെ ഉയർച്ചയായും കൂടി ആംഗലസാമ്രാജ്യത്തിൽ വർണിക്കുന്നുണ്ട് (12.67). സാമ്രാജ്യവിരുദ്ധസമരത്തിൽ ടിപ്പു സ്വീകരിച്ച അടിസ്ഥാനപരമായ നയം എന്തായിരുന്നു എന്ന് ചരിത്രപരമായി പരിശോധിക്കാതെ സാമ്രാജ്യാധിനിവേശാനുകൂലമായ ഭാവനകളെ ചരിത്രപരമായി അവതരിപ്പിക്കാനാണ് ആംഗലസാമ്രാജ്യത്തിൽ ശ്രമിച്ചതെന്നു കാണാം. ''സുൽത്താനെ വിലയിരുത്തേണ്ടത് ഇന്ത്യൻ ദേശീയതയുടെ കാഴ്ചപ്പാടിലും സാമ്രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലുമാണ്'' എന്നുള്ള ഡോ. കെ.കെ.എൻ. കുറുപ്പിന്‍റെ നിരീക്ഷണം പ്രസക്തമാവുന്ന സന്ദർഭമാണിത്. എന്നാൽ എ.ആർ കൈക്കൊണ്ട നിലപാട് മറ്റൊന്നായിരുന്നു. ''സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ പ്രകാശം ഭാരതത്തിൽ അസ്തമിച്ചാലും ഇംഗ്ലണ്ടിലപ്പോൾ സൂര്യൻ ഉദിക്കുമല്ലോ'' (23.84) എന്ന് ആശംസിച്ചുകൊണ്ട് പര്യവസാനിക്കുന്ന ആംഗലസാമ്രാജ്യം കൈക്കൊള്ളുന്ന വീക്ഷണമെന്താണെന്ന് അതിൽനിന്നുതന്നെ വ്യക്തമാണ്.

''സ്നേഹത്തിന്‍റെയോ ദ്വേഷത്തിന്‍റെയോ േപ്രരണ ഒട്ടും വശംവദനാകാതെ ഒരു ന്യായാധിപന്‍റെ വിധിവചസ്സുപോലെ ഗതകാലസംഭവങ്ങളെ രേഖപ്പെടുത്തുന്ന മഹാമനസ്കനായ ഒരു കവി മാത്രമേ ശ്ലാഘ അർഹിക്കുന്നു ഉള്ളൂ (ശ്ലാഘ്യഃ സ ഏവ ഗുണവാൻ രാഗദ്വേഷ ബഹിഷ്കൃതഃ/ ഭൂതാർഥ കഥനേ യസ്യ സ്േഥയസ്യേവ സരസ്വതീ) എന്ന രാജതരംഗിണിയിലെ (ക. 7) കൽഹണന്‍റെ സൂക്തിമുക്തികൾ ചരിത്രവായനയെ സംബന്ധിച്ച ഒരു പ്രകാശകിരണമാണ്.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-23 02:30 GMT
access_time 2024-12-16 02:15 GMT
access_time 2024-12-09 02:00 GMT